തസ്വവ്വുഫ് പദത്തിന്റെ ഉല്‍പത്തി

തസ്വവ്വുഫ് എന്ന പദം എവിടെ നിന്ന് വന്നു? അതിന്റെ ഉല്‍പത്തി എങ്ങനെയാണെന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നപക്ഷക്കാരാണ്. രോമം എന്നര്‍ഥമുള്ള സ്വൂഫ എന്ന ധാതുവില്‍ നിന്നാണ് ആ പദമുണ്ടായതെന്നാണ് ചിലരുടെ പക്ഷം. പുറത്തിടപ്പെടുന്ന ഒരു രോമം കാറ്റിന്റെ ഗതിയനുസരിച്ച് അങ്ങുമിങ്ങും പാറിപ്പറക്കുന്നതുപോലെ, സ്വൂഫി അല്ലാഹുവിന്റെ കല്‍പനകള്‍ക്കു മുമ്പില്‍ സമ്പൂര്‍ണ വിധേയത്വമുള്ളവനായിരിക്കുമെന്നതിനാലാണ് ഈ പേരു വന്നത് എന്ന് അവര്‍ പറയുന്നു.

സ്വിഫത്ത് (വിശേഷണം) എന്ന പദത്തില്‍ നിന്നാണ് തസ്വവ്വുഫ് പിറന്നതെന്നാണ് വേറെ ചിലരുടെ അഭിപ്രായം. സല്‍സ്വഭാവങ്ങളും ഉത്തമവിശേഷണങ്ങളും മുറുകെ പിടിക്കുകയും ചീത്ത വിശേഷണങ്ങളത്രയും കൈവെടിയുകയും ചെയ്യുന്നവനായിരിക്കും സ്വൂഫി എന്നാണിവരുടെ ന്യായീകരണം.

തെളിമ എന്നര്‍ഥമുള്ള സ്വഫാഅ്  ല്‍ നിന്നാണ് തസ്വവ്വുഫിന്റെ പ്രഭവമെന്ന് മറ്റു ചിലര്‍ പറയുന്നു. അബുല്‍ ഫത്ഹ് അല്‍ബസ്തി(റ) ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി:

(സ്വൂഫി എന്ന പദത്തിന്റെ ഉല്‍പത്തിയെപ്പറ്റി പണ്ഡിതന്മാര്‍ തര്‍ക്കിക്കുകയും ഭിന്നപക്ഷക്കാരാവുകയും ചെയ്തിരിക്കുന്നു. സ്വൂഫ് (രോമം) എന്നതില്‍ നിന്നുണ്ടായതാണ് പദമെന്നാണ് ചിലരുടെ കാഴ്ചപ്പാട്. എന്നാല്‍ പരിശുദ്ധമായ ജീവിതം നയിക്കുകയും തെളിമയുറ്റ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരുകയും ചെയ്ത ഒരാള്‍ക്കുമാത്രമേ ഈ പദം ഞാനംഗീകരിച്ചുകൊടുക്കൂ-അങ്ങനെയാണവന്‍ സ്വൂഫി എന്ന് സംബോധന ചെയ്യപ്പെടുന്നത്.

മറ്റു ചിലര്‍ പറയുന്നത് ആ പദം പിറന്നത് സ്വുഫ്ഫത്ത്  എന്ന വാക്കില്‍ നിന്നാണെന്നത്രേ. കാരണം, തസ്വവ്വുഫിന്റെ ആളുകള്‍ ‘സ്വുഫ്ഫത്തുകാരു’ടെ വിശേഷണങ്ങള്‍ പിന്‍പറ്റുന്നവരായിരിക്കും. അവരെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്: നാഥന്റെ പ്രീതി മാത്രം കാംക്ഷിച്ച് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും (നിരന്തരമായി) അവനെ ആരാധിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം താങ്കളും കഴിഞ്ഞുകൂടുക…. തസ്വവ്വുഫിന്റെ ആളുകളില്‍ നിന്നുള്ള പ്രഥമവിഭാഗമത്രേ സ്വുഫ്ഫത്തുകാര്‍. ഇസ്‌ലാമിന്റെ പില്‍ക്കാല നൂറ്റാണ്ടുകളില്‍ വന്ന സ്വൂഫികള്‍ മുഴുവനും ലക്ഷീകരിച്ചിട്ടുള്ളത് ആ സ്വഹാബിവര്യന്മാരുടെ ആരാധനാനിമഗ്നവും ആത്മാര്‍ത്ഥതാനിര്‍ഭരവുമായ മഹോന്നതാവസ്ഥയായിരുന്നു.

ഇമാം ഖുശൈരി(റ) പറയുന്നത്, ‘തസ്വവ്വുഫി’ന്റെ പ്രഭവം ‘സ്വഫ്‌വത്ത്’ (തെളിമ) എന്ന ധാതുവില്‍ നിന്നാണെന്നാണ്. ‘സ്വഫ്ഫ്’ (അണി, നിര) എന്ന പദത്തില്‍ നിന്നാണെന്നും അഭിപ്രായമുണ്ട്. അല്ലാഹുവിനോടുള്ള സാന്നിധ്യത്തിലും ആരാധനാകര്‍മങ്ങളിലുള്ള പ്രാഥമ്യത്തിലും പൂര്‍ണഹൃദയവുമായി ഇവര്‍ മുന്‍നിരക്കാരായിത്തീരുന്നു എന്നതാണ് ഇതിന്റെ ന്യായീകരണം. ലാളിത്യവും ജീവിതപാരുഷ്യവും സ്വയം തെരഞ്ഞെടുത്തുകൊണ്ട് പരുത്ത കമ്പിളി വസ്ത്രം ധരിച്ചിരുന്നതിനാലാണ് അതിനോട്  ബന്ധപ്പെടുത്തി തസ്വവ്വുഫ് എന്നുപയോഗിച്ചതെന്ന പക്ഷക്കാരുമുണ്ട്.

Also Read:തസ്വവ്വുഫിന്റെ പ്രാധാന്യം

എന്തൊക്കെയാണെങ്കിലും ശരി, പദത്തിന്റെ ന്യായീകരണമോ അതിന്റെ ഉല്‍പത്തി എവിടെ നിന്നാണെന്നോ കണ്ടുപിടിക്കേണ്ടത് ഒരനിവാര്യതയല്ലാത്തവിധം ‘തസ്വവ്വുഫ്’ എന്നത് സുപ്രസിദ്ധമായിക്കഴിഞ്ഞിട്ടുണ്ട്. സ്വഹാബത്തിന്റെയോ താബിഉകളുടെയോ കാലത്ത് കേട്ടുകേള്‍വിയില്ലാത്ത ഒരു പദമാണിത് എന്ന് പറഞ്ഞ് ചിലര്‍ ഇത് തള്ളിക്കളയുന്നത് ബാലിശമത്രേ. കാരണം, നഹ്‌വ്, ഫിഖ്ഹ്, മന്‍ഥിഖ് തുടങ്ങി മിക്ക സാങ്കേതിക ശബ്ദങ്ങളും സ്വഹാബത്തിന്റെ കാലശേഷം ജന്മമെടുത്തതും പരക്കെ ഉപയോഗിക്കപ്പെട്ടുവന്നതുമാണ്. അവയൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ല.

ചുരുക്കത്തില്‍, വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനസിദ്ധാന്തങ്ങളുമാണ് നാം പരിഗണിക്കുന്നത്. പദങ്ങള്‍ക്കും അവതരണശൈലികള്‍ക്കും അത്ര പ്രസക്തിയോ പ്രാധാന്യമോ ഇല്ല. ‘തസ്വവ്വുഫ്’ എന്ന സംജ്ഞ പ്രയോഗിക്കുമ്പോള്‍ നമ്മുടെ ഉദ്ദേശ്യം ഇതാണ്: മനസ്സുകള്‍ സംസ്‌കരണവിധേയമാക്കുക, ഹൃദയങ്ങള്‍ സ്ഫുടം ചെയ്‌തെടുക്കുക, സ്വഭാവരീതികള്‍ നന്നാക്കിയെടുക്കുക, ഇഹ്‌സാന്‍ എന്ന പദവിയിലേക്ക് എത്തിച്ചേരുക-ഇത്രമാത്രം. ഇതിനാണ് തസ്വവ്വുഫ് എന്ന് നാം പറയുന്നത്. ഇനി, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതിനെ ഇസ്‌ലാമിന്റെ ആധ്യാത്മികവശം എന്നോ പുണ്യതീരം എന്നോ സല്‍സ്വഭാവതലമെന്നോ വിളിക്കാം. അതുംപോരെങ്കില്‍, ഇതിന്റെ അസ്തിത്വവും വസ്തുതകളുമായി നിരക്കുന്ന ഏതുപേരും വിളിക്കാവുന്നതാണ്. ഇസ്‌ലാമിന്റെ ആരംഭം മുതല്‍ ഇന്നോളമുള്ള പൂര്‍വികരായ മാര്‍ഗദര്‍ശികളില്‍ നിന്ന് തസ്വവ്വുഫ് എന്ന നാമമാണ് മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാര്‍ തലമുറകളായി സ്വീകരിച്ചുപോന്നിട്ടുള്ളതെന്നുമാത്രം. അതിന്റെ യാഥാര്‍ഥ്യങ്ങളും അങ്ങനെ ലഭിച്ചുപോന്നിട്ടുള്ളതാണ്. അങ്ങനെയാണ് സാധാരണരീതിയില്‍ ഈ വിജ്ഞാനശാഖ തസ്വവ്വുഫ് ആയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter