അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 18-23) ഫത്റത്തിന്‍റെ കാലം
വേദക്കാരുടെ ദുരാഭിജാത്യത്തിന് മറുപടി പറയുകയാണിനി. തങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടക്കാരുമാണ്, തെറ്റുകള്‍ ചെയ്താലും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരും എന്നെല്ലാം അവര്‍ തട്ടിവിട്ടിരുന്നു.
അല്ലാഹു അവര്‍ക്ക് മറുപടി കൊടുക്കുന്നതിങ്ങനെയാണ്: തെറ്റ് ചെയ്താല്‍ നിങ്ങളെ ശിക്ഷിക്കുമെന്ന കാര്യവും, പല സമയത്തും വിവിധ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിച്ചതും നിങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ തന്നെയുണ്ടല്ലോ. പല പരീക്ഷണങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്.
മാത്രമല്ല, കുറഞ്ഞ ദിവസങ്ങളാണെങ്കിലും നിങ്ങള്‍ക്ക് നരകശിക്ഷയുണ്ടായേക്കാമെന്നു നിങ്ങള്‍തന്നെ സമ്മതിക്കുന്നുമുണ്ട്. (‘ഏതാനും നാളുകള്‍ മാത്രമേ ഞങ്ങളെ നരകം സ്‌പര്‍ശിക്കുകയുള്ളൂ’ എന്ന് ജൂതന്മാര്‍ പറഞ്ഞതായി സൂറത്തുല്‍ ബഖറ 80 ല്‍ കാണാം).
നിങ്ങള്‍ പറഞ്ഞതുപോലെയാണ് കാര്യങ്ങളെങ്കില്‍ ഇതൊന്നും ഉണ്ടാവാന്‍ പാടില്ലല്ലോ. ബാപ്പയും മക്കളുമെന്ന പോലെ അല്ലാഹുവിന്‍റെയടുത്ത് വലിയ സ്ഥാനമുള്ളവരും അവനോട് നിങ്ങള്‍ക്ക് വലിയ ഇഷ്ടവുമാണെങ്കില്‍ ആ ശിക്ഷ പിന്നെ എങ്ങനെയാണ് സംഭവിക്കുക?!
സംഗതി അതൊന്നുമല്ല. എല്ലാവരെയുംപോലെ സാധാരണ മനുഷ്യര്‍ തന്നെയാണ് നിങ്ങളും. അവരെപ്പോലെ നിങ്ങളും അവന്‍റെ അടുക്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടിവരും. അപ്പോള്‍, മറ്റുള്ളവരെപ്പോലെ നിങ്ങളുടെ മേലും അവന്‍ തക്ക നടപടി എടുക്കുകതന്നെ ചെയ്യും. പൊറുത്തുകൊടുക്കേണ്ടവര്‍ക്ക് പൊറുക്കുകയും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും ചെയ്യും.
എല്ലാവരും അല്ലാഹുവിന്‍റെ അടിമകളാണ്. അവന്‍റെ ഉടമസ്ഥതയിലും അധികാരപരിധിയിലുമാണ്. നിങ്ങള്‍ക്കുമാത്രമായി ഒരു പ്രത്യേക സ്ഥാനമോ നിങ്ങളോടു മാത്രമായൊരു സമീപന രീതിയോ ഇല്ലതന്നെ.
وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ۚ قُلْ فَلِمَ يُعَذِّبُكُمْ بِذُنُوبِكُمْ ۖ بَلْ أَنْتُمْ بَشَرٌ مِمَّنْ خَلَقَ ۚ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۚ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ الْمَصِيرُ (18)
ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടഭാജനങ്ങളുമാണെ'ന്നു ജൂതന്മാരും ക്രിസ്ത്യാനികളും ജല്‍പിക്കുന്നു. താങ്കള്‍ ചോദിക്കുക: എങ്കില്‍ പാപങ്ങള്‍ക്ക് നിങ്ങളെയവന്‍ ശിക്ഷിക്കുന്നതെന്തിന്? അല്ല, അവന്‍ സൃഷ്ടിച്ചവരില്‍ നിന്നുള്ള ചില മനുഷ്യര്‍ മാത്രമാണു നിങ്ങള്‍. താനുദ്ദേശിച്ചവര്‍ക്കവന്‍ പൊറുത്തുകൊടുക്കും, ഉദ്ദേശിച്ച വരെയവന്‍ ശിക്ഷിക്കും. ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിനാകുന്നു. അവനിലേക്കു തന്നെയാണ് എല്ലാവരുടെയും മടക്കം.
ഈസാ (عليه السلام) നെക്കുറിച്ച് അല്ലാഹുവിന്‍റെ മകന്‍ എന്ന് നസ്വാറാക്കള്‍ പറയുന്ന പോലെയല്ല, യഹൂദികള്‍ അല്ലാഹുവിന്‍റെ മക്കളാണെന്ന് പറയുന്നത്. ശാരീരികമായ മക്കള്‍ എന്ന അര്‍ത്ഥത്തിലല്ല – ആത്മീയമായ മക്കള്‍ എന്ന അര്‍ത്ഥത്തിലാണ് – തങ്ങള്‍ ഇതു പറയുന്നതെന്ന് അവര്‍ വിശദീകരിക്കാറുണ്ട്.
ഇവരുടെയൊക്കെ വംശപിതാവായ യഅ്ഖൂബ് (عليه السلام) നെക്കുറിച്ച് ‘എന്‍റെ പുത്രന്‍’ എന്ന് അവരുടെ വേദഗ്രന്ഥത്തില്‍ ഒരു പരാമര്‍ശമുണ്ടത്രെ, അതുകൊണ്ട് അദ്ദേഹത്തിന്‍റെ മക്കളുടെ മക്കളായ ഞങ്ങള്‍ അല്ലാഹുവിന്‍റെ പുത്രപൗത്രന്മാരാണെന്നാണ് അവര്‍ ജല്‍പിക്കുന്നത്. തദടിസ്ഥാനത്തില്‍ അല്ലാഹുവിന്‍റെ ശിക്ഷയെപ്പറ്റി ഞങ്ങള്‍ക്ക് പേടിക്കേണ്ട കാര്യമില്ല എന്നും വാദിക്കും.
ഇനിയിപ്പോള്‍, അങ്ങനെ യഅ്ഖൂബ് (عليه السلام)നെ സംബന്ധിച്ചോ ഈസാ (عليه السلام)നെ സംബന്ധിച്ചോ – തൗറാത്തിലോ ഇന്‍ജീലിലോ – ‘പുത്രന്‍’ എന്ന സംബോധനയോ വിശേഷണമോ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുവന്നാല്‍ തന്നെയും അതൊരു അലങ്കാരാര്‍ത്ഥത്തില്‍ മാത്രമാണ്. അല്ലാതെ, സാക്ഷാല്‍ അര്‍ത്ഥത്തിലല്ലെന്ന് തീര്‍ച്ചയാണ്.
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ
പ്രപഞ്ചത്തിന്‍റെ ആധിപത്യം മുഴുവനും അല്ലാഹുവിനാണെന്ന് പറഞ്ഞ്, തിരുനബി (صلى الله عليه وسلم) ക്ക് ലഭിച്ച ഈ നുബുവ്വത്തും ആധിപത്യവും അല്ലാഹു നല്‍കിയതാണെന്നും, അതംഗീകരിക്കുകയാണ്- അസൂയപ്പെടുകയല്ല വേണ്ടതെന്നും അവരെ ഉണര്‍ത്തുകയാണ്.
وَإِلَيْهِ الْمَصِيرُ
താക്കീതാണിത്. എല്ലാവരുടെയും മടക്കം റബ്ബിന്‍റെയടുത്തേക്കാണ്. അവന്‍റെ നിയമനടപടികളെ തള്ളിക്കളയുന്നവരെ അവിടെ വെച്ച് ശിക്ഷിക്കുകതന്നെ ചെയ്യും.
അടുത്ത ആയത്ത് 19
ഈസാ നബി (عليه السلام) നു മുമ്പ് ഇസ്രാഈല്യരില്‍ നിരവധി നബിമാരും റസൂലുകളും വന്നിട്ടുണ്ട്. പലപ്പോഴും ഒരേ കാലത്തുതന്നെ ഒന്നിലധികം പ്രവാചകന്മാരുമുണ്ടായിരുന്നു. എന്നാല്‍, ഈസാ (عليه السلام) വന്നതിനു ശേഷം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിയോഗിക്കപ്പെടുന്നതുവരെ മറ്റൊരു റസൂലും വന്നിട്ടില്ല. ഈ കാലത്തിനാണ്, അതായത് ഈസാനബി(عليه السلام)യുടെയും മുഹമ്മദ് നബി (صلى الله عليه وسلم)യുടെയും ഇടയിലുള്ള കാലത്തിനാണ് ഫത്റത്തിന്‍റെ കാലഘട്ടം എന്ന് പറയുന്നത്. സുമാര്‍ അഞ്ചര നൂറ്റാണ്ട്. വേറെയും അഭിപ്രായമുണ്ട്.
ക്രിസ്‌ത്വബ്ദം 570 ഓഗസ്റ്റ് 20 നാണല്ലോ തിരുനബി (صلى الله عليه وسلم) യുടെ ജനനം. പ്രവാചകത്വം ലഭിച്ചത് 610 ലും. ഈ കാലത്തിനിടയില്‍ വേറെ പ്രവാചകര്‍ നിയുക്തരായിരുന്നില്ല. ഈയൊരു ഇടവേളയിലാണ് മുന്‍കാലവേദഗ്രന്ഥങ്ങള്‍ മാറ്റിമറിക്കപ്പെട്ടത്. അന്ധകാരം നിറഞ്ഞാടിയിരുന്ന ആ ഘട്ടത്തിലാണ് മുഹമ്മദ് നബി (صلى الله عليه وسلم)യുടെ ആഗമനം.
ഈ പശ്ചാത്തലത്തിലാണ് അല്ലാഹു വേദക്കാരോടിങ്ങനെ പറയുന്നത്:
`ഒരു പ്രവാചകന്‍ വരാതിരുന്നതുകൊണ്ടാണ് ഞങ്ങള്‍ വഴിതെറ്റിപ്പോയതെ'ന്ന് പരലോകത്ത് നിങ്ങള്‍ ന്യായം പറയാനിടയുണ്ട്. അതിനവസരമുണ്ടാകാതിരിക്കാന്‍വേണ്ടി ഇതാ നിങ്ങളുടെ അടുത്തേക്ക് നമ്മുടെ റസൂല്‍ വന്നുകഴിഞ്ഞിരിക്കുന്നു. ഇനി, ആ റസൂലിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റി ജീവിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. വേറെ ഒഴിവുകഴിവുകളൊന്നും നിങ്ങള്‍ക്കിനി പറയാന്‍ കഴിയില്ല. അതിന് തയ്യാറല്ലെങ്കില്‍ കടുത്ത ശിക്ഷക്ക് വിധേരയാകേണ്ടിവരും. എത്ര കടുത്ത ശിക്ഷ നല്‍കാനും അല്ലാഹു ശക്തനാണ്.’
يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِنَ الرُّسُلِ أَنْ تَقُولُوا مَا جَاءَنَا مِنْ بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَاءَكُمْ بَشِيرٌ وَنَذِيرٌ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (19)
ഹേ വേദക്കാരേ, ദൈവദൂതന്മാര്‍ നിയുക്തരാകാത്ത ഒരിടവേളക്കു ശേഷം കാര്യങ്ങള്‍ പ്രതിപാദിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളിലേക്ക് വന്നിരിക്കുകയാണ്; 'ഒരു ശുഭവാര്‍ത്താവാഹകനോ താക്കീതുകാരനോ ഞങ്ങളുടെയടുത്തേക്ക് വന്നില്ലല്ലോ' എന്നു നിങ്ങള്‍ ന്യായം പറയാതിരിക്കാനാണിത്. ഇപ്പോഴിതാ ശുഭവാര്‍ത്താവാഹകനും താക്കീതുകാരനും നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, തീര്‍ച്ച. സര്‍വകാര്യത്തിനും കഴിവുറ്റവനാണ് അല്ലാഹു.
ഞങ്ങള്‍ക്ക് സത്യമാര്‍ഗം പഠിപ്പിച്ചുതരാന്‍ നീയെന്തേ ദൂതന്മാരെ അയച്ചു തന്നില്ല എന്ന് മുഴുവന്‍ അവിശ്വാസികളും പരലോകത്ത് ന്യായം പറയുമത്രേ. അല്ലാഹു അയച്ച മുര്‍സലുകളുടെ ആളുകള്‍തന്നെ, ഇവര്‍ ദൗത്യം നിര്‍വഹിച്ചിട്ടില്ല എന്ന് അവിടെ വെച്ച് തട്ടിവിടുമെന്ന് തിരുനബി(صلى الله عليه وسلم) പറഞ്ഞതായി ബുഖാരി رحمه الله ഉദ്ധരിച്ചിട്ടുണ്ട്.
فَقَدْ جَاءَكُمْ بَشِيرٌ وَنَذِيرٌ
പ്രവാചകന്മാരുടെ പ്രബോധനത്തിന് രണ്ടു പ്രധാന വശങ്ങളാണുള്ളത് - സന്മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കലും, അല്ലാത്തവര്‍ക്ക് ശിക്ഷകളെക്കുറിച്ച് താക്കീതു നല്‍കലും. അതാണ് പ്രവാചകന്മാരെപ്പറ്റിبَشِير എന്നും نَذِير എന്നും പറഞ്ഞത്. വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും ഈ പ്രയോഗങ്ങള്‍ കാണാം.
وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഇമാം ഥബരി(رحمه الله) എഴുതുന്നു: `.....ഞാന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. ധിക്കരിച്ചവരെ ശിക്ഷിക്കാനും അനുസരിച്ചവര്‍ക്ക് പ്രതിഫലം നല്‍കാനും എനിക്ക് സാധിക്കും. അതുകൊണ്ട് എന്നെ ധിക്കരിച്ചും എന്‍റെ പ്രവാചകരെ നിഷേധിച്ചും ശിക്ഷ ചോദിച്ചുവാങ്ങുന്നത് നിങ്ങള്‍ സൂക്ഷിക്കുക. എന്നെ അനുസരിച്ചും പ്രവാചകനെ അംഗീകരിച്ചും എന്‍റെ പ്രതിഫലം നിങ്ങള്‍ കാംക്ഷിക്കുകയും ചെയ്യുക...' (ജാമിഉല്‍ ബയാന്‍).
അടുത്ത ആയത്ത് 20
ഇസ്രാഈല്യരുടെ വംശപിതാവ് യഅ്ഖൂബ് നബി عليه السلامയുടെ പിതാമഹനായ ഇബ്‌റാഹീം നബി (عليه السلام) യുടെ ശരിയായ നാട് ഇറാഖായിരുന്നു. അവിടെ നിന്ന് ഹിജ്റ ചെയ്തുവന്ന് മഹാനവര്‍കള്‍ ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസില്‍ താമസമാക്കി. അവിടെ വെച്ചുതന്നെയാണ് വഫാത്തായതും. അങ്ങനെ, മഹാനവര്‍കളുടെ കുടുംബം ആ ദേശക്കാരായി മാറി.
കുറെ കഴിഞ്ഞപ്പോള്‍, യൂസുഫ് നബി (عليه السلام) ഈജിപ്തിലെ ഭരണാധികാരിയായി മാറിയപ്പോള്‍, മഹാനവര്‍കളുടെ പിതാവും ഇബ്‌റാഹീം നബി (عليه السلام) യുടെ പൗത്രനുമായ യഅ്ഖൂബ് നബി (عليه السلام) കുടുംബസമേതം ഈജിപ്തിലേക്ക് താമസം മാറ്റി. കാലക്രമേണ അവര്‍ വലിയൊരു സമുദായമായി മാറി.
പിന്നീട്, യൂസുഫ് നബി(عليه السلام)യുടെ കാലശേഷം ഫറോവമാരുടെ അക്രമ-മര്‍ദന-പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നു അവര്‍. അസഹ്യമായ മര്‍ദനങ്ങളേറ്റ് ഒരുതരം അടിമത്തജീവിതം നയിച്ചുവരികയായിരുന്ന പശ്ചാത്തലത്തിലാണ് അവരെ മോചിപ്പിക്കാന്‍ വേണ്ടി മൂസാന ബി عليه السلامയെ അല്ലാഹു നിയോഗിക്കുന്നത്.
പുണ്യദേശമായ ഫലസ്ഥീനിലേക്കുതന്നെ അവരെ തിരിച്ചെത്തിക്കുമെന്ന് യഅ്‌ഖൂബ് നബി(عليه السلام) മുഖേന അല്ലാഹു നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് മൂസാ നബി(عليه السلام) അവരെയും കൊണ്ട് ഫലസ്ഥീനിലേക്ക് പുറപ്പെട്ടപ്പോഴുണ്ടായ സംഭവമാണിനി പറയുന്നത്.
മൂസാനബി عليه السلامയും സംഘവും ചെങ്കടല്‍ കടന്ന് സീനാമരുഭൂമിയിലെത്തി. അവിടെ വെച്ച്, അവരുടെ വാഗ്ദത്തദേശം തിരിച്ചുപിടിക്കാനായി, നിലവില്‍ അത് കൈവശം വെച്ചുകൊണ്ടിരുന്ന ശത്രുക്കളുമായി ഏറ്റുമുട്ടാനൊരുങ്ങാന്‍ മൂസാ നബി عليه السلام നിര്‍ദ്ദേശിച്ചു. പക്ഷേ, അവരതിന് തയ്യാറായില്ല. അതാണ് ഇനിയുള്ള ആയത്തുകളുടെ പശ്ചാത്തലം.
അനുസരണക്കേടും ധിക്കാരവും മൂലം സീനാ മരുഭൂമിയില്‍ നാല്‍പത് വര്‍ഷം അവര്‍ അലഞ്ഞു തിരിഞ്ഞു കറങ്ങി. ഭീരുക്കളുടെ തലമുറ നാല്‍പത് വര്‍ഷത്തിനകം ഏറെക്കുറെ അവസാനിച്ചു. ധീരരായ പുതിയ തലമുറയാണ് പിന്നീട് കന്‍ആനികളെ (കാനാന്യര്‍) തുരത്തി വാഗ്ദത്ത ഭൂമി തിരിച്ചുപിടിച്ചത്.
ശത്രുക്കളോട് ഏറ്റമുട്ടാന്‍ മനോവീര്യവും ആത്മധൈര്യവും ഉണ്ടാകാന്‍ വേണ്ടി, അല്ലാഹു അവര്‍ക്ക് ചെയ്‌തുകൊടുത്ത ചില അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് മൂസാ നബി عليه السلام.
ആദ്യം അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ മൊത്തത്തില്‍ ഓര്‍മപ്പെടുത്തുകയാണ്. പിന്നീട് ചില അനുഗ്രങ്ങള്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നു. നിങ്ങള്‍ നന്ദിയും അനുസരണവുമുള്ളവരാണെങ്കില്‍, മേലിലും അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുമെന്നും, ഇല്ലാത്തപക്ഷം നന്ദികെട്ടവരായി നാശമടയുകയും ചെയ്യുമെന്നും അവരെ ഓര്‍മിപ്പിക്കുകയാണ്.
وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنْبِيَاءَ وَجَعَلَكُمْ مُلُوكًا وَآتَاكُمْ مَا لَمْ يُؤْتِ أَحَدًا مِنَ الْعَالَمِينَ (20)
മൂസാ നബി തന്‍റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം അനുസ്മരിക്കുക: എന്‍റെ ജനങ്ങളേ, നിങ്ങളില്‍ നിന്നു പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കളാക്കുകയും മര്‍ത്യരില്‍ മറ്റാര്‍ക്കും കൊടുത്തിട്ടില്ലാത്തത് നിങ്ങള്‍ക്കു നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് ഓര്‍ക്കുക.
മൂന്നു കാര്യങ്ങളാണ് മൂസാ (عليه السلام) നബി പ്രത്യേകം ഓര്‍മിപ്പിക്കുന്നത്:
1) إِذْ جَعَلَ فِيكُمْ أَنْبِيَاءَ
ഇസ്രാഈല്യരില്‍ നിന്ന് നിയുക്തരായത്ര പ്രവാചകന്മാര്‍ മറ്റൊരു സമുദായത്തില്‍ നിന്നും ഉണ്ടായിട്ടില്ല. ഇവരുടെ വംശപിതാവായ യഅ്ഖൂബ് നബി (عليه السلام) മുതല്‍ മൂസാ നബി (عليه السلام) വരെയും ഇടക്കിടെ പ്രവാചകന്മാര്‍ വന്നുകൊണ്ടിരുന്നിട്ടുണ്ട്. ആ നിലക്ക് വളരെ അച്ചടക്കവും അനുസരണവും കാണിക്കേണ്ടവരാണവര്‍. അതാണ് മൂസാ നബി(عليه السلام) ഓര്‍മിപ്പിക്കുന്നത്. മൂസാനബി عليه السلام ക്ക് ശേഷവും നിരവധി പ്രവാചകന്മാര്‍ അവരില്‍ വന്നിട്ടുണ്ട്.
ഇബ്രാഹീം നബി(عليه السلام)യുടെ മകന്‍ ഇസ്‌ഹാഖ് നബി(عليه السلام)യുടെ മകന്‍ യഅ്‌ഖൂബ് നബി(عليه السلام) ആണ് അവരുടെ പിതാമഹന്‍. ഈ മൂന്നു മഹാത്മാക്കളും പ്രവാചക ശ്രേഷ്‌ഠരിലെ സവിശേഷ പദവിയുള്ളവരാണ്.
2) وَجَعَلَكُمْ مُلُوكًا
നിങ്ങളില്‍ രാജാക്കളെ ഏര്‍പ്പെടുത്തി എന്നല്ല, നിങ്ങളെ രാജാക്കളാക്കി എന്നാണ് അല്ലാഹു പറഞ്ഞത്. എല്ലാവരും രാജാക്കളാണോ, അല്ലല്ലോ. അപ്പോള്‍പിന്നെ ഇവിടെ مُلُوكًا എന്ന വാക്ക് ഉപയോഗിച്ചത് എന്തിനാണെന്ന കാര്യത്തില്‍ വിവിധ അഭിപ്രായങ്ങളുണ്ട്.
മാലിക് എന്ന പദത്തിന്‍റെ ബഹുവചനമാണ് മുലൂക്.
ഇസ്രാഈല്യര്‍ ഈജിപ്‌തില്‍ അടിമകളായി കഴിയുകയായിരുന്നല്ലോ. ദയനീയമായ ആ ഒരവസ്ഥ ഇന്നവര്‍ക്കില്ല. അതില്‍ നിന്നൊക്കെയവര്‍ രക്ഷപ്പെട്ടുപോന്നു. ഇന്നവര്‍ സ്വതന്ത്രരാണ്. അടിമത്തത്തില്‍ നിന്ന് മോചനം ലഭിച്ച് സ്വാതന്ത്ര്യം നേടുക എന്നത്, രാജപദവി കിട്ടുന്നതിലേറെ സന്തോഷകരമായിരിക്കുമല്ലോ. അതാണിവിടെ ഉദ്ദേശ്യമെന്നാണ് ഒരഭിപ്രായം.
മൂസാ നബി (عليه السلام) നു മുമ്പ് അവരില്‍ ചില രാജാക്കള്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നും അവരെ ഉദ്ദേശിച്ചാണ് രാജാക്കളെന്നു പറഞ്ഞതെന്നുമാണ് മറ്റൊരു അഭിപ്രായം.
വേറെയും അഭിപ്രായങ്ങളുണ്ട്.
3) وَآتَاكُمْ مَا لَمْ يُؤْتِ أَحَدًا مِنَ الْعَالَمِينَ
മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പല നന്മകളും അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന മറ്റു സമുദായങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും മികച്ചുനിന്നവരായിരുന്നു ഇസ്രാഈല്യര്‍. മത-സാസംസ്കാരിക-നാഗരിക രംഗങ്ങളിലെല്ലാം മുന്‍പന്തിയിലായിരുന്നു അവര്‍.
കന്‍ആനില്‍ ഇബ്‌റാഹീം (عليه السلام) നബിയുടെ കാലം മുതല്‍ ഈജിപ്തില്‍ യൂസുഫ് (عليه السلام) നബിയുടെ കാലം കഴിയുന്നതുവരെ ആ പ്രതാപം നിലനിന്നിരുന്നു. പിന്നീടാണ് ക്രമേണ അവരുടെതന്നെ കൈയിലിരിപ്പുകാരണം അതെല്ലാം നശിച്ചുതുടങ്ങിയത്. അങ്ങനെ, മൂസാ നബി (عليه السلام) യുടെ നിയോഗം വഴി പഴയ ആ പേരും യശസ്സുമെല്ലാം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണവര്‍.
മറ്റൊരു സമൂഹമവും കാണാത്ത എത്രയോ ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും കണ്ടവരാണവര്‍. ചെങ്കടല്‍ പിളര്‍ത്തി അവരെ രക്ഷപ്പെടുത്തി, ഫിര്‍ഔനെയും ശിങ്കിടികളെയും മുക്കിക്കൊന്ന് അവരുടെ സമ്പാദ്യങ്ങള്‍ ഇവര്‍ക്ക് നല്‍കി, മരുഭൂമിയില്‍ അലഞ്ഞുതിരിയുന്ന കാലത്ത് മന്നും സല്‍വായും ഇറക്കി, പാറക്കല്ലില്‍ നിന്ന് ശുദ്ധജലം ഉറവപൊട്ടിച്ചുകൊടുത്തു, മേഘം കൊണ്ട് തണലിട്ടു... ഇതെല്ലാം അല്ലാഹു അവര്‍ക്ക് നല്‍കിയ പ്രത്യേകാനുഗ്രഹങ്ങളാണ്.
മൂസാനബി(عليه السلام) യുടെ കൂടെ സീനാപര്‍വതത്തിലേക്കു പോകാന്‍ എഴുപത് പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവല്ലോ (അല്‍ അഅ്‌റാഫ്-155). അതും അവര്‍ക്ക് നല്‍കിയ ഒരനുഗ്രഹമാണ്.
ചുരുക്കിപ്പറഞ്ഞാല്‍, അക്കാലത്തെ സമുദായങ്ങളെ അപേക്ഷിച്ച് അവര്‍ക്ക് പ്രത്യേകമായി നല്കിയ അനുഗ്രഹളും സ്ഥാനമാനങ്ങളും ഉദ്ദേശിച്ചാണ്, മറ്റാര്‍ക്കും നല്‍കാത്തത് നിങ്ങള്‍ക്കല്ലാഹു നല്‍കി എന്ന് പറഞ്ഞത്.
അടുത്ത ആയത്ത് 21
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍മിപ്പിച്ച ശേഷം, അവന്‍ നിശ്ചയിച്ചുതന്ന പരിശുദ്ധ ഭൂമിയില്‍ പ്രവേശിച്ചുകൊള്ളാന്‍ മൂസാ നബി عليه السلام ഇസ്രാഈല്യരോട് പറയുന്നതാണ് ഇനിയുള്ള ആയത്തിലുള്ളത്.
പക്ഷേ, പെട്ടെന്നങ്ങോട്ട് കടന്നുചെന്നു താമസമാക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അവിടെയുണ്ടായിരുന്നത്. അമാലിഖ വര്‍ഗക്കാര്‍ (العمالقة – അമലേക്യര്‍) അവിടെ കുടിയേറിയിട്ടുണ്ട്. അവരാകട്ടെ, ബഹുദൈവാരാധകരും ആജാനുബാഹുക്കളും അതിശക്തരുമാണ്.
അവരോടു ഏറ്റുമുട്ടി ജയിച്ചുവേണം ഇസ്രാഈല്യര്‍ക്കവിടെ പ്രവേശിക്കാന്‍. മടിയും പേടിയും അനുസരണക്കേടും കാരണം അവരതിനു തയ്യാറായില്ല. അതുകൊണ്ടുതന്നെ, നിങ്ങള്‍ ഭീരുക്കളാകരുതെന്നും പിന്നോട്ടടിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നഷ്ടക്കാരായിത്തീരുമെന്നും മൂസാ നബി عليه السلامഅവരെ പ്രത്യേകം ഓര്‍മപ്പെടുത്തുന്നുമുണ്ട്.
يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنْقَلِبُوا خَاسِرِينَ (21)
എന്‍റെ സമൂഹമേ, അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചു തന്ന ഫലസ്ഥീന്‍ പുണ്യഭൂമിയില്‍ പ്രവേശിക്കൂ; ശത്രുഭയം മൂലം പിന്തിരിഞ്ഞോടരുത്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരുന്നതാണ്.
يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ
അല്ലാഹു നിശ്ചയിച്ച നാട് എന്നു പറഞ്ഞാല്‍, ബൈത്തുല്‍ മുഖദ്ദസുള്ള നാടാണ് ഉദ്ദേശ്യം. അതായത് ഫലസ്ഥീന്‍. മുഫസ്സിറുകളത് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന്മാരുടെ ആസ്ഥാനവും സത്യവിശ്വാസികളുടെ സങ്കേതവുമായതുകൊണ്ടാണ് വിശുദ്ധനാട് എന്ന് വിശേഷിപ്പിച്ചത് (ബൈളാവി).
ആ പുണ്യഭൂമി ഇസ്രാഈല്യര്‍ക്ക് അധീനപ്പെടുത്തിക്കൊടുക്കുമെന്ന് യഅ്‌ഖൂബ് നബി(عليه السلام)യോട് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അതാണ് വാഗ്ദത്തഭൂമി, നിശ്ചയിച്ച ഭൂമി എന്നൊക്കെ പറയാന്‍ കാരണം.
അടുത്ത ആയത്ത് 22
മൂസാ നബി عليه السلام ഇങ്ങനെ നിര്‍ദ്ദേശിച്ചപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു എന്നാണിനി പറയുന്നത്.
വാഗ്‌ദത്തഭൂമിയിലെ വിവരങ്ങളറിയാനും അറിഞ്ഞ കാര്യങ്ങള്‍, തന്നെ രഹസ്യമായി അറിയിക്കാനും പറഞ്ഞ്, മൂസാനബി(عليه السلام) പന്ത്രണ്ടു നേതാക്കളെ തെരഞ്ഞെടുത്ത് അവിടേക്ക് അയച്ചിരുന്നു. മൂസാ നബി عليه السلام പറഞ്ഞതുപോലെ കാര്യങ്ങള്‍ ചെയ്യാമെന്ന് നേതാക്കളും ഉറപ്പുകൊടുത്തിരുന്നു.
പക്ഷേ, അവിടെയെത്തിയ നേതാക്കള്‍ ആജാനുബാഹുക്കളും ശക്തരുമായ അമാലിഖക്കാരെ കണ്ട് പേടിച്ചുപോയി. തിരിച്ചെത്തിയ അവരെല്ലാവരും (രണ്ടുപേരൊഴികെ) മൂസാ നബി عليه السلام യോട് രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനു പകരം, നമുക്കവരെ നേരിടാന്‍ കഴിയില്ലെന്ന് പരസ്യമായി ആളുകളോട് പ്രഖ്യാപിച്ചു. ഇതുകേട്ട് ജനങ്ങളും ആകെ പേടിച്ചുപോയി.
മൂസാ നബി عليه السلامക്ക് നല്‍കിയ ഉറപ്പ് നേതാക്കള്‍ ലംഘിച്ചത്, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. മഹാനവര്‍കളുടെ നിര്‍ദ്ദേശം അവരംഗീകരിച്ചില്ലെന്നുമാത്രമല്ല, ധിക്കാരപരമായി നേരിടുകയാണ് ചെയ്തത്: `അവര്‍ അന്നാട്ടിലുള്ളിടത്തോളം ഞങ്ങളങ്ങോട്ടു പോകില്ല! അവര്‍ ഒഴിഞ്ഞുപോയാല്‍ ഞങ്ങള്‍ പ്രവേശിക്കാം.’ അതൊരു വെറുംവാക്കാണെന്നത് വേറെ കാര്യം. പോകാനുള്ള സന്നദ്ധത കൊണ്ടല്ല അവരങ്ങനെ പറഞ്ഞത്.
قَالُوا يَا مُوسَىٰ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَنْ نَدْخُلَهَا حَتَّىٰ يَخْرُجُوا مِنْهَا فَإِنْ يَخْرُجُوا مِنْهَا فَإِنَّا دَاخِلُونَ (22)
അവര്‍ പ്രതികരിച്ചു: ഹേ മൂസാ, അതിശക്തരായൊരു ജനതതിയാണവിടെയുള്ളത്. അവരവിടെ നിന്നു പുറത്തു പോകുന്നതുവരെ ഞങ്ങളങ്ങോട്ടു കടക്കില്ല, തീര്‍ച്ച; അവര്‍ ഒഴിഞ്ഞു പോയാല്‍ ഞങ്ങള്‍ പ്രവേശിക്കാം!
അടുത്ത ആയത്ത് 23
നേരത്തെ പറഞ്ഞ 12 പേരടങ്ങുന്ന നേതൃസംഘത്തിലെ രണ്ടു പേര്‍ മാത്രം പോയിവന്ന ശേഷം കാര്യങ്ങള്‍ ശരിയായി വിശദീകരിച്ചു. അല്ലാഹുവില്‍ ഭരമേല്പിച്ച് നമ്മളങ്ങോട്ട് പോയാല്‍ ജയം ഉറപ്പാണെന്നും പറഞ്ഞു. അക്കാര്യമവര്‍ ആളുകളോട് പറയുന്നതാണ് ഇനി 23 ആം ആയത്തിലുള്ളത്.
ഈ രണ്ടു പേര്‍ യൂശഉബ്‌നുനൂന്‍, കാലബുബ്‌നു യൂഫന്നാ എന്നിവരാണ്. ഒരാള്‍ നൂനിന്‍റെ മകന്‍ യൂശഉം (عليه السلام), മറ്റേതു യഫുന്നായുടെ മകന്‍ കാലബും (يوشع بن نون، كالب بن يفنا).
മൂസാ (عليه السلام) നബിയുടെ സഹചാരിയും മഹാനവര്‍കള്‍ക്കു ശേഷം ഇസ്രാഈല്യരുടെ നേതൃത്വം ഏറ്റെടുത്ത പ്രവാചകനുമാണ് യൂശഅ് (عليه السلام).
കാലബിനെപ്പറ്റി കൂടുതല്‍ വിവരം ലഭ്യമല്ല. വലിയൊരു മഹാനാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹത്തിന് പാത്രമായവര്‍ എന്ന് ഇനി നമ്മള്‍ പഠിക്കുന്ന ആയത്തില്‍ പറയുന്നുമുണ്ട്.
സംഘത്തിലെ പത്തുപേരും നേരത്തെ പറഞ്ഞപോലെ ജനങ്ങളെ പിന്തിരിപ്പിക്കാനും ധൈര്യം കെടുത്താനും മാത്രമുതകുന്ന പരസ്യപ്രസ്‌താവനകള്‍ നടത്തിയപ്പോള്‍ ഇവര്‍ രണ്ടുപേരും മറിച്ചാണ് ചെയ്‌തത്. ആളുകളെയവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ആളുകള്‍ പറയുന്നതുപോലെ, അന്നാട്ടുകാര്‍ ശക്തന്മാരും ക്രൂരന്മാരുമൊക്കെ തന്നെയാണെങ്കിലും അവരെ ഭയപ്പെടേണ്ടതില്ല. സധൈര്യം പട്ടണത്തിന്‍റെ പടിവാതില്‍ ആക്രമിച്ചു അകത്തേക്ക് കടന്നു കഴിഞ്ഞാല്‍, അവരുടെ വീര്യം നശിക്കും. വളരെ എളുപ്പം അവരെ പരാജയപ്പെടുത്താന്‍ കഴിയുകയും ചെയ്യും. അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നേറുക. നിങ്ങളോട് പറഞ്ഞത് ചെയ്താല്‍മാത്രം മതി – അതായത് യുദ്ധത്തിനിറങ്ങുക. ബാക്കി കാര്യങ്ങള്‍ സര്‍വശക്തന്‍ സാക്ഷാല്‍കരിച്ചുതരും.
അല്ലാഹുവിലുള്ള അജയ്യവും അചഞ്ചലവുമായ വിശ്വാസമാണ് ഇവ്വിധം പറയാന്‍ അവരെ പ്രേരിപ്പിച്ചത്. കാരണം, അന്നാട്ടിലുള്ള ധിക്കാരികളെ തുരത്താന്‍ അല്ലാഹുവാണ് സത്യവിശ്വാസികളോട് കല്പിച്ചത്. അപ്പോള്‍പിന്നെ ജയിക്കാനുള്ള വഴിയും അവന്‍ തന്നെയുണ്ടാക്കും. വിജയവും സഹായവുമൊക്കെ എപ്പോഴും അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണല്ലോ ലഭിക്കുക.
قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ (23)
ദൈവഭയമുള്ളവരും അല്ലാഹു അനുഗ്രഹിച്ചവരുമായ രണ്ടുപേര്‍ പറഞ്ഞു: 'നഗരകവാടം കടന്നു അവര്‍ക്കു നേരെ ചെല്ലൂ; അവിടെ പ്രവേശിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ വിജയികളാകും, തീര്‍ച്ച. സത്യവിശ്വാസികളാണെങ്കില്‍ കാര്യങ്ങളത്രയും നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.'
എങ്ങനെയൊക്കെ പറഞ്ഞുനോക്കിയിട്ടും അവരതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ദുര്‍വാശി കാണിക്കുന്ന ചെറിയ കുട്ടികളെപ്പോലെ മൂസാ (عليه السلام) നോടു കടുത്ത ധിക്കാരസ്വരത്തില്‍ അവര്‍ പറഞ്ഞത്രേ: ‘മൂസാ! അവരുള്ള കാലത്തോളം ഞങ്ങള്‍ അന്നാട്ടിലേക്കു പ്രവേശിക്കുകയേ ഇല്ല. യുദ്ധം ചെയ്തേ പറ്റൂ എങ്കില്‍ നീയും നിന്‍റെ റബ്ബും പോയി യുദ്ധം ചെയ്തു അവരെ അവിടെനിന്നു തുരത്തി വിടുക. അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ ഇരിക്കാം. അതു കണ്ടതിനു ശേഷമേ ഞങ്ങള്‍ അങ്ങോട്ടു നീങ്ങൂ…..’
എന്തൊരു ധിക്കാരം! ഇക്കാര്യമാണ് അടുത്ത പേജില്‍ പറയുന്നത്.
---------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment