പിന്തുടര്ച്ച സ്വീകരിക്കല്‍
പൂര്‍ണത ലക്ഷ്യം വെക്കുന്ന ഒരു മുരീദിന് ഒരു മാര്‍ഗദര്‍ശിയുമായി സന്ധിക്കല്‍ അനിവാര്യമാണെന്ന് മുന്വിവരണങ്ങളില് നിന്ന് മനസ്സിലായി. സത്യത്തിന്റെ പന്ഥാവിലേക്ക് അവനെ മാര്‍ഗദര്‍ശനം ചെയ്യുകയും സംസ്കാരസമ്പന്നനായി അവനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നതില്‍ ബദ്ധശ്രദ്ധനായിരിക്കണം അദ്ദേഹം. ഉള്‍ക്കാഴ്ചയിലും നേര്‍വഴിയിലും ദൃഢമനസ്കതയിലുമായി അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി അവന്റെ മാനസിക മേഖലകളില്‍ അന്ധകാരനിബിഡമായിക്കിടക്കുന്ന ഭാഗങ്ങള്‍ ആ ശൈഖ് ജാജ്ജ്വല്യമാനമാക്കിത്തീര്ക്കുകയും ചെയ്യണം.
മാര്‍ഗദര്‍ശിയായ ഗുരുവിനെ സ്വീകരിക്കാനുദ്ദേശിക്കുന്ന വ്യക്തി അദ്ദേഹവുമായി അക്കാര്യം ഉടമ്പടി ചെയ്യേണ്ടതുണ്ട്. ന്യൂനതകളില്‍ നിന്നെല്ലാം ഒഴിവാകുക, ഉത്തമസ്വഭാവഗുണങ്ങളൊക്കെ സ്വീകരിക്കുക, ഇഹ്സാന്‍ എന്ന ഇസ്ലാമിന്റെ സ്തംഭം സാക്ഷാല്‍കൃതമാവുക, അതിന്റെ സമുന്നതതലങ്ങളിലേക്ക് ഉയരുക എന്നീ ലക്ഷ്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിച്ചുകൊള്ളാം എന്നാണ് കരാര്‍ ചെയ്യേണ്ടത്. ഇങ്ങനെ പിന്തുടര്ച്ച സ്വീകരിക്കല്‍ (ബൈഅത്ത്) ഖുര്‍ആനിലും ഹദീസിലും സ്വഹാബത്തിന്റെ ജീവിതചരിത്രങ്ങളിലും സ്ഥിരപ്പെട്ടതാണെന്ന് കാണാം:
അല്ലാഹു പറയുന്നു: താങ്കളോട് ബൈഅത്ത് ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനോടാണ് കരാര്‍ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കുമീതെ അല്ലാഹുവിന്റെ കൈ(1) ഉണ്ടായിരിക്കും. അതുകൊണ്ട് ഉടമ്പടി ചെയ്ത ശഷം ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ തിക്തഫലം അവനുതന്നെയായിരിക്കും. അല്ലാഹുവിനോട് കരാര്‍ ചെയ്ത വിഷയം ആര് പൂര്‍ത്തീകരിക്കുന്നുവോ, അത്തരക്കാര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
ഇങ്ങനെയുള്ള ബൈഅത്ത് യഥാര്‍ഥത്തില്‍ അല്ലാഹുവിനോടായിരിക്കയാല് അതിന്റെ ലംഘനത്തെക്കുറിച്ചവന് കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ ഉടമ്പടി ചെയ്യുകയാണെങ്കില്‍, അല്ലാഹുവിനോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. ദൃഢീകരിച്ച് ശപഥം ചെയ്ത ശേഷം നിങ്ങളത് ലംഘിക്കരുത്. അല്ലാഹുവിനെയാണല്ലോ നിങ്ങളതിന് സാക്ഷിയാക്കിയിരിക്കുന്നത്. മറ്റൊരായത്തില്‍ ഇങ്ങനെ കാണാം: ഉടമ്പടി ചെയ്താല്‍ നിങ്ങളത് പൂര്‍ത്തീകരിക്കണം; നിശ്ചയം, അതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതുതന്നെയാകുന്നു.
ബൈഅത്തിന്റെ രീതി തിരുസുന്നത്തില്‍ എങ്ങനെയായിരുന്നു എന്ന് പരിശോധിച്ചുനോക്കിയാല്‍ അത് ചൊല്ലിക്കൊടുക്കുന്ന ഒരേകരീതിയോ ഏതെങ്കിലും വിഭാഗത്തിന് മാത്രമുള്ളതോ അല്ലായിരുന്നുവെന്ന് കാണാം. പ്രത്യുത, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്ക്കുമൊക്കെയുണ്ടായിരുന്നുവെന്നും സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ചൊല്ലിക്കൊടുത്തുകൊണ്ടുണ്ടായിരുന്നു എന്നും ഗ്രഹിക്കാന്‍ കഴിയും.
ഇമാം ബുഖാരി ഉബാദത്തുബ്നുസ്സ്വാമിതില് നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ തിരുനബി(സ്വ) പ്രസ്താവിച്ചു: ‘അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നും മോഷണമോ വ്യഭിചാരമോ ശിശുവധമോ നടത്തുകയില്ലെന്നും നിങ്ങള്‍ക്കിടയില്‍ പരസ്പരം ആരോപണങ്ങള്‍ നടത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കയില്ലെന്നും സല്ക്കര്മങ്ങളില് എതിര് പ്രവര്‍ത്തിക്കുകയില്ലെന്നും എന്നോട് നിങ്ങള്‍ ഉടമ്പടി ചെയ്യുക. ഇങ്ങനെ കരാര്‍ ചെയ്ത് അത് പൂര്‍ത്തീകരിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലമുണ്ടാകും. എന്നാല്‍, ആരെങ്കിലും വൈരുധ്യം ചെയ്ത് അതിന് ശിക്ഷിക്കപ്പെട്ടാല്‍ അതയാള്‍ക്ക് പ്രായശ്ചിത്തമായിരിക്കുന്നതാണ്. ഇനിയൊരാള്‍ എതിര് ചെയ്തെങ്കിലും അല്ലാഹു അത് മറച്ചുവെച്ചാല്‍ അതിന്റെ തീരുമാനം അല്ലാഹുവിങ്കലായിരിക്കും-താനുദ്ദേശിച്ചാല് അവന് മാപ്പരുളും; അല്ലെങ്കില്‍ ശിക്ഷിക്കും.’ അങ്ങനെ ഈ വിഷയങ്ങളില്‍ തിരുമേനിയുമായി ഞങ്ങള്‍ ഉടമ്പടി ചെയ്യുകയുണ്ടായി. പുരുഷന്മാരോടുള്ള ബൈഅത്ത് ആയിരുന്നു ഇത്.
ഒരു സംഘമാളുകള്‍ക്ക് ഒന്നായി ചൊല്ലിക്കൊടുത്തതിനുദാഹരണമാണ് യഅ്ലബ്നുശദ്ദാദ് ഉദ്ധരിച്ച ഹദീസ്: എന്റെ പിതാവ് ശദ്ദാദുബ്നു ഔസ്(റ) പ്രസ്താവിച്ചു-അദ്ദേഹത്തെ ശരിവെച്ചുകൊണ്ട് ഉബാദത്തുബ്നുസ്സ്വാമിത് സന്നിഹിതനുമായിരുന്നു-ഞങ്ങള്‍ പുണ്യനബി(സ്വ)യുടെ സാന്നിധ്യത്തിലായിരിക്കെ അവിടന്ന് ചോദിച്ചു: നിങ്ങളില്‍ അന്യര്‍ (ഇസ്ലാമിനു പുറത്തുള്ള വേദക്കാര്‍ എന്നര്‍ഥം) ആരെങ്കിലുമുണ്ടോ? ഇല്ല എന്ന് ഞങ്ങള്‍ മറുപടി നല്കിയപ്പോള് അവിടന്ന് വാതിലടക്കാന്‍ നിര്‍ദേശിച്ചു. എന്നിട്ട് പറഞ്ഞു: നിങ്ങള്‍ കൈകളുയര്‍ത്തുകയും ലാഇലാഹഇല്ലല്ലാഹ് എന്നു പറയുകയും ചെയ്യുക. ഞങ്ങളങ്ങനെ ചെയ്തു.
പിന്നീട് അവിടന്ന് പ്രതിവചിച്ചു: അല്‍ഹംദുലില്ലാഹ്, അല്ലാഹുവേ, ഈ കലിമയുമായാണ് എന്നെ നീ നിയോഗിച്ചത്. നീ എന്നോടനുശാസിച്ചത് ഇതിന്റെ പ്രബോധനത്തിനാണ്. ഇതിന്റെ താല്പര്യങ്ങളനുസരിച്ച് ജീവിതം നയിച്ചാല്‍ എനിക്ക് സ്വര്‍ഗം തരാമെന്ന് നീ വാഗ്ദാനം ചെയ്തിരിക്കുന്നു-വാഗ്ദാനങ്ങള്‍ ലംഘിക്കാത്തവനാണ് നീ. തുടര്‍ന്ന് നബി(സ്വ) പ്രഖ്യാപിച്ചു: ഇതാ, നിങ്ങള്‍ സന്തുഷ്ടരായിക്കൊള്ളുക, നിശ്ചയമായും അല്ലാഹു നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതന്നിരിക്കുന്നു.
ഒറ്റക്ക് ചൊല്ലിക്കൊടുത്തതിനും ഹദീസുകളില്‍ തെളിവുണ്ട്. ഇമാം അലി(റ) ഒരിക്കല്‍ നബിതിരുമേനി(സ്വ)യോട് ഇങ്ങനെ അപേക്ഷിച്ചു: തിരുദൂതരേ, അല്ലാഹുവിങ്കലേക്ക് ഏറ്റം സമീപസ്ഥവും ആളുകള്‍ക്ക് അതീവസുഗമവും റബ്ബിങ്കല്‍ അതിമഹത്തരവുമായ പന്ഥാവ് ഏതാണെന്ന് പറഞ്ഞുതന്നാലും…! രഹസ്യമായും പരസ്യമായുമൊക്കെയുള്ള ദിക്റ് (ദൈവസ്മരണ) മുറുകെപ്പിടിക്കുക എന്ന് നബി(സ്വ) പ്രതികരിച്ചു. അലിയ്യ്(റ) പറഞ്ഞു: എല്ലാവരും അങ്ങനെ ചെയ്യുന്നവരാണല്ലോ; എനിക്ക് പ്രത്യേകമായി വല്ലതും നിര്ദേശിച്ചുതരണം.
പ്രവാചകപുംഗവരുടെ പ്രതികരണം ഇതായിരുന്നു: ഞാനും എന്റെ മുമ്പ് കഴിഞ്ഞ അമ്പിയാക്കളും പറഞ്ഞിട്ടുള്ളതില്‍ ഏറ്റം മഹത്തരമായത് ലാഇലാഹഇല്ലല്ലാഹ് ആണ്. ആകാശഭൂമികള്‍ മുഴുവന്‍ ത്രാസിന്റെ ഒരു തട്ടിലും ലാ ഇലാഹ ഇല്ലല്ലാഹ് മറ്റേ തട്ടിലും വെച്ചുനോക്കിയാല്‍ ആ വചനം മറ്റുള്ളവയെക്കാളൊക്കെ കനം തൂങ്ങും. ഭൂതലത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് പറയുന്ന ഒരൊറ്റ മനുഷ്യനെങ്കിലും ഉണ്ടായിരിക്കുന്ന കാലത്തോളം ഖിയാമനാള്‍ സംഭവിക്കുന്നതല്ല. അലി(റ) ചോദിച്ചു: അപ്പോള്‍ ഞാന്‍ എങ്ങനെയാണ് ദിക്റ് ചൊല്ലേണ്ടത്? നബി(സ്വ) പറഞ്ഞു: നിങ്ങള്‍ കണ്ണ് ചിമ്മുകയും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് മൂന്നു വട്ടം ഞാന്‍ പറയുന്നത് കേള്‍ക്കുകയും എന്നിട്ട് ഞാന്‍ കേള്‍ക്കെ നിങ്ങളതു മൂന്ന് പ്രാവശ്യം ചൊല്ലുകയും ചെയ്യുക. തുടര്‍ന്ന് ശബ്ദമുയര്‍ത്തി അവിടന്ന് അങ്ങനെ അനുവര്‍ത്തിച്ചു.
ബശീര്‍ ഇബ്നുല്‍ ഖസ്വാസിയ്യ നിവേദനം ചെയ്തതും അബൂ നുഐം, ഹാക്കിം, ബൈഹഖി, ഇബ്നു അസാക്കിര്‍ എന്നിവരും ഥബ്റാനി ഔസഥിലും ഉദ്ധരിച്ചതുമായ ഹദീസും ഒറ്റക്ക് ചൊല്ലിക്കൊടുത്തതിനുദാഹരണമാണ്. ബശീര്‍ പറയുന്നു: ബൈഅത്ത് ചെയ്യുന്നതിനായി നബി(സ്വ)യുടെയടുത്തുചെന്നിട്ട് ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്തു കാര്യത്തെക്കുറിച്ചാണ് അങ്ങ് എന്നോട് ബൈഅത്ത് സ്വീകരിക്കുന്നത്? നബി കൈനീട്ടിക്കൊണ്ട് അരുളി: അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ലെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ ദൂതനും അടിമയുമാണെന്നും നീ സാക്ഷ്യം വഹിക്കണം. അഞ്ചുനേരത്തെ നമസ്കാരങ്ങളും കൃത്യസമയത്ത് അനുഷ്ഠിക്കുകയും നിര്‍ബന്ധദാനം കൊടുത്തുവീട്ടുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും കഅ്ബയില്‍ ചെന്ന് ഹജ്ജ് ചെയ്യുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിക്കുകയും വേണം.
ഞാന്‍ പറഞ്ഞു: നബിയേ, ഇതില്‍ രണ്ടെണ്ണമൊഴിച്ച് എല്ലാം ഞാന്‍ ചെയ്യാം. രണ്ടെണ്ണം അനുവര്‍ത്തിക്കുക അസാധ്യമാണ്. ഒന്ന് സകാത്ത്. പത്തില്‍ താഴെ ഒട്ടകങ്ങളേ ആകെ എനിക്കുള്ളൂ. അവ എന്റെ കുടുംബത്തിന് പാല് കുടിക്കാനും സാമാനങ്ങള്‍ വഹിക്കാനുമുള്ളതാണ്. മറ്റൊന്ന് ജിഹാദാണ്. ഭീരുത്വമുള്ള ആളായതിനാല്‍ എനിക്കതിന് സാധിക്കുകയില്ല. മാത്രമല്ല, യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നവര്‍ അല്ലാഹുവിന്റെ ക്രോധത്തിനിരയാവുമെന്ന് ആളുകള്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്. യുദ്ധത്തിനു പോയാല്‍ ഞാന്‍ സ്വയം ഭയചകിതനാവുകയും പിന്തിരിഞ്ഞ് ഓടിപ്പോരുകയും അങ്ങനെ റബ്ബിന്റെ കോപത്തിന് പാത്രീഭൂതനാവുകയും ചെയ്യുമെന്നാണ് എന്റെ പേടി.
ഇത്രയും പറഞ്ഞപ്പോള്‍ തിരുമേനി(സ്വ) ബശീറിന്റെ കൈ പിടിച്ച് കുലുക്കിയിട്ട് ചോദിച്ചു: ബശീര്‍, ദാനം ചെയ്യാനും ജിഹാദ് അനുഷ്ഠിക്കാനും നിങ്ങള്‍ക്ക് കഴിയില്ലേ? പിന്നെ എങ്ങനെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാണ്? ഞാന്‍ അപേക്ഷിച്ചു: ‘നബിയേ, അങ്ങയുടെ കൈ നീട്ടിയാലും… ഞാന്‍ ബൈഅത്ത് ചെയ്യട്ടെ!’ അങ്ങനെ തിരുനബി(സ്വ) കൈ നീട്ടുകയും മേല്പറഞ്ഞ മുഴുവന്കാര്യങ്ങളുടെ മേലും അവിടത്തോട് ഞാന്‍ ഉടമ്പടി ചെയ്കയുമുണ്ടായി.
ജരീറുബ്നു അബ്ദില്ല(റ)യില്‍ നിന്നുദ്ധരിക്കപ്പെടുന്നു: അദ്ദേഹം പറഞ്ഞു: തിരുദൂതരേ, താങ്കളുമായി ഉടമ്പടി ചെയ്യാനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കിയാലും…! അങ്ങേക്കാണല്ലോ അതു നന്നായി അറിയുക. അവിടന്ന് പ്രതികരിച്ചു: അല്ലാഹുവിനു മാത്രമേ ആരാധന ചെയ്യാവൂ, അവനോട് മറ്റു യാതൊന്നിനെയും നീ പങ്കു ചേര്‍ക്കരുത്, നമസ്കാരം കൃത്യമായനുഷ്ഠിക്കണം, സകാത്ത് കൊടുക്കണം, മുസ്ലിമിന് ഗുണകാംക്ഷിയാകണം, ശിര്‍ക്കില്‍ നിന്ന് വിദൂരനാകണം-ഇത്രയും കാര്യങ്ങളില്‍ നിന്നോട് ഞാന്‍ ബൈഅത്ത് ചെയ്യുന്നു.
മറ്റൊരു ഹദീസില്‍ ജരീര്‍(റ) പറയുന്നു: നമസ്കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും മുഴുവന്‍ മുസ്ലിംകള്ക്കും ഗുണകാംക്ഷയുള്ളവനാവുകയും ചെയ്യുക എന്ന വ്യവസ്ഥയില്‍ നബി(സ്വ)യോട് ഞാന്‍ ബൈഅത്ത് ചെയ്യുകയുണ്ടായി.. അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നത് കാണുക: അനുസരണത്തിനും വിധേയത്വത്തിനുമായി തിരുനബി(സ്വ)യോട് ഞങ്ങള്‍ ബൈഅത്ത് ചെയ്യുമ്പോഴൊക്കെ അവിടന്ന് ‘നിങ്ങള്‍ക്ക് സാധിക്കുന്നവയില്‍’ എന്ന് ചേര്ത്തുപറയുമായിരുന്നു.
സ്ത്രീകളോടുള്ള ബൈഅത്തിനും തെളിവുകളേറെയുണ്ട്. തിരുമേനി(സ്വ)യുടെ അമ്മായിയും അവിടത്തോടൊന്നിച്ച് രണ്ട് ഖിബ്ലകളിലേക്കും നമസ്കരിച്ചവരും ബനൂഅദിയ്യിബ്നുന്നജ്ജാര് ഗോത്രത്തിലെ ഒരു നായികയുമായിരുന്ന സല്‍മാ ബിന്തുഖൈസില് നിന്ന്-അവര്‍ പറഞ്ഞു: ഞാന്‍ അന്സ്വാറുകളില് പെട്ട കുറെ വനിതകളുടെ കാര്യത്തില്‍ നബി(സ്വ)യോട് ബൈഅത്ത് ചെയ്യുകയുണ്ടായി. അങ്ങനെ അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കു ചേര്‍ക്കരുത്, മോഷണമോ വ്യഭിചാരമോ ശിശുവധമോ നടത്തരുത്, അന്യോന്യം ആരോപണങ്ങളുന്നയിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, സല്ക്കര്മങ്ങളില് നബി(സ്വ)ക്ക് എതിരു പ്രവര്‍ത്തിക്കരുത് എന്നൊക്കെ ഞങ്ങളോട് ഉപാധി വെച്ച കൂട്ടത്തില്‍ നിങ്ങളുടെ ഭര്‍ത്താക്കളെ വഞ്ചിക്കരുത് എന്നുകൂടി റസൂല്‍(സ്വ) പറയുകയുണ്ടായി. അങ്ങനെ ബൈഅത്തു ചെയ്ത് ഞങ്ങള്‍ പിരിഞ്ഞു.
പിന്നീട് അവരില്‍ പെട്ട ഒരു സ്ത്രീയോട് ഞാന്‍ നിര്‍ദേശിച്ചു: ‘നീ തിരിച്ചുചെന്ന്, ഭര്ത്താക്കന്മാരുടെ സമ്പത്തില്‍ നിന്ന് നമുക്ക് ഹറാമായിത്തീരുന്നത് എന്താണ് എന്നന്വേഷിച്ചുവരിക.’ അവള് പോയി നബി(സ്വ)യോട് അക്കാര്യമാരാഞ്ഞു. നബി(സ്വ) പറഞ്ഞു: നീ അയാളുടെ സമ്പത്ത് എടുത്ത് അന്യരെ പ്രീണിപ്പിക്കലാണ്.
ഉമൈമ ബിന്തു റുഖൈഖയില്‍ നിന്നുദ്ധരണം-അവര്‍ പറഞ്ഞു: ഏതാനും വനിതകളുടെ കൂട്ടത്തില്‍ ബൈഅത്ത് ചെയ്യുവാനായി ഞാന്‍ തിരുമേനി(സ്വ)യുടെ അടുത്ത് ചെന്നു. അവര്‍ ഇങ്ങനെ ബോധിപ്പിച്ചു: തിരുദൂതരേ, അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നും മോഷണവും വ്യഭിചാരവും ശിശുഹത്യയും നടത്തുകയില്ലെന്നും പരസ്പരാരോപണങ്ങളുന്നയിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കയില്ലെന്നും ഒരു പുണ്യകര്‍മത്തിലും താങ്കള്ക്കെതിര് പ്രവര്‍ത്തിക്കുകയില്ലെന്നും ഞങ്ങള്‍ ബൈഅത്ത് ചെയ്യാം. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ക്ക് കഴിവും ശേഷിയും ഉള്ള കാര്യങ്ങളില്‍.
ആ വനിതകള്‍ പ്രസ്താവിച്ചു: നമുക്ക് സ്വന്തത്തോടുള്ളതിലേറെ കാരുണ്യമാണ് അല്ലാഹുവിനും റസൂലിനും നമ്മോടുള്ളത്. അതുകൊണ്ട് വന്ദ്യറസൂലേ, വന്നാലും! ഞങ്ങള്‍ അങ്ങയോട് ഉടമ്പടി ചെയ്യട്ടെ. അവിടന്ന് പ്രതികരിച്ചു: ഞാന്‍ സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുകയില്ല. നൂറു വനിതകളോട് ഞാന്‍ പറയുന്ന വാക്ക് ഒരു സ്ത്രീയോട് പറയുന്നതുപോലെത്തന്നെയാകുന്നു.
ഉമൈമ ബിന്തുറുഖൈഖ(റ) ഇസ്ലാം കാര്യങ്ങളില്‍ നബി(സ്വ)യുമായി കരാര്‍ ചെയ്യാന്‍ വന്നു. അവിടന്ന് അരുളി: അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷണവും വ്യഭിചാരവും പുത്രവധവും നടത്തുകയില്ലെന്നും പരസ്പരാരോപണങ്ങളിലൂടെ വ്യാജപ്രചാരണം നിര്വഹിക്കയില്ലെന്നും ബന്ധപ്പെട്ടവര്‍ മരിക്കുമ്പോള്‍ വാവിട്ടുകരയില്ലെന്നും പൗരാണികജാഹിലിയ്യത്തിന്റെ അലങ്കാരാര്ഭാടങ്ങളണിയുകയില്ലെന്നുമുള്ള വിഷയങ്ങള്‍ മുറുകെ പിടിക്കാന്‍ നിന്നോട് ഞാന്‍ ബൈഅത്തു ചെയ്യുന്നു.
അസ്സ ബിന്തു ഖായില്‍ നിവേദനം ചെയ്യുന്നു: അവര്‍ നബി(സ്വ)യുടെയടുത്ത് ഉടമ്പടി ചെയ്യാനെത്തി. വ്യഭിചരിക്കാതെയും മോഷ്ടിക്കാതെയുമിരിക്കുക, കുഞ്ഞുങ്ങളെ രഹസ്യമായോ പരസ്യമായോ കുഴിച്ചുമൂടാതിരിക്കുക എന്നീ കാര്യങ്ങളില്‍ നബി(സ്വ) ബൈഅത്ത് ചെയ്തു. അവര്‍ തുടര്‍ന്നു: പരസ്യമായ കുഴിച്ചുമൂടല്‍ എന്താണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ രഹസ്യമായതിനെപ്പറ്റി നബി(സ്വ)യോട് ചോദിക്കയോ അവിടന്ന് പറഞ്ഞുതരികയോ ഉണ്ടായില്ല. എനിക്ക് തോന്നിയത് മറ്റു നിലയ്ക്ക് (ഗര്‍ഭഛിദ്രം നടത്തി) കുട്ടികളെ നശിപ്പിക്കലാണ് ഉദ്ദേശ്യമെന്നാണ്. അല്ലാഹു തന്നെ ശപഥം, എന്റെ ഒരു കുഞ്ഞിനെയും ഞാന്‍ നശിപ്പിക്കുന്നതല്ല.
ഇനി, പ്രായപൂര്‍ത്തിയാകാത്തവരോടുള്ള ഉടമ്പടികളെപ്പറ്റി നോക്കാം: മുഹമ്മദുബ്നു അലിയ്യിബ്നില്‍ ഹുസൈനില്‍ നിന്ന് ഥബ്റാനി ഉദ്ധരിക്കുന്നു-തിരുനബി(സ്വ) ഹസന്, ഹുസൈന്, അബ്ദുല്ലാഹിബ്നു അബ്ബാസ്, അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ എന്നിവരുമായി ബൈഅത്ത് ചെയ്തു. പ്രായപൂര്‍ത്തിയാവുകയോ മുഖത്ത് രോമം മുളക്കുകയോ ചെയ്യാത്ത കുട്ടികളായിരുന്നു അവര്‍. ഞങ്ങളില്‍ നിന്നല്ലാതെ കുട്ടികളില്‍ മറ്റാരില്‍ നിന്നും നബി(സ്വ) ബൈഅത്ത് സ്വീകരിച്ചിട്ടില്ല.
അബ്ദുല്ലാഹിബ്നുസ്സുബൈര്‍, അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ എന്നിവരില്‍ നിന്ന് ഥബ്റാനി ഉദ്ധരിക്കുന്നു-ഏഴു വയസ്സായപ്പോള്‍ അവരിരുവരുമായി റസൂല്‍(സ്വ) ബൈഅത്ത് ചെയ്യുകയുണ്ടായി. അവരെ കണ്ടപ്പോള്‍ അവിടന്ന് പുഞ്ചിരിക്കുകയും കൈ നീട്ടുകയും അവരിരുവരുമായി ഉടമ്പടി ചെയ്യുകയും ചെയ്തു.
ചുരുക്കത്തില്‍, മഹാന്മാരായ സ്വഹാബികള്‍ നബിതിരുമേനി(സ്വ)യുമായി വ്യത്യസ്തരീതികളില്‍ ബൈഅത്ത് ചെയ്യാറുണ്ടായിരുന്നു. ഇസ്ലാമില്‍ അടിയുറച്ചുനില്‍ക്കുക, മതകാര്യങ്ങള്‍ അനുഷ്ഠിക്കുക, ഹിജ്റ ചെയ്യുക, നബി(സ്വ)യെ സഹായിക്കുകയും ധര്‍മസമരത്തിലേര്‍പ്പെടുകയും ചെയ്യുക, മരിക്കാന്‍ സന്നദ്ധമാവുക, അനുസരണവും വിധേയത്വവും പുലര്‍ത്തുക തുടങ്ങി വിവിധ വിഷയങ്ങളില്‍ അവര്‍ ഉടമ്പടികള്‍ ചെയ്തിരുന്നതായി കാണാം.
ഇനി സ്വഹാബത്ത് ഖുലഫാഉര്റാശിദുകളോട് ബൈഅത്തിലേര്പ്പെട്ടിരുന്നതിനും തെളിവുകളുണ്ട്. ഇബ്റാഹീമുബ്നുല്‍ മുന്തശിറില് നിന്ന് ഇബ്നുശാഹീന്‍ ഉദ്ധരിക്കുന്നു: നിശ്ചയമായും താങ്കളോട് ബൈഅത്ത് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോടാണ് ബൈഅത്ത് ചെയ്യുന്നത് എന്ന ആയത്ത്(3) അവതീര്‍ണമായപ്പോള്‍, ജനങ്ങളുമായി നബി(സ്വ) നടത്തിയ ഉടമ്പടി അല്ലാഹുവിനു വേണ്ടിയും സത്യത്തിന് വഴിപ്പെടുന്നതിനുവേണ്ടിയുമായിരുന്നു. എന്നാല്‍, ഞാന്‍ അല്ലാഹുവിന്റെ അനുസരണയിലായിരിക്കുമ്പോഴെല്ലാം നിങ്ങളെന്നെ ബൈഅത്തു ചെയ്യുക എന്ന് പറഞ്ഞായിരുന്നു സ്വിദ്ദീഖ്(റ)വിന്റെ ഉടമ്പടി. ഉമര്‍(റ)ന്റെയും ശേഷമുള്ളവരുടെയും ബൈഅത്ത് നബിതിരുമേനി(സ്വ)യുടേത് പോലെതന്നെയായിരുന്നു.
അനസ്(റ) പറയുന്നു: ഞാന്‍ മദീനയില്‍ വന്നപ്പോള്‍ അബൂബക്ര് സ്വിദ്ദീഖ് വഫാത്താവുകയും ഉമറുബ്നുല്‍ ഖത്ത്വാബ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സന്ദര്‍ഭമായിരുന്നു. അങ്ങനെ ഉമര്‍(റ)നോട് ഞാന്‍ പറഞ്ഞു: താങ്കള്‍ കൈ പൊക്കുക, കഴിയുന്നിടത്തോളം അനുസരണവും വിധേയത്വവും വെച്ചുപുലര്ത്താമെന്ന്, താങ്കളുടെ മുന്‍ഗാമി-ഒന്നാം ഖലീഫ-യോട് ബൈഅത്ത് ചെയ്തതുപോലെ, താങ്കളോടും ഞാന്‍ ഉടമ്പടി ചെയ്യട്ടെ.
സലീം അബൂആമിറില് നിന്ന് ഉദ്ധരിക്കപ്പെടുന്നു: അല്ഹംറായില് നിന്നുള്ള നിവേദകസംഘം ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെയടുത്തുവന്നു. അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കു ചേര്‍ക്കുകയില്ല, നമസ്കാരം കൃത്യമായി നിലനിറുത്തിപ്പോരും, സകാത്ത് കൊടുക്കുകയും റമളാന്‍ വ്രതമനുഷ്ഠിക്കുകയും ചെയ്യും, പാഴ്സികളുടെ പെരുന്നാളാഘോഷം കൈയൊഴിയും എന്നീ വിഷയങ്ങളില്‍ ഉടമ്പടികള്‍ ചെയ്യാന്‍ ഉസ്മാന്(റ) തയ്യാറായി. അവര്‍ അതിന് സമ്മതിച്ചപ്പോള്‍ അദ്ദേഹം അവരുമായി ബൈഅത്ത് ചെയ്തു.
സ്വൂഫികളായ സന്മാര്ഗദര്ശികളുടെ അനന്തരാവകാശികളായ മഹാന്മാര് ബൈഅത്ത് സംബന്ധമായ ഈ പ്രവാചകരീതി എല്ലാ കാലത്തും പ്രയോഗവല്ക്കരിക്കയാണുണ്ടായത്. ഉസ്താദ് അബുല്ഹസന് അലി നദ്വി തന്റെ ‘രിജാലുല്‍ ഫിക്ര്’ എന്ന ഗ്രന്ഥത്തിലെഴുതുന്നു:
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ബൈഅത്തിന്റെയും പശ്ചാത്താപത്തിന്റെയും കവാടം ഇരുപാളികളും മലര്‍ക്കെ തുറന്നിടുകയായിരുന്നു. അല്ലാഹുവിനോടുള്ള ഉടമ്പടിയും കരാറും പുതുക്കിക്കൊണ്ട്, മുസ്ലിം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള മുസ്ലിംകള് അതിലൂടെ കടന്നുവരികയുണ്ടായി. അല്ലാഹുവിനോട് മറ്റൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നും സത്യനിഷേധം വെച്ചുപുലര്ത്തുകയില്ലെന്നും അധര്മനടപടികളനുവര്ത്തിക്കയില്ലെന്നും ദീനില്‍ പുത്തനാശയങ്ങള്‍ കടത്തിക്കൂട്ടുകയില്ലെന്നും അവര്‍ കരാര്‍ ചെയ്തു. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അനുവദനീയമാക്കുകയോ നിര്ബന്ധമാക്കിയവയെ കൈവെടിയുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ദുന്യാവില് ആഴ്ന്നിറങ്ങുകയോ പരലോകത്തെ വിസ്മൃതകോടിയില്‍ തള്ളുകയോ ചെയ്യുകയില്ലെന്നും അവര്‍ ഉടമ്പടി ചെയ്യുകയുണ്ടായി.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയിലൂടെ അല്ലാഹു മലര്‍ക്കെ തുറന്നിട്ട ഈ കവാടം വഴി എണ്ണമറ്റ ആളുകള്‍ പ്രവേശിക്കുകയും അവരുടെ സാഹചര്യങ്ങള്‍ നന്നായിത്തീരുകയും ഇസ്ലാമിക സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതാവുകയും ചെയ്തു. ശൈഖ് ജീലാനി അവരെ സംസ്കരിക്കുകയും വിചാരണ നടത്തുകയും അവരുടെ ചലനങ്ങളിലും പുരോഗതിയിലും മേല്‍നോട്ടം വഹിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ശൈഖവര്‍കളുടെ ആ ആത്മികശിഷ്യന്മാര് പശ്ചാത്താപത്തിനും ഈമാന്‍ പുതുക്കലിനും ബൈഅത്തിനും ശേഷം തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം മനസ്സിലാക്കുകയുണ്ടായി.
ചുരുക്കത്തില്‍, വ്യക്തിപരമായും സാമൂഹികമായും ഉള്ള സംസ്കരണത്തിലും പരിഷ്കരണത്തിലും ഈ ബൈഅത്തുകള്ക്കും ഉടമ്പടികള്‍ക്കുമെല്ലാം ഏറ്റവും ശക്തവും സമ്പൂര്‍ണവുമായ സ്വാധീനങ്ങളുണ്ടായി എന്നു കാണാന്‍ സാധിക്കും.
Leave A Comment