അധ്യായം 2. സൂറ ബഖറ- (Ayath 154-163) സ്വഫാ-മര്‍വ, ആപത്ത് നേരിട്ടാല്‍
മുസ്ലിംകളായി ജീവിക്കുമ്പോള്‍ പല വിഷമങ്ങളും ബുദ്ധിമുട്ടുകളും പലരുടെ ഭാഗത്തുനിന്നും നേരിടേണ്ടിവരാം. അതെല്ലാം സമചിത്തതയോടെ, അടിപതറാതെ നേരിടാന്‍, ക്ഷമയും നമസ്കാരവും കൃത്യമായി കൊണ്ടുനടക്കണമെന്നാണ് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്. ക്ഷമയും നിസ്കാരവും സത്യത്തിന്റെ വഴിയില്‍ ഉറച്ചുനില്ക്കാന് സഹായിക്കുന്ന ഘടകങ്ങളാളെന്നര്ത്ഥം.
ഇനി പറയുന്നത്, അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍, പ്രതിരോധത്തിന്റെ ഭാഗമായി രംഗത്തേക്കിറങ്ങേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍, ജീവന് തന്നെ അപായം സംഭവിക്കുന്നതിനെക്കുറിച്ചാണ്, അതായത് രക്തസാക്ഷികളാകുന്നതിനെക്കുറിച്ച്.
ക്ഷമയുള്ളവര്‍ സഹനമുള്ളവരായിരിക്കുമല്ലോ. നിസ്കാരം മുറപ്രകാരം കൊണ്ടുനടക്കുന്നവര്‍ മുത്തഖീങ്ങളുമായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും ജീവന് ത്യജിക്കുവാനും ഇത്തരക്കാര്‍ തയ്യാറുമായിരിക്കും.
ഇങ്ങനെ ദീനിന്റെ നിലനില്പിനുവേണ്ടി പോരാടി കൊല്ലപ്പെട്ടവരെക്കുറിച്ച് ശത്രുക്കള്‍ പലതും പറയുമായിരുന്നു. 'ആ പാവങ്ങള്‍ മരിച്ചുപോയി. മുഹമ്മദിന്റെ വാക്കു കേട്ടതുകൊണ്ടാണ് അവര്‍ക്ക് ഈ ദുര്യോഗം വന്നത്. എല്ലാ സുഖസന്തോഷങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു. ഇങ്ങനെയൊക്കെ പറഞ്ഞുടനക്കും.
ഇത്തരം ദുഷിച്ച പ്രചാരണത്തിന് മറുപടി പറയുകയാണ് അല്ലാഹു. അവരുടെ ഈ പ്രചാരണങ്ങള്‍ പൊളിച്ചടുക്കുകയാണ്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണ്. പ്രത്യക്ഷത്തിലവര് മരണപ്പെട്ടവരാണെന്ന് പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല, അല്ലാഹുവിന്റെയടുത്ത് ജീവിച്ചിരിക്കുന്നവരാണ്. നമുക്കത് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നേ ഉള്ളൂ. അതുകൊണ്ടുതന്നെ മരിച്ചുപോയെന്ന് അവരെക്കുറിച്ച് പറയരുത്.
وَلَا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَٰكِنْ لَا تَشْعُرُونَ (154)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവരെപ്പറ്റി, അവര്‍ മരിച്ചവരാണ് എന്നു നിങ്ങള്‍ പറയരുത്; പ്രത്യുത ജീവിച്ചിരിക്കുന്നവരാണവര്‍. പക്ഷെ നിങ്ങളതറിയുന്നില്ല.
രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് അല്ലാഹുവിന്റെയടുത്തു നിന്ന് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും, അവര്‍ക്ക് ലഭിച്ച പ്രത്യേക അനുഗ്രഹങ്ങളില്‍ അവര്‍ സന്തുഷ്ടരാണെന്നും മറ്റുമൊക്കെ 3-ആം അധ്യായം സൂറത്തു ആലു ഇംറാനില് 169-171 വരെയുള്ള ആയത്തുകളില്‍ പറഞ്ഞിട്ടുണ്ട്. മരിച്ചവര്‍ എന്നു പറയരുത് എന്നാണിവിടത്തെ പ്രയോഗമെങ്കില്‍, അങ്ങനെ വിചാരിക്കുകയേ അരുത് എന്നാണ് അവിടെ അല്ലാഹു വ്യക്തമാക്കുന്നത്. കൂടുതല്‍ അവിടെ പഠിക്കാം ഇന്‍ശാ അല്ലാഹ്.
ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: രക്തസാക്ഷികളുടെ ആത്മാക്കള്‍ പച്ചവര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളുകളില്‍ സ്വര്‍ഗത്തില്‍ ഉദ്ദേശിച്ചിടത്തുകൂടി പാറിപ്പറന്നുകൊണ്ടിരിക്കും. അവര്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങള്‍ കണ്ട്, ഇഹലോകത്തേക്ക് മടക്കി, വീണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊല്ലപ്പെടാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുമ്പോള്‍, ഇനി മടക്കമില്ലെന്ന് അല്ലാഹു മറുപടി പറയും.
അവരുടെ ആത്മീയമായ ജീവിതത്തെപ്പറ്റി കൂടുതലൊന്നും നമുക്ക് അറിഞ്ഞുകൂടാ. അതാണ് وَلَٰكِن لَّا تَشْعُرُونَ എന്ന് അല്ലാഹു പറഞ്ഞത്.
അടുത്ത ആയത്ത് 155
ക്ഷമയെപ്പറ്റിയാണ് വീണ്ടും പറയുന്നത്. ദീനീ പ്രബോധനം നടത്തുന്നവരും മറ്റും, നിരവധി ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടിവന്നേക്കാം. അതെല്ലാം അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കി, ക്ഷമിച്ച് ഉറച്ചുനില്‍ക്കണം. ഏത് പ്രതിബന്ധങ്ങളും സഹിച്ച് ക്ഷമിക്കുന്നവര്‍ പരലോകത്ത് മഹാഭാഗ്യവാന്മാരായിരിക്കും. അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങളും പാപമോചനവും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ (155)
ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം, കായ്കനീദൗര്ലഭ്യം തുടങ്ങി ചിലതുവഴി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമാശീലര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.
അഞ്ചുവിധം പരീക്ഷണങ്ങളാണിവിടെ പറഞ്ഞത്:
(1) ഭയം: ശത്രുക്കളും എതിരാളികളും, യുദ്ധവും ഏറ്റുമുട്ടലുകളും തുടങ്ങി ഏതുകാരണവും കൊണ്ടുള്ള ഭയവും അരക്ഷിതാവസ്ഥയും.
(2) വിശപ്പ്: ക്ഷാമം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ മറ്റോ ഉണ്ടാകുന്ന പട്ടിണി.
(3) ധനനഷ്ടം: സാമ്പത്തികമായുണ്ടാകുന്ന നഷ്ടം, വരുമാനവര്ഗങ്ങളിലെ വരവ് കുറഞ്ഞതുകൊണ്ടുണ്ടാകുന്ന നഷ്ടം.
(4) ആള് നഷ്ടം: രോഗം, പകര്‍ച്ച വ്യാധികള്‍, അപകടങ്ങള്‍, യുദ്ധങ്ങള്‍, അത്യാഹിതങ്ങള്‍ - ഏതെങ്കിലും കാരണം കൊണ്ട് സ്വന്തം കുടുംബങ്ങളിലോ മിത്രാദികളിലോ മറ്റോ ഉണ്ടാകുന്ന എല്ലാ മരണവും.
(5) ഫലങ്ങളുടെ കുറവ്: കാര്ഷികോല്പന്നങ്ങള്, കായ്കനികള്‍ പോലെയുള്ളവയില്‍ ഉണ്ടാകുന്ന ഉല്പാദനക്കുറവ്.
ഇത്തരം ആപത്തുകളെല്ലാമുണ്ടാകുമ്പോള്, ബാഹ്യമായ കാര്യകാരണബന്ധങ്ങള്‍ മുന്‍നിറുത്തി പലതും നമുക്ക് പറയാനുണ്ടാകും. അങ്ങനെ സംഭവിച്ചതുകൊണ്ടാണിങ്ങനെ ആയിത്തീര്‍ന്നത്, അതില്ലെങ്കില്‍ ഇങ്ങനെ ആകുമായിരുന്നില്ല.... ഇങ്ങനെ പല കാരണങ്ങളും പറയാനുണ്ടാകും. സത്യത്തില്‍, ഇതെല്ലാം അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള പരീക്ഷണങ്ങളാണ്. അത് മനസ്സിലാക്കി ക്ഷമിച്ചും സഹിച്ചും മുന്നേറുന്നിടത്താണ് വിജയിക്കാന്‍ കഴിയുക. അത്തരം ക്ഷമാലുക്കള്‍ക്ക് സന്തോഷിക്കാം. وَبَشِّرِ الصَّابِرِينَ
നേരെ മറിച്ച്, അക്ഷമരായി, എപ്പോഴും വേവലാതിപ്പെട്ട് കഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഒരു മനസ്സമാധാനവുമുണ്ടാകില്ല. ആ വിപത്തുകളുടെ വ്യാപ്തി കൂടുന്നതായി ഫീല്‍ ചെയ്യുകയും ചെയ്യും. ആഖിറത്തിലാണെങ്കിലോ, അവിടെയും നഷ്ടമായിരിക്കും. അല്ലാഹുവിന്റെ പ്രീതിയൊട്ട് കിട്ടുകയുമില്ല.
മുകളില്‍ പറഞ്ഞ അഞ്ച് കാര്യങ്ങള്‍കൊണ്ടും നിങ്ങളെ പരീക്ഷിക്കും എന്ന് പറയാതെ അല്പം ചിലതു കൊണ്ട് പരീക്ഷിക്കും (وَلَنَبْلُوَنَّكُم بِشَيْءٍ) എന്നാണ് പറഞ്ഞത്. അതായത്, ഏതെങ്കിലും ചിലതൊക്കെ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ആ സമയത്ത്, അക്ഷമരാകരുത്, നിരാശരാകരുത്. ഏത് പരീക്ഷണമായാലും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അത് ഗുണകരമായി മാറ്റാനാണ് ശ്രമിക്കേണ്ടത്.
അതുപോലെ, ചെറിയ ചെറിയ വിപത്തുകളല്ലേ എനിക്ക് വന്നുള്ളൂ, ഇത്രയല്ലേ സംഭവിച്ചുള്ളൂ, ഇതിനേക്കാള്‍ വലിയ ആപത്തുകള്‍ വരാമായിരുന്നല്ലോ... അങ്ങനെ സംഭവിക്കാത്തത് അല്ലാഹുവിന്റെ ഔദാര്യമാണ്. ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ ചിന്തിക്കേണ്ടത് - ഇത്തരം സൂചനകളാണ് (وَلَنَبْلُوَنَّكُم بِشَيْءٍ) എന്ന വാക്യത്തിലുള്ളത്.
എന്ത് പ്രയാസം നേരിടുമ്പോഴും, അതിലേറെ വലുത് സങ്കല്പിച്ച്, അതെനിക്ക് വന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കുന്നത്, വളരെ ഫലപ്രദമാണ്.
ഉമര്‍ رضي الله عنه പറയുന്നു: 'ഏത് വിപത്തുണ്ടായാലും മൂന്ന് അനുഗ്രഹങ്ങള്‍ ഞാനതില്‍ കാണും: ഒന്ന്: അത് എന്റെ ദീനിന്റെ കാര്യത്തിലല്ല.
രണ്ട്: മുമ്പ് സംഭവിച്ചതിനെ അപേക്ഷിച്ച് അത് ലഘുവായിരിക്കും.
മൂന്ന്: അല്ലാഹു അതിന് മികച്ച പ്രതിഫലം നല്‍കും.' ഇതും പറഞ്ഞ് മഹാനവര്കള് ഈ തിരുസൂക്തം പാരായണം ചെയ്തു (സ്വഫ്വത്തുത്തഫാസീര്‍ 1:107).
ആപത്തുകളും പരീക്ഷണങ്ങളും നേരിടുമ്പോള്‍ ഇത്തരം ക്ഷമാലുക്കളുടെ നിലപാടും സ്വഭാവവുമെന്തായിരിക്കുമെന്നാണിനി അടുത്ത ആയത്തിലുള്ളത്.
അടുത്ത ആയത്ത് 156
ആദ്യകാല മുസ്ലിംകള് ശത്രുക്കളുടെ ഭാഗത്തുനിന്ന് നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടിവന്നവരാണല്ലോ. അവരുടെ ശല്യം അസഹനീയമായതോടെ സ്വന്തം നാട് വിടേണ്ടിവന്നു. സമയത്തിന് ഭക്ഷണം കഴിക്കാനോ, അന്നത്തെ അവരുടെ സ്വത്തുക്കളായിരുന്ന കന്നുകാലികളെയോ തോട്ടങ്ങളെയോ വേണ്ടവിധം പരിപാലിക്കാനോ, കാലാവസ്ഥാ മാറ്റങ്ങള്ക്കനുസരിച്ചുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചികിത്സ തേടാനോ കഴിയാതെ പല ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നു.
ഇടക്കിടക്ക് ശത്രുക്കളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ധര്‍മസമരം ചെയ്യേണ്ടിവരുന്നതിനാല്‍, സ്വന്തം സഹോദരന്മാരില് പലരെയും നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
അത്തരം പരീക്ഷണഘട്ടങ്ങളില്‍ അവരെ താങ്ങിനിറുത്തിയത്, അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും സഹനശക്തിയുമായിരുന്നു. അതുതന്നെയാണവരുടെ വിജയരഹസ്യവും.
ആപത്തുകള്‍ നേരിടുമ്പോള്‍, അതെത്ര ചെറുതായാലും അവരിങ്ങനെ പറയും – ഞങ്ങളൊക്കെ അല്ലുഹിവനുള്ളവരാണ്, അവന്റെ ഉടമസ്ഥതയിലാണെന്നതുകൊണ്ടുതന്നെ, അവനിഷ്ടമുള്ളതുപോലെ ഞങ്ങളില്‍ ഇടെപടുകയാണവന്. ഞങ്ങളതില്‍ ക്ഷമിക്കുകയാണ്. ഞങ്ങള്‍ അവന്റെയടുത്തേക്ക് മടങ്ങിച്ചെല്ലേണ്ടവരുമാണ്.
الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156)
വല്ല വിപത്തും സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവങ്കലേക്കു മടങ്ങുന്നവരുമാണ് എന്നു പറയുന്നവരാണവര്‍.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
നമ്മളും ഇത് പറഞ്ഞ് ശീലിക്കണം. വെറും പറച്ചില് മാത്രമാക്കാതെ, അര്‍ത്ഥം മനസ്സിലാക്കി, മനസ്സുകൊണ്ട് പറയണം. اِسْتِرْجَاع എന്നാണിതിന് പറയുന്നത്.
ഈ വാക്കിന് വലിയ പ്രതിഫലമുണ്ടെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ആപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിലുള്ള വിശ്വാസം മുറുകെ പിടിക്കുന്നുവെന്ന് മാത്രമല്ല, ആ ആപത്തുമൂലമുണ്ടായ ക്ഷമ വാക്കുകളിലൂടെ പ്രകടിപ്പിക്കാനും സര്‍വവും അല്ലാഹുവിലര്പ്പിക്കാനും സന്നദ്ധനായി എന്നതാണ്, ഈ വാക്കിന് വലിയ പ്രതിഫലം ലഭിക്കാന്‍ കാരണം.
ഈ വാചകത്തിന് വിശാലമായ അര്‍ത്ഥതലങ്ങളുണ്ട്. നമ്മളൊക്കെ അല്ലാഹുവിന്റെ അടിമകളാണ്, നമ്മുടെ എല്ലാ കൈകാര്യങ്ങളും നിയന്ത്രണങ്ങളും അവന്റെ കയ്യിലാണ്. നമ്മളില്‍ എന്ത് നടപ്പാക്കാനും അവന് അധികാരമുണ്ട്, അതിന് വഴങ്ങുക എന്നതാണ് നമ്മുടെ ബാധ്യത. മരിച്ചാല്‍ തിരിച്ചുചെല്ലേണ്ടതും അവന്റെയടുത്തേക്കുതന്നെയാണ്. എല്ലാറ്റിനും അവന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരും. ചെറിയ നന്മയാണെങ്കിലും പാഴാക്കിക്കളയാതെ അവന് പ്രതിഫലം തരും. തിന്മയും അങ്ങനെത്തന്നെ. ഒന്നും അവന്റെ ശ്രദ്ധയില്പെടാതിരിക്കില്ല..... ഇങ്ങനെ നിരവധി അര്‍ത്ഥതലങ്ങള്‍.
വിപത്തുകള്‍ സംഭവിച്ച് കുറേകാലം കഴിഞ്ഞ ശേഷം പിന്നെയും അത് ഓര്മവരുമ്പോള് ഇസ്തിര്‍ജാഅ് പുതുക്കുകയാണെങ്കില്‍, അതിനും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് ഹദീസുകളിലുണ്ട്. (അഹ്മദ്, ഇബ്നുമാജ رحمهما الله).
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സഹധര്‍മിണി ഉമ്മുസലമ (رضي الله عنها) തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ ഉദ്ധരിക്കുന്നുണ്ട്: ആപത്ത് ബാധിക്കുമ്പോള്‍ إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ أْجُرْنِي في مُصِيبَتِي، وأَخْلِفْ لي خَيْرًا مِنْها (ഞങ്ങള്‍ അല്ലാഹുവിന്നുള്ളതാണ്, അവന്റെയടുത്തേക്കുതന്നെ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, ഈ വിപത്തില്‍ നീ എനിക്ക് പ്രതിഫലം നല്കേണമേ! അതിനേക്കാള്‍ ഉത്തമമായത് പകരം നല്‍കുകയും ചെയ്യേണമേ!) എന്ന് പറഞ്ഞാല്‍, അല്ലാഹു അവന് പ്രതിഫലം കൊടുക്കുകയും, അതിനെക്കാള്‍ ഉത്തമമായത് പകരം നല്‍കുകയും ചെയ്യാതിരിക്കില്ല. (മുസ്ലിം)
അങ്ങനെ, എന്റെ ഭര്‍ത്താവ് അബൂ സലമ മരണപ്പെട്ടപ്പോള്‍, തിരുനബി صلى الله عليه وسلم പറഞ്ഞതുപോലെ ഞാന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹത്തേക്കാള്‍ ഉത്തമനായ ആളെ എനിക്ക് അല്ലാഹു പകരം തരികയും ചെയ്തു. അതായത്, അല്ലാഹുവിന്റെ റസൂലിനെ صلى الله عليه وسلم തന്നെ പകരം തന്നു.
തിരുനബി صلى الله عليه وسلم പറയുന്നു: ഒരാളുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: നിങ്ങള്‍ എന്റെ അടിമയുടെ മകന്റെ ആത്മാവ് പിടിച്ചോ? മലക്കുകള്‍: അതെ. അല്ലാഹു: നിങ്ങളവന്റെ കരള്കഷ്ണത്തിന്റെ ആത്മാവ് പിടിച്ചോ? മലക്കുകള്‍: അതെ. അല്ലാഹു: എന്നിട്ട് അവനെന്തു പ്രതികരിച്ചു? മലക്കുകള്‍: അവന് നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി... ചൊല്ലുകയും ചെയ്തു. അല്ലാഹു: അവന് നിങ്ങള്‍ സ്വര്‍ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിന് 'ബൈത്തുല്ഹംദ്' എന്ന് പേരിടുകയും ചെയ്യുക (അഹ്മദ്, തുര്‍മുദി).
അല്ലാഹുവിന്റെ പരീക്ഷണം രണ്ടുവിധത്തിലുണ്ട്. തിന്മ മുഖേനയും നന്മ മുഖേനയും. وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً (തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കും (21:35). രണ്ടും പരീക്ഷണമാണ്. ഖൈറ് തരുന്നത് ശുക്റ് ചെയ്യുന്നുണ്ടോ എന്ന് പരീക്ഷിക്കാനാണ്. ബുദ്ധിമുട്ടുകളും തിന്മകളും കൊണ്ട് പരീക്ഷിക്കുന്നത് ക്ഷമിക്കുന്നുണ്ടോ എന്ന് നോക്കാനുമാണ്. രണ്ടും നമ്മള് ശ്രദ്ധിക്കണം.
അടുത്ത ആയത്ത് 157
ഇസ്തിര്‍ജാഇന്റെ ഈ വാക്ക് പറഞ്ഞ് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും മികച്ച പ്രതിഫലവും വിവരിക്കുകയാണ്. ആ വാക്കുകളുടെ ശ്രേഷ്ഠത പറഞ്ഞുതരികയാണ്.
അവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും കാരുണ്യവും ഉണ്ടായിരിക്കും. മാത്രമല്ല, അവര്‍ തന്നെയാണ് സന്മാര്ഗികള് എന്നൊരു സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കുന്നുണ്ട് അല്ലാഹു.
أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ (157)
തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരില്‍ വര്‍ഷിക്കും. അവര്‍ തന്നെയത്രേ സന്മാര്ഗം കൈവരിച്ചവര്‍.
ക്ഷമാശീലര്‍ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുക. അല്ലാഹു പറയുന്നു: إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ (ക്ഷമാശീലര്‍ക്ക് അവരുടെ പ്രതിഫലം കൈയും കണക്കുമില്ലാതെ പൂര്‍ത്തീകരിച്ചുകൊടുക്കും. (സുമര്‍ 10)
അടുത്ത ആയത്ത്- 158
പരിശുദ്ധ കഅ്ബയെ ഖിബ്ലയാക്കണമെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. ഇനി പറയുന്നത് അതിനടുത്തുള്ള സ്വഫാ-മര്‍വ കുന്നുകളെക്കുറിച്ചാണ്. ഹജ്ജോ ഉംറയോ ചെയ്യുമ്പോള്‍, അതിലൂടെ സഅ്യ് നടത്തേണ്ടത് നിര്‍ബന്ധമാണ്.
إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا ۚ وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ (158)
നിശ്ചയം സഫയും മര്‍വയും അല്ലാഹുവിന്റെ (മത)ചിഹ്നങ്ങളില്‍ പെട്ടതാണ്. അതുകൊണ്ട്, ആര് കഅ്ബയില്‍ ചെന്ന് ഹജ്ജോ ഉംറയോ ചെയ്യുന്നുവോ അവന്ന് അവക്കിടയില്‍ നടക്കുന്നതിന്ന് (പ്രദക്ഷിണം ചെയ്യുന്നതിന്) കുറ്റം ഒട്ടുമേയില്ല. ഒരാള്‍ സ്വയം നന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ (അതൊരിക്കലും പാഴായിപ്പോകയില്ല. കാരണം,) അല്ലാഹു അതിന്നു പ്രതിഫലം നല്കുന്നവനും സര്‍വജ്ഞനുമാകുന്നു.
شَعِيرَة എന്ന വാക്കിന്റെ ബഹുവചനമാണ് شَعَائِرِ. അടയാളം, ചിഹ്നം എന്നൊക്കെയാണ് വാക്കര്‍ത്ഥം. അല്ലാഹുവിന്റെ/ ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ എന്ന് പറയുമ്പോള്‍ വിശാലമായൊരു പ്രയോഗമണത്. അല്ലാഹുവിന്റെ/ദീനിന്റെ കല്പനകള് അംഗീകരിക്കുന്നതിന്റെ പ്രത്യക്ഷ അടയാളമായി എന്തൊക്കെ പരിഗണിക്കപ്പെടുമോ അതൊക്കെ ഈ പ്രയോഗത്തിന്റെ പരിധിയില്‍ വരും. ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്, ഹജ്ജും ഉംറയും അതുമായി ബന്ധപ്പെട്ട ആരാധനാകര്‍മങ്ങളും സ്ഥാനങ്ങളുമാണ്.
സ്വഫ-മര്‍വ അത്തരം ശആഇറുകളില് പെട്ടതാണ്. രണ്ടും പുണ്യ സ്ഥലങ്ങളാണെന്നും അതിനിടയിലുള്ള സഅ്യ് പുണ്യകര്‍മമാണെന്നും മനസ്സിലാക്കിത്തരികയാണ്. അവിടെ വെച്ച് നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേക പരിഗണനയുമുണ്ട്.
ശആഇറുകളായ ഇത്തരം സ്ഥലങ്ങളില്‍ വെച്ച് നിര്‍വ്വഹിക്കേണ്ട കര്‍മങ്ങള്‍ ശരിയായും ഭയഭക്തിയോടെയും അനുഷ്ഠിക്കണം. ഒരു തരത്തിലുമുള്ള അനാദരവുമുണ്ടാകരുത്. അവയെ നന്നായി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് തഖ്വയുടെ ലക്ഷണമാണ്.
وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (الحج 32)
(അല്ലാഹുവിന്റെ ശആഇറുകളെ ബഹുമാനിക്കുന്നത് തഖ്വയില്‍ പെട്ടതാണ്).
إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ
വിശുദ്ധ കഅ്ബയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ചെറിയ കുന്നുകളാണ് സ്വഫയും മര്‍വയും. കഅ്ബയുടെ അടുത്ത് തെക്കുകിഴക്ക് വശം സ്വഫയും വടക്ക് മര്‍വയും സ്ഥിതി ചെയ്യുന്നു. ഹജ്ജും ഉംറഃയും ചെയ്യുന്നവര്‍, രണ്ടിനുമിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം നടക്കണം.
അല്ലാഹുവിന്റെ കല്പന പ്രകാരം, ഇബ്റാഹീം നബി(عليه السلام) കുടുംബസമേതം ശാമില്‍ നിന്ന് വന്ന്, സഹധര്‍മിണി ഹാജറാ ബീവിയെയും പിഞ്ചുമകന് ഇസ്മാഈല്‍(عليه السلام)നെയും മക്കയില്‍ ഈ രണ്ടു കുന്നുകള്‍ക്കിടയില്‍ തനിച്ചാക്കി തിരിച്ചുപോയി.
ഒരു തോല്സഞ്ചിയില് ഈത്തപ്പഴവും മറ്റൊരു തോല്പാത്രത്തില് വെള്ളവുമല്ലാതെ മറ്റൊന്നും അവരുടെയുടുത്തുണ്ടായിരുന്നില്ല. ഇബ്റാഹീം നബി عليه السلام തിരിഞ്ഞുനടക്കുമ്പോള്‍ ഹാജറാ ബീവി رضي الله عنها ചോദിച്ചു: ‘ഈ താഴ്വരയില് ഞങ്ങളെ ഒറ്റക്കാക്കി പോകുകയാണോ?!’ ഇബ്റാഹീം നബി عليه السلام തിരിഞ്ഞു നോക്കിയില്ല! വീണ്ടും വിളിച്ചു ചോദിച്ചു: ‘അല്ലാഹു കല്പിച്ചിട്ടാണോ, ഇങ്ങനെ ചെയ്യുന്നത്?’ അപ്പോഴാണ് മഹാനവര്കള് മറുപടി പറഞ്ഞത്: ‘അതെ’. ആ ഒരൊറ്റ വാക്ക് മതി! ഹാജറാ ബീവിക്ക് സമാധാനമായി. അവര്‍ പ്രതികരിച്ചു: ‘എന്നാല്‍ പിന്നെ, അല്ലാഹു ഞങ്ങളെ പാഴാക്കുകയില്ല.’
വെയിലിന് കനത്ത ചൂടാണ്. കൈയിലുള്ള വെള്ളവും ഭക്ഷണം തീര്‍ന്നു. ഒരു മനുഷ്യജീവിയുമില്ലാത്ത ആ സ്ഥലത്ത് ഹാജര്‍ ബീവി, വെള്ളമുണ്ടോ എന്നന്വേഷിച്ച് ആ രണ്ടു കുന്നുകള്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി.
വല്ല വഴിയാത്രക്കാരുമുണ്ടെങ്കില് വെള്ളം ചോദിക്കാമെന്ന് കരുതി കുഞ്ഞിനെ, ഇപ്പോള്‍ സംസം കിണറുള്ള സ്ഥലത്ത് കിടത്തി, ഓരോ കുന്നിലും കയറിയിറങ്ങുകയാണ്. അങ്ങനെ ഏഴ് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടുമായി നടന്നു.
ആരെയും കാണാനില്ല. പെട്ടെന്നാണ് കുട്ടി കിടക്കുന്ന ഭാഗത്തുനിന്ന് ഒരു ശബ്ദം കേട്ടത്. വന്നുനോക്കുമ്പോ, അതാ ഒരു നീരുറവ! കുട്ടിയുടെ അരികില്‍ നില്ക്കുന്ന ജിബ്രീല്‍ (عليه السلام)ന്റെ കാലിന്നടിയിലൂടെ അതങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ആശ്ചര്യവും സന്തോഷവുമായി ബീവിക്ക്. ‘സം! സം!’ (നില്ക്കട്ടെ, നില്ക്കട്ടെ!) എന്ന് പറഞ്ഞ് ജലപ്രവാഹം കെട്ടിനിറുത്തി. (അത് കെട്ടിനിറുത്താതെ വിട്ടിരുന്നുവെങ്കില്‍ ഇപ്പോഴുമത് ഒഴുകിക്കൊണ്ടിരിക്കുമായിരുന്നു എന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിട്ടുണ്ട്). ഇതാണ് മഹത്തായ ‘സംസം’ (ماء زمزم).
ഈ നീരുറവ കാരണം, ആളുകള്‍ ക്രമേണ മക്കയില്‍ വരാന്‍ തുടങ്ങി.
ഈ സംഭവത്തിന്റെ സ്മാരകമായിട്ടാണ് ഈ കുന്നുകളെ അല്ലാഹുവിന്റെ അടയാളമായി കണക്കാക്കിവരുന്നത്. ഹാജറാ ബീവിയുടെ ആ നടത്തത്തെ അനുസ്മരിപ്പിക്കുന്നതാണ്, ഹജ്ജ്-ഉംറ നിര്‍ബന്ധ കര്‍മമായ സഅ്യ് എന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) പറഞ്ഞിട്ടുണ്ട്.
സ്വഫാ മുതലാണ് സഅ്യ് തുടങ്ങേണ്ടത്. 7 നടത്തം കഴിയുമ്പോള്‍ മര്‍വയില്‍ അവസാനിക്കും. ഇവിടെ ഈ ആയത്തില്‍ സ്വഫായെക്കുറിച്ച് പറഞ്ഞാണല്ലോ അല്ലാഹു തുടങ്ങിയത്. അങ്ങനെ അല്ലാഹു ആരംഭിച്ചതുമുതല്‍ തന്നെ (സ്വഫ മുതല്‍) നിങ്ങളും സഅ്യ് ആരംഭിക്കുക എന്ന് തിരു നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട് (നസാഈ).
ഹജ്ജ്കര്‍മങ്ങളുടെ അധികഭാഗവും ഇബ്റാഹീം നബി (عليه السلام)യുടെയും ഇസ്മാഈല്‍ നബി (عليه السلام)യുടെയും ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണല്ലോ.
فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا
ഹജ്ജിലും ഉംറയിലും സഅ്യ് നിര്‍ബന്ധമാണ്. എന്നിട്ടും, അത് നിര്‍ബ്ബന്ധമല്ലെന്നു തോന്നിപ്പിക്കുന്ന വിധം لاجُنَاحَ (തെറ്റില്ല) എന്ന് പറഞ്ഞതെന്തുകൊണ്ടാണ്?
ജാഹിലിയ്യ കാലത്ത് മുശ്രിക്കുകളുടെ മേല്നോട്ടത്തിലായിരുന്നല്ലോ വിശുദ്ധ കഅ്ബയും ഹജ്ജ് കര്മവുമല്ലാം നടന്നിരുന്നത്. അക്കാലത്ത് ആ രണ്ട് കുന്നുകളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അതിനെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തുവന്നിരുന്നു അവര്‍. ഇസാഫ് (اساف), നാഇല (نائلة) എന്നായിരുന്നു ഈ രണ്ട് ബിംബങ്ങളുടെ പേര്.
മക്കാ വിജയത്തിനു ശേഷം വിഗ്രഹങ്ങളെല്ലാം നീക്കിയ കൂട്ടത്തില്‍ ഈ 2 ബിംബങ്ങളും നീക്കപ്പെട്ടിരുന്നു. എന്നാലും ആ കുന്നുകളെ പ്രദക്ഷിണം ചെയ്യാന്‍ മുസ്ലിംകള്ക്ക് മാനസിമായി പ്രയാസം തോന്നി. അതവര് തിരുനബി صلى الله عليه وسلم യോട് തുറന്നുപറയുകയും ചെയ്തു. അപ്പോഴാണ് 'അത് രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ട പരിപാവന സ്ഥലങ്ങളാണെന്നും അതിനെ പ്രദക്ഷിണം ചെയ്യല്‍ കുറ്റമല്ല, അതില്‍ ഒരാശങ്കയും തോന്നേണ്ടതില്ല’ എന്നും അല്ലാഹു പറഞ്ഞത്.
وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
നിര്‍ബന്ധമായ കര്‍മങ്ങള്‍ക്ക് പുറമെ, സുന്നത്തായ കര്‍മങ്ങളും അനുഷ്ഠിക്കണമെന്ന പോത്സാഹനമാണിത്. അതില്‍ സുന്നത്തായ ഹജ്ജും ഉംറയുമെല്ലാം പെട്ടു. അതായത്, കഴിവുള്ളവര്‍ക്ക് ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജും ഉംറയും നിര്‍ബന്ധമുള്ളൂവെങ്കിലും കൂടുതല്‍ ചെയ്യുന്നത് പുണ്യമാണ്, അല്ലാഹു ഇഷ്ടപ്പെടുന്നതുമാണ് എന്നെല്ലാം ഇവിടെ നിന്ന് സാന്ദര്‍ഭികമായി മനസ്സിലാക്കാവുന്നതാണ്.
അടുത്ത ആയത്ത് 159
إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ (159)
നാം അവതരിപ്പിച്ച വ്യക്തമായ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനവും, വേദത്തിലൂടെ മനുഷ്യര്‍ക്ക് വ്യക്തമാക്കിയ ശേഷം മറച്ചുവെക്കുന്നവരാരോ, അവരെ അല്ലാഹു ശപിക്കുന്നതാണ്. മറ്റെല്ലാ ശാപകന്മാരും ശപിക്കുതാണ്.
പൂര്‍വവേദങ്ങളില്‍, തിരുനബി صلى الله عليه وسلم യെക്കുറിച്ചും വിശുദ്ധ ഖുര്‍ആനിനെക്കുറിച്ചും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പുരോഹിതന്മാര് അതെല്ലാം ആളുകളില്‍ നിന്ന് മറച്ചുവെച്ചത് മഹാപാതകമാണ്, അതിക്രമമാണ്. അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെയും മലക്കുകളുടെയും എല്ലാ നല്ല മനുഷ്യരുടെയും ജിന്നുകളുടെയും ശാപത്തിന് അവര്‍ വിധേയരുമാണ്.
അല്ലാഹുവിന്റെ ശാപമെന്നു പറഞ്ഞാല്‍, അവന്റെ ദയാകാരുണ്യങ്ങളില് നിന്ന് അവരെ അകറ്റിക്കളയുമെന്നര്ത്ഥം. അവരിവിടെ നിന്ദ്യരായി ജീവിക്കേണ്ടിവരും. പരലോകത്ത് കഠിന ശിക്ഷക്ക് വിധേരാകേണ്ടിയും വരും.
സൃഷ്ടികള്‍ ശപിക്കുക എന്ന് പറഞ്ഞാല്‍, അവരോട് വെറുപ്പും വിരോധവും വെച്ചുപുലര്‍ത്തലും പ്രതികൂലമായി ദുആ ചെയ്യലുമാണ്. ജനങ്ങളുടെ നന്മക്കുവേണ്ടി അല്ലാഹു അവതരിപ്പിച്ച നിയമവിധികളെ മറച്ചുവെക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവരോട് വെറുപ്പ് തോന്നി, നല്ലവരെല്ലാം അവര്‍ക്കെതിരെ ദുആ ചെയ്യുക എന്ന് സാധാരണവും സ്വാഭാവികവുമാണല്ലോ.
അടുത്ത ആയത്ത് 160
മനുഷ്യസമൂഹത്തിനാകമാനം അവകാശപ്പെട്ട അല്ലാഹുവിന്റെ വചനങ്ങളും മതവിധികളും ജനങ്ങള്ക്കെത്തിച്ചുകൊടുക്കാതെ മറച്ചുവെച്ച വേദക്കാര്‍ ചെയ്തത് വളരെ ഗുരുതരമായ തെറ്റുതന്നെയാണ്. എന്നാലും, ഇവര്‍ ശരിയായി
പശ്ചാത്തപിച്ചു മടങ്ങുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയും ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ചെയ്യും. അത്രയും വിശാലമാണ് സര്‍വശക്തനായ റബ്ബിന്റെ കാരുണ്യം. അതാണിനി പറയുന്നത്.
إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ (160)
എന്നാല്‍ പശ്ചാത്തപിക്കുകയും നടപടികള്‍ നന്നാക്കുകയും (പൂഴ്ത്തിവെച്ചത്) വ്യക്തമാക്കുകയും ചെയ്തവരാരോ അവര്‍ക്കു ഞാന്‍ മാപ്പു ചെയ്യും. ഞാന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനുമാകുന്നു.
പശ്ചാത്തപിച്ചു മടങ്ങുക എന്നത് ആത്മാര്‍ത്ഥവും ഫലപ്രദവുമാകണമെങ്കില്‍, ചെയ്ത തെറ്റ് തിരുത്തുകയും നിര്‍വ്യാജം ഖേദിക്കുകയും അതാവര്ത്തിക്കാതിരിക്കുകയും ചെയ്യണമല്ലോ. അതാണ്, പശ്ചാത്തപിക്കുകയും നല്ലത് ചെയ്യുകയും മൂടിവെച്ചത് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തവരൊഴികെ (إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا ) എന്നു പറഞ്ഞത്.
ജൂത-ക്രിസ്തീയ പണ്ഡിതന്മാരെപ്പറ്റിയാണ് ഈ ആയത്ത് അവതരിച്ചതെങ്കിലും, സത്യം മൂടിവെക്കുന്ന എല്ലാവര്ക്കും ബാധകമാണീ താക്കീത്.
അബൂഹുറയ്റ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ കിതാബിലെ ഒരു ആയത്ത് ഇല്ലായിരുന്നെങ്കില്‍, നിങ്ങള്‍ക്ക് ഞാന്‍ ഒരു വിവരവും പറഞ്ഞുതരുമായിരുന്നില്ല. എന്നിട്ട് മഹാനവര്കള് ഈ 159-ാം ആയത്ത് പാരായണം ചെയ്തു. (ബുഖാരി)
തിരുനബി صلى الله عليه وسلم പറയുന്നു: ഒരാളോട് ഒരു അറിവ് ചോദിക്കപ്പെടുകയും അയാളത് (ശരിക്കു പറഞ്ഞുകൊടുക്കാതെ) മറച്ചുവെക്കുകയും ചെയ്താല്‍ ഖിയാമത്തുനാളില്‍ തീയിന്റെ കടിഞ്ഞാണിടപ്പെടുന്നതാണ് (തുര്‍മുദി).
അടുത്ത ആയത്ത് 161, 162
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَٰئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ (161)
സത്യനിഷേധം കൈക്കൊള്ളുകയും അതേ നിലയില്‍ മരണപ്പെടുകയും ചെയ്യുന്നവരാരോ അവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും സകലമനുഷ്യരുടെയും ശാപമുണ്ടാകും.
خَالِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْظَرُونَ (162)
അവരതില്‍ ശാശ്വതരായിരിക്കും. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയോ മറ്റവസരം നല്കപ്പെടുകയോ ഇല്ല (ഇട നല്കപ്പെടുകയോ ഇല്ല).
സത്യം നിഷേധിക്കുക എന്നത് ഗുരുതരമായ കുറ്റമാണ്. നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും പ്രപഞ്ചസ്രഷ്ടാവിനെ മനസ്സിലാക്കാന്‍ കഴിയുന്ന എത്രയോ തെളിവുകള്‍, മലര്‍ക്കെ തുറന്നുവെക്കപ്പെട്ട ഈ പ്രപഞ്ചത്തിലുണ്ട്.
അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹിച്ചുനല്‍കിയ ഇസ്ലാം സമഗ്രമായ ജീവിതപദ്ധതിയാണെന്നും ചിന്തിച്ചാല്‍ മനസ്സിലാകും.
അല്ലാഹു നല്കിയ നിരവധി അനുഗ്രഹങ്ങളാസ്വദിച്ച് ജീവിക്കുക, എന്നിട്ട് അവനെ നിഷേധിക്കുകയും ചെയ്യുക, അവന് നല്കിയ സന്മാര്ഗം തള്ളിക്കയളയുക – ഇത് മുഴുത്ത ധിക്കാരമല്ലാതെ മറ്റെന്താണ്! ഇത്തരക്കാരെ അല്ലാഹുവും മലക്കുകളും മനുഷ്യരും ശപിക്കുക തന്നെ ചെയ്യും. ശാശ്വതമായ നരകശിക്ഷയില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. ഒരിക്കലെങ്കിലും ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. ആശ്വാസത്തിന്റെ ചെറിയ ഇടവേള പോലും നല്‍കപ്പെടുകയുമില്ല.
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ
ഒരാളുടെ മരണത്തോടു കൂടിയാണ് അയാള്‍ യഥാര്‍ത്ഥ സത്യവിശ്വാസിയാണോ അല്ലേ എന്ന് തീരുമാനിക്കപ്പെടുക. അവസാനകാലം വരെ അവിശ്വാസിയായിരുന്ന ഒരാള്‍, അവസാനം സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെയങ്ങ് മരണപ്പെടുകയും ചെയ്താല്‍, അയാള്‍ സത്യവിശ്വാസിയാണ്. നേരെ മറിച്ചും അങ്ങനെത്തന്നെ. അതായത്, ഒരു സത്യവിശ്വാസി, മരണത്തിന്റെ തൊട്ടു മുമ്പ് അവിശ്വാസം സ്വീകരിച്ചാല്‍ അയാള്‍ അവിശ്വാസിയായി മാറും. അതുകൊണ്ടാണ്, ശാപമുണ്ടെന്ന് പറഞ്ഞപ്പോള്‍, അവിശ്വസിച്ചവരുടെ മേല്‍ എന്ന് പറഞ്ഞുനിര്‍ത്താതെ അവിശ്വാസികളായി മരണമടയുകയും ചെയ്തവരുടെമേല്‍ എന്ന് പറഞ്ഞത്.
അവിശ്വാസികള്‍, അക്രമികള്‍ എന്നിവരെ പൊതുവെ ശപിച്ചുകൊണ്ടുള്ള പലവാക്യങ്ങളും ഖുര്‍ആനില്‍ കാണാം. അതേ സമയം, വ്യക്തികളെ ശപിച്ചുകൊണ്ടുള്ള വാക്യങ്ങള്‍ കാണാന്‍ കഴിയില്ല; പിശാചിനെയല്ലാതെ. നമ്മളും ചിന്തിക്കേണ്ടതാണിത്. വ്യക്തികളെ ശപിച്ചുപോകരുത്.
പല പ്രാവശ്യം കള്ളുകുടിച്ച ഒരാളെ ശിക്ഷിക്കുകയാണ് തിരുനബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ). സദസ്സില്‍ നിന്നൊരാള്‍ ഇങ്ങനെ പറഞ്ഞു: അയാളെ അല്ലാഹു ശപിക്കട്ടെ, എത്ര പ്രാവശ്യമാണ് കുടിക്കുന്നത്! അത് കേട്ടപ്പോള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രതികരിച്ചു:, നിങ്ങളുടെ സഹോദരന്നെതിരെ നിങ്ങള്‍ പിശാചിന് സഹായം ചെയ്യരുത്. (ബുഖാരി, മുസ്ലിം).
അടുത്ത ആയത്ത് 163
وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ (163)
നിങ്ങളുടെ ഇലാഹ് ഏകനായ ഇലാഹാകുന്നു. അവനല്ലാതെ വേറെ ആരാധ്യനില്ല. പരമദയാലുവും കരുണാമയനുമത്രേ അവന്.
അല്ലാഹു ഏകനാണ് - അതായത് സത്തയിലോ ഗുണങ്ങളിലോ പ്രവൃത്തികളിലോ അവനോട് സാദൃശ്യമുള്ളതായി ഒന്നുമില്ല.
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment