ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ- (ഭാഗം 3)  സൽജൂഖികളിലെ നവോത്ഥാന നായകൻ നിസാമുൽ മുൽക്ക്

സൽജൂഖികളിലെ നവോത്ഥാന നായകൻ നിസാമുൽ മുൽക്ക്

ഓരോ ദർവീഷിന്റെയും തലപ്പാവിന്റെ അറ്റം ഹൃദയത്തിന്റെ ഭാഗത്തേക്ക് ഇറങ്ങിയിരിക്കും, അതിന് 'തായ്ലസാൻ' എന്നാണ് പറയുക. തായ്ലസാൻ അവരുടെ ഹൃദയത്തിന്റെയും മനസ്സിന്റെയും ഇടയിലുള്ള പാലമാണ്. നമ്മുടെ മനസ്സ് മറ്റുള്ളവരിൽ ചെവിക്കൊടുക്കാതിരിക്കുക, നമ്മുടെ ഹൃദയം പറയുന്നതിനെ മനസ്സ് സ്വീകരിക്കുക, എന്നതാണ് അതിലൂടെ അവർ അടയാളപ്പെടുത്തുന്നത്. ഹൃദയത്തെയും മനസ്സിനെയും ഒന്നാക്കിയെടുക്കുന്ന മനുഷ്യൻ വിജയിക്കും എന്നാണ് ഓരോ ദർവീഷും തായ്ലസാൻ കൊണ്ട് സൂചിപ്പിക്കുന്നത്. നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരം ഹൃദയത്തോട് ആരായുക, നമ്മുടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അവിടെയുണ്ട്, നിങ്ങൾ വ്യക്തി താൽപര്യത്തിൽ ഉതകാതെ ഒരു തീരുമാനമെടുത്താൽ അത് ദൈവത്തിൽ നിന്നായിരിക്കും. അത് കാെണ്ട് ഹൃദയം തൃപ്തിയടങ്ങും. ആ ഹൃദയം എല്ലാത്തിനെയും അതിജയിക്കും. അങ്ങനെയൊരു ഹൃദയം കൊണ്ട് ചരിത്രത്തിലെ തുർക്ക് മുസ്ലിമിനെ ഒരു ദർവീഷ് നോക്കിക്കാണുകയാണ്.

ഇസ്ഫഹാൻ നഗരം എന്നെ നേരത്തെ വിളിച്ചുണർത്തി. സുബ്ഹിക്കുള്ള നല്ല തണുപ്പ് എന്നെ വല്ലാതെ മരവിപ്പിച്ചു. ശക്തമായ തണുപ്പിലും രാവിലെ തന്നെ പള്ളികൾ വിശ്വാസികളാൽ സാന്ദ്രമാണ്. അള്ളാഹുവിന്റെ വിശുദ്ധ ഗേഹം ഖുർആന്റെ വചങ്ങനളാലുള്ള കാലിഗ്രഫിയാലും കമാനങ്ങളാലും നിറഞ്ഞുനിൽക്കുന്നു. നിസ്കാരത്തിന് ശേഷം പട്ടണമെന്നാകെ ശബ്ദങ്ങളാൽ നിറഞ്ഞു. ഈ നഗരം ഒരു കാലത്ത് ലണ്ടനെ പോലെ ലോകത്തെ ഏറ്റവും സുരക്ഷയുള്ള ഒരു സൽജൂഖി തലസ്ഥാനമായിരുന്നു. ലോകത്തെ പല സഞ്ചാരികളുടെയും വിശ്രമ കേന്ദ്രമായിരുന്ന ഇസ്ഫഹാൻ ധാരാളം ഇസ്ലാമിക ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. "ഇസ്ഫഹാൻ" എന്ന പേർഷ്യൻ വാക്കിന്റെ അർത്ഥം ലോകത്തിന്റെ പകുതി എന്നാണ്. അവിടത്തെ കെട്ടിടങ്ങളും പള്ളികളും വാസ്തുവിദ്യയും കണ്ടിട്ട് പലരും കൗതുകകരമായ രൂപത്തിൽ അവരുടെ ഗ്രന്ഥത്തിൽ ഈ നാടിനെ വരച്ചുക്കാണിക്കുന്നു. നഗരം ഇന്നും യൂണിവേഴ്സിറ്റികൾ, സ്കൂളുകൾ, മദ്രസകൾ എന്നിവ നിലനിർത്തി പഴയ സൽജൂഖി സംസ്കാരം പിൻഗാമികൾക്കും പകർന്നുക്കൊടുക്കുന്നു. ഇസ്ഫഹാനിൽ ധാരാളം മഖ്ബറകളുണ്ട്. പക്ഷെ എന്നെ ഒരു മഖ്ബറയിലേക്കാണ് മാത്രമാണ് എത്തിച്ചത്. ഇസ്ഫഹാന്റെ ഈ ഭൗതിക വളർച്ചയിൽ ഒരിക്കലും പരിചയപ്പെടുത്താതിരിക്കാൻ പറ്റാത്ത മുസ്ലിം വ്യക്തിത്വമായ നിസാമുൽ മുൽക്ക് എന്ന അബു അലി ഹസൻ ബിൻ അലി ത്വൂസിയുടെ ഖബ്റിലേക്ക്.....

ഹസൻ ജനിക്കുന്നത് 1018 ഏപ്രിൽ 10 ൽ ഖുറാസാനിലെ തൂസിലെ റാഡ്കനിലെ ഒരു കൊച്ചു ഗ്രാമത്തിലാണ്. അവന്റെ ചെറുപ്രായത്തിൽ തന്നെ പിതാവ് അലി ബിൻ ഇഷാക്ക് തൂസിലെ ഗസ്നവി രാജവംശത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ നേരത്തെ തന്നെ ഉമ്മയെ നഷ്ടപ്പെട്ടതിനാൽ അലി സ്വന്തമായി കൊച്ചു ഹസനെ ഓമനിച്ചു വളർത്തി. അവന്റെ ഉള്ളിൽ ഉമ്മയില്ലാത്ത വേദന ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു.

കുട്ടിത്തം മാറാതെ, ഉപ്പയുടെ ശിഷ്യണത്തിൽ പതിനൊന്നാം വയസ്സിൽ ഹസൻ വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കി. പിന്നീട് അലപ്പോ, ഇസ്ഫഹാൻ, ബാഗദാദ്, നിഷാപൂർ എന്നീ പ്രധാന നഗരങ്ങളിൽ നിന്ന് ഹദീസ് പഠനം നടത്തി. കൂടാതെ കവിതയോടും കവിത ശാസ്ത്രത്തോടും അദ്ദേഹത്തിന് വലിയ താൽപ്പര്യമായിരുന്നു. പട്ടണങ്ങളിലെ പ്രധാന കവികളുടെയും പ്രാസംഗികരുടെയും യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. ഒമർ ഖയ്യാം എന്ന പ്രസിദ്ധ കവി അദ്ദേഹത്തിന്റെ സുഹൃത്താവാനുള്ള പ്രധാന കാരണം ഈ കവിത ബന്ധം തന്നെയായിരുന്നു. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഗസ്നവികൾക്ക് വേണ്ടി പ്രവർത്തിച്ചു. പിതാവിനൊപ്പം ഗസ്നവികൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച ഹസൻ സൽജൂഖികൾ ഖുറാസാൻ കീഴടക്കുന്നതു വരെ ആ ജോലിയിൽ തുടർന്നു. അതിനുശേഷം, ഉപ്പയും മകനും സൽജൂഖികൾക്കായി പ്രവർത്തിക്കാൻ തുടങ്ങി.

അങ്ങനെ, ഒരു സുപ്രഭാതത്തിൽ സുൽത്താൻ അൽപ് അർസലാൻറെ കീഴിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായി നിസാമുൽ മുൽക്ക് തന്റെ ഔദ്യോഗിക ഉദ്യോഗസ്ഥ ജീവിതം ആരംഭിച്ചു. എന്നിരുന്നാലും, ആദ്യമെന്നും ഇരുവർക്കും പരസ്പരം ചില അഭിപ്രായ വിത്യാസങ്ങളെ ഒത്തുച്ചേരാനായില്ല. അദ്ദേഹം മർവിലെ ചഗ്രി ബെഗിൻറെ കോടതിയിലേക്ക് പുറപ്പെട്ടു. ചഗ്രി അദ്ദേഹത്തോട് വളരെയധികം താൽപര്യവും രക്തബന്ധവും കാണിക്കുകയും, അവസാനം ചഗ്രി ബെഗ് തന്റെ മകനായ അർസലാനെ പരിചയപ്പെടുത്തുകയും നിസാമുൽ മുൽക്കിനെ ഒരു പിതാവായി സ്വീകരിക്കാനും പറഞ്ഞു.

അവർ തമ്മിലുള്ള രസതന്ത്രം രാജ്യത്തെ പരോഗതിയിലേക്ക് നയിച്ചു. എല്ലാ സാഹചര്യങ്ങളിലും നിസാമുൽ മുൽക്ക് അൽപ് അർസലാനെ സഹായിച്ചു. ഒടുവിൽ, അർസലാൻ അത്യന്തിക അധികാരം പിടിച്ചെടുത്തതിനാൽ അദ്ദേഹത്തിന് സുൽത്താന്റെ 'അതാബൈ' അധികാരവും ലഭിച്ചു. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-1

സുൽത്താൻ അൽപ് അർസലാന്റെ മരണം നിസാമുൽ മുൽക്കിന് വലിയ വേദനയായിരുന്നു. ശേഷം, അധികാര തർക്കമുണ്ടായപ്പോയും  അദ്ദേഹം സുൽത്താൻ അനന്തരവകാശിയായി പ്രഖ്യാപിച്ച മലിക് ഷായെ അധികാരത്തിലേറ്റി. ഈ ഭരണക്കാലഘട്ടത്തിൽ നിസാമുൽ മുൽക്ക് സൽജൂഖ് സാമ്രാജ്യത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മഹാനായ വ്യക്തിയായി മാറി. അർസലാൻറെ മകൻ മലിക് ഷാ അദ്ദേഹത്തെ മാനിച്ചു കൊണ്ടാണ് പല തീരുമാനങ്ങളും എടുത്തത്. മുപ്പത്തഞ്ചു വർഷത്തോളം നിസാമുൽ മുൽക്ക് ഭരണകാര്യങ്ങൾ അടക്കി നിയന്ത്രിച്ചു.

നിസാമുൽ മുൽക്കിന്റെ ഒരു സ്വപ്നമായിരുന്നു ഇസ്ലാമിക ലോകത്തെ വിദ്യാഭാസ പുരോഗതിയിലേക്ക് എത്തിക്കുക എന്നത്. അതിന് വേണ്ടി അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചു. അബ്ബാസി ഖിലാഫത്തിൻറെ കാലഘട്ടത്തിൽ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും, അതിനെ ചിട്ടപ്പെടുത്താനും പക്വമായി നിലനിർത്താനും സൽജൂഖി രാജവംശത്തിനും മന്ത്രിയായ നിസാമുൽ മുൽക്കിനും കഴിഞ്ഞു. അദ്ദേഹം സ്ഥാപിച്ച മദ്രസകൾക്ക് അതിൻറെ സ്ഥാപകനെ ചൂണ്ടിക്കാണിച്ചു കൊണ്ട് 'നിസാമിയ്യ' എന്നാണ് വിളിച്ചിരുന്നത്.
നിസാമുൽ മുൽക്ക് ഹനഫി, ശാഫി പണ്ഡിതന്മാരെ പിന്തുണക്കുകയും ബാത്തിനികൾക്കും ശിയാക്കൾക്കുമെതിരെ പോരാടുകയും ചെയ്ത അദ്ദേഹം ഇസ്ലമിക ചരിത്രത്തിൽ വ്യക്തമായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. 

കാട്ടിൽ ഒരു സിംഹം ഉണ്ടാവുമ്പോൾ അതിന് ഒരു എതിർപക്ഷം ഉണ്ടാകൽ നിർബന്ധമാണ് എന്നത് കൊണ്ട് തന്നെ, നിസാമുൽ മുൽക്കിന്റെ പ്രധാന ശത്രുവായിരുന്നു ഹസ്സൻ സബ്ബാഹ്. അദ്ദേഹത്തോട് ഹസൻ സബ്ബാഹിന് വിദ്വേഷം ഉണ്ടാവാനുള്ള പ്രധാന കാരണം സുന്നികളുടെ ഉയർച്ച, ഖുറാസാനിലെയും ഇറാഖിലെയും ഇസ്മാഇലിയ്യ വിഭാഗത്തിൻറെ തകർച്ചയെ ബാധിച്ചതാണ്. ഈയൊരു വിദ്വേഷം തന്നെയാണ് പിന്നീട് ആ മഹാന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

തീവ്രവാദങ്ങളെ സൽജൂഖികളുടെ നിഘണ്ടുവിൽ വെട്ടി മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം, അവരോട് ഒരിക്കലും യോജിച്ചിരുന്നില്ല. ബാതിനിയ്യ, ശിയ ആശയങ്ങളിലൂന്നിയ തീവ്രവാദ സായുധ വിഭാഗങ്ങൾ മുഖേന ഉണ്ടായേക്കാവുന്ന അപകടങ്ങളെ നിസാമുൽ മുൽക്ക് കണ്ടറിഞ്ഞിരുന്നു. അതിനാൽ അവരുടെ സൈനിക വ്യാപനത്തെ അടിച്ചമർത്താൻ അദ്ദേഹം സൈനിക ശക്തി ഉപയോഗിക്കുകയും, ശാസ്ത്രം, നാഗരികത, മതം എന്നീ അർത്ഥത്തിൽ സുന്നീ മദ്രസകളെ അനുകൂലിക്കുകയും ചെയ്തു. 1091ൽ പ്രസിദ്ധ മുസ്ലിം പണ്ഡിതനായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദ് ​ഗസ്സാലിയെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ നിസാമിയ്യ മദ്രസയിൽ മുദരിസായി നിയമിക്കുന്നുണ്ട്. ഈയൊരു നീക്കം ബാത്തിനികൾക്ക് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് ചരിത്രം "ഇമാം ഗസ്സാലി" എന്ന് അദ്ദേഹത്തെ വിളിക്കാനുള്ള കാരണവും ഈ നിയമനമാണ് എന്ന് ഓർക്കണം. പിന്നീട് ഇമാം ഗസ്സാലിയുടെ ഭാവി നിർണയിച്ചത് ഒരു ദീർഘദൃഷ്ടിയുള്ള മഹാനയ സൽജൂഖി മന്ത്രിയായിരുന്നു.

ഇസ്ഫഹാനിലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നാണ് നിസാമുൽ  മുൽക്കിൻറെ 'സിയാസത്ത് നാമ' (ഗവൺമെൻറിൻറെ പുസ്തകം) എന്ന ഗ്രന്ഥത്തെ പരിചയപ്പെടുന്നത്. ഗ്രന്ഥം വളരെ പ്രസിദ്ധമാണ്.  രാഷ്ട്ര കാര്യങ്ങളെക്കറിച്ച് സംഘടിതവും വിശദവുമായ രീതിയിൽ വിശദീകരിക്കുന്ന ഗ്രന്ഥമാണ്. അമ്പത് അധ്യായങ്ങൾ ഉൾക്കൊള്ളുന്ന 'സിയാസത്ത് നാമ' മതം, സൈനികർ, രാഷ്ട്രീയം, ചാരന്മാർ, ധനകാര്യം, കോടതി ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങൾ സുൽത്താനോട് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ ഈ ഗ്രന്ഥം സൽജൂഖി ഭരണഘടനയായി പരിഗണിക്കാവുന്നതാണ്. നീതി, അധികാര നിയന്ത്രണം എന്നീ രണ്ട് തൂണുകളെ ഗ്രന്ഥം ആശ്രയിക്കുന്നു. വസ്തവത്തിൽ, അധികാരത്തെ നിയന്ത്രിക്കാനുള്ള കഠിനമായ രാഷ്ട്രീയവും ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ നീതിയും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് നിസാമുൽ മുൽക്ക് സൽജൂഖ് രാഷ്ട്രത്തിൽ പ്രധാനമായും പ്രതിനിധീകരിച്ചത്.

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-2

പക്ഷെ, ഇന്ന് നിസിമുൽ മുൽക്കിന്റെ നിസാമിയ്യ മദ്രസ ഇന്ന് ഇസ്ഫഹാനിലില്ല. യൂറോപ്യൻ പണ്ഡിതന്മാരെ വിളിച്ചു വരുത്തിയ ഗ്രന്ഥശാലകൾ ഇല്ല. ഗ്രന്ഥശാലകളിലെ മഹാഗ്രന്ഥങ്ങൾ തന്നെ നശിപ്പിച്ച ടൈഗ്രീസ് നദിയുടെ ഓളങ്ങളിലൂടെ മംഗോളികളെ ഇന്നും ശപിക്കുകയാണ് ആ നല്ലക്കാലം ഇനി വരില്ലെന്ന് ഓർത്ത്. 

നിസാമുൽ മുൽക്കിന്റെ ജീവിത വഴിയിലൂടെ സഞ്ചരിച്ചപ്പോൾ, അദ്ദേഹത്തിന് ദർവീഷികളോട് ഹൃദയ ബന്ധമാണ് ഉണ്ടായിരുന്നത്. ദർവീഷ് മടകളിലെ സ്ഥിര സാന്നിധ്യമായിരുന്ന അയാളിൽ ദർവീശിന്റെ വിലാപങ്ങൾ നിറഞ്ഞുനിന്നിരുന്നു.. അദ്ദേഹത്തിന്റെ ഉള്ളിലെ ദർവീഷ് സാന്നിധ്യം അദ്ദേഹത്തിന്റെ ജീവിത അവസാനം വരെ നിലനിർത്തിയിരുന്നു. മുസ്ലിം പണ്ഡിതന്മാർ അദ്ദേഹം ഇസ്ഫഹാനിലെ തെരുവുകളിലേക്ക് പറഞ്ഞയച്ച് നഗര ജനങ്ങളെ ആത്മീയ തീരത്തേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ സൽജൂഖികളുടെ മുസ്ലിം ലോകത്തെ ഭൗതികമായി വളർത്തി.

സൽജൂഖ് രാഷ്ട്രത്തിന്റെ കാഴ്ച്ചപ്പാടുകളെ  വളർത്തിയത് നിസാമുൽ മുൽക്കിന്റെ സ്വപ്നങ്ങളാണ്. അദ്ദേഹത്തെക്കുറിച്ചുള്ള പല കഥകളും ആധുനിക മുസ്ലിം സ്വപ്നങ്ങളെ പുനരുദ്ധീകരിക്കുന്നതാണ്. പക്ഷെ, ആധുനിക മുസ്ലിം ലോകം തമ്മിൽ തല്ലി സൈനികമായി എങ്ങനെ വളരാം എന്നതിന്റെ തിടുക്കത്തിലാണ്. സൽജൂഖി കഥകൾ ഒരു പുനരാലോചനക്ക് വഴി തുറക്കുകയാണ്.

1092 ഒക്ടോബർ 14ന് ഒരു റമദാൻ രാത്രിയിൽ ഹസ്സൻ സബ്ബാഹ് അയച്ച ഒരു ഹശ്ശാശി ഘാതകൻ നിസാമുൽ മുൽക്കിനെ വധിച്ചു. ഒരു യുഗത്തിന്റെ അവസാനമായിരുന്നു ഇത്. ഇത് സൽജൂഖ് സാമ്രാജ്യത്തെ കുഴപ്പത്തിലേക്കും ഭീകരതയിലേക്കും ഉപേക്ഷിച്ചു. അദ്ദേഹത്തെ ഇസ്ഫഹാനിൽ സംസ്കരിച്ച ഇടത്തിൽ നിന്നാണ് ഞാൻ ഈ കഥ പറയുന്നത്. ഏതായാലും നിസാമുൽ മുൽക്കിന്റെ പ്രവർത്തനങ്ങളാൽ ഗതി നിർണയിച്ച സൽജൂഖികളുടെ ഒരു സുവർണ കാലഘട്ടമുണ്ട്. സുൽത്താൻ മലിക് ഷാ എന്ന ഒരു തുർക്ക് അധിപന്റെ സുവർണ ചരിത്രം... ബക്തിയാറൂക്കിന്റെയും മുഹമ്മദ് താപാറിന്റെയും അഹ്‌മദ് സഞ്ചാറിന്റെയും പിതാവിന്റെ കഥ.....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter