സുല്താന് അബ്ദുല്‍ ഹമീദ് രണ്ടാമന്: ഖുദ്സിനെ നെഞ്ചേറ്റിയ ഉസ്മാനി ഖലീഫ
"ഈ പ്രദേശത്തിന്റെ ഒരിഞ്ച് ഭൂമി പോലും ഞാന്‍ ആര്‍ക്കും വില്‍ക്കില്ല, കാരണം ഫലസ്ത്വീന് എന്റെ സ്വത്തല്ല, എന്റെ സമുദായത്തിന്റെ പൊതു സ്വത്താണ് അത്. ഈ ഭൂമി എല്ലാ മുസ്ലിംകള്ക്കും അവകാശപ്പെട്ടതാണ്. എന്റെ ജനത അവരുടെ രക്തം കൊണ്ട് നേടിയതാണ് അത്. ഞങ്ങള്‍ നടക്കുന്നത് ഞങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചു തന്ന വഴിയിലാണ്"
ഒരു ഓട്ടോമൻ സുൽത്താന്റെ വാക്കുകളാണ് ഇത്. അദ്ദേഹത്തെ തുര്കികള് സ്ഥാന..... യുവതുര്‍കികള്‍ സ്ഥാനഭ്രഷ്ടനാക്കിയിട്ടില്ലായിരുന്നുവെങ്കിൽ, ഇന്നും നമുക്ക് പഴയ മുസ്ലിം പ്രതാപ ഫലസ്തീനെ പുകയും വെടിക്കോപ്പുകളും ഇല്ലാതെ കാണാമായിരുന്നു. സുലൈമാൻ ഖാനൂനി കഴിഞ്ഞാല്‍ ഒട്ടോമൻ സാമ്രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച സുല്താന് അബ്ദുല്‍ ഹമീദ് രണ്ടാമനായിരുന്നു അത്. യിൽദിസ് കൊട്ടാരത്തിലിരുന്ന് സാമ്രാജ്യം അതിഭംഗിയായി ഭരിച്ച അദ്ദേഹം തന്റെ പിതാക്കന്മാരുടെ സാമ്രാജ്യം തകരുന്നത് കണ്ട് മനസ്സ് വിങ്ങിയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
1842 സെപ്തംബർ 21നാണ് സുൽത്താന്‍ അബ്ദുൽ ഹമീദ് ഖാൻ ഇസ്താംബൂളിൽ ജനിക്കുന്നത്. രാജകുമാരനായ (ഷഹ്സാദ) അദ്ദേഹത്തിന്റെ കുട്ടിക്കാലവും യുവത്വവും ഒട്ടോമൻ സാമ്രാജ്യത്തിന്റെ നവീകരണത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. ഫ്രഞ്ച്, അറബിക്, പേർഷ്യൻ എന്നിവയുൾപ്പെടെ നിരവധി ഭാഷകൾ സംസാരിക്കുന്ന വിദ്യാസമ്പന്നന്‍ കൂടിയായിരുന്നു അദ്ദേഹം.
1867 ൽ യുവാവായിരിക്കെ അദ്ദേഹത്തിന്റെ അമ്മാവനായ സുൽത്താൻ അബ്ദുൽ അസീസിന്റെ കൂടെ യൂറോപ്പിലൂടെ സഞ്ചരിക്കാൻ അവസരമുണ്ടായി. ഈയൊരു യാത്ര കൊണ്ട് അദ്ദേഹത്തിന് ലോകത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടും അറിവും വിശാലമാക്കാൻ സാധിച്ചു. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ സഞ്ചരിച്ച് പാശ്ചാത്യ ജീവിതശൈലികൾ, സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ അനുഭവിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞു. അക്കാലത്തെ ഏറ്റവും നൂതന സാങ്കേതികവിദ്യകൾ, കണ്ടുപിടുത്തങ്ങൾ കാണാനും യൂറോപ്പ് കൈവരിച്ച പുരോഗതിയുടെ നിലവാരം മനസിലാക്കാനും അദ്ദേഹത്തെ ഈ സഞ്ചാരം സഹായിച്ചു. അന്തരാഷ്ട്ര തലത്തിൽ എങ്ങനെയാണ് നയതന്ത്രം പ്രവർത്തിക്കുന്നത് എന്നതും അദ്ദേഹം മനസ്സിലാക്കി. ഇവയെല്ലാം ചേര്‍ത്തായിരുന്നു തുര്‍കിയുടെ ഭരണം അദ്ദേഹം ഏറെ സമ്പന്നവും ഫലപ്രദവുമാക്കിയത്.
ഭരണത്തിന്റെ ആദ്യ വർഷങ്ങൾ
1867 ൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഭരണത്തിലേറിയപ്പോള്‍, ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സൈന്യവും ജനങ്ങളും അദ്ദേഹത്തെ സ്വീകരിച്ചത്. അദ്ദേഹം പലപ്പോഴും കപ്പൽശാലകളിൽ പോയി നാവികരോടൊപ്പം ഇരുന്നു അത്താഴം പങ്കിടുകയും റമദാൻ മാസത്തിൽ ഷെയ്ഖ് അൽ ഇസ്ലാമിന്റെ ഓഫീസായ ബാബ്-മെഹിഹാത്തിൽ ഇസ്ലാമിക പണ്ഡിതന്മാരുമായി ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. പരിക്കേറ്റ സൈനികരെയും ആശുപത്രിയിലെ ആളുകളെയും സന്ദർശിക്കുകയും യുദ്ധമുന്നണികളിൽ നിന്ന് മടങ്ങിയെത്തി രോഗികളായ സൈനികരെ നേരിട്ട് സന്ദര്‍ശിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. നയതന്ത്ര വിദഗ്ധരോടും മറ്റ് മന്ത്രിമാരോടും ഒപ്പം പള്ളികളിൽ പോയി ജമാഅത് ആയി നിസ്കരിച്ച് ഇസ്ലാമിക മാനങ്ങളെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുമായിരുന്നു.
ആദ്യവര്‍ഷങ്ങള്‍ വളരെ വിജയകരമായി മുന്നേറിയെങ്കിലും, 1878-ൽ കിർഗാൻ റെയ്ഡ് മുറാദ് അഞ്ചാമനെ സിംഹാസനസ്ഥനാക്കാൻ അലി സുയവി ശ്രമങ്ങള്‍ തുടങ്ങിയതോടെ, അദ്ദേഹം യെൽദാസ് കൊട്ടാരത്തിൽ പരിമിതമായ ജീവിതം നയിക്കാൻ നിർബന്ധിതനായി.
ആന്തരികവും ബാഹ്യവുമായ ഭീഷണികൾ കാരണം ഓട്ടോമൻ സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒരു കാലഘട്ടമായിരുന്നു അബ്ദുൽഹാമിദ് രണ്ടാമന്റെ 33 വർഷത്തെ ഭരണകാലം. എന്നാൽ തന്റെ സൂക്ഷ്മ രാഷ്ട്രീയവും വിദേശനയവും നയതന്ത്രവും ഉപയോഗിച്ച് സാമ്രാജ്യം നിലനിർത്താൻ അദ്ദേഹം കിണഞ്ഞ് ശ്രമിച്ചു.
വലിയ യൂറോപ്യൻ ശക്തികൾക്കിടയിൽ, അദ്ദേഹം ജർമ്മനിയുമായി ചങ്ങാത്തം കൂടുകയും ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന ഇടപെടലുകളെ പ്രതിരോധിക്കാൻ പാൻ-ഇസ്ലാമിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിദേശനയം കൂടുതലും സമാധാനപരവും നിഷ്പക്ഷവും സ്വതന്ത്രവുമായിരുന്നു. ഏറെ ബുദ്ധിമാനായിരുന്ന സുൽത്താൻ അബ്ദുൽഹമീദിനെക്കുറിച്ച് ജർമ്മൻ ചാൻസലർ ഓട്ടോവൻ ബിസ്മാർക്ക് ഒരിക്കൽ ഇങ്ങനെ പറഞ്ഞതായി പറയപ്പെടുന്നു: "യൂറോപ്പിലെ എല്ലാ ബുദ്ധിയും എടുക്കുകയാണെങ്കിൽ 90% അബ്ദുൽഹമീദിലും 5% എന്നിലും 5% മറ്റുള്ളവരിലുമാണ്."
മരപ്പണി, പെയിന്റിംഗ്, ടൈൽ നിർമ്മാണം എന്നിവയിലും അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നു. കൊട്ടാരത്തിലെ തന്റെ സ്വകാര്യ വർക്ക്ഷോപ്പിൽ അദ്ദേഹം കൊത്തുപണികളും ഉയർന്ന നിലവാരമുള്ള ഫർണിച്ചറുകളും നിർമ്മിക്കുമായിരുന്നു. അവയിൽ ചിലത് യൂറോപ്യൻ ഭരണാധികാരികൾക്ക് സമ്മാനമായി അയച്ചിരുന്നു. മറ്റു ചിലത് യെൽദാസ് കൊട്ടാരത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സാമ്രാജ്യത്തിലുടനീളം നിരവധി പ്രൈമറി, സെക്കൻഡറി, ഹൈസ്കൂളുകളും വികലാംഗർക്കും സൈനികര്‍ക്കുമായി പ്രത്യേക സ്കൂളുകളും അദ്ദേഹം തുറന്നു. 1900 ൽ അദ്ദേഹം സ്ഥാപിച്ച ദാറുൽഫുനൂൻ ആണ് പിന്നീട് ഇസ്താംബൂൾ സർവകലാശാലയായി ഉയര്‍ത്തപ്പെട്ടത്. അദ്ദേഹം ഒരു സാധാരണക്കാരന്റെ ജീവിതം നയിച്ചു. സംസ്ഥാനകാര്യങ്ങൾക്കും ജനങ്ങളുടെ നേട്ടത്തിനും സ്വന്തം പണം വരെ ചെലവഴിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇസ്താംബൂളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പ്രസിദ്ധ ആതുരാലയങ്ങളായ സിസ്ലി എറ്റ്ഫാൽ ഹോസ്പിറ്റലും ദാരുലാക്കേസ് നഴ്സിംഗ് ഹൗസും അദ്ദേഹത്തിന്റെ സ്വന്തം പണം ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടവയാണ്.
ഹിജാസ് റെയിൽവെ
സുല്താന് അബ്ദുല്‍ ഹമീദ് രണ്ടാമന്റെ അഭിമാന പദ്ധിതകളില് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഹിജാസ് റെയില്‍ വേ. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളായിരുന്നു സുൽത്താന്‍ അതിന് പിന്നില്‍ ഉണ്ടായിരുന്നത്. ഒന്ന്, മക്കയിലേക്കുള്ള തീർത്ഥാടന യാത്രകൾ സുഗമമാക്കുക. രണ്ട്, ഇസ്ലാമിക ലോകത്ത് ഖിലാഫതിന്റെ സ്വാധീനം വർധിപ്പിക്കുക. സൗദി അറേബ്യയിലെ ഹിജാസ് വഴി ഡമസ്കസിനെ പുണ്യനഗരങ്ങളായ മക്കയുമായും മദീനയുമായും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ നിർമ്മാണം ആരംഭിക്കുന്നത് 1900ലായിരുന്നു. 1908ൽ റെയിൽവേ പാത പുണ്യനഗരമായ മദീനയിലെത്തി. പല നഗരങ്ങളിലും ഇലക്ട്രിക് ട്രാംവേ ലൈനുകൾ തുറന്നു. ഹിജാസ്, ബസ്ര എന്നിവയിലൂടെ ടെലിഗ്രാഫ് ലൈനുകൾ സ്ഥാപിക്കുകയും ദേശീയപാതകൾ വിപുലീകരിക്കുകയും ചെയ്തു.
ഒരിക്കൽ സുൽത്താനോട് സമപ്രായക്കാരനായ ഒരു ഉദ്യോഗസ്ഥന് ചോദിക്കപ്പെട്ടു: “നമുക്ക് ഒരിക്കലും ഈ ഹിജാസ് റെയിൽവേ കാണാൻ കഴിയില്ല, പിന്നെ എന്തിനാണ് താങ്കൾ ഇങ്ങനെ ഇതിന് വേണ്ടി കഷ്ടപ്പെടുന്നത്.” സുൽത്താന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഖലീഫ ഹാറൂൻ റഷീദ്, തന്റെ മന്ത്രിയുടെ കൂടെ ഒരിക്കൽ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധൻ പൂന്തോട്ടത്തിൽ ഒരു ഈന്തപ്പഴത്തിന്റെ വിത്ത് കുഴിച്ചിടുന്നത് കാണാനിടയായി. ഖലീഫ അടുത്തു പോയി ചോദിച്ചു: നിങ്ങൾ എന്താണ് ചെയ്യുന്നത്. വൃദ്ധൻ പറഞ്ഞു: ഞാൻ ഒരു ഈന്തപ്പഴ വിത്ത് കുഴിച്ചിടുകയാണ്. ഇത് എന്നാണ് ഫലങ്ങൾ തരാൻ തുടങ്ങുക എന്ന് അദ്ദേഹം ചോദിച്ചു. വൃദ്ധൻ പറഞ്ഞു: അറിയില്ല, ചിലപ്പോൾ പത്ത് വർഷം, അല്ലെങ്കിൽ ഇരുപത് വർഷമാവും. ഖലീഫ: ശരി, നിങ്ങൾക്ക് ഈ വിത്ത് വളരുന്നതും കായ്കൾ തരുന്നതും കാണാൻ പറ്റുമോ. വൃദ്ധൻ പണി നിർത്തിയിട്ട് അതിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. എന്നിട്ട് പറഞ്ഞു: ചിലപ്പോൾ എന്റെ ആയുസ്സ് അത്രക്കൊന്നുമുണ്ടാവില്ല. പക്ഷേ നമ്മൾ നമ്മുടെ പൂർവീകർ നട്ട വിത്തിൽ നിന്നും ഫലങ്ങൾ ഭക്ഷിച്ചില്ലേ. ഇപ്പോൾ നാം നടുന്നതിന്റെ ഫലങ്ങളായിരിക്കും അടുത്ത തലമുറക്ക് കഴിക്കാനുണ്ടാവുക. ഖലീഫ ഹാറൂൻ റഷീദ് വൃദ്ധന് ഒരു കിഴി സ്വർണ നാണയം സമ്മാനമായി നൽകി. വൃദ്ധൻ അത് സന്തോഷത്തോടെ വാങ്ങി. വൃദ്ധൻ പറഞ്ഞു: ഞാൻ നടുന്നതിന്റെ ആദ്യ ഫലം എനിക്ക് ഇപ്പോൾ തന്നെ കിട്ടിക്കഴിഞ്ഞു. ഖലീഫ ഹാറൂൻ റഷീദിന് വൃദ്ധന്റെ നന്ദി പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു. മറ്റൊരു സ്വർണ കിഴികൂടി അദ്ദേഹത്തിന് കൊടുത്തു. വൃദ്ധൻ കൈകൾ ഉയർത്തി കൊണ്ട് പറഞ്ഞു: മറ്റു മരങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമേ ഫലങ്ങൾ നൽകുകയൊള്ളൂ. എന്നാൽ എന്റെ വിത്ത് എനിക്ക് ഈ വർഷത്തിൽ രണ്ടു വട്ടം ഫലങ്ങൾ തന്നു. അത് പോലെയാണ് നമ്മുടെ ഈ പദ്ധതിയും. ഇത് നമുക്ക് വേണ്ടിയല്ല, നാളേക്ക് വേണ്ടിയാണ്. നമ്മൾ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നത്.
പക്ഷെ, ദൌര്‍ഭാഗ്യകരമെന്ന് പറയാം, ഹിജാസ് റെയിൽവേ അദ്ദേഹത്തിന്റെ കാല ശേഷം തുടർന്നില്ല. അറബ് നാടുകളിലെ ആഭ്യന്തര കലാപങ്ങളും പാശ്ചാത്യ ഇടപെടലുകളും റെയിൽവേയുടെ നാശത്തിലെത്തിക്കുകയായിരുന്നു. മദീനയില്‍ ഇന്നും അതിന്റെ അവിശ്ഷ്ടങ്ങള് സൂക്ഷിച്ച ഹിജാസ് റെയില്‍ വേ മ്യൂസിയം സന്ദര്‍ശകര്‍ക്ക് കാണാവുന്നതാണ്.
ഫലസ്ത്വീനും സുൽത്താനും
സയണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഒട്ടോമന്‍ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. 1871ല്‍, സയണിസ്റ്റുകള്‍ ഖുദ്സിനെതിരെ തങ്ങളുടെ നീക്കങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ, ഓട്ടോമന്‍ ഭരണകൂടം ഫലസ്ത്വീന്റെ 80 ശതമാനവും സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന് ഭരണത്തിലേറിയതിന് ശേഷം അദ്ദേഹം ഫലസ്ത്വീനിലെ ജൂത കൂടിയേറ്റത്തിനെതിരെ പ്രതിരോധ നടപടികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 1883ല്‍ അദ്ദേഹം ഫലസ്ത്വീന് ഭൂമിയിലെ കയ്യേറ്റങ്ങളെ നിയന്ത്രിക്കുകയും തന്ത്രപ്രധാനമായ പ്രദേശം മുഴുവന്‍ സ്വയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
1900ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന് ഫലസ്ത്വീന് പ്രദേശത്ത് ജൂതന്മാര് താമസിക്കുന്ന സമയം 30 ദിവസമായി പരിമിതപ്പെടുത്തി. ഒട്ടോമന്‍ സാമ്രാജ്യത്തിലെ ഫലസ്ത്വീന് ഉള്‍പ്പെടെയുള്ള പല മുസ്ലിം പ്രദേശങ്ങളും വിദേശ ജൂതന്മാര് കൈവശപ്പെടുത്തുന്നതിന് അദ്ദേഹം വിലക്കേര്‍പ്പെടുത്തി. 'ഒട്ടോമന്‍ സാമ്രാജ്യം യൂറോപ്പില്‍ നിന്ന് നാടുകടത്തപ്പെടുന്നവരുടെ വാസസ്ഥലമല്ലെന്ന്' സുൽത്താൻ അബ്ദുല്‍ ഹമീദ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു.
അടിയറവ് വെക്കാത്ത സുല്‍ത്താന്‍
സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ തിയോഡര്‍ ഹെര്‍സല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ കാണാന്‍ വന്നെങ്കിലും, സുല്‍ത്താന്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്, 1901 മെയ് മാസത്തില്‍ തന്റെ അടുത്ത സുഹൃത്തായ ഫിലിപ്പ് ന്യൂലിന്‍സ്കി മുഖേന സുല്‍ത്താന്‍ ഹെര്‍സല്‍ ഒരു വാഗ്ദാനം നല്കി. ഫലസ്തീന് ഭൂമി ജൂത കുടിയേറ്റത്തിനായി തുറന്നുകൊടുക്കുകയും ജൂത ജനതക്ക് ഭരണം കൈമാറുകയും ചെയ്യുന്ന പക്ഷം, ഓട്ടോമന്‍ ഭരണകൂടത്തിന്റെ വിദേശ കടങ്ങളെല്ലാം അവര്‍ അടച്ചുകൊള്ളാമെന്നും യൂറോപ്പില്‍ ഒട്ടോമന്‍ സുല്‍ത്താന്‍ വലിയ പ്രചാരണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
സുല്‍ത്താന്‍ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അത് നിരസിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, "ഈ പ്രദേശത്തിന്റെ ഒരു ഇഞ്ച് ഭൂമി പോലും ഞാന്‍ ആര്‍ക്കും വില്‍ക്കില്ല. കാരണം ഫലസ്ത്വീന് എന്റെ സ്വത്തല്ല, അത് എന്റെ സമുദായത്തിന്റെ സ്വത്താണ്, ഈ ഭൂമിയിലെ എല്ലാ മുസ്ലിംകള്ക്കും അവകാശപ്പെട്ടതാണ് അത്. എന്റെ ജനത അവരുടെ രക്തം കൊണ്ട് നേടിയതാണ് ഈ ഭൂമി. ഞങ്ങള്‍ നടക്കുന്നത് ഞങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചു തന്ന വഴിയിലാണ്" അടുത്ത വര്‍ഷങ്ങളിലും ഹെര്‍സല്‍ തന്റെ വാഗ്ദാനം ആവര്‍ത്തിച്ചെങ്കിലും സുല്‍ത്താന്റെ മറുപടിയിൽ വ്യത്യാസമൊന്നുമില്ലായിരുന്നു. ശേഷം ഖിലാഫത് തന്നെ നശിപ്പിക്കുക എന്നതായി അവരുടെ പദ്ധതി. ജനാധിപത്യത്തിന്റെയും പുരോഗമനത്തിന്റെയും പേര് പറഞ്ഞ്, ചെറുപ്പാക്കാരെ പാട്ടിലാക്കി യുവ തുര്‍കികളെ സൃഷ്ടിച്ച് ഖലീഫക്കെതിരെ പ്രക്ഷോഭം തുടങ്ങുന്നത് അങ്ങനെയാണ്. അവര്‍ക്കിടയില്‍ ധാരാളം ജൂതന്മാരും ഫ്രീമാസണ്മാരും സബാത്തിസ്റ്റുകളും ഉണ്ടായിരുന്നു. അവരില്‍ ഒരാളായ ഇമ്മാനുവല്‍ കറാസോ മന്ത്രിയായ തലാത് പാഷയുടെ സുഹൃത്തും അബ്ദുല്‍ ഹമീദിനെ സ്ഥാനഭ്രഷ്ടനാക്കിയ സംഘത്തിലെ പ്രതിനിധിയുമായിരുന്നു. സെലാനികിലെ ഡെപ്യൂട്ടിയായിരുന്ന കറാസോ അക്കാലത്ത് പ്രബലനും ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ സംഘാടകനുമായിരുന്നു.
1909 ഏപ്രിൽ 13 ന്, ഒരു കൂട്ടം ആളുകൾ അബ്ദുൽഹമീദിന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും രാജവാഴ്ചക്ക് പകരം ഒരു ഭരണഘടനാ ഗവൺമെന്റ് വേണമെന്ന് പറഞ്ഞ് ഇസ്താംബൂളിൽ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. രക്തരൂക്ഷിതമായ പ്രക്ഷോഭം 11 ദിവസം നീണ്ടുനിന്നു. 33 വർഷത്തെ ഭരണത്തിന് ശേഷം 1909 ഏപ്രിൽ 27 ന് അബ്ദുൽഹമീദ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കുകയും പകരം ഇളയ സഹോദരൻ മെഹ്മദ് അഞ്ചാമൻ അധികാരത്തിലേറുകയും ചെയ്തു. ശേഷം സുല്താന് അബ്ദുല്ഹമീദിനെയും കുടുംബത്തെയും ആധുനിക ഗ്രീസിലെ സെലാനിക്കിലേക്ക് നാട് കടത്തുകയും അവിടെ താമസിച്ചിരുന്ന അല്ലാതിനി എന്ന ജൂത ബാങ്കറുടെ വീട്ടില്‍ അവരെ തടവിലാക്കുകയും ചെയ്തു. ശേഷം, സുല്‍ത്താന്റെ ഉടമസ്ഥതയിലുള്ള എല്ലാ പ്രദേശങ്ങളും ദേശസാല്ക്കരിക്കപ്പെടുകയും യഹൂദരെ ഫലസ്ത്വീനില്‍ പാര്‍പ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷം, 1912 നവംബർ 1 ന് അബ്ദുൽഹമീദ് രണ്ടാമന് ഇസ്താംബൂളിലേക്ക് തിരിച്ചു വന്നു. തന്റെ അവസാന നാളുകൾ നഗരത്തിലെ ഉസ്കുദാർ ജില്ലയിലെ ബെയ്ലർബേ കൊട്ടാരത്തിലാണ് അദ്ദേഹം ചെലവഴിച്ചത്.
1913 സെപ്തംബര്‍ 22ന് ശാദുലി ത്വരീഖതിന്റെ ശൈഖ് ആയിരുന്ന അബു ശാമാത് മഹ്മൂദിന് അയച്ച കത്തില്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന് പറയുന്നത് ഇങ്ങനെയാണ്: "യുവ തുര്‍ക്കികളുടെ പ്രക്ഷോഭവും ഭീഷണിയും കാരണമായാണ് ഞാന്‍ ഖലീഫ സ്ഥാനം ഉപേക്ഷിച്ചത്. ഫലസ്ത്വീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുകന്നതിന് ഞാന്‍ അംഗീകാരം നല്‍കണമെന്ന് ഈ സംഘം നിര്‍ബന്ധിച്ചു. ഞാന്‍ ഈ നിര്‍ദ്ദേശം നിരസിച്ചു. ഒടുവില്‍ അവര്‍ 150 ദശലക്ഷം ബ്രിട്ടീഷ് സ്വര്‍ണ്ണ നാണയം വാഗ്ദാനം ചെയ്തു. ഞാന്‍ അതും നിരസിച്ച്, അവരോട് പറഞ്ഞു: '150 ദശലക്ഷം സ്വര്‍ണമല്ല, ലോകത്തെ മുഴുവന്‍ സ്വര്‍ണ്ണവും നിങ്ങള്‍ വാഗ്ദാനം ചെയ്താലും ഞാന്‍ നിങ്ങളോട് ഒരിക്കലും യോജിക്കില്ല. ഞാന്‍ 30 വര്‍ഷത്തിലേറെ മുസ്ലിം സമുദായത്തെ സേവിച്ചു. ഞാന്‍ എന്റെ പൂര്‍വ്വികരെ നിരാശപ്പെടുത്തിയിട്ടില്ല'. എന്റെ അവസാന പ്രതികരണത്തെ തുടര്‍ന്ന്, അവര്‍ എന്നെ സ്ഥാനഭ്രഷ്ടനാക്കി ശിക്ഷി വിധിച്ച് സലാനിക്കിലേക്ക് നാട് കടത്തി. ഫലസ്തീനിന് വേണ്ടി ഞാന്‍ ഇന്നും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഫലസ്ത്വീന് ദേശങ്ങളിലോ മുസ്ലിം നാടുകളിലോ ഒരു ജൂത രാഷ്ട്രം ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് നമ്മുടെ സഹോദരങ്ങളുടെ ശാശ്വത ദുരിതത്തിന് കാരണമാവും, തീര്‍ച്ച'
1917ല്‍ യുവതുര്‍കികള്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആര്‍തര്‍ ബാല്ഫറുമായി ഫലസ്തീന് വിഷയത്തില്‍ ഒരു കരാറുണ്ടാക്കി. ആ ബാല്‍ഫര്‍ പ്രഖ്യാപനത്തോടെ ബ്രിട്ടീഷ് സാമ്രാജ്യം ഫലസ്ത്വീന് ദേശങ്ങളില്‍ ജൂത രാഷ്ട്രത്തിന് പച്ചക്കൊടി കാട്ടി. സിറിയയില്‍ മുസ്ഥഫ കമാലിന്റെ നേതൃത്വത്തില്‍ ഓട്ടോമന്‍ സൈന്യം പരാജയപ്പെട്ടപ്പോള്‍, "സര്‍ക്കാറിനാണ് ഭൂമി കൈമാറാനുള്ള അധികാരം" എന്ന പൊതുതത്വത്തെ നിരാകരിച്ച് 1918ല്‍ ബ്രിട്ടീഷുകാര്‍ ഫലസ്ത്വീന് കൈവശപ്പെടുത്തി. അതോടെ ഫലസ്ത്വീനിലെ ജൂത കുടിയേറ്റം വര്‍ദ്ധിച്ചു. അതേസമയം, സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന ഫലസ്ത്വീന് അറബികള്‍ തങ്ങളുടെ ഭൂമി വില്ക്കാന് നിര്‍ബന്ധിതരാകുകയും യഹൂദന്മാര്ക്ക് ഭൂമി വാങ്ങാൻ അവസരമൊരുങ്ങുകയുമുണ്ടായി.
രോഗ ശയ്യയില്‍ കിടന്നിരുന്ന സുല്താന് ഇതെല്ലാം ഏറെ വേദനയോടെ കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടുക്കൊണ്ട് അദ്ദേഹം പറഞ്ഞു: “എനിക്ക് ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ല. ഞാൻ ചെയ്തതെല്ലാം ഈ രാജ്യത്തിന് വേണ്ടിയും മുസ്ലിം സമൂഹത്തിന്റെ നന്മക്ക് വേണ്ടിയും മാത്രമായിരുന്നു. സമാധാന പരമായ ജീവിതം നയിക്കുന്ന ഒരു ജനതയെ കാണാനായിരുന്നു ഞാനെന്നും കൊതിച്ചത്.വരും തലമുറകള്‍ അത് തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്.” 1918 ഫെബ്രുവരി, 18 ന് ഓട്ടോമൻ സാമ്രാജ്യത്തിലെ മഹാനായ അവസാന ഭരണാധികാരി ശഹാദത് ചെല്ലി അവന്റെ നാഥനിലേക്ക് മടങ്ങി.
പതിനഞ്ച് വർഷത്തോളം അദ്ദേഹത്തോടൊപ്പം കഴിഞ്ഞ സന്തത സഹചാരിയായിരുന്ന തഹ്സിൻ പാഷയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “തക്ബീർ ധ്വനികൾ ഇസ്താംബൂളിന്റ ആകാശത്തിലാകെ പ്രതിധ്വനിച്ചു... അവർ പറഞ്ഞു വഫാത്തായത് അബ്ദുൽ ഹമീദ് ഖാനാണെന്ന്... എന്റെ റോസാ പൂന്തോട്ടം വാടിയില്ല... പക്ഷെ, അവ ഉള്ളിൽ നീറി കരയുകയാണ്... യാഥാർത്ഥ്യം എന്നെ ഉണർത്തി... ഈ രാജ്യം തന്നെ അനാഥമായെന്ന യാഥാർത്ഥ്യം... ഇനിയും ഒരു ജന്മം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ... വീണ്ടും ഈ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി നിങ്ങൾ ത്യജിക്കുമായിരുന്നു... എന്റെ സുൽത്താൻ കൊണ്ടുവന്ന സന്തോഷം സുൽത്താനിലേക്ക് തന്നെ മടങ്ങുന്നു... സുൽത്താൻ... എനിക്കറിയാം, അങ്ങയുടെ മരണത്തോടെ അനാഥരായത് ലോക മുസ്ലിം ജനതയാണ്... സ്രഷ്ടാവായ റബ്ബേ... നിന്റെ അടിമ ഹമീദ് നിന്നോടുള്ള വിശ്വാസം മാറോട് ചേര്‍ത്തതിന് ഞങ്ങൾ സാക്ഷിയാണ്... അവൻ മടങ്ങുകയാണ്... ദയവായി അവന്റെ ഹൃദയത്തിൽ കത്തുന്ന നിന്നോടുള്ള അഗാധമായ സ്നേഹത്തിന്റെ പേരിലെങ്കിലും അദ്ദേഹത്തിന് നീ സ്വർഗ പുന്തോട്ടം നൽകി അനുഗ്രഹിക്കേണമേ.... അവർ അദ്ദേഹത്തെ നാടുകടത്തി... അവർ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി... പക്ഷെ, ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള സ്നേഹം നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരുന്നു... ആ സ്നേഹം തെരുവിൽ നിറഞ്ഞൊഴുകി... എല്ലാം ഒത്തിണങ്ങിയ ഒരു സുൽത്താനെ പോലെതന്നെ അദ്ദേഹം വഫാത്തായി... ആ വലിയ സാമ്രാജ്യവും അതോടുകൂടെ അവസാനിച്ചു...”
ചരിത്രം ഇന്നലെകളുടെ വര്‍ത്തമാനങ്ങളാണ്. ഇന്നുകള്‍ക്ക് പാഠങ്ങള്‍ പകര്ന്നുനല്കുമ്പോള് മാത്രമാണ് അവയുടെ പഠനവും വായനയും സാര്‍ത്ഥകമാവുന്നത്. സുല്താന് അബ്ദുല്‍ ഹമീദ് രണ്ടാമന്റെയും അദ്ദേഹത്തിനെതിരെ യുവതുര്‍കികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെയും ചരിത്രങ്ങളിലും അനന്തരഫലങ്ങളിലും നമുക്ക് ഏറെ പാഠങ്ങളുണ്ട്. അവ ഉള്‍ക്കൊണ്ട് പ്രതാപപൂര്‍ണ്ണമായ ഭാവിയിലേക്കുള്ള പ്രയാണം സാധ്യമാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment