മുഹമ്മദ് ത്വാഹിര്‍ ബിന്‍ ആശൂര്‍: മഖാസ്വിദിന്റെ രണ്ടാം പിതാവ്

ആധുനിക ലോകത്തോട് ഫലപ്രദമായി സംവദിക്കാനുതകുന്ന രീതിയില്‍, മതഭൗതിക വൈജ്ഞാനിക മേഖലകളില്‍ നൂതന സംവിധാനങ്ങളുടെ പുത്തൻ മേച്ചില്‍ പുറങ്ങള്‍ പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിക്കൊടുത്ത ആധുനിക മുസ്‍ലിം പണ്ഡിത പ്രതിഭയാണ് മുഹമ്മദ് ത്വാഹിര്‍ ബിന്‍ആശൂര്‍. ആധുനിക കാലത്ത് വാതോരാചര്‍ച്ചകള്‍ക്ക് വഴി തുറന്ന മഖാസ്വിദുശ്ശരീഅയുടെ അല്‍അബുസ്സാനി (രണ്ടാം പിതാവ്) എന്ന പേരിലും ഇദ്ദേഹം പ്രസിദ്ധനാണ്.

1879 സെപ്റ്റംബറില്‍ ടുണീഷ്യയുടെ തലസ്ഥാന നഗരിയായ മാര്‍സയില്‍, സ്പെയിനിലെ സുപ്രധാന പുരാതന രാഷ്ട്രീയ കുടുംബത്തിലായിരുന്നു ബിന്‍ആശൂറിന്റെ ജനനം. പിന്നീട് പിതാവും കുടുംബവും ടുണീഷ്യയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

ബാല്യകാലവും പഠനവും 

വൈജ്ഞാനിക മേഖലയിലും ശാസ്ത്ര മേഖലയിലും നൈപുണ്യം പ്രകടിപ്പിച്ച കുടുംബമായതിനാല്‍ തന്നെ, ത്വാഹിറിനെ ചെറുപ്പകാലം തൊട്ടേ അതേ ചിട്ടയില്‍ വളര്‍ത്താന്‍ പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. പിതാവ് അംര്‍ ബിന്‍ ആശൂര്‍ അക്കാലത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. ത്വാഹിറിന്റെ പ്രഥമ ഗുരുവര്യനും വന്ദ്യപിതാവ് തന്നെയായിരുന്നു.

ആറാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയതോടൊപ്പം ടുണീഷ്യയിലെ പ്രധാന പണ്ഡിതന്മാരില്‍ നിന്നും ഉസൂലുദ്ദീനും മറ്റും പഠിച്ചെടുത്തു. 1893ല്‍ ടുണീഷ്യയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ സൈതൂനാ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിക്കുകയും തുടര്‍ന്ന് പ്രധാന മതഭൗതിക പണ്ഡിതന്മാരില്‍ നിന്നും ഖുര്‍ആന്‍, ഹദീസ്, താരീഖ്, ഫറാഇദ്, ബലാഗ, മന്‍ത്വിഖ്, നഹവ് തുടങ്ങി അനേക വിജ്ഞാന ശാഖകള്‍ കരസ്ഥമാക്കുകയും ചെയ്തു. മാലികീ മദ്ഹബിലെ കര്‍മ്മ ശാസ്ത്രവും നിദാന ശാസ്ത്രവും കൃത്യമായി പഠിച്ച അദ്ദേഹം തന്‍റെ പ്രധാന അധ്യാപകനായ അഹ്മദ് ബിൻവിനാസ് അല്‍മഹ്മൂദിയില്‍ നിന്നും ഫ്രഞ്ച് ഭാഷാപരിജ്ഞാനവും കൈവരിച്ചു.

അല്‍ശൈഖ് മുഹമ്മദ് ബിന്‍നജ്ജാര്‍, അല്‍ശൈഖ് അല്‍സാലിം അബൂ ഹാജിബ്, അല്‍ശൈഖ് മുഹമ്മദ് അല്‍നഖ്ലി, മുഹമ്മദ് ബിന്‍യൂസുഫ് തുടങ്ങിയവരാണ് ബിന്‍ആശൂറിന് വിജ്ഞാന മേഖലകളിലേക്കുള്ള ചവിട്ടുപടികള്‍ കയറാന്‍ ധൈഷണിക ബോധം നല്‍കിയത്. ഗുരുവിന്‍റെ നാവില്‍ നിന്നും ഉതിര്‍ന്ന് വീഴുന്ന ഒരോ വജ്രമുത്തുകളും സസൂക്ഷ്മം വീക്ഷിച്ചത് കൊണ്ടും കൂര്‍മ്മ ബുദ്ധിയോടെ മനസ്സിലാക്കിയത് കൊണ്ടും മഹാന്‍റെ മുന്നോട്ടുള്ള കുതിപ്പിന് യാതൊരു കിതപ്പും വന്നില്ല. പുത്തനാശയക്കാരുടെയും നിരീശ്വരവാദികളുടെയും പൊള്ളയായ വാദങ്ങള്‍ക്കെതിരെ ഇസ്‍ലാമിന്‍റെയും അഹലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെയും ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കൃത്യമായ മറുപടിയുമായി എതിരാളികളെ അദ്ദേഹം തുരത്തി. വിശുദ്ധ ദീനിന്‍റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങളെ നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ട് ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അദ്ദേഹത്തിന് സാധിച്ചു.

സേവനങ്ങള്‍ 

ത്വാഹിര്‍ ബിന്‍ആശൂര്‍ ഉപരിപഠനത്തിന് ശേഷം സൈതൂനാ സര്‍വ്വകലാശാലയില്‍ പ്രൊഫസറായും അതേ സമയം സ്വാദിഖിയ്യ കോളേജില്‍ അധ്യാപകനായും ആദ്യ കാലങ്ങളില്‍ സേവനം അനുഷ്ഠിച്ചു. രാജ്യത്തെ ഉയര്‍ന്ന പണ്ഡിതൻ എന്ന നിലയില്‍ സ്വന്തം രാജ്യത്തെ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും അവ നടപ്പില്‍ വരുത്തുന്നതിലും വലിയ പങ്ക് വഹിച്ചു. 1907ല്‍ സൈതൂന സര്‍വ്വകലാശാലയില്‍ സയന്റിഫിക്ക് കൗണ്‍സിലിലെ ഡെപ്യൂട്ടിയായി നിയമിക്കപ്പെട്ടു. 1910ല്‍ സര്‍വ്വകലാശാലയിലെ പ്രഥമ വിദ്യാഭ്യാസ പരിഷ്കരണ സമിതിയില്‍ മുതിര്‍ന്ന അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1911ല്‍ റിയല്‍ എസ്റ്റേറ്റ് കോടതിയില്‍ ജുഡീഷ്യറി അംഗമായി ചേര്‍ന്ന് കാലങ്ങളോളം നിയമ മേഖലയില്‍ തുടര്‍ന്ന അദ്ദേഹം 1924ല്‍ സൈത്തൂനയിലെ രണ്ടാം പരിഷ്കരണ സമിതിയിലെയും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അവിടത്തെ പ്രധാന ശൈഖായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം കൊണ്ട് വന്ന ചില പരിഷ്കരണങ്ങളോടുള്ള മറ്റു അധ്യാപകരുടെ വിയോജിപ്പ് കാരണം രാജിവെച്ചു. പക്ഷെ, 1945ല്‍ വീണ്ടും സൈത്തൂനയിലെ പ്രധാന ശൈഖായി നിയമിക്കപ്പെടുകയും തദവസരം വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക ഉന്നമനത്തിന് വേണ്ടി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അദ്ദേഹം വലിയ രീതിയിലുള്ള പരിഷ്കരണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. അദ്ദേഹത്തിന് 1968ല്‍ ഓര്‍ഡര്‍ ഓഫ് കള്‍ച്ചറല്‍ മെറിറ്റും സ്റ്റേറ്റ് അപ്രസിസെഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കര്‍മ്മ ശാസ്ത്ര മേഖലയിലെ സേവനങ്ങള്‍
 
മുഹമ്മദ് ത്വാഹിര്‍ ബിൻആശൂര്‍ മതഭൗതിക വൈജ്ഞാനിക മേഖലയില്‍ നിസ്തുല പ്രതിഭയായതിനാൽ കര്‍മ്മ ശാസ്ത്രത്തിലും തന്റെ അതുല്ല്യ കഴിവ് കൊണ്ടും പാണ്ഡിത്യം കൊണ്ടും മികവ് പുലര്‍ത്തി. ഇസ്‍ലാമിന്റെ വിധി വിലക്കുകള്‍ക്കെതിരെയുള്ള സര്‍വ്വ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ത്തു. സൈത്തൂന സര്‍വ്വകലാശാലയില്‍ നിന്നും മാലികി മദ്ഹബിലെ കര്‍മ്മനിദാന ശാസ്ത്രം പഠിച്ച് ചെറുപ്പത്തില്‍ തന്നെ ഫത്‌വ നല്‍കല്‍ കൊണ്ട് ജനപ്രീതി കൈവരിച്ചത് കൊണ്ട് തന്നെ മാലികി മദ്ഹബിലെ പ്രധാന പണ്ഡിതനായും 1923ല്‍ മുഫ്തിയായും നിയമിക്കപ്പെട്ടു. പിന്നീട്, 1924ല്‍ മാലികി മദ്ഹബിലെ ചീഫ് മുഫ്ത്തിയായും തിരഞ്ഞെടുക്കപ്പെട്ടു.

ആശങ്ക പൂണ്ട ജനങ്ങള്‍ക്ക് അസാധാരണ മറുപടികള്‍ നല്കി ശ്രദ്ധയാര്‍ജിച്ചത്കൊണ്ട് തന്നെ 1932ല്‍ മാലികി മദ്ഹബിലെ ശൈഖുല്‍ ഇസ്‍ലാം എന്ന സ്ഥാനപ്പേരില്‍ അദ്ദേഹം അറിയപ്പെട്ടു. 1960ല്‍ സൈത്തൂനയില്‍ അശ്ശരീഅതു വ ഉസൂലുദ്ദീന്‍ എന്ന ഡിപ്പാര്‍ട്ട്മെന്‍റിലെ ഡീനായും നിയമിക്കപ്പെട്ടിട്ടുണ്ട്.

മഖാസ്വിദിന്‍റെ രണ്ടാം പിതാവ് 

മഖാസ്വിദിന്റെ വളര്‍ച്ചയില്‍ അനല്‍പമായ പങ്കുവഹിച്ച പണ്ഡിതന്മാര്‍ കടന്നു വരുന്നത് ഹിജ്റ അഞ്ചാം നൂറ്റാണ്ട് മുതലാണ്. ഇസ്‍ലാമിക നിയമങ്ങള്‍ക്ക് പിറകിലുള്ള യുക്തികള്‍ ചികഞ്ഞെടുക്കുന്നതിനപ്പുറം മഖാസ്വിദിനെ വ്യവസ്ഥാപിതമായി ചര്‍ച്ചചെയ്യുകയും താത്ത്വികമായി അവതരിപ്പിക്കുകയും ചെയ്ത നിരവധി മുന്‍കാല പണ്ഡിതന്മാരുണ്ട്. അവരില്‍ പ്രധാനികളായ ഇമാമുല്‍ ഹറമൈനി അല്‍ജുവൈനി, അല്‍ഗസ്സാലി, ഇസ്സുബ്നുഅബ്ദിസലാം, ശാത്വിബി, ശാഹ് വലിയുള്ളാഹ് അദ്ദഹ്‍ലവി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ മഖാസ്വിദിലുള്ള സംഭാവനകള്‍ അതുല്ല്യമാണ്. പക്ഷേ, ഇതിനു ശേഷം ഈ മേഖലയിലുള്ള പഠനങ്ങളും രചനകളും കുറവായിരുന്നു. പിന്നീട് ആധുനിക പണ്ഡിതന്മാരാണ് ഈ മേഖലയില്‍ ചലനം സൃഷ്ടിക്കുന്നത്. മഖാസ്വിദ് പഠനങ്ങളുടെ വളര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധേയമായ കാലഘട്ടമാണ് ആധുനിക കാലഘട്ടം. വിസ്മൃതിയിലായിരുന്ന ശരീഅത്തിന്‍റെ പൊരുളുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടത് ആധുനിക പണ്ഡിതന്മാരുടെ രചനകളിലൂടെയാണ്. ഇവയില്‍ പ്രഥമസ്ഥാനിയാണ് മുഹമ്മദ് ത്വാഹിര്‍ ബിന്‍ആശൂര്‍. അത് കൊണ്ട് തന്നെ, മഖാസ്വിദിന്‍റെ രണ്ടാം പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

1947ല്‍ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്‍റെ മഖാസ്വിദുശ്ശരീഅത്തില്‍ ഇസ്‍ലാമിയ്യ എന്ന ഗ്രന്ഥമാണ് ആധുനിക മഖാസ്വിദിന്റെ ചര്‍ച്ചകള്‍ക്ക് ബീജാവാപം നല്‍കിയത്. ശരീഅത്തിന്‍റെ പൊതുലക്ഷ്യങ്ങളും (അല്‍മഖാസ്വിദുല്‍ ആമ്മ), ഇടപാട്, കുടുംബ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ലക്ഷ്യങ്ങളും (അല്‍മഖാസ്വിദുല്‍ ഖാസ്സ) അദ്ദേഹം അപഗ്രഥിച്ചു. ഇതിന് പുറമെ മഖാസ്വിദ് വീക്ഷണ കോണിലൂടെ ഖുര്‍ആനെ വ്യാഖ്യാനിക്കുന്ന അദ്ദേഹത്തിന്‍റെ തഫ്സീറുത്തഹ്‍രീരി വത്തന്‍വീര്‍ ഈ മേഖലയിലെ പുത്തൻ ചുവടുവെപ്പയിരുന്നു. ഖുര്‍ആനിക ലക്ഷ്യങ്ങളെ പൊതുവായതും പ്രത്യേകമായതും ഭാഗികമായതും എന്നിങ്ങണെ മൂന്നായി തിരിച്ച് അദ്ദേഹം വിശദീകരിച്ചു. ആധുനിക യുഗത്തില്‍ ഈ ഗ്രന്ഥം ഖുര്‍ആന്‍ മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാന റഫറന്‍സുകളില്‍ ഒന്നായി എണ്ണപ്പെടുന്നു. ഇതില്‍ അദ്ദേഹം മുന്‍ കഴിഞ്ഞ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന് പകരം യഥാര്‍ത്ഥവും ഉത്സാഹഭരിതവുമായ ആശയങ്ങള്‍ കൊണ്ടുവന്നു. ഈ ഗ്രന്ഥം 1956ല്‍ ടുണീഷ്യയിലും 1965, 1966ലായി കെയ്റോയിലും പ്രസിദ്ധീകരിച്ച ശേഷം 15 വാള്യങ്ങളായി പുറത്തിറങ്ങി.

മഖാസ്വിദ് പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരിക്കാൻ അതിനെ ഒരു സ്വതന്ത്ര പഠന മേഖലയായി പരിഗണിക്കണമെന്നുള്ള ഇബ്നുആശൂറിന്‍റെ വാദം ഏറെ വിമര്‍ശിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മഖാസ്വിദ് കാഴ്ച്ചപ്പാടുകളെ വിശദാമാക്കുന്ന നിരവധി പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്.

ഗ്രന്ഥങ്ങള്‍ 
ത്വാഹിര്‍ ബിന്‍ആശൂര്‍, വിശുദ്ധ ദീനിന്‍റെ ആശയങ്ങള്‍ വാനോളം ഉയർത്താൻ നീണ്ട തൊന്നൂറ്റി നാല് വര്‍ഷത്തെ പ്രയാണത്തിനിടയില്‍ ഒട്ടനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രചനാ ലോകം രണ്ട് വിഭാഗങ്ങളായി തരം തിരിക്കാം.

ഒന്ന്: ഇസ്‍ലാമിക ശാസ്ത്ര രചനകള്‍. ഇസ്‍ലാമിക മേഖലയുമായി ബന്ധപ്പെട്ട് ധാരാളം രചനകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. നിദാന ശാസ്ത്രത്തില്‍ അല്‍തൗളീഹു വല്‍തസ്ഹീഹു ഫീ ഉസൂലില്‍ഫിഖ്ഹ് എന്ന ഗ്രന്ഥവും വിശ്വവിഖ്യാതമായ ഇമാം മാലിക്(റ)ന്റെ മുവത്വ എന്ന ഗ്രന്ഥത്തിന്‍റെ വിശദീകരണമായിട്ട് കശ്ഫുല്‍മുഗത്വ ഫി അഹാദീസില്‍മുവത്വ എന്ന ഗ്രന്ഥവും ചരിത്രപരമായി അല്‍വഖ്ഫു വആസാറുഹു ഫില്‍ഇസ്‍ലാം എന്ന ഗ്രന്ഥവും രചിച്ചു. ഇതിനു പുറമെ ഈ മേഖലയില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

രണ്ട്- അറബി ഭാഷ സാഹിത്യ രചനകള്‍: അറബി ഭാഷയെ കുറിച്ചും അതിലെ സാഹിത്യ വശങ്ങളെ കുറിച്ചും പ്രധാന അറബി സാഹിത്യകാരന്മാരുടെ രചനകളെ കുറിച്ചും താഹിര്‍ ബിന്‍ആശൂര്‍ രചനകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ പ്രധാനമായും ഗറാഇബുല്‍ ഇസ്തിഅ്മാല്‍, ഉസൂലുല്‍ ഇന്ശാഇ വല്‍ഖിതാബ, മൂജസുല്‍ബലാഗ, ശറഹുമുഅല്ലക്കതി ഇംരിഇല്‍ഖൈസ് തുടങ്ങിയവയാണ്. ഇതിന് പുറമെ ധാരാളം ഗ്രന്ഥങ്ങള്‍ ഈ മേഖലയിലും രചിച്ചട്ടുണ്ട്.

ഗ്രന്ഥ രചനക്ക് പുറമെ ധാരാളം ദിന പത്രങ്ങളും മാസികകളും അദ്ദേഹം സംഭാവന ചെയ്തു. അസ്സആദത്തുല്‍ ഉള്മ, അല്‍മജല്ലത്തു സൈത്തൂനിയ്യ തുടങ്ങി ശാസ്ത്ര ജേര്‍ണലുകള്‍ തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു.

മരണം 

പുണ്യ ദീനിന്‍റെ നിസ്വാര്‍ത്ഥ സേവനത്തിനൊടുവില്‍ 1973ല്‍ ഓഗസ്റ്റ് 12ന് 94-ാം വയസ്സില്‍ ടുണീഷ്യയുടെ തലസ്ഥാന നഗരിയായ മാര്‍സയില്‍ മഹാന്‍ വഫാത്തായി. 94 വര്‍ഷത്തെ ജീവിതത്തിനിടയില്‍ വിശുദ്ധ ദീന്‍ അതിന്‍റെ തനിമയോടെ നില നിറുത്തുകയും വിശ്വമതത്തിന്‍റെ നിയമങ്ങള്‍ തകര്‍ക്കാന്‍ വന്ന പുത്തനാശയക്കാര്‍ക്ക് ശക്തമായ രീതിയില്‍ തന്റെ എഴുത്തിലൂടെയും പ്രാഷണങ്ങളിലൂടെയും ദിശാബോധം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ നാമവും ഗ്രന്ഥങ്ങളും ഇന്നും പൂര്‍വ്വോപരി ശ്രദ്ധിക്കപ്പെടാന്‍ കാരണം വ്യത്യസ്തമായ ശൈലിയില്‍ ആഴത്തിലുള്ള വിശകലനവും ശാസ്ത്രീയ ചിന്തകളും ഉള്‍പ്പെടുത്തി എന്നതുകൊണ്ട് കൂടിയാണ്. പുതുതലമുറക്ക് ഉതുകുന്ന വിധത്തില്‍ ഇസ്‍ലാമിക നിയമങ്ങള്‍ക്ക് പോറലേല്‍ക്കാത്ത വിധം നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ആകര്‍ഷകമാക്കുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ മരണ ശേഷം പിതാവിന്‍റെ അതേ സല്‍സരണി പിന്തുടര്‍ന്ന മകന്‍ മുഹമ്മദ് അല്‍ഫാദില്‍ ബിന്‍ആശൂറും ടുണീഷ്യയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ മതപണ്ഡിതനായി അറിയപ്പെട്ടു. മുഹമ്മദ് ത്വാഹിര്‍ ബിന്‍ആശൂര്‍ 1973ല്‍ വഫാത്തായെങ്കിലും ഇന്നും ധാരാളം പുസ്തകങ്ങള്‍ കൊണ്ടും റഫറന്‍സുകള്‍ കൊണ്ടും സമ്പന്നമായ ഒരു ലൈബ്രററി അദ്ദേഹത്തിന്റെ നാമത്തില്‍ ടുണീഷ്യയുടെ തലസ്ഥാന നഗരിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter