ദീപ്ത സ്മരണയിലെ ശിഹാബ് തങ്ങള്‍
ജന്മാന്തരങ്ങളിലേക്ക് സുകൃതങ്ങള്‍ പകര്‍ന്ന ചില ജന്മങ്ങളുണ്ട്, അല്ലാഹുവിന്റെ കണക്ക് പുസ്തകത്തില്‍.. ആയുസ്സിന്റെ തിരയൊടുങ്ങും മുമ്പ് തഴുകിത്തലോടിയ മണല്‍ത്തരികള്‍ക്ക് ആത്മീയാനന്ദലഹരി പകര്‍ന്ന് നല്‍കിയവര്‍, ലാളിത്യത്തിന്റെ തെളിമയില്‍ അറ്റമില്ലാത്ത അറിവിന്റെ ആഴം കാണിച്ചവര്‍, ഭൗതികതയുടെ തൊലിപ്പുറത്ത് പാണ്ഡിത്യത്തിന്റെ നീരുറവ തെളിയിച്ച മഹാത്മാക്കളില്‍ തുല്യതയറ്റ സാന്നിദ്ധ്യമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അറിവിന്റെ ഭാരം കൊണ്ട് കുനിഞ്ഞു പോയ ശിരസ്സില്‍ അളവറ്റ ജ്ഞാന ശേഖരം കൊണ്ട് നടന്നു ആ മഹാ മനീഷി. അക്ഷരങ്ങള്‍ ചേര്‍ത്തു വെച്ച ഗുരുകുല വാക്യങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ ഇടയനായിത്തീര്‍ന്നു ആ മഹാ പ്രതിഭ. കാലത്തിന്റെ നെഞ്ചിടിപ്പിന്റെ ആഴവും വേഗവും അളന്ന് വികസന സമൂഹത്തിന്റെ ഒറ്റപ്പെട്ട് പോവുമായിരുന്ന മുസ്്‌ലിം സമൂഹത്തെ കാേലകൂട്ടി കണ്ടറിഞ്ഞ് ഒരു മുഴം മുമ്പേ എറിഞ്ഞു മഹാ ഗുരു.
പരിഹാരങ്ങളില്ലാത്ത വേദനകളില്ലായിരുന്നു കൊടപ്പനക്കല്‍ മുറ്റത്ത്. എരിയുന്ന സങ്കടങ്ങളിലും ദഹിക്കാത്ത തര്‍ക്കങ്ങളിലും അനുരജ്ഞനത്തിന്റെ തെളിനീരൊഴിച്ചു മഹാനവര്‍കള്‍. ആശയാദര്‍ശങ്ങളില്‍ നിതാന്തശ്രദ്ധ പുലര്‍ത്തുമ്പോഴും കയറിയെത്തുന്ന പഥികള്‍ക്ക് സ്നേഹവസന്തമായി ഒരായുസ്സ് മുഴുവന്‍ പെയ്തു തീര്‍ത്തു ശിഹാബ് തങ്ങള്‍. അറിവും വിനയവും സമം ചേര്‍ന്നപ്പോള്‍ അശരണരും നിരാലംബരും നെഞ്ച് കൊണ്ടറിഞ്ഞു സയ്യിദ് കുടുംബത്തിന്റെ കരുണയും സ്നേഹവും.
വെറുപ്പും വിദ്വേഷവും വെടിഞ്ഞ് കാരുണ്യമാണ് കരണീയമെന്ന് കേരളീയ സമൂഹത്തെ ഉണര്‍ത്തിയ ശിഹാബ് തങ്ങള്‍ ചെറിയ പ്രായം തൊട്ടേ ഉത്തമസ്വഭാവത്തിനുടമയായിരുന്നു..
അല്‍-അസ്ഹര്‍ പഠനകാലത്തെ സഹപാഠികള്‍ ഇപ്പോഴും സ്മരിക്കാറുണ്ട് പ്രിയ ശിഹാബിന്റെ വ്യക്തിത്വവും സ്വഭാവവും. എന്നാല്‍ പൊതു സമൂഹത്തിന് സുപരിചിതനായ, സൗമ്യനായ തങ്ങള്‍ വളര്‍ന്ന് തുടങ്ങിയത് അവിടെ നിന്നായിരുന്നില്ല. എഴുപതുകള്‍ക്ക് ശേഷം കേരള മുസ്ലിം സമൂഹത്തിനെ വേദനയിലാഴ്ത്തിയ പൂക്കോയ തങ്ങളുടെ മരണ ശേഷം, മുസ്്‌ലിം സമൂഹത്തിന്റെ കാര്‍മ്മികത്വം വഹിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്ന ലീഗ് നേതാക്കള്‍ക്ക് മുന്നില്‍ ഉത്തരവാദിത്വ ബോധമോര്‍ത്ത് തങ്ങള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ അന്നായിരുന്നു അനിതരസാധാരണക്കാരനായ ആ നേതാവിന്റെ ജന്മം.
പ്രക്ഷുബ്ധവും അപരവല്‍കൃതവുമായിരുന്നു മുസ്്‌ലിം രാഷ്ട്രത്തെ നേരറിവിന്റെ ദിശയിലേക്ക് വിരല്‍ കാട്ടി നടത്തി വിനയാനിതനായ ശിഹാബ് തങ്ങള്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ വിദ്വേഷത്തില്‍ കുളിച്ച് നിന്നിരുന്ന മത സമൂഹങ്ങള്‍ക്കിടയില്‍ അസഹിഷ്ണുതയുടെ തീപ്പൊരിയെറിയരുതെന്ന് നിഷ്‌കര്‍ഷിച്ചു തങ്ങള്‍. അപാരമായ ദീര്‍ഘദൃഷ്ടിയുടെയും ജ്ഞാന സമ്പാദ്യത്തിന്റെയും വെളിച്ചത്തില്‍ തങ്ങള്‍ പൊഴിച്ച വചനമുത്തുകള്‍ അമൂല്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു ശേഷം വന്ന തലമുറകള്‍. മറ്റു സംസ്ഥാനങ്ങള്‍ വര്‍ഗീയ കലാപങ്ങളിലെരിയുമ്പോഴും കേരള സമൂഹത്തെ നാശത്തിന് വിട്ട് കൊടുക്കാതെ നെഞ്ചോട് ചേര്‍ത്തു മനുഷ്യത്വത്തിന്റെ കാവലാള്‍.
തിരസ്‌കരിക്കപ്പെട്ട സ്വസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അഹോരാത്രം പ്രവര്‍ത്തിച്ചപ്പോഴും ആശ്വാസം തേടിയെത്തുന്ന അന്യ മതസഹോദരങ്ങള്‍ക്ക് മുന്നില്‍ കൊടപ്പനക്കല്‍ തറവാടിന്റെ കവാടങ്ങള്‍ കൊട്ടിയടച്ചിട്ടില്ല.
മുസ്്‌ലിമും ഹിന്ദുവും എതിരെ നിന്ന തര്‍ക്കങ്ങളില്‍ തങ്ങള്‍ അവരുടെ നീതിക്ക് നേരെ കരിങ്കൊടി കാട്ടിയില്ല. പള്ളിപ്പറമ്പിലെ തേങ്ങ വീണ് വീടിന്റെ ഓട് സ്ഥിരമായി പൊട്ടുന്നുവെന്ന് പരാതി പറഞ്ഞ ഹിന്ദു സുഹൃത്തിന വീടിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യാനുള്ള പണം നല്‍കി അന്യ സമൂഹത്തെ തോള്‍ ചേര്‍ത്തു നിര്‍ത്തിയ തങ്ങള്‍ മതസൗഹാര്‍ദത്തിന്റെ പുതിയ കാവ്യങ്ങള്‍ രചിച്ചു.
തളിക്ഷേത്രത്തിന്റെ കവാടത്തിന് സാമൂഹികദ്രോഹികള്‍ തീയിട്ടപ്പോള്‍ ആ ജ്വാലകള്‍ സമുദായ സൗഹാര്‍ദത്തിന് നേരെ ആളിപ്പടരാതിരിക്കാന്‍ ഓടിയെത്തി പരിഹാരമരുളിയ തങ്ങള്‍ സഹാനുഭൂതിയുടെ പര്യായമായി മാറി.
രാവിലെ മുതല്‍ ജനനിബിഢമാകുന്ന വട്ടമേശക്ക് ചുറ്റും നീറുന്ന നൂറ് നൂറ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കല്‍പ്പിച്ചു തങ്ങള്‍. സൗമ്യനായ തങ്ങളുടെ പതിഞ്ഞ ശബ്ദങ്ങളിലും പൊതു സമൂഹം തിരിച്ചറിഞ്ഞിരുന്നു ആത്മീയമായ ആജ്ഞാശക്തിയെ. കടല്‍ കടന്നെത്തിയ വല്ല്യുപ്പമാരെപ്പോലെത്തന്നെ അദ്വിതീയമായ നേതൃത്വം കൊണ്ട് സാമുദായിക നന്മക്ക് ഊടും പാവും നെയ്തു വന്ദ്യനായ തങ്ങള്‍.
സമൂഹത്തിന്റെ നിഖില മേഖലകളില്‍ ഓടിയെത്തുമ്പോഴും സ്വന്തം കുടുംബത്തിന്റെ അവകാശങ്ങള്‍ക്ക് മുന്നില്‍ പുറം തിരിഞ്ഞ് നിന്നില്ല ശിഹാബ് തങ്ങള്‍. പിതാവിനെ കണ്ട് തന്നെയായിരുന്നു പുതിയ സന്തതികള്‍ വളര്‍ന്ന് വന്നത്. അമേരിക്കയിലേക്ക് ചികിത്സാവശ്യാര്‍ത്ഥം പോയിവന്നപ്പോഴേക്കും തന്റെ പ്രിയ സഹധര്‍മ്മിണി ലോകത്തോട് വിടപറഞ്ഞുവെന്നറിഞ്ഞപ്പോഴും കണ്ണീര്‍ പൊഴിച്ചില്ല നിസ്തുലനായ ആ കുടുംബനാഥന്‍. താന്‍ തളര്‍ന്ന് പോയാല്‍ വീട് മുഴുവന്‍ തകര്‍ന്ന് പോവുമെന്നറിഞ്ഞ തങ്ങള്‍ എല്ലാം ഉള്ളിലൊതുക്കി.
ഒരുപാട് ലോകം കണ്ട സയ്യിദവര്‍കള്‍ യാത്രയും വായനയും ഏറെ ഇഷ്ടപ്പെട്ടു. മറ്റുള്ളവരോടൊപ്പം സമ്പൂര്‍ണ്ണമായി ഇടപഴകി സമുദായ നേതാവ് സമുദായ സേവകനാണെന്ന മഹത് വചനത്തെ അനര്‍ത്ഥമാക്കി. അലിഫും ബാഉം മാത്രമറിഞ്ഞ സമുദായം അലിഫിന്റെ അജബുകളും ബാഇന്റെ ബഹ്‌റലുകളും കാണണമെന്ന് തങ്ങള്‍ ശഠിച്ചു. സി.എച്ചും ബാഫഖി തങ്ങളും ചെയ്തു നിര്‍ത്തിയിടത്തു നിന്ന് ഒട്ടും അമാന്തിക്കാതെ മുന്നേറിയ തങ്ങള്‍ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ അമരത്ത് നിന്ന് പുരോഗതിയുടെ നൗക തുഴഞ്ഞു. മുപ്പത്തിയഞ്ച് വര്‍ഷത്തെ ദീര്‍ഘമായ സേവനങ്ങള്‍ക്കിടയില്‍ വാക്കുകളിലും വരികളിലുമൊതുങ്ങാതെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അജയ്യനായി മുന്നേറി അദ്ദേഹം.
നിസ്വാര്‍ത്ഥവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പൊതുസമൂഹം തങ്ങള്‍ക്ക് അളവറ്റ സ്നേഹവും ആദരവും തിരിച്ചുനല്‍കി. പാക്കിസ്താന്റെ ഏതോ കോണിലെ ഒരു ഹോട്ടലിന്റെ ചില്ല് മേശക്കടിയില്‍ തങ്ങളുടെ ചിത്രം കണ്ട് അത്ഭുതപരതന്ത്രനായ ഒരു മലയാളി സുഹൃത്ത് പ്രസ്തുത ഹോട്ടല്‍ ഉടമയോട് നിങ്ങള്‍ക്ക് ഇദ്ദേഹത്തെ അറിയാമോ? എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞുവത്രെ: കൈ തുടക്കാന്‍ വേണ്ടി വച്ച കടലാസ് കഷ്ണങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന്റെ ചിത്രം കണ്ടപ്പോള്‍ വല്ലാത്തൊരു തേജസ്സ് തോന്നി ഞാന്‍ ആ ചിത്രം എടുത്തുവെച്ചു. രാഷ്ട്രീയമായ സ്ഥാനം കൊണ്ടും പ്രവര്‍ത്തി പരിചയം കൊണ്ടും ഏറെ ഇളയവനായിട്ടും സദസ്സിലേക്ക് കയറിവന്ന തങ്ങള്‍ക്കായി എഴുന്നേറ്റ് നിന്ന് കസേരയൊഴിഞ്ഞ് കൊടുക്കുന്ന സോണിയാ ഗാന്ധിയുടെ ചിത്രം രാഷ്ട്രീയ രംഗങ്ങളില്‍ തങ്ങള്‍ എത്രത്തോളം ആദരണീയനായിത്തീര്‍ന്നു എന്നതിന്റെ നിത്യ സാക്ഷ്യമാണ്.
മതവും രാഷ്ട്രീയവും രണ്ട് വഴികളിലായിട്ടും ഇരു രംഗങ്ങളും മനോഹരമായി കൈകാര്യം ചെയ്ത് ജാജ്വലനായി അദ്വിതീയനായ ശിഹാബ് തങ്ങള്‍ ഒരു തുള്ളി വെള്ളം ചോദിച്ചവര്‍ക്ക് ഒരു തെളിനീരുറവ പ്രദാനം ചെയ്തു തങ്ങള്‍...
സമാധാനത്തിന്റെ പുഷ്പങ്ങളന്വേഷിക്കുന്നവര്‍ക്കായി കാലങ്ങളൊരുപാട് മുമ്പേ മനുഷിത്വത്തിന്റെ പൂന്തോട്ടം നട്ടുപിടിപ്പിച്ചു തങ്ങള്‍. സ്‌നേഹം കൊണ്ട് സമൂഹത്തെ നയിച്ച് നല്ല നേതാവായി തങ്ങള്‍... ഇടറിവീഴുന്നിടത്ത് വീണ്ടുമെഴുന്നേറ്റ് നടക്കാന്‍ പ്രചോദനമായി തങ്ങള്‍.. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വെളിച്ചം അനുഭൂതികള്‍ക്കപ്പുറമെത്തിച്ച തങ്ങള്‍ ഇപ്പോഴും മലയാളി ഹൃദയങ്ങളില്‍ പ്രസന്നവദനനായി നിലനില്‍ക്കുന്നുണ്ട്.
Leave A Comment