മുഹമ്മദലി ക്ലേ: അമേരിക്കയില്‍ വംശീയതക്കെതിരെ 'മുഷ്ടി ചുരുട്ടിയ' ധീര മുസ്‌ലിം

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി എന്ന കാഷ്യസ് ക്ലേ വിമോചന ചിന്തയുടെ കത്തുന്ന ഒരുപിടി ജ്വാലകള്‍ പകര്‍ന്നാണ് യാത്രതിരിച്ചിരിക്കുന്നത്. തന്റെ 74 വര്‍ഷത്തെ ജീവിതത്തില്‍ ഒടുവിലത്തെ 32 വര്‍ഷം പാര്‍കിന്‍സണ്‍ രോഗം ബാധിച്ച് പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ അദ്ദേഹം നേടിയെടുത്ത ഖ്യാതിയും അംഗീകാരവും ഭൂഖണ്ഡങ്ങളെ ഭേദിക്കുന്നതായിരുന്നു. മൂന്നു തവണ ബോക്‌സിംഗില്‍ ഹെവി വെയ്റ്റ് ചാംപ്യന്‍ഷിപ്പ് നേടിയ ഒരു കലാകാരന്‍ എന്നതിലപ്പുറം അമേരിക്കയുടെ സാമൂഹിക രംഗത്തും മതകീയ രംഗത്തും രൂപപ്പെട്ടുവന്ന അധാര്‍മികതക്കും വിവേചനത്തിനുമെതിരെ ഖഡ്ഗമുയര്‍ത്തിയ ഒരു സമരനായകന്‍കൂടിയായിരുന്നു അദ്ദേഹം. ലോകത്ത് ആഘോഷിക്കപ്പെടാന്‍ മാത്രം മുഹമ്മദലിയെ വ്യതിരിക്തനാക്കിയതും ഈ ആക്ടിവിസമാണ്. ദി ഗ്രൈറ്റസ്റ്റ് എന്ന അപരനാമം അദ്ദേഹത്തിനു കൈവരുന്നതും മറ്റൊന്നുകൊണ്ടല്ല. 1942 ല്‍ അമേരിക്കയിലെ ലൂയിവില്ലയില്‍ കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റെയും ഒഡിസ ഗ്രേജിയുടെയും മൂത്ത പുത്രനായിട്ടാണ് കാഷ്യസ് ക്ലേയുടെ ജനനം. പന്ത്രണ്ടാം വയസ്സ് മുതല്‍ ജിംനാഷ്യത്തില്‍ പോയിത്തുടങ്ങി ബോക്‌സിംഗ് രംഗത്ത് ശ്രദ്ധേയനാവുന്നു. അല്‍ഭുതപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള വളര്‍ച്ച. വിസ്മയിപ്പിക്കുന്ന നേ്ട്ടങ്ങളുമായി ബോക്‌സിംഗ് രംഗത്ത് കീഴ്‌പ്പെടുത്താനാവാത്ത ക്രഡിറ്റുകളുടെ ഉടമയായി അദ്ദേഹം മാറി. തന്റെ 19 ാം വയസില്‍ 1960 ലെ റോം ഒളിംപിക്‌സില്‍ ലൈറ്റ് ഹെവിവെയ്റ്റ് ബോംക്‌സിംഗില്‍ സ്വര്‍ണം നേടി. 1964 ല്‍ ലോക ചാംപ്യനായി ഒന്നാം സ്ഥാനത്തുവന്നു. പിന്നീട് ചിലപ്പോഴൊക്കെ കീഴ്‌പെടുത്തപ്പെട്ടുവെങ്കിലും രണ്ടു തവണകൂടി ബോക്‌സിംഗ് രംഗത്തെ ലോക ചാംപ്യന്‍ഷിപ്പ് പട്ടം അദ്ദേഹം എടുത്തണിഞ്ഞു. കായിക പോരാട്ട രംഗത്തെ അദ്ദേഹത്തിന്റെ ഐതിഹാസിക കുതിപ്പ് ഇങ്ങനെയാണ് പോകുന്നത്.

പോരാട്ടത്തിന്റെ ഇതര വഴികളില്‍

ഇടിക്കൂടിനപ്പുറം കറുത്ത വര്‍ഗക്കാരായ തന്റെ സമുദായം നേരിട്ടിരുന്ന വംശീയ വിവേചനത്തിനും മതകീയ ചൂഷണങ്ങള്‍ക്കുമെതിരെ ധീരതയോടെ നിലകൊണ്ടു മുഹമ്മദലി. 1964 ല്‍ മതം മാറി ഇസ്‌ലാമിലേക്കു കടന്നുവരികയും മുഹമ്മദലി എന്ന പേര് സ്വീകരിക്കുകയും ചെയ്തതുതന്നെ ഈ സധീരമായ പോരാട്ടത്തിന്റെ ഒന്നാമത്തെ ചുവടായിരുന്നു. ഇത് അമേരിക്കയില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വലിയൊരു അഭിമാനമാണ് കൈവരുത്തിയത്. തുടര്‍ന്ന്, അമേരിക്കയില്‍ മാത്രമല്ല, കൊളോണിയലാനന്തര ലോകത്തുതന്നെ അദ്ദേഹം മുസ്‌ലിംകളുടെ ഒരു ഹീറോയായി മാറി. 1967 ലെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ ആവശ്യമുയര്‍ന്നപ്പോള്‍ 'പാവപ്പെട്ട ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന്' തുറന്നു പ്രഖ്യാപിച്ച് അമേരിക്കന്‍ യുദ്ധനയങ്ങളെ ചോദ്യം ചെയ്ത് പുറത്തുവരുന്നതോടെയാണ് പോരാട്ട വഴിയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനാകുന്നത്. ഇതുമൂലം താന്‍ അഴികള്‍ക്കുള്ളില്‍ അകപ്പെടുമെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഒരു വിയറ്റ്‌നാം കാരനും തന്നെ കറുത്ത വര്‍ഗക്കാരാ എന്നു വിളിച്ചിട്ടില്ലെന്നും അതിനാല്‍ താന്‍ അവര്‍ക്കെതിരെ യുദ്ധത്തിനു തയ്യാറല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം ഇന്നും അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖിതമാണ്: ''അമേരിക്കക്കുവേണ്ടി പാവപ്പെട്ടവരും കറുത്തവരുമായ വിയറ്റ്‌നാമിലെ സ്വന്തം സഹോദരങ്ങള്‍ക്കെതിരെ യുദ്ധത്തിനു പോകാന്‍ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. അവര്‍ക്കുനേരെ എന്തിനു ഞാന്‍ നിറയൊഴിക്കണം? അവര്‍ എന്നെ നീഗ്രോ എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ല.

കടിക്കുന്ന നായയെ വിട്ട് എന്നെ അക്രമിച്ചിട്ടില്ല. ദേശീയതയുടെ പേരില്‍ അവരെന്നെ പിച്ചിച്ചീന്തിയിട്ടില്ല. അവരെന്റെ മാതാവിനെയോ പിതാവിനെയോ വ്യഭിചരിക്കുകയോ വധിക്കുകയോ ചെയ്തിട്ടില്ല. പിന്നെന്തിന് ഞാനവര്‍ക്കുനേരെ തോക്കുയര്‍ത്തണം? എങ്ങനെയാണ് എനിക്കതിന് സാധിക്കുക? ഇല്ല., എന്നെ നിങ്ങള്‍ തുറുങ്കിലടക്കുക. ഞാനതിന് തയ്യാറല്ല.'' അമേരിക്കയുടെ കണ്ണ് തുറപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്. ഇത് അമേരിക്കന്‍ ഭരണ കായിക രംഗത്ത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റും ബോക്‌സിംഗ് അസോസിയേഷനും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇതിന്റെ പ്രതികാരമെന്നോണം ന്യൂയോര്‍ക്ക് സ്‌റ്റെയ്റ്റ് അത്‌ലെറ്റിക് കമ്മീഷന്‍ അദ്ദേഹത്തിന്റെ ബോക്‌സിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചാംപ്യന്‍ പട്ടം പിന്‍വലിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം തടവിനും പതിനായിരം ഡോളര്‍ പിഴയടക്കാനും അദ്ദേഹം വിധിക്കപ്പെട്ടു. ജാമ്യത്തിലിറങ്ങിയതോടെ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കപ്പെടുകയും അമേരിക്കല്‍ ഫൈറ്റ് നടത്താനുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയും ചെയ്തു. 1970 വരെ ഈ വിലക്കുകളെല്ലാം നിലനിന്നിരുന്നു. ഇതിനെയെല്ലാം കവച്ചുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സമര പോരാട്ടങ്ങള്‍. വിയറ്റ്‌നാം സംഭവം അലിയുടെ കരിയറില്‍ വലിയൊരു ആഘാതം തന്നെ സൃഷ്ടിക്കുകയായിരുന്നു.

തന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ പ്രധാനപ്പെട്ട മൂന്നു വര്‍ഷങ്ങള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുവന്നെങ്കിലും അത്രമാത്രം പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞഇരുന്നില്ല. എന്നാലും, വംശീയതക്കും വിവേചനത്തിനുമെതിരെ പോരാടാനുള്ള ആവേശം ആളുകളിലേക്ക് പകര്‍ന്നുനല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതോടെ കറുത്ത വര്‍ഗക്കാരുടെ ഹീറോയായി മുഹമ്മദലി മാറി. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുളള ഒരു നിലക്കാത്ത ശബ്ദമായി അദ്ദേഹം നിലകൊണ്ടു. ന്യൂനപക്ഷാവകാശങ്ങളെ എന്നും ഉയര്‍ത്തിപ്പിടിക്കാനും അതിനുവേണ്ടി ഏതറ്റംവരെ പോകാനും അദ്ദേഹം നിലകൊണ്ടു. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പോലും അദ്ദേഹം രംഗത്തുവരികയുണ്ടായി.

ഇസ്‌ലാമാശ്ലേഷം ഒരു മോചന വഴി

അമേരിക്കയില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന വംശീയ വിവേചനത്തിനെതിരെയുള്ള ധീരമായ സമരപ്രഖ്യാപനമായിരുന്നു മുഹമ്മദലിയുടെ ഇസ്‌ലാമാശ്ലേഷം. 1964 ല്‍ സോണി ലിക്‌സനെ തോല്‍പിച്ച് ലോക ഹെവിവെയ്റ്റ് ചാംപ്യനായതിന്റെ പതിനെട്ടാം ദിവസമായിരുന്നു ഈ പ്രഖ്യാപനം. 'ഇന്നു മുതല്‍ ഞാന്‍ മുസ്‌ലിമാണ്. ഇനി ഞാന്‍ മുഹമ്മദലി ക്ലേയായിരിക്കും' എന്ന പ്രഖ്യാപനം ഒരു മഹാല്‍ഭുതമായാണ് ലോകംതന്നെ ശ്രവിച്ചത്. അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും കറുത്തവര്‍ഗക്കാരുടെ മോചന പോരാളിയുമായിരുന്ന മാര്‍ക്കം എക്‌സായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ അദ്ദേഹത്തിന്റെ നേഷന്‍ ഓഫ് ഇസ്‌ലാം (NOI) എന്ന മൂവ്‌മെന്റിലൂടെയാണ് അദ്ദേഹം ഇസ്‌ലാമിലേക്കു കടന്നുവരുന്നത്.

1972 ല്‍ അദ്ദേഹം തന്റെ ആദ്യ ഹജ്ജ് നിര്‍വഹിച്ചു. വിവിധ മുസ്‌ലിം പണ്ഡിതരുമായി ബന്ധം നിലനിര്‍ത്തുകയും തന്റേയായ വഴികളൂടെ ദഅവാ (പ്രബോധന) പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ, അമേരിക്കയിലെ ധീരനായ ആദ്യ മുസ്‌ലിം എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ മുസ്‌ലിംകള്‍ക്ക് ആത്മാഭിമാനം പകരാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായിട്ടുണ്ട്. രോഗം ബാധിച്ച് തന്റെ കരിയറില്‍നിന്നും വിട്ടുനിന്നപ്പോഴും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും പ്രവര്‍ത്തനങ്ങളും. അതുകൊണ്ടുതന്നെ, ഒരു കായിക താരത്തിന്റെ വിയോഗം എന്നതിലപ്പുറം അമേരിക്കയില്‍ ന്യൂനപക്ഷള്‍ക്ക് ആത്മാഭിമാനം പകര്‍ന്ന ശക്തനായൊരു പ്രവര്‍ത്തകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്റെ പോരാട്ടങ്ങളിലൂടെയും ഇസ്‌ലാമാശ്ലേഷത്തിലൂടെയും അദ്ദേഹം തീര്‍ത്ത പ്രതിരോധ വഴികള്‍ എന്നും ചിന്തോദ്ദീപകമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter