സമ്പര്‍ക്കത്തിന്റെ പ്രാധാന്യവും ഗുണവും പ്രതിഫലനങ്ങളും
ഒരാളുടെ വ്യക്തിത്വത്തിലും സ്വഭാവങ്ങളിലും നടപടികളിലുമൊക്കെ സമ്പര്‍ക്കത്തിന് അഗാധമായ പങ്കാണുള്ളത്. ഒരു വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് അയാളുടെ ആത്മികസ്വാധീനം, കാര്‍മികപിന്തുടര്‍ച്ച എന്നിവ നേടിയെടുക്കാന്‍ കഴിയുന്നു. മനുഷ്യന്‍ പ്രകൃത്യാ ഒരു സാമൂഹികജീവിയാണ്. ജനങ്ങളുമായി അവന് ഇടപഴകിയേ പറ്റൂ. ആളുകളില്‍ നിന്ന് അവന് സ്‌നേഹിതന്മാരും കൂട്ടുകാരുമുണ്ടാവുകയും ചെയ്യും. തിന്മയുടെയും വിനാശത്തിന്റെയും അധര്‍മത്തിന്റെയും കോമാളിത്തത്തിന്റെയും പ്രണേതാക്കളില്‍ നിന്നാണ് ഈ കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതെങ്കില്‍ താനറിയാത്തവിധം അവന്റെ സ്വഭാവവിശേഷങ്ങള്‍ അധഃപതിച്ചുപോവുകയും അല്‍പാല്‍പമായി അവന്റെ ഗുണങ്ങള്‍ വിനഷ്ടമാവുകയും ചെയ്യുന്നതാണ്. അങ്ങനെ ആ ദുര്‍നടപ്പുകാരുടെ താഴ്ചയിലേക്ക് ഇവനും ചെന്നെത്തുകയും അവരുടെ വിനാശഗര്‍ത്തത്തിലേക്ക് ഇവനും കൂപ്പുകുത്തുകയും ചെയ്യും.
പ്രത്യുത, സത്യവിശ്വാസത്തിന്റെയും ദൈവഭക്തിയുടെയും ഋജുവായ ജീവിതത്തിന്റെയും ദൈവജ്ഞാനത്തിന്റെയും ആളുകളെ സമ്പര്‍ക്കം പുലര്‍ത്താനായി തെരഞ്ഞെടുത്താലോ? അവരുടെ ഔന്നത്യത്തിന്റെ പാരമ്യത്തിലേക്ക് ഇവന്‍ ഉയരാനും അവരില്‍ നിന്ന് ഉദാത്തസ്വഭാവങ്ങള്‍ ആര്‍ജിച്ചെടുക്കാനും അധികസമയം വേണ്ടിവരില്ല. രൂഢമൂലമായ വിശ്വാസവും ഉന്നതഗുണവിശേഷങ്ങളും ദൈവികജ്ഞാനവുമൊക്കെ പെട്ടെന്ന് ഇവന് കരഗതമാകും. തന്റെ മനസ്സിന്റെ ന്യൂനതകളിലും സ്വഭാവപരമായ പാരുഷ്യങ്ങളിലും നിന്ന് സ്വതന്ത്രനാകാനും സാധിക്കുന്നു. ഇതുകൊണ്ടാണ്, ഒരാളുടെ സ്വഭാവമറിയാന്‍ അയാളുടെ സ്‌നേഹിതരുടെയും കൂട്ടുകാരുടെയും സ്വഭാവവിശേഷങ്ങള്‍ മനസ്സിലാക്കിയാല്‍ മതിയാകുമെന്ന് പൊതുവെ പറയുന്നത്. ഈ ആശയം ഒരു കവി പാടിയത് കാണുക:
(നീ ഒരു സമൂഹമൊന്നിച്ചായാല്‍ അവരിലെ ഉത്തമന്മാരോടുവേണം സമ്പര്‍ക്കം പുലര്‍ത്താന്‍; താഴ്ന്നവരോട് സമ്പര്‍ക്കം പുലര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ അവരൊന്നിച്ച് നീയും അധഃപതിച്ചുപോകും. ഒരു വ്യക്തിയെക്കുറിച്ചറിയാന്‍ അവനെപ്പറ്റിത്തന്നെ ചോദിക്കണമെന്നില്ല, അവന്റെ കൂട്ടുകാരെക്കുറിച്ചന്വേഷിച്ചാല്‍ മതി. കാരണം, ഓരോ വ്യക്തിയും അവന്റെ കൂട്ടുകാരനോടായിരിക്കും പിന്തുടരുന്നത്.)
ജാഹിലിയ്യത്തിന്റെ അന്ധകാരങ്ങളിലായിരുന്ന ശേഷം സ്വഹാബിവര്യന്മാര്‍ക്ക് ഉന്നതപദവിയും അഗ്രിമസ്ഥാനവും കൈവരിക്കാനായല്ലോ. നബിതിരുമേനി(സ്വ)യോടുള്ള സമ്പര്‍ക്കവും കൂട്ടുകെട്ടും കൊണ്ടുമാത്രമായിരുന്നു അത്. താബിഉകള്‍ക്ക് മഹത്ത്വവും ശ്രേഷ്ഠതയും നേടാനായത് പ്രവാചകസഖാക്കളുമായി കൂടിക്കഴിഞ്ഞു എന്നതിനാലാണ്.
തിരുനബി(സ്വ)യുടെ രിസാലത്ത് സാര്‍വലൗകികവും ലോകാവസാനം വരെ ശാശ്വതമായി നിലനില്‍ക്കേണ്ടതുമാണെന്നതിനാല്‍ അവിടത്തേക്ക് അല്ലാഹുവിനെക്കുറിച്ച ജ്ഞാനമുള്ള പണ്ഡിതരായ അനന്തരാവകാശികളുണ്ട്. തങ്ങളുടെ പ്രവാചകശ്രേഷ്ഠരില്‍ നിന്നാണവര്‍ വിജ്ഞാനവും സല്‍സ്വഭാവവും വിശ്വാസവും ദൈവഭക്തിയും ആര്‍ജിച്ചിട്ടുള്ളത്. തന്മൂലം നേര്‍വഴി കാണിക്കുന്നതിലും സന്മാര്‍ഗദര്‍ശനത്തിലും അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നതിലും അവര്‍ നബി(സ്വ)യുടെ ഖലീഫമാര്‍ (പ്രതിനിധികള്‍) ആയി. മാനവരാശിക്ക് നേര്‍മാര്‍ഗവും സത്യത്തിന്റെ പാതയും പ്രകാശപൂര്‍ണമാക്കിക്കൊടുക്കുന്നതിനായി നബി(സ്വ)യുടെ വെളിച്ചത്തില്‍ നിന്നാണവര്‍ കത്തിച്ചെടുത്തിരിക്കുന്നത്.
ഇക്കാരണത്താല്‍ അവരൊന്നിച്ച് ഇരിക്കുന്നവരിലേക്ക് പ്രവാചകരില്‍ നിന്ന് അവര്‍ കത്തിച്ചെടുത്ത പ്രകാശാവസ്ഥയുടെ സഞ്ചലനമുണ്ടാകും. അവരെ സഹായിക്കുന്നവര്‍ ദീനിനെ സഹായിച്ചവരാണ്. തങ്ങളുടെ പാശം അവരുടെ പാശവുമായി ബന്ധിച്ചാല്‍ അത് പ്രവാചകതിരുമേനി(സ്വ)യോടുള്ള ബാന്ധവമായി. അവരുടെ ഹിദായത്തിലും സന്മാര്‍ഗദര്‍ശനത്തിലും നിന്ന് പാനം ചെയ്യുന്നവന്‍ തിരുനബി(സ്വ)യുടെ ഉറവയില്‍ നിന്നാണ് കുടിക്കുന്നത്.
ഈ അനന്തരാവകാശികള്‍ ജനങ്ങള്‍ക്ക് മതം കൈമാറിവരുന്നവരത്രേ. തങ്ങളുടെ നടപടിച്ചിട്ടകളിലൂടെ പ്രതിനിധാനം ചെയ്യപ്പെട്ടും തങ്ങളുടെ അവസ്ഥാന്തരങ്ങളിലൂടെ സജീവമായും തങ്ങളുടെ ചലന-നിശ്ചലാവസ്ഥകളിലുടനീളം പ്രകടവും സ്പഷ്ടവുമായും അവര്‍ മതസിദ്ധാന്തങ്ങള്‍ കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു. താഴെക്കാണുന്ന ഹദീസിലൂടെ നബി(സ്വ) ഉദ്ദേശിച്ചത് അവരെയാണ്. അവിടന്ന് പറഞ്ഞു: എന്റെ സമുദായത്തിലെ ഒരു വിഭാഗമാളുകള്‍ സത്യത്തിന്റെ മേല്‍ ജേതാക്കളായിക്കൊണ്ടേയിരിക്കും; ആര്‍ അവഹേളിച്ചാലും അവര്‍ക്കതൊട്ടും പ്രയാസകരമാവുകയില്ല. ഖിയാമനാള്‍ വരെയും അവരുടെ അവസ്ഥ ഇതുതന്നെയായിരിക്കുന്നതാണ്. കാലമെത്ര പിന്നിട്ടാലും അവരുടെ ചിഹ്നങ്ങള്‍ വിച്ഛേദിതമാകില്ല. ഒരു നാട്ടിലും അവരുടെ അഭാവമുണ്ടാകില്ല.
സന്മാര്‍ഗദര്‍ശികളായ ഈ പ്രവാചകാനന്തരാവകാശികളോടുള്ള സമ്പര്‍ക്കം പരീക്ഷിച്ചറിയപ്പെട്ട ഒരു സിദ്ധൗഷധമാണ്; അവരില്‍ നിന്നകന്നു നില്‍ക്കുന്നതാകട്ടെ സംഹാരകമായ വിഷവും. ആര് അവരുമായി സഹവസിച്ചാലും ഹതഭാഗ്യരാകയില്ല. മനസ്സുകള്‍ നന്നാക്കിയെടുക്കുന്നതിനും സ്വഭാവസംസ്‌കരണത്തിനും വിശ്വാസം നട്ടുപിടിപ്പിക്കാനും ഈമാന്‍ രൂഢമൂലമാകാനും ശക്തമായ സ്വാധീനശേഷിയുള്ള പ്രായോഗിക ചികിത്സയാണ് അവരുമായുള്ള ചങ്ങാത്തം. കാരണം, ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഗ്രന്ഥപാരായണത്തിലൂടെയോ പുസ്തകങ്ങള്‍ കണ്ണോടിക്കുന്നതിലൂടെയോ കരസ്ഥമാക്കാവതല്ല. പ്രത്യുത, പിന്തുടര്‍ച്ച കൊണ്ട് നേടിയെടുക്കാവുന്ന അനുഭവവേദ്യമായ പ്രായോഗിക കാര്യങ്ങളും, ആത്മിക സ്വാധീനവും മാനസികാര്‍ജ്ജവവും കൊണ്ട് കൈവരിക്കാവുന്ന വിഷയങ്ങളുമാണവ.
മറ്റൊരു നിലക്ക് നോക്കിയാല്‍, ഏതൊരു മനുഷ്യനും ഹൃദയപരമായ രോഗങ്ങളും മാനസികമായ ന്യൂനതകളും ഉണ്ടാവാതിരിക്കില്ല. സ്വന്തമായി ഗ്രഹിക്കാന്‍ കഴിയാത്തതായിരിക്കും അവ. ലോകമാന്യത, കാപട്യം, വഞ്ചന, അസൂയ, തന്‍പോരിമാഭാവം, പേരും പ്രശസ്തിയുമാഗ്രഹിക്കല്‍, അഹന്ത, പിശുക്ക്, അഹംഭാവം മുതലായവ ഉദാഹരണം. മാത്രവുമല്ല, ചിലപ്പോള്‍ അവന്‍ വിചാരിക്കുക, താനാണ് മനുഷ്യരില്‍ ഏറ്റവും നല്ല സല്‍സ്വഭാവിയും ഏറ്റവും വലിയ മതനിഷ്ഠനുമെന്നായിരിക്കും. ഇതാണ് വമ്പിച്ച ദുര്‍മാര്‍ഗവും പമ്പരവിഡ്ഢിത്വവും.
അല്ലാഹു പറയുന്നു-നബിയേ, അങ്ങ് പ്രഖ്യാപിക്കുക: കര്‍മങ്ങള്‍ അങ്ങേയറ്റം പരാജയപ്പെടുന്നവര്‍ ആരെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഭൗതിക ജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിപ്പോകുന്നവരാണവര്‍. അവരാകട്ടെ, ഉത്തമകര്‍മങ്ങളാണ് തങ്ങളനുഷ്ഠിക്കുന്നതെന്ന് വിചാരിക്കുകയും ചെയ്യുന്നു.
നേരെ ചൊവ്വെയുള്ള തെളിഞ്ഞ കണ്ണാടിയിലൂടെ മാത്രമേ ഒരാള്‍ക്ക് തന്റെ മുഖത്തെ ന്യൂനതകള്‍ കണ്ടെത്താനാവുകയുള്ളുവല്ലോ. മുഖത്തിന്റെ ശരിയായ അവസ്ഥ അതിലൂടെ സ്പഷ്ടമായി കാണാം. ഇതുപോലെ സത്യവിശ്വാസിക്ക് ഒരു കൂട്ടുകാരന്‍ അനിവാര്യമാണ്. ആത്മാര്‍ത്ഥനും സത്യസന്ധനും ഗുണകാംക്ഷിയുമായിരിക്കണം അദ്ദേഹം. തന്നെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയും ഉത്തമസ്വഭാവവും ശക്തമായ ഈമാനും അയാള്‍ക്കുണ്ടാവണം. അദ്ദേഹത്തോട് ഇവന്‍ സഹവസിക്കുകയും നിതാന്തസമ്പര്‍ക്കം പുലര്‍ത്തുകയും വേണം. ഇവന്റെ മാനസികന്യൂനതകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ഹൃദയസംബന്ധിയായ രോഗങ്ങളുടെ രഹസ്യങ്ങളെപ്പറ്റി വെളിപ്പെടുത്തി ബോധവല്‍ക്കരിക്കയും ചെയ്യണം. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഇതാകാവുന്നതാണ്.
ഈ അര്‍ഥത്തിലത്രേ ‘ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് കണ്ണാടി പോലെയാകുന്നു’ എന്ന് തിരുനബി(സ്വ) പ്രസ്താവിച്ചിട്ടുള്ളത്. കണ്ണാടികള്‍ വ്യത്യസ്ത രീതികളിലുണ്ടാകുമെന്ന് നാം ഗ്രഹിച്ചേ മതിയാകൂ. നേരെ ചൊവ്വെയുള്ള തെളിഞ്ഞത്, കലകളും മങ്ങലുകളും വീണ് മുഖസൗന്ദര്യം വികൃതമാക്കുന്നത്, ചെറുതും വലുതുമാക്കി കാണിക്കുന്നത് എന്നിങ്ങനെ പല തരത്തിലുണ്ടാകും കണ്ണാടികള്‍.
കൂട്ടുകാരുടെ അവസ്ഥയും ഇങ്ങനെത്തന്നെയാണ്. നിന്റെ മനസ്സിനുള്ള ന്യൂനതകളെ ചിലര്‍ യഥാവിധി കാണിച്ചുതരികയില്ല. അങ്ങനെ നിന്നെയവന്‍ പുകഴ്ത്തുകയും തന്മൂലം ഞാന്‍ സമ്പൂര്‍ണനാണെന്ന് നീ വിചാരിക്കുകയും ചെയ്യും. തന്‍പോരിമയും അഹന്തയുമൊക്കെ നിന്നിലുണ്ടാക്കുകയാണവന്‍ ചെയ്യുക. ചിലപ്പോള്‍ നിന്നെയവന്‍ ഇകഴ്ത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നുവരും. എന്നാല്‍, അത് നിന്നില്‍ നിരാശയാണ് ജനിപ്പിക്കുക. മനസ്സ് നന്നാക്കി ഉദാത്തമായൊരവസ്ഥ പ്രാപിക്കുന്നതില്‍ നിന്ന് നിനക്ക് ഇച്ഛാഭംഗം വന്നുപോവുകയാകും അനന്തരഫലം.
എന്നാല്‍, പൂര്‍ണനായ ഒരു സത്യവിശ്വാസിയുടെ സ്ഥിതി ഇതായിരിക്കില്ല. അവന്‍ സത്യസന്ധനായ മാര്‍ഗദര്‍ശിയായിരിക്കും. സമഗ്രനായ ഒരു മാര്‍ഗദര്‍ശിയുമായുള്ള സമ്പര്‍ക്കത്തിലൂടെ അവന്റെ കണ്ണാടി തെളിമയുറ്റതായിക്കഴിഞ്ഞിരിക്കും. ആ മാര്‍ഗദര്‍ശി തന്റെ ഒരു മുന്‍ഗാമിയില്‍ നിന്നാണ് അത് കൈവരിച്ചിരിക്കുക. ഇങ്ങനെ ആ പരമ്പര പുണ്യനബി(സ്വ)യിലേക്കെത്തിച്ചേരും.
മനുഷ്യരാശിക്കാകമാനമായി അല്ലാഹു സമര്‍പ്പിച്ച അത്യുന്നത മാതൃകയാണല്ലോ നബിതിരുമേനി(സ്വ)യെന്ന ആ ദര്‍പ്പണം. വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പഠിപ്പിച്ചതായി കാണാം: നിശ്ചയമായും നിങ്ങള്‍ക്ക് പുണ്യറസൂലില്‍ ഉത്തമ മാതൃകയുണ്ട്-അല്ലാഹുവിനെയും പരലോകജീവിതത്തെയും അഭിമുഖീകരിക്കണമെന്നാഗ്രഹിക്കുകയും അവനെ ധാരാളമായി അനുസ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്.
സല്‍സ്വഭാവപരമായ പൂര്‍ണതകള്‍ ഉള്‍ക്കൊള്ളാനും മനസ്സുകളെ സംസ്‌കരിച്ചെടുക്കാനും പര്യാപ്തമായ പന്ഥാവിലേക്ക് എത്തിച്ചുതരുന്ന പ്രായോഗികമാര്‍ഗം മുഹമ്മദീയ അനന്തരവനും സത്യസന്ധമാര്‍ഗദര്‍ശിയുമായ ഒരു ശൈഖിനോടുള്ള സമ്പര്‍ക്കമാണ്. അദ്ദേഹവുമായുള്ള സഹവാസം വഴി നിനക്ക് വിശ്വാസവും ഭക്തിയും സല്‍സ്വഭാവഗുണങ്ങളും വര്‍ധിച്ചുവരും. അദ്ദേഹത്തെ വിടാതെ പിന്തുടരുകയും തന്റെ വൈജ്ഞാനികസദസ്സുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നതു മുഖേന നിന്റെ ഹൃദയത്തിന്റെ രോഗങ്ങളും മനസ്സിന്റെ ന്യൂനതകളും ശമിപ്പിച്ചെടുക്കാന്‍ കഴിയും. നിന്റെ വ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്താല്‍ സ്വാധീനപൂര്‍ണമാകും. അദ്ദേഹത്തിന്റേതാകട്ടെ, സമുന്നതമായ ഒരു മാതൃകാവ്യക്തിത്വത്തിന്റെ-തിരുനബി(സ്വ)യുടെ-ചിത്രമാണ്.
കേവല ഖുര്‍ആന്‍പാരായണത്തിലൂടെയോ നബിവചനങ്ങളുടെ വായനയിലൂടെയോ(1) ഹൃദയത്തിന്റെ രോഗങ്ങളെയും മനസ്സിന്റെ പോരായ്മകളെയും സ്വയം ചികിത്സിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ലെന്ന് ഇപ്പറഞ്ഞതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. കാരണം, ഖുര്‍ആനും സുന്നത്തും ഹൃദയത്തിന്റെ ഭിന്നമായ രോഗങ്ങള്‍ക്കും മനസ്സിന്റെ വ്യത്യസ്തമായ പോരായ്മകള്‍ക്കുമുള്ള വിവിധതരം പരിഹാര ‘മരുന്നുകള്‍’ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുകൊണ്ട് അതു രണ്ടുമൊന്നിച്ച്(2) ഒരു ‘ഭിഷഗ്വരനും’ അനിവാര്യമാണ്. ഓരോ രോഗത്തിനും അതിന്റെ മരുന്നും ഓരോ അസുഖത്തിനും അതിന്റെ ചികിത്സയും അദ്ദേഹം നിര്‍ണയിക്കും.
പ്രവാചകതിരുമേനി(സ്വ) അവിടത്തെ വാക്കുകളും പ്രവൃത്തികളും മുഖേന സ്വഹാബത്തിന്റെ ഹൃദയങ്ങള്‍ക്ക് ചികിത്സിക്കുകയും അവരുടെ മനസ്സുകള്‍ സംസ്‌കരിക്കുകയും ചെയ്യുമായിരുന്നു. സമുന്നത സ്വഹാബിവര്യനായ ഉബയ്യുബ്‌നു കഅ്ബ്(റ)നുണ്ടായ ഒരനുഭവം അക്കൂട്ടത്തില്‍ പെട്ടതത്രേ. അദ്ദേഹം പറയുന്നത് കാണുക:
ഞാന്‍ മസ്ജിദിലായിരുന്നു. അപ്പോള്‍ ഒരാള്‍ കടന്നുവരികയും നമസ്‌കാരത്തില്‍ പ്രവേശിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്തു. ആ പാരായണത്തില്‍ എനിക്ക് അസംതൃപ്തിയുണ്ടായി. പിന്നീട് മറ്റൊരാള്‍ കടന്നുവരികയും ഇയാളുടേതല്ലാത്ത മറ്റൊരു രീതിയില്‍ ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തു. അവരിരുവരും നമസ്‌കരിച്ചുതീര്‍ന്നപ്പോള്‍ ഞങ്ങളെല്ലാവരും കൂടി നബി(സ്വ)യുടെ തിരുസന്നിധിയിലേക്ക് ചെന്നു. അവരിരുവരുടെയും പാരായണക്കാര്യവും എനിക്കതിലനിഷ്ടമുണ്ടായതും ഞാന്‍ നബി(സ്വ)യോട് പറഞ്ഞു.
അപ്പോള്‍ അവരിരുവരും നബി(സ്വ) ആവശ്യപ്പെട്ടതനുസരിച്ച് പാരായണം നടത്തി. രണ്ടു പേരുടെയും പാരായണം തിരുമേനി(സ്വ) അംഗീകരിക്കുകയും ശരിവെക്കുകയുമായിരുന്നു. ഇതോടെ, അവരുടെ ഓത്ത് വ്യാജമാക്കിക്കളഞ്ഞതിനെപ്പറ്റി എനിക്ക് എന്തെന്നില്ലാത്ത ദുഃഖവും പരിഭ്രാന്തിയുമായി. ജാഹിലിയ്യത്തിലായിരുന്നതിനെക്കുറിച്ചുപോലും എനിക്കത്ര സങ്കടവും പരിഭ്രമവും തോന്നിയില്ല. എന്നെ പിടികൂടിയ ഈ അസ്വസ്ഥാവസ്ഥ കണ്ടപ്പോള്‍ നബി(സ്വ) എന്റെ നെഞ്ചില്‍ അടിച്ചു. ഞാന്‍ വിയര്‍ത്തൊലിച്ചുപോയി. ഭയന്നുകൊണ്ട് ഞാന്‍ അല്ലാഹുവിലേക്ക് നോക്കുന്നതുപോലെയുണ്ടായിരുന്നു ആ രംഗം.
പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതുകൊണ്ടു മാത്രം മഹാന്മാരായ സ്വഹാബികള്‍ക്ക് സ്വന്തം മനസ്സുകളെ ചികിത്സിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പ്രത്യുത നബിതിരുമേനി(സ്വ)യുടെ ‘ചികിത്സാലയം’ അവര്‍ മുറുകെപ്പിടിക്കുകയായിരുന്നു. നബി(സ്വ)യാണവരെ സംസ്‌കരിച്ചത്. അവരെ വളര്‍ത്തിയെടുക്കുന്നതിന്റെ മേല്‍നോട്ടം വഹിച്ചത് അവിടന്നായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്:
‘നിരക്ഷരരായ അറബികളില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിശ്ചയിച്ചത് അല്ലാഹുവാണ്. ആ റസൂല്‍ അവര്‍ക്ക് അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിച്ചെടുക്കുകയും വേദ്രഗന്ഥവും തത്ത്വജ്ഞാനവും അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു.’
അപ്പോള്‍, സംസ്‌കരണം ഒരു വിഷയവും ഖുര്‍ആന്‍ പഠിപ്പിക്കല്‍ മറ്റൊരു വിഷയവുമാണ്. കാരണം, ‘സംസ്‌കരിക്കുക’ എന്ന ഇവിടത്തെ പ്രയുക്ത പദത്തിന്റെ ഉദ്ദേശ്യം സംസ്‌കരിക്കപ്പെട്ട ഒരവസ്ഥ അവര്‍ക്കുണ്ടാക്കിക്കൊടുക്കുക എന്നാണ്. സംസ്‌കരണശാസ്ത്രവും സംസ്‌കൃതാവസ്ഥയും തമ്മില്‍ വമ്പിച്ച വ്യത്യാസമാണുള്ളത്. അത് ആരോഗ്യശാസ്ത്രവും ആരോഗ്യാവസ്ഥയും തമ്മിലുള്ള വ്യത്യാസം പോലെയാണ്.(3) സംസ്‌കരണശാസ്ത്രവും സംസ്‌കൃതാവസ്ഥയും ഒരേ സമയം കൈവരിക്കാന്‍ കഴിയുന്നതാണ് സമ്പൂര്‍ണത.
പരിഭ്രമചിത്തരായ നിരവധിയാളുകളെപ്പറ്റി നാം കേള്‍ക്കാറുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാറുള്ളവരാണവര്‍. ഇസ്‌ലാമിക വിജ്ഞാനീയങ്ങളും അവരുടെ പക്കല്‍ ധാരാളമുണ്ടായിരിക്കും. പൈശാചിക ദുര്‍ബോധനങ്ങളെക്കുറിച്ചാണവര്‍ക്ക് പറയാനുണ്ടാവുക. നമസ്‌കാരത്തില്‍ പ്രവേശിക്കേണ്ട താമസം, വസ്‌വാസ് പിടികൂടുന്നുവെന്നും സംതൃപ്തമായി വിരമിക്കാനാകുന്നില്ലെന്നുമാണ് അത്തരക്കാരുടെ പരാതി.
വൈദ്യഗ്രന്ഥങ്ങള്‍ പഠിച്ചാലും സ്വന്തത്തെ ചികിത്സിക്കാന്‍ മനുഷ്യന് കഴിയില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്രവും പറയുന്നത്. പ്രത്യുത, അയാള്‍ക്കും ഒരു ഡോക്ടര്‍ അനിവാര്യമാണ്. തന്റെ അസുഖങ്ങളുടെ സൂക്ഷ്മ വിവരങ്ങള്‍ അയാള്‍ക്കേ കണ്ടുപിടിക്കാനാകൂ. തന്റെ ദൃഷ്ടിയില്‍ പെടാത്ത സൂക്ഷ്മ രോഗങ്ങള്‍ അയാള്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ.
എന്നാല്‍, ഹൃദയസംബന്ധമായ രോഗങ്ങളും മനസ്സുമായി ബന്ധപ്പെട്ട പോരായ്മകളുമാകട്ടെ സംസ്‌കരണശേഷിയുള്ള ഒരു ഭിഷഗ്വരന്റെ അനിവാര്യാവശ്യത്തിലാണ്. കാരണം, അവ ഏറ്റം അപകടകാരികളും കൂടുതല്‍ അവ്യക്തതയുള്ളതും അതീവസൂക്ഷ്മവുമത്രേ. ഇക്കാരണത്താല്‍, പ്രായോഗികമായി ഏറ്റം ഫലപ്രദമായിട്ടുള്ളത് സമ്പൂര്‍ണനായ ഒരു മാര്‍ഗദര്‍ശിയുടെ കൈയായി മനസ്സിനെ സംസ്‌കരിച്ചെടുക്കലും അതിന്റെ ന്യൂനതകളില്‍ നിന്ന് മോചനം നേടലുമാണ്. മാര്‍ഗദര്‍ശനത്തിന് ഒരു ഗുരുവില്‍ നിന്ന് അനുമതി ലഭിച്ചയാളായിരിക്കണം അദ്ദേഹം; വിജ്ഞാനവും ദൈവഭക്തിയും സംസ്‌കരണത്തിനും മാര്‍ഗദര്‍ശനത്തിനുമുള്ള അര്‍ഹതയും അല്ലാഹുവിന്റെ റസൂലില്‍(സ്വ) നിന്ന് പാരമ്പര്യമായി കൈവരിച്ചവനാകണം.
ഇനി നാം ഇപ്പറഞ്ഞ സമ്പര്‍ക്കത്തിന്റെ പ്രാധാന്യം സ്ഥിരീകരിക്കുന്ന കുറെ തെളിവുകള്‍ അവതരിപ്പിക്കുകയാണ്. ഖുര്‍ആനിലും ഹദീസിലും മുഹദ്ദിസുകളും ഫുഖഹാക്കളുമായ പണ്ഡിതരുടെ വചനങ്ങളിലും ആരിഫുകളും മാര്‍ഗദര്‍ശികളുമായ സ്വൂഫികളുടെ പ്രസ്താവങ്ങളിലും നിന്നുള്ളതാണവയത്രയും. തിരുനബി(സ്വ)യുടെ അനന്തരാവകാശികളും അല്ലാഹുവിങ്കലേക്ക് വഴിതെളിക്കുന്നവരുമായ സദൃത്തരോടുള്ള സമ്പര്‍ക്കത്തിന്റെ പ്രസക്തിയെന്ന പോലെ അതിന്റെ ഉത്തമഗുണങ്ങളും ഉദാത്തമായ സദ്ഫലങ്ങളും അവ സ്ഥിരീകരിക്കുന്നതായിരിക്കും.
Leave A Comment