ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 4)
നൈജർ
എൺപത് ശതമാനത്തോളം മുസ്‍ലിംകളുള്ള, വെസ്റ്റ് ആഫ്രിക്കയിലെ മറ്റൊരു രാജ്യമാണ് നൈജര്‍. പടിഞ്ഞാറന്‍ സുഡാനിലേക്ക് ഇസ്‌ലാം എത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് നൈജറിലെ രണ്ട് മുസ്‌ലിം നഗരങ്ങളായിരുന്നു, ജിന്നി, തിമ്പുക്തു. രണ്ടും പ്രസിദ്ധമായ വാണിജ്യ നഗരങ്ങളായിരുന്നു.
ജിന്നി എന്ന വാണിജ്യ നഗരം സ്ഥാപിക്കപ്പെട്ടത് ഹി. 435-ലാണ്. ആഫ്രിക്കയിലെ പ്രമുഖരായ ഹൗസ ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിക്കുന്നതും വ്യാപാര ബന്ധങ്ങളിലൂടെയാണ്. വ്യാപാര - വാണിജ്യ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അവര്‍ക്ക് വലിയ സാമൂഹിക ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. അതിലൂടെയായിരുന്നു ഇസ്‍ലാമിക പ്രചരണം
. ഫുല്‍ബെ, ഹൗസ, മാന്‍ഡിംഗോ തുടങ്ങിയ ഉയര്‍ന്ന നീഗ്രോ വര്‍ഗത്തില്‍ പെട്ട മുസ്‌ലിംകള്‍ കച്ചവട കേന്ദ്രങ്ങളില്‍ ധാരാളമുണ്ടായിരുന്നു. വ്യാപാരികള്‍ എന്ന നിലക്കുള്ള മുസ്‍ലിംകളുടെ ജീവിതവും നിലപാടുകളും അവിടങ്ങളിലെ കറുത്ത വര്‍ഗ്ഗക്കാരെ ആകര്‍ഷിക്കുകയും ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ശേഷം ഹൗസക്കാര്‍ വ്യാപാര ആവശ്യാര്‍ഥം എവിടെയൊക്കെ പോയിരുന്നോ, അവിടെയെല്ലാം അവര്‍ ഇസ്‌ലാമിനെയും കൂടെക്കൂട്ടിയിരുന്നു എന്നാണ് ചരിത്രം.
സ്ത്രീകളോട് ഏറെ ആദരവോടെ പെരുമാറുന്നതാണ് നൈജറുകാരുടെ രീതി. കാര്യങ്ങളെല്ലാം അവരോട് ചർച്ച ചെയ്ത മാത്രമേ പുരുഷന്മാർ ചെയ്യുകയുള്ളൂവത്രെ. സ്ത്രീകളുടെ മുന്നിൽ ശബ്ദം പോലും ഉയർത്താറില്ല ഇവിടത്തെ പുരുഷന്മാർ എന്നാണ് പറയപ്പെടുന്നത്. പുരുഷന്മാർ മുഖം മൂടി ധരിക്കുന്ന രാജ്യമെന്ന് വരെ നൈജറിനെ പറയാറുണ്ട്.
1904 ലാണ് നൈജര്‍ ഫ്രാൻസിന്റെ കോളനിയാകുന്നത്. 1960 ൽ സ്വാതന്ത്ര്യം നേടി റിപബ്ലിക് ആയെങ്കിലും 1996ല്‍ പട്ടാളം ഭരണം പിടിച്ചെടുക്കുകയും എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിക്കുകയും ചെയ്തു.
Also Read:ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 3)
2010-ൽ ഒരു പുതിയ ഭരണഘടനക്ക് അംഗീകാരം നല്കി, ഒരു വർഷത്തിനുശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, മഹാമദു ഇസാഫു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുമ്പ് നിർത്തലാക്കിയ അർദ്ധരാഷ്ട്രപതി സമ്പ്രദായവും ഭരണഘടന പുനസ്ഥാപിച്ചു. 2011 ൽ അദ്ദേഹത്തിനെതിരായ അട്ടിമറി ശ്രമം നടന്നെങ്കിലും അത് പരാജയപ്പെടുകയും കലാപകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2020 ഡിസംബർ 27 ന്, സ്ഥാനമൊഴിയുമെന്ന് ഇസാഫു പ്രഖ്യാപിച്ചതിനെത്തുടർന്ന് നൈജര്‍ വോട്ടെടുപ്പിലേക്ക് നീങ്ങി. ഇത് നൈജറിലെ ആദ്യത്തെ സമാധാനപരമായ അധികാര പരിവർത്തനത്തിന് വഴിയൊരുക്കി. ഒരു സ്ഥാനാർത്ഥിക്കും വോട്ടിൽ കേവല ഭൂരിപക്ഷം നേടാനാവത്തതിനാല്‍, ഭരണഘടനയനുസരിച്ച്, 2021 ഫെബ്രുവരി 20 ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. അതില്‍ മുഹമ്മദ് ബസൂം 55.75% വോട്ട് നേടി പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ, പ്രതിഷേധ പ്രകടനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ പുതിയ പ്രസിഡണ്ട് സ്ഥാനമേല്‍ക്കുന്നതിന് മുമ്പായി ചില പട്ടാള അട്ടിമറി ശ്രമങ്ങളുടെ കഥകളും നൈജറില്‍ നിന്ന് കേള്‍ക്കാനാവുന്നുണ്ട്.
Leave A Comment