ദിക്‌റ്-സോപാധികവും നിരുപാധികവും
പ്രത്യേക സമയത്തോ നിശ്ചിത സ്ഥലത്തോ ചൊല്ലുവാനായി തിരുമേനി(സ്വ) നിര്‍ദേശിച്ച ദിക്‌റുകളാണ് സോപാധിക ദിക്‌റുകള്‍. നമസ്‌കാരങ്ങള്‍ നിര്‍വഹിച്ച ശേഷമുള്ള തസ്ബീഹ്, ഹംദ്, തക്ബീര്‍, യാത്രക്കാരന്‍ തിന്നുന്നവന്‍ കുടിക്കുന്നവന്‍ മുതലായവര്‍ക്കുള്ള ദിക്‌റുകള്‍, വിവാഹത്തോടും വൈവാഹിക ജീവിതത്തോടും ബന്ധപ്പെട്ട ദിക്‌റുകള്‍, ഗുരുതരാവസ്ഥകളും ആപത്തുകളും അപകടങ്ങളുമുണ്ടാകുമ്പോഴുള്ള പ്രാര്‍ഥനാവചനങ്ങള്‍, രോഗമുണ്ടാകുമ്പോഴും മരണമാസന്നമാകുമ്പോഴും അവയുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലും ജുമുഅ നമസ്‌കാരാനന്തരവും വെള്ളിയാഴ്ച രാവും മാസപ്പിറവി ദൃശ്യമാകുമ്പോഴും നോമ്പ് തുറക്കുമ്പോഴും ഉള്ള ദിക്‌റുകള്‍, ഹജ്ജ് കര്‍മത്തോടനുബന്ധിച്ച പല വിധ ദിക്‌റ്-ദുആ-തല്‍ബിയത്തുകള്‍, രാവിലെയും വൈകിട്ടും, ഉറങ്ങുവാനൊരുങ്ങുമ്പോഴും ഉണരുമ്പോഴും, ജിഹാദിന്റെ സന്ദര്‍ഭങ്ങളില്‍, കോഴി കൂകുന്നതും കഴുത കരയുന്നതും കേള്‍ക്കുമ്പോള്‍, രോഗമോ മറ്റോ കാരണം ദൈന്യതയര്‍ഹിക്കുന്നവരെ കാണുമ്പോള്‍… ഇങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ ചൊല്ലാനുള്ള ദിക്‌റുകള്‍ തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇവിടെ സൂചിപ്പിച്ചത് ചില സാമ്പിളുകള്‍ മാത്രമാണ്. വിശദീകരണങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തദ്വിഷയകമായി മാത്രം വിരചിതമായ കുതുബുല്‍ അദ്കാര്‍ നോക്കിയാല്‍ വിസ്തൃതമായി ഗ്രഹിക്കാം.
ഇനി, നിരുപാധിക ദിക്‌റ് എന്താണെന്ന് നോക്കാം: ഏതെങ്കിലും സന്ദര്‍ഭത്തിലോ സ്ഥലത്തോ പ്രത്യേക സമയത്തോ അവസ്ഥയിലോ, നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ എന്ന പ്രത്യേക നിര്‍ദേശമൊന്നുമില്ലാത്ത ദിക്‌റുകളാണ് അതിന്റെ വിവക്ഷ. സദാസമയവും സത്യവിശ്വാസി തന്റെ നാഥനെ അനുസ്മരിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ദിക്‌റ് കൊണ്ട് അവന്റെ നാക്ക് എപ്പോഴും പച്ച പിടിച്ചതാകണം. ഇവ്വിഷയകമായി നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം:
അല്ലാഹു പ്രസ്താവിക്കുന്നു: ‘…അതുകൊണ്ട് നിങ്ങള്‍ എന്നെക്കുറിച്ച് പറയുക, ഞാന്‍ നിങ്ങളെക്കുറിച്ചും പറയുന്നതാണ്.'(2) മലക്കുകളെക്കുറിച്ച് പ്രതിപാദിക്കവെ ഒരിടത്ത് ഇങ്ങനെ കാണാം: അവര്‍ രാത്രിയും പകലും അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തുന്നു, അവര്‍ ക്ഷീണിതരാകുന്നില്ല.(3) വേറെയൊരിടത്ത് ഇങ്ങനെയാണ് കല്‍പന: ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും ചെയ്യുക.
മറ്റൊരിടത്ത് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ….ധാരാളമായി അല്ലാഹുവിനെ അനുസ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും… ഇവര്‍ക്കെല്ലാം തന്നെ പാപമോചനവും ആദരണീയമായ പ്രതിലഫലവും അല്ലാഹു സജ്ജീകരിച്ചുവെച്ചിരിക്കുന്നു. ഈദൃശമായ ഒട്ടേറെ ആയത്തുകള്‍ സ്ഥലകാലഭേദമന്യേ ദിക്‌റുകള്‍ വര്‍ധിപ്പിക്കാന്‍ താല്‍പര്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
തിരുനബി(സ്വ)യും ഇങ്ങനെ നിരുപാധികദിക്‌റിന് പ്രേരിപ്പിച്ചതായി കാണാം. നമ്മുടെ എല്ലാ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ദിക്‌റ് ചൊല്ലാനാണ് നബി(സ്വ)യുടെ അനുശാസനം-അബ്ദുല്ലാഹിബ്‌നു ബുസ്‌റ്(റ) എന്ന സ്വഹാബിവര്യന്‍ പ്രസ്താവിക്കയാണ്: ഒരു മനുഷ്യന്‍ തിരുസന്നിധിയില്‍ വന്ന് ഇങ്ങനെ ബോധിപ്പിക്കയുണ്ടായി-അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ എന്നോടുള്ള അനുശാസനങ്ങള്‍ ഒട്ടേറെയുണ്ട്. അതുകൊണ്ട് എനിക്ക് മുറുകെപ്പിടിച്ചനുഷ്ഠിക്കാനായി ഒരു കാര്യം അങ്ങ് പറഞ്ഞുതന്നാലും! നബി(സ്വ) പ്രതികരിച്ചു: നിന്റെ നാക്ക് അല്ലാഹുവിന്റെ ദിക്‌റിനാല്‍ പച്ച പിടിച്ചതായിക്കൊണ്ടേയിരിക്കട്ടെ.
തിരുമേനി(സ്വ) മുഴുവന്‍ സമയങ്ങളിലും അല്ലാഹുവിന്റെ ദിക്‌റില്‍ ആയിരുന്നു(7) എന്നാണ് അവിടത്തെ പ്രിയപത്‌നി ആഇശ ബീവി(റ)യുടെ വിശദീകരണം. ഒട്ടേറെ ഹദീസുകളില്‍ ദിക്‌റിനുള്ള കല്‍പനകള്‍ കാണാവുന്നതാണ്. നിശ്ചിതസമയമോ പ്രത്യേക സാഹചര്യമോ ഇല്ലാതെ പാപമോചനം, തസ്ബീഹ്, തഹ്‌ലീല്‍, തക്ബീര്‍ എന്നിവയൊക്കെ നിര്‍വഹിക്കാനാണ് ഹദീസുകളിലൂടെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
ഹ.അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പ്രസ്താവിക്കുന്നു: അല്ലാഹു തന്റെ അടിമകള്‍ക്ക് നിര്‍ബന്ധമാക്കിയ ഏത് അനുഷ്ഠാനകര്‍മവും നിശ്ചിതമായ അളവിലാണ് നിയമമാക്കിയിട്ടുള്ളത്; പിന്നീട്, അവര്‍ക്കത് നിര്‍വഹിക്കാനാകാത്ത വിഷമങ്ങളുണ്ടാകുമ്പോള്‍ അവന്‍ വിട്ടുവീഴ്ച അനുവദിക്കുകയും ചെയ്യും. എന്നാല്‍, ദിക്‌റ് ഇതില്‍ നിന്നൊഴിവാണ്. അത് നിര്‍വഹിച്ചുതീരുന്ന ഒരു അതിര്‍ത്തിയില്ല. അബോധാവസ്ഥയിലാകുന്നവനൊഴികെ മറ്റൊരാള്‍ക്കും അതില്‍ വിട്ടുവീഴ്ചയുമില്ല. മുഴുവന്‍ സാഹചര്യങ്ങളിലും ദിക്‌റ് നിര്‍വഹിക്കുവാനാണ് അല്ലാഹു സൃഷ്ടികളോട് കല്‍പിച്ചിരിക്കുന്നത്. നിന്നും ഇരുന്നും കിടന്നും നിങ്ങള്‍ അല്ലാഹുവിന്റെ ദിക്‌റില്‍ ആയിരിക്കുക എന്ന് അവന്‍ പറയുന്നു.
സത്യവിശ്വാസികളേ, ധാരാളമായി നിങ്ങള്‍ അല്ലാഹുവിന്റെ ദിക്‌റ് നിര്‍വഹിക്കുക എന്നാണ് മറ്റൊരിടത്ത് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ധാരാളമെന്നുവെച്ചാല്‍ രാത്രിയും പകലും കരയിലും കടലിലും നാട്ടിലും യാത്രയിലുമെല്ലാം എന്നാണ് വിവക്ഷ. അതുപോലെ ദരിദ്രാവസ്ഥയിലും ഐശ്വര്യാവസ്ഥയിലും രോഗത്തിലാകുമ്പോഴും ആരോഗ്യാവസ്ഥയിലും രഹസ്യമായും പരസ്യമായും മുഴുവന്‍ സന്ദര്‍ഭങ്ങളിലും ദിക്‌റ് ഉണ്ടായിരിക്കണം. ഈ രീതിയാണ് സ്വൂഫികള്‍ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ മുഴുവന്‍ സാഹചര്യങ്ങളിലും അവസരങ്ങളിലും ദിക്‌റിലായിത്തന്നെ അവര്‍ കഴിച്ചുകൂട്ടുന്നു.
സമയനിര്‍ണയമുള്ളതും അങ്ങനെയില്ലാത്തതും ദിക്‌റുകളിലുള്ളതുപോലെ എണ്ണത്തില്‍ നിര്‍ണയമുള്ളതും അതില്ലാത്തതും ഉണ്ടെന്നുകാണാം. നമസ്‌കാരങ്ങളുടെ പിന്നിലുള്ള തസ്ബീഹ്, ഹംദ്, തക്ബീര്‍ എന്നിവ നിശ്ചിത എണ്ണം ചൊല്ലുവാന്‍ കല്‍പിക്കപ്പെട്ടവയാണല്ലോ. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) ഇങ്ങനെ പ്രസ്താവിക്കയുണ്ടായി-ഓരോ നമസ്‌കാരശേഷവും ഒരാള്‍ മുപ്പത്തിമൂന്ന് പ്രാവശ്യം വീതം തസ്ബീഹ്, ഹംദ്, തക്ബീര്‍ എന്നിവ ചൊല്ലിയാല്‍ ആകെ തൊണ്ണൂറ്റി ഒന്‍പതായി; നൂറ് എണ്ണം പൂര്‍ത്തിയാക്കാനായി അവന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹു …… ശൈഇന്‍ ഖദീര്‍’ എന്നും ചൊല്ലിയാല്‍ സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങള്‍ അവനുണ്ടെങ്കിലും അവയത്രയും പൊറുക്കപ്പെടുന്നതാകുന്നു.
സഅ്ദുബ്‌നു അബീവഖ്ഖാസ്വ്(റ) ഉദ്ധരിക്കുന്നത് കാണുക: ഞങ്ങള്‍ പ്രവാചകസന്നിധിയിലിരിക്കവെ അവിടന്ന് ചോദിച്ചു: ഓരോ ദിവസം ആയിരം പുണ്യം അനുവര്‍ത്തിക്കുവാന്‍ നിങ്ങളിലൊരാള്‍ അശക്തനായിപ്പോകുമോ? സാമാജികരിലൊരു വ്യക്തി സംശയമുന്നയിച്ചു: എങ്ങനെയാണ് നബിയേ, ആയിരം പുണ്യമനുഷ്ഠിക്കുക? അവിടന്ന് പ്രതികരിച്ചു: നൂറ് തസ്ബീഹ് ചൊല്ലണം. അപ്പോഴയാള്‍ക്ക് ആയിരം പുണ്യം രേഖപ്പെടുത്തുകയോ ആയിരം ദോഷങ്ങളുടെ കുറ്റം ഒഴിവാക്കപ്പെടുകയോ ചെയ്യും.(1)
റസൂല്‍(സ്വ) പ്രസ്താവിച്ചതായി അഗര്‍റുബ്‌നു യസാര്‍ അല്‍മുസനി(റ) നിവേദനം: ഹേ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും അവനോട് പാപമോചനമര്‍ഥിക്കുകയും ചെയ്യുക. നിശ്ചയം, ഞാന്‍ ദിവസവും നൂറു വട്ടം പശ്ചാത്തപിക്കുന്നുണ്ട്.
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: തിരുനബി(സ്വ) പ്രസ്താവിച്ചു-ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍ക്കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്ന് ഒരു വ്യക്തി ദിവസത്തില്‍ നൂറു പ്രാവശ്യം ചൊല്ലിയാല്‍ അതിന് പത്ത് അടിമകളെ വിമോചിപ്പിച്ചതിന് തുല്യമായ പ്രതിഫലമുണ്ടായിരിക്കും. കൂടാതെ നൂറു പുണ്യം അയാള്‍ക്ക് രേഖപ്പെടുത്തപ്പെടുകയും നൂറു പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. അന്ന് സന്ധ്യയാകുംവരെ പിശാചില്‍ നിന്ന് അവന്നുള്ള കാവലുമായിരിക്കും അത്. ഇവനേക്കാളധികം അത് ചൊല്ലിയ ഒരാളല്ലാതെ ഇവനെക്കാള്‍ ശ്രേഷ്ഠമായ പ്രവൃത്തി ചെയ്ത മറ്റൊരാളും ഉണ്ടായിരിക്കുന്നതുമല്ല.
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ശൈഖ് ഇബ്‌നു അല്ലാന്‍ അസ്സ്വിദ്ദീഖി രേഖപ്പെടുത്തുന്നു: ഇമാം ഖാളി ഇയാള് ഇങ്ങനെ പ്രസ്താവിച്ചതായി കാണാം-ഇവിടെ നൂറ് പ്രാവശ്യം ചൊല്ലുക എന്ന എണ്ണം നിജപ്പെടുത്തിയല്ലോ. അവിടെ പറഞ്ഞ ആ പ്രതിഫലം ലഭിക്കുന്നതിന് അത്രയും എണ്ണം ചൊല്ലിയിരിക്കണമെന്നാണ് ഉദ്ദേശ്യം. തുടര്‍ന്ന് പ്രസ്താവിച്ചത്, ഇവനേക്കാളേറെ അത് ചൊല്ലിയ ഒരാള്‍ക്കു മാത്രമേ ഇവനേക്കാള്‍ ശ്രേഷ്ഠതയുള്ളൂ എന്നാണ്. അത് സൂചിപ്പിക്കുന്നത് കൂടുതല്‍ എണ്ണവും ചൊല്ലാമെന്നത്രേ. അപ്പോഴയാള്‍ക്ക് വര്‍ധിത പ്രതിഫലമുണ്ടാവുകയും ചെയ്യും. ഇങ്ങനെ എണ്ണം തിട്ടപ്പെടുത്തിപ്പറയപ്പെട്ട ഒരു ദിക്‌റ് അതിലധികം ചൊല്ലുന്നത് നിരോധിക്കപ്പെട്ടതാണ് എന്ന തെറ്റുധാരണ ദൂരീകരിക്കാന്‍ കൂടിയാണ് അങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്. റക്അത്തുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ട സുന്നത്തു നമസ്‌കാരങ്ങള്‍, വുളുവിന്റെ അവയവങ്ങള്‍ കഴുകുന്ന എണ്ണം എന്നിവ പോലെയാണ് മേല്‍പറഞ്ഞ ദിക്‌റുകളുടെ എണ്ണം എന്നും തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍, യാഥാര്‍ഥ്യം അങ്ങനെയല്ല.
മറ്റു ചിലര്‍ ഇവിടെ പരിധി വിട്ടു ശഠിച്ചുപറഞ്ഞവരാണ്. വാഗ്ദത്ത പ്രതിഫലം ലഭിക്കുവാന്‍ ആ എണ്ണം മാത്രമേ ചൊല്ലാവൂ എന്നാണവരുടെ പക്ഷം. അത് സ്പഷ്ടമായ അബദ്ധമാണെന്നും അവഗണിക്കേണ്ടതാണെന്നും ഇബ്‌നുല്‍ ജൗസി പ്രതികരിച്ചിട്ടുണ്ട്. കൂടുതല്‍ ചൊല്ലിയാല്‍ വര്‍ധിച്ച പ്രതിഫലം പടച്ചവന്‍ നല്‍കും എന്നതാണ് ശരി.
എന്നാല്‍ എണ്ണത്തിന്റെ പരിധിവിട്ടുള്ള നിരുപാധികമായ ദിക്‌റുണ്ടല്ലോ, അത് വര്‍ധിപ്പിക്കുവാനാണ് അല്ലാഹു നമ്മോട് താല്‍പര്യപ്പെട്ടിരിക്കുന്നത്. ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക എന്ന ആയത്തില്‍(1) പറഞ്ഞതുപോലെ, നമ്മുടെ മുഴുവന്‍ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഒരു എണ്ണത്തിന്റെ നിര്‍ണയവുമില്ലാതെ ദിക്‌റില്‍ ആയിക്കൊണ്ടിരിക്കുവാനാണ് അവന്റെ കല്‍പന. സത്യവിശ്വാസിയുടെ മനക്കരുത്ത് സമുന്നതമായി ഭവിക്കുകയും അല്ലാഹുവിനോട് അവനുള്ള സ്‌നേഹം വര്‍ധമാനമായിത്തീരുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ദിക്‌റിനെ അവന്‍ അധികമാക്കും. കാരണം, ഒരു വസ്തുവിനെ കൂടുതല്‍ സ്‌നേഹിക്കുന്നവന്‍ അതിനെക്കുറിച്ച സ്മരണ വര്‍ധിപ്പിക്കുന്നതാണ്.
എന്നാല്‍, മാര്‍ഗദര്‍ശിയായ ഒരു ശൈഖിന് തന്റെ ശിഷ്യ(മുരീദ്)നോട് ചില ദിക്‌റുകള്‍ നിശ്ചിത എണ്ണം നിര്‍വഹിക്കാനായി പറഞ്ഞ് തല്‍പരനാക്കാവുന്നതാണ്. അവന്റെ മനക്കരുത്ത് ഉന്നതമാക്കാനും ദാര്‍ഢ്യത ശക്തിപ്പെടുത്തുവാനുമാണിത്. അശ്രദ്ധാവസ്ഥയും അലസമനോഭാവവും അവനില്‍ നിന്ന് ഇല്ലായ്മ ചെയ്യാനും അതുപകരിക്കും. സര്‍വോപരി, ധാരാളമായി അല്ലാഹുവിന്റെ ദിക്‌റില്‍ അവന്‍ നിമഗ്നനായിരിക്കുന്ന ഒരവസ്ഥയുണ്ടാക്കാനും അത് നിമിത്തമായിത്തീരും.
Leave A Comment