സുല്‍താന്‍ മുറാദിന്റെ ബുര്‍സയിലൂടെ..

തുര്‍കിയിലെ ബുര്‍സയിലൂടെ ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. മഖ്ബറകളും പള്ളികളും ഉള്ളത് പോലെത്തന്നെ പൂന്തോട്ടങ്ങളാലും നിബിഢമാണ് ഈ പട്ടണം. അതിനെല്ലാം ഉപരി ആയിരക്കണക്കിന് സൈനികർ ശഹീദായ ഒട്ടേറെ വീര കഥകള്‍ പറയാനുണ്ട് ഈ നഗരത്തിന്. തന്നെ കാണാനെത്തുന്ന ഓരോ വഴിയാത്രക്കാരനോടും ഈ ഓട്ടോമന്‍ നഗരത്തിന് പറയാനുള്ളത് ഓരോരോ കഥകളാണ്. അവയിലെല്ലാം പ്രതാപപൂര്‍ണ്ണമായ ഇന്നലെകളുടെ ഓര്‍മ്മപ്പെടുത്തലുണ്ട്. ഭാവിയിലേക്കുള്ള പ്രയാണത്തിന്റെ അടങ്ങാത്ത പ്രചോദനവും.

ബുസ്റയിലെത്തുന്ന ആരും ആദ്യം പോകുന്നത് സുൽത്താൻ മുറാദിന്റെ ഖബ്റയിലേക്കായിരിക്കും. ഉസ്മാനിയ്യാ ഭരണത്തെ ഒരു സാമ്രാജ്യമായി വികസിപ്പിച്ചത് സുല്‍ത്താന്‍ മുറാദ് ആണെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ബ്രിട്ടീഷ് ചരിത്രകാരനായ എഡ്‌വാർഡ് ഗിബ്ബൺസ് പറയുന്നത് ഇങ്ങനെയാണ്, "ഉസ്മാൻ ഗാസി ഒരു ജനതയെ തനിക്കു ചുറ്റും ഒരുമിച്ചു കൂട്ടി, ഒർഹാൻ ഗാസി അതൊരു രാഷ്ട്രമാക്കി വളര്‍ത്തി. എന്നാൽ സാമ്രാജ്യം സ്ഥാപിച്ചത് മുറാദ് ഹോഡവെൻഡ്ഗറാണ്" 

യൂറോപ്പിലെ കൊസോവയിലെ പ്രിശ്തിനാ ജില്ലയിലായിരുന്നുവത്രെ സുല്‍താന്‍ മുറാദിന്റെ മരണം. അദ്ദേഹത്തെ ആദ്യം ഖബറടക്കിയതും അവിടെത്തന്നെയായിരുന്നു. പിന്നീട് ബഹുമാനർത്ഥം ബുർസയിലേക്ക് കൊണ്ട് വന്ന് അവിടെ മറമാടുകയായിരുന്നുവത്രെ. 

വലിയ യോദ്ധാക്കളായ ഒട്ടോമൻ സുൽത്താന്മാരിലധിക പേരും അസുഖം ബാധിച്ചായിരുന്നു വഫാത്തായത്. അവരിൽ മുറാദ് ഓഗ്ലു ഓർഹാൻ മാത്രമാണ് യുദ്ധത്തിൽ ശഹീദായത്. 1389 കൊസാവ യുദ്ധത്തിൽ വഫാത്തായ അദ്ദേഹത്തെ "ഹോഡോവാൻദ്ഗർ" എന്നും "ഗാസി ഹുങ്കാർ" എന്നും തുർക്കികൾ വിശേഷിപ്പിക്കുന്നു. പേർഷ്യൻ ഭാഷയിൽ ഹോഡവെൻദ്ഗർ എന്നാൽ തലവൻ അല്ലെങ്കിൽ യജമാനൻ എന്നാണർത്ഥം. തുർക്കി ഭാഷയിൽ ഗാസി ഹുങ്കർ എന്നാൽ യുദ്ധവിദഗ്ദനായ ഭരണാധികാരി എന്നാണ് അർത്ഥം.

ഓട്ടോമൻ സാമ്രാജ്യത്തിലെ "ലാല" എന്ന് വിളിക്കപ്പെടുന്ന പരിചയസമ്പന്നനായ ഒരു രാഷ്ട്രതന്ത്രജ്ഞനാണ് എല്ലാ ഷഹ്സാദന്മാരെയും പരിശീലിപ്പിച്ചിരുന്നത്. ലാലാ ഷാഹിൻ പാഷയായിരുന്നു മുറാദ് ഒന്നാമന്റെ അദ്ധ്യാപകൻ. സുൽത്താൻ മുറാദിനെ ചെറുപ്പത്തിൽത്തന്നെ ബുർസയിലെ സഞ്ജക് ബേയായി നിയമിച്ചു. ഇത് അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ മികച്ച അനുഭവം നൽകി. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സുലൈമാൻ പാഷ മരിച്ചതോടെ അദ്ദേഹം ഓർഹാന്റെ പിൻഗാമിയായി. റുമേലിയയിലെ സൈനിക കമാൻഡറായിരുന്ന അദ്ദേഹം ഓര്‍ഹാന് ശേഷം സിംഹാസനത്തിൽ അവരോധിതനാവുകയും ചെയ്തു.

രാഷ്ട്രീയ അധികാരം രാജവംശത്തിന്റെ പൊതു സ്വത്തായി കണ്ടിരുന്നതായിരുന്നു തുര്‍കികളുടെ രീതി. അത് പ്രകാരം, അദ്ദേഹത്തിന്റെ സഹോദരന്മാരായ ഇബ്‍റാഹീമും ഹലീലും സുൽത്താൻ മുറാദിനെതിരെ കലാപത്തിന് ശ്രമിച്ചുവെങ്കിലും ഓട്ടോമൻ ചരിത്രത്തിലെ ആ ആദ്യ കലാപത്തെ സുല്‍താന്‍ മുറാദ് അടിച്ചമർത്തി. കരിങ്കടൽ തീരത്തുള്ള അങ്കാറയും എറെലിയും (ഹെരാക്ലിയ) കീഴടക്കിയ ശേഷം, ബൈസന്റൈൻ സാമ്രാജ്യം വെനീസുമായി സഖ്യമുണ്ടാക്കുകയും അനാട്ടോളിയയിലെ സുൽത്താന്റെ അധിനിവേശം മുതലെടുത്ത് അവിടെയുള്ള ഓട്ടോമൻ ദേശങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതോടെ, സുൽത്താൻ മുറാദ് റുമേലിയയിലേക്ക് നീങ്ങി. 

അഡ്രിയാനോപ്പിൾ എന്ന് വിളിക്കപ്പെട്ടിരുന്ന എഡ്രിന, അക്കാലത്ത് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഭരണത്തിൽ അതൃപ്തരായിരുന്ന ആ നാട്ടുകാർ ഉസ്മാനിയാ ഭരണാധികാരിയെ സ്വീകരിച്ചാനയിച്ചു. സുൽത്താൻ മുറാദ് ഈ സാഹചര്യം മനസ്സിലാക്കി, 1363-ൽ സസ്‌ലിഡറിലെ യുദ്ധത്തിൽ എഡ്രിയാന കീഴടക്കുകയും ചെയ്തു. അതോടെ, ഭരണകൂട ആസ്ഥാനം എഡ്രിയാനയിലേക്ക് മാറ്റുകയും അനാട്ടോളിയയിൽ നിന്ന് പതിനായിരക്കണക്കിന് തുർക്കികൾ നഗരത്തിലെ ജനവാസമില്ലാത്ത സ്ഥലങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തു.

ഇസ്‍ലാമിക പ്രചാരണാർത്ഥം ബാൾക്കൻ പ്രദേശങ്ങൾ മുഴുവൻ കീഴടക്കാൻ സുൽത്താൻ തീരുമാനിക്കുകയും അതിനായി നാല് വ്യത്യസ്ത സൈനിക വിഭാഗങ്ങളെ സജ്ജീകരിച്ച് നിയോഗിക്കുകയും ചെയ്തു. ബൈസന്റൈൻ സാമ്രാജ്യത്തിന് ഈ മുന്നേറ്റം തടയാനായില്ലെന്ന് മാത്രമല്ല, ക്രൈസ്തവ ലോകത്തെ ഇത് ഏറെ ആശങ്കയിലാഴ്ത്തുകയും ചെയ്തു.

റുമേലിയൻ ജനത ഉസ്മാനികളെ സ്വാഗതം ചെയ്തു. ഗ്രീക്ക് പാത്രിയർക്കീസ് 1385-ൽ പോപ്പ് അർബൻ ആറാമനു എഴുതിയ കത്തിൽ ഓർത്തഡോക്‌സുകളോട് ഉസ്മാനികള്‍ കാണിക്കുന്ന സഹിഷ്ണുതയുടെ പേരില്‍ സുല്‍താന്‍ മുറാദിനെ പ്രത്യേകം പ്രശംസിക്കുന്നുണ്ട്. ഇതോടെ ആരംഭിച്ച സമാധാന കാലഘട്ടം സുൽത്താൻ മുറാദിന് രാജ്യം മെച്ചപ്പെടുത്താന്‍ വേണ്ടത്ര സമയം നൽകി.
അതോടെ ബുര്‍സ അതിവേഗം പുരോഗമിക്കുകയായിരുന്നു. ഇമാററ്റുകളും ലോഡ്ജുകളും കമനീയമായ പള്ളികളും വഴിയാത്രക്കാര്‍ക്കുള്ള സത്രങ്ങളുമെല്ലാം അവിടെ ഉയര്‍ന്നു. വിദ്യാഭ്യാസ വിപ്ലവങ്ങള്‍ തീര്‍ത്ത ഉന്നത പാഠശാലകള്‍ കൂടി വന്നതോടെ, പലരും ബുര്‍സയിലേക്ക് ഒഴുകാന്‍ തുടങ്ങി. അധികം വൈകാതെ, ബുര്‍സ ഇസ്‍ലാമിക ലോകത്തെ ഏറ്റവും തിളക്കമുള്ള ശാസ്ത്ര സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി ബുർസ മാറി. അതേ സമയം, രാഷ്ട്രവികസനത്തിലും ശ്രദ്ധിച്ചിരുന്ന മുറാദ്, പരിസര പ്രദേശമായ സെര്‍ബിയയും തന്റെ അധീനതയിലാക്കി മാറ്റി. വിവാഹ ബന്ധങ്ങളിലൂടെയും സഹനത്തിലൂടെയും പല പരിസര പ്രദേശങ്ങള്‍ കൂടി അദ്ദേഹത്തിന്റെ വരുതിയിലായി.

രക്തസാക്ഷിത്വം ഏറെ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്ത വ്യക്തിയായിരുന്നു സുൽത്താൻ മുറാദ്. അവസാന യുദ്ധത്തിന്റെ തലേന്ന് രാത്രി അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചുവത്രെ, "അല്ലാഹുവേ! എനിക്ക് നീ ശഹാദത് നല്കേണമേ. എന്നാല്‍ അത് കാരണം മുസ്‍ലിംകള്‍ക്ക് പരാജയം ഉണ്ടാവുകയും അരുതേ.

ആ യുദ്ധത്തിൽ, ഒരു സെർബിയൻ പടയാളിയുടെ കുത്തേറ്റ് സുൽത്താൻ മുറാദ് രക്തസാക്ഷിയാവുകയും ചെയ്തു. അറുപത്തിമൂന്നു വയസ്സായിരുന്നു  അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന പ്രകാരം തന്നെ,  യുദ്ധക്കളത്തിൽ വീരമൃത്യു വരിച്ചെങ്കിലും ശത്രുക്കൾക്ക് അത് മുതലെടുക്കാനോ മുസ്‍ലിംകളെ പരാജയപ്പെടുത്താനോ സാധിച്ചില്ല.

അദ്ദേഹം രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് ഒരു താൽക്കാലിക ഖബ്റ് വെട്ടി അദ്ദേഹത്തെ അവിടെ അടക്കം ചെയ്തു. ശേഷം മൃതദേഹം ബുർസയിൽ കൊണ്ടുവന്ന് അദ്ദേഹം നിർമ്മിച്ച പള്ളിയോട് ചേര്‍ന്ന് തന്നെ അടക്കം ചെയ്തു. ഇന്നും അനേകം മുസ്‍ലിംകൾ സന്ദർശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് സുല്‍താന്‍ മുറാദിന്റെ റുമേലിയയിലെ ആദ്യ ഖബ്റ്. ഓട്ടോമൻ ആധിപത്യത്തിന്റെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ബുര്‍സായിലെ മഖ്ബറയും അങ്ങനെത്തന്നെ.

29 വർഷം നീണ്ടുനിന്ന ഭരണത്തിൽ നിരവധി വിജയങ്ങൾ നേടിയ അദ്ദേഹം ഒരിക്കല്‍ പോലും പരാജയത്തിന്റെ രുചി അറിഞ്ഞിട്ടില്ല. തന്റെ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഭൂമി അഞ്ച് ഇരട്ടിയാക്കി വികസിപ്പിച്ച ശേഷമാണ് അദ്ദേഹം വിട പറഞ്ഞത്. അഞ്ച് നൂറ്റാണ്ടുകളോളം ഈ പ്രദേശങ്ങൾ ഓട്ടോമൻ ഭരണത്തിൻ കീഴില്‍ തന്നെ തുടരുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter