അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 49-57) പശുക്കുട്ടി, മന്ന്-സല്‍വാ
ഇനിയുള്ള ആയത്തുകളില്‍, തിരുനബി صلى الله عليه وسلم യുടെ കാലത്ത് മദീനയിലുണ്ടായിരുന്ന യഹൂദികളുടെ മുന്‍തലമുറകള്‍ അനുഭവിച്ച, പിന്തലമുറക്കാരായ ഇവര്‍ അഭിമാനപൂര്‍വ്വം പറഞ്ഞുകൊണ്ടിരുന്ന ചില പ്രധാന അനുഗ്രഹങ്ങള്‍ അല്ലാഹു അവരെ ഓര്‍മപ്പെടുത്തുകയാണ്. 49 ലും ശേഷമുള്ള ചില ആയത്തുകളിലും ആ അനുഗ്രഹ സംഭവങ്ങള്‍ ചുരുക്കി, കൂടുതല്‍ വിശദീകരിക്കാതെ എണ്ണിപ്പറഞ്ഞുപോകുകയാണ്.
ഇങ്ങനെ ചുരുക്കിപ്പറയാന്‍ കാരണം, ഈ സംഭവങ്ങളെക്കുറിച്ചൊക്കെ, മദീനയില്‍ അന്നുണ്ടായിരുന്ന വേദക്കാര്‍ക്ക് അറിയാമായിരുന്നു, അവരുടെയടുത്തുള്ള ഗ്രന്ഥങ്ങളിലും അതുണ്ടായിരുന്നു.
ഇത്തരം ചില സംഭവങ്ങള്‍ അഅ്റാഫ്, ത്വാഹാ, ഖസ്വസ്വ് മുതലായ ചില സൂറത്തുകളില്‍ കുറച്ചുകൂടി വിശദീകരിച്ചിട്ടുമുണ്ട്.
ഈ സൂറയില്‍ (സൂറതുല്‍ ബഖറയില്‍) തുടര്‍ച്ചയായി 10 അനുഗ്രഹങ്ങള്‍ പറഞ്ഞതു കാണാം. അതാണിനി നമ്മള് പഠിക്കാന്‍ പോകുന്നത്. ഈ പത്ത് അനുഗ്രഹങ്ങള്‍ ഇമാം റാസി (رحمه الله) കൃത്യമായി എണ്ണിപ്പറഞ്ഞതിങ്ങനെയാണ്:
- ഫിര്‍ഔന്റെയും ആളുകളുടെയും പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി (അല്‍ബഖറ 49).
- സമുദ്രം പിളര്‍ത്തി മറുകരയിലേക്ക് രക്ഷപ്പെടുത്തി (50).
- മൂസാ(അ) തൗറാത്ത് വാങ്ങാന്‍ പോയപ്പോള്‍ അവര്‍ ചെയ്ത അപരാധത്തിന് അല്ലാഹു മാപ്പ് നല്കി (51,52).
- തൗറാത്തും ശരീഅത്തും നല്കി മാര്‍ഗദര്‍ശനം നല്കി (53).
- പശുക്കുട്ടിയെ ആരാധിച്ചവര്ക്കുപോലും തൗബ സ്വീകരിച്ച് മാപ്പ് നല്കി.
- വിശ്വസിക്കാന്‍ പറ്റും വിധം ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ടും അല്ലാഹുവിനെ നേരിട്ട് കാണണമെന്നു പറഞ്ഞ് ശിക്ഷ വാങ്ങിയവരെ പുനര്ജീവിപ്പിച്ചു (55,56).
- മരുഭൂയില്‍ അലയുന്ന കാലത്ത് മേഘത്തണലും മന്നും സല്‍വയും നല്കി (57).
- സംഭവിച്ചുപോയ തെറ്റുകളുടെയും അനുസരണക്കേടിന്റെയും പാപഭാരത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിശുദ്ധ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ നല്കി (58,59).
- മൂസാ(അ) പാറയില്‍ അടിച്ചപ്പോള്‍ 12 ജലധാരകള്‍ ഒഴുക്കിക്കൊടുത്തു (60).
- അവരുടെതന്നെ നന്മക്കു വേണ്ടി അവരില്‍ നിന്ന് കരാര്‍ വാങ്ങി അനുഗ്രഹിച്ചു (63).
പക്ഷേ, ഇത്തരം അനുഗ്രഹങ്ങള്‍ അവര്‍ വേണ്ടതുപോലെ പരിഗണിച്ചില്ല. അതുകൊണ്ടുതന്നെ വലിയ ശിക്ഷകള്‍ക്ക് വിധേയരാകേണ്ടിയും വന്നു.
നേരത്തെ പറഞ്ഞ 10 അനുഗ്രഹങ്ങളെപ്പോലെത്തന്നെ, അവരുടെ 10 ദുര്‍വൃത്തികളും എണ്ണിപ്പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ ബഖറയില്‍ പറഞ്ഞ ഈ 10 കാര്യങ്ങള്‍ ക്രമമായി പണ്ഡിതര്‍ എണ്ണിപ്പറഞ്ഞത് ഇങ്ങനെയാണ് (അത്തസ്നീല് ലി ഉലൂമിത്തന്സീല്):
- തൌറാത്ത് വാങ്ങാന്‍ മൂസാ നബി عليه السلامത്വൂരിസീനയില് പോയസമയത്ത് പശുക്കുട്ടിയെ ആരാധിച്ചു (അല്‍ബഖറ 54).
- മുസാ(عليه السلام) അല്ലാഹുവുമായി നടത്തിയ മുനാജാത്തിന്റെ ശബ്ദം കേട്ടിട്ടും അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണണമെന്ന് വാശിപിടിച്ചു (55).
- പാപമോചനം ലഭിക്കാന്‍ അവരോട് പറയാന്‍ നിര്‍ദേശിച്ചിരുന്ന പദമായിരുന്നു “ഹിത്ത്വതുന്‍’. അതിനു പകരം ഹിന്ത്വതുന് (ഗോതമ്പ് വേണം) എന്നാണ് പറഞ്ഞത് (59).
- മന്നും സല്‍വയും നല്‍കിയിട്ടും പോരെന്നു പറഞ്ഞു (61).
- അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിരന്തരം അനുഭവിക്കുകയും കാണുകയും ചെയ്തിട്ടും നിഷേധിച്ചു (61).
- പ്രവാചകന്മാരെ കൊന്നുകളഞ്ഞു (61).
- അവരെ കുഴക്കിയ ഒരു പ്രശ്നത്തിന് പരിഹാരം നല്കിയപ്പോള്, അതില്‍ മതിമറന്ന് ഹൃദയകാഠിന്യം സംഭവിച്ച് പാറയെക്കാളും പരുക്കന്‍ ഹൃദയമുള്ളവരായി മാറി (74).
- അല്ലാഹു അവരോട് ചെയ്ത കരാര്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും പിന്നീട് പിന്തിരിഞ്ഞു (64).
- സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും തൗറാത്തും മതനിയമങ്ങളും കേള്‍ക്കുകയും പിന്നീടത് തിരുത്തുകയും മാറ്റിമറിക്കുകയും ചെയ്തു (75).
- തൗറാത്തും ശരീഅത്തും സ്വീകരിക്കുമെന്ന് കരാര്‍ ചെയ്തതിനു ശേഷം “ഞങ്ങള്‍ കേള്‍ക്കുന്നു, ധിക്കരിക്കുന്നു എന്ന് പറഞ്ഞു (93).
തിരുനബി صلى الله عليه وسلمയുമായി ബന്ധപ്പെട്ട് മറ്റുചില വേണ്ടാത്തരങ്ങള്‍ കൂടി അവര്‍ ചെയ്തിരുന്നു:
പൂര്‍വികര്‍ ചെയ്തതുപോലെ തൗറാത്തില്‍ നബി(صلى الله عليه وسلم)യെ കുറിച്ചുള്ള വിശേഷണങ്ങള്‍ മാറ്റിത്തിരുത്തി. തിരുനബി صلى الله عليه وسلم യെ വിശ്വസിക്കാതിരിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്തത്. (അല്‍ബഖറ/75).
സത്യവിശ്വാസികളെ കാണുമ്പോള്‍ ഞങ്ങള്‍ വിശ്വാസികളാണെന്ന് പറയും. പക്ഷേ, അവരുടെ നേതാക്കള്‍ അവരെ തടയുമ്പോള്‍ ഞങ്ങളവരെ പരിഹസിച്ചതാണെന്ന് പറയും (76,77).
(പശുക്കുട്ടിയെ ആരാധിച്ച) ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ നരക ശിക്ഷയുള്ളൂ എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു (80). ഞങ്ങള്‍ അല്ലാഹുവിന്റെ സന്താനങ്ങളും ഇഷ്ടക്കാരുമാണെന്ന് വീമ്പിളക്കി.
ബിംബങ്ങളെയും അതിന്റെ വക്താക്കളെയും വണങ്ങി (4/151).
അല്ലാഹു ദരിദ്രനാണെന്ന് പറഞ്ഞു (3/181). അല്ലാഹു ദാനം ചെയ്യാത്തവനാണ് എന്നും പറഞ്ഞു (അല്‍മാഇദ/64).
ഇബ്റാഹിം നബി(عليه السلام) ജൂതനാണെന്ന് പറഞ്ഞു. സത്യത്തില്‍, ഇബ്റാഹിം നബി(عليه السلام)ന് ശേഷമാണ് തൗറാത്തും ഇഞ്ചീലുമെല്ലാം അവതരിക്കുന്നത് (3/6567).
മദീനയില്‍ വെച്ച് ഖിബ്ല മാറ്റമുണ്ടായപ്പോള്‍ മുസ്ലിംകള്ക്കിടയില് കുപ്രചാരണവും ആശയക്കുഴപ്പവുമുണ്ടാക്കി. ബൈതുല്‍ മുഖദ്ദസ് തന്നെ ഖിബ്ല ആക്കിയാല്‍ വിശ്വസിക്കാമെന്ന് കള്ള വാഗ്ദാനം ചെയ്തു.
ആരാധനാ ദിവസമായി മാത്രം നിശ്ചയിച്ച ശനിയാഴ്ച, മത്സ്യബന്ധനം പാടില്ലെന്ന് പറഞ്ഞ ആ ദിവസം തന്നെ മത്സ്യബന്ധനം നടത്തി (60).
വ്യത്യസ്ത ശിക്ഷാ നടപടികളും അവര്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഖുര്‍ആന്‍ വിവരിച്ച അത്തരം 10 നടപടികള്‍ പണ്ഡിതര്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്:
നിന്ദ്യരായി ജീവിക്കേണ്ടി വന്നു. ഗതികേട് പിടികൂടി. കടുത്ത ദൈവകോപത്തിനിരയായി. കപ്പം കൊടുക്കേണ്ടിവന്നു. കൊലപാതക ശിക്ഷ വിധിക്കപ്പെട്ടു. കുരങ്ങുകളാക്കി മാറ്റി. ആകാശത്തുനിന്ന് ശിക്ഷയിറങ്ങി. ഇടിത്തീ പിടികൂടി. ഹൃദയകാഠിന്യമുണ്ടായി. അവര്‍ക്ക് അനുവദനീയമായിരുന്ന പലതും നിഷിദ്ധമാക്കി.
ഓരോ ശിക്ഷക്കും വ്യത്യസ്ത പശ്ചാത്തലങ്ങളുണ്ടായിരുന്നു. വേറെയും പല വിധം ശിക്ഷകളും പരീക്ഷണങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.
മരുഭൂമിയില്‍ 40 വര്‍ഷക്കാലം വട്ടംകറങ്ങി.
വെട്ടുകിളി, തവള, രക്തം, പേന്‍ തുടങ്ങിയവയുടെ ശല്യം കാരണം ജീവിക്കാനും വെള്ളം കുടിക്കാനും കഴിയാതായി. അവരുടെ ധിക്കാരത്തിനും അനുസരണക്കേടിനും അര്‍ഹിച്ച ശിക്ഷകള്‍ തന്നെയാണിതെല്ലാം.
പല തരത്തിലുള്ള ചതിപ്രയോഗവും ദുഷ്പ്രചാരണവും നടത്തിയതുകാരണം, തിരുനബി(صلى الله عليه وسلم)യുടെ കാലത്തുണ്ടായിരുന്ന ജൂതര്‍ക്കും ചില കടുത്ത ശിക്ഷകള്‍ ഏല്ക്കേണ്ടിവന്നിട്ടുണ്ട്. ചിലരെ നാടുകടത്തി. പലരെയും വധിച്ചു. ചിലരില്‍ നിന്ന് പിഴ ഈടാക്കി.
നബി(صلى الله عليه وسلم)യുടെ കാലശേഷം ഈ വേണ്ടാത്തരങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കുകയാണവര് ചെയ്തത്. ഉമര്‍(رضي الله عنه)നെ വധിച്ചു. ഉസ്മാന്(رضي الله عنه)ന്റെ വധത്തിന് ശേഷം കലാപത്തീ ആളിക്കത്തിച്ചു. അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന് നടത്തിയ കുതന്ത്രങ്ങളും ശല്യങ്ങളും നിരവധിയാണ്. വിവിധ രൂപങ്ങളില്‍ അതെല്ലാമവര്‍ ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ചതിപ്രയോഗങ്ങളിലൂടെയും കുതന്ത്രങ്ങള്‍ മെനഞ്ഞും അധികാരത്തില്‍ കയറിപ്പറ്റി, എല്ലാം തങ്ങള്‍ക്കനുകൂലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ് വരുടെ രീതി. ചരിത്രമതിന് സാക്ഷിയാണ്.
മതചിഹ്നങ്ങളോട് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഏതുകാര്യങ്ങള്‍ക്കും ഇവര്‍ മുന്നിലുണ്ടാകും. മുസ്ലിംകളെ സത്യവിശ്വാസത്തിന്റെയും ഇസ്ലാമിക സംസ്കാരത്തിന്റെയും പുറത്തു ചാടിക്കാന്‍ വിവിധ പദ്ധതികളുമായി ലോകവ്യാപകമായി ഇന്നും അവര്‍ പണിയെടുത്തുകൊണ്ടിരിക്കുകയാണ്.
ഇവരെ ശരിക്ക് മനസ്സിലാക്കണമെന്നും കരുതിയിരിക്കണമെന്നുമാണ് ഈ ആയത്തുകളിലൂടെ അല്ലാഹു നമ്മളോട് പറയുന്നത്. അവരുടെ വലയില്‍ പെട്ട് നമ്മളൊരിക്കലും ദീനിന്റെ വഴിയില്‍ നിന്നോ അഹ്ലുസ്സുന്നത്തി വല്‍ജമാഅയുടെ വഴിയില്‍ നിന്നോ മാറരുത്.
ഇപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സത്യവിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിക്കുമേല്‍ അവകാശവാദമുന്നയിച്ച് സമാനതകളില്ലാത്ത നരനായാട്ട് നടത്തുകയാണവര്‍. ലവലേശം ദയയില്ലാത്ത വെറും മനുഷ്യ രൂപങ്ങളാണിവരെന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്. അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയും പ്രവാചകന്മാരെ വധിക്കുകയും കരാര്‍ ലംഘനം പതിവാക്കുകയും ചെയ്ത അവരില്‍ നിന്ന് എന്ത് മാന്യത പ്രതീക്ഷിക്കാനാണ്?!
ഏതായാലും ഓരോന്നും ആയത്തുകളുടെ വെളിച്ചത്തില്‍ നമുക്ക് പഠിക്കാം, إن شاء الله:
ആയത്ത് 49
وَإِذْ نَجَّيْنَاكُمْ مِنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ وَفِي ذَلِكُمْ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ (49)
നിങ്ങളുടെ ആണ്മക്കളെ അറുകൊല ചെയ്തും പെണ്മക്കളെ ജീവനോടെ വിട്ടും നിങ്ങളെ കഠിന ശിക്ഷക്ക് വിധേയരാക്കിക്കൊണ്ടിരുന്ന ഫിര്‍ഔനിന്റെ കൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (നിങ്ങള്‍ ഓര്‍ക്കുക). നിങ്ങളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള കടുത്ത പരീക്ഷണമായിരുന്നു അത്.
ഇസ്രാഈല്യര്‍ക്ക് ഈജിപ്തില്‍ വെച്ചുണ്ടായ അനുഭവങ്ങളാണിവിടെ സൂചിപ്പിക്കുന്നത്. യൂസുഫ് നബി(عليه السلام)ന്റെ കാലത്താണ് തന്റെ പിതാവായ യഅ്ഖൂബ് നബിയും മക്കളും ഈജിപ്തില്‍ ചെന്ന് താമസമുറപ്പിച്ചത്.
സൂറത്ത് യൂസുഫില്‍ ഈ വിഷയം പറയുന്നുണ്ട്. യൂസുഫ് നബി (عليه السلام) ഈജിപ്തിലെ ധനകാര്യമേധാവിയായിരുന്നപ്പോള് തന്റെ പിതാവും- ഇസ്റാഈല്‍ എന്ന യഅ്ഖൂബ് നബി (عليه السلام)യും – സഹോദരന്മാരും ഈജിപ്തില്‍ചെന്ന് താമസമായി. ഏറെക്കുറെ 400 വര്‍ഷമായപ്പോഴേക്കും ആ കുടുംബം വലിയ ഒരു ജനതയായി മാറി.
ജനസംഖ്യാപരമായും മറ്റു സാംസ്കാരിക മേഖലയിലുമുള്ള ഇവരുടെ ഈ വളര്‍ച്ച ഈജിപ്തിലെ പഴയ വംശജരായ ഖിബ്ഥി (കൊപ്തി)കള്‍ക്ക് സഹിക്കാതായി. അവരായിരുന്നല്ലോ അന്ന് അവിടത്തെ അധികാരികള്‍.
അവരെ ഇങ്ങനെ വിട്ടാല്‍ ക്രമേണ ഖിബ്ഥികളുടെ പേരിനും പ്രശസ്തിക്കും കോട്ടം തട്ടുമെന്നും, രാജ്യഭരണം തന്നെ നഷ്ടപ്പെട്ടേക്കുമെന്നും അവര്‍ കരുതി. അങ്ങനെയാണവര്‍ ബനൂഇസ്റാഈലിനു നേരെ അക്രമവും മര്‍ദ്ദനവും അഴിച്ചുവിടാന്‍ തുടങ്ങിയത്. കഠിനമായി ജോലി ചെയ്യിച്ചു. അടിമകളാക്കി, തികച്ചും മൃഗങ്ങളോടെന്ന പോലെ പെരുമാറി. മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു.
ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ പീഡനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബഗ്വി(رحمه الله) ഉദ്ധരിക്കുന്നു: “വ്യത്യസ്ത ടീമുകളായി ഫിര്‍ഔനിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവന്നു അവര്‍ക്ക്. നല്ല ശക്തന്മാര് കല്ലുകളില്‍ നിന്നും തൂണുകള്‍ കൊത്തിയുണ്ടാക്കും. കൊത്തിയെടുത്തവ നിര്‍ദിഷ്ട സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യും. കഠിന ജോലി കാരണം ഇവരുടെ കൈകളും പിരടികളും പുറംഭാഗങ്ങളും വൃണമായി മാറിയിരുന്നു.
കൊട്ടാരം നിര്‍മിക്കുന്നവര്‍, കല്ല് കൊത്തുകയും വെട്ടിയെടുക്കുകയും ചെയ്യുന്നവര്‍, ഇഷ്ടിക ചുട്ടെടുക്കുന്നവര്‍, മരപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര് ഇങ്ങനെ പല വിഭാഗങ്ങളുണ്ടായിരുന്നു. സ്ത്രീകളെയും പണിയെടുപ്പിച്ചു. നൂല് പിരിച്ചുണ്ടാക്കി വസ്ത്രം നിര്‍മിക്കുകയായിരുന്നു അവരുടെ ജോലി.
വലിയ സംഖ്യ നികുതിയായി ഭരണകൂടത്തിന് അടക്കുകയും ചെയ്യണമായിരുന്നു. അതാതു ദിവസത്തെ നികുതി അന്ന് സൂര്യാസ്തമയത്തിനു മുമ്പ് അടച്ചില്ലെങ്കില്‍, അയാളുടെ വലതുകൈ ഒരു മാസക്കാലം പിരടിയിലേക്ക് വലിച്ചു ബന്ധിക്കും. (തഫ്സീറുല്‍ ബഗ്വി)
പഴയ കാലത്തെ ഈജിപ്തിലെ ഭരണാധികാരികള്‍ ഫിര്ഔന് (ഫറോവാ) എന്ന സ്ഥാനപേരിലാണ് അറിയപ്പെട്ടിരുന്നത്. പല പ്രദേശങ്ങളിലെയും ഭരണാധികള്‍ക്ക് ഇങ്ങനെ സ്ഥാനപേരുണ്ടായിരുന്നല്ലോ. അബ്സീനിയ രാജാക്കള്‍ക്ക് 'നജാശി', പേര്‍ഷ്യന്‍ രാജാക്കള്‍ക്ക് 'കിസ്റാ',
റോം രാജാക്കള്‍ക്ക് 'ഖൈസര്‍', യമന്‍ രാജാക്കള്‍ക്ക് 'തുബ്ബഅ്' എന്നെല്ലാം പേരുകളുണ്ടായിരുന്നതുപോലെ.
മൂസാ നബി(عليه السلام)ന്റെ കാലത്തുണ്ടായിരുന്ന ഫിര്‍ഔനിന്റെ പേര് അല്‍വലീദുബ്നു മുസ്വ്അബിബ്നു റയ്യാന്‍ എന്നായിരുന്നുവത്രേ. അവന് പൂര്‍വികമായി പേര്‍ഷ്യക്കാരനാണ്. (റംസീസ് രണ്ടാമന്). ഇവിടെ വേറെയും അഭിപ്രായങ്ങളുണ്ട്.
ഇദ്ദേഹത്തിന് ഇസ്റാഈല്യരോട് കടുത്ത വിരോധമായിരുന്നു. അതിക്രമങ്ങള്‍ അതിരുകടന്നു. അതിനൊരു പ്രത്യേക കാരണവുമുണ്ട്. ഇയാള്‍ ഒരു സ്വപ്നം കണ്ടതായിരുന്നു കാരണം:
ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഒരു തീജ്ജ്വാല പുറപ്പെടുന്നു. ആ തീ ഫിര്‍ഔനിന്റെ കൂട്ടക്കാരായ ഖിബ്ഥികളുടെ എല്ലാ വീടുകളിലേക്കും കടന്നുചെന്നു, അതേസമയം ഇസ്രാഈല്യരുടെ വീടുകളിലേക്ക് കയറിയതുമില്ല. ഈ സ്വപ്നം അയാളെ വല്ലാതെ പേടിപ്പെടുത്തി.
ഇസ്രാഈല്യരില്‍ ജനിക്കുന്ന ഒരാള്‍ തന്റെ സിംഹാസനവും രാജാധികാരവും നശിപ്പിക്കുമെന്നാണ് ഈ സ്വപ്നത്തിന്റെ വ്യാഖ്യാനമെന്ന് ഒരു ജോത്സ്യന് ഫിര്‍ഔനിനോട് പറയുകയും ചെയ്തു. പിന്നെ പറയണോ കഥ! ആകെ ഹാലിളകി, അതിക്രൂരമായ ഉത്തരവുകളിറക്കി.
يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ
ഇസ്റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ ഉടനെ കൊല്ലാനും, പെണ്‍കുഞ്ഞുങ്ങളെ ഒഴിവാക്കുവാനും ഉത്തരവിറങ്ങി. അതിനായി പ്രത്യേകം ഉദ്യോഗസ്ഥന്മാരെയും നിശ്ചയിച്ചു. എത്രയോ കുഞ്ഞുങ്ങള്‍ മൃഗീയമായി അറുകൊലചെയ്യെപ്പട്ടു.
ഇക്കാലത്താണ് മൂസാ(عليه السلام)ന്റെ ജനനം.
നിരവധി ആണ്‍കുട്ടികളെ കൊന്നുകളഞ്ഞതുകാരണം, ചെറുപ്പക്കാരായ തൊഴിലാളികളെ കിട്ടാനില്ലെന്ന് ഫിര്‍ഔന്റെ ആളുകളായ ഖിബ്ഥികള്‍ പരാതിപ്പെട്ടുതുടങ്ങി. അങ്ങനെയാണ് നിയമം മാറ്റുന്നത്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പിറക്കുന്ന ആണ്‍കുട്ടികളെ കൊല്ലേണ്ടതില്ല. ഇത്തരമൊരു വര്‍ഷത്തിലാണ് മൂസാ നബി عليه السلامയുടെ ജ്യേഷ്ഠ സഹോദരന് ഹാറൂന്‍(عليه السلام) ജനിക്കുന്നത്.
കൊല്ലപ്പെടേണ്ട വര്‍ഷമായിരുന്നു മൂസാ നബി عليه السلامയുടെ ജനനമെങ്കിലും, ശത്രുക്കളുടെ പിടിയില്‍ പെടാതെ മൂസാ (عليه السلام)നെ അത്ഭുതകരമായി അല്ലാഹു രക്ഷപ്പെടുത്തി. അല്ലാഹുവിന്റ നിര്‍ദേശമനുസരിച്ച്, മൂസാ നബിعليه السلام യുടെ ഉമ്മ, കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നൈല്‍നദിയിലൂടെ ഒഴുക്കി.
ഫിര്‍ഔന്റെ കൊട്ടാര വാതില്ക്കല്കൂടി ഒഴുകുന്ന നദിയുടെ കരക്ക് ആ പെട്ടി എത്തിയപ്പോള്‍ കൊട്ടാരവാസികള്‍ എടുത്ത് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. ആസിയാ ബീവിയുടെ റെക്കമെന്റേഷനോടുകൂടി കൊട്ടാരത്തില്‍ തന്നെ വളര്‍ത്താന്‍ ഫിര്ഔന് സമ്മതിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് മഹാനവര്‍കളുടെ ജീവിതം സംഭവബഹുലമായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, മൂസാനബി(عليه السلام) മുഖേന അല്ലാഹു ഇസ്രാഈല്യരെ രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെയും കൂട്ടുകാരെയും നശിപ്പിക്കുകയും ചെയ്തു.
ഈ ദുരവസ്ഥയില്‍ നിന്ന് അല്ലാഹു അവരെ രക്ഷിച്ചത് വലിയ അനുഗ്രഹമാണ്. അഭിമാനത്തോടെ, സ്വതന്ത്രരായി ജീവിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയാണ് അല്ലാഹു ചെയ്തത് – ഇത്തരം അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാനും നന്ദിയുള്ളവരായിരിക്കുവാനും അവരെ ഓര്‍മപ്പെടുത്തുകയാണ് ഈ 49-ആം ആയത്തില്‍.
ബനൂഇസ്രാഈലിന് നേരത്തെ പറഞ്ഞ ദുരവസ്ഥ വരാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു- തോന്നിയതുപോലെ ജീവിച്ചു. ആത്മാഭിമാനമില്ലാത്ത, നന്നായി ചിന്തിക്കാത്ത, സന്മാര്ഗനിഷ്ഠയില്ലാത്ത, സ്വാതന്ത്ര്യബോധമില്ലാത്ത ജീവിതം. പരോപകാര തല്പരതയോ സാമൂഹികമായ അവബോധമോ അശേഷം ഉണ്ടായിരുന്നില്ല.
ലോകക്രമം നോക്കുമ്പോള്‍, സാധാരണഗതിയില്‍ ഇത്തരക്കാര്‍ മറ്റുള്ളവരുടെ കൈയൂക്കിന് വിധേയരായിത്തീരാറുണ്ട്. അവരുടെ സുഖഭോഗ സാധ്യത്തിനുള്ള ഉപകരണമായി വെറുംപാവകളെപ്പോലെ ജീവിക്കേണ്ടിവരാറുമുണ്ട്. അതാണിവരുടെ കാര്യത്തിലും സംഭവിച്ചത്.
ഖുര്‍ആന്‍ അവതരിച്ച കാലത്ത് ജീവിച്ചിരുന്ന ഇസ്രാഈലുകാരോടാണ് ഈ ആയത്തിലെ അഭിസംബോധന. وَإِذْ نَجَّيْنَاكُمْ . പൂര്വികന്മാര്ക്ക് സംഭവിച്ച കഷ്ടനഷ്ടങ്ങളും അല്ലാഹു അവര്‍ക്ക് നല്കിയ അനുഗ്രഹങ്ങളും പില്‍ക്കാലക്കാരായ ഇവര്‍ക്കും അഭിമാനിക്കാന്‍ വകതരുന്നതാണല്ലോ.
ഒരു സമുദായത്തിലെ ഏതുകാലക്കാരായിരുന്നാലും, മുന്കാലക്കാരാവട്ടെ പിന്കാലക്കാരാവട്ടെ, ഏത് കാലത്ത് ജീവിക്കുന്നവരും അതിലെ അംഗങ്ങളാണ് എന്നുതന്നെയാണല്ലോ പൊതുവെ പറയാറുള്ളതും.
അടുത്ത ആയത്ത്-50
وَإِذْ فَرَقْنَا بِكُمُ الْبَحْرَ فَأَنْجَيْنَاكُمْ وَأَغْرَقْنَا آلَ فِرْعَوْنَ وَأَنْتُمْ تَنْظُرُونَ (50)
നിങ്ങള്‍ക്ക് നാം കടല്‍ പിളര്ന്നുതന്നതും സ്മരണീയമാണ്. അങ്ങനെ നാം നിങ്ങളെ രക്ഷപ്പെടുത്തുകയും നിങ്ങള്‍ നോക്കിനില്‍ക്കെ ഫിര്ഔന് സംഘത്തെ നാം മുക്കിക്കൊല്ലുകയും ചെയ്തു.
ഫിര്‍ഔനിന്റെയും ഖിബ്ഥികളുടെയും നിഷ്ഠൂര മര്ദ്ദനങ്ങളേറ്റിരുന്ന ഇസ്രാഈലുകാരെ രക്ഷപ്പെടുത്താന്‍ മൂസാ(عليه السلام) അവരെയുംകൂട്ടി രാത്രി ഈജിപ്തില്‍ നിന്ന് ഫലസ്ഥീനിലേക്ക് പുറപ്പെട്ടു. വിവരം അറിഞ്ഞ ഫിര്‍ഔനും സൈന്യവും അവരെ പിന്തുടരുകയും ചെയ്തു.
നേരം പുലര്‍ന്നപ്പോഴേക്കും ഇസ്രാഈല്യര് ചെങ്കടല്‍ തീരത്തെത്തി. ശത്രുക്കള്‍ പിന്നാലെ വരുന്നത് കണ്ടു. മുന്നില്‍ സമുദ്രം, പിന്നില്‍ ശത്രുക്കള്‍-അവര്‍ ആകെ പേടിച്ചുപോയി. രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചു. അപ്പോഴാണ് മൂസാ നബി عليه السلام അവരെ ഇങ്ങനെ പറഞ്ഞ് സമാധാനിപ്പിച്ചത് –
قَالَ كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ (الشعراء 62)
'എന്റെ റബ്ബ് എന്റെ കൂടെയുണ്ട്, അവന് എനിക്ക് മാര്‍ഗദര്‍ശനം ചെയ്യും'.
വടികൊണ്ട് കടലില്‍ അടിക്കാന്‍ മൂസാനബി(عليه السلام)നോട് അല്ലാഹു കല്പിച്ചു. അടിച്ചപ്പോള്‍ കടല്‍ പിളര്‍ന്ന് വെള്ളം ഇരുവശത്തേക്കും മാറി പര്‍വതം പോലെ ഉയര്‍ന്നുനിന്നു. ജലഭിത്തികള്ക്കിടയിലെ വഴിയിലൂടെ അവര്‍ മുന്നോട്ടുനീങ്ങി. മുന്നും പിന്നും നോക്കാതെ ശത്രുക്കളും അതേ വഴിയില്‍ കൂടി കടലില്‍ ഇറങ്ങി.
മൂസാനബി(عليه السلام)യും കൂട്ടുകാരും മറുകര എത്തിക്കഴിഞ്ഞപ്പോള്‍ ഇരുഭാഗത്തേക്കും മാറിനിന്നിരുന്ന വെള്ളം ഒന്നായിച്ചേര്‍ന്നു. വഴിയുടെ നടുവിലെത്തിയിരുന്ന ശത്രുക്കളൊന്നടങ്കം മുങ്ങിമരിച്ചു.
ഈ സംഭവം മറുകരയില്‍ എത്തിയ ഇസ്രാഈലുകാര്‍ കാണുന്നുണ്ടായിരുന്നു. ഇത് അവര്‍ക്ക് വല്ലാത്ത ആശ്വാസമായി.
സത്യത്തില്‍ ഈ ഒരൊറ്റ സംഭവംമതി, ഇസ്റാഈല്യരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍. പക്ഷേ, ആ സംഭവം ആവര്‍ത്തിച്ചുപറഞ്ഞ് അഭിമാനം കൊള്ളുകയല്ലാതെ, അതിന്റെ നന്ദിയൊന്നും അവര്‍ കാണിച്ചതേയില്ല.
മൂസാനബി(عليه السلام)ല്‍ നിന്നുണ്ടായ മുഅ്ജിസത്തായ ഈ മഹാ സംഭവത്തിന്റെ കൂടുതല്‍ വിശദീകരണം സൂറത്തു ത്വാഹയിലും, ശുഅറാഇലും ഉണ്ട്.
മൂസാ നബി(عليه السلام)യും പരിവാരങ്ങളും ചെങ്കടല്‍ കടന്നതും ശത്രുക്കള്‍ നശിച്ചതും മുഹര്‍റം പത്താം തിയ്യതി (ആശൂറാഅ് ദിനം) ആയിരുന്നു.
റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയില്‍ വന്നപ്പോള്‍ യഹൂദികള്‍ ആശൂറാഅ് ദിവസം നോമ്പ് നോറ്റതായി കണ്ടു. ഈ ദിവസം എന്താണെന്ന് തിരുമേനി صلى الله عليه وسلمചോദിച്ചു. ഇതൊരു നല്ല ദിവസമാണ്, ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണിത്. അന്ന് മൂസാ (عليه السلام) നോമ്പ് നോറ്റിരുന്നു എന്ന് അവര്‍ മറുപടി പറഞ്ഞു.
അപ്പോള്‍ തിരുമേനി صلى الله عليه وسلمപറഞ്ഞത്രെ: നിങ്ങളേക്കാള്‍ മൂസയുമായി ബന്ധപ്പെട്ടത് ഞാനാണ്. അങ്ങനെ അന്ന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നോമ്പ് പിടിക്കുകയും, നോമ്പ് നോല്ക്കാന് കല്പിക്കുകയും ചെയ്തു. (അ; ബു; മു; ന; ജ). ഇതനുസരിച്ചാണ് ആശൂറാ ദിവസം നമ്മളും നോമ്പ് നോല്‍ക്കുന്നത്.
അമാനുഷിക ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്ത ചില ആളുകള്‍ ഈ സംഭവം ദുര്‍വ്യാഖ്യാനിച്ച് ഒരു സാധാരണ സംഭവമാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ശരിയായി ചിന്തിക്കുന്നവര്‍ക്ക് അത്തരം വ്യാഖ്യാനങ്ങളുടെ പൊള്ളത്തരം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
അമ്പിയാഅ്, ഔലിയാഅ് എന്നിവരില്‍ നിന്നുണ്ടാകുന്ന അത്ഭുതകൃത്യങ്ങള്‍ അസാധാരണങ്ങളാണ്. അമ്പിയാക്കളുടെ ഭാഗത്തുനിന്നാണെങ്കില്‍ അതിന് മുഅ്ജിസത്ത് എന്നും ഔലിയാക്കളുടെ ഭാഗത്തുനിന്നാണെങ്കില്‍ അതിന് കറാമത്ത് എന്നുമാണ് പറയുക. അതുണ്ടാകില്ലെന്ന് പറയരുത്. നമ്മുടെ ബുദ്ധിക്കും യുക്തിക്കുമെല്ലാം അതീതങ്ങളായിരിക്കും അവ.
അടുത്ത ആയത്ത്-51, 52
وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهِ وَأَنْتُمْ ظَالِمُونَ (51)
മൂസാ നബിക്ക് നാം നാല്പതു രാത്രികള്‍ നിര്‍ണയിച്ചുകൊടുത്ത (നിര്‍ദേശിച്ചുകൊടുത്ത) സംഭവം ഓര്‍ക്കുക. എന്നിട്ട് അദ്ദേഹത്തിന് പിറകെ (അദ്ദേഹം പോയതിനു പിറകെ), അക്രമികളായിക്കൊണ്ട് നിങ്ങള്‍ പശുക്കുട്ടിയെ ആരാധ്യവസ്തുവാക്കി.
ثُمَّ عَفَوْنَا عَنْكُمْ مِنْ بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ (52)
പിന്നീട് (എന്നിട്ടുകൂടി), അതിന് ശേഷം നാം നിങ്ങള്‍ക്ക് മാപ്പ് ചെയ്തുതന്നു, നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.
മൂസാനബി(عليه السلام)യും സംഘവും ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട് സീനാപര്വതത്തിനടുത്തുള്ള മരുഭൂമിയില്‍ എത്തി. അവിടെ താല്‍ക്കാലികമായി താമസമുറപ്പിച്ചു.
ഇനി വേദഗ്രന്ഥം- തൗറാത്ത് കൊടുക്കാനൊരുങ്ങുകയാണ്. അത് കൊടുക്കുന്നതിന്റെ മുമ്പായി സീനാപര്‍വതത്തില്‍ പോയി നാല്പത് ദിവസം ധ്യാനത്തിലിരിക്കാന്‍ മൂസാനബി(عليه السلام)നോട് അല്ലാഹു നിര്‍ദ്ദേശിച്ചു (വിശദ വിവരം സൂറ അഅ്റാഫില്‍ പഠിക്കാം إن شاء الله).
മൂസാനബി عليه السلامയുടെ ചരിത്രത്തില്‍ സീനാ മരുഭൂമിക്ക് അതിപ്രധാനമായ പങ്കാണുള്ളത്. സീനാ പര്‍വതം എന്നത് ഒറ്റ മലയല്ല. ഏറെ വ്യാപിച്ചുകിടക്കുന്ന വര്വതശൃംഖലയാണവിടം. ഇവിടെയുള്ള ചരിത്രപ്രധാന സ്ഥലങ്ങളെല്ലാം ഇന്ന് സംരക്ഷിച്ചുനിറുത്തിയിട്ടുണ്ട്.
ഇത് പ്രത്യേകം ഓര്‍ക്കാന്‍ പറഞ്ഞത്, വേദം ഗ്രന്ഥം നല്കാനൊരുങ്ങുക എന്നത് വലിയൊരു അനുഗ്രഹമാണ് എന്നതുകൊണ്ടാണ്.
മൂസാ (عليه السلام) സീനായിലേക്ക് പോയി. പോകുമ്പോള്‍ ഇസ്റാഈല്യരുടെ നേതൃത്വം സഹോദരന് ഹാറൂന്‍ നബി (عليه السلام)യെ ഏല്പിച്ചിരുന്നു.
മൂസാ നബി (عليه السلام) സ്ഥലം വിട്ട ശേഷം സാമിരീ എന്ന് പേരുള്ള ഒരാള്‍, ആളുകളുടെ ആഭരണങ്ങള്‍ വാങ്ങി ഉരുക്കി, ആ സ്വര്‍ണം കൊണ്ടൊരു പശുക്കുട്ടിയെ ഉണ്ടാക്കി, 'ഇത് മൂസാനബിയുടെയും നിങ്ങളുടെയും ഇലാഹാണ്' എന്ന് പറയുകയും ചെയ്തതു. മൂസാ (അ) അന്വേഷിച്ചു പോയ ദൈവമാണിതെന്ന് തട്ടിവിട്ടു. ജനങ്ങള്‍ ആ പശുക്കുട്ടിയെ ആരാധിക്കുവാനും തുടങ്ങി.
പശുക്കളെ ആരാധിക്കുന്ന ഒരു സമ്പ്രദായം പണ്ടുമുതലേ ഈജിപ്തിലുണ്ടായിരുന്നല്ലോ. അതനുസരിച്ചാണ് സാമിരി പശുക്കുട്ടിയെ ഉണ്ടാക്കിയത്. അവരുമായി ഇടപഴകിക്കഴിഞ്ഞിരുന്നവരാണ് ഇസ്രാഈല്യര്. നീണ്ട ഈജിപ്ത് താമസം അവരുടെ ജീവിതരീതിയിലും സംസ്കാരത്തിലും കാതലായ മാറ്റം വരുത്തിയരുന്നു. ഖിബ്ഥികളുടെ കിരാതമായ പീഡനവും അവരുമായുള്ള സമ്പര്‍ക്കവും കാരണം ബിംബങ്ങള്‍ അവര്ക്കാകൃഷ്ടമായിത്തുടങ്ങുകയും ചെയ്തിരുന്നു.
പ്രവാചകന്മാരുടെ നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ മറന്നു. അവര്‍ ആ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി.
ഹാറൂന്‍ (അ) പരമാവധി അവരെ തടഞ്ഞു, ഉപദേശിച്ചുനോക്കി. പക്ഷേ, അവര്‍ കേട്ടില്ല.
നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞ് മൂസാ (عليه السلام) തൗറാത്തുമായി തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. സങ്കടവും ദേഷ്യവും വന്നു.
ഇത്രയും കടുത്ത അപരാധം ചെയ്തിട്ടുപോലും പിന്നീട് അല്ലാഹു അവര്‍ക്ക് മാപ്പ് നല്കുകയാണുണ്ടായത്. അവര്‍ നന്ദിയുള്ളവരായി മാറട്ടെ, അങ്ങനെ, അവര്‍ സന്മാര്ഗം പ്രാപിക്കട്ടെ എന്നെല്ലാമുദ്ദേശിച്ചാണ് അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കിയത്.
അടുത്ത ആയത്ത്-53
وَإِذْ آتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ (53)
നിങ്ങള്‍ സന്മാര്ഗം പ്രാപിക്കാന്‍ വേണ്ടി മൂസാ നബിക്ക് വേദഗ്രന്ഥവും സത്യാസത്യവിവേചകവും നാം നല്കിയതും സ്മരണീയമത്രേ.
വേദഗ്രന്ഥം, സത്യാസത്യവിവേചകം എന്ന് പറഞ്ഞത് തൗറാത്തിനെക്കുറിച്ചാണ്. അവുരടെ മാര്‍ഗദര്‍ശനത്തിനാവശ്യമായ എല്ലാ ഉപദേശങ്ങളും നിയമനിര്‍ദ്ദേശങ്ങളും ചരിത്രങ്ങളും അടങ്ങിയ ഒരു നിയമസംഹിതയും, സത്യാസത്യങ്ങള്‍ വേര്‍തിരിച്ച് വിവരിക്കുന്ന മതഗ്രന്ഥവുമാണ് തൗറാത്ത്.
മറ്റൊരു വ്യാഖ്യാനപ്രകാരം, ‘സത്യാസത്യവിവേചകം' എന്നതുകൊണ്ടുള്ള ഉദ്ദേശ്യം, മൂസാനബി(عليه السلام)ന് അല്ലാഹു കൊടുത്ത അത്ഭുത ദൃഷ്ടാന്ത (المُعْجِزَات) ങ്ങളാണ് എന്നാണ്. രണ്ടായാലും ലക്ഷ്യം ഒന്നുതന്നെ – അവരുടെ സന്മാര്‍ഗപ്രാപ്തി.
അടുത്ത ആയത്ത്-54
وَإِذْ قَالَ مُوسَى لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنْفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوبُوا إِلَى بَارِئِكُمْ فَاقْتُلُوا أَنْفُسَكُمْ ذَلِكُمْ خَيْرٌ لَكُمْ عِنْدَ بَارِئِكُمْ فَتَابَ عَلَيْكُمْ إِنَّهُ هُوَ التَّوَّابُ الرَّحِيمُ (54)
മൂസാ നബി തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): എന്റെ ജനങ്ങളേ, നിശ്ചയം പശുക്കുട്ടിയെ ആരാധിക്കുക വഴി നിങ്ങള്‍ സ്വന്തത്തോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുകയും അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യുക. അതാണ് നിങ്ങളുടെ സ്രഷ്ടാവിങ്കല്‍ നിങ്ങള്‍ക്കേറ്റവും ഉത്തരമം.' അങ്ങനെ നിങ്ങളുടെ പശ്ചാത്താപം അവന് സ്വീകരിക്കുകയുണ്ടായി. നിശ്ചയമായും, നിശ്ചയം അവന് ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാമയനുമത്രേ.
പശുക്കുട്ടിയുണ്ടാക്കി ആരാധിച്ചതില്‍ ഇസ്റാഈല്യര്‍ ഖേദിക്കുകയും, ഞങ്ങള്‍ക്ക് ഞങ്ങളുടെ റബ്ബ് പൊറുത്തുതരുകയും കരുണചെയ്യുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടക്കാരാകുമല്ലോ എന്ന് വിലപിക്കുകയും ചെയ്തത് സൂറത്തുല്‍ അഅ്റാഫ്,149 ലുണ്ട്.
ഈ സന്ദര്‍ഭത്തിലായിരിക്കാം മൂസാ (عليه السلام) അവരോട് ഈ ആയത്തിലുള്ളതുപോലെ പറഞ്ഞത്. നിങ്ങളെ പടച്ചുണ്ടാക്കിയവനെ ഒഴിവാക്കി നിങ്ങള്‍ സ്വയം നിര്‍മിച്ച ഒരു പശുക്കുട്ടിയുടെ പ്രതിമയെ ഇലാഹാക്കിയത് കടുത്ത അക്രമമാണ്. നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്ത വലിയ അപരാധമാണ്. അതുകൊണ്ട് സ്രഷ്ടാവിങ്കലേക്ക് നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങണം.
പശുക്കുട്ടിയെ ആരാധിച്ചതിന് അല്ലാഹു അവര്‍ക്ക് വിധിച്ച തൗബയുടെ രൂപമാണ്فَتُوبُوا إِلَى بَارِئِكُمْ فَاقْتُلُوا أَنْفُسَكُمْ 'നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുക' എന്ന വാക്യത്തിലുള്ളത്. അതായത്, പശുക്കുട്ടിക്ക് ഇബാദത്ത് ചെയ്യാതിരുന്നവര്‍ ഇബാദത്ത് ചെയ്തവരെ കൊല്ലുക എന്നതായിരുന്നു ഈ വിധിയെന്ന് ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നസാഈ, ഇബ്നുജരീര്‍, ഇബ്നു അബീഹാതിം എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്.
അതായത്, പശുക്കുട്ടിയെ ആരാധിക്കാത്തവര്‍, ആരാധിച്ച തങ്ങളുടെ അടുത്ത ബന്ധുക്കളെ കൊല്ലാനായിരുന്നു കല്പന. അങ്ങനെ കുറെ പേര് കൊല്ലപ്പെട്ടു. പിന്നീട് മൂസാ നബി(عليه السلام) ദുആ ചെയ്തതിനെത്തുടര്‍ന്ന് അത് നിറുത്തുകയാണുണ്ടായത്. ബൈബ്ളിലും ഏതാണ്ട് ഇതേ പ്രകാരം തന്നെ കാണാവുന്നതാണ്. (പുറപ്പാട് : 32-ല്‍ 27, 28 നോക്കുക). കൊല്ലപ്പെട്ടവരെല്ലാം രക്തസാക്ഷികള്‍ ആയിമാറുകയും ചെയ്തു.
അങ്ങനെ, അവരുടെ തൗബ സ്വീകരിച്ച് അല്ലാഹു അവര്‍ക്ക് മാപ്പ് നല്കി. ഈ മാപ്പാണ് 52-ആം വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ثُمَّ عَفَوْنَا عَنْكُمْ مِنْ بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ
ഈ കൊലയുടെ സ്വഭാവം എങ്ങിനെയായിരുന്നു എന്നത് സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുളുണ്ട്. അതില്‍ പ്രധാനപ്പെട്ട അഭിപ്രായമാണ് നമ്മള് മുകളില്‍ പറഞ്ഞത്.
വധം വളരെ ഗൗരവമേറിയ കാര്യമാണെങ്കിലും നിങ്ങളുടെ അപരാധത്തിന്റെ ഗൗരവവും അതിന്റെ അനന്തരഫലവും നോക്കുമ്പോള്‍, അതാണ് നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഗുണകരമായിത്തീരുക എന്നാണ് മൂസാ (عليه السلام) പറഞ്ഞതിന്റെ സാരം.
ഇനി പറയുന്ന ചില വസ്തുതകള്‍ കൂടി കണിക്കിലെടുത്തുകൊണ്ടായിരിക്കണം ഈ വധശിക്ഷയെക്കുറിച്ച് വിലയിരുത്തേണ്ടത്:
ഇവര്‍ പശുക്കുട്ടിയെ ആരാധിച്ചത്, കേവലം ഒരു സാധാരണ വിഗ്രഹാരാധന പോലെയല്ല. അതിന് ചില പ്രത്യേകതകളുണ്ട്. ആരാണ് ഇസ്റാഈല്യര്‍, അവരുടെ അവസ്ഥകളെന്താണ്, ഏത് സന്ദര്‍ഭത്തിലാണത് ചെയ്തത്, അപ്പോഴത്തെ ചുറ്റുപാടെന്തായിരുന്നു ഇതൊക്കെ വിലയിരുത്തണം.
തൗഹീദിന്റെ വക്താക്കളായ ഇബ്റാഹീം നബി (عليه السلام)യുടെയും മഹാനവര്‍കളുടെ മക്കളും പിന്‍ഗാമികളുമായ ഇസ്ഹാഖ്, യഅ്ഖൂബ് (عليهما السلام) എന്നീ പ്രവാചകന്മാരുടെയും പാരമ്പര്യം നിലനിറുത്താന്‍ ബാധ്യസ്ഥരായ അനന്തരാവകാശികളാണ് ഇസ്റാഈല്യര്‍.
തൗഹീദിന്റെ ആ പാരമ്പര്യം അവരില്‍ പുനര്‍ജ്ജീവിപ്പിക്കുവാനും, നീണ്ട കാലങ്ങളായി അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തില്‍ നിന്നും മര്‍ദ്ദനങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനും വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസാ നബി (عليه السلام). മൂസാനബിയില്‍ നിന്നുണ്ടായ നിരവധി ദിവ്യദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ട് അനുഭവിച്ചവരാണവര്‍.
ഒരു മഹാല്ഭുതം വഴി ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ടാണ് ഇപ്പോള്‍ സീന മരുഭൂമിയിലെത്തിയിരിക്കുന്നത്. വലിയ ശക്തിയും സൈനിക പിന്ബലവുമുണ്ടായിരുന്ന ഫിര്‍ഔനും സൈന്യവും അതിദാരുണവുയി നശിപ്പിക്കപ്പെട്ട കാഴ്ച അവര്‍ നേരില്‍ കണ്ടതാണ്. അതൊന്നും മറക്കാനുള്ള സമയമായിട്ടില്ല.
ഈ സാഹചര്യത്തിലാണ്, അവരുടെതന്നെ നന്മക്ക് കാരണമാകുന്ന ഒരു വേദ ഗ്രന്ഥം, അവരുടെ സ്രഷ്ടാവായ അല്ലാഹുവിങ്കല്‍ നിന്ന് ഏറ്റുവാങ്ങാന്‍ മൂസാ (عليه السلام) പോകുന്നത്. അതും ഹാറൂന്‍ നബി (عليه السلام)യെ അവരുടെ നേതൃത്വം ഏല്പിച്ചിട്ടാണ് പോയത്.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ, അപ്പോഴേക്കും മൂസാ തേടിപ്പോയ ദൈവമാണെന്ന് പറഞ്ഞ്, അവരുടെ കൂട്ടത്തില്‍ തന്നെയുള്ള ഒരാള്‍ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഒര പശുക്കുട്ടിയെ അവര്‍ ആരാധിച്ചു.
ഒന്ന് ചിന്തിക്കാനോ, ഹാറൂന്‍ നബി (عليه السلام)യുടെ വാക്ക് കേള്‍ക്കാനോ, ഏതാനും ദിവസം കഴിഞ്ഞാല്‍ മടങ്ങിയെത്തുന്ന മൂസാ നബി (عليه السلام)യുടെ വരവുവരെ കാത്തിരിക്കാനോ ഒന്നും അവര്‍ക്ക് തയ്യാറായില്ല.
ഇതെല്ലാം ഒരു വശത്ത്. മറു വശം നോക്കൂ:
ഈ വിഭാഗത്തിന്റെ ധിക്കാര ബുദ്ധിയും അനുസരണമില്ലായ്മയും കുപ്രസിദ്ധമാണ്. ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടു പോരുന്ന വഴിയില്‍, ചില ജനവിഭാഗങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത്കണ്ടപ്പോള് ഞങ്ങള്‍ക്കും ഇതുപോലെ ദൈവങ്ങള്‍ വേണമെന്ന് അവര്‍ മൂസാ (عليه السلام) നോട് ആവശ്യപ്പെട്ടിരുന്നുവത്രേ. നിങ്ങള്‍ വിഡ്ഢികളായ ഒരു ജനത തന്നെ എന്നാണ് മൂസാ നബി عليه السلام അതിന് മറുപടി പറഞ്ഞത്. (7:138). അല്ലാതെന്തു പറയാന്‍!
അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട, അവരുടെ യാത്രയുടെ ലക്ഷ്യമായ രാജ്യത്ത് ചെന്ന് (ഖുദ്സില്‍) ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ പറഞ്ഞപ്പോള്‍, മടിച്ചു നില്ക്കുകയാണവര് ചെയ്തത്. നിരീക്ഷകന്മാര് മുഖേന ശത്രുക്കളുടെ ശക്തി ദുര്ബ്ബലമാണെന്നറിഞ്ഞിട്ടുപോലും മൂസാ നബി (عليه السلام)യോട് അവര്‍ പറഞ്ഞതെന്താണെന്നോ: ‘അവരവിടെ ഉള്ളപ്പോള്‍ ഞങ്ങളൊരിക്കലും അങ്ങോട്ട് പ്രവേശിക്കുകയില്ല. താനും ‘തന്റെ റബ്ബും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്’ (5:24)
അവരുടെ ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും ഇത്തരം ഉദാഹരണങ്ങള്‍ ഈ സൂറയിലും മറ്റു സൂറകളിലുമായി ധാരാളമുണ്ട്.
ഇതൊക്കെ കണക്കിലെടുത്തുവേണം അവര്‍ പശുക്കുട്ടിയെ ആരാധിച്ചതിന്റെ ഗൗരവം കണക്കാക്കാന്‍. ഈയൊരു അപരാധം ചെയ്തതിന്റെ പേരില്‍ അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശിക്ഷ, കാലാകാല നരകമാണ്. ആ ശിക്ഷ ഒഴിവായിക്കിട്ടാനും, ഈ ധിക്കാരത്തില്‍ അവരുടെ യഥാര്‍ത്ഥ പശ്ചാത്താപം തെളിയിക്കുവാനും, അവശേഷിക്കുന്ന ആളുകളില്‍ നിന്ന് ഇത്തരം നീച സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും, അതേ സമയം കൊല്ലപ്പെടുന്നവര്‍ക്ക്, അല്ലാഹുവിന്റെ മാപ്പിനും പ്രീതിക്കുമായി ജീവന് ത്യജിച്ചത് കാരണം അവരുടെ മഹാപാപം പൊറുക്കാനും-ഇങ്ങിനെ പലതിനുമായി- ആ കൊടുംപാതകം ചെയ്തവരെ കൊലപ്പെടുത്തണമെന്ന് സ്രഷ്ടാവ് കല്പിച്ചു എങ്കില്‍, അതവന്റെ കാരുണ്യവും ഔദാര്യവുമായിട്ടാണ്, ശരിയായി ചിന്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് കാണാന്‍ കഴിയുക.
ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടായിരിക്കാം - നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കണമെന്ന് പറഞ്ഞതോടൊപ്പം ذَٰلِكُمْ خَيْرٌ لَّكُمْ عِندَ رِبكُمْ (അത് നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമായിരിക്കും) എന്ന് മൂസാ നബി (عليه السلام) പറഞ്ഞതും.
അടുത്ത ആയത്ത്-55, 56
وَإِذْ قُلْتُمْ يَا مُوسَى لَنْ نُؤْمِنَ لَكَ حَتَّى نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنْتُمْ تَنْظُرُونَ (55)
ഓ മൂസാ, അല്ലാഹുവിനെ പ്രത്യക്ഷമായി കാണാതെ നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞതും ഓര്‍ക്കുക. തത്സമയം, നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ നിങ്ങളെ ഇടിത്തീ ബാധിച്ചു.
ثُمَّ بَعَثْنَاكُمْ مِنْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ (56)
നിങ്ങള്‍ മരിച്ച ശേഷം, പിന്നീട് നാം നിങ്ങളെ പുനര്‍ജീവിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.
ഇമാം ഥബ്രി(റ) എഴുതുന്നു: പശുക്കുട്ടിയെ ആരാധിച്ച മഹാപാതകത്തില്‍ നിന്ന് അവര്‍ പശ്ചാത്തപിച്ച് മടങ്ങിയപ്പോള്‍ അല്ലാഹു മൂസാ നബി(عليه السلام)നോട് കല്പിച്ചു: നിങ്ങള്‍ അവരില്‍ നിന്ന് എഴുപത് യോഗ്യരെ തെരഞ്ഞെടുക്കണം. പശുവിനെ ആരാധിച്ചവര്ക്കുവേണ്ടി അവര്‍ കുറ്റം സമ്മതിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യേണ്ടതാണ്.
മൂസാ നബി عليه السلامഅങ്ങനെ ചെയ്തു. എഴുപതു പേരെ തെരഞ്ഞെടുത്ത് നോമ്പനുഷ്ഠിക്കാനും ശുദ്ധീകരിക്കാനും വസ്ത്രങ്ങള്‍ വൃത്തിയാക്കാനും കല്പിച്ചു. അവരപ്രകാരം ചെയ്തു.
അങ്ങനെ സീനാ പര്വതത്തിലെത്തിയപ്പോള്, മൂസാനബി عليه السلامയോടുള്ള അല്ലാഹുവിന്റെ സംസാരം കഴിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: 'മൂസാ നബിയേ, അല്ലാഹുവിന്റെ സംസാരം ഞങ്ങള്‍ക്കും കേള്‍ക്കാന്‍ ഒന്നപേക്ഷിക്കുക.' മൂസാ നബി(عليه السلام) അങ്ങനെ ചെയ്തു. പര്‍വതത്തെയും അവരെയാകെയും ഒരു മേഘം മൂടിക്കളഞ്ഞു. അവര്‍ സുജൂദില്‍ വീണു. അങ്ങനെയവര്‍ അല്ലാഹുവിന്റെ സംസാരം കേട്ടു.
എന്നാല്‍ ആ മേഘം നീങ്ങിക്കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു: ഓ മൂസാ, അല്ലാഹുവിനെ പ്രത്യക്ഷമായി കാണുന്നതുവരെ നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയേയില്ല! (തഫ്സീര്‍ ഥബ്രി, വാല്യം 1, പേജ് 291; തഫ്സീര്‍ ഇബ്നു കസീര്‍ 1:93,94).
നോക്കൂ, എന്തൊരു കടുത്ത ധിക്കാരമാണല്ലേ!
അല്ലാഹുവിനെ കാണുക എന്നത് അസാധ്യമാണെന്നറിയിച്ചിട്ടും ശാഠ്യം പിടിക്കുന്നുവെങ്കില്‍, പിന്നെയുള്ള പ്രതിവിധി, അവനെ കാണാനായി നോക്കിനില്ക്കവെ അവര്‍ പെട്ടെന്ന് മരിക്കുക എന്നതായിരുന്നു. അങ്ങനെയാണ്, അവര്‍ നോക്കിനില്ക്കവെ ഘോരമായ ഇടി വെട്ടുകയും അവര്‍ മരണപ്പെടുകയും ചെയ്തത്.
അപ്പോള്‍ മൂസാ നബി(عليه السلام) അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്തു: 'എന്റെ നാഥാ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഇതിനു മുമ്പുതന്നെ അവരെയും എന്നെത്തന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നല്ലോ. ഞാന്‍ തെരഞ്ഞെടുത്തു കൊണ്ടുവന്നവരാണിവര്‍. ഇവരെല്ലാം നശിച്ച് അങ്ങോട്ടു ചെന്നാല്‍ ഇസ്രാഈലുകാരോട് ഞാനെന്തു പറയും? അവരെന്നെ വിശ്വസിക്കുമോ?'
അല്ലാഹു ആ ദുആ സ്വീകരിച്ചു. മരിച്ചവരെ ജീവിപ്പിച്ചു. അവര്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി അവരെ ഉയര്ത്തെഴുന്നേല്പിക്കുകയായിരുന്നു. സൂറഃ അഅ്റാഫ് 155 ല്‍ ഈ വിഷയം പറയുന്നുണ്ട്.
وَإِذْ قُلْتُمْ يَا مُوسَى لَنْ نُؤْمِنَ لَكَ حَتَّى نَرَى اللَّهَ جَهْرَةً
അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണാതെ താങ്കളെ വിശ്വസിക്കുകയില്ല – താങ്കളോട് അല്ലാഹു സംസാരിച്ചുവെന്നും മറ്റും താങ്കള്‍ പറയുന്നത് ഞങ്ങള്‍ക്ക് ബോദ്ധ്യമാകണമെങ്കില്‍ അവനെ ഞങ്ങള്‍ നേരില്‍ കാണുക തന്നെ വേണം-എന്ന് ആവശ്യെപ്പട്ടത് ഇസ്റാഈല്‍ ജനത മുഴുവനുമായിരുന്നില്ല. മേല്‍ പറഞ്ഞ എഴുപത് പേരോ മറ്റോ മാത്രമായിരുന്നു. എന്നിട്ടും ‘നിങ്ങള്‍’ എന്നാണിവിടെ പറഞ്ഞത്.
അതിന് കാരണം, ഈ എഴുപത് പേര് അവരുടെ കൂട്ടത്തിലെ നല്ലവരും തിരഞ്ഞെടുക്കെപ്പട്ട പ്രതിനിധികളുമായിരുന്നല്ലോ. അതുകൊണ്ട് ‘അവര്‍ പറഞ്ഞു’ എന്ന് മൊത്തത്തില്‍ പറഞ്ഞതാണ്.
ഏതായാലും അവരുടെ ഈ ആവശ്യം – ആ അവസരത്തില്‍ പ്രത്യേകിച്ചും – തനി ബാലിശവും ധിക്കാരവുമായിരുന്നു. അതുകൊണ്ടാണവരെ ഇടിത്തീ ബാധിച്ചതും മരണപ്പെട്ടതും. പിന്നീട് മൂസാനബി عليه السلام സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി അല്ലാഹു അവരെ പുനര്ജീവിപ്പിക്കുകയാണ്ടായത്. ഇതിന്റെ പേരില്‍ ആ സമുദായം എപ്പോഴും അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കണമല്ലോ.
അടുത്ത ആയത്ത്-57
وَظَلَّلْنَا عَلَيْكُمُ الْغَمَامَ وَأَنْزَلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَى كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَمَا ظَلَمُونَا وَلَكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ(57)
നിങ്ങള്‍ക്ക് നാം മേഘത്തണലിടുകയും മന്നും കാടപ്പക്ഷിയും ഇറക്കിത്തരികയും നാം നല്കിയ ഉത്തമവിഭവങ്ങളില് നിന്ന് നിങ്ങളാഹരിച്ചുകൊള്ളുക എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നിട്ടും കൃതഘ്നത കാട്ടിയവര്‍ നമുക്കൊരു ദ്രോഹവും ചെയ്തിട്ടില്ല. പ്രത്യുത, സ്വന്തത്തോടുതന്നെ അതിക്രമം കാട്ടുകയായിരുന്നു അവര്‍.
അല്ലാഹു ബനൂ ഈസ്രാഈലിന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച് വീണ്ടും അനുസ്മരിപ്പിക്കുകയാണ്.
ഈജിപ്തില്‍ നിന്ന് പുറപ്പെട്ട് ചെങ്കടല്‍ കടന്നു രക്ഷപ്പെട്ട ശേഷം, വാഗ്ദത്ത രാജ്യത്തേക്ക്- ഫലസ്ഥീനിലേക്ക്- ചെന്ന് ആ രാജ്യം അടക്കിവാണിരുന്ന ശത്രുക്കളെ പുറത്താക്കാന്‍ ഇസ്റാഈല്യര്‍ കൂട്ടാക്കാത്തത് കാരണം, നാല്പത് കൊല്ലം സീനാ താഴ്വരയില് അവര്‍ അലയേണ്ടി വന്നു. (സൂറ മാഇദഃ 23-29). ആ കാലത്ത് അവര്‍ക്ക് നല്കിയ വലിയ രണ്ട് അനുഗ്രഹങ്ങളാണ് ഈ ആയത്തില്‍ ഓര്‍മിപ്പിക്കുന്നത്.
(1)മേഘം കൊണ്ട് നിഴലിട്ടുകൊടുത്തുത്. 60088 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള സീനാ ഉപദീപിന്റെ മഹാഭൂരിഭാഗവും താമസയോഗ്യമല്ലാത്ത തരിശുനിലങ്ങളും പീഠഭൂമികളും നൂറുകണക്കിനുള്ള മലനിരകളുമാണ്. ഇത്തരം മരുഭൂമിയിലെ ചൂട് ഊഹിക്കാമല്ലോ. അവര്ക്കാണെങ്കില് അവിടെ വീടില്ലതാനും. ക്രമേണ തമ്പും പാളയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മാത്രം.
ഈ പ്രതികൂല സാഹചര്യത്തില്‍ അല്ലാഹു അവര്‍ക്കവിടെ മേഘം കൊണ്ട് തണലിട്ടുകൊണ്ടിരുന്നു.
(2) ഭക്ഷണത്തിന് മന്നും സല്‍വായും ഇറക്കിക്കൊടുത്തു. ലക്ഷക്കണക്കിന് ആളുകള്‍. കൃഷിയോ മറ്റോ ചെയ്ത് ഉപജീവനം കിട്ടാന്‍ ഒരു സൗകര്യവുമില്ല. അഭയാര്‍ത്ഥികളായി ഒരു രാത്രി രഹസ്യമായി ഓടിപ്പോന്നവരാണല്ലോ അവര്‍. അങ്ങനെ ഒരു പ്രത്യേകാനുഗ്രഹമായി നല്കിയ രണ്ട് ഭക്ഷ്യവിഭവങ്ങളാണ് മന്നും സല്‍വായും.
എന്താണ് മന്ന്? പെട്ടെന്ന് മനസ്സിലാകാന്‍ കട്ടിത്തേന്‍ പോലെ മധുരമൊള്ളൊരു പദാര്‍ത്ഥം എന്ന് പറയാം. ചെറിയ വൃക്ഷങ്ങളിന്മേല് മഞ്ഞിന്കഷ്ണങ്ങളെപ്പോലെ വീണിരുന്ന, സസ്യങ്ങളില്‍ തങ്ങി നില്ക്കുന്ന മെഴുക് പോലെയുള്ള ഒരു പദാര്‍ത്ഥമാണ് 'മന്ന്'. പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള് മധുരമുള്ളതുമായിരുന്നു അത്.
ചില ചെടികളില്‍ നിന്നോ വൃക്ഷങ്ങളില്‍ നിന്നോ പുറത്ത്വന്നിരുന്ന ഒരു കറയായിരുന്നു മന്ന് എന്ന് തുടങ്ങി വേറെയും അഭിപ്രായങ്ങളുണ്ട്.
ഏതായാലും അദ്ധ്വാനമില്ലാതെ ലഭിക്കുന്ന, വളരെ മധുരവും ഹൃദ്യവുമായ ഒരു ഭക്ഷ്യപദാര്‍ത്ഥമായിരുന്നു മന്ന് എന്ന് മനസ്സിലാക്കാം. അതൊരു ഭക്ഷ്യപദാര്‍ത്ഥമായും പാനീയമായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
ഇബ്നു കസീര്‍ (رحمة الله عليه) ചൂണ്ടിക്കാട്ടിയതുപോലെ അത് സ്വന്തമായി തിന്നാവുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമായും വെള്ളത്തില്‍ കലര്‍ത്തി കുടിക്കാന്‍ പറ്റുന്ന ഒരു പാനീയമായും ഉപേയാഗിക്കാവുന്നതായിരിക്കാം.
എന്താണ് സല്‍വാ?
ഒരു തരം കാടപ്പക്ഷിയോ, അല്ലെങ്കില്‍ കാടപ്പക്ഷിയെപ്പോലെയുള്ള ചെറുപക്ഷിയോ ആണത്. ഇതും യഥേഷ്ടം ലഭ്യമായിരുന്നു.
വൈകുന്നേരം കാടപ്പക്ഷിയും, രാവിലെ മന്നും സുഭിക്ഷമായി ലഭിച്ചുകൊണ്ടിരുന്നു. മന്ന് മഞ്ഞുപോലെ വര്ഷിച്ചിരുന്നുവത്രെ.
ഇത്രയൊക്കെ അനുഗ്രഹങ്ങള്‍ ചെയ്തുകൊടുത്തിട്ടും ഇസ്റാഈല്യര്‍ നന്ദി ചെയ്യുകയല്ല ചെയ്തത്, നന്ദികേട് കാണിക്കുകയാണ് ചെയ്തത്. അതാണ് وَمَا ظَلَمُونَا (അവര്‍ നമ്മെ അക്രമിച്ചില്ല, അവര്‍ സ്വന്തത്തെത്തന്നെ അക്രമിക്കുകയാണ് ചെയ്തത്) എന്ന് പറഞ്ഞത്. അതായത് അല്ലാഹുവിന് ഒരു ദോഷവും അതുകൊണ്ടുണ്ടായില്ല. ഉണ്ടാവുകയുമില്ല. അവര്ക്കുതന്നെയാണത് ദോഷമായിത്തീര്ന്നത്.
ഇസ്രാഈല്യര്‍ക്ക് സുപ്രധാനവും അമൂല്യവുമായ ഒട്ടേറെ അനുഗ്രഹങ്ങള്‍ ചെയ്തുകൊടുത്തതായി അല്ലാഹു പറഞ്ഞുകഴിഞ്ഞു. ഇനിയുമത് തുടരുകയാണ്, അടുത്ത ആയത്തുകളില്‍...
--------------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment