ഹദ്‌റമികള്‍, സൂഫികള്‍, ഉലമ: മലയാള ഇസ്‌ലാമില്‍ ബഹുസ്വരത വരിച്ച തലങ്ങള്‍
valiyaസഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള സമുദ്രാന്തര വാണിജ്യ ബന്ധങ്ങളിലൂടെ ഉയിരെടുത്ത സമൂഹമാണ് കേരളത്തിലെ മുസ്‌ലിംകള്‍. ഇന്ത്യന്‍ മഹാസമുദ്ര പഠനരംഗത്തെ പുതിയ ഗവേഷണങ്ങള്‍ അവരെ ദേശാധിഷ്ഠിതമായ രാഷ്ട്രീയ വ്യവസ്ഥകളിലേക്ക് ചേര്‍ത്തി ചുരുക്കുന്നതിലെ നിരര്‍ഥകത ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിലെ സമൂഹങ്ങള്‍ സംസ്‌കാരികവും സാമൂഹികവുമായി നൂറ്റാണ്ടുകളുടെ അഭേദ്യ ബന്ധം സൂക്ഷിച്ചിരുന്നുവരായിരുന്നുവെന്നതും ഈ സമൂഹങ്ങളെ വിലയിരുത്തുമ്പോള്‍ ഇത്തരം ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടിയിരിക്കുന്നുവെന്നും കെ. എന്‍. ചൗധരി, എം. എന്‍. പിയേഴ്‌സണ്‍, ജെയിംസ് ക്ലിഫോഡ് തുടങ്ങിയ ചരിത്ര, നരവംശ ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ സൂചിപിക്കുന്നുണ്ട്. ഇവിടങ്ങളിലെ വിവിധ സമൂഹങ്ങള്‍ പ്രാന്തോപരിതലത്തിലെ കരകളെക്കാളും ജലയാനങ്ങളിലെ സമുദ്ര യാത്രകളിലൂടെ എങ്ങനെ പരസ്പരം ബന്ധിതവും സങ്കരിതവുമായ രൂപങ്ങളായി മാറുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലും സമീപ തീരങ്ങളിലും ഇസ്‌ലാം പ്രചരിക്കുന്നത് സമുദ്രാന്തര വാണിജ്യ ബന്ധങ്ങളിലൂടെ വളര്‍ന്ന സാംസ്‌കാരിക രൂപമായാണ്. ഉത്തരേന്ത്യയുടെ ഇസ്‌ലാമിക സംസ്‌കാരത്തേക്കാള്‍ ആഫ്രിക്കയുടെ കിഴക്കു ഭാഗങ്ങളിലും ദക്ഷിണപൗരസ്‌ത്യേഷ്യയിലും പ്രചരിച്ച ഇസ്‌ലാമിക രൂപത്തോട് അത് പൂര്‍ണാര്‍ഥത്തില്‍ സാമ്യത പുലര്‍ത്തിയിരുന്നു. മലയാളക്കരയിലെ ഇസ്‌ലാമിന്റെ വരവിനെക്കുറിച്ച് മാലിക് ബിന്‍ ദീനാറിന്റെ സംഘാംഗമായ മുഹമ്മദ് ബിന്‍ മാലികിന്റെ ആത്മാഖ്യാനമായി അറബിയില്‍ നൂറ്റാണ്ടുകളായി മാപ്പിളമാര്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള ‘ഖിസ്സത്തു ശക്രവതി ഫര്‍മാള്'(പെരുമാള്‍ ചക്രവര്‍ത്തിയുടെ കഥ) എന്ന കൃതിയില്‍ മതത്തിന്റെ സാമൂഹികമായ ഈ വളര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്. ഈ കൃതിയുടെ ചരിത്രപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തന്നെ ചുരുങ്ങിയത് പതിനൊന്നാം നൂറ്റാണ്ടു മുതല്‍ മാപ്പിള മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങളുടെ മതചരിത്രത്തെക്കുറിച്ചുള്ള ആഖ്യാനമായി ഇത് നിലനില്‍ക്കുന്നുണ്ടെന്ന് സെബാസ്റ്റ്യന്‍ പ്രാങ്കെയെപ്പോലുള്ള നവീന ചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഈ ചരിത്രാഖ്യാനത്തില്‍ മുസ്‌ലിംകള്‍ പഠിച്ചു വരുന്നത്, അധികാരം വീതിച്ചു കൊടുത്ത് മക്കത്തേക്ക് പോയ പെരുമാളുടെ സഹയാത്രികര്‍ തിരിച്ചുവരുന്നത് ആ അധികാരത്തിന്റെ പങ്ക് ചോദിച്ചുകൊണ്ടാണെന്നായിരുന്നില്ല. മറിച്ച്, തങ്ങളുടെ ആത്മിക സാഫല്യത്തിനും പ്രബോധന നിര്‍വഹണത്തിനും ഉതകുന്ന ആരാധനാലയങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള അനുമതി തേടിയുള്ള കത്തായിരുന്നു പെരുമാള്‍ നാട്ടു രാജാക്കന്മാര്‍ക്ക് കൈമാറാന്‍ അവരെ ഏല്‍പിച്ചിരുന്നതെന്നാണ്. ഭട്കല്‍ മുതല്‍ കൊല്ലം വരെയുള്ള മലബാറിന്റെ തീരപ്രദേശങ്ങളില്‍ അവര്‍ പള്ളികള്‍ സ്ഥാപിക്കുകയും മാനവിക ഔന്നിത്യവും സാമൂഹിക സാഹോദര്യവും തദ്ദേശീയര്‍ക്ക് ജീവിതത്തിലൂടെ പകര്‍ന്നു നല്‍കുകയും ചെയ്തു. കച്ചവട ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതിന് ഷാബന്ദര്‍മാരെയും മതകാര്യങ്ങള്‍ക്കു ഖാദിമാരെയും നിശ്ചയിച്ചു നല്‍കി. സാമൂഹികമായ വൈജാത്യങ്ങള്‍ ഒരുപാടുണ്ടായിരുന്ന, അതിവികൃതമായ ജാതീയ സമ്പ്രദായങ്ങള്‍ നടമാടിയിരുന്ന ഈ നാട്ടില്‍ ഇസ്‌ലാമിന്റെ മാനുഷിക ആശയങ്ങളെ ജീവിപ്പിച്ച് കൊണ്ട് അവര്‍ മതസന്ദേശങ്ങള്‍ കൈമാറി. കച്ചവടങ്ങളിലും സാമൂഹിക വൈയക്തിക ബന്ധങ്ങളിലും അവര്‍ വേര്‍തിരിവുകള്‍ കാണിച്ചില്ല. സത്യസന്ധതയും വാണിജ്യ രംഗത്തെ നിപുണതയും ക്രോഡീകൃതമായ വ്യാപാരനിയമാവലിയും ഇവിടങ്ങളിലെ സമുദ്ര വ്യാപാരത്തെ പുഷ്ടിപ്പെടുത്തി (റിസോ: 1995). സാമൂതിരിയെന്ന ഹൈന്ദവ രാജാവിനു കീഴില്‍ വാണിജ്യാഭിവൃദ്ധി നേടിയ കോഴിക്കോട്ടെ ബഹുസ്വര കോസ്‌മോപോളിറ്റന്‍ സമൂഹത്തെക്കുറിച്ചാണ് പതിനാലാം നൂറ്റാണ്ടില്‍ ഇബ്‌നു ബഥൂഥയെ പോലുള്ള വിദേശ സഞ്ചാരികള്‍ വിശദമായി വിവരിച്ചുതരുന്നത്. ഇബ്‌നു ബഥൂഥ കോഴിക്കോട്ടെത്തിയപ്പോള്‍ തന്നെ സ്വീകരിച്ചാനയിക്കാന്‍ ബഹ്‌റൈനുകാരനായ ശാബന്ദര്‍ ഇബ്രാഹീം, ഖാദി ഫഖ്‌റുദ്ദീന്‍ ഉഥ്മാന്‍, സൂഫിവര്യനായ ശൈഖ് ശിഹാബുദ്ധീന്‍ കാസറൂനി തുടങ്ങിയവര്‍ക്കൊപ്പം കോഴിക്കോട്ടെ ഉപരാജാവ് ഖുല്ലാജുമുണ്ടായിരുന്നു. ചൈന, ജാവ, സിലോണ്‍, മാലി, യമന്‍, പേര്‍ഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ രാജ്യാന്തര കച്ചവടക്കാര്‍ വന്നുപോകുന്ന ലോകത്തിലെ തന്നെ വലിയ തുറമുഖമായാണ് കോഴിക്കോടിനെ അദ്ദേഹം വിവരിക്കുന്നത് (ഇബ്‌നു ബഥൂഥ, 1905: 139-140). തന്റെ രാഷ്ട്രത്തിന്റെ സാമ്പത്തിക, സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന മുസ്‌ലിം വണിക്കുകളെ സാമൂതിരി അകമഴിഞ്ഞ് സഹായിക്കുകയും അവരുടെ മതപരമായ കര്‍മങ്ങള്‍ക്ക് വേണ്ട സൗകര്യമൊരുക്കിക്കൊടുക്കുകയും മതകാര്യകര്‍ത്താക്കള്‍ക്ക് ശമ്പളം വരെ നല്‍കുകയും ചെയ്തിരുന്നുവെന്ന് സൈനുദ്ധീന്‍ മഖ്ദൂം പതിനാറാം നൂറ്റാണ്ടില്‍ എഴുതുന്നുണ്ട്. തന്റെ രാഷ്ട്ര പുരോഗതി മുസ്‌ലിംകളിലൂടെയാണെന്ന കാര്യം സാമൂതിരി ഉള്‍കൊണ്ടതാണ് ഈയൊരു നിലപാടിന്റെ മുഖ്യകാരണമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത് (നൈനാര്‍: 45-46). ഇത്രയും നിര്‍ണായക സ്വാധീനവും രാഷ്ട്രീയ പങ്കും നിര്‍വഹിച്ചിരുന്ന മുസ്‌ലിം വണിക്കുകള്‍ ഒരിക്കലും തങ്ങളുടെ മതത്തിന്റെ നിലനില്‍പിന് രാഷ്ട്രീയ അധികാരം തന്നെ വേണമെന്ന് ശഠിച്ചു സാമൂതിരിയുമായി കലഹത്തിനിറങ്ങിയിരുന്നില്ല. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന, ‘പോരാളികള്‍ക്ക് ഒരുപഹാര’മെന്ന് (തുഹ്ഫത്തുല്‍ മുജാഹിദീന്‍) പേരിട്ടിരിക്കുന്ന മഖ്ദൂമിന്റെ കൃതിയില്‍ മൂന്നാം അദ്ധ്യായം മുഴുവനും ഹൈന്ദവ മതത്തെക്കുറിച്ചും സാമൂതിരിക്കു കീഴില്‍ നിലനിന്നിരുന്ന സാമുദായിക സഹിഷ്ണുതയും വാണിജ്യ അഭിവൃദ്ധിയുമാണ് വിവരിക്കുന്നത്. ഈയൊരു സൗഹൃദാന്തരീക്ഷത്തെയാണ് അറബി വണിക്കുകള്‍ക്ക് അപരിചിതമായിരുന്ന, മധ്യധരണ്യാഴിയില്‍ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ആയുധം ഘടിപ്പിച്ച കപ്പലുകളില്‍ കടല്‍ കടന്നുവന്ന പോര്‍ച്ചുഗീസുകാര്‍ തകര്‍ത്തതെന്നാണ് അദ്ദേഹം പിന്നീടുള്ള അദ്ധ്യായങ്ങളില്‍ സമര്‍ഥിക്കുന്നത് (എങ്‌സങ് ഹോ, 2003). അതുവരെ ഇന്ത്യാമഹാസമുദ്രത്തില്‍ നിലനിന്നിരുന്ന സമാധാനപരമായ കടല്‍ വാണിജ്യത്തെ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ പിന്തുണയോടെ എത്തിയ ഈ ആയുധവാഹികളായ കപ്പല്‍പട തകര്‍ത്തത്. മറിച്ച് ഈ നാടിനെ സമ്പന്നമാക്കിയിരുന്ന സാമുദായിക സൗഹൃദാന്തരീക്ഷത്തെ കൂടിയായിരുന്നു. നൂറ്റാണ്ടുകളായി കച്ചവടം ചെയ്തിരുന്ന അറബി വണിക്കുകളൊരിക്കലും തങ്ങളോടൊപ്പം സ്റ്റേറ്റിനെ കൊണ്ടുവന്നിരുന്നല്ല. അവര്‍ ഇവിടെ കച്ചവടച്ചരക്കുകളും മതാധ്യാപനങ്ങളുമായാണ് വന്നത്. ഇവിടെ മാസങ്ങള്‍ താമസിച്ചു, പലപ്പോഴും തദ്ദേശീയരായ മലബാരി വനിതകളെ കല്യാണം കഴിച്ചു ഇവിടത്തുകാരാകാന്‍ ശ്രമിച്ചു. ആ വര്‍ഗത്തില്‍ സങ്കരമായി രൂപപ്പെട്ട സമൂഹമാണ് ‘മാപ്പിളര്‍’ എന്ന് ബാര്‍ബോസ ആദ്യമായി വിളിച്ച തദ്ദേശീയ മുസ്‌ലിംകള്‍. ഇന്ത്യാമഹാസമുദ്ര തീരങ്ങളില്‍ ഉയര്‍ന്നുവന്ന വാണിജ്യകേന്ദ്രങ്ങളെ ആശ്രയിച്ചു കുടിയേറിയ മുസ്‌ലിം വണിക്കുകളും സൂഫിപണ്ഡിതരും നടത്തിയ അധിവാസവും യാത്രകളുമാണ് പതിമൂന്ന്, പതിനെട്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇസ്‌ലാമിനെ വിഭിന്ന സംസ്‌കാരങ്ങളോട് സംയോജിപ്പിച്ച് വൈവിധ്യപൂര്‍ണവും സാംസ്‌കാരിക സമ്പന്നവുമാക്കിയത്. മാപ്പിളമാരെപ്പോലെ സങ്കരമായ വര്‍ഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ മറ്റു പ്രദേശങ്ങളിലൊക്കെയും ജന്മമെടുക്കുകയുണ്ടായി. അറേബ്യയിലെ മുസ്‌ലിം ഭരണ പ്രദേശങ്ങളില്‍ നിന്ന് വളരെ അകലത്തില്‍ കഴിയുന്ന, അമുസ്‌ലിം രാഷ്ട്രീയ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഇത്തരം മുസ്‌ലിം സമൂഹങ്ങളുടെ മതകീയവും സാമൂഹികവുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണ് അവര്‍ക്കു പ്രത്യേകമായ മതവിധികള്‍ അവലോകനം ചെയ്യുന്ന ‘ഫത്ഹുല്‍ മുഈന്‍’ പോലുള്ള രചനകള്‍ ഇവിടങ്ങളില്‍ വളര്‍ന്ന പണ്ഡിതര്‍ രചിക്കുന്നത്. അവയില്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ ഇസ്‌ലാമികമായി പ്രായോഗികമാക്കുക മാത്രമല്ല, മറിച്ച് തദ്ദേശീയതയോട് ഇണിക്കിച്ചേര്‍ക്കുക കൂടിയാണ് അവര്‍ ചെയ്തത്. അവരാരും തങ്ങളുടെ മതം അപകടത്തിലാകുമെന്ന് പറഞ്ഞ് അറേബ്യയിലേക്ക് പലായനത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ക്കും സലഫി അക്ഷരവാദികള്‍ക്കും ഈ വൈജാത്യങ്ങള്‍ തന്നെ അസ്വീകാര്യമായിരുന്നു. അവയെ മതത്തിലെ കടത്തിക്കൂട്ടലായി വായിച്ചു മതത്തെതന്നെ ഏകതയിലേക്കു നടത്തിക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം. യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ ഇവിടെ വന്നപ്പോഴും അവരിവിടം വിട്ടു പോകുമ്പോഴും മുസ്‌ലിംകളായ ഈ വാണിജ്യ വിഭാഗങ്ങള്‍ ഇവിടെ ജീവിച്ചുപോന്നിരുന്നു. രാഷ്ട്രീയ അധികാരവുമായി വരാത്തതിനാല്‍ അധിനിവേശകരെപ്പോലെ അവര്‍ക്കു തിരിച്ചുപോകേണ്ടി വന്നില്ല. കുടിയേറ്റത്തിനും യാത്രകള്‍ക്കും അവരുടെ മുന്നില്‍ ദേശത്തിന്റെ അതിര്‍വരമ്പുകളുണ്ടായിരുന്നില്ല. തങ്ങളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ തദ്ദേശീയതയുമായി കൂടിച്ചേരാനാണ് അവരെപ്പോഴും ശ്രമിച്ചത്. ഉദാഹരണമായി, നൂറ്റാണ്ടുകളുടെ കുടിയേറ്റ പാരമ്പര്യമുള്ള ഹദ്‌റമി സയ്യിദുമാരെ മാത്രം എടുക്കാം. തങ്ങളുടെ അറേബ്യന്‍ പാരമ്പര്യവും സയ്യിദ് വംശാവലിക്കുമെല്ലാം പുറമെ അവരധികവും പ്രാദേശികമായ പേരുകളില്‍ അറിയപ്പെട്ടവരും തദ്ദേശീയരായി പരിവര്‍ത്തിതരുമായിരുന്നു. ഹദ്‌റമൗത്തില്‍ നിന്നു കുടിയേറി കൊയിലാണ്ടിയില്‍ താമസമാക്കിയിരുന്ന മുഹമ്മദ് ബിന്‍ ഹാമിദ് എന്ന വലിയ സീതിക്കോയ തങ്ങള്‍, മമ്പുറത്തെ ഫദ്ല്‍ പൂക്കോയ, കോഴിക്കോട്ടെ ഹുസൈന്‍ മുല്ലക്കോയ, മമ്പാട്ടെ തിണ്ടുമ്മല്‍ വലിയ സീതിക്കോയ, മഞ്ചേരിയിലെ അഹ്മദ് മുത്തുക്കോയ തങ്ങള്‍ എല്ലാവരും തദ്ദേശീയ നാമങ്ങളില്‍ അറിയപ്പെട്ടിരുന്നു. എന്നാല്‍ അതോടൊപ്പം പലരും ദേശാന്തര ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. അവര്‍ വിവാഹം കഴിച്ചതാകട്ടെ അധികവും തദ്ദേശീയരായ മാപ്പിള സ്ത്രീകളെയുമായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ ഹദ്‌റമികളുടെ അധിവാസവും ഈയൊരു സൗഹാര്‍ദാന്തരീക്ഷത്തിന്റെ തുടര്‍ച്ചയിലും ഇഴുകിച്ചേരലിലുമാണ് സംഭവിച്ചത്. തങ്ങളുടെ ആത്മിക ഔന്നിത്യത്തിലും ചികില്‍സാരീതികളിലും വിശ്വാസം വര്‍ധിച്ച നമ്പീശനെയും മൂസദിനെയും പോലുള്ള ഹൈന്ദവ പ്രമാണിമാരാണ് പലപ്പോഴും മമ്പുറം സയ്യിദ് അലവി തങ്ങളെയും പന്നിപ്പാറയിലെ മുഹമ്മദ് ബാഹസന്‍ തങ്ങളെയും പോലുളളവര്‍ക്ക് പള്ളി പണിയാന്‍ ഭൂപ്രദേശം ദാനം ചെയ്തത്. ബ്രിട്ടീഷ്-ബ്രാഹ്മണ ഭൂപ്രഭുക്കളുടെ ചൂഷണത്തിന് വിധേയരായ ഹൈന്ദവരിലെ താഴ്ന്ന ജാതിക്കാര്‍ക്കിടയിലായിരുന്നു മമ്പുറത്തെ സയ്യിദ് അലവി തങ്ങളുടെയും സയ്യിദ് ഫദ്ല്‍ തങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെ സ്വരം ശക്തമായ അനുരണനമുണ്ടാക്കിയത്. ജീവിതത്തിലെ നാനാവിധ പ്രശ്‌നങ്ങളുയര്‍ത്തി അവിടത്തെ പ്രാര്‍ഥനക്കും അനു്രഗഹത്തിനും വേണ്ടി സമീപ പ്രദേശങ്ങളിലെ നാനാ ജാതി സമൂഹങ്ങളും വന്നിരുന്നുവെന്നത് ഇന്നും മമ്പുറത്തും പാണക്കാടും ചെന്നാല്‍ മനസ്സിലാക്കാവുന്നതേയൊള്ളൂ. സഹോദരങ്ങളാല്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ട തിരുമാന്ധാംകുന്ന് ദേവിയുടെ ഇളയമകള്‍ ചീരുവമ്മക്ക് ഭജനമിരിക്കാന്‍ മമ്പുറത്തിനടുത്ത് കളിയാട്ടമുക്കില്‍ സ്ഥലവും നാളും നിശ്ചയിച്ചുകൊടുത്തത് സ്മരിച്ചു കൊണ്ട് തങ്ങളുടെ പൊരുത്തം തേടി മമ്പുറം മഖാമിന്റെ മുമ്പില്‍ നിന്ന് പൊയ്കുതിര തോളിലേറ്റി നൃത്തം ചെയ്ത് മാത്രമേ ഇവിടെയുള്ള ഹൈന്ദവ സമൂഹങ്ങള്‍ കാവിലേക്ക് പുറപ്പെടാറുള്ളൂ. എന്നാല്‍ ഇന്നു ക്ഷേത്രത്തിനു സമീപത്തു കൂടെ പോകുമ്പോഴേക്ക് തൗഹീദ് ചോര്‍ന്നുപോകുമെന്ന രീതിയിലാണ് ശുദ്ധീകരണ വഹാബിസം (puritanical wahabism)) വിശ്വാസികളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സഹോദര മതസ്ഥരുടെ ആഘോഷങ്ങളില്‍ പോയി ഭക്ഷണം കഴിക്കുമ്പോഴേക്ക് വിശ്വാസത്തിന് ഭംഗം വരുമെന്ന് അനവസരത്തിലുളള വ്യാഖ്യാനങ്ങള്‍ നല്‍കി ഇവര്‍ വാദിക്കുന്നു. അങ്ങനെ നേര്‍ച്ചകള്‍ക്കും പൂരങ്ങള്‍ക്കുമുണ്ടായിരുന്ന ബഹുസ്വരത സമുദായങ്ങള്‍ക്കിടയില്‍ മതില്‍ തീര്‍ത്തവരിലൂടെ അപ്രത്യക്ഷമായി. മലയാളത്തിന്റെ തനത് ശൈലിയില്‍ പടുത്തുയര്‍ത്തപ്പെട്ട ചരിത്രപരവും വാസ്തുവൈദഗ്ദ്ധ്യവുമുള്ള പള്ളികള്‍ പോലും യാതൊരു മനസ്സാക്ഷിയുമില്ലാതെ തച്ചുടക്കപ്പെടുന്നു. അനിവാര്യമായ ചില പരിഷ്‌കാരങ്ങളും നവീകരണവുമെല്ലാം നടത്തുമ്പോഴും ഈ പള്ളികളുടെ കേരളത്തനിമ നിലനിര്‍ത്താന്‍ നാം ഇനിയും പഠിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ കാലങ്ങളായുള്ള പാരമ്പര്യത്തിന്റെയും ഇസ്‌ലാമിന്റെ വൈവിധ്യത്തിന്റെ നിദര്‍ശനങ്ങളാണ് ഈ മകുടങ്ങള്‍. അവയെല്ലാം തച്ചുടച്ച് ഗള്‍ഫ് മോഡലുകള്‍ മാത്രം പകരം വെക്കുന്നത് ഇസ്‌ലാമിന്റെ വികാസ സാധ്യതകളെ പിടിച്ചുകെട്ടലാണ്. മനുഷ്യകുലത്തെപ്പോലെ തന്നെ വൈജാത്യങ്ങളുടെ കലവറയാണ് ഇസ്‌ലാം മതവും. പ്രമുഖ സുന്നി-ശിയ വിഭാഗങ്ങള്‍ക്ക് അകത്തു തന്നെ നൂറായിരം ഉപവിഭാഗങ്ങള്‍, ക്രോഡീകൃതമായ കര്‍മശാസ്ത്രധാരകളെ അംഗീകരിക്കുന്നവര്‍, നേരിട്ടു സലഫുകളെ പിന്തുടരണമെന്ന് വാദിക്കുന്നവര്‍, മദ്ഹബുകളില്‍ തന്നെ വിഭിന്ന പണ്ഡിതാഭിപ്രായങ്ങള്‍. ഇങ്ങനെ സമ്പുഷ്ടമായ ഒരു മതത്തെ ശുദ്ധീകരണ വഹാബികള്‍ തങ്ങളൊഴിച്ച് ബാക്കിയെല്ലാവരിലും തക്ഫീര്‍ (അവിശ്വാസം) ചാര്‍ത്തുന്നു. അവര്‍ക്കെതിരെയുള്ള സായുധ പോരാട്ടം വരെ അനുവദനീയമാക്കുന്നു. ഇവിടെയാണ് ഐ.എസും വഹാബിസവും ഒന്നിക്കുന്നതെന്ന് കരണ്‍ ആംസ്‌ട്രോങ്ങ് സമര്‍ഥിക്കുന്നുണ്ട്. പരിഷ്‌കരണ പ്രസ്ഥാനക്കാര്‍ അവകാശപ്പെടുന്നതടക്കം മുസ്‌ലിംകളുടെ സര്‍വ്വ സംഭാവനകളെയും ഇല്ലാതാക്കാന്‍ മാത്രം അപകടം പിടിച്ച, സമുദായത്തിനകത്തും പുറത്തും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന അപകടകരമായ ഈ ആശയ പരിസരത്തെ ഇല്ലാതാക്കേണ്ടത് അനിവാര്യത തന്നെയാണെന്ന് ശുദ്ധീകരണക്കാരും അല്ലാത്തവരും തിരിച്ചറിയണം. മതാദ്ധ്യാപനങ്ങള്‍ നല്‍കുന്ന വിശാല സാധ്യതകളെ ഉപയോഗിച്ചു തന്നെ ബഹുസ്വര സമൂഹത്തോടും സമുദായത്തിനകത്തും കഴിയാവുന്ന താദാത്മ്യം കൊണ്ടുവരാന്‍ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്. കേരള മുസ്‌ലിമിന്റെ നൂറ്റാണ്ടുകളായുള്ള ചരിത്ര ചിത്രങ്ങള്‍ ആ തുടര്‍ച്ചയാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter