വിഷയം: ‍ നഷ്ടപ്പെട്ട് ചെരുപ്പ്

ഞാൻ പള്ളിയിൽ ഊരിവെച്ച എന്റെ ചെരിപ്പ് ആരോ മാറി ഇട്ടുകൊണ്ട് പോയി, പകരം അയാളുടെ ചെരിപ്പ് അവിടെ വെച്ചിട്ടുമുണ്ട്. രണ്ട് ചെരിപ്പും ഒരേ മോഡൽ ആണെങ്കിലും കളറിലും മറ്റും വ്യത്യാസമുള്ളതുകൊണ്ട് അത് മാറിപ്പോയതാണെന്ന് എനിക്ക് തോന്നുന്നു. ഇത് സംഭവിച്ചിട്ട് ഇപ്പോൾ ഒരു ദിവസം കഴിഞ്ഞു, ഇപ്പോഴും അയാൾ അത് തിരിച്ചു കൊണ്ടുവെച്ചിട്ടില്ല. എന്റെ ചെരിപ്പ് പോയ സ്ഥിതിക്ക് അവിടെയുള്ള അയാളുടെ ചെരിപ്പ് എനിക്ക് എടുത്ത് ഉപയോഗിക്കാൻ പറ്റുമോ? ഇനി അയാൾ അത് തിരിച്ചു തന്നില്ലെങ്കിൽ ഞാൻ ആ ചെരിപ്പ് എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

Swalih

Jul 25, 2026

CODE :Fiq16415

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ആദ്യം ചെയ്യേണ്ടത് ആ ചെരുപ്പ് സ്വന്തമാക്കി എടുക്കാതെ മാറ്റിവെക്കുക എന്നതാണ്.

കൊണ്ടുപോയ ഉടമസ്ഥനെ നിങ്ങൾക്ക് അറിയാമെങ്കിൽ അവനെ അന്വേഷിച്ച് കാര്യങ്ങൾ അറിയിച്ച്, നിങ്ങളുടെ ചെരുപ്പ് കൈപ്പറ്റുകയും അവന്റെ ചെരുപ്പ് തിരിച്ചു കൊടുക്കുകയും ചെയ്യാം.

ഇനി കൊണ്ടുപോയ ആളെ ഒരു നിലയ്ക്കും അറിയാനുള്ള മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ, ആ ചെരുപ്പ് അവിടെത്തന്നെ വെക്കുകയായിരിക്കും ഉചിതം. നിങ്ങൾ തൽക്കാലം വേറൊരു ചെരുപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക. ഒരുപക്ഷേ, ഉടമസ്ഥൻ ആ ചെരുപ്പ് തേടി വരാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം നിങ്ങളുടെ നമ്പർ പള്ളി ഇമാമിന് കൊടുക്കാവുന്നതാണ്. തിരികെ വന്ന് ചെരുപ്പ് വെച്ചാൽ ഇമാമിന് നിങ്ങളെ ബന്ധപ്പെടാമല്ലോ.

ഇനി, ഒരു നിലയ്ക്കും ആ ചെരുപ്പ് അന്വേഷിച്ച് ഉടമസ്ഥൻ വരികയില്ല എന്ന് ഉറപ്പായാൽ (ദിവസങ്ങൾ കഴിഞ്ഞുപോവുകയും മേലിൽ അത് എടുത്തു കൊണ്ടുപോകാനുള്ള ഒരു സാധ്യതയുമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്താൽ) ഉപേക്ഷിക്കപ്പെട്ട സാധനത്തിന്റെ ഹുക്മിലാണ് അത് പെടുന്നത്. അപ്പോൾ നിങ്ങൾക്ക് ഒന്നുകിൽ ആ ചെരുപ്പ് മറ്റുള്ളവർക്ക് സ്വദഖ കൊടുക്കുകയോ, അല്ലെങ്കിൽ സ്വന്തമായി ഉപയോഗിക്കുകയോ ചെയ്യാം.

ഇനി, കട്ടുകൊണ്ടുപോയതാണെന്ന് ഉറപ്പാവുകയും തന്റെ അവകാശം (ചെരുപ്പ്) തിരിച്ചു കിട്ടാനുള്ള ഒരു സാധ്യതയും കാണാതിരിക്കുകയും ചെയ്താൽ, വിട്ടേച്ചുപോയ ചെരുപ്പ് (മസ്അലത്തുദ്ദഫറിന്റെ ഭാഗമായി) തനിക്ക് ഉപയോഗിക്കാവുന്നതാണ്. (തന്റെ ചെരുപ്പിനേക്കാൾ വില കുറഞ്ഞതാണ് കട്ടവന്റെ ചെരുപ്പ് എങ്കിലാണിത്)

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter