അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 181-186) അല്ലാഹു ഫഖീറാണ്, ഞങ്ങൾ സമ്പന്നരും

സമ്പത്തുപയോഗിച്ച് ചെയ്യേണ്ട ത്യാഗത്തെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞുവെച്ചത്. ദേഹം കൊണ്ട് ത്യാഗം ചെയ്യുന്നതുപോലെ സമ്പത്തുകൊണ്ടും ത്യാഗം ചെയ്യണം. പിശുക്കരുത്. അത് മോശം സ്വഭാവമാണ്. പിശുക്കന്മാര്‍ക്ക് പരലോകത്ത് ലഭിക്കുന്ന ശിക്ഷകളെക്കുറിച്ചും പറഞ്ഞു.

 

ഇങ്ങനെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ പറയുന്ന പല ആയത്തുകളും ഇറങ്ങിയപ്പോള്‍, അങ്ങനെ ചെലവഴിക്കുന്നത് അല്ലാഹുവിന് കടം കൊടുക്കലാണ്, ഇരട്ടി പ്രതിഫലം ലഭിക്കുമെന്നെല്ലാം പറഞ്ഞും ആത്തുകളിറങ്ങിയപ്പോള്‍,  യഹൂദികള്‍ പരഹസിക്കാന്‍ തുടങ്ങി.

 

അതിന് മറുപടി പറയുകയാണിനി. യഹൂദികളുടെ ചല ധിക്കാര നടപടികളെക്കുറിച്ചും പറയുന്നുണ്ട്.

 

ദാനധര്‍മങ്ങളെയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെയും പ്രോല്‍സാഹിപ്പിച്ച് مَنْ ذَاالَّذِي يُقْرِضُ الَّله قَرْضًاحَسَناً (അല്ലാഹുവിന്നു നല്ല കടം നല്‍കാന്‍ ആരുണ്ട്?! - 2: 245; 57:11) എന്ന ആയത്ത് അവതരിച്ചപ്പോള്‍, യഹൂദികള്‍ കളിയാക്കിയത്രേ: ‘അങ്ങനെയാണെങ്കില്‍ അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണല്ലോ; ദരിദ്രനായതുകൊണ്ടാണല്ലോ അവന്‍ കടം ചോദിക്കുന്നതും ലാഭം തരാമെന്ന് പറയുന്നതും!’

 

അല്ലാഹുവിന് കടം കൊടുക്കുക എന്നതിന്‍റെ ഉദ്ദേശ്യം, അവനിഷ്ടപ്പെട്ട വഴിയില്‍ ചെലവഴിക്കുക എന്നാണെന്നും, പരലോകത്ത് അത് തിരിച്ചുകിട്ടും എന്ന ഉദ്ദേശ്യത്തിലാണ് ആ പ്രയോഗമെന്നും അവര്‍ക്ക് നന്നായി അറിയാം. എന്നിട്ടും പരിഹസിക്കുകയാണവര്‍.

 

സമ്പത്തിനോടുള്ള അത്യാഗ്രഹമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. അതവരുടെ പാരമ്പര്യവുമാണ്. തുച്ഛമായ വില കിട്ടിയാല്‍ പോലും അല്ലാഹുവിന്‍റെ വചനങ്ങളെ മാറ്റിമറിക്കുന്നവരാണല്ലോ അവര്‍.

 

അല്ലാഹുവിന്‍റെ മറുപടി ഇങ്ങനെയാണ്: അവരുടെ ഈ  പരിഹാസമൊക്കെ അല്ലാഹു കേള്‍ക്കുന്നുണ്ട്. എല്ലാം രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ട്.

 

അല്ലാഹുവിനെക്കുറിച്ച് ഇത്രയും കടുത്ത വാക്കുകള്‍ പറയുക മാത്രമല്ല അവര്‍ ചെയ്തത്. ഒരു ന്യായവുമില്ലാതെ അല്ലാഹുവിന്‍റെ പ്രവാചകന്മാരെ വധിക്കുകപോലുള്ള ക്രൂരകൃത്യങ്ങളും ചെയ്തു. എല്ലാം അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. തക്ക പ്രതിഫലം നല്‍കുക തന്നെ ചെയ്യും.

 

لَقَدْ سَمِعَ اللَّهُ قَوْلَ الَّذِينَ قَالُوا إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ ۘ سَنَكْتُبُ مَا قَالُوا وَقَتْلَهُمُ الْأَنْبِيَاءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا عَذَابَ الْحَرِيقِ(181)

ഞങ്ങള്‍ സമ്പന്നരും അല്ലാഹു ദരിദ്രനുമാണ് എന്നു ജല്‍പിച്ചവരുടെ പ്രസ്താവം അവന്‍ കേള്‍ക്കുക തന്നെ ചെയ്തിരിക്കുന്നു. അവര്‍ ആ ജല്‍പിച്ചതും ന്യായരഹിതമായി പ്രവാചകരെ കൊന്നു കളഞ്ഞതും നാം രേഖപ്പെടുത്തും; കത്തിജ്ജ്വലിക്കുന്ന നരകശിക്ഷ നിങ്ങളാസ്വദിച്ചു കൊള്ളുക എന്നു നാം ഉത്തരവിടുന്നതാണ്.

 

ഈ ആയത്ത് ഇറങ്ങാനുണ്ടായ കാരണം:

 

ഇമാം ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: അബൂബക്ര്‍ സ്വിദ്ദീഖ്(رضي الله عنه) ഒരു ദിവസം ജൂതന്മാരുടെയടുത്തു ചെന്നു. فَنحاص بن عازوراء   എന്ന് പേരുള്ളൊരു പുരോഹിതന്‍റെ ചുറ്റും കൂടിയിരിക്കുകയായിരുന്നു അവര്‍. സ്വിദ്ദീഖ്(رضي الله عنه) ഫന്‍ഹാസ്വിനോട് പറഞ്ഞു: 'നീ അല്ലാഹുവിനെ സൂക്ഷിക്കൂ, ഇസ്‌ലാം മതം സ്വീകരിക്കൂ! മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ ദൂതനാണെന്നും സത്യസന്ധമായ മതവുമായാണ് അവിടന്ന് വന്നിരിക്കുന്നതെന്നും ശരിക്കും നിനക്കറിയാമല്ലോ. തൗറാത്തിലും ഇന്‍ജീലിലുമെല്ലാം തിരുനബി صلى الله عليه وسلم യെ സംബന്ധിച്ച് പ്രസ്താവനകളുള്ളതും നിനക്കറിയാം.'

 

ഇതുകേട്ടപ്പോള്‍ ഫന്‍ഹാസ്വ് പറഞ്ഞത്രേ: അബൂബക്ര്‍, ഞങ്ങള്‍ക്ക് അല്ലാഹുവിനെ ഒരാവശ്യവുമില്ല. അവന് ഞങ്ങളെയാണാവശ്യമുള്ളത്. അവനിങ്ങോട്ട് പലതും അപേക്ഷിക്കുന്നതുപോലെ ഞങ്ങള്‍ ഒന്നും അങ്ങോട്ടപേക്ഷിക്കുന്നില്ലല്ലോ. നിങ്ങളുടെ നേതാവ് (തിരുനബി صلى الله عليه وسلم) പറയുന്നത്, അല്ലാഹു സമ്പത്ത് കടം ചോദിക്കുന്നു എന്നാണല്ലോ. അവന്‍ ഐശ്വര്യവാനാണെങ്കില്‍ കടം ചോദിക്കില്ലായിരുന്നു. പലിശ അരുതെന്ന് നമ്മളോടവന്‍ പറയുന്നു; അവനാകട്ടെ നമുക്ക് പലിശ തരികയും ചെയ്യുന്നു. സമ്പന്നനാണെങ്കില്‍ അവന്‍ നമുക്കത് തരില്ലല്ലോ.

 

സ്വിദ്ദീഖ്(رضي الله عنه) വിന് ദേഷ്യം വന്നു. ഫന്‍ഹാസ്വിനെ അടിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ശത്രൂ, പടച്ചവന്‍ തന്നെ സത്യം, നമുക്കിടയില്‍ സൗഹൃദക്കരാറില്ലായിരുന്നെങ്കില്‍ നിന്‍റെ തല ഞാനെടുക്കുമായിരുന്നു!

 

സ്വിദ്ദീഖ്(رضي الله عنه)വിന്‍റെ അടിയേറ്റ ഫന്‍ഹാസ്വ് തിരുനബി صلى الله عليه وسلم യുടെ സന്നിധിയിലെത്തി പരാതി ബോധിപ്പിച്ചു. അവിടന്ന് ചോദിച്ചു: സ്വിദ്ദീഖേ, നിങ്ങളെന്തിനാണിത് ചെയ്തത്? മഹാനവര്‍കള്‍ കാര്യം വിശദീകരിച്ചു: 'അല്ലാഹുവിന്‍റെ തിരുദൂതരേ, വളരെ ഗുരുതരമായ വര്‍ത്തമാനമാണ് ഈ ശത്രു പറഞ്ഞത്. അല്ലാഹു ദരിദ്രനും ഇവര്‍ ധനികരുമാണെത്രെ. ഇത് കേട്ടപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ എനിക്ക് ദേഷ്യം വരികയും അടിക്കുകയും ചെയ്തു.' പക്ഷേ, ഫന്‍ഹാസ്വ് അതപ്പടി നിഷേധിക്കുകയാണുണ്ടായത്. അന്നേരമാണ്, സ്വിദ്ദീഖ് رضي الله عنه വിനെ ശരിവെച്ചും ഫന്‍ഹാസ്വിനെ നിഷേധിച്ചും ഈ സൂക്തം അവതരിച്ചത് (അസ്ബാബുന്നുസൂല്‍ 76).

 

അടുത്ത ആയത്ത് 182

 ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِلْعَبِيدِ (182)

 

നിങ്ങളുടെ സ്വന്തം കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണത്. അല്ലാഹു തന്‍റെ അടിമകളോട് ഒട്ടുമേ അനീതി ചെയ്യില്ല.

 

നീതി മാത്രമേ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുണ്ടാകൂ. കുറ്റത്തില്‍ കവിഞ്ഞ ശിക്ഷ ആര്‍ക്കും നല്‍കില്ല. അക്രമത്തിന് വിധേയരായവര്‍ക്ക് നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കും. സല്‍കര്‍മകളുടെ പ്രതിഫലത്തിലൊരു കുറവും വരുത്തില്ല. ഓരോരുത്തരുടെയും കഴിവനുസരിച്ചല്ലാതെ ഒന്നും നിര്‍ബന്ധിക്കില്ല... ഇങ്ങനെ പല യാഥാര്‍ത്ഥ്യങ്ങളിലേക്കും വിരല്‍ ചൂണ്ടുകയാണ്وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ എന്ന വാക്യാംശം.

 

അടുത്ത ആയത്ത് 183

 

തിരുനബി صلى الله عليه وسلم യെ നിഷേധിക്കാനും അവിടത്തെ വിശ്വസിക്കാതിരിക്കാനും ജൂതന്മാരുന്നയിച്ച മറ്റൊരു കള്ളവാദത്തെക്കുറിച്ചാണിനി പറയുന്നത്:

 

'ഏത് പ്രവാചകനെ വിശ്വസിക്കണമെങ്കിലും, അദ്ദേഹം ഒരു ബലി നടത്തുകയും, ആകാശത്തുനിന്നൊരു തീ ഇറങ്ങിവന്ന് ആ ബലി തിന്നുകയും ചെയ്യണം. അല്ലാതെ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കല്‍പിച്ചിട്ടിണ്ട്.

അതുകൊണ്ട്, അത്തരമൊരു ബലികര്‍മം നടത്തിയാലല്ലാതെ മുഹമ്മദിനെ വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് നിര്‍വാഹമില്ല.’

 

അവരോടിങ്ങനെ മറുപടി പറയാനാണ് അല്ലാഹു നിര്‍ദ്ദേശിക്കുന്നത്: ശരി, അങ്ങനെയെങ്കില്‍, വ്യക്തമായ പല ദൃഷ്ടാന്തങ്ങളും കാണിച്ചുതന്ന, നിങ്ങള്‍ പറയുന്ന അതേ ബലിദൃഷ്ടാന്തം തന്നെ കാണിച്ചുതന്ന പല ദൂതന്മാരെയും മുമ്പ് നിങ്ങള്‍ നിഷധിച്ചിട്ടുണ്ടല്ലോ, വധിക്കുക പോലും ചെയ്തിട്ടുണ്ടല്ലോ. നിങ്ങളുടെ വാദം ശരിയാണെങ്കില്‍ എന്തിനാണങ്ങനെ ചെയ്തത്?! ഈ വാദം പച്ചക്കള്ളമാണെന്നതിന് നിങ്ങളുടെ ചരിത്രംതന്നെ സാക്ഷിയാണല്ലോ.

 

ഇത്തരം അടിസ്ഥാനരഹിതമായ പലതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകാരണം കഠിനശിക്ഷയുണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നു.

 

الَّذِينَ قَالُوا إِنَّ اللَّهَ عَهِدَ إِلَيْنَا أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ النَّارُ ۗ قُلْ قَدْ جَاءَكُمْ رُسُلٌ مِنْ قَبْلِي بِالْبَيِّنَاتِ وَبِالَّذِي قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِنْ كُنْتُمْ صَادِقِينَ (183)

 

ഒരു ബലിയര്‍പ്പിച്ചു കാണിച്ച് അതിനെ (ആകാശത്തുനിന്നൊരു) അഗ്നി വിഴുങ്ങിയാലല്ലാതെ ഒരു റസൂലിനെയും വിശ്വസിക്കേണ്ട എന്നു അല്ലാഹു ഞങ്ങളോടു കല്‍പിച്ചിട്ടുണ്ടെന്നു തട്ടിവിട്ടവരാണിക്കൂട്ടര്‍. ചോദിക്കുക: ദിവ്യ ദൃഷ്ടാന്തങ്ങളും നിങ്ങളാവശ്യപ്പെട്ടതുമെല്ലാമായി എനിക്കു മുമ്പേ പല ദൂതരും വന്നിരുന്നുവല്ലോ, എന്നിട്ട് നിങ്ങളവരെ വധിച്ചുകളഞ്ഞതെന്തിനാണ്-നിങ്ങള്‍ സത്യവാദികളാണെങ്കില്‍?

 

പ്രവാചകന്മാര്‍ മുഖേന പ്രത്യക്ഷപ്പെടുന്ന ഒരു മുഅ്ജിസത്താണ് ‘ബലി’ കൊണ്ടുള്ള ഉദ്ദേശ്യമെന്നാണ് പ്രമുഖ മുഫസ്സിറുകളെല്ലാം പറയുന്നത്, ആകാശത്തുനിന്നൊരു തീ ഇറങ്ങിവന്ന് ബലിയര്‍പ്പിച്ച സാധനം ഭക്ഷിക്കും.

കാള പോലെയുള്ള മൃഗങ്ങള്‍, അതിന്‍റെ ഏതെങ്കിലും ഭാഗങ്ങള്‍, ധാന്യം മുതലായ ആഹാരവസ്തുക്കള്‍... ഇതെല്ലാം ബലിക്കായി ഉപയോഗിച്ചിരുന്നുവത്രേ.

അടുത്ത ആയത്ത് 184

 

തിരുനബി (صلى الله عليه وسلم) യെ ആശ്വസിപ്പിക്കുകയാണിനി. ജൂതന്മാരുടെ ഇത്തരം വാദങ്ങളെല്ലാം തട്ടിപ്പുമാത്രമാണെന്ന് വ്യക്തമായിട്ടും, പിന്നെയും സത്യം സ്വീകരിക്കാനവര്‍ തയ്യാറാകുന്നില്ലെങ്കില്‍ അങ്ങ് വ്യസനിക്കേണ്ടതില്ല. പല റസൂലുകളും ഇതിനു മുമ്പിങ്ങനെ നിഷേധിക്കപ്പെട്ടിട്ടുണ്ട്.

 

നിഷേധികളും ബഹുദൈവാരാധകരും പ്രവാചകന്മാരെ തള്ളിക്കളഞ്ഞത് ചരിത്രത്തിലുടനീളം കാണാം. അവരാവശ്യപ്പെട്ട ദൃഷ്ടാന്തങ്ങളെല്ലാം കാണിച്ചു കൊടുത്തിട്ടും, കാര്യങ്ങള്‍ വ്യക്തമായി വിവരിക്കുന്ന വേദഗ്രന്ഥങ്ങള്‍ കൊണ്ടുവന്നിട്ടുപോലും സത്യം സ്വീകരിക്കാന്‍ ആ ധിക്കാരികള്‍ തയ്യാറായില്ല.

 

فَإِنْ كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِنْ قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ (184)

 

നബിയേ, അങ്ങയെ അവര്‍ നിഷേധിച്ചുവെങ്കില്‍ സാരമില്ല; സ്പഷ്ടദൃഷ്ടാന്തങ്ങളും ഏടുകളും പ്രകാശക ഗ്രന്ഥവും കൊണ്ട് താങ്കള്‍ക്കു മുമ്പു വന്ന പല ദൂതരും നിഷേധിക്കപ്പെട്ടിട്ടുണ്ട്

 

അടുത്ത ആയത്ത് 185

 

സ്പഷ്ടദൃഷ്ടാന്തങ്ങളുമായി വന്ന ദൂതന്മാരെ നിഷേധിക്കുന്നവര്‍ പണ്ടുകാലം മുതലേ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് തിരുനബി صلى الله عليه وسلم യെ സമാധാനിപ്പിച്ച ശേഷം, എല്ലാവരും മരണപ്പെടുമെന്നും ഇവിടെവെച്ചു ചെയ്തതിന്‍റെയെല്ലാം പ്രതിഫലം പരലോകത്തുവെച്ച് പരിപൂര്‍ണമായി നല്‍കപ്പെടുമെന്നും ഉണര്‍ത്തുകയാണ്.  മുഅ്മിനീങ്ങള്‍ക്ക് ശുഭവാര്‍ത്തയും, അല്ലാത്തവര്‍ക്ക് കനത്ത താക്കീതുമാണിത്.

 

എല്ലാവരും മരണം രുചിക്കേണ്ടിവരും. ആരും അതില്‍നിന്നൊഴിവല്ല.

 

കര്‍മഫലങ്ങള്‍ കണക്കുതീര്‍ത്ത് നല്‍കുന്നത് ഖിയാമത്തുനാളില്‍ മാത്രമാണ്. ഇഹലോകത്തെ സുഖ-ദുഃഖങ്ങള്‍ സല്‍കര്‍മ-ദുഷ്‌കര്‍മങ്ങളുടെ പ്രതിഫലമല്ല.

 

സജ്ജനങ്ങള്‍ക്ക് സ്വര്‍ഗവും ദുര്‍ജനങ്ങള്‍ക്ക് നരകവുമാണ് പരലോകത്ത് ലഭിക്കുക. നരകത്തില്‍ നിന്ന് രക്ഷപ്പെട്ട്, സ്വര്‍ഗപ്രവേശം ലഭിക്കുന്നതില്‍ പരം സൗഭാഗ്യം മറ്റൊന്നില്ല. നരകമാണ് ലഭിക്കുന്നതെങ്കില്‍ അതില്‍പരം ദൗര്‍ഭാഗ്യവും വേറെയില്ല.

 

 

ഇഹലോക ജീവിതത്തിലെ സുഖ-ദുഃഖങ്ങള്‍ യഥാര്‍ത്ഥ ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ മാനദണ്ഡങ്ങളല്ല. ഐഹിക ജീവിതം മുഴുവന്‍ കൃത്രിമ വിഭവങ്ങളാണ്. ഒന്നും ശാശ്വതമല്ല. നല്ലതെന്ന് തോന്നുന്ന പലതും യഥാര്‍ത്ഥത്തില്‍ ദോഷകരമായിരിക്കും. മറിച്ചുമുണ്ടാകും. അതുകൊണ്ട്, ഭൗതികതയുടെ വഞ്ചനയില്‍ കുടുങ്ങി നരകം വിലക്കുവാങ്ങുകയും സ്വര്‍ഗം നഷ്ടപ്പെടുത്തുകയും ചെയ്യരുത്.

 

 كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (185)

ഏതൊരു ശരീരവും മരണം രുചി നോക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്കു കൂലി പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. ആരൊരാള്‍ അന്നു നരകത്തില്‍ നിന്നു ദൂരീകരിക്കപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവോ, അവന്‍ വിജയിക്കുക തന്നെ ചെയ്തു. കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമത്രേ ഭൗതികജീവിതം!

 

മരിക്കേണ്ടിവരുമെന്ന് നമുക്കൊക്കെ ഉറപ്പാണ്. എന്നിട്ട് നമ്മളൊരുങ്ങിയിട്ടുണ്ടോ? ഉണ്ടെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ കഴിയുമോ?

ജനിക്കുക തന്നെ വേണമെന്നില്ലല്ലോ മരിക്കാന്‍. ജനിക്കുന്നതിനു മുമ്പു തന്നെ മരണപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുന്നതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് അതാണ്. റൂഹ് ഊതിക്കഴിഞ്ഞാല്‍ പിന്നെ എപ്പോഴും അതാവാം. ചിലര്‍ ഗര്‍ഭത്തില്‍ തന്നെ, ചിലര്‍ പുറത്തു വന്ന ഉടനെ, ചിലര്‍ രണ്ട് മാസം, രണ്ട് വര്‍ഷം, മുപ്പത്, അറുപത്...

 

മരണത്തെക്കുറിച്ച് പ്രത്യേകിച്ചൊരു പേടിയൊന്നും നമുക്കില്ല. ഉണ്ടോ? ഉണ്ടെങ്കില്‍ ഇന്ന് കാണുന്നതുപോലെയാകില്ലല്ലോ നമ്മളും നമ്മുടെ സമുദായവും?!

മരണങ്ങളും മരണാനന്തര കര്‍മങ്ങളുമൊക്കെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന നമ്മള്‍ ഉണരേണ്ട സമയം അതിക്രമിച്ചിട്ടില്ലേ? എന്തേ, മുന്നിറിയിപ്പ് തന്നുകൂടായിരുന്നോ എന്ന് ചോദിക്കാന്‍ വകുപ്പുണ്ടോ? അപ്പുറവും ഇപ്പുറവുമുള്ള മരണങ്ങള്‍ മുന്നറിയിപ്പല്ലേ? മരണത്തേക്കാള്‍ നല്ല ഉപദേശകന്‍ വേറെയുണ്ടോ?!

നമ്മെ കുളിപ്പിക്കാനുള്ള വെള്ളം റെഡിയാണ്. കഫന്‍ അടുത്ത കടയില്‍ റെഡിയാണ്. കട്ടില്‍ ചുമക്കാനും മണ്ണ് വാരിയിടാനുമുള്ള ആളുകളും റെഡിയാണ്!

പ്രവാചകരും സച്ചരിതരായ മുന്‍ഗാമികളൊക്കെ ഭയപ്പാടോടെ മരണം കാത്തിരുന്നവരാണ്. 

പെട്ടെന്നല്ലേ മരണം വരിക. എവിടന്നാണെന്നോ എങ്ങനെയാണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല. റൂഹ് പിടിക്കാന്‍ നിശ്ചയിച്ച സ്ഥലത്തേക്ക് നമ്മളെ കൊണ്ടെത്തിക്കും അല്ലാഹു. കുറച്ച് സമയം തരൂ, നന്നാകാം എന്ന് കെഞ്ചിയാല്‍, അനുവദിക്കപ്പെടുമോ?
മരിക്കുന്നത് പലര്‍ക്കും പേടിയൊക്കെയുണ്ട്. പക്ഷേ, സ്വന്തത്തെക്കുറിച്ചോര്‍ത്തല്ല; കുട്ടികളെക്കുറിച്ചോര്‍ത്ത്. ഞാന്‍ മരിച്ചാല്‍ എന്‍റെ മക്കളെന്ത് ചെയ്യും?

നമ്മളെന്ത് ചെയ്യുമെന്നാലോചിച്ചല്ലേ പേടിക്കേണ്ടത്. അതുകൊണ്ടല്ലേ കാര്യമുള്ളൂ. എനിക്കൊരു ആദ്യരാത്രി വരാനുണ്ടല്ലോ. ഖബ്റില്‍. അവിടെ ഞാന്‍ മാത്രമേ ഉണ്ടാകൂ. ഇവിടെ കൂടെയുള്ളവരൊന്നും വരില്ല. ആരും ഓണ്‍ലൈനിലുണ്ടാകില്ല. മേസേജുകളില്ല, കോളില്ല...!

മരണത്തെക്കുറിച്ച് നല്ലവണ്ണം ആലോചിച്ചുകൊണ്ടിരുന്നാല്‍ പിന്നെ മരിക്കാന്‍ എളുപ്പമായിരിക്കും. നിരന്തരം മരണം ആലോചിക്കുന്നവനാണ് വലിയ ബുദ്ധിമാനെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞത് അതുകൊണ്ടാണ്.

മരണമാലോചിച്ചാല്‍ സ്വയം സംസ്കൃതരാകും. മരിച്ചുപോകണമല്ലോ എന്നോര്‍ത്താല്‍ സ്വയം നന്നാകുമല്ലോ. പടച്ചവനോടൊരു നാണവും തോന്നും. തെറ്റുകള്‍ ചെയ്യാന്‍ കഴിയില്ല.

നമ്മള്‍ തിരിച്ചാണ് അല്ലേ... മരിക്കുന്ന വര്‍ത്തമാനം പറയുമ്പോഴേക്ക്  ഏയ്, അങ്ങനയൊന്നും പറയല്ലേ.. അതോര്‍ക്കാന്‍ കൂടി സമ്മതിക്കുന്നില്ല.

 

നല്ല ഖാതിമതിന് വേണ്ടി ദുആ ചെയ്തുകൊണ്ടേയിരിക്കണം. അല്ലാഹു സഹായിക്കട്ടെ-ആമീന്‍.

മരണപ്പെട്ടുപോയവര്‍ക്കുവേണ്ടി നമ്മള്‍ ദുആ ചെയ്യണം; അവരുടെ പരലോക വിജയത്തിനു വേണ്ടി. നമ്മുടെ ഒരു ദുആ, ഫാതിഹ, സലാം കാത്തിരിക്കുന്നവരാണവര്‍.

 

അടുത്ത ആയത്ത് 186

 

പരലോകത്ത് സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലവും സ്വര്‍ഗവും ലഭിക്കുമെന്ന് പറഞ്ഞല്ലോ. അവരോട് അല്ലാഹുവിന് വലിയ ഇഷ്ടവുമാണ്.  എന്നുവച്ച് ഇഹലോകത്ത് അവര്‍ക്ക് വിഷമങ്ങളൊന്നും അനുഭവിക്കേണ്ടിവരികയില്ലെന്ന് കരുതരുത്.

 

സ്വന്തം ദേഹങ്ങളിലും സ്വത്തുക്കളിലുമെല്ലാം പല പരീക്ഷണങ്ങള്‍ക്കുമവര്‍ വിധേയരാകുകതന്നെ ചെയ്തേക്കാം. വേദക്കാരില്‍ നിന്നും മറ്റു അവിശ്വാസീ വിഭാഗങ്ങളിലും നിന്നും പലതരം ഉപദ്രവവങ്ങളും നേരിടേണ്ടിവരാം. പരിഹാസങ്ങളും കുത്തുവാക്കുകളും കേള്‍ക്കേണ്ടിവരാം. അതെല്ലാം ക്ഷമിക്കുകയും അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ സൂക്ഷ്മത പാലിച്ച് ജീവിക്കുകയുമാണവര്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് നിസ്സാര കാര്യമല്ല; നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനം തന്നൊണ്.

 

لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنْفُسِكُمْ وَلَتَسْمَعُنَّ مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَمِنَ الَّذِينَ أَشْرَكُوا أَذًى كَثِيرًا ۚ وَإِنْ تَصْبِرُوا وَتَتَّقُوا فَإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ (186)

 

നിങ്ങള്‍ സ്വശരീരങ്ങളിലും സമ്പത്തുക്കളിലും പരീക്ഷിക്കപ്പെടുന്നതും നേരത്തെ വേദം നല്‍കപ്പെട്ടവരിലും ബഹുദൈവവിശ്വാസികളിലും നിന്ന് ഒട്ടേറെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നതുമാണ്. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മതപുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അതു നിശ്ചയ ദാര്‍ഢ്യത്തിന്‍റെ കാര്യങ്ങളില്‍ പെട്ടതു തന്നെയാകുന്നു.

 

മഴയുടെ ക്ഷാമം, വെള്ളപ്പൊക്കം, വിളനാശം, ഉല്‍പാദനക്കുറവ്, വരവില്‍ കവിഞ്ഞ ചെലവ്, വ്യാപാരനഷ്ടം തുടങ്ങിയവയെല്ലാം സ്വത്തുക്കളില്‍ നേരിടുന്ന പരീക്ഷണങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

 

യുദ്ധം, ആക്രമണം, രോഗം, അറസ്റ്റ്, മരണം, മുറിവ്, ഭയം, സങ്കടം പോലെയുള്ളവ ദേഹങ്ങളിലുള്ള പരീക്ഷണങ്ങളാണ്.

 

വേദക്കാരുടെയും മുശ്‌രിക്കുകളുടെയും ഭാഗത്തു നിന്ന് പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരികയെന്നത് പലതരത്തിലുമാവാം. വിശുദ്ധ ഇസ്‌ലാമിനെയോ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയോ മുസ്‌ലിംകളെയോ വിശുദ്ധ ഖുര്‍ആനെയോ മതചിഹ്നങ്ങളെയോ ധാര്‍മിക മൂല്യങ്ങളെയോ ശരീഅത്ത് നിയമങ്ങളെയോ ബാധിക്കുന്ന എല്ലാതരം ആക്ഷേപങ്ങളും പരിഹാസങ്ങളും ഭീഷണികളും കുപ്രചാരണങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടും.

 

ഇത്തരം ഏത് പ്രതികൂല സാഹചര്യങ്ങളിലും അല്ലാഹുവില്‍ ഭരമേല്‍പിച്ച് ക്ഷമയും സൂക്ഷ്മതയും പാലിച്ച് മുന്നോട്ടുപോവുകയാണ് ചെയ്യേണ്ടത്. പരീക്ഷണങ്ങള്‍ക്ക് വിധേയരാവാതെ വിജയവും സ്വര്‍ഗവുമൊന്നും ലഭിക്കുകയില്ലെന്ന് തൊട്ടുമുമ്പ് അല്ലാഹു വ്യക്തമാക്കിയതാണല്ലോ. പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്തുമാത്രമാണ്, ഏതൊരു ജനപഥത്തിനും ഇവിടെ അതിജീവനം സാധ്യമായത്. ചരിത്രമതിന് സാക്ഷിയാണ്.

 

നമ്മള്‍ ശ്രദ്ധിക്കണം - പ്രയാസങ്ങള്‍ വരുമ്പോള്‍ ബേജാറാകണമെന്നല്ല പറഞ്ഞത്; പരിഭവം പറഞ്ഞുനടക്കണമെന്നുമല്ല.  നന്നായി ക്ഷമിക്കുകയും മുത്തഖീങ്ങളാവുകയും ചെയ്യണമെന്നാണ് പറഞ്ഞത്.

 

വെറുതെ ക്ഷമിക്കേണ്ട, റബ്ബ് നല്ല കൂലി തരും. റബ്ബിനത് വലിയ ഇഷ്ടവുമാണ്. ഇഷ്ടമുള്ളവരെ അവന്‍ കുടുതല്‍ പരീക്ഷിക്കുമെന്നല്ലേ. അമ്പിയാക്കള്‍ക്കല്ലേ വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നത്. അവര്‍ പതറുകയോ വേവലാതിപ്പെടുകയോ അല്ലല്ലോ ചെയ്തത്. ആ പാത അനുധാവനം ചെയ്യാന്‍ അല്ലാഹു നമ്മെയും സഹായിക്കട്ടെ-ആമീന്‍.

------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter