ഇമാം ഹസനുല്‍ ബസ്വരി(റ) ആത്മജ്ഞാനത്തിന്റെ പ്രകാശം

ജീവിതം മുഴുവന്‍ ആത്മജ്ഞാനം കൊണ്ട് നിറച്ച സൂഫികളില്‍ പ്രധാനിയാണ് മഹാനായ ഇമാം ഹസനുല്‍ ബസ്വരി(റ). തന്റെ ജീവിതം കൊണ്ട് പതിനായിരങ്ങള്‍ക്ക് ശാന്തി പകര്‍ന്ന മഹാനവര്‍കള്‍ ജീവിതം മുഴുവന്‍ തസവ്വുഫിനായി സമര്‍പ്പിക്കുകയായിരുന്നു. താബിഉകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠന്‍ എന്നറിയപ്പെടുന്ന മഹാനവര്‍കള്‍ തന്റെ ജീവിതം തിരുനബിയുടെയും സ്വഹാബാക്കളുടെയും ജീവിതത്തിലൂടെ ക്രമബന്ധമാക്കുകയായിരുന്നു.

ജനനം, ജീവിതം
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിന്റെ കാലത്ത്, യാസറിന്റെയും ഖൈറയുടെയും മകനായി മദീനയില്‍ ഹി. 21നാണ് മഹാനവര്‍കളുടെ ജനനം. ഹസനുബ്‌നു അബുല്‍ ഹസന്‍ യാസര്‍ എന്ന് പൂര്‍ണനാമം. പിതാവും മാതാവും അടിമകളായിരുന്നു. പിതാവ് സൈദുബ്‌നു സാബിതിന്റെയും മാതാവ് ഉമ്മു സുലൈമിന്റെയും അടിമകളായിരുന്നു. തന്റെ ചെറുപ്പകാലം ഉമ്മു സുലൈമി(റ)ന്റെ വീട്ടിലാണ് കഴിച്ചുകൂട്ടിയത്. മാതാവിന്റെ കൂലിപ്പണിയില്‍നിന്ന് ലഭിക്കുന്ന തുഛമായ വേതനത്തിലൂടെയായിരുന്നു ജീവിതച്ചെലവ് കണ്ടെത്തിയത്. മാതാവ് ജോലിക്കു പോയ സമയത്താണെങ്കില്‍ ഉമ്മു സുലൈം(റ) കുട്ടിയെ താലോലിക്കുമായിരുന്നു.
മുഖപ്രസന്നതയും സദാ പുഞ്ചിരി തൂകുന്നതുമായിരുന്നു മഹാനവര്‍കളുടെ പ്രകൃതം. സ്വഭാവവൈശിഷ്ട്യത്തില്‍ സ്വഹാബാക്കളുടെ സ്വഭാവസദൃശ്യനായിരുന്നു. തിരുനബി(സ്വ)യുടെ കുടുംബവുമായുള്ള അഭേദ്യ ബന്ധം മൂലമാണിത്. തന്റെ മുഴുവന്‍ കാര്യങ്ങളെയും സുതാര്യമാക്കുകയും ജനങ്ങള്‍ക്ക് കരുണ കാംക്ഷിക്കുകയും ചെയ്തതു മൂലം ജനങ്ങള്‍ക്ക് അദ്ദേഹം സ്വീകാര്യനായി. അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി ഹുജ്ജത്തുല്‍ ഇസ്‌ലാം ഗസ്സാലി ഇമാം പറയുന്നു: ”മഹാനവര്‍കളുടെ സംസാരം തിരുനബിയുടേതിനു തുല്യവും സന്മാര്‍ഗപ്രവേശത്തില്‍ സ്വഹാബത്തിനെക്കാള്‍ ഉത്തമവുമാണ്.”
മുഗീറത്തു ബ്‌നു ശുഅ്ബ(റ), നുഅ്മാനുബ്‌നു ബഷീര്‍(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവരെ ഉദ്ധരിച്ച് മഹാന്‍ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍മശാസ്ത്രം, ഹദീസ്, തഫ്‌സീര്‍, തസ്വവ്വുഫ് തുടങ്ങിയ മുഴുവന്‍ വിജ്ഞാന ശാഖകളിലും കഴിവു തെളിയിച്ചതിനു പുറമെ പ്രഗല്‍ഭ പ്രഭാഷകന്‍ കൂടിയായിരുന്നു ഇമാം. മഹാനവര്‍കളുടെ പ്രഭാഷണങ്ങള്‍ വിജയികള്‍ക്ക് വാഗ്ദാനവും അക്രമികള്‍ക്ക് കടുത്ത താക്കീതുമായിരുന്നു. ആത്മജ്ഞാനത്തിന്റെ മൊഴിമുത്തുകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെക്കുന്നതായിരുന്നു ആ വാക്‌ധോരണികള്‍.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഹദീസും ഖുര്‍ആനും തഫ്‌സീറും ഹസനുല്‍ ബസ്വരി കരഗതമാക്കി. മറ്റു സ്വഹാബാക്കളില്‍നിന്ന് ധാരാളം ഹദീസുകള്‍ ശ്രവിക്കുകയും ചെയ്തു. പിന്നീട് ബസ്വറയിലേക്ക് യാത്രയാവുകയും അവിടെ ഉപദേശ സദസ്സുകളുമായി കഴിച്ചുകൂട്ടി. ഗ്രന്ഥരചന നിര്‍വഹിച്ചും ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചും മഹാനവര്‍കള്‍ ജീവിതം ചിട്ടപ്പെടുത്തി. ബസ്വറയില്‍ അശ്ശൈഖ് എന്ന അപരനാമത്തില്‍ അദ്ദേഹം പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പതിനായിരങ്ങള്‍ പിന്നിലുണ്ടായിട്ടും എല്ലാം പരിത്യജിച്ചുള്ള ജീവിതമാണ് മഹാനവര്‍കള്‍ നയിച്ചത്. അധിക സമയത്തും ഒരു മേല്‍കോട്ടും ഒരു ഷാളും മാത്രമാണ് മഹാനവര്‍കള്‍ ധരിച്ചിരുന്നത്. എന്നാല്‍, ശൈത്യകാലത്ത് ചാര നിറത്തിലുള്ള ഒരു കോട്ടും ഉപയോഗിച്ചിരുന്നു. എല്ലാം അല്ലാഹുവില്‍ അര്‍പിച്ച മഹാനവര്‍കളുടെ ജീവിതം പിന്‍തലമുറകള്‍ക്ക് ഉദാത്ത മാതൃകയാണ്.

തസ്വവ്വുഫിലെ ആഴക്കടല്‍
കടഞ്ഞെടുത്ത ജീവിതശൈലി കൊണ്ടും ഇലാഹീഭക്തി കൊണ്ടും ഏറെ അല്ലാഹുവിലേക്കടുത്ത മഹാനാണ് ഹസനുല്‍ ബസ്വരി(റ). തസ്വവ്വുഫിലൂടെ ജീവിതത്തെ ക്രമബന്ധമാക്കുന്നതിനു മുമ്പ് മഹാനവര്‍കള്‍ സ്വര്‍ണവ്യാപാരിയായിരുന്നു. എങ്കിലും തന്റെ വ്യാപാരത്തില്‍ കൃത്യനിഷ്ഠയും സത്യസന്ധതയും അദ്ദേഹം പാലിച്ചിരുന്നു. പരിത്യാഗം കൈമുതലാക്കിയ മഹാനവര്‍കള്‍ ‘സൂഫികളുടെ നേതാവ്’ എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി. തന്റെ പ്രഭാഷണങ്ങളിലെല്ലാം മരണസ്മരണയെക്കുറിച്ചും പാരത്രിക ജീവിതത്തിലെ അവസ്ഥകളെ കുറിച്ചും വര്‍ണിച്ച് ജനങ്ങളെ ബോധവല്‍കരിച്ചിരുന്നു. മസ്ജിദിന്റെ മട്ടുപ്പാവില്‍ ഏകനായി ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയും ഇലാഹീ സ്മരണയില്‍ കണ്ണീര്‍ വാര്‍ക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ കരഞ്ഞു കരഞ്ഞ് കണ്ണുനീര്‍ ഒരു അന്യന്റെ വസ്ത്രത്തിലായ ഉടനെ അയാള്‍ ഈ വെള്ളം ശുദ്ധിയാണോ അതോ അശുദ്ധിയാണോ എന്ന് ചോദിച്ചു. ഉടനെ മഹാനവര്‍കള്‍ പ്രതികരിച്ചു: ”ഒരു പാപിയുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ അശുദ്ധിയാണ്. വസ്ത്രം കഴുകിയതിനു  ശേഷം നിസ്‌കരിച്ചോളൂ.”
തന്റെ മജ്‌ലിസില്‍ സ്വര്‍ഗത്തെ കുറിച്ച് എന്തെങ്കിലും പ്രതിപാദിക്കപ്പെട്ടാല്‍ മുഖപ്രസന്നനാവുകയും നരകത്തെ കുറിച്ച് പറയപ്പെട്ടാല്‍ അതിലേക്ക് താന്‍ നയിക്കപ്പെടുമോയെന്ന് ഭയപ്പെട്ട് കണ്ണ് നിറയുകയും ചെയ്യുമായിരുന്നു. നരകത്തില്‍നിന്നും അവസാനമായി പുറത്തുവരുന്ന ആള്‍ ‘ഹന്നാദ്’ എന്ന് പേരുള്ളയാളായിരിക്കുമെന്ന തിരുനബിയുടെ ഹദീസ് പ്രതിപാദിക്കപ്പെട്ടപ്പോള്‍ മഹാനവര്‍കള്‍ നിറകണ്ണുകളോടെ പ്രതികരിച്ചത് ആ മനുഷ്യന്‍ ഞാനായിരുന്നുവെങ്കില്‍ എന്നാണ്.
തന്നെക്കുറിച്ച് പരദൂഷണവും കളവും പറയുന്നവര്‍ക്ക് മഹാനവര്‍കള്‍ ഒരു കത്തും കുറച്ച് സമ്മാനവും തിരിച്ചയക്കുമായിരുന്നു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: ”താങ്കള്‍ എന്റെ നന്മകള്‍ അധികരിച്ചിപ്പിരിക്കുന്നു, താങ്കള്‍ക്ക് നല്‍കുവാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. അതുകൊണ്ട് ഈ കത്ത് സ്വീകരിക്കുക.” ശത്രുക്കളെയും സ്‌നേഹത്തോടെ കൈകാര്യം ചെയ്ത മഹാനവര്‍കളുടെ ശൈലി ആരും കൊതിച്ചുപോകുന്നതായിരുന്നു.
ഒരു ആത്മജ്ഞാനിയാവണമെങ്കില്‍, ജീവികളില്‍വച്ച് ഏറ്റവും നികൃഷ്ട ജീവിയായ നായയിലുള്ള ഒമ്പത് സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
ഒന്ന്: എത്ര കഠിനമായ വിശപ്പും സഹിക്കും. ഇത് സജ്ജനങ്ങളുടെ സ്വഭാവമാണ്.
രണ്ട്: രാത്രി കുറച്ചു മാത്രമേ ഉറങ്ങൂ. ഇത് ഇലാഹീഭക്തരുടെ ഗുണമാണ്.
മൂന്ന്: സ്വന്തമായി സ്വത്തോ സമ്പാദ്യമോ ഇല്ല. ഇത് പരിത്യാഗികളുടെ സ്വഭാവമാണ്.
നാല്: തന്റെ യജമാനനോട് സദാ സമയവും കൂറ് പുലര്‍ത്തുന്നവനായിരിക്കും. ഇത് വിശ്വാസിയുടെ ഗുണമത്രെ.
അഞ്ച്: എത്ര നീചമായ സ്ഥലമാണെങ്കിലും അന്തിയുറങ്ങും. ഇത് വിനയശാലിയുടെ സ്വഭാവമാണ്.
ആറ്: ഒരു സ്ഥലത്തുനിന്ന് ആട്ടിയോടിച്ചാലും ഒന്നും പ്രതികരിക്കാതെ മറ്റൊരു സ്ഥലത്തു പോയി മയങ്ങുന്നു. ഇത് സംതൃപ്തരുടെ ഗുണമത്രെ.
ഏഴ്: തന്നെ ആക്രമിച്ചവനോടും പിന്നീട് സ്‌നേഹം പ്രകടിപ്പിച്ചാല്‍ ഇണങ്ങുന്നു. ഇത് വിശുദ്ധരുടെ സ്വഭാവമാണ്.
എട്ട്: യജമാനന്‍ ഭക്ഷിക്കുമ്പോള്‍ ദൂരെ നിന്നും നോക്കിനില്‍ക്കുന്നു. ഇത് ആത്മീയ ശ്രേണിയിലുള്ളവരുടെ സ്വഭാവമാണ്.
ഒമ്പത്: ഒരു സ്ഥലത്തുനിന്ന് വിട്ടുപോയാല്‍ അതിനെക്കുറിച്ച് ചിന്തിക്കുകയില്ല. ഇത് വിരക്തരുടെ ഗുണമാണ്.
ഈ ഒമ്പത് ഗുണങ്ങളും മഹാനവര്‍കളില്‍ സമ്മേളിച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ കാണുന്നു. മഹാനവര്‍കള്‍ തന്റെ അനുചരര്‍ക്ക് കൊടുത്ത ഉപദേശത്തില്‍ പറയുന്നു:”ഒരു വിശ്വാസി യഥാര്‍ത്ഥത്തില്‍ ഒരടിമയെപ്പോലെയാകണം. അടിമ തന്റെ യജമാനനെ അനുസരിക്കുകയും ധിക്കാരത്തെ തൊട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ യജമാനനായ റബ്ബിന്റെ വിധിവിലക്കുകളെ മുറപ്രകാരം നിര്‍വഹിക്കുകയും റബ്ബിനോടുള്ള ധിക്കാരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു”.
സമ്പന്നരുടെയും അധികാരികളുടെയും മുന്നില്‍ തന്റെ ആശയങ്ങളെ അടിയറവ് പറയാന്‍ മഹാനവര്‍കള്‍ ഒരുക്കമായിരുന്നില്ല. തിരുനബി(സ്വ) തങ്ങളോട് അനുചരരായ സ്വഹാബാക്കള്‍ ചോദിച്ചു: ”ഏറ്റവും വലിയ ജിഹാദ് ഏതാണ്?” നബി(സ്വ) പറഞ്ഞു: ‘അക്രമിയായ രാജാവിന്റെ മുന്നില്‍ സത്യസന്ധമായ വാക്കാണ്”. ഇതിനെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു മഹാനവര്‍കളുടെ പ്രവര്‍ത്തനം. ഇറാഖില്‍ ഉമറുബ്‌നു ഉബൈറത്തുല്‍ ഫസാരി ഗവര്‍ണറായി നിയമിതനായ കാലം. ഗവര്‍ണര്‍ തന്റെ അമീറായ യസീദു ബ്‌നു അബ്ദുല്‍ മലിക്കിനെ കുറിച്ചുള്ള ഇറാഖി പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞു. നല്ല രൂപത്തില്‍ ഭരണം കാഴ്ചവയ്ക്കുന്നയാള്‍ എന്നായിരുന്നു അധിക പേരുടെയും മറുപടി. എന്നാല്‍, മഹാനവര്‍കളുടെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു. ”നീ അല്ലാഹുവിനെ ഭയപ്പെട്ടോ, യസീദിനെ ഭയപ്പെടേണ്ടതില്ല. യസീദിനെ തൊട്ട് അല്ലാഹു പലതും തടഞ്ഞിരിക്കും. പക്ഷേ, യസീദിന് അല്ലാഹുവിനെ തൊട്ട് ഒന്നും തടയാന്‍ സാധ്യമല്ല. ഒരുപക്ഷേ, അല്ലാഹു നിന്നിലേക്ക് മരണദൂതനെ അയക്കുകയും നീ സിംഹാസനത്തില്‍ നിന്നും ഏകമായ ഖബറിലേക്ക് നയിക്കപ്പെടുകയും ചെയ്‌തേക്കാം. ഒരുപക്ഷേ, നിങ്ങളുടെ പ്രവര്‍ത്തനം മൂലമായി രക്ഷപ്പെട്ടുവെന്നുവരാം. കാരണം, നിങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ളത് ജനങ്ങള്‍ക്ക് നന്മ കാംക്ഷിക്കാനും ദീനിനെ സഹായിക്കാനുമാണ്. അതുകൊണ്ട് അധികാരത്തിനു വേണ്ടി മതകല്‍പനയെ നിഷേധിക്കരുത്.”
സവിശേഷമായ ദിനങ്ങളിലും വ്യാഴം, തിങ്കള്‍ ദിനങ്ങളില്‍ പ്രത്യേകമായും  മഹാനവര്‍കള്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. തന്റെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ റൂമില്‍ വച്ചായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് ഉദ്‌ബോധനങ്ങള്‍ നല്‍കിയിരുന്നത്. തസ്വവ്വുഫ്, കര്‍മശാസ്ത്രം, തഫ്‌സീര്‍ എന്നിവയായിരുന്നു കൂടുതലായും ക്ലാസ്സെടുത്തിരുന്നത്.
ആയിരക്കണക്കിന് ശിഷ്യഗണങ്ങളും പതിനായിരത്തോളം അനുചരന്മാരുമുണ്ടായിട്ടും തന്നെ പണം കൊണ്ട് സഹായിക്കാന്‍ ഒരുപറ്റം പിറകെ ഉണ്ടായിട്ടും എല്ലാം ത്യജിച്ച് ജീവിതം മുന്നോട്ടു നയിച്ചു മഹാനവര്‍കള്‍. ഇബ്‌നു ശൗതബ് റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഞങ്ങള്‍ ഒരിക്കല്‍ മഹാനവര്‍കളെ സന്ദര്‍ശിക്കാന്‍ ചെന്നു. അദ്ദേഹത്തിനു സ്വന്തമായി പുതപ്പോ വിരിപ്പോ തലയിണയോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല; അദ്ദേഹമിരിക്കുന്ന ഒരു കട്ടിലൊഴികെ.”
തസ്വവ്വുഫിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജീവിത വിശുദ്ധി കരസ്ഥമാക്കിയ മഹാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു.

മുനാഫിഖുകള്‍ക്കെതിരെ
ഇസ്‌ലാമിന്റെ പ്രാരംഭ കാലത്തു തന്നെ തുടങ്ങിയ കപടവിശ്വാസികളുടെ ശല്യം കൂടുതലായത് മഹാനവര്‍കളുടെ ജീവിത കാലഘട്ടം. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരേ ഒരു സന്ധിക്കും മഹാനവര്‍കള്‍ ഒരുക്കമായിരുന്നില്ല. തന്റെ പ്രഭാഷണങ്ങളില്‍ ജനങ്ങളോടായി അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:  ”കാപട്യം ഒരു പ്രത്യേക കാലത്തോ പ്രത്യേക സമയത്തോ ഉണ്ടാകുന്നതല്ല. അത് എല്ലാ കാലത്തും ഉടലെടുക്കുന്നതാണ്. അതിനെ അടിച്ചമര്‍ത്തല്‍ മുസ്‌ലിമായ നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.” ”കപടവിശ്വാസം രണ്ടു വീതമാണ്. ഒന്ന്, വിശ്വാസപരമായ കാപട്യം. രണ്ട് സദ്പ്രവൃത്തിയിലുള്ള കാപട്യവും. വിശ്വാസപരമായത് തിരുനബിയുടെ കാലത്തുള്ളതാണ്. അതു വഹ്‌യ് നിലച്ചതോടുകൂടെ നിലംപരിഷായി. എന്നാല്‍, സദ്പ്രവൃത്തിയിലുള്ള കാപട്യം എല്ലാ കാലത്തും ഉടലെടുക്കുന്നതാണ്. അതിന്റെ ശിങ്കിടികളെ ദര്‍ശിക്കാന്‍ ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍ ധനികരിലേക്ക് നോക്കിക്കൊള്ളട്ടെ. മുന്‍കാലത്ത് ഉടലെടുത്തതു പോലെ പില്‍ക്കാലത്തും ഇത്തരം കൂട്ടര്‍ പ്രത്യക്ഷപ്പെടും, അതിനെ എതിര്‍ക്കാന്‍ ഓരോരുത്തരെ ഭൂമിയിലേക്ക് അല്ലാഹു അയക്കും.”
തന്റെ ജീവിതമത്രയും ഇസ്‌ലാമിനും ജനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ച മഹാനവര്‍കളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പണ്ഡിതന്മാര്‍ ഉപമിക്കുന്നത് 60 വര്‍ഷം ജനങ്ങളെ സത്യദീനിലേക്ക് ക്ഷണിച്ച ഒരു നബിയുടെ പ്രവര്‍ത്തനം പോലെയാണ്.

വഫാത്
ജീവിതം പരിത്യാഗത്തിലൂടെ കടഞ്ഞെടുത്ത് അല്ലാഹുവിലേക്കടുത്ത മഹാന്‍ ഹിജ്‌റ 110ല്‍ റജബ് മാസം ആദ്യത്തില്‍ അല്ലാഹുവിന്റെ ളിക്കുത്തരം നല്‍കി ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട ബസ്വറ നിവാസികള്‍ പരിഭ്രാന്തരായി ആര്‍ത്തു കരയാന്‍ തുടങ്ങി. 80 വര്‍ഷത്തോളം സമുദായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാനവര്‍കളുടെ ജനാസക്ക് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു ശേഷം ജനങ്ങള്‍ കണ്ണീരോടെ വിട നല്‍കി. ബസ്വറയിലുള്ള മുഴുവന്‍ ജനങ്ങളും ജനാസയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ പ്രധാന മസ്ജിദില്‍ അസ്വര്‍ നമസ്‌കാരം പോലും നടന്നില്ല.
മഹാനവര്‍കളുടെ ജീവിതം മാതൃകയാക്കി ജീവിതത്തെ ചിട്ടപ്പെടുത്താന്‍ നാഥന്‍ തുണക്കട്ടെ, മഹാനവര്‍കളുടെ കൂടെ സ്വര്‍ഗത്തില്‍ നമ്മെ അല്ലാഹു ഒരുമിച്ചുകൂട്ടുമാറാകട്ടെ.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter