പാകിസ്ഥാന്‍

ജനസംഖ്യാടിസ്ഥാനത്തില്‍ ആറാം സ്ഥാനത്തുള്ള ഈ മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തിന്‍റെ ഒദ്യോഗിക നാമം 'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാന്‍' എന്നാണ്. ഇന്ത്യയും ഇറാനും അഫ്ഗാനിസഥാനും അറബിക്കടലുമാണ് അതിര്‍ത്തിയിലുള്ളത്. ഹാരപ്പന്‍, ഇന്തോ-ആര്യന്‍, പേര്‍ഷ്യന്‍, ഗ്രേഷ്യന്‍, ശകന്‍, പാര്‍ഥിയന്‍, കുശന്‍, ഹൂണന്‍, അറബി, തുര്‍ക്കി, മുഗള്‍ എന്നിങ്ങനെ ഒട്ടേറെ ജനവിഭാഗങ്ങള്‍ കഴിഞ്ഞുപോയ രാജ്യത്ത് ഇന്ന് 97 ശതമാനം മുസ്‌ലിംകളും ബാക്കി ഹൈന്ദവ-ബുദ്ധ മതക്കാരുമാണ്. രൂപയാണ് നാണയം. ഉറുദുവാണ് ഔദ്യോഗിക ഭാഷ. 7,96,095 ചതുരശ്ര കി.മി വിസ്തീര്‍ണ്ണമുള്ള രാജ്യത്ത് (2011 പ്രകാരം) 176,745,364 ആളുകള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്.

ചരിത്രം

ചൌധരി റഹ്മത്ത് അലിയാണ് 'പരിശുദ്ധിയുടെ നാട്' എന്നര്‍ത്ഥം വരുന്ന പാക്കിസ്ഥാന് എന്ന വാക്ക് രാജ്യത്തിന് നല്‍കിയത്. പഞ്ചാബ്, അഫ്ഗാനിയ, (പാക്‌ അധീന)കശ്മീര്‍, സിന്ധ്, ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന നാമമാണ് പാക്കിസ്ഥാന്‍. പഞ്ചാബ്, അഫ്ഗാനിയ, കശ്മീര്‍, സിന്ധ് എന്നീ പ്രവിശ്യകളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്ന് അക്ഷരങ്ങളും ചേര്‍ന്നാണ് പാക്കിസ്ഥാന്‍ എന്ന പേര് വന്നത്. പ്രാചീന സംസ്കാരങ്ങളായ ഹാരപ്പ, മോഹന്‍ജദാരോ എന്നിവയുടെ കേന്ദ്രങ്ങള്‍ ഇവിടെയാണ്. സിന്ധു - ഗംഗ സംസ്കാരങ്ങള്‍ക്കു ശേഷം പേര്‍ശ്യന്‍ (ക്രി. മു. 543 മുതല്‍), മൌര്യന്‍ (ക്രി. മു.326 മുതല്‍) വംശങ്ങള്‍ ഇവിടം കീഴടക്കി. ക്രി. മു. 180 - കള്‍ക്ക് ശേഷം വന്ന ഗ്രീക്ക് - ബൌദ്ധ കാലഘട്ടത്തിലാണ് 'തക്ഷശില' എന്ന വൈജ്ഞാനിക കേന്ദ്രം പ്രശസ്തമാകുന്നത്. അവിഭക്ത ഇന്ത്യയുടെ ഭാഗമായതിനാല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അഫ്ഗാനുകളും ബലൂചികളും സിഖുകാരും വിവിധ പ്രവിശ്യകളുടെ നേതൃത്വം ഏറ്റെടുത്തു. അരക്ഷിതാവസ്ഥയിലായ രാജ്യം ബ്രിട്ടന്റെ കീഴിലായി. ഇരുപതാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യ പോരാട്ടത്തിനിടെ മുസ്‌ലിം ലീഗ് ശക്തിപ്പെടുകയും മുസ്‌ലിം കള്‍ക്കു മാത്രമായി ഇന്ത്യക്കകത്തു വടക്കു പടിഞ്ഞാറ് ഭാഗത്തായി ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ന്നു വരികയും മുഹമ്മദലി ജിന്ന ഈ ആവശ്യം ദ്വിരാഷ്ട്ര സിദ്ധാന്തമായി മാറ്റിയെടുക്കുകയും ചെയ്തു.  ഇന്ത്യ സ്വതന്ത്രമായതോടെ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗം വിഭജിച്ച്  1947 ഓഗസ്റ്റ് 14 ന് പാക്കിസ്ഥാന്‍ സ്വതന്ത്ര രാജ്യമായി മാറി.

മതരംഗം

എ. ഡി 721-ല്‍ മുസ്‌ലിം യോദ്ധാവ് മുഹമ്മദ് ബിന്‍ ഖാസിം സിന്ധ്, മുള്‍ട്ടാന്‍ പ്രദേശങ്ങള്‍ കീഴടക്കിയതോടെയാണ് രാജ്യത്ത് ഇസ്‌ലാം എത്തുന്നത്. ശേഷം ഇസ്‌ലാമിക സൂഫി വര്യന്മാരുടെ പ്രവര്‍ത്തന ഫലമായി ഒട്ടേറെപ്പേര്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു.  എന്നാല്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ചുള്ള ഭരഘടനയും നിയമ സംഹിതയും നടപ്പില്‍ വരാത്തതിനെതുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭങ്ങളുണ്ടായി. ബംഗ്ലാദേശെന്ന രാജ്യത്തിന്റെ പിറവിയിലാണ് കലാപങ്ങള്‍ എത്തിച്ചേര്‍ന്നത്. സ്വാതന്ത്ര്യത്തിനു ശേഷം നാലു പതിറ്റാണ്ട് മതേതര രാജ്യമായി നിലകൊണ്ട പാക്കിസ്ഥാനില്‍  പ്രസിഡന്റ് സിയാഉല്‍ ഹഖ് ആണ് ശരീഅത്ത് നിയമം സൈന്യത്തിലും ഭരണത്തിലും വ്യാപകമാക്കിയത്.

രാഷട്രീയ രംഗം

മുഹമ്മദലി ജിന്നയുടെയും ലിയാഖത്ത് അലിഖാന്റെയും നേതൃത്വത്തില്‍ മുസ്‌ലിം ലീഗാണ് പാക്കിസ്ഥാനിലെ ആദ്യ സര്‍ക്കാറിന് രൂപം നല്‍കിയത്. കലുഷിതമാണ് എന്നും പാക്ക് രാഷ്ട്രീയം. 1947- ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഒമ്പതു വര്‍ഷം കഴിഞ്ഞാണ് (1957) രാജ്യം റിപ്പബ്ലിക് ആവുന്നത്. അടുത്ത വര്‍ഷം (1958) അയ്യൂബ് ഖാന്‍ ഭരണഘടന മരവിപ്പിച്ചു. 1973-ലാണ് ഇപ്പോഴുള്ള ഭരണ ഘടന നിലവില്‍ വന്നത്. 1977- ല്‍ ഇത് സിയാഉല്‍ ഹഖ് മരവിപ്പിച്ചെങ്കിലും 1991-ല്‍ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. 1958-ല്‍ രാജ്യത്ത് ആദ്യ പട്ടാള അട്ടിമറി നടക്കുകയും 1971-ല്‍ പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് എന്ന രാജ്യം വേര്‍പ്പെട്ടുപോവുകയും ചെയ്തു. 1972-ല്‍ വീണ്ടും ജനാധിപത്യ ഭരണം വന്നെങ്കിലും 1977-ല്‍ രാജ്യം വീണ്ടും സൈനിക ഭരണത്തിന് കീഴിലായി. 1988ല്‍ പാക്ക് ചരിത്രത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി (ബേനസീര്‍ ബൂട്ടോ) അധികാരത്തില്‍ വന്നു. ആദ്യമായി ആണവായുധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട മുസ്‌ലിം രാജ്യമാണ് പാക്കിസ്ഥാന്‍. അയല്‍ രാജ്യമായ ഇന്ത്യയുമായി കാശ്മീരിന്റെ പേരില്‍  നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്നു. 1947, 1965, 1971, 1999 വര്‍ഷങ്ങളില്‍ ഇന്ത്യയുമായി യുദ്ധം നടന്നിട്ടുണ്ട്. ആഭ്യന്തര - തീവ്രവാദ ആക്രമണങ്ങളുടെ വിളനിലമായി മാറിയ പാകിസ്ഥാനില്‍ പാര്‍ലമെന്ററി ജനാധിപത്യമാണുള്ളത്. നൂറംഗ പ്രതിനിധി സഭയും (സെനറ്റ്) 342 അംഗ ദേശീയ അസ്സംബ്ലിയുമാണ് ഭരണം നിര്‍വ്വഹിക്കുന്നത്. പ്രസിഡന്റാണ് രാഷ്ട്രത്തലവനും സര്‍വ്വ സൈന്യാധിപനും. ദേശീയ അസ്സംബ്ലിയിലെ ഭൂരിപക്ഷ പാര്‍ട്ടിയുടെ നേതാവായിരിക്കും സാധാരണഗതിയില്‍ പ്രധാന മന്ത്രി.

-തയ്യാറാക്കിയത്- റശീദ് ഹുദവി വയനാട്-

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter