കാലിഗ്രഫി: ഇസ്‍ലാമിക കലയുടെ ആവിർഭാവം

സമൂഹത്തിന്റെ വളര്‍ച്ചയുടെയും സുഭിക്ഷതയുടെയും ബഹിർസ്ഫുരണമെന്നതിലുപരി ഒരാധ്യാത്മികധാരയാണ് ഇസ്‍ലാമിക കല. അത് സമൂഹത്തിൽ വളർത്തുന്ന അസ്തിത്വവും അവബോധവും ആത്മീയ കവാടങ്ങളിലേക്കാണ് വഴിനടത്തുന്നത്. സുപ്രസിദ്ധ യവനദാർശികൻ പ്ലാറ്റോയുടെ വീക്ഷണത്തിൽ പ്രപഞ്ചത്തിൽ ഇന്ദ്രിയങ്ങൾക്കു ഗോചരമായ സർവ സൗന്ദര്യ രൂപങ്ങളും പരമമായ സൗന്ദര്യത്തിന്റെ പ്രതിച്ചായ മാത്രമാണത്രെ.

മുസ്‍ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം കല ജനകീയവും സർവവ്യാപിയും സർവജ്ഞാനിയുമായ അല്ലാഹുവുമായി പിണഞ്ഞുകിടക്കുന്നു. മനുഷ്യഹൃദയങ്ങളുടെ ഏകീകരണമാണ് യാഥാർത്ഥിൽ ഒരോ കലാരൂപവും അവിഷ്കരിക്കുന്നത്. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ കരുണാകിരണങ്ങൾ ഉത്തേജിപ്പിച്ച് കൊണ്ട് മനഷ്യ മനസ്സുകളെ ചീത്ത വിചാരങ്ങളിൽ നിന്ന് കരകയറ്റുകയാണ് കലാസൃഷ്ടികളുടെ ധർമം. റോമൻ തത്ത്വ ചിന്തകൻ ലോഞ്ചയിനസിന്റെ വീക്ഷണത്തിൽ ഉദാത്തമായ ചിന്തകളെ ഇളക്കിവിടുന്നതാണ് കല.

പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് ഇസ്‍ലാമിക കല യൂറോപ്യൻ സാംസ്കാരിക കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് വിഷയമായിത്തുടങ്ങുന്നത്. മുമ്പ് തന്നെ പലതും നടന്നിരുന്നുവെങ്കിലും ഇത്രമാത്രം നിരൂപണാത്മകവും അക്കാദമികവുമായ ഒരു സമീപനമുണ്ടായിരുന്നില്ല.
     
കാലിഗ്രഫിയുടെ ഉത്ഭവം

ഹിജ്റ 2,3 നൂറ്റാണ്ടുകളിൽ ഇസ്‍ലാമിക ലോകത്ത് ഉത്ഭവിച്ച കലാ രൂപമാണ് കാലിഗ്രഫി. യഥാർത്ഥത്തിൽ ഇത് ഖുർആനിക വിശുദ്ധിയെയാണ് പ്രധാനമായും പ്രതിനിധീകരിക്കുന്നത്. ദൈവിക വചനങ്ങൾക്ക്  ശക്തി പ്രദാനം ചെയ്യുന്ന ഇത് മുസ്‍ലിം നാഗരികതയുടെ ഒരപൂർവ്വ സൃഷ്ടിയാണ്.
ഇസ്‍ലാമിക ലോകത്ത് നിർമിക്കപ്പെട്ട പള്ളികളിലും കൊട്ടാരങ്ങളിലും വീടുകളിലും ഇവ തലയുയർത്തി നിന്നു. പേർഷ്യക്കാരനാണെങ്കിലും തുർക്കിക്കാരനാണെങ്കിലും ഭാഷാ വിവേചനമില്ലാതെ ഇവ സ്വീകരിക്കപ്പെടുകയുണ്ടായി. താമസിയാതെ സമൂഹത്തിലെ അത്യുത്തമ കലാരൂപമായി ഇത് പരിണമിക്കാൻ തുടങ്ങി. കഅ്ബാലയത്തിന്റെ കിസ്‍വകൾ മുതൽ ഡമസ്കസിലെ അമവി മസ്ജിദിന്റെ ചുമരുകൾ, ഖൈറുവാനിലെ വലിയ പള്ളിയുടെ പ്രഭാഷണ പീഠം, മിനാരങ്ങൾ, കൈറോ, ഇസ്താംബൂൾ, ഇസ്ഫഹാൻ, താഷ്കന്റ് എന്നിവിടങ്ങളിലെ ആരാധനാലയങ്ങൾ, സ്പെയിനിലെ കൊട്ടാര ശേഷിപ്പുകൾ, താജ്മഹൽ, വസതികൾ, നാണയങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, ആസ്ട്രോലാസ് തുടങ്ങി ലോകമിന്നും കാലിഗ്രഫിയെ നെഞ്ചേറ്റിക്കൊണ്ടിരിക്കുകയാണ്. മുസ്‍ലിം കാലിഗ്രഫേഴ്സിനെ സംബിന്ധിച്ചിടത്തോളം അവർക്ക് നിശ്ചിത എഴുത്തു രൂപങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊതുവെ, ഭംഗിയുള്ളതായി അംഗീകരിക്കുന്ന എല്ലാ വഴികളും അവർ അവലംബിച്ചു.

എട്ടാം നൂറ്റാണ്ടിൽ അബ്ബാസീ യോദ്ധാക്കൾ ചൈനീസ് തടവുകാരിൽ നിന്ന് പേപ്പർ വ്യവസായം പഠിച്ചതോടെയാണ് മൂർത്ത രൂപങ്ങളിൽ നിന്നു കടലാസ് രൂപങ്ങളിലേക്ക് കാലിഗ്രഫി ചേക്കേറിയത്. പതിനൊന്നാം നൂറ്റാണ്ടോടെ പുസ്തക വ്യവസായം സാർവത്രികമായി. 1009-ൽ പുറത്തിറങ്ങിയ അബ്ദുറഹ്മാൻ ഇബ്നു ഉമർ അസ്സുഫിയുടെ പ്രസിദ്ധ ഗ്രന്ഥം "കിതാബു സ്വുവരിൽ കവാകിബിസ്സാബിത" ഇതിനൊരുദാഹരണമാണ്. ആവിശ്യത്തിനനുസൃതമായ ചിത്രങ്ങളും അലങ്കാരങ്ങളും അതിനെ ഭംഗിയാക്കുന്നു. ഇറാഖിലെ ഹിറയിൽ നിന്നും അമ്പാറിൽ നിന്നുമാണെത്രെ അറേബ്യൻ ഉപദീപിലേക്ക് എഴുത്തുരീതി വ്യാപിക്കുന്നത്. ദൂമതുൽജൻദലിലൂടെ കടന്ന് സമീപ ദേശങ്ങളായ ഹിജാസിലേക്കും ത്വാഇഫിലേക്കും പ്രചരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ ഇബ്നു മുഖല്ലയാണ് ഇസ്‍ലാമിക കാലിഗ്രഫി രംഗത്ത് വൻ പരിവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. നിലവിലെ കൂഫി ലിപി പരിഷ്കരിച്ച മനാസുബ് എന്ന പുതിയ ശൈലിക്ക് തുടക്കം കുറിച്ചത് അക്കാലത്താമ്. ഒറ്റക്കയ്യനായിരുന്ന ഇബ്നു മുഖല്ലയുടെ ഇടതുകയ്യിന്റെ ചിത്രണം പലരെയും നന്നായി സ്വാധീനിച്ചിരുന്നു.

കാലിഗ്രഫിയുടെ നാനാർത്ഥങ്ങൾ വിവരിക്കുന്ന 'രിസാല ഫീ ഇൽമിൽ കിതാബ്' എന്ന ഗ്രന്ഥം അബൂ ഹയ്യാന്‍ അത്തൗഹീദി (1010) ക്ക് തന്റെ കലാവൈഭവം ലോകർക്ക് മുമ്പിൽ വിളംബരം ചെയ്യാൻ ഏറെ സഹായിച്ചു. ഇദ്ദേഹത്തിന്റെ സമകാലികനാണ് ഇബ്നു ബവ്വാബ്. ഒരു ഹൗസ് പെയിന്ററായി തുടങ്ങിയ അദ്ദേഹം ക്രമേണ പുസ്തക പെയിന്ററായും അവസാനം കാലിഗ്രഫറായും വളരുകയുണ്ടായി. പ്രധാനമായും ഇബ്നു മുഖല്ലയുടെ രീതികളുടെ പരിപോഷണങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധകൊടുത്തിരുന്നത്. എന്നാലും മുൻഗാമികളിൽ നിന്ന് വിഭിന്നമായി അക്ഷരങ്ങളുടെ ബാലൻസ്, അളവുകൾ, സ്പെയ്സിംങ് തുടങ്ങിയവയിൽ പ്രത്യേകം ഊന്നൽ നൽകി മുഹഖഖ് ശൈ ഇദ്ദേഹത്തിന്റെ ശൈലിയിൽ നിന്നാണ്.

ഇന്ത്യയിലെ കാലിഗ്രഫി

താർത്താരികളുടെ അധിനിവേശം കാലിഗ്രഫിയുടെ ചരിത്രത്തിലെ പുതിയ വഴിത്തിരിവായിരുന്നു. ബാഗ്ദാദിന്റെ പതനശേഷം കാലിഗ്രഫിക്ക് ഇറാനിലേക്ക് കുടിയേറേണ്ടി വന്നു. അവിടെനിന്നാണ് ഇന്ത്യ ഉപഭൂഖണ്ഡം കാലിഗ്രഫിയെ പരിചയപ്പെടുന്നത്. ഗസ്നവികളിൽ നിന്നും മംലൂക്കുകളിൽ നിന്നും എടുക്കപ്പെട്ട് മുഗൾ ഭരണത്തിനു കീഴിൽ ഇന്ത്യയാകെ അത് പടർന്നു. ഇന്ത്യൻ ചരിത്രത്തിൽ കാലിഗ്രഫിയുടെ സുവർണ കാലമായിരുന്നു അത്. മുഗൾ ഭരണത്തിന്റെ സ്ഥാപകനായിരുന്ന സഹീറുദ്ദീൻ ബാബർ ആയിരുന്നു ആ കാലത്തെ പ്രശസ്തനായ ഇന്ത്യൻ കാലിഗ്രഫർ. ഖുർആനിക ബോധനത്തിന് വരയിലൂടെ വെളിച്ചം നൽകുകയായിരുന്നു ഇദ്ദേഹം ചെയ്തത്. എന്നാൽ ഇന്ത്യൻ ചുറ്റുപാടിൽ നിന്ന്കൊണ്ട് അറേബ്യൻ എഴുത്തുരീതിയെ  പരിപോഷിച്ചത്, സമകാലികനായ മുഹമ്മദ് യഹ്‍യാ ലഖ്നവി ആയിരുന്നു.
 
സുപ്രസിദ്ധ കാലിഗ്രഫർ യൂസുഫുദ്ദഹ്ലവിയുടെ സഹോദരി ഫാത്ത്വിമതുൽ കുബ്റയാണ് ഇന്ത്യാ ഭൂഖണ്ഡത്തിലെ പ്രഥമ വനിതാ കാലിഗ്രഫർ. 1967-ൽ കറാച്ചിയിൽ അന്തരിച്ച ഇവരുടെ സംഭാവനകൾ അതുല്യമാണ്. ഖുർആനിലെ അക്ഷരപശ്ചാത്തലങ്ങളെ കേന്ദ്രീകരിച്ച് അവര്‍ വരച്ച കാലിഗ്രഫി ചിത്രങ്ങള്‍ ഇന്നും ഏറെ അല്‍ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ.

ഓട്ടോമൻ സാമ്രാജ്യം ഒരു ഭരണസംവിധാനവുമായി രംഗത്ത് വന്നപ്പോൾ വ്യതിരക്തമായ ഒരു കലാശൈലിയും കാലിഗ്രഫി ശൈലിയുമുണ്ടായിരുന്നു. സ്വാധീനത്തിലും രൂപശൈലിയിലും വേറിട്ട സ്വഭാവം വെച്ച് പുലർത്തിയിരുന്ന കാലിഗ്രഫി അഭൂതപൂർവമായ സ്വീകാര്യതയോടെയാണ് വ്യാപിച്ച് കൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അനന്തരഫലമായി ശക്തമായ ബോംബാക്രമണത്തിന് മുന്നിൽ മുസ്‍ലിം കലാപൈതൃകം ഒരളവോളം നശിച്ച് പോവുകയെങ്കിലും വിവിധ ഭാഷകളിലായി കാലിഗ്രഫി സംരക്ഷിക്കപ്പെടുകയും അത് ഇന്നും തുടരുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, സാംസ്കാരിക തലങ്ങളിൽ നിന്ന് തുടങ്ങി ദൈവത്തിലേക്ക് വഴി നടത്തുന്ന ഒരുത്തമ രൂപമാണ് കാലിഗ്രഫി എന്ന ഇസ്‍ലാമിക കല. അസ്തമിച്ചു കൊണ്ടിരിക്കുന്ന കാലിഗ്രഫിയുടെ രോദനങ്ങള്‍ ഇടക്ക് കേള്‍ക്കാനാവുന്നുണ്ടെങ്കിലും പുതുതലമുറയില്‍ പലരും ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട് എന്നത് ഏറെ ആശാവഹമാണ്. വിശിഷ്യാ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ന് കാലിഗ്രഫി ഏറെ മുന്നേറുന്നുണ്ട് എന്ന് പറയാതെ വയ്യ.
 
അവലംബം;

ഇസ്‍ലാം വിജ്ഞാന കോശം,പൂങ്കാവനം ബുക്സ്
തെളിച്ചം മാസിക, സമ്മേളന സുവനീർ
ഇസ്‍ലാമിക കല സൗന്ദര്യവും ആസ്വാദനവും, ഡോ. മോയിൻ ഹുദവി

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter