അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 92-94) അബദ്ധത്തിലുള്ള കൊല

ശത്രുക്കളോടും കപടവിശ്വാസികളോടും സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞുവെച്ചത്. ആവശ്യഘട്ടങ്ങളില്‍ പ്രതിരോധത്തിന്‍റെ ഭാഗമായി ഏറ്റുമുറ്റലുകളും മറ്റും നടത്തേണ്ടിവരുമെന്നും പറഞ്ഞു.

ഇനി പറയുന്നത് അബദ്ധത്തില്‍ സംഭവിച്ചുപോകുന്ന കൊലകളെക്കുറിച്ചാണ്. അതായത്, സത്യവിശ്വാസികളെയോ അവരോട് സഖ്യമുള്ളവരെയോ യുദ്ധവേളകളിലോ മറ്റോ അബദ്ധവശാല്‍ കൊല ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങള്‍.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ കലാപങ്ങളും ഏറ്റുമുട്ടലുകളും യുദ്ധങ്ങളും അപൂര്‍വമായിരുന്നില്ല. ഗോത്രങ്ങളും പ്രവിശ്യകളുമൊക്കെ ആത്മരക്ഷയും സമാധാനവും പരിഗണിച്ച് പലരുമായും സന്ധികളിലേര്‍പ്പെടുന്നതും സാധാരണമായിരുന്നു. ഈ പശ്ചാത്തലത്തില്‍ സംഭവിച്ചേക്കാവുന്ന വധങ്ങളും പ്രായശ്ചിത്തരീതികളുമാണിവിടെ വിവരിക്കുന്നത്.

അബദ്ധം എന്ന നിലക്കല്ലാതെ ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ വധിക്കുക എന്ന സംഭവമേ ഉണ്ടായിക്കൂടാ എന്ന് ആമുഖമായി പറഞ്ഞാണ് വിഷയം തുടങ്ങുന്നത്. ശേഷം, കൊലപാതകം പല ഇനങ്ങളായി തരംതിരിച്ച്, ഓരോന്നിന്‍റെയും വിധികള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്.

3 ഇനങ്ങളായാണ് വിശദീകരിക്കുന്നത്. 1) മനഃപൂര്‍വം (عَمْد). 2) മനഃപൂര്‍വമല്ലെങ്കിലും അതിനോട് സാദൃശ്യമുള്ളത് (شِبْهُ عَمْد). 3) അബദ്ധമായി സംഭവിക്കുന്നത് (خَطَأ) .

മനഃപൂര്‍വമുള്ള കൊലയെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.

സാധാരണഗതിയില്‍ കൊല്ലാന്‍ പര്യാപ്തമല്ലാത്ത ഒരു വസ്തു ഒരാള്‍ക്കെതിരെ പ്രയോഗിക്കുന്നതാണ് ശിബ്ഹുഅംദ് (സബോധതുല്യം).

തീരെ ഉദ്ദേശിക്കാത്ത ഒരു പ്രവൃത്തി മൂലമോ, ഉദ്ദേശ്യത്തില്‍ പിഴവ് വന്നുപോകുന്നതിനാലോ ഉണ്ടാകുന്ന കൊലക്കാണ് 'അബദ്ധം' എന്ന് പറയുന്നത്. ഉദാഹരണങ്ങള്‍: ഒരാള്‍ കാലു വഴുതി മറ്റൊരാളുടെ മേല്‍ വീണു, അപ്പോള്‍ രണ്ടാമന്‍ മരണപ്പെട്ടു. ഒരു പക്ഷിക്കുവെച്ച വെടി അബദ്ധത്തില്‍ ദേഹത്തിലേറ്റ് ഒരാള്‍ മരണപ്പെട്ടു. യുദ്ധവേളയില്‍ ശത്രുവാണെന്ന് തെറ്റിദ്ധരിച്ച് ഒരു സത്യവിശ്വാസിയെ വധിക്കുക.

കൊലക്കു പകരം കൊല ചെയ്യണം എന്ന സൂറത്തുല്‍ ബഖറ 178 ലെ വിധി മനഃപൂര്‍വം നടത്തുന്ന വധത്തിന്നു മാത്രമേ ബാധകമാവൂ. ആ പാതകത്തിന്‍റെ ഗൗരവത്തെപ്പറ്റി ഇവിടെ 93-ആം വചനത്തില്‍ വിവരിക്കുന്നുമുണ്ട്.

ശിബ്ഹുഅംദ് ആയോ അബദ്ധമായോ ഒരു സത്യവിശ്വാസിയെ കൊലപ്പെടുത്തിയാല്‍ പിന്നെ എന്തുവേണം?

മനഃപൂര്‍വമായിട്ടല്ലെങ്കിലും ഒരു മുഅ്മിനിനെ കൊല്ലുക എന്നത് ഗുരുതരം തന്നെയാണ്. അതുകൊണ്ട്, ഒരു മുസ്‌ലിമായ അടിമയെ മോചിപ്പിച്ച് പ്രായശ്ചിത്തം ചെയ്യണം. പുരുഷനോ സ്ത്രീയോ ആവാം. അതിന്ന് കഴിവില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് നോല്‍ക്കണം. തുടര്‍ച്ചയായി വേണമെന്ന് നിബന്ധനയുള്ളതുകൊണ്ട് ഇടക്കുവെച്ച് നോമ്പ് മുറിച്ചാല്‍ വീണ്ടും രണ്ടുമാസം നോല്‍ക്കണം.

പ്രായശ്ചിത്തം ചെയ്യുന്നതിന് പുറമെ കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരമായി Blood Money (ദിയ) കൊടുക്കലും നിര്‍ബന്ധമാണ്. നൂറു ഒട്ടകമാണ് ഒരാള്‍ക്ക് ദിയ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഒട്ടകം കിട്ടാത്തപ്പോള്‍ അതിന് പകരം ആടുമാടുകളോ പണമോ ആകാവുന്നതാണ്. ഈ പ്രായശ്ചത്തിത്തിന്‍റെയും ദിയയുടെയുമൊക്കെ വിശദവിവരങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടതാണ്.

കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ക്ക് ദിയ വേണ്ടെന്ന് വെക്കാവുന്നതാണ്. അത് പുണ്യമുള്ള കാര്യവുമാണ്. ദിയ കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ക്കുള്ളതാണല്ലോ. ഘാതകന് വിട്ടുവീഴ്ച ചെയ്തുകൊടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവര്‍ സ്വയം അത് ഒഴിവാക്കിക്കൊടുക്കുന്ന പക്ഷം, നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

കൊല്ലപ്പെട്ടവനും അവന്‍റെ കുടുംബവുമൊക്കെ മുസ്‌ലിംകളാകുമ്പോഴുള്ള നിയമങ്ങളാണിതുവരെ പറഞ്ഞത്. ഇനി കൊല്ലപ്പെട്ട മുസ്‌ലിമിന്‍റെ അവകാശികള്‍ ദീനിന്‍റെ ശത്രുക്കളാണെങ്കിലോ? അവര്‍ക്ക് ദിയ കൊടുക്കേണ്ടതില്ല; പ്രായശ്ചിത്തം മാത്രം മതി. കാരണം അവര്‍ക്ക് ദിയ കൊടുക്കുക എന്നുവെച്ചാല്‍, സാമ്പത്തികമായി അവരെ സഹായിക്കലാണല്ലോ അത്. മാത്രവുമല്ല, ആ പണമവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യും.

 

മഹാനായ അയ്യാശ് (عياش رضي الله عنه) അബൂജഹ്‌ലിന്‍റെ ഉമ്മയൊത്ത സഹോദരനാണ്. അദ്ദേഹം മുസ്‌ലിമായി. മദീനയിലേക്ക് ഹിജ്‌റ പോകുകയും ചെയ്തു. മുസ്‌ലിമായ കാരണത്താല്‍ മുമ്പ് അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കിയിരുന്ന ഒരാളെ പിന്നീട് കണ്ടുമുട്ടാനിടയായി. ഉടനെ അയാളെ കൊന്നുകളഞ്ഞു. സത്യത്തില്‍, ആ കൊല്ലപ്പെട്ട മനുഷ്യന്‍ മുസ്‍ലിമായി ഹിജ്‌റ പുറപ്പെട്ടതായിരുന്നു. അയ്യാശ് (رضي الله عنه) ആ വിവരം അറിഞ്ഞിരുന്നതുമില്ല. ഇത്തരം അബദ്ധ സംഭവങ്ങളിലാണ് ഈ വിധി.

 

അതേസമയം, കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ ഇസ്‍ലാമിക ഭരണകൂടത്തിന് കപ്പം കൊടുത്ത് കഴിയുന്നവരോ മുസ്‌ലിംകളുമായി സഖ്യഉടമ്പടി ചെയ്ത് സമാധാനത്തില്‍ വര്‍ത്തിക്കുന്നവരോ ആണെങ്കില്‍ അവിടെയും ദിയ കൊടുക്കണം.

 

وَمَا كَانَ لِمُؤْمِنٍ أَنْ يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَنْ قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَدِيَةٌ مُسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَنْ يَصَّدَّقُوا ۚ فَإِنْ كَانَ مِنْ قَوْمٍ عَدُوٍّ لَكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ ۖ وَإِنْ كَانَ مِنْ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ فَدِيَةٌ مُسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ ۖ فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِنَ اللَّهِ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا (92)

 

ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ വധിക്കുക എന്നത് സംഭവിക്കാന്‍ പാടില്ല; അബദ്ധവശാല്‍ വന്നുപോകുന്നതൊഴികെ. എന്നാല്‍, അബദ്ധത്തില്‍ ഒരു സത്യവിശ്വാസിയെ വല്ലവനും വധിച്ചാല്‍, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും പരേതന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് പ്രായശ്ചിത്തം; അവകാശികള്‍ ഔദാര്യമായി വിട്ടുകൊടുത്താലൊഴികെ. ഇനി കൊല്ലപ്പെട്ടവന്‍ നിങ്ങളുടെ ശത്രുവിഭാഗങ്ങളില്‍ പെട്ടവനും അതേസമയം സത്യവിശ്വാസിയുമാണെങ്കില്‍, സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക മാത്രമാണ് പ്രായശ്ചിത്തം. ഇനി, നിങ്ങളുമായി സന്ധീവ്യവസ്ഥകളുള്ള ഒരു ജനസമൂഹത്തില്‍ പെട്ടവനാണ് കൊല്ലപ്പെട്ടവനെങ്കില്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം; അടിമയെ കിട്ടിയില്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കണം. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപമാര്‍ഗമെന്ന നിലക്കാണിത് ചെയ്യേണ്ടത്. സര്‍വജ്ഞാനിയും യുക്തിമാനുമാണ് അല്ലാഹു. 

 

ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിന്‍റെ സ്ഥാനത്ത് മറ്റൊരു ജീവനെ അടിമത്ത്വത്തില്‍നിന്ന് മോചിപ്പിക്കുക, മുസ്‌ലിംകളില്‍ നിലവിലുള്ള അടിമകളെ അവസരം കിട്ടുമ്പോഴൊക്കെ സ്വതന്ത്രരാക്കുക, ക്രമേണ ആ സമ്പ്രദായം അവസാനിപ്പിക്കുക, അബദ്ധത്തിലായാലും ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം നല്‍കുക - ഇതൊക്കെയാണ് അടിമയെ മോചിപ്പിക്കുവാന്‍ പറഞ്ഞതിലെ തത്വങ്ങള്‍.

 

ഇത് സംബന്ധമായി വിശദവിവരങ്ങള്‍ കര്‍മശാസത്ര ഗന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവിടെ നിന്ന് മനസ്സിലാക്കേണ്ടതാണ്.

 

അടുത്ത ആയത്ത് 93

അബദ്ധത്തില്‍ സത്യവിശ്വാസികളെ വധിച്ചാല്‍ എന്തുചെയ്യണമെന്നാണിതുവരെ പറഞ്ഞത്.

 

മനപ്പൂര്‍വം ഒരു മുഅ്മിനിനെ കൊന്നാല്‍ എന്ത് ചെയ്യണമെന്ന് സൂറത്തുല്‍ ബഖറ 178 ല്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. അതായത്, പകരം കൊല്ലണം (قِصَاص).  കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ പ്രതിക്കൊല ഒഴിവാക്കിക്കൊടുക്കുന്നപക്ഷം, നഷ്ടപരിഹാരം (ദിയ) മതിയെന്നും അവിടെ പറഞ്ഞിട്ടുണ്ട്.

 

ഇനി പറയുന്നത്, മനഃപൂര്‍വം ഒരു മുഅ്മിനിനെ കൊല്ലുയെന്നത് എത്രമാത്രം ഗുരുതരമാണെന്നാണ്. മഹാപാപമാണത്. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലത്തും ശിര്‍ക്കിനോട് ചേര്‍ത്തിയാണ് കൊലയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

 

ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരും. അല്ലാഹുവിന്‍റെ കോപവും ശാപവുമുണ്ടാകും. വേറെയും പല വലിയ ശിക്ഷകളും നേരിടേണ്ടിവരും. ഈ പറഞ്ഞതിലേതെങ്കിലും ഒരു താക്കീതുകൊണ്ടുതന്നെ ഈ തെറ്റിന്‍റെ ഗൗരവം മനസ്സിലാക്കാം. എന്നിട്ടും എല്ലാംകൂടി ഒറ്റയടിക്കാണിവിടെ പറഞ്ഞത്! എത്രമാത്രം ഗുരുതരമാണതെന്ന് മനസ്സിലാക്കിത്തരികയാണ്.

 

 وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا (93)

ഒരു സത്യവിശ്വാസിയെ കരുതിക്കൂട്ടി ഒരാള്‍ കൊല്ലുന്ന പക്ഷം നരകമാണവന്‍റെ പ്രതിഫലം. അവനതില്‍ ശാശ്വതവാസിയായിരിക്കും. അല്ലാഹു അവനോട് കോപിക്കുകയും അവനെ ശപിക്കുകയും ചെയ്യും. കഠോര ശിക്ഷയാണ് അവന് അല്ലാഹു തയ്യാറാക്കിവെച്ചിട്ടുള്ളത്.

 

ഗുരുതരമായ തെറ്റാണ് കൊല.

عن عبدالله بن عمرو رضي الله عنه: (لَزوالُ الدُّنيا أهونُ على اللهِ من قتلِ رجلٍ مسلمٍ) الترمذي

(ഈ ലോകം തന്നെ നശിച്ചുപോകുന്നത് ഒരു സത്യവിശ്വാസിയെ വധിക്കുന്നതിനെക്കാള്‍ നിസ്സാരമാകുന്നു).

 

عن أبو سعيد الخدري وأبو هريرة، قال رسول الله صلى الله عليه وسلم: (لَوْ أنَّ أَهلَ السَّماءِ وأَهلَ الأرضِ اشْتَرَكُوا في دَمِ مُؤْمِنٍ لأَكبَّهُمُ اللَّهُ في النَّارِ) الترمذي

(ആകാശത്തും ഭൂമിയിലുമുള്ളവരെല്ലാം ഒരു മുഅ്മിനിനെ കൊല്ലുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ അവരെ മുഴുവനും അല്ലാഹു നരകത്തില്‍ തള്ളിവിടും).

 

ഇത്രമേല്‍ ഗുരുതരമായ പാതകമാണെങ്കിലും ഇന്നിപ്പോള്‍ എല്ലാ തെറ്റുകളുമെന്നപോലെ, കൊലയും നിസ്സാരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. നിസ്സാര കാരണങ്ങള്‍ക്കുപോലും മുസ്‌ലിംകള്‍ തന്നെ പരസ്പരം കൊലകള്‍ നടത്തുകയാണ്. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും നടന്നുകൊണ്ടിരിക്കുന്നു... എന്ത് സമാധാനമാണിതിനെല്ലാം റബ്ബിന്‍റെ മുന്നില്‍ ഇവര്‍ക്ക് പറയാനുണ്ടാവുക!

 

فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا

ഇമാം ഇബ്‌നു അബ്ബാസിന്‍റെ (رضي الله عنهما)  പക്ഷം, ഈ ആയത്ത് വ്യക്തമാക്കുന്നത് പോലെ, ഒരു മുഅ്മിനിനെ വധിച്ചവന്‍ ശാശ്വത നരകാവകാശി തന്നെയാണെന്നത്രെ.

 

എന്നാല്‍, പ്രായശ്ചിത്തം നല്‍കുകയും ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ചെയ്താല്‍ അല്ലാഹു തൗബ സ്വീകരിക്കുമെന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം. ഈ അഭിപ്രായമനുസരിച്ച്, ആയത്തില്‍ خَالِدًا فِيهَا  (ശാശ്വതമായി) എന്ന് പറഞ്ഞതിന്‍റെ വിവക്ഷ 'ദീര്‍ഘകാലം' എന്നാണ്. ഒരണുമണി തൂക്കം ഈമാനുള്ളവന്‍ നരകത്തില്‍നിന്ന് രക്ഷപ്പെടും (ബുഖാരി) എന്ന ഹദീസും മറ്റും അതിന്ന് തെളിവാണ്. കാലാകാലം നരകശിക്ഷ ലഭിക്കുന്നത് സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും മാത്രമാണ്.

 

നമ്മളും നല്ലവണ്ണം ശ്രദ്ധിക്കണം. അബദ്ധത്തില്‍ പോലും അങ്ങനെ സംഭവിക്കരുത്. അശ്രദ്ധരായി വണ്ടിയോടിക്കുന്നത്, അറിയാതെയാണെങ്കിലും ഈ വകുപ്പിലൊക്കെ പെടുമോ എന്ന് ആലോചിക്കണം. മറ്റുള്ളവരെ പേടിപ്പിച്ചുപോലും വണ്ടിയോട്ടരുത്. തമാശക്കാണെങ്കില് പോലും തെറ്റാണത്. ഒരാളെ പേടിപ്പിക്കാന്‍ പോലും പാടില്ല എന്നല്ലേ തിരുനബി صلى الله عليه وسلم യുടെ നിര്‍ദ്ദേശം (അബൂ ദാവൂദ്).

അടുത്ത ആയത്ത് 94

 

അബദ്ധമായിട്ടാണെങ്കിലും ഒരു മുസ്‌ലിമിനെ കൊല്ലാന്‍ ഇടവരുന്നത് സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയാണിനി. യുദ്ധങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നതിനാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതകളേറെയാണല്ലോ.

 

സ്വഹാബികളുടെ സേനാസംഘങ്ങള്‍ അങ്ങിങ്ങ് റോന്തുചുറ്റുകയോ യുദ്ധയാത്രനടത്തുകയോ ചെയ്യുമ്പോള്‍ ചില അപരിചിതരെ കണ്ടുമുട്ടാറുണ്ടായിരുന്നു. അവര്‍ ശത്രുക്കളോ മിത്രങ്ങളോ എന്ന് സ്പഷ്ടമായി മനസ്സിലാക്കിയ ശേഷം മാത്രമേ എന്തെങ്കിലും നടപടികള്‍ക്കു മുതിരാവൂ എന്നാണ് അല്ലാഹു കല്‍പിക്കുന്നത്.

 

സ്വഹാബികളെ കാണുമ്പോള്‍ ഇവര്‍ സലാം ചൊല്ലുകയോ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയോ ചെയ്യുമത്രേ. എന്നാല്‍, ഇത് രക്ഷപ്പെടാനുള്ള താല്‍ക്കാലിക അടവ് മാത്രമാണെന്നും, ശത്രുപക്ഷക്കാര്‍ തന്നെയാണ് ഇവരെന്നും ചില സ്വഹാബികള്‍, അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ തെറ്റിദ്ധരിച്ചുപോയി. അങ്ങനെ ശത്രുക്കളാണെന്നുകരുതി അവരെ വധിക്കുകയും അവരുടെ സ്വത്ത് ഗനീമത്തായി എടുക്കുകയും ചെയ്തു. ഈ വിവരം തിരുനബി (صلى الله عليه وسلم) അറിഞ്ഞപ്പോള്‍ അവരെ ശക്തമായി ആക്ഷേപിക്കുകയാണ് ചെയ്തത്.

 

സുചിന്തിതവും നീതിനിഷ്ഠവുമല്ലാത്ത ഈ നിലപാടിനെ ആക്ഷേപിക്കുന്ന ഈ വചനത്തിന്‍റെ അവതരണ കാരണം സംബന്ധിച്ച് പല അഭിപ്രായങ്ങളുമുണ്ട്. അതിലൊന്നിങ്ങനെയാണ്:

 

മിഖ്ദാദുബ്‌നുല്‍ അസ്‌വദ് (رضي الله عنه) ഉള്‍പ്പെട്ടിരുന്ന ഒരു സൈന്യ സംഘം ശത്രുക്കളുടെയടുത്തെത്തിയപ്പോള്‍ അവര്‍ പല ഭാഗത്തേക്കും ഓടിപ്പോയി. ഒരാള്‍ മാത്രം ബാക്കിയായി. കുറേ സ്വത്തും അയാളുടെയടുത്തുണ്ടായിരുന്നു. ഉടനെ അയാള്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞു. മിഖ്ദാദ് (رضي الله عنه)ന് അത് വിശ്വാസമായില്ല. രക്ഷപ്പെടാനുള്ള അടവാണെന്ന് കരുതി അയാളെ വധിച്ചു. വിവരം തിരുനബി (صلّى الله عليه وسلّم) അറിഞ്ഞപ്പോള്‍ ഇങ്ങനെ പ്രതികരിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചുവത്രേ: ‘ലാഇലാഹ ഇല്ലല്ലാഹ് കൊണ്ട് താന്‍ നാളെ (മഹ്ശറയില്‍) എന്തു ചെയ്യും, മിഖ്ദാദ്?’ (ബസ്സാര്‍, ത്വബ്‌റാനീ)

 

അതുകൊണ്ട്, മേലില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും, കാര്യം മനസ്സിലാക്കാതെ അബദ്ധം ചെയ്ത് പിന്നീട് ഖേദിക്കാന്‍ ഇടവരുത്തരുതെന്നും സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്.

 

അല്ലാഹു അവരോട് ചോദിക്കുന്നതിതാണ്: ഇങ്ങനെയൊക്കെ തെറ്റിദ്ധരിച്ച് ഒരാളെ കൊലപ്പെടുത്തിയിട്ട് നിങ്ങള്‍ക്കെന്ത് നേട്ടമാണുള്ളത്? താല്‍ക്കാലികമായ കുറച്ച് സമ്പത്ത് കിട്ടുമെന്നതോ?  അങ്ങനെ കിട്ടിയാല്‍ തന്നെ അത് കേവലം നശ്വരമായ ഭൗതിക വിഭവം മാത്രമല്ലേ? അല്ലാഹുവിന്‍റെയടുക്കല്‍ കണക്കറ്റ വിഭവങ്ങളും അനുഗ്രഹങ്ങളും പ്രതിഫലങ്ങളുമുണ്ടല്ലോ. മറ്റൊരവസരത്തില്‍ നിങ്ങള്‍ക്കത് ലഭിക്കാനുള്ള അവസരം അല്ലാഹു ഉണ്ടാക്കിത്തരികയും ചെയ്തേക്കാം. ശരിയായ നിലക്കുതന്നെ ഗനീമത്ത് ലഭിക്കാനുള്ള ധാരാളം മാര്‍ഗം അല്ലാഹു നല്‍കിയേക്കാമല്ലോ. അതുകൊണ്ട് ഇത്തരം അതിക്രമങ്ങള്‍ക്ക് മുതിരരുത്.

 

നിങ്ങളുടെതന്നെ മുമ്പത്തെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. മുമ്പ് നിങ്ങളും ഈ ആളുകളെപ്പോലെ അവിശ്വാസികളായിരുന്നു. പിന്നീട് സത്യവിശ്വാസം സ്വീകരിച്ചപ്പോള്‍ അത് പരസ്യപ്പെടുത്താന്‍ ധൈര്യമില്ലാത്ത അവസ്ഥ നിങ്ങള്‍ക്കും മുമ്പുണ്ടായിട്ടില്ലേ?

 

ഇപ്പോള്‍ അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ട് നിങ്ങളുടെ സ്ഥിതി  മെച്ചപ്പെട്ടുവെന്ന് മാത്രം. ആ ഒരവസ്ഥയിലുള്ളവരെയാണ് നിങ്ങള്‍ കയ്യേറ്റം ചെയ്യുന്നതെന്നു ഓര്‍ക്കണം. മേലില്‍ അത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹു ശരിക്കും സൂക്ഷ്മമായും അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്ന ഓര്‍മയും വേണം.

 

يَا أَيُّهَا الَّذِينَ آمَنُوا إِذَا ضَرَبْتُمْ فِي سَبِيلِ اللَّهِ فَتَبَيَّنُوا وَلَا تَقُولُوا لِمَنْ أَلْقَىٰ إِلَيْكُمُ السَّلَامَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ الْحَيَاةِ الدُّنْيَا فَعِنْدَ اللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنْتُمْ مِنْ قَبْلُ فَمَنَّ اللَّهُ عَلَيْكُمْ فَتَبَيَّنُوا ۚ إِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا (94)

 

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തിലായി യുദ്ധയാത്ര പുറപ്പെട്ടാല്‍ കാര്യങ്ങള്‍ സ്പഷ്ടമായി ഗ്രഹിക്കണം. നിങ്ങള്‍ക്ക് സലാം പറഞ്ഞ ഒരാളോട് നീ മുസ്‌ലിമല്ല എന്നു-ഭൗതിക നേട്ടം കാംക്ഷിച്ച്-പ്രതികരിക്കരുത്. എന്നാല്‍ ലാഭങ്ങള്‍ അല്ലാഹുവിങ്കല്‍ ധാരാളമുണ്ട്. മുമ്പ് നിങ്ങളും ഇങ്ങനെത്തന്നെയായിരുന്നു; എന്നിട്ട് നിങ്ങള്‍ക്ക് അല്ലാഹു ഔദാര്യം ചെയ്തതാണ്. അതുകൊണ്ട് കാര്യങ്ങള്‍ സ്പഷ്ടമായി ഗ്രഹിക്കണം. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞാനി തന്നെയാകുന്നു.

 

ضَرَبَ എന്ന ക്രിയക്ക് ‘അടിച്ചു, വെട്ടി’ എന്നൊക്കെയാണ് സാധാരണ അര്‍ഥം പറയാറുള്ളത്. അതിനോട് ചേര്‍ന്നുവരുന്ന അവ്യയങ്ങളുടെയും നാമങ്ങളുടെയും വ്യത്യാസമനുസരിച്ച് വേറെയും പല അര്‍ഥങ്ങളും വരും. അതിനൊരു ഉദാഹരണമാണ് ഈ ആയത്തിലുള്ളത്. സഞ്ചരിച്ചു, യാത്ര ചെയ്തു എന്നാണിവിടെ അര്‍ത്ഥം.

 

أَلْقَىٰ إِلَيْكُمُ السَّلَامَ  'നിങ്ങള്‍ക്ക് സലാം പറഞ്ഞവനോട്' എന്ന അര്‍ത്ഥമാണിവിടെ കൊടുത്തത്. 'നിങ്ങളോട് സമാധാനം പ്രകടിപ്പിച്ചവനോട്' എന്നും അര്‍ത്ഥമാകാവുന്നതാണ്.  

 

السَلاَمഎന്നതിന്‍റെ സ്ഥാനത്ത് ഇവിടെ السَلم എന്നും ഖിറാഅത്തുണ്ട്. രണ്ടായാലും സമാധാനം, അനുസരണം, അഭിവാദ്യ വാക്യമായ ‘സലാം’ എന്നൊക്കെ അതിന് അര്‍ഥം നല്കപ്പെട്ടിട്ടുണ്ട്. സലാം മുഖേനയോ, തൗഹീദിന്‍റെ വാക്യമായ ലാഇലാഹഇല്ലല്ലാഹ് മുഖേനയോ മറ്റോ ഇസ്‌ലാമിന്‍റെ അടയാളവും സമാധാനത്തിന്‍റെ നിലപാടും പ്രകടിപ്പിക്കുക എന്നാണുദ്ദേശ്യം. 

 

مَغَنم എന്ന പദത്തിന്‍റെ ബഹുവചനമാണ് مَغَانِمْ . ‘ഭാഗ്യം, അദ്ധ്വാനമില്ലാതെ ഭാഗ്യം കൊണ്ട് ലഭിക്കുന്ന വിഭവം, യുദ്ധത്തില്‍ ശത്രുക്കളില്‍ നിന്ന് ലഭിക്കുന്ന വസ്തു’ എന്നൊക്കെയാണര്‍ത്ഥം. ഇതേ അര്‍ഥങ്ങള്‍ വരുന്ന മറ്റൊരു വാക്കാണ് غَنِيمَة ഉം അതിന്‍റെ ബഹുവചനമായ غَنَائِم ഉം. യുദ്ധത്തില്‍ ലഭിക്കുന്ന സമ്പത്തിനാണ് സാധാരണ ഇവ ഉപയോഗിക്കാറുള്ളത്.

 

--------------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter