അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 141-148) പരീക്ഷണങ്ങളിൽ പതറരുത്
ഉഹുദ് യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ സങ്കടപ്പെട്ടിരിക്കുന്ന സത്യവിശ്വാസികളെ സമാധാനിപ്പിക്കുകയിരുന്നുവല്ലോ കഴിഞ്ഞ ആയത്തുകളില്‍. അതുസംബന്ധമായി ചില കാര്യങ്ങള്‍ തന്നെയാണ് ഇനിയും പറയുന്നത്.
ഉഹ്ദില്‍ നിങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടായിട്ടുണ്ടെങ്കില്‍, ബദ്റില്‍ ശത്രുക്കള്‍ക്കും അതുപോലെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വല്ലതുമൊക്കെ ഉണ്ടാകുമ്പോഴേക്കും അക്ഷമരാകരുത്. ജയപരാജയങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകാം.
ചില ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് അല്ലാഹു അങ്ങനെ ചെയ്യുന്നത്. യഥാര്‍ത്ഥ വിശ്വാസികളും കപട വിശ്വാസികളും വേര്‍തിരിയണം, സത്യത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ നിങ്ങളിലുണ്ടാകണം, നിങ്ങളിലെ ദൗര്‍ബല്യവും പോരായ്മയും നീക്കി ശുദ്ധീകരിച്ചെടുക്കണം, അങ്ങനെ ക്രമേണ അവിശ്വാസികളുടെ ശക്തിയും പ്രതാപവുമെല്ലാം തുടച്ചു നീക്കണം. ഇങ്ങനെ പലതുമാണ് ഈ പരീക്ഷണംകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്.
ഇതില്‍ പല ഉദ്ദേശ്യങ്ങളും കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നു. സത്യവിശ്വാസികളെ ശുദ്ധീകരിക്കുക, കാഫിരീങ്ങളുടെ ശക്തി ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് 141 ല്‍ പറയുന്നത്.
وَلِيُمَحِّصَ اللَّهُ الَّذِينَ آمَنُوا وَيَمْحَقَ الْكَافِرِينَ (141)
നിങ്ങളില്‍ നിന്ന് വിശ്വാസികളെ ശുദ്ധീകരിക്കാനും നിഷേധികളെ നശിപ്പിക്കാനും രക്തസാക്ഷികളെയുണ്ടാക്കാനും വേണ്ടിയുമാണത്.
അടുത്ത ആയത്ത് 142
ഇനി എല്ലാവരോടുമായി ഒരു ചോദ്യം ചോദിക്കുകയാണ്. ഉഹുദില്‍ പങ്കെടുത്തവരോട് മാത്രമല്ല, എല്ലാ മുസ്ലിംകളോടുമാണ് ചോദ്യം: സത്യവിശ്വാസം സ്വീകരിച്ചു എന്നതുകൊണ്ടുമാത്രം വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടക്കാമെന്ന് വിചാരിച്ചോ എന്ന്.
ദീനിനുവേണ്ടി സമരം ചെയ്യുന്നവരെ, രണാണങ്കണത്തില് അടിയുറച്ചുനില്‍ക്കുന്നവരെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വേര്‍തിരിച്ചറിയാന്‍ അവസരം ഉണ്ടാക്കുന്നതിന് മുമ്പ് -സത്യവിശ്വാസം സ്വീകരിച്ചുവെന്നതു കൊണ്ടുമാത്രം- സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ... അതുവേണ്ട.
മുന്‍സമുദായങ്ങള്‍ നേരിട്ടതുപോലെയുള്ള പല പരീക്ഷണങ്ങള്‍ക്കും നിങ്ങളും വിധേയരാകേണ്ടിവരും. ആ പരീക്ഷണങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്കേ ഇവിടെ വിജയവും, പരലോകത്ത് സ്വര്‍ഗവും ലഭിക്കുകയുള്ളൂ.
أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنْكُمْ وَيَعْلَمَ الصَّابِرِينَ (142)
അതല്ല, രണാങ്കണത്തില്‍ വെച്ച് പൊരുതിയവരെയും ക്ഷമാപൂര്‍വം ഉറച്ചു നിന്നവരെയും അല്ലാഹു പ്രത്യക്ഷത്തില്‍ വേര്‍തിരിച്ചറിയാതെ സ്വര്‍ഗത്തില്‍ കടന്നുകളയാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?
ശഹാദത്ത് കലിമ ഉച്ചരിക്കുക, അനുഷഠാനങ്ങള്‍ പാലിക്കുക എന്ന കേവലകൃത്യം കൊണ്ട് സമ്പൂര്‍ണവിജയം നേടാനാകില്ല. മറിച്ച്, ആ വിശ്വാസത്തിനും കര്മത്തിനുമൊക്കെ അനുസൃതമായ മനസ്സുണ്ടാകണം.
അല്ലാഹുവിന്റെ ഏത് പരീക്ഷണവും തികഞ്ഞ ആര്‍ജ്ജവത്തോടും നല്ല ക്ഷമയോടും കൂടി നേരിടണം. ഉഹുദ് യുദ്ധത്തില്‍ മുസ്ലിംകളുടെ ക്ഷമ പരിശോധിക്കുകയായിരുന്നു അല്ലാഹു. മാത്രമല്ല, ഏത് പ്രതിസന്ധിയിലും കാലിടറാതെ ജീവാര്‍പ്പണം വരെ ചെയ്യാന്‍ സന്നദ്ധരായവരെയും അവന് പരീക്ഷിച്ചറിഞ്ഞു. ഇത്തരം ദുര്‍ഘട ഘട്ടങ്ങള്‍ അടിയുറച്ച ഈമാനോടെ തരണം ചെയ്യാന്‍ സന്നദ്ധരായ ക്ഷമാശീലരാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക.
സൂറത്തുല്‍ അല്‍ബഖറ 214 ല്‍ ഇതുപോലെയുള്ള ഒരു ചോദ്യം നമ്മള് പഠിച്ചിട്ടുണ്ട്:
أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ (214) البقرة
(അതല്ല, പൂര്വികന്മാരുടെ ദുരനുഭവങ്ങള്‍ വന്നെത്താതെത്തന്നെ സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? വിഷമങ്ങളും വിപത്തുകളുമൊക്കെ അവരെ പിടികൂടുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴാണുണ്ടാവുക എന്ന് റസൂലും കൂടെയുള്ള വിശ്വാസികളും ചോദിക്കത്തക്കവണ്ണം അവര്‍ വിറകൊണ്ടു. അറിയുക, അല്ലാഹുവിന്റെ സഹായം സമീപസ്ഥമാകുന്നു - അല്‍ബഖറ 214).
وَلَمَّايَعْلَمِ الَّله (അല്ലാഹു അറിയാതെ) – അല്ലാഹുവിനെന്താ എല്ലാം അറിയില്ലേ... അറിയാം...
യുക്തിവാദികള്‍ പറയുന്ന പോലെ- കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അല്ലാഹുവിന് അവയെപ്പറ്റി അറിയില്ല എന്ന് ധരിക്കരുത്. ഭൂത – വര്‍ത്തമാന – ഭാവി കാല വ്യത്യാസം കൂടാതെ, ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു. സ്രഷ്ടാവായ അല്ലാഹു അങ്ങനെ എല്ലാം അറിയുന്നവനാകണമല്ലോ.
പിന്നെ ഇപ്പറഞ്ഞതിന്റെ താല്പര്യമെന്താണ്? അല്ലാഹുവിന് മുന്‍കൂട്ടി അറിയാവുന്ന ആ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി കാണത്തക്കവണ്ണം അനുഭവത്തിലൂടെ ബോധ്യപ്പെടുക എന്നാണ് ആ വാക്കുകളുടെ താല്പര്യം.
അടുത്ത ആയത്ത് 143
ആദ്യ നാളുകളില്‍ മുസ്ലിംകള് ക്രൂരവും മൃഗീയമാവുമായ അക്രമ മര്‍ദ്ദന മുറകള്‍ക്ക് വിധേയരായിരുന്നുവല്ലോ. അന്നവര്‍ക്ക് പ്രതിരോധയുദ്ധത്തിന് അനുമതി ലഭിച്ചിരുന്നില്ല. എല്ലാം സഹിക്കാനും ക്ഷമിക്കാനുമാണ് തിരുനബി صلى الله عليه وسلم നിര്‍ദ്ദേശിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍, ശത്രുക്കളോട് ഏറ്റുമുട്ടി മരണം വരിക്കാന്‍ അല്ലാഹു അനുവദിച്ചെങ്കില്‍ എന്ന് മുസ്ലിംകള് ആഗ്രഹിച്ചിരുന്നു. അതാണിനി സൂചിപ്പിക്കുന്നത്.
ശത്രുക്കളോടുള്ള പ്രതികാരദാഹം മാത്രമല്ല ഇങ്ങനെ ആഗ്രഹിക്കാന്‍ അവരെ പ്രേരിപ്പിച്ചിരുന്നത്. ദീനിനുവേണ്ടി ത്യാഗം സഹിച്ച്, രക്തസാക്ഷ്യവും വരിച്ച് പുണ്യം നേടണമെന്നായിരുന്നു അവരുടെ മോഹം.
പിന്നീട്, ഹിജ്റ ഒന്നാം വര്‍ഷം അവസാനം, ദുല്‍ഹിജ്ജയിലാണ്, സൂറത്തുല്‍ ഹജ്ജിലെ 39, 40 ആയത്തുകളിലടെ പ്രതിരോധിക്കാനുള്ള അനുമതി ലഭിച്ചത്.
ഇങ്ങനെ അനുമതി കൊടുത്ത്, അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ തന്നെ, അനിവാര്യഘട്ടങ്ങളില്‍ യുദ്ധം നിര്‍ബന്ധമാണെന്ന കല്പനയും പല സൂക്തങ്ങളിലായി അവതരിക്കുകയും ചെയ്തു.
ചുരുക്കത്തില്‍, ഇങ്ങനെയൊക്കെ കൊതിച്ചിരുന്ന നിങ്ങള്‍, ത്യാഗത്തിനും രക്തസാക്ഷിത്വത്തിനുമുള്ള അവസരം വന്നപ്പോള്‍, ഇപ്പോള്‍ ഉഹുദില്‍ സംഭവിച്ചപോലെ, മരണം ഭയന്നോടുന്നതെന്തിനാണ് – ഇതാണ് ചോദ്യം. ഇത് വിചിത്രമല്ലേ?!
ബദ്ര് യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതില്‍ പലരും ഖേദിച്ചുകൊണ്ടിരിക്കുന്ന സമയത്തുകൂടിയാണ് ഉഹുദുണ്ടാകുന്നത് എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
وَلَقَدْ كُنْتُمْ تَمَنَّوْنَ الْمَوْتَ مِنْ قَبْلِ أَنْ تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنْتُمْ تَنْظُرُونَ (143)
രണാങ്കണത്തില്‍ മൃത്യുവിനെ കണ്ടുമുട്ടും മുമ്പ്, മരിക്കാന്‍ കൊതിച്ചിരുന്നതാണു നിങ്ങള്‍. ഇപ്പോള്‍, നോക്കി നില്ക്കെത്തന്നെ നിങ്ങളത് കാണുകയുണ്ടായി. (എന്നിട്ടും നിങ്ങളെന്തിന് ഓടിപ്പോയി!?)
അടുത്ത ആയത്ത് 144
ഉഹുദ് യുദ്ധം നടക്കുന്നതിനിടയില്‍ തിരുനബി صلى الله عليه وسلم വധിക്കപ്പെട്ടു എന്ന കിംവദന്തി ശത്രുക്കള്‍ പറഞ്ഞുപരത്തി. സത്യാവസ്ഥ അറിയാത്ത പലരും പരിഭ്രമചിത്തരായി. ചിലര്‍ യുദ്ധക്കളം വിട്ടോടി.
‘മുഹമ്മദ് കൊല്ലപ്പെട്ടെങ്കില്‍ ഇനി എന്തിന് യുദ്ധം ചെയ്യണം.’ ‘നമുക്കിനി പഴയ മതത്തിലേക്കുതന്നെ മടങ്ങാമല്ലോ’ എന്നൊക്കെ ദുര്‍ബ്ബല വിശ്വാസികളും കപടന്മാരുമാരും പറഞ്ഞുവത്രേ.
അതേസമയം ‘മുഹമ്മദ് കൊല്ലപ്പെട്ടാലും വിരോധമില്ല. നമുക്ക് എത്തിച്ചുതരേണ്ടത് അവിടന്ന് എത്തിച്ചു തന്നിരിക്കുന്നു, നമ്മുടെ ദീനിനുവേണ്ടി നാം പോരാടുക തന്നെ ചെയ്യും’ എന്നാണ് ദൃഢവിശ്വാസികള്‍ പ്രതികരിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍, ആ വാര്‍ത്ത മുസ്ലിംകളെ പൊതുവെ പേടിപ്പെടുത്തുകതന്നെ ചെയ്തു. ഇതിനെപ്പറ്റിയാണിനി പറയുന്നത്.
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ۚ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَنْ يَنْقَلِبْ عَلَىٰ عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ (144)
മുഹമ്മദ് നബി അല്ലാഹുവിന്റെ ഒരു ദൂതന് മാത്രമാണ്; പല ദൂതന്മാരും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. നബി മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പിന്തിരിയുകയാണോ നിങ്ങള്‍?! ആരെങ്കിലും പുറകോട്ടു പോകുന്നുവെങ്കില്‍ അല്ലാഹുവിന്ന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവന്നാകില്ല. കൃതജ്ഞര്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുന്നതാണ്.
തിരു നബി صلى الله عليه وسلم അല്ലാഹുവിന്റെ റസൂല്‍ മാത്രമാണ്. മറ്റു പല മുര്‍സലുകളും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. പലരും മരണപ്പെട്ടു. ചിലര്‍ കൊല്ലപ്പെടുക പോലും ചെയ്തു. അതിലെന്താണിത്ര പുതുമ. മുമ്പ് കഴിഞ്ഞ റസൂലുകളാരും ഇവിടെ ബാക്കിയില്ലല്ലോ.
ഇനി അങ്ങനെ വല്ലതും തിരുനബി صلى الله عليه وسلم ക്ക് സംഭവിച്ചാല്‍ തന്നെ, ആദര്‍ശം കൈവിടുകയാണോ നിങ്ങള്‍?. ഇത്ര ദുര്ബ്ബലമാണോ നിങ്ങളുടെ വിശ്വാസം?
തനിക്ക് ഇബാദത്ത് ചെയ്യാനല്ല തിരുനബി صلى الله عليه وسلم നിങ്ങളോട് നിര്‍ദ്ദേശിച്ചത്; അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ്. അവന് എപ്പോഴും ജീവിച്ചിരിക്കുന്നവനാണ്. അവന്റെ കല്പന മാനിച്ച് അടിപതറാതെ ഉറച്ചുനില്‍ക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ തക്കപ്രതിഫലമവന് തരികയും ചെയ്യും.
وَمَنْ يَنْقَلِبْ عَلَىٰ عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ
ഇനി, ഏതു കാരണം കൊണ്ടാണെങ്കിലും, സത്യദീന്‍ ഒഴിവാക്കി പഴയ ശിര്‍ക്കിലേക്കും കുഫ്റിലേക്കും മടങ്ങിപ്പോകുകയാണെങ്കില്‍, ആ നന്ദികേടിന്റെ ഭവിഷ്യത്ത് ഓരോരുത്തരും അനുഭവിക്കേണ്ടിവരും. അല്ലാഹുവിനതുകൊണ്ട് ഒരു ദോഷവും വരാനില്ല.
وَسَيَجْزِي اللَّهُ الشَّاكِرِينَ - അല്ലാഹു നല്കിയ ഹിദായത്ത് പോലെയുള്ള മഹത്തായ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ച്, സത്യദീനില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് വലിയ പ്രതിഫലം അവന് നല്കുകതന്ന ചെയ്യും.
اِنْقَلَبَ عَلى عَقِبَيْهِ (മടമ്പ് കാലുകളില്‍ തിരിച്ചുപോയി) എന്ന വാക്ക്, ‘വന്നപാടെ മടങ്ങി’, ‘വന്ന കാലില്‍ തന്നെ മടങ്ങി’ എന്നൊക്കെ മലയാളത്തില്‍ പറയാറുള്ളതുപോലെ അറബിയിലെ ഒരു പ്രയോഗമാണ്.
തിരുനബി صلى الله عليه وسلم വഫാത്തായപ്പോള്‍, സ്വഹാബികള്‍ സ്തബ്ധരാവുകയും ധീരനായ ഉമര്‍ (رضي الله عنه) അടക്കം പലരും ആ വഫാത്ത് നിഷേധിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ. ആ സമയത്ത് അവിടെ ഇല്ലാതിരുന്ന അബൂബക്ര് (رضي الله عنه) പിന്നീട് വന്ന്, തിരുമേനി صلى الله عليه وسلم യെ നോക്കിക്കണ്ടശേഷം പറഞ്ഞു: ‘മുഹമ്മദിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍, മുഹമ്മദ് വഫാത്തായിരിക്കുന്നു. അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍ അവന് ശേഷിച്ചിരിക്കുന്നു.’ തുടര്‍ന്ന്, അദ്ദേഹം ഈ 144 ആം വചനം ഓതുകയും ചെയ്തു. ഇതുകേട്ടപ്പോഴാണ് ഉമര്‍ (رضي الله عنه)നും മറ്റും സ്ഥലകാലബോധം തിരിച്ചുകിട്ടിയത്. ‘ഈ ആയത്ത് മുമ്പ് കേട്ടിട്ടില്ലാത്തപോലെതോന്നി’ എന്ന് അവര്‍ പറയുകയും ചെയ്തുവത്രേ.
അടുത്ത ആയത്ത് 145
യുദ്ധത്തിന് ആഹ്വാനമുണ്ടാകുമ്പോഴും രണാങ്കണത്തിലിറങ്ങിക്കഴിഞ്ഞാലുമൊക്കെ പലര്‍ക്കുമുണ്ടാകുന്ന ആശങ്ക മരണത്തെക്കുറിച്ചായിരിക്കും. സത്യത്തില്‍, യുദ്ധക്കളത്തിലിറങ്ങിയതുകൊണ്ടോ പോരാടിയതുകൊണ്ടോ മാത്രം മരിക്കണമെന്നില്ല.
ഓരോരുത്തരുടെയും മരണത്തിന് - പ്രവാചകനെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ- ഒരു നിശ്ചിത അവധി അല്ലാഹു മുമ്പേ തീരുമാനിച്ചിട്ടുണ്ട്. ആ അവധിക്ക് മുമ്പോ പിമ്പോ അത് സംഭവിക്കുകയില്ല. യുദ്ധം പോലെയുള്ള കാരണംകൊണ്ട് നിശ്ചിത സമയത്തിന് മുമ്പത് സംഭവിച്ചേക്കുമെന്നോ, ഓടി രക്ഷപ്പെട്ടതുകൊണ്ട് അതില്‍നിന്ന് രക്ഷപ്പെടാമെന്നോ കരുതേണ്ടതില്ല.
തിരുനബി صلى الله عليه وسلم നിറുത്തിയ സ്ഥാനത്ത് നിന്ന് അമ്പെയ്ത്തുകാര്‍ ഭൂരിഭാഗവും സ്ഥലംവിട്ടതായിരുന്നല്ലോ ഉഹുദ് യുദ്ധത്തിലെ പരാജയത്തിന് കാരണം. തോറ്റോടുന്ന ശത്രുക്കളില്‍ നിന്ന് ഗനീമത്ത് സ്വത്ത് ശേഖരിക്കാനായിരുന്നു അവരങ്ങനെ സ്ഥലം വിട്ടത്. അതാണ് ആയത്തില്‍ പിന്നീട് സൂചിപ്പിക്കുന്നത്.
ഇഹലോക പ്രതിഫലം ഉദ്ദേശിച്ച് കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക്, അല്ലാഹു നിശ്ചയിച്ചത് ഇവിടെ വെച്ചുതന്നെ കിട്ടും; പരലോകത്ത് ഒന്നുമുണ്ടാകില്ല. നേരെ മറിച്ച് പരലോക പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവിടെ വെച്ചും ഇവിടെ വെച്ചും അല്ലാഹു നല്‍കുകയും ചെയ്യും.
وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلَّا بِإِذْنِ اللَّهِ كِتَابًا مُؤَجَّلًا ۗ وَمَنْ يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَنْ يُرِدْ ثَوَابَ الْآخِرَةِ نُؤْتِهِ مِنْهَا ۚ وَسَنَجْزِي الشَّاكِرِينَ (145)
അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരു വ്യക്തിക്കും മരിക്കാനാകില്ല; നിര്ണിതാവധിയുള്ള ഒരു നിയമമാണത്. ഒരാള്‍ ഐഹിക പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ നിന്നവന്ന് നാം നല്‍കും; ഇനിയവന്നു പരലോകത്തെ കൂലിയാണു ലക്ഷ്യമെങ്കില്‍ അതില്‍ നിന്നു നാമവനു കൊടുക്കുന്നതാണ്. നന്ദി പ്രകാശിപ്പിക്കുന്നവര്‍ക്ക് തക്ക പ്രതിഫലം നാം നല്‍കും.
എത്രയെത്ര വീരയോദ്ധാക്കള്‍ സാധാരണഗതിയില്‍ വീടിനുള്ളില്‍ വെച്ച് മരണം വരിക്കുന്നുണ്ട്! ഭീരുക്കള്‍ പലരും ദയനീയമായ കൊലപാതകങ്ങള്‍ക്ക് വിധേയരാവുന്നതും അപൂര്‍വമല്ല.
അതുകൊണ്ട്, മരണം പേടിച്ച് യുദ്ധത്തിനിറങ്ങാതിരിക്കരുത്. നിശ്ചിത സമയമെത്താതെ ആരും മരിക്കില്ല. അതെത്തിക്കഴിഞ്ഞാല് പിന്നെ താമസമുണ്ടാവുകയുമില്ല.
അടുത്ത ആയത്ത് 146
ഉഹുദില്‍ തിരുനബി صلى الله عليه وسلم യും സ്വഹാബികളും യുദ്ധം ചെയ്ത് പല കഷ്ടപ്പാടുകളുമനുഭവിക്കേണ്ടിവന്നത് പുതിയ അനുഭവമൊന്നുമല്ല എന്നാണിനി പറയുന്നത്. മുന്‍കാലത്ത് പല പ്രവാചകന്മാരും അവരുടെ അനുയായികളും ഇതുപോലെ സത്യമാര്‍ഗത്തിന്റെ സംരക്ഷണാര്‍ഥം യുദ്ധം ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അവര്‍ക്ക് പല യാതനകളും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.
പക്ഷേ, അതുകൊണ്ടൊന്നും അവര്‍ ഭീരുക്കളായില്ല. അക്ഷമരാവുകയോ അസ്വസ്ഥരാവുകയോ ചെയ്തില്ല. ശത്രുക്കളുടെ മുന്നില്‍ ആയുധംവെച്ച് കീഴടങ്ങാനും അവര്‍ സന്നദ്ധരായില്ല. മറിച്ച് അചഞ്ചലമായ ഈമാനോടെ, നിസ്തുലമായ മനോധാര്യത്തോടെ അടിപതറാതെ നില്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ സ്നേഹമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്തു. ക്ഷമാശീലരെ അല്ലാഹുവിന് വല്ലാത്ത ഇഷ്ടമാണ്.
നിങ്ങളെന്താണ് ചെയ്തത്! മുഹമ്മദ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കൊല്ലപ്പെട്ടുവെന്നൊരു വാര്‍ത്ത കേട്ടപ്പോഴേക്ക്, ചിലര്‍ കൊല്ലപ്പെട്ടപ്പോഴേക്ക് പേടിയും വെപ്രാളവുമായി. യുദ്ധക്കളത്തില്‍ നിന്ന് പിന്തിരിഞ്ഞോടുകവരെ ചെയ്തു. അങ്ങനെയല്ല പ്രവാചകന്മാരുടെ അനുയായികള്‍ ചെയ്യേണ്ടത്.
وَكَأَيِّنْ مِنْ نَبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا ۗ وَاللَّهُ يُحِبُّ الصَّابِرِينَ (146)
എത്രയെത്ര നബിമാര്‍ കഴിഞ്ഞുപോയി. അവരൊന്നിച്ചു ധാരാളം ദൈവദാസന്മാര് പടപൊരുതി! എന്നിട്ട് ദൈവമാര്‍ഗത്തില്‍ തങ്ങള്‍ക്കു നേരിട്ട കഷ്ടപ്പാടുകളൊന്നു കൊണ്ടും അവര്‍ ഭീരുക്കളായില്ല; ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
رِبِّي എന്നതിന്റെ ബഹുവചനമാണ് رِبِّيُّونَ. ഏതാണ്ട് 79 -ആം ആയത്തിലെ رَبَّانِي പോലെയുള്ള ഒരു പദംതന്നെയാണിതും. ‘പുരോഹിതന്മാര്, വിജ്ഞാനികള്‍, പുണ്യവാന്മാര്, അനുയായികള്‍’ എന്നിങ്ങനെയും, ‘സംഘങ്ങള്‍’ എന്നും ഇതിന് അര്‍ത്ഥം പറയാറുണ്ട്. അധികാരസ്ഥന്മാര്ക്ക് ‘റബ്ബാനീ’കള്‍ എന്നും കീഴ്ജീവനക്കാര്‍ക്ക് ‘രിബ്ബീകള്‍’ എന്നും പറയപ്പെടുമെന്ന് വേറെയും അഭിപ്രായമുണ്ട്. ഏതായാലും, ആയത്തിന്റെ താല്പര്യം വ്യക്തം തന്നെ.
അടുത്ത ആയത്ത് 147
നേരത്തെ പറഞ്ഞതുപോലെയുള്ള യുദ്ധാവസരങ്ങളില്‍ പതറാതെ, ദുആ ചെയ്യുകയാണവര്‍ ചെയ്തത്. ആ ദുആയാണിനി പറയുന്നത്. പാപമോചനത്തിനും, ശത്രുക്കളുടെ മുമ്പില്‍ കാലിടറാതെ ഉറച്ചുനിന്നു വിജയം വരിക്കാനും വേണ്ടി പ്രാര്‍ത്ഥിച്ചു. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു.
ആ മാതൃക നിങ്ങളും സ്വീകരിക്കണം. ക്ഷമാലുക്കളെയും പുണ്യവാന്മാരെയും അല്ലാഹു സഹായിക്കാതിരിക്കില്ല.
وَمَا كَانَ قَوْلَهُمْ إِلَّا أَنْ قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ (147)
അവരുടെ പ്രാര്‍ത്ഥന ഇതുമാത്രമായിരുന്നു: നാഥാ, ഞങ്ങളുടെ പാപങ്ങളും സ്വന്തം കാര്യങ്ങളിലെ അതിര്‍ലംഘനങ്ങളും പൊറുത്തുതരേണമേ! ഞങ്ങളുടെ പാദങ്ങള്‍ അടിയുറപ്പിച്ചു നിറുത്തുകയും നിഷേധികള്‍ക്കെതിരെ സഹായമേകുകയും ചെയ്യേണമേ!
രണാങ്കണത്തിലും അല്ലാത്തിടത്തുമെല്ലാം അടിയുറച്ചുനിന്ന പൂര്‍വികരുടെ വിശ്വാസം ചിത്രീകരിക്കുകയാണ് ഈ സൂക്തം. അല്ലാഹുവില്‍ പൂര്‍ണമായി വിശ്വസിച്ച് എല്ലാം അവനില്‍ അര്‍പ്പിച്ച്, അവന്റെ സഹായം ചോദിച്ച് അടിപതറാതെ നിലകൊള്ളുകയാണവര്‍ ചെയ്തത്.
അടുത്ത ആയത്ത് 148
ഈയൊരു നിലപാട് സ്വീകരിച്ചതുകാരണം, എന്താണവര്‍ക്ക് കിട്ടിയതെന്നാണിനി പറയുന്നത്. ഇഹത്തില്‍ അവര്‍ക്ക് അല്ലാഹു വിജയവും സമാധാനവും നല്കി. പരലോകത്തോ, വലിയ പ്രതിഫലങ്ങളും നല്കി.
فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ (148)
തന്മൂലം ഐഹിക ലോകത്തെ പ്രതിഫലവും പരലോകത്തെ ഉദാത്തമായ കൂലിയും അല്ലാഹു അവര്‍ക്കു കനിഞ്ഞേകി. അവന് പുണ്യവാന്മാരെ സ്നേഹിക്കുന്നു.
-----------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment