സുൽത്താൻ സുലൈമാൻ ഖാനൂനി: ലോകം ഭരിച്ച ഖലീഫ
600 ലേറെ വർഷം ലോകത്ത് നീതിയും സാഹോദര്യവും സമത്വവും നടപ്പിലാക്കി സുന്ദരഭരണം കാഴ്ചവെച്ച ഉസ്മാനി ഖിലാഫതിന്റെ ശക്തനായ ഭരണാധികാരിയായിരുന്നു സുൽത്താൻ സുലൈമാൻ ഖാനൂനി. ഭരണം, സാഹിത്യം, കല തുടങ്ങിയ അനവധി മേഖലകളിൽ തന്റെ വ്യക്തിപ്രഭാവം തെളിയിച്ചതിനാൽ യൂറോപ്പ് അദ്ദേഹത്തെ വിളിച്ചത് The magnificient (അതിഗംഭീര വ്യക്തിത്വത്തിന്റെ ഉടമ) എന്നാണ്. യൂറോപ്പിൽ സുലൈമാൻ ദി മാഗ്നിഫിഷ്യന്റ് എന്നും കിഴക്കിൽ ഖാനൂനി (law giver) എന്നുമാണ് സുൽത്താൻ സുലൈമാൻ അറിയപ്പെട്ടത്. അതേസമയം, ഖാനൂനി എന്നത് യൂറോപ്പ് വിളിച്ച പേരാണെന്നും ക്രിമിനൽ നിയമങ്ങളെ ഏകീകരിച്ചതാണ് ഇതിന് ഹേതുകമെന്നും ചിലർ ഉദ്ധരിക്കുന്നതായി കാണാം.
1494 ലാണ് ആദ്യത്തെ ഉസ്മാനീ ഖലീഫയായ സുൽത്താൻ യാവുസ് സലീം എന്ന സലീം ഒന്നാമന്റെയും ഹഫ്സ സുൽത്താനയുടെയും മകനായി സുലൈമാൻ ജനിച്ചത്. സുൽത്താൻ സലീമിന്റെ മരണശേഷം 1520 ലാണ് സുലൈമാൻ അധികാരത്തിൽ വന്നത്.
തന്റെ ഇരുപത്തിയാറാം വയസ്സിൽ അധികാരമേറ്റെടുത്ത സുൽത്താൻ സുലൈമാന്റെ ഭരണകാലം ഉസ്മാനികളുടെ സുവർണ്ണ കാലഘട്ടമായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഏകദേശം 60% അന്ന് ഉസ്മാനികളുടെ കീഴിലായിരുന്നു. ഹംഗറി, ഫ്രാൻസ്, റോം, ബ്രിട്ടൻ എന്നീ നാല് രാജ്യങ്ങൾ ഒഴികെ യൂറോപ്പ് മുഴുവനായിത്തന്നെ സുൽത്താൻ സുലൈമാന്റെ നിയന്ത്രണത്തിലായിരുന്നു. ഇവയിൽ ഫ്രാൻസും ഉസ്മാനികളും സമാധാന കരാറിലായാണ് 1538 മുതൽ നൂറ്റാണ്ടുകളോളം പിന്നീട് കഴിഞ്ഞുപോന്നത്.
ഉസ്മാനി ഭരണകൂടത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഖാസിയുടെ സ്വപ്നത്തിൽ ദർശിച്ച നാല് നദികളും, നാലു നഗരങ്ങൾ സ്വർഗ്ഗത്തിൽ നിന്നാണെന്ന് പ്രവാചകൻ പ്രതിപാദിച്ച മക്ക, മദീന, ഖുദ്സ്, ഡമസ്കസ് എന്നീ പട്ടണങ്ങളും സുൽത്താൻ സുലൈമാന്റെ ഭരണകാലത്ത് ഉസ്മാനികളുടെ കൈകളിലായിരുന്നു. ഇത്തരം വിശേഷങ്ങളുടെ ഉടമയായതുകൊണ്ട് തന്നെ ബഹുമാനസൂചകമായി പല പേരുകളും അദ്ദേഹത്തിന് ചാർത്തപ്പെട്ടിട്ടുണ്ട്. സുൽത്താനു സലാതീന്‍, ഹാക്കിമു ബൈതി ഉസ്മാൻ, അമീറുൽ മുഅ്മിനീൻ, ഖലീഫത്തു റസൂലില്ലാഹി ഫിൽ അർദ് തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.
കവിയും സാഹിത്യകാരനുമായിരുന്ന ഖലീഫ സുലൈമാൻ നല്ലൊരു കൊല്ലപ്പണിക്കാരന്‍ കൂടിയായിരുന്നു. ആത്മീയമായി നഖ്ശബന്ദി ത്വരീഖത്ത് പിന്തുടർന്ന ആദ്യത്തെ ഉസ്മാനി ഖലീഫ കൂടിയാണ് അദ്ദേഹം.
ഫ്രാൻസുമായുള്ള കരാർ
ഉസ്മാനി ചരിത്രത്തിലെ സംഭവബഹുലമായതാണ് 1538ൽ നടപ്പിലായ ഉസ്മാനി ദൗലത്തും ഫ്രാൻസും തമ്മിലുള്ള കരാർ. നൂറ്റാണ്ടുകൾക്ക് ശേഷം നെപ്പോളിയൻ ഫ്രാൻസ് കീഴടക്കുന്നത് വരെ ഇത് നിലനിന്നിട്ടുണ്ട്. അതിന്റെ പശ്ചാത്തലം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
1494 ൽ ജനിച്ച് 1547ല്‍ മരണപ്പെട്ട ഫ്രാൻസിസ് ഒന്നാമനായിരുന്നു അക്കാലത്ത് ഫ്രാൻസിന്റെ ഭരണാധികാരി. എഡി 1521 ൽ അന്ന് പ്രൊട്ടസ്റ്റൻറ് വിഭാഗമായിരുന്ന ഫ്രാൻസിനെതിരെ റോമൻ ഭരണാധികാരിയായിരുന്ന ചാൾസ് അഞ്ചാമന്റെ നേതൃത്വത്തിൽ ഒരു സൈന്യം യുദ്ധം ചെയ്യുകയും പോരാട്ടത്തിൽ ഫ്രാൻസ് ഒന്നാമനെ ബന്ദിയാക്കുകയും ചെയ്തു. ഈ വിവരം ഉസ്മാനി ഭരണാധികാരിയായ സുലൈമാൻ ഖാനൂനിയെ അറിയിക്കാൻ തന്റെ അമ്മ മുഖേനയും മറ്റും അദ്ദേഹം ജയിലിൽ വെച്ച് നടത്തിയ പല വഴികളും പിടിക്കപ്പെടുകയുണ്ടായി. സഹായം അഭ്യർത്ഥിച്ചാൽ സുൽത്താൻ സുലൈമാൻ തന്നെ കൈവെടിയുകയില്ലെന്ന വിശ്വാസം ഫ്രാൻസിസ് ഒന്നാമനുണ്ടായിരുന്നു.
1525 ഡിസംബറിൽ തന്റെ വിശ്വസ്തൻ ജീൻ ഫ്രാങ്കിപ്പാനി (Jean Frangipani) വഴി അയച്ച ഒരു രഹസ്യ കത്ത് 1526 ഫെബ്രുവരിയിൽ സുൽത്താൻ സുലൈമാന് ലഭിക്കുകയും പൂർണപിന്തുണ നൽകുമെന്ന മറുപടി അദ്ദേഹം തിരിച്ചയക്കുകയും ചെയ്തു. സുൽത്താന്റെ സൈനിക ഇടപെടൽ മൂലം 1526ല്‍ ഫ്രാൻസിസ് ഒന്നാമൻ മോചിതനാവുകയും അതിന്റെ നന്ദി സൂചകമായി 1538 ൽ ഇരുവരും സമാധാന കരാറിൽ ഒപ്പു വെക്കുകയും ചെയ്തു. പിന്നീട് വെനീസ്, ഹംഗറി, റോം എന്നിവരുമായി ഉസ്മാനികൾ നടത്തിയ യുദ്ധത്തിലെല്ലാം ഫ്രാൻസിന്റെ സൈനിക പിന്തുണയുണ്ടായിരുന്നു. ഇക്കാലത്താണ് ഖുർആനിന്റെ ഫ്രഞ്ച് ഭാഷ വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്.
ചില സൈനിക മുന്നേറ്റങ്ങൾ
സുൽത്താൻ സുലൈമാന്റെ സൈനിക മുന്നേറ്റങ്ങളും വിജയങ്ങളും എണ്ണമറ്റതാണ്. 1521 ആഗസ്റ്റിലാണ് സുൽത്താൻ ബെൽഗ്രേഡ് കീഴടക്കിയത്. തൊട്ടടുത്ത വർഷം റോഡ്സ് ഐലൻഡും കീഴടക്കി. 1526 ൽ ബാറ്റിൽ ഓഫ് മൊഹാക്സ് എന്ന പേരിൽ ഹംഗറിയിലെ രാജാവ് ലൂയിസ് രണ്ടാമന്റെ നേതൃത്വത്തിൽ നടന്ന യുദ്ധത്തിൽ കുരിശു പോരാളികളെ സുൽത്താൻ സുലൈമാന്‍ പരാജയപ്പെടുത്തി. ഹംഗറിയുടെ പല ഭാഗങ്ങളും ഉസ്മാനികൾ കീഴടക്കിയ ഈ യുദ്ധത്തിൽ വെച്ച് തന്നെയാണ് ലൂയിസ് രണ്ടാമൻ കൊല്ലപ്പെട്ടതും.
ഇറാനിലുണ്ടായിരുന്ന ഷിയാ ഭരണകൂടമായിരുന്ന സഫാവിദിന്റെ ഭരണാധികാരി ഷാഹ് തഹമാസ്പ് തന്റെ ബാഗ്ദാദ് ഗവർണറെ വധിച്ചതിന്റെ പ്രതികാരമെന്നോണം 1533 ല്‍ തിബ്രീസും സുൽത്താൻ സുലൈമാന്റെ കീഴിലായി.
ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് അധിനിവേശത്തെ ഇല്ലാതാക്കിയതും സുലൈമാൻ ഖാനൂനിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് 1538 ൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പ്രധാന മാർഗമായ യമനിലെ ഏദൻ ഉസ്മാനികൾ കീഴടക്കിയത്. ബാർബറോസ സഹോദരന്മാരുടെ കീഴിൽ പല ദ്വീപുകളും കടൽ പ്രദേശങ്ങളും പിടിച്ചടക്കാനും ഭരിക്കാനും സുൽത്താന് കഴിഞ്ഞിട്ടുണ്ട്.
സുൽത്താൻ സുലൈമാൻ ക്രമീകരിച്ച നിയമങ്ങൾ 'ഖാനൂനെ ഉസ്മാനി' എന്നാണ് അറിയപ്പെട്ടത്. പിന്നീട് 300 വർഷക്കാലത്തോളം ഇത് നിലനിന്നു. ഉസ്മാനി ഗവൺമെന്റിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കപ്പെടേണ്ടത് അവരുടെ കുടുംബമഹിമക്കപ്പുറം യോഗ്യതകൾ പരിഗണിച്ചുകൊണ്ടായിരിക്കണം എന്നത് ഇതിലെ പ്രത്യേക ഒരു നിയമമായിരുന്നു. എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണെന്നതും ഇതിൽ വളരെ വ്യക്തമായി എഴുതി വെച്ചിരുന്നു.
കലയെയും സാഹിത്യത്തെയും സുൽത്താൻ സുലൈമാൻ ധാരാളമായി പ്രോത്സാഹിപ്പിച്ചിരുന്നു. ടർക്കിഷ്, പേർഷ്യൻ ഭാഷകളിൽ 'മുഹിബ്ബി' എന്ന തൂലികാ നാമത്തിൽ സുൽത്താൻ കവിതകൾ എഴുതിയിരുന്നു. അക്കാലത്ത് അറിയപ്പെട്ട കവിയായിരുന്ന 1556 ൽ അന്തരിച്ച മുഹമ്മദ് ബിൻ അബൂബക്കർ എന്ന ഫുസൂലി ഉസ്മാനി ദൗലത്തിലാണ് ജീവിച്ചത്. സുൽത്താന്റെ ഔദ്യോഗിക വാസ്തുശില്പിയായ മീമാർ സിനാൻ ചരിത്രത്തിൽ ഇടം നേടിയ മറ്റൊരു വ്യക്തിത്വമാണ്. ഇസ്തംബൂളിലെ സുലൈമാനിയ പള്ളിയും എഡീർണയിലെ സെലീമിയ പള്ളിയും അടക്കം 300 ലേറെ ഉസ്മാനീ ചരിത്ര കെട്ടിടങ്ങൾ മിഅ്മാർ സിനാൻ പണിതതാണ്.
ഇത്രയേറെ ഇതിഹാസം നിറഞ്ഞ ഈ ജീവിതത്തെയും ആ വ്യക്തിത്വത്തെയും ലോകം പലരീതിയിലും ആദരിച്ചിട്ടുണ്ട്. അമേരിക്കൻ പാർലമെന്റിന്റെ ചുവരിൽ പ്രദർശിപ്പിക്കപ്പെട്ട 23 വ്യക്തിത്വങ്ങളിൽ ഒരാൾ സുൽത്താൻ സുലൈമാൻ ഖാനൂനി ആണെന്നത് ഇതിനൊരുദാഹരണമാണ്.
ഹുറം സുൽത്താന
സുലൈമാൻ ഖാനൂനിയുടെ ഭാര്യമാരിൽ പ്രശസ്തിയും അധികാരവും നേടിയതും അതേസമയം വളച്ചൊടിക്കപ്പെട്ട ഓറിയന്റലിസ്റ്റ് ചരിത്രത്തിന്റെ ഇരയുമായ ആളാണ് ഹുറം സുൽത്താന. ഭരണാവകാശത്തിന്റെ പദവിയായ 'സുൽത്താന' പദവി തന്റെ ഭാര്യമാരിൽ നിന്ന് ഹുറമിനാണ് സുലൈമാൻ ഖാനൂനി നൽകിയത്.
1502 ലാണ് ഹുറം സുൽത്താന എന്ന് പിന്നീട് അറിയപ്പെട്ട റുക്സാന ജനിച്ചത്. ഉക്രൈനിലെ ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു അവരുടെ പിതാവ്. താർത്താരി അക്രമം മൂലം അടിമയാക്കപ്പെട്ട റുക്സാനയെ കാലങ്ങൾക്കുശേഷം സുൽത്താൻ സുലൈമാന്റെ മാതാവ് കൊട്ടാരജോലികൾക്കായി വാങ്ങിക്കൊണ്ടുവരുകയും കൊട്ടാരത്തിലെത്തി ദിവസങ്ങൾ കഴിഞ്ഞതോടെ അവർ മുസ്‍ലിമാവുകയും ചെയ്തു. അങ്ങനെയാണ് സുൽത്താൻ സുലൈമാനും ഹുറം സുൽത്താനയും തമ്മിൽ വിവാഹം നടന്നത്.
ഭരണകാര്യത്തിൽ നൈപുണ്യം തെളിയിച്ച വ്യക്തിത്വമായിരുന്നു ഹുറം സുൽത്താന. നൂറുകണക്കിന് മദ്രസകൾ അവർ നിർമ്മിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി സൗജന്യമായി ഭക്ഷണം നൽകുന്ന അടുക്കളകൾ നിർമിച്ചു. ദിവസേന ആയിരക്കണക്കിന് സ്വർണ്ണനാണയങ്ങൾ ദാനമായി നൽകി എന്നും പറയപ്പെടുന്നു. ഇഖ്ലാസിലായി മുന്നോട്ട് നയിച്ച അവരുടെ ചരിത്രം പിന്നീട് ഓറിയന്റലിസ്റ്റുകൾ വളരെ വികൃതമായിട്ടാണ് അവതരിപ്പിച്ചത്. 1558 ൽ അവർ മരണപ്പെടുകയും ചെയ്തു.
1566 ൽ ഹംഗറിക്കെതിരെ യുദ്ധത്തിന് പുറപ്പെട്ട സുൽത്താൻ സുലൈമാൻ രോഗം മൂലം വിയന്നയിൽ വെച്ച് മരിക്കുകയായിരുന്നു. ഒന്നര മാസത്തെ പരിശ്രമത്തിന് ശേഷം ശരീരം ഇസ്താൻബൂളിൽ എത്തിക്കുകയും സുൽത്താന്റെ വസ്വിയ്യത് പ്രകാരം സുലൈമാനിയ പള്ളിയിൽ മറമാടുകയും ചെയ്തു.
Leave A Comment