ഫലസ്തീനെ വായിക്കാനെടുക്കുമ്പോള്‍
ഫലസ്തീനെ വായിക്കാനെടുക്കുമ്പോള്‍
1, എഡ്വാഡ് സയ്ദ്
ഫലസ്തീനെക്കുറിച്ച് മാത്രമല്ല, പകരം വയ്ക്കാനില്ലാത്ത ഓറിയന്റലിസം പോലുള്ള മികച്ച കൃതികളെഴുതിയ ലോകത്തെ എക്കാലത്തെയും മികച്ച ബുദ്ധിജീവികളിലൊരാളാണ് കൊളംബിയന്‍ സര്‍വ്വകലാശാല പ്രഫസര്‍ എഡ്വേഡ് വാദി സയ്ദ്. ജറുസലേമില്‍ ജനിച്ച ഫലസ്തീനി ക്രിസ്ത്യാനിയായ സയ്ദ് ഇസ്രയേല്‍ രൂപീകരണത്തോടെ ഫലസ്തീനില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നൊരാള്‍ കൂടിയാണ്. 2003 സപ്തംബര്‍ 24ന് മരിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ലോകത്തെ ഏറ്റവും മികച്ച കൃതികള്‍ സയ്ദിന്റെതാണ്. സയ്ദ് എഴുതിയ 30ഓളം പുസ്തകങ്ങളില്‍ ഭൂരിഭാഗവും ഫലസ്തീനുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ദ പൊളിറ്റിക്‌സ് ഓഫ് ഡിസ്‌പോസെഷന്‍: ദ സ്ട്രഗ്ള്‍ ഫോര്‍ ഫലസ്തീനിയന്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍, ദി ക്വസ്റ്റ്യന്‍ ഓഫ് ഫലസ്തീന്‍, ആഫ്റ്റര്‍ ദ ലാസ്റ്റ് സ്‌കൈ: ഫലസ്തീനിയന്‍ ലൈവ്‌സ്, ഔട്ടോഫ് പ്ലേസ്(ആത്മകഥ) തുടങ്ങിയവയാണ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍.
2, ഐലാന്‍ പാപ്പെ
ഇപ്പോള്‍ ഇസ്രായേലിന്റെ ഭാഗമായ ഹൈഫയില്‍ ജനിച്ച ചരിത്രകാരനും ആക്ടിവിസ്റ്റുമായ ഐലാന്‍ പാപ്പെ എഴുതിയ 20നടുത്ത് പുസ്തകങ്ങളും ഫലസ്തീനെക്കുറിച്ചുള്ളതാണ്. ഹൈഫ സര്‍വ്വകലാശാലയിലെ അധ്യാപകരനായിരുന്നു. സയണിസ്റ്റ് വിരുദ്ധനായ പാപ്പെക്ക് വൈകാതെ ഇസ്രയേലില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഇസ്രയേലിനെയും ഫലസ്തീനെയും രണ്ടു രാജ്യങ്ങളാക്കി മാറ്റുകയെന്നതാണ് പരിഹാരമെന്ന വാദത്തിന്റെ വിമര്‍ശകനായിരുന്നു. ദ എത്തിനിക് ക്ലീന്‍സിങ് ഓഫ് ഫലസ്തീന്‍, എ ഹിസ്റ്ററി ഓഫ് മോഡേണ്‍ ഫലസ്തീന്‍: വണ്‍ ലാന്റ് ടു പീപ്പിള്‍സ്, ഫോര്‍ഗെട്ടന്‍സ് ഫലസ്തീനിയന്‍സ്: ഹിസ്റ്ററി ഓഫ് ഫലസ്തീനിയന്‍സ് ഇന്‍ ഇസ്രായേല്‍, ദ മോഡേണ്‍ മിഡിലീസ്റ്റ്: ബ്രിട്ടണ്‍ ആന്റ് ദ അറബ്- ഇസ്രയേല്‍ കോണ്‍ഫ്‌ളിക്റ്റ്, ദ ബിഗ്ഗസ്റ്റ് പ്രിസണ്‍ ഓണ്‍ എര്‍ത്ത്: ഹിസ്റ്ററി ഓഫ് ഒക്യൂപെയ്ഡ് ടെറിറ്ററീസ് എന്നിവയാണ് വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍.
3, ഷോളോമോ സാന്‍ഡ്
പോളണ്ടിലെ ഹിറ്റ്‌ലറുടെ ജൂത കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരായിരുന്നു ഷോളോമോ സാന്‍ഡിന്റെ മാതാപിതാക്കള്‍. 1948ല്‍ കുടുംബം ജാഫയിലേക്ക് പലായനം ചെയ്തു. മാതാപിതാക്കളെപ്പോലെ ഇടതുപക്ഷ നിലപാടുകാരനായിരുന്നു ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ചരിത്ര പ്രഫസറായ സാന്‍ഡ്. ഫലസ്തീനിലെ ഭൂമിയില്‍ ജൂതന്‍മാര്‍ക്ക് ചരിത്രപരമായ അവകാശമുണ്ടെന്ന സയണിസ്റ്റ് വാദത്തെ ചോദ്യം ചെയ്യുന്നതാണ് സാന്‍ഡിന്റെ ദ ഇന്‍വെന്‍ഷന്‍ ഓഫ് ദ ജ്യൂയിഷ് പീപ്പിള്‍ എന്ന കൃതി. ദ ഇന്‍വെന്‍ഷന്‍ ഓഫ് ലാന്റ് ഓഫ് ഇസ്രയേല്‍, വൈ ഐ സ്റ്റോപ്പ്ഡ് ബീയിങ് എ ജ്യൂ എന്നിവയും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ്. ഹിറ്റ്‌ലര്‍ക്ക് മുമ്പ് ജൂതന്‍മാര്‍ സയണിസത്തിന്റെ വിമര്‍ശകരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വംശീയവിദ്വേഷമുള്ള സമൂഹമാണ് ഇസ്രയേലികളെന്നും അതിനാല്‍ ഒറ്റരാജ്യമെന്നത് പരിഹാരമല്ലെന്നുമാണ് സാന്‍ഡിന്റെ നിലപാട്.
4, ആങ് സ്വീ ചായ്
അറിയപ്പെടുന്ന എഴുത്തുകാരിയൊന്നുമല്ല ആങ് സ്വീ ചായ്. മലേഷ്യയിലെ പെനാങില്‍ ജനിച്ച് സിംഗപ്പൂരില്‍ വളര്‍ന്ന ഒരു ഡോക്ടര്‍ എന്നതില്‍ക്കവിഞ്ഞ് ബുദ്ധിജീവിലോകത്തുള്ള ആളുമല്ല. എന്നാല്‍ അവരുടെ ഫ്രം ബെയ്‌റൂത്ത് ടു ജറുസലേം: എ വിമന്‍ സര്‍ജന്‍ വിത്ത് ഫലസ്തീനിയന്‍സ് എന്ന ഒറ്റ പുസ്തകം അവരെ ഫലസ്തീനെക്കുറിച്ചുള്ള മികച്ച എഴുത്തുകാര്‍ക്കൊപ്പം നിര്‍ത്തും. ഫലസ്തീനിലും ലബ്‌നാനിലും അഭയാര്‍ത്ഥി ക്യാംപുകളില്‍ ജോലി ചെയ്ത അവരുടെ അനുഭവക്കുറിപ്പാണ് ഈ പൂസ്തകം. സബ്‌റ, ഷത്തീല കൂട്ടക്കൊല നടക്കുമ്പോള്‍ ആങ് സ്വീ ചായ് അത് കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഹൃദയഭേദകമായ വിവരണം പുസ്തകത്തിലുണ്ട്. ഡോക്ടര്‍ എന്ന നിലയില്‍ ഫലസ്തീനി ജനതക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അവര്‍ക്ക് സ്റ്റാര്‍ ഓഫ് ഫലസ്തീന്‍ പുരസ്‌കാരം യാസര്‍ അറഫാത്ത് സമ്മാനിച്ചു. പുസ്തകത്തിന്റെ മലയാളം പരിഭാഷയും ലഭ്യമാണ്.
5, റാഷിദ് ഖാലിദി
ഫലസ്തീനിയായ അമേരിക്കന്‍ ചരിത്രകാരനാണ് റാഷിദ് ഇസ്്മാഈല്‍ ഖാലിദി. കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ എഡ്വേഡ് സയ്ദിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഫലസ്തീന്‍ സമൂഹം രാഷ്ട്രരൂപീകണമെന്ന ആശയത്തില്‍ പരാജയപ്പെട്ടു എന്ന വിഷയത്തിലെഴുതിയ ദ അയണ്‍ കെയ്ജ്: സ്റ്റോറി ഓഫ് ഫലസ്തീനിയന്‍ സ്രഗ്ള്‍ ഫോര്‍ സ്‌റ്റേറ്ഹുഡ് മികച്ച പുസ്തകമാണ്. ഫലസ്തീനിയന്‍ ഐഡന്റിറ്റി, അണ്ടര്‍ സീജ്, ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് വാര്‍ ഓണ്‍ ഫലസ്തീന്‍: എ ഹിസ്റ്ററി ഓഫ് സെറ്റ്‌ലര്‍ കോളോണിയലിസം ആന്‍ഡ് റസിസ്റ്റന്റ്, ദ അദര്‍ ജറുസലേം, റീതിങ്കിങ് ദ ഹിസ്റ്ററി ഓഫ് ദ സേക്രഡ് സിറ്റി എന്നിവ വായിച്ചിരിക്കേണ്ടതാണ്. ഫലസ്തീനെയും മിഡിലീസ്റ്റിനെയും കുറിച്ച് വേറെയും അനവധി പുസ്തകങ്ങള്‍ ഖാലിദിയുടേതായുണ്ട്.
6, മഹ്മൂദ് ദര്‍വീശ്
പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്തതാണ് ഫല്‌സ്തീന്‍ ഇതിഹാസ കവി മഹ്്മുദ് ദര്‍വീശിന്റെ കവിതകള്‍. മുറാല്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്. ദര്‍വീശിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയാണ് മുറാല്‍. ദര്‍വീശിന്റെ സുഹൃത്തുക്കളായ ജോണ്‍ ബെര്‍ജര്‍, രേമ ഹമ്മാമി എന്നിവരുടെതാണ് പരിഭാഷ. ദര്‍വീശിന്റെ കവിതകളില്‍ വായിക്കേണ്ടാത്തതായൊന്നുമില്ല. മെമ്മറി ഫോര്‍ ഫോര്‍ഗെറ്റ്ഫുള്‍നെസ്, ഇന്‍ദ പ്രസന്‍സ് ഓഫ് ആപ്‌സന്‍സ്, ദ ബട്ടര്‍ഫ്‌ളൈസ് ബര്‍ഡന്‍, അണ്‍ഫോര്‍ച്ചുനേറ്റ്‌ലി ഇറ്റ് വാസ് പാരഡൈസ്, എ റിവര്‍ ഡൈ ഓഫ് തേസ്റ്റ് തുടങ്ങിയ കൃതികള്‍ വായിക്കേണ്ടതാണ്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍ അംഗമാകും മുമ്പ് ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. 2008 ആഗസ്ത് 9ന് ടെക്‌സാസില്‍ മരിച്ചു. ഇപ്പോള്‍ റമല്ലയില്‍ അന്ത്യവിശ്രമം.
7, സൂസണ്‍ അബുല്‍ഹവ
ഫലസ്തീനിയന്‍ അമേരിക്കന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് സൂസണ്‍ അബുല്‍ഹവ. ജറുസലേമില്‍ നിന്ന് 1967ലെ യുദ്ധത്തില്‍ പലായനം ചെയ്യേണ്ടി വന്നതാണ് സൂസന്റെ കുടുംബത്തിന്. മോണിങ് ഇന്‍ ജെനിന്‍, ദ ബ്ലൂ ബെറ്റ്‌വീന്‍ സ്‌കൈ ആന്റ് വാട്ടര്‍ എന്നിവ സൂസണ്‍ ഫലസ്തീന്‍ പശ്ചാത്തലത്തിലെഴുതിയ രണ്ടു മനോഹര നോവലുകളാണ്. ഇസ്രയേല്‍ രൂപീകരണത്തോടെ ജെനിനിലെ അഭയാര്‍ത്ഥി ക്യാംപിലെത്തിപ്പെട്ട കുടുംബത്തിന്റെ കഥയാണ് മോണിങ് ഇന്‍ ജെനിന്‍. ഇസ്രയേല്‍ രൂപീകരണത്തോടെ ബെയ്ത് ദരാസ് ഗ്രാമത്തില്‍ നിന്ന പലായനം ചെയ്യേണ്ടി വന്ന് അമേരിക്കയിലേക്ക് കുടിയേറിയവരുടെ കഥയാണ് ദ ബ്ലൂ ബെറ്റ്‌വീന്‍ സ്‌കൈ ആന്റ് വാട്ടര്‍. ഫലസ്തീനി കുട്ടികള്‍ക്ക് വേണ്ടി ഫലസ്തീനിലും ലബനാനിലെ അഭയാര്‍ത്ഥി ക്യാംപുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്ന പ്ലേ ഗ്രൗണ്ട് ഫോര്‍ ഫലസ്തീന്‍ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക കൂടിയാണ് സൂസണ്‍.
8, ജോണ്‍ ജെ. മിയാര്‍ഷെയ്‌മെര്‍
ഷിക്കാഗോ സര്‍വ്വകലാശാലയിലെ പ്രഫസറായ ജോണ്‍ ജെ. മിയാര്‍ഷെയ്‌മെര്‍ യു.എസിലെ എണ്ണം പറഞ്ഞ യുദ്ധവിരുദ്ധ പ്രവര്‍ത്തകരിലൊരാളാണ്. അമേരിക്കയുടെ മിഡിലീസ്റ്റ് നയങ്ങള്‍ ഇസ്രായേലിന് അനുകൂലമാക്കുന്ന യു.എസിലെ ഇസ്രയേല്‍ ലോബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് ദ ഇസ്രയേല്‍ ലോബി ആന്‍ഡ് യു.എസ് ഫോറിന്‍ പോളിസി. എല്ലാ അമേരിക്കന്‍ ജൂതന്‍മാരും ഈ ലോബിയുടെ ഭാഗമല്ല. എന്നാല്‍ സയണിസ്റ്റുകള്‍ക്കൊപ്പം അമേരിക്കയിലെ ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ ലോബിയിങ്ങ് നടത്തുണ്ടെന്നും മിയാര്‍ഷെയ്‌മെര്‍ പറയുന്നു. അമേരിക്കയുടെ പൊതു താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ലോബിയുടെ പ്രവര്‍ത്തനമെന്നും പുസ്തകം സ്ഥാപിക്കുന്നു. അമേരിക്കന്‍ മേധാവിത്തമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മിയാര്‍ഷെയ്‌മെറുടേതായുണ്ട്.
9, നാജി അല്‍ അലി
അറബ് ലോകത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ഫലസ്തീനിയായ നാജി സലിം ഹുസൈന്‍ അല്‍ അലി. ഇസ്രയേല്‍ അതിക്രമവും ഫല്‌സ്തീനികളുടെ ജീവിതവും ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 40,000 കാര്‍ട്ടൂണുകളാണ് നാജി അല്‍ അലി വരച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടുന്ന അറബ് രാജ്യങ്ങളുടെ വിമര്‍ശകന്‍ കൂടിയായിരുന്നു അലി. നസ്‌റേത്തിനടുത്തുള്ള അല്‍ ഷജാറയിലായിരുന്നു ജനനം. 1948ലെ നഖ്ബ കാലത്ത് ഇസ്രയേല്‍ ഗ്രാമം പിടിച്ചെടുത്തു. കുടുംബത്തിന് ലബ്‌നാലിലേക്ക് പലായയം ചെയ്യേണ്ടി വന്നു. സിദോനിലെ ഐന്‍ അല്‍ ഹില്‍വേഹ് അഭയാര്‍ത്ഥി ക്യാംപിലാണ് അലി വളര്‍ന്നത്. എ ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍ അലിയുടെ കാര്‍ട്ടൂണ്‍ സമാഹാരമാണ്. 1987 ജൂലൈയില്‍ ലണ്ടനിലെ അല്‍ഖുബ്‌സ് പത്രത്തിന്റെ ഓഫീസിനു മുന്നില്‍വച്ച് അലിക്ക് നേരെ അജ്ഞാതന്‍ നിറയൊഴിച്ചു. വൈകാതെ ആശുപത്രിയില്‍ വച്ച് അലി മരിച്ചു.
10, മൗറിദ് ബര്‍ഗൂതി
മിഡ് നൈറ്റ് ആന്റ് അദര്‍ പോയംസ് ആണ് അടുത്തിടെ അന്തരിച്ച ഫലസ്തീനി കവി മൗറിദ് ബര്‍ഗൂതിയുടെ കവിതാ സമാഹരങ്ങളിലൊന്ന്. ഐ വാസ് ബോണ്‍ ദേര്‍, ഐ വാസ് ബോണ്‍ ഹിയര്‍ മറ്റൊരു പുസ്തകമാണ്. ബെര്‍ഗൂതിയുടെ ആത്മകഥയായ ഐ സോ റമല്ല പരക്കെ വായിക്കപ്പെട്ട പുസ്തകമാണ്. മലയാളത്തിലും ഇതിന്റെ പരിഭാഷയുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്ത് ദേര്‍ ഗസാനേഹ് ഗ്രാമത്തില്‍ 1944ലായിരുന്നു ബര്‍ഗൂതിയുടെ ജനനം. 1963ല്‍ ഇംഗ്ലീഷ് പഠിക്കാന്‍ കയ്‌റോയിലേക്ക് പോയി. 1967ലെ യുദ്ധത്തില്‍ ഇസ്‌റഈല്‍ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്തതോടെ ബര്‍ഗൂതിക്ക് ജന്‍മനാട്ടിലേക്ക് തിരിച്ചെത്താനായില്ല. ജീവിതത്തിന്റെ വലിയൊരു പങ്കും കയ്‌റോയിലും അമ്മാനിലും ലബ്‌നോനിലും ഹംഗറിയിലുമായിരുന്നു ബര്‍ഗൂതിയുടെ ജീവിതം. 77ാമത്തെ വയസ്സില്‍ അമ്മാനില്‍ വച്ച് മരിക്കുമ്പോള്‍ മൂന്നു ഭൂഖണ്ഡങ്ങളിലായി 46 വീടുകളില്‍ താമസിച്ചിരുന്നു ബര്‍ഗൂതി.
കടപ്പാട് സുപ്രഭാതം
തയ്യാറാക്കിയത് കെ.എ സലീം
Leave A Comment