അധ്യായം 2. സൂറ ബഖറ- Ayath 270-274) ദാനം, നേർച്ച, അഹ്‌ലുസ്സുഫ്

ദാനങ്ങളെക്കുറിച്ചും ദാനങ്ങളുടെ പ്രതിഫലം പാഴായിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നത്.

 

ഇനി പറയുന്നത്, നിങ്ങള്‍ സകാത്തായും സ്വദഖകളായുമൊക്കെ നല്‍കുന്നത്, നേര്‍ച്ചകളും മറ്റും വീട്ടുന്നത് എല്ലാം അല്ലാഹു അറിയുന്നുണ്ട് എന്നാണ്. അവ ചെറുതോ വലുതോ, രഹസ്യമോ പരസ്യമോ ഉദ്ദേശ്യശുദ്ധിയോടെയോ അല്ലാതെയോ ആവട്ടെ, എല്ലാം അല്ലാഹുവിനറിയാം. ഒന്നും രേഖകളില്ലാതിരിക്കില്ല.  ഓരോന്നിനും അവന്‍ തക്ക പ്രതിഫലം നല്‍കുകയും ചെയ്യും. അതേസമയം, കൊടുക്കേണ്ടതൊന്നും കൊടുക്കാതെ, നേര്‍ച്ചകള്‍ വീട്ടാതെ ഇരിക്കുന്ന ചിലരുണ്ട്. അത് പാടില്ല. അത്തരക്കാര്‍ അതിക്രമം ചെയ്യുന്നവരാണ്.  

 

وَمَا أَنْفَقْتُمْ مِنْ نَفَقَةٍ أَوْ نَذَرْتُمْ مِنْ نَذْرٍ فَإِنَّ اللَّهَ يَعْلَمُهُ ۗ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (270)

നിങ്ങളെന്തെങ്കിലും ചെലവഴിക്കുകയോ നേര്‍ച്ചയാക്കുകയോ ആണെങ്കില്‍ അല്ലാഹു അതറിയുക തന്നെ ചെയ്യും. അക്രമികള്‍ക്ക് ഒരുവിധ സഹായികളുമുണ്ടാകില്ല.

 

ഇന്നിപ്പോള്‍ നിര്‍ബന്ധമായ സകാത്ത് കെട്ടിപ്പൂട്ടിവെക്കുന്ന പലരെയും കാണാം. വലിയ തെറ്റാണത്. റമളാന്‍ 27-ാം രാവിന് നൂറോ അഞ്ഞൂറോ കൊടുത്താല്‍ എല്ലാം വീടിയെന്നാണ് വിചാരം. സത്യത്തില്‍ റമളാനും സകാത്തുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. കൃത്യമായി കണക്കുവെച്ച് ഓരോന്നിന്‍റെയും സമയത്ത് കൊടുക്കേണ്ടത് കൊടുത്തുവീട്ടിയില്ലെങ്കില്‍ വലിയ അപകടമാണ്. കാരണം, അത് അര്‍ഹരുടെ അവകാശമാണ്; കൊടുക്കുന്നവന്‍റെ ഔദാര്യമല്ല. കൊടുത്തുവീട്ടാതെ മരണപ്പെട്ടാല്‍, ആ സ്വത്ത് മക്കള്‍ അനന്തരമെടുത്താല്‍ പോലും, അന്യര്‍ക്ക് അവകാശപ്പെട്ട മുതലുപയോഗിക്കുന്ന ഗണത്തിലാണത് വരിക.

 

ഇന്നിപ്പോള്‍ അതൊന്നുമൊരു വിഷയമേ അല്ലാതായി മാറിയിരിക്കുന്നു. നമ്മുടെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കൃത്യമായി ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.

 

അതുപോലെ വേറെ ചിലരുണ്ട്, കാര്യം നേടാന്‍ ദാനം ചെയ്യാനോ മറ്റോ  നേര്‍ച്ചയാക്കും. കാര്യം നിറവേറിയാലോ, നേര്‍ച്ച വീട്ടില്ല.

 

ഏതു കാര്യവും നേര്‍ച്ചയാക്കിക്കഴിഞ്ഞാല്‍ അത് നിര്‍ബന്ധമായി. അത് വീട്ടാതിരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരം അക്രമികള്‍ക്ക് പരലോകത്ത് സഹായികളുണ്ടാകില്ല.

എന്താണ് നേര്‍ച്ച?

نَذْر എന്നാല്‍ വാഗ്ദാനം ചെയ്യുക എന്നാണ് ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യ കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം.

ഇതൊരു ഇബാദത്താണ്. നേര്‍ച്ചയാക്കുന്നതോടെ അത് ചെയ്യല്‍ നിര്‍ബന്ധമായിമാറും. ചെയ്യാത്ത പക്ഷം കുറ്റക്കാരനുമാകും.

പുണ്യകരമായ ഏത് കാര്യവും നേര്‍ച്ചയാക്കാവുന്നതാണ്. സ്വദഖ ചെയ്യുന്നത് പുണ്യകര്‍മമാണ്. അത് നേര്‍ച്ചയാക്കാവുന്നതാണ്.

സാധാരണ ചെയ്യുന്ന സുന്നത്ത് കര്‍മ്മങ്ങള്‍ നേര്‍ച്ചയാക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അതിന് ഫര്‍ളിന്‍റെ പ്രതിഫലവും ലഭിക്കുകയും ചെയ്യും.

നേര്‍ച്ചയാക്കിയ കാര്യം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍, പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. സത്യം ലംഘിച്ചാലുള്ള അതേ പ്രയാശ്ചിത്തമാണ് നല്‍കേണ്ടത്. അതായത്, 10 മിസ്കീനുകള്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക, കഴിയാത്ത പക്ഷം മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക.

നല്ല കാര്യങ്ങള്‍ മാത്രമേ നേര്‍ച്ചയാക്കാവൂ. തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ നേര്‍ച്ചയാക്കരുത്. ‘തെറ്റായ കാര്യങ്ങളില്‍ നേര്‍ച്ചയേ ഇല്ല.’ എന്ന് തിരുനബി صلى الله عليه وسلمപറഞ്ഞിട്ടുണ്ട്. (മുസ്‍ലിം).

 

അടുത്ത ആയത്ത് 271

 

തൊട്ടുമുമ്പുള്ള ആയത്ത് (270) ഇറങ്ങിയപ്പോള്‍ ചില സ്വഹാബികള്‍ക്ക് ഒരു സംശയം. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും തീര്‍ച്ചയായും അല്ലാഹു അറിയുന്നുണ്ട് എന്നാണല്ലോ അവിടെ പറഞ്ഞത്. അപ്പോള്‍ രഹസ്യമായി കൊടുക്കുന്നതാണോ പരസ്യമായി കൊടുക്കുന്നതാണോ പുണ്യം? ഈ സംശയം അവര്‍ തിരുനബി صلى الله عليه وسلم യോട് ചോദിച്ചു. അപ്പോഴാണ് 271 ആം ആയത്ത് അവതരിച്ചത്.

 

ദാനധര്‍മങ്ങള്‍ ചെയ്യുമ്പോള്‍, ആളുകളെയത് കാണിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കില്‍ പരസ്യമായി ചെയ്യുന്നതിന് വിരോധമില്ല. നല്ലതുതന്നെ. പരസ്യമായിപ്പോയി എന്നുവെച്ച് അല്ലാഹു അത് സ്വീകരിക്കാതിരിക്കില്ല.

 

എന്നാലും, രഹസ്യമായി കൊടുക്കലും, അതുതന്നെ ദരിദ്രന്മാര്‍ക്ക് കൊടുക്കലുമാണ് ഏറ്റവും ഉത്തമം. അങ്ങനെയാകുമ്പോള്‍ ഉദ്ദേശ്യശുദ്ധിക്ക് കളങ്കം നേരിടുന്ന പ്രശ്നമില്ലല്ലോ. മാത്രമല്ല, വാങ്ങുന്നവന്‍റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുകയുമില്ല.

 

ഇന്നിപ്പോള്‍ സഹായങ്ങള്‍ വാങ്ങുന്നവരുടെ അഭിമാനത്തിനൊന്നും ഒരു വിലയും കൊടുക്കുന്നില്ലല്ലോ. ഫോട്ടോയും വീഡിയോയും എടുത്ത് നാടുനീളെ പ്രചരിപ്പിക്കുകയല്ലേ. അതെല്ലാം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. കൂടാതെ കഴിയില്ലെങ്കില്‍, പരമാവധി രഹസ്യമായി, പരസ്യമാക്കാതെ ചെയ്യാന്‍ ശ്രമിക്കുക.

 

ദാനം രഹസ്യമാക്കുകയാണ് നല്ലതെന്ന് പറഞ്ഞല്ലോ, എന്നാല്‍ പരസ്യമാക്കേണ്ട ചില കൊടുതികളും സന്ദര്‍ഭങ്ങളുമുണ്ട്.

 

സകാത്ത് കൊടുക്കുന്നത് പരസ്യമാക്കുന്നതാണ് ഏറ്റവും നല്ലത്. സകാത്ത് കൊടുക്കുമ്പോള്‍ രിയാഇന്‍റെ പ്രശ്നമേ വരുന്നില്ലല്ലോ. കാരണം, അത് ഔദാര്യം കൊടുക്കലല്ല, അവകാശം കൊടുത്തുവീട്ടുകയാണ്. ആ കൊടുക്കുന്നത്, കൊടുക്കുന്നവന്‍റെ കാശല്ല, പാവങ്ങളുടേതാണ്.

 

ഫര്‍ള് നിസ്കാരം പരസ്യമായി ജമാഅത്തായി നിര്‍വഹിക്കണമെന്നല്ലേ. അതില്‍ രിയാഅ് വരാനില്ലല്ലോ. എന്തായാലും ചെയ്യേണ്ടതല്ലേ. അതുപോലെയാണിതും.

 

എന്നുവെച്ച്, വാങ്ങുന്നവനോട് ഇത് സകാത്തിന്‍റെ മുതലാണെന്ന് പറയണമെന്നില്ല. അതൊന്നും വേണ്ട. സകാത്ത് കൊടുക്കുന്നത് ആളുകറിഞ്ഞ് കൊടുക്കുകയാണ് വേണ്ടത്. മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കൂടി അത് പ്രേരകമാവുമല്ലോ.

 

അതുപോലെ മറ്റേതു ദാനവും, മറ്റുള്ളവര്‍ അനുകരിക്കണമെന്ന് ഉദ്ദേശ്യമുണ്ടെങ്കില്‍, വെളിപ്പെടുത്തുകയാണ് ഉത്തമം. അവിടെയും ഉദ്ദേശ്യശുദ്ധിയാണ് പ്രധാനം. അല്ലാഹു അതെല്ലാം നന്നായി അറിയും. തക്കപ്രതിഫലം നല്‍കുകയും ചെയ്യും.

 

إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ ۚ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (271)

ദാനധര്‍മങ്ങള്‍ നിങ്ങള്‍ പരസ്യപ്പെടുത്തുന്നുവെങ്കില്‍ നല്ലതു തന്നെ; ഇനി അത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് നല്‍കുകയുമാണെങ്കില്‍ അത് നിങ്ങള്‍ക്കേറ്റവും ഉത്തമമാണ്. അവന്‍ നിങ്ങളുടെ പാപങ്ങള്‍ മാപ്പ് ചെയ്യും. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു സൂക്ഷ്മജ്ഞാനിയാകുന്നു.

 

ദാനധര്‍മങ്ങള്‍ക്ക്- സ്വകാര്യമായി ചെയ്യുന്നവര്‍ക്ക് വിശേഷിച്ചും- അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്ന് മാത്രമല്ല, ചെയ്തുപോയ പല തെറ്റുകളും പൊറുത്തുകൊടുക്കുകയും ചെയ്യും.

 

അര്‍ശിന്‍റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗത്തെക്കുറിച്ച് പറയുന്ന, എല്ലാവര്‍ക്കും അറിയാവുന്ന ഹദീസില്‍, ‘വലത്തേ കൈ ചെലവഴിക്കുന്നത് ഇടത്തേ കൈ അറിയാത്തവന്‍ എന്നാണല്ലോ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്ന് എണ്ണിയത്. (ബുഖാരി, മുസ്‍ലിം). സ്വകാര്യമായി ദാനധര്‍മം ചെയ്യുന്നവന്‍, അല്ലാഹുവിന്‍റെ പ്രീതിയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. അതാണിതിന് കാരണം.

 

അടുത്ത ആയത്ത് 272

 

ആളുകളെ ഉപദേശിക്കുക, പ്രബോധനം ചെയ്യുക, നല്ല വഴി കാണിച്ചുകൊടുക്കുക ഇതൊക്കെയാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചുമതല. എന്നല്ലാതെ, അത് അംഗീകരിപ്പിച്ചു നല്ല വഴിയിലേക്ക് ചേര്‍ക്കുക എന്നത് അവിടത്തെ ബാധ്യതയല്ല. അത് അല്ലാഹു ചെയ്യും. ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കും. ആരെയാണ് നേര്‍മാര്‍ഗത്തിലാക്കേണ്ടത്, ആരാണതിന് അര്‍ഹന്‍ എന്നൊക്കെ അല്ലാഹുവിനാണല്ലോ അറിയുക. ഇത് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും സ്പഷ്ടമായി പറഞ്ഞതാണ്.

 

എന്താണിപ്പോള്‍ ഈ വിഷയം ഇവിടെ പറഞ്ഞത്? ദാനധര്‍മങ്ങളെക്കുറിച്ചാണല്ലോ നമ്മുടെ ചര്‍ച്ച. അതിനിടയില്‍ ഇക്കാര്യം എടുത്തുപറഞ്ഞതെന്തുകൊണ്ടാണ്? അതിന് കാരണമുണ്ട്.

 

അക്കാലത്ത് പലരും മുസ്‍ലിംകളായി മാറിയതോടുകൂടി, മുമ്പ് അവരുടെ അവിശ്വാസികളായ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കൊടുത്തുവന്നിരുന്ന പല ദാനങ്ങളും നിറുത്തി. അവര്‍ക്ക് പിന്നെ ദാനധര്‍മങ്ങള്‍ നല്‍കാന്‍ മടിച്ചു. അവര്‍ സത്യവിശ്വാസം സ്വീകരിക്കാത്തവരാണ് എന്നതുകൊണ്ടുമാത്രമല്ല, അവരെ സത്യവിശ്വാസം സ്വീകരിക്കാന്‍ പ്രേരിപ്പിക്കാനും കൂടിയായിരുന്നു അങ്ങനെ ചെയ്തത്.

 

പക്ഷേ, അങ്ങനെ നിറുത്തരുതെന്നാണ് അല്ലാഹു ഇവിടെ ഉണര്‍ത്തുന്നത്. ദാനധര്‍മങ്ങള്‍ ചെയ്യുന്നത് മുസ്‌ലിംകള്‍ക്ക് തന്നെ ആവണമെന്നില്ല. ഏത് മതസ്ഥര്‍ക്കും ആവാം. ആര്‍ക്ക് നല്‍കിയാലും അത് നല്ല കാര്യം തന്നെ. അവര്‍ സന്‍മാര്‍ഗം സ്വീകരിച്ചിട്ടില്ലാത്തതിന്‍റെ ബാധ്യത നിങ്ങള്‍ക്കില്ല. അത് അല്ലാഹുവും അവരും തമ്മില്‍ ആയിക്കൊള്ളും. 

 

ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: അന്‍സ്വാറുകളില്‍ ചിലര്‍ക്ക്, ജൂത ഗോത്രങ്ങളായിരുന്ന ബനൂഖുറൈളയിലും ബനുന്നളീറിലും അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അന്‍സ്വാരികള്‍ അവര്‍ക്ക് ധര്‍മങ്ങളൊന്നും നല്‍കാറുണ്ടായിരുന്നില്ല. ഇസ്‌ലാം മതം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണ് 'അവരെ നേര്‍വഴിയിലാക്കേണ്ട ബാധ്യത താങ്കള്‍ക്കില്ല...' എന്ന സൂക്തം അവതരിച്ചത് (അദ്ദുര്‍റുല്‍മന്‍സൂര്‍ 2:87).

 

സ്വന്തം മതസ്ഥര്‍ക്ക് ദാനം നല്‍കിയാലേ പ്രതിഫലമുള്ളൂ എന്ന സങ്കുചിതത്വം ഇസ്‌ലാമിലില്ല. മനുഷ്യര്‍ക്കെന്നല്ല, ഏത് ജീവിക്കും എന്ത് നല്‍കിയാലും അത് ദീനിന്‍റെ കാഴ്ചപ്പാടില്‍ പുണ്യകര്‍മം തന്നെയാണ്. പച്ചക്കരള്‍ ഉള്ള ഏത് ജീവിക്ക് ധര്‍മം കൊടുത്താലും പ്രതിഫലമുണ്ട് എന്നല്ലേ തിരുനബി صلى الله عليه وسلم പറഞ്ഞത് (ബുഖാരി, മുസ്‌ലിം).

 

പക്ഷേ, ശ്രദ്ധിക്കേണ്ടൊരു കാര്യം - സക്കാത്തു പോലെയുള്ള നിര്‍ബന്ധധര്‍മങ്ങള്‍ മുസ്‍ലിംകള്‍ക്കു മാത്രമേ നല്‍കാവൂ.

 

 لَيْسَ عَلَيْكَ هُدَاهُمْ وَلَٰكِنَّ اللَّهَ يَهْدِي مَنْ يَشَاءُ ۗ وَمَا تُنْفِقُوا مِنْ خَيْرٍ فَلِأَنْفُسِكُمْ ۚ وَمَا تُنْفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنْفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ (272)

അവരെ സന്മാര്‍ഗത്തിലാക്കേണ്ട ചുമതല താങ്കള്‍ക്കില്ല; താനുദ്ദേശിക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നു. നിങ്ങള്‍ എന്തെങ്കിലും വ്യയം ചെയ്യുന്നുണ്ടെങ്കില്‍ അതു സ്വന്തത്തിനു വേണ്ടി തന്നെയാണ്; അല്ലാഹുവിന്‍റെ പ്രീതിയുദ്ദേശിച്ചല്ലാതെ ഒന്നും തന്നെ ചെലവഴിച്ചുകൂടാ. നല്ലത് എന്തു ചെലവു ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ പ്രതിഫലം പൂര്‍ണമായി നിങ്ങള്‍ക്കു നല്‍കപ്പെടും; ഒരുതരത്തിലും നിങ്ങള്‍ ദ്രോഹിക്കപ്പെടുകയില്ല. 

അടുത്ത ആയത്ത് – 273

 

ആര്‍ക്കായാലും ദാനധര്‍മം ചെയ്യുന്നത് നല്ല കാര്യമാണെന്നാണല്ലോ കഴിഞ്ഞ ആയത്തില്‍ പറഞ്ഞത്. അതിനേറ്റവും അര്‍ഹരായവര്‍ ആരാണെന്നാണിനി പറയുന്നത്.

 

ദരിദ്രന്മാര്‍ക്കെല്ലാം ധര്‍മം കൊടുക്കാം. പക്ഷേ, മുന്‍ഗണന നല്‍കേണ്ടവരായി ചിലരുണ്ട്. ആതാരൊക്കെയാണെന്ന് അന്നത്തെ സവിശേഷ സാഹചര്യം മുന്‍നിറുത്തി പറയുകയാണ്.

 

അല്ലാഹുവിനെയും തിരുനബി صلى الله عليه وسلم യെയും മാത്രം ആഗ്രഹിച്ച് നാടും വീടും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയ സാധുക്കളായ സ്വഹാബികള്‍ (മുഹാജിറുകള്‍).

 

ഇങ്ങനെ ഹിജ്‌റ ചെയ്തുവന്ന്, പാര്‍പ്പിടമോ ഉപജീവന മാര്‍ഗമോ ഇല്ലാത്ത നിരവധി സ്വഹാബികള്‍, മദീനാ പള്ളിയുടെ ചെരിവിലും പരിസരത്തുമായി താമസിച്ചിരുന്നല്ലോ. (اَصْحَابُ الصفة) 'സ്വുഫ്ഫത്തുകാര്‍' എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്.

 

ഖുര്‍ആന്‍ മനഃപാഠമാക്കുക, ഇല്‍മ് പഠിക്കുക, ആവശ്യമായി വരുമ്പോള്‍ തിരുനബി صلى الله عليه وسلم യുടെ നിര്‍ദ്ദേശമനുസരിച്ച് പ്രതിരോധ യുദ്ധത്തിന് പോകുക -ഇതൊക്കെയായിരുന്നു അവരുടെ ജോലി. പുറത്തുപോയി കച്ചവടം ചെയ്‌തോ മറ്റോ ഉപജീവനം തേടാന്‍ അവര്‍ക്ക് കഴിവുണ്ടായിരുന്നില്ല.

 

ഇവര്‍ പരമദരിദ്രരായിരുന്നെങ്കിലും അഭിമാനികളായിരുന്നു. അതുകൊണ്ടുതന്നെ, അവരെക്കുറിച്ച് ശരിക്ക് അറിയാത്ത ആളുകള്‍, അവര്‍ ധനികരാണെന്നാണ് കരുതിയിരുന്നത്. സൂക്ഷിച്ച് നോക്കുന്നവര്‍ക്ക് ചില ലക്ഷണങ്ങള്‍ കൊണ്ട് അവരുടെ ദുരവസ്ഥ മനസ്സിലാക്കാം. അവര്‍ ആരോടും യാതൊന്നും ആവശ്യപ്പെടുകയില്ല. അതുവഴി ഒരു വിഷമവും ആര്‍ക്കും അവര്‍ ഉണ്ടാക്കുകയുമില്ല.

 

لِلْفُقَرَاءِ الَّذِينَ أُحْصِرُوا فِي سَبِيلِ اللَّهِ لَا يَسْتَطِيعُونَ ضَرْبًا فِي الْأَرْضِ يَحْسَبُهُمُ الْجَاهِلُ أَغْنِيَاءَ مِنَ التَّعَفُّفِ تَعْرِفُهُمْ بِسِيمَاهُمْ لَا يَسْأَلُونَ النَّاسَ إِلْحَافًا ۗ وَمَا تُنْفِقُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ (273)

 

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടഞ്ഞുനിറുത്തപ്പെട്ട ദരിദ്രര്‍ക്ക് നിങ്ങള്‍ ധര്‍മം കൊടുക്കുക. ഭൂമിയില്‍ സഞ്ചരിച്ച് (നാടുവിട്ടു യാത്ര ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്താന്‍) അവര്‍ക്ക് കഴിയില്ല. മാന്യതമൂലം (ആത്മാഭിമാനം കാരണം ചോദിക്കാതിരിക്കുന്നതിനാല്‍) അവര്‍ സമ്പന്നരാണവരെന്നാണ് അപരിചിതര്‍ ധരിക്കുക; എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് താങ്കള്‍ക്കവരെ തിരിച്ചറിയാനാവും. ആളുകളോടവര്‍ ചോദിച്ചു വിഷമിപ്പിക്കയില്ല. ഉദാത്തമായ എന്തു നിങ്ങള്‍ ചെലവുചെയ്യുകയാണെങ്കിലും അല്ലാഹു അത് നന്നായറിയും.

 

അഹ്‍ലുസ്സുഫ്ഫ വലിയ മഹാന്മാരാണ്. മദീനയെന്ന പുതിയ ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ നിര്‍മാണത്തിലും മറ്റുമൊക്കെ തിരുനബി صلى الله عليه وسلم യോടൊപ്പം വലിയ  സേവനങ്ങളനുഷ്ഠിച്ചവരാണ് അവര്‍. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവര്‍.

 

അബൂദര്‍റില്‍ഗിഫാരി(رضي الله عنه) പറയുന്നു: ഞാനും സ്വുഫ്ഫത്തുകാരില്‍ പെട്ടയാളായിരുന്നു. രാത്രിയാകുമ്പോള്‍, അന്‍സ്വാറുകളോട്, ഞങ്ങളില്‍ ഒരാളെവീതം കൊണ്ടുപോകാന്‍ തിരുനബി صلى الله عليه وسلم പറയും. ഒടുവില്‍ സ്വുഫ്ഫത്തുകാരില്‍ പത്തോ അതില്‍ താഴെയോ പേര്‍ ബാക്കിയാകും. തിരുനബി صلى الله عليه وسلم യുടെ അത്താഴം കൊണ്ടുവരും, ഞങ്ങള്‍ ഒന്നിച്ച് കഴിക്കുകയും ചെയ്യും. അത്താഴം കഴിഞ്ഞാല്‍ 'നിങ്ങള്‍ പള്ളിയില്‍ ഉറങ്ങിക്കൊള്ളൂ' എന്ന് അവിടന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും (ഖുര്‍ഥുബി 3:340).

 

ഹിജ്റ ചെയ്ത് മദീനയിലെത്തിയ സ്വഹാബികളെ ആദ്യകാലത്ത് അന്‍സ്വാറുകളായ മദീനക്കാര്‍ അവരുടെതന്നെ വീടുകളില്‍ താമസിപ്പിച്ച് ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും നല്‍കി സംരക്ഷിക്കുകയായിരുന്നു.

 

പിന്നീട് മുഹാജിറുകളുടെ എണ്ണം കൂടിയപ്പോള്‍  തിരുനബിصلى الله عليه وسلم അവരെ പള്ളിയില്‍  താമസിപ്പിച്ചു. മസ്ജുദുന്നബവിയ്യുടെ പിന്‍ഭാഗത്ത് (വടക്ക് വശത്ത്) ഈത്തപ്പനയോലയും മറ്റുമുപയോഗിച്ച് ഷെഡ് നിര്‍മ്മിച്ചു. ഈ ഷെഡ് സ്വുഫ്ഫത്ത് എന്ന പേരിലും അവിടുത്തെ അന്തേവാസികള്‍ അഹ്ലുസ്സുഫ്ഫ/അസ്ഹാബു സ്സ്വുഫ്ഫ എന്നീ പേരുകളിലും അറിയപ്പെട്ടു.

 

ആദ്യത്തെ പള്ളിദര്‍സ് കൂടിയാണിത്. നിരവധി പേരെ ഇല്‍മിന്‍റെ തീരത്തേക്ക് തിരിച്ച് വിട്ട് ദീനിനും സമുദായത്തിനും ഉപകരിക്കുന്ന പ്രതിഭാധനരായ മത പണ്ഡിതരായി വളര്‍ത്തിയെടുക്കുകയായിരുന്നു അവിടെ. മഹാനായ അബൂഹുറൈറ(رضي الله عنه) ഉദാഹരണം. അഹ്ലുസ്സുഫ്ഫയുടെ ലീഡര്‍കൂടിയായിരുന്നു മഹാനവര്‍കള്‍.

അവരുടെ എണ്ണം കൃത്യമല്ല. ഇരുപത്, മുപ്പത്, നാല്‍പത്, എഴുപത്, എണ്‍പത്, നൂറ്റി എണ്‍പത്, നാനൂറ്, എഴുനൂറ് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പുതിയ അന്തേവാസികള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ എണ്ണം വര്‍ദ്ധിക്കും. മരണപ്പെടുക, യാത്ര പോകുക, വിവാഹം കഴിച്ച് ഭാര്യയോടൊപ്പം പോകുക തുടങ്ങിയ കാരണങ്ങളാല്‍ എണ്ണം കുറയുകയും ചെയ്യും (ഉംദതുല്‍ ഖാരി).

 

അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളായിരുന്നു.


പലര്‍ക്കുമുണ്ടായിരുന്നത് ഒരു തുണി മാത്രം. ഔറത്തിന് പുറമെ ശരീരവും മറക്കാന്‍ അതിന്‍റെ രണ്ട് അറ്റം പിരടിയില്‍ കെട്ടും. പിരടിയില്‍ കെട്ടിയിട്ട ചിലരുടെ തുണി കാല്‍തണ്ടയുടെ പകുതി വരെയും മറ്റ് ചിലരുടേത് ഞെരിയാണി വരെയും എത്തും. നീളം കുറവ് കാരണം നടക്കുമ്പോഴും മറ്റും മുന്‍ഭാഗത്ത് നിന്നും തുണി മാറി ഔറത്ത് വെളിവാകുമോ എന്ന് പേടിച്ച് മുണ്ടിന്‍റെ ഇരുവശവും കൈ കൊണ്ട് കൂട്ടിപ്പിടിക്കും (ബുഖാരി442).

 

മാറ്റി ഉടുക്കാന്‍ മറ്റൊരു തുണിയോ തോര്‍ത്തോ ഇല്ലാതിരുന്നതിനാല്‍, ഉടുത്തിരുന്ന ഏക വസ്ത്രം അലക്കാന്‍ കഴിയാതെയും പ്രയാസപ്പെട്ടിരുന്നു. ആകെ അഴുക്കായി ദുര്‍ഗന്ധം അനുഭവപ്പെടുന്ന നിസ്സഹായാവസ്ഥവരെ ഉണ്ടായിട്ടുണ്ട്.  


വിശപ്പിന്‍റെ കാഠിന്യം ശരിക്കും അനുഭവിച്ചവരാണവര്‍. ഫുളാളത്ത്(رضي الله عنه) പറയുന്നു: തിരുനബിصلى الله عليه وسلم ഇമാമായി നിസ്കരിക്കുമ്പോള്‍ മഅ്മൂങ്ങളില്‍ പലരും തളര്‍ന്ന് വീഴുമായിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തവരാണ് തളര്‍ന്ന് വീഴുന്നത്. പുറത്ത് നിന്ന് ഇത് കാണുന്ന പലരും, തളര്‍ന്നുവീണവരെ ഭ്രാന്തന്മാര്‍ എന്ന് വിളിച്ച് കളിയാക്കും. നിസ്കാരം കഴിഞ്ഞ ശേഷം തിരുനബിصلى الله عليه وسلم ഇവരുടെ അടുത്തുവന്നു സമാശ്വസിപ്പിക്കും. ‘അല്ലാഹുവിന്‍റെയടുത്ത് നിങ്ങള്‍ക്കുള്ള പ്രതിഫലം മനസ്സിലാക്കിയാല്‍ ഇനിയും ദാരിദ്ര്യം വര്‍ദ്ധിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക’ (തിര്‍മുദി 2368).

 

അബൂഹുറൈറ رضي الله عنه പറഞ്ഞു: അഹ്ലുസ്സുഫ്ഫത്തില്‍ പെട്ട ഞാന്‍ ഉമ്മു സലമرضي الله عنها യുടേയും ആയിശرضي الله عنها യുടേയും വീടിന്‍റെ പരിസരത്ത്, വിശപ്പ് സഹിക്കാതെ ബോധരഹിതനായി വീണിട്ടുണ്ട് (ഇബ്നു സഅദ്-ഥബഖാതുല്‍ കുബ്റാ 1256).

തിരുനബി صلى الله عليه وسلمയ്ക്ക് ലഭിക്കുന്ന ഹദ്യ, തിരുനബി صلى الله عليه وسلم യെ ഏല്‍പിക്കുന്ന സ്വദഖ, അഹ്ലുസ്സുഫ്ഫത്തിനായി തയ്യാറാക്കി കൊണ്ട് വരുന്ന ഭക്ഷണം, മദീനത്തെ പള്ളിയുടെ തൂണില്‍ കെട്ടിയിടുന്ന കാരക്ക കുലകള്‍, വീടുകളില്‍ ലളിതമായി ആഹരിച്ച് മിച്ചം വരുത്തുന്ന ഭക്ഷണം -  ഇതാണ് എപ്പോഴെങ്കിലുമൊക്കെയായി ലഭിച്ചിരുന്നത്. അഹ്ലുസ്സുഫ്ഫത്തിന്‍റെ എണ്ണം കൂടുന്ന സമയത്ത് ഭക്ഷണത്തിന്‍റെ പിന്നെ പറയുകയും വേണ്ടാ.

 

ത്വല്‍ഹ رضي الله عنهപറയുന്നുണ്ട്: ഞാനും എന്‍റെ കൂട്ടുകാരനും അറാക്ക് മരത്തിന്‍റെ കായ അല്ലാതെ മറ്റൊരു ഭക്ഷണവും ലഭിക്കാതെ പത്തിലധികം ദിവസം കഴിച്ച് കൂട്ടിയിട്ടുണ്ട്. (ബൈഹഖി - ശുഅബുല്‍ ഈമാന്‍. 9842)


അക്കാലത്ത് മദീനാ നിവാസികളായ മുസ്ലിംകളുടേയും സാധാരണ ഭക്ഷണം കാരക്ക മാത്രമായിരുന്നു. കുറച്ചൊക്കെ ക്ഷേമം ഉണ്ടായി തുടങ്ങിയപ്പോള്‍ ദൈനം ദിനം ഒരു നേരത്തെ ആഹാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. രാത്രി ഭക്ഷണമായിരുന്നു അത്.

 

ലഘുഭക്ഷണമായിരുന്നു സ്വഹാബത്തിന്‍റെത്. പാചകം ചെയ്ത ഭക്ഷണങ്ങള്‍ നന്നേ കുറവ്. റൊട്ടിയോ മറ്റോ ഉണ്ടാക്കിയാല്‍ തന്നെ പലപ്പോഴും കറിയുണ്ടാകില്ല. ചിലപ്പോള്‍ അല്‍പം മാത്രം തേന്‍. രണ്ട് കറികള്‍ ഉണ്ടായ സംഭവം വളരെ വിരളം. മഗ്രിബ് നിസ്കാരത്തിന്‍റെ ശേഷമായിരുന്നു പൊതുവെ  രാത്രി ഭക്ഷണം കഴിച്ചിരുന്നത്. ചിലപ്പോഴൊക്കെ ഇശാഅ് നിസ്കരിച്ച ശേഷവും.

 

മഗ്രിബ് നിസ്കാരം കഴിഞ്ഞ് അഹ്ലുസ്സുഫ്ഫത്തിന്‍റെയടുത്തു ചെന്ന്, തിരുനബിصلى الله عليه وسلم ഓരോരുത്തരെയും വിളിച്ച്, നീ ഇന്ന ആളോടു കൂടെ പോയി ഭക്ഷണം കഴിക്കൂ എന്ന് പറയും.

 

അങ്ങനെയൊരിക്കല്‍, എല്ലാവരും ഭക്ഷണം കഴിക്കാന്‍ പലരുടെയും കൂടെ പോയി. അഞ്ച് പേര്‍ മാത്രം ബാക്കിയായി. അവരെ തിരുനബിصلى الله عليه وسلم ആയിശ(رضي الله عنها)യുടെ വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം കൊടുത്തു (നസാഈ).

തിരുനബി صلى الله عليه وسلم: ‘വീട്ടില്‍ രണ്ടാളുടെ ഭക്ഷണമുള്ളവര്‍ മൂന്നാമനെ കൂട്ടിക്കൊണ്ട് പോകുക. നാല് പേരുടെ ഭക്ഷണം ഉള്ളവര്‍ അഞ്ചാമനെയും ആറാമനെയും കൊണ്ട് പോകുക.’ അബൂബക്ര്‍ رضي الله عنه മൂന്ന് പേരെ കൊണ്ട് പോയി. തിരുനബിصلى الله عليه وسلم പത്ത് പേരെ കൊണ്ട് പോയി (മുത്തഫഖുന്‍ അലൈഹി).

 

സഅദ് ബിന്‍ ഉബാദത്ത് رضي الله عنه എല്ലാ രാത്രിയിലും എണ്‍പത് പേരെ കൊണ്ട് പോയി ഭക്ഷണം നല്‍കിയിരുന്നു.(ഹില്‍യത്തല്‍ ഔലിയ)

വാസിലത്തുബ്നില്‍ അസ്ഖഅ് رضي الله عنه പറയുന്നു: ഞാനടക്കമുള്ള അഹ്ലുസ്സുഫ്ഫത്തുകാരെ റമളാനില്‍ ആരെങ്കിലുമൊക്കെ കൂട്ടിക്കൊണ്ട് പോയി നോമ്പ് തുറപ്പിക്കുമായിരുന്നു. ഒരു ദിവസം ആരും വന്നില്ല. അന്ന് ഒന്നും കഴിക്കാതെ തന്നെ ഞങ്ങള്‍ രണ്ടാം ദിവസവും നോമ്പനുഷ്ഠിച്ചു. രണ്ടാം ദിവസവും കൂട്ടിക്കൊണ്ട് പോകാന്‍ ആരും വന്നില്ല. ഞങ്ങള്‍ തിരുനബിصلى الله عليه وسلم യെ സമീപിച്ച് വിഷയം ധരിപ്പിച്ചു.

 

തിരുനബിصلى الله عليه وسلم, ഭാര്യമാരുടെ അടുത്ത് എന്തെങ്കിലും ഭക്ഷണമുണ്ടോ എന്നന്വേഷിച്ച് ആളെ അയച്ചു. ആരുടെയടുത്തും ഒന്നുമില്ലെന്ന മറുപടിയാണ് കിട്ടിയത്. തിരുനബിصلى الله عليه وسلم അഹ്ലുസ്സുഫ്ഫത്തിനോട് ഇരിക്കാന്‍ പറഞ്ഞു. അവരേയും കൂട്ടി അല്ലാഹുവിനോട് ദുആ ചെയ്തു: ‘അല്ലാഹുവേ, നിന്‍റെ ഔദാര്യവും കാരുണ്യവും ഞങ്ങള്‍ തേടുകയാണ്. അത് രണ്ടും നിന്‍റെ അധീനതയില്‍ മാത്രമാണ്. നീയല്ലാത്ത മറ്റാരും അത് കൈവശപ്പെടുത്തിയിട്ടില്ല.’

 

അധികം താമസിയാതെ ഒരാളവിടെ വന്നുകയറി. കൈയില്‍ നല്ല ചുട്ട ആടുണ്ട്,  കുറെ പത്തിരിയും. ഞങ്ങള്‍ വയര്‍ നിറയെ കഴിച്ചു. പിന്നീട് തിരുനബിصلى الله عليه وسلم പറഞ്ഞു: ‘അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും നാം അവനോട് ചോദിച്ചു. അവന്‍ നമുക്കത് കരുതിവെച്ചിട്ടുണ്ടായിരുന്നു’ (ഹില്‍യത്തുല്‍ ഔലിയ 221,22).

അല്‍പം ഭക്ഷണത്തില്‍ ബറകത്തിന് വേണ്ടി ദുആ ചെയ്തിട്ട്, അഹ്ലുസ്സുഫ്ഫ പല കൂട്ടങ്ങളായി വന്ന് വയര്‍ നിറയെ ഭക്ഷിച്ചിട്ടും ഭക്ഷണം ആദ്യമുള്ള പോലെ ശേഷിച്ചതും, ഒരു ഗ്ലാസ്സിലുണ്ടായിരുന്ന കുറച്ച് പാല്‍ എഴുപതോളം വരുന്ന സുഫ്ഫത്തുകാര്‍ വയര്‍ നിറയെ കുടിച്ചതും പോലെയുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ഈ ആയത്തില്‍ സ്വുഫ്ഫത്തുകാരുടെ മാതൃകാപരമായ ചില സ്വഭാവങ്ങള്‍ അല്ലാഹു എടുത്തു പറഞ്ഞിട്ടുണ്ട്. സാമ്പത്തിക പരാധീനതകളും മറ്റു പല ബുദ്ധിമുട്ടുകളുമുണ്ടായിട്ടും, അചഞ്ചലമായ ഈമാനികാവേശവമാണവരെ ഇത്തരം നല്ല സ്വഭാവങ്ങള്‍ക്കുടമകളാക്കിയത്.

 

(1) الَّذِينَ أُحْصِرُوا فِي سَبِيلِ اللَّهِ  - അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടഞ്ഞുനിറുത്തപ്പെട്ടവര്‍. അതെ, ഭൗതികമായ ഉദ്ദേശ്യങ്ങളൊന്നും അവര്‍ക്കില്ല . അല്ലാഹുവിന്‍റെ ദീനിനുവേണ്ടി നാടും വീടും വിട്ടുപോന്നു. അല്ലാഹുവിന്‍റെ പ്രീതി സമ്പാദിക്കലും, ദീനിനു വേണ്ടി ത്യാഗങ്ങള്‍ അനുഷ്ഠിക്കലുമാണവരുടെ ജീവിതലക്ഷ്യം.

(2) لَا يَسْتَطِيعُونَ ضَرْبًا فِي الْأَرْضِ - ഭൂമിയിലൂടെ സഞ്ചരിച്ച് കച്ചവടമോ കൃഷിയോ മറ്റു ജോലികളോ ചെയ്യാനുള്ള സാഹചര്യങ്ങളും സൗകര്യവും അവര്‍ക്കില്ല.

(3) يَحْسَبُهُمُ الْجَاهِلُ أَغْنِيَاءَ مِنَ التَّعَفُّفِ  - അറിയാത്തവര്‍, അവര്‍ ധനികന്‍മാരാണെന്നാണ് കരുതുക. കാരണം, അത്രക്കും ആത്മാഭിമാനം സംരക്ഷിക്കുന്നവരാണവര്‍. പെരുമാറ്റത്തിലോ സംസാരത്തിലോ ദാരിദ്ര്യത്തിന്‍റെ സൂചനകള്‍ പോലും പ്രകടിപ്പിക്കില്ല.

(4) تَعْرِفُهُمْ بِسِيمَاهُمْ  - പക്ഷേ, ചില പ്രത്യേക ലക്ഷണങ്ങള്‍ നോക്കി അവരുടെ ശരിയായ അവസ്ഥ മനസ്സിലാക്കാം-വിനയം, ഒതുക്കം, വിളര്‍ത്ത മുഖം, ഒട്ടിയ വയര്‍, ക്ഷീണിച്ച ശരീരം, കീറിയ പഴയ വസ്ത്രം.. ഇങ്ങനെയുള്ള  അടയാളങ്ങള്‍.

(5) لَا يَسْأَلُونَ النَّاسَ إِلْحَافًا -എന്നാലും യാചിക്കുകയോ, വല്ലതും ചോദിച്ചു ബുദ്ധിമുട്ടിക്കുകയോ ഇല്ല. അനിവാര്യമായ ഘട്ടത്തില്‍പോലും ആരോടെങ്കിലും വല്ലതും ആവശ്യപ്പെടുകയാണെങ്കില്‍,  മാന്യമായിട്ടും സൂചനാരൂപത്തിലുമായിരിക്കും.

ആകട്ടെ, ഇത്രയും പറഞ്ഞതില്‍ നിന്ന്, ദാനങ്ങള്‍ കൊടുക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്‍റെ ആവശ്യകത മനസ്സിലായല്ലോ.

ഇക്കാലത്ത് സ്വുഫ്ഫത്തുകാര്‍ ഇല്ലെങ്കിലും, ഈ മഹാത്മാക്കളെപ്പോലെ, മതപ്രചാരണത്തിനും ദീനീസേവനത്തിനുമായി സ്വന്തത്തെത്തന്നെ ഉഴിഞ്ഞുവെച്ച പലരുമുണ്ട്. പുറത്തുനിന്ന് കണ്ടാല്‍ അവര്‍ ധനികരാണെന്ന് ധരിക്കും. സത്യത്തില്‍, നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ടപ്പെടുന്നവരായിരിക്കും അവര്‍. അത്തരക്കാരെ തേടിപ്പിടിച്ച് സഹായിക്കണം. അവര്‍ക്ക് മുന്‍ഗണന നല്‍കണം. വളരെ പ്രധാനപ്പെട്ടൊരു പുണ്യകര്‍മമാണത്.

 

ഇവിടെ നിന്ന് പഠിക്കേണ്ട മറ്റൊരു പാഠം, യാചന പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നതാണ്. പല ഹദീസുകളും ഇതു സംബന്ധമായുണ്ട്:

തിരു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരാള്‍ ചോദിച്ചു വാങ്ങിക്കൊണ്ടിരിക്കുന്നവനാണെങ്കില്‍, അല്ലാഹുവിനെ കണ്ടുമുട്ടുന്ന സമയത്ത് (ഖിയാമത്ത് നാളില്‍), അവന്‍റെ മുഖത്ത് ലേശംപോലും മാംസം ഉണ്ടായിരിക്കില്ല.’ (ബുഖാരി, മുസ്‍ലിം)

മറ്റൊരു ഹദീസ്: ‘സമ്പാദ്യം കൂട്ടാന്‍ വേണ്ടി, ആരെങ്കിലും ജനങ്ങളോട് ചോദിച്ചു വാങ്ങിയാല്‍, തീക്കനലാണ് അവന്‍ ചോദിക്കുന്നത്. അതുകൊണ്ട് (ആ ചോദ്യം) അവന്‍ കുറക്കട്ടെ, അല്ലെങ്കില്‍ കൂട്ടട്ടെ. അവന്‍റെ ഇഷ്ടം.’ (മുസ്‍ലിം)

മറ്റൊരു ഹദീസ്: ‘അഭിമാനം കാക്കാന്‍ ശ്രമിക്കുന്നവന് അല്ലാഹു അഭിമാനം കാത്തുകൊടുക്കും. ഐശ്വര്യം പ്രകടിപ്പിക്കുന്നവന് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്യും.’ (ബുഖാരി, മുസ്‍ലിം)

സ്വഹാബിയായ ഖബീസ്വ (رَضِيَ اللهُ عَنْهُ) വിനോട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്രേ: ‘ചോദിച്ചു വാങ്ങാന്‍ മൂന്നാളുകള്‍ക്കേ പാടുള്ളൂ; വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന്‍; അത് ലഭിക്കുന്നതു വരെ. വല്ല വലിയ ആപത്തോ മറ്റോ സംഭവിച്ചു സമ്പത്ത് നശിച്ചവന്‍; അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെ. പറ്റെ ദാരിദ്രനാണെന്ന് നാട്ടുകാരായ തന്‍റേടമുള്ള 3 പേരെങ്കിലും പറയാന് മാത്രം അത്രയും ദാരിദ്യം ബാധിച്ചവന്‍; അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതു വരെ. പിന്നീടവന്‍ നിറുത്തണം. ഇതല്ലാത്ത ചോദ്യം ഹറാമാണ്. അത് തിന്നുന്നവന്‍ ഹറാം തിന്നുകയാണ്. (മുസ്‍ലിം)

അടുത്ത ആയത്ത് - 274

ദാനധര്‍മങ്ങളെക്കുറിച്ച് അത്യാവശ്യം വിശാലമായിത്തന്നെ പറഞ്ഞല്ലോ. അതിനൊരു പരിസമാപ്തമായി, ചില കാര്യങ്ങള്‍ അറിയിക്കുകയാണിനി:

 

റബ്ബിന്‍റെ വഴിയില്‍ ചെലവാക്കാന്‍ പ്രത്യേക സമയമോ സന്ദര്‍ഭമോ  ഒന്നും നോക്കണ്ട. കൊടുക്കേണ്ട അവസരം  വന്നാല്‍ - രാത്രിയാകട്ടെ പകലാകട്ടെ, കൂട്ടത്തിലാകട്ടെ ഒറ്റക്കാകട്ടെ-അപ്പോള്‍തന്നെ കൊടുക്കണം. പിന്നേക്ക് വെക്കരുത്. എപ്പോഴായാലും എങ്ങനെയായാലും ഉദ്ദേശ്യശുദ്ധിയാണ് പ്രധാനം. അങ്ങനെ കൊടുക്കുന്നവര്‍ക്ക് വലിയ പ്രതിഫലവുമുണ്ട്.

 

ഇങ്ങനെ ചെലവഴിക്കുന്നവര്‍ക്ക് ഖിയാമത്ത് നാളില്‍ പേടിക്കേണ്ടിവരില്ല, സങ്കടപ്പെടേണ്ടിയും വരില്ല. എന്നാല്‍ പേടിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ചിലരുണ്ട്: റബ്ബിന്‍റെ പ്രീതിക്കല്ലാതെ ചെലവാക്കുന്നവര്‍, തീരെ ചെലവാക്കാത്തവര്‍, പിശുക്കന്മാര്‍, ആളുകള്‍ കാണാന്‍ വേണ്ടി കൊടുക്കുന്നവര്‍, കൊടുത്തത് എടുത്തുപറയുന്നവര്‍, ഉപദ്രവിക്കുന്നവര്‍. ഇവരെല്ലാം തങ്ങളുടെ നഷ്ടക്കച്ചവടവമോര്‍ത്ത് ഖിയാമത്ത് നാളില്‍ ഖേദിക്കും, പേടിക്കും.

 

الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ(274)

രാവും പകലും രഹസ്യമായും പരസ്യമായും സ്വന്തം ധനം ചെലവ് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ട്

അവര്‍ക്കൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടിയും വരില്ല.

 

എല്ലാ നല്ല കാര്യങ്ങളിലുള്ള ചെലവാക്കലും ഇതില്‍ പെടും.

 

സഅ്ദുബ്‌നു അബീവഖാസ് (رَضِيَ اللهُ عَنْهُ) നോട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രീതി തേടി നീ ചിലവഴിക്കുന്നുവെങ്കില്‍, നിന്‍റെ പദവിയും, ഉയര്‍ച്ചയും വര്‍ദ്ധിക്കാതിരിക്കില്ല- ഭാര്യയുടെ വായിലേക്ക് വെച്ചുകൊടുക്കുന്ന ഭക്ഷണം വരെ’ (ബുഖാരി, മുസ്‍ലിം).

 

മറ്റൊരു നബിവചനം: ‘അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച്, സ്വന്തം വീട്ടുകാര്‍ക്കു വേണ്ടി ചിലവഴിക്കുന്നതും സ്വദഖയാണ്.’ (ബുഖാരി, മുസ്‍ലിം)

--------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter