അബ്ദുല്‍ മലിക് ബിന്‍മര്‍വാന്‍
അബ്ദുല്‍ മലിക് ബിന്‍മര്‍വാന്‍ (ഹി 26-86, ക്രി 646-705)- അമവീ ഭരണകര്‍ത്താക്കളിലെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ നാമം ഇന്നും ചരിത്രമോര്‍ക്കുന്നത് അതീവ ഉള്‍പുളകത്തോടെയാണ്. വിജ്ഞാനത്തിന്റെയും ഭരണത്തിന്റെയും തലസ്ഥാനനഗരിയായി ഡമസ്കസ് പരിലസിച്ചത് അക്കാലത്തായിരുന്നു. ഹിജ്റ 24ല്‍ ജനിച്ച അദ്ദേഹം വളര്‍ന്നത് മീദനയിലായിരുന്നു. അത്കൊണ്ട്തന്നെ ചെറുപ്പത്തിലേ മതവിജ്ഞാനം കരസ്ഥമാക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. സാഹിത്യമേഖലയിലും പ്രസംഗപാടവത്തിലും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രസ്താവ്യം തന്നെ. ഹിജ്റ 65ലാണ് അദ്ദേഹം അധികാരമേല്‍ക്കുന്നത്. അപ്പോള്‍ 39 വയസ്സായിരുന്നു അദ്ദേഹത്തിന്. രാഷ്ട്രീയമായി ഏറെ അസ്വസ്ഥമായിരുന്നു മുസ്ലിം ലോകം അന്ന്. അബ്ദുല്ലാഹിബ്നുസ്സുബൈര്‍ (റ)ന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു മറുപക്ഷം അന്ന് പലയിടത്തും അധികാരം കൈയ്യാളിയിരുന്നു. ഹജ്ജാജുബ്നുയൂസുഫിനെ നിയോഗിച്ച് എല്ലാ പ്രദേശങ്ങളും അമവീ ഭരണത്തിന് കീഴിലാക്കുന്നതില്‍ അബ്ദുല്‍മലിക് വിജയിക്കുക തന്നെ ചെയ്തു. രാഷ്ട്രവികസനത്തോടൊപ്പം മതപ്രബോധനത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നല്കി. പണ്ഡിതരെയും ചിന്തകരെയും പ്രത്യേകം ആദരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്തു.
അതോടെ പല ഭാഗത്ത് നിന്നും വിജ്ഞാനപടുക്കളും കുതുകികളും ഡമസ്കസിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഭരണ തലസ്ഥാനമായ ഡമസ്കസ് അതോടെ വൈജ്ഞാനികസിരാകേന്ദ്രം കൂടിയായിമാറി. ദൈനംദിനം വികസിച്ചുകൊണ്ടിരുന്നപ്പോഴും രാഷ്ട്രത്തിന്റെ അതിര്‍ത്തിസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അബ്ദുല്‍മലിക് പ്രത്യേകം ശ്രദ്ധിച്ചു. അമൂരിയ, അന്താക്കിയ തുടങ്ങിയ ഒട്ടേറെ തന്ത്രപ്രധാന സ്ഥലങ്ങളും കോട്ടകളും ഇസ്ലാമികരാഷ്ട്രത്തിന്റെ ഭാഗമായി മാറിയത് അക്കാലത്തായിരുന്നു. പ്രഗല്‍ഭ വ്യക്തിത്വങ്ങളെ വിളിച്ച്ചേര്‍ത്ത് അവരുടെ നിര്‍ദ്ദേശാനുസരണം തന്ത്രപ്രധാനമായ പല പരിഷ്കാരങ്ങളും അദ്ദേഹം നടപ്പിലാക്കി. ആദ്യമായി മുസ്ലിം ലോകത്ത് സ്വന്തമായി നാണയം അടിക്കുന്നത് അദ്ദേഹമാണ്. ബൈസന്റൈന്‍ ദീനാര്‍ തുടങ്ങിയ ഇതര നാണയങ്ങളെ ആശ്രയിച്ച് നിലകൊണ്ടിരുന്ന ഇസ്ലാമിക സമ്പല്‍വ്യവസ്ഥ അതോടെ സ്വതന്ത്രമായി നിലകൊണ്ടു. രാഷ്ട്രീയ അസ്വസ്ഥകളെ മുഴുവനും വേണ്ടവിധം നിയന്ത്രിക്കുവാനും ഇസ്ലാമിക രാഷ്ട്രം സുശക്തമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അത്കൊണ്ട് തന്നെ, ചരിത്രം അദ്ദേഹത്തെ വിളിച്ചത് അമവീഭരണത്തിന്റെ രണ്ടാം സ്ഥാപകന്‍ എന്നാണ്. 21 വര്‍ഷം അഭിമാനപൂര്‍ണ്ണമായ ഭരണം നടത്തിയ അദ്ദേഹം ഹിജ്റ 86ല്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ തന്റെ നാഥനിലേക്ക് മടങ്ങി. പ്രധാന ഭരണനേട്ടങ്ങള്‍:
- മുസ്ഹഫിലെ അക്ഷരങ്ങള്‍ക്ക് കുത്തുകളിട്ടത് ഇക്കാലത്തായിരുന്നു
- അമവീ നാണയത്തില്‍ തന്റെ പേര് അടിച്ചു
- കഅ്ബക്ക് വേണ്ടി, പട്ട്കൊണ്ട് പ്രത്യേക വിരി തയ്യാറാക്കുന്ന പതിവ് തുടങ്ങി. ഡമസ്കസില്‍ തയ്യാറാക്കി മക്കയിലേക്ക് അയക്കുകയായിരുന്നു അദ്ദേഹം.
- വടക്കന്‍ ആഫ്രിക്കയിലെ വിജയങ്ങള്‍ പൂര്‍ത്തീകരിച്ചു.
- തുനീസ്യയില്‍ ആദ്യ മുസ്ലിം നാവികആസ്ഥാനത്തിന് തുടക്കം കുറിച്ചു
- സ്വന്തമായ നാണയത്തിലൂടെ ഇസ്ലാമിക സമ്പല്‍രംഗം സ്വയം പര്യപത്മാക്കി.
- ഖുദ്സിലെ മസ്ജിദുഖുബ്ബതിസ്സ്വഖറ അടക്കമുള്ള ഒട്ടേറെ പള്ളികളും മുസ്ലിം സ്മാരകങ്ങളും പണി കഴിച്ചു.
Leave A Comment