സുജൂദുകൾക്കിടയിൽ വിടരുന്ന ഹുബ്ബിന്റെ വരികൾ
ഫാത്തിമത്തുൽ വഹീദയുടെ "സുജൂദുകൾക്കിടയിൽ" കവിതാ സമാഹാരം വായിക്കുമ്പോൾ ഓരോ നിമിഷവും ദൈവീക അനുരാഗവും മനുഷ്യസ്നേഹവും ഒരേ മാലയിൽ കോർത്ത മുത്തുകൾ പോലെ അവസാനം വരെ കൂട്ടിരിപ്പുണ്ടായിരുന്നു ഹൃദയത്തിൽ. ഉത്തമ സ്നേഹത്തിൽ അലിഞ്ഞ് ചേർന്ന റൂമിയുടെ വരികൾ മനസ്സിൽ കോർത്ത് വെച്ച് വായിക്കുന്ന കവിയത്രിയാണ് ഫാത്തിമത്തുൽ വഹീദയെന്ന് വിശ്വസിക്കാൻ കവിതകൾ ഓരോന്നും നിർബന്ധം പിടിക്കുന്നുണ്ട്.
നിന്നെ കാണാനാണല്ലോ/ഈ കണ്ണുകൾ./നിന്നെ കേൾക്കാനാണല്ലോ/ഈ കാതുകൾ./യാ മൗലാ,
നിന്നെ അറിയുമ്പോൾ,/നിന്നെ കേൾക്കുമ്പോൾ,
നിന്നിലലിയുമ്പോൾ,/ഞാൻ പരിപൂർണ്ണതയുടെ
ദിവ്യ നാദങ്ങൾ/ആത്മാവിനാഴികളിലേക്ക്
ഏറ്റുവാങ്ങുന്നു.
എന്ന വരികളിലൂടെ തുടങ്ങുന്ന പുസ്തകം സ്നേഹത്തെ പ്രാർത്ഥനകളിലേക്കും നിരന്തര ദിവ്യ സ്മരണയിലേക്കും ചേർത്തുവെക്കുന്നുണ്ട്. ദൈവത്തിലലിയുമ്പോഴാണ് ഓരോ ആത്മാവും പരിപൂർണ്ണതയിലെത്തുന്നതെന്ന് പറയുന്ന കവിയത്രി ദൈവത്തെ അറിയുകയെന്നതാണ് ദൈവീകമായ ഇശ്ഖിന്റെ അടിക്കല്ലെന്നും കുറിക്കുന്നു.
ഇശ്ഖ് പൂക്കുന്ന/ ഹൃദയ നാഡികൾ/ വിശുദ്ധമായ ആകാശ/ ചെരുവുകളിൽ / നറുനിലാവുകളായ്/ പുഞ്ചിരിക്കും/ദിവ്യമായ സ്നേഹത്തിന്റെ/ ദർബാറുകൾ/ഇരുണ്ട രാത്രികളുടെ പ്രണയിനിയാവും.
ഉത്തമ സ്നേഹം പൂത്തുലഞ്ഞ മനസ്സുകളിൽ സദാ പുഞ്ചിരി വിടർന്നിരിക്കുമെന്നും ദിവ്യസ്നേഹത്തിന്റെ ഹൃദയങ്ങൾ തുറക്കപ്പെടുന്നത് അള്ളാഹുവും ദർവീഷും മാത്രമാകുന്ന ഇരുളിന്റെ മറയിലാണെന്നും കവിയത്രി പറയുന്നു.
പ്രണയമൊരു/ പ്രാർത്ഥനയും/ ഞാനതിന്റെ/ആൽക്കെമിയുമാകുമ്പോൾ/ എന്റെ മുസല്ലകൾ/ നിനക്കായുള്ള ഹുബ്ബിന്റെ/ തസവ്വുഫുകളാകും.
ഉത്തമമായ സ്നേഹം പ്രാർത്ഥനകളിൽ നിന്നുത്ഭവിക്കുന്നതാണെന്ന് പറയുന്ന വരികൾ എന്നെ സ്മരിക്കുന്ന അടിമകളോടാണ് ഞാൻ കൂടുതൽ അടുത്തിരിക്കുന്നതെന്ന ദൈവീക വചനത്തെയും കോർത്ത് വെച്ചിട്ടുണ്ട്.
പ്രണയം ഒരു പ്രാർത്ഥന/യാകുന്നിടത്തൊക്കെ/ ഞാനും നീയും ഒരേ/ ആത്മാവിന്റെ രണ്ടറ്റ/ചിറകുകളാണെന്ന്/നമ്മളറിയും.
മനുഷ്യസ്നേഹവും ഉത്തമമായ സ്നേഹമാണെന്ന് പറയുന്ന ദൈവീക മാർഗത്തിൽ സ്നേക്കുന്നവർക്ക് പരലോകത്ത് തണൽ വിരിക്കപ്പെടുമെന്ന പ്രവാചക വാക്യങ്ങളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം പരസ്പരം നന്മക്കായുള്ള പ്രാർത്ഥനകളിൽ നിന്ന് ഉത്തമ സ്നേഹത്തിന്റെ മൊട്ടുകൾ വിടരുമെന്നും കവിയത്രി പറയുന്നു.
ഒരു ജന്മത്തിനായ്/കാത്ത് വെച്ച/ പ്രാർത്ഥനകളൊക്കെയും/ നിന്റെ കാൽക്കീഴിൽ/സമർപ്പിക്കുന്നു/ ആകാശക്കോണിലൊരു / ഒറ്റ നക്ഷത്രം / നിനക്കായ് മാറ്റി/വെക്കുന്നു.
ജന്മം മുഴുക്കെ നിന്നിലായ് പ്രാർത്ഥനകൾ നിറക്കട്ടെ, ഹുബ്ബിന്റെ പ്രകാശം പരത്തുന്ന നക്ഷത്രമായ് സ്നേഹം പരത്താൻ അനുഗ്രഹം തേടിയവസാനിക്കുന്ന വരികളിൽ ആത്മാവും ദൈവവും നിരന്തര സല്ലാപത്തിലാണ്.
തയ്യാറാക്കിയത്:നിയാസ് പി.മൂന്നിയൂര്‍
Leave A Comment