കെ കെ എം കോയ മുസ്‌ലിയാർ: സമുദായ നന്മക്ക് സമര്‍പ്പിക്കപ്പെട്ട ജീവിതം

കാലം പോലും വിസ്മയിച്ച യുഗപ്രഭാവർ വിരളമായേ ജന്മം കൊണ്ടിട്ടുള്ളു. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു ജനപഥത്തെ വിസ്മയിപ്പിച്ച് ചരിത്രം തീർത്ത് കടന്നുപോയ ഇത്തരം വ്യക്തികൾ നിത്യ സ്മര്യരാണ്. അന്ധകാരം തീർത്ത കരിമ്പടം വകഞ്ഞു മാറ്റി വെളിച്ചത്തിന്റെ തിരിനാളം കത്തിച്ചുവച്ച് കാലയവനിക പൂകിയവരുടെ അത്ഭുതം നിറഞ്ഞ ജീവിതഏടുകളാണ് ഈ സമൂഹത്തിന് എന്നും ഊര്‍ജ്ജം പകര്‍ന്നിട്ടുള്ളത്. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു ദാറുന്നജാത്ത് അറബിക് കോളേജ് എന്ന വിളക്കുമാടം പണിത് തലമുറകളുടെ ആത്മീയ ദാഹം മാറ്റിയ കെ കെ എം കോയ മുസ്‍ലിയാർ. 

ജനനം

ആമിന - കോയക്കുട്ടി ദമ്പതികളുടെ എട്ടു മക്കളിൽ മൂന്നാമനായിരുന്നു പരീക്കുട്ടി ഹാജി. മതകീയ ചിട്ടകൾ പാലിച്ചു വളർന്ന അദ്ദേഹം തന്റെ 22 -ാമത്തെ വയസ്സിൽ ഭക്തനും ശുദ്ധ വിശ്വാസിയുമായിരുന്ന അബ്ദുല്ലയുടെ മകൾ ആയിഷയെ വിവാഹം ചെയ്തു. അന്ന് 13 വയസ്സ് മാത്രം ഉണ്ടായിരുന്ന മഹതിക്ക് ആത്മീയമായ പരിലാളനകൾ നന്നേ ലഭിച്ചിരുന്നു. കൈതൊഴിലാളിയായിരുന്നെങ്കിലും ജീവിതത്തിൽ വിശുദ്ധിയും ചിട്ടയും കാത്തുസൂക്ഷിക്കാൻ പരീക്കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ ദമ്പതികളുടെ മകനായി, 1950ലാണ്, ശേഷം കെ കെ എം കോയ മുസ്ലിയാർ എന്ന പേരില്‍ പ്രസിദ്ധനായ ആ ബാലന്‍ ജനിക്കുന്നത്. 

ആറ്റുനോറ്റ് കിട്ടിയ ഏക ആൺതരിയുടെ ജന്മം മാതാപിതാക്കൾക്ക് സന്തോഷത്തിനേക്കാൾ സന്താപത്തിനാണ് വക നൽകിയത്. കാൽ-കൈ പാദങ്ങളില്ലാതെ ജനിച്ച കുട്ടിയെ ഒരുവേള മറ്റൊരാൾക്ക് കൈ മാറിയാലോ എന്ന് പോലും രക്ഷിതാക്കൾ ചിന്തിച്ച് പോയി. ആ സമയം ആരോ പറഞ്ഞുവത്രേ "പരീക്കുട്ടി, ഇവൻ നിനക്ക് നന്മ കൊണ്ടുവരും". ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് സംഭവിച്ചത്. പരീക്കുട്ടിയുടെ ഇഹപര സൗഭാഗ്യങ്ങൾക്ക് നിദാനമായത് പിന്നീട് കോയ ഉസ്താദായി മാറിയ ഈ മകനായിരുന്നു. 

വേദനകൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഉസ്താദിന്റേത്. വൈകല്യത്തിന് പുറമെ രോഗങ്ങളും നിരന്തരം വേട്ടയാടി കൊണ്ടിരുന്നു. ചികിത്സാർത്ഥം ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിച്ചു. എന്നാലും, ആ ഗുണഗണങ്ങളെ പ്രഘോഷിക്കുന്ന തരത്തിൽ ആ സുന്ദരഭാവിയുടെ പ്രവചനങ്ങളായി ഒട്ടനവധി അടയാളങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. ഒരിക്കൽ മുറ്റത്തെ തെങ്ങിലെ ഇളനീരിനായി ആ ബാലൻ ശാഠ്യം പിടിച്ചിട്ടും വല്യുമ്മ കൊടുത്തില്ല. അല്പനേരം കഴിഞ്ഞപ്പോൾ ആ ഇളനീര് താനെ വീഴുകയും കുട്ടി അത് ഭക്ഷിക്കുകയും ചെയ്തു. ഇത് കണ്ട് വല്യുപ്പ പറഞ്ഞു, "അഹ്മദ് കോയ വലിയവനാ" എന്നിട്ടു മുഴുവൻ തേങ്ങകളും ഇട്ടുകൊടുക്കുകയും ചെയ്തു. ഒരു സൽകർമ്മിയുടെ മുഴുവൻ ഗുണങ്ങളും ഉസ്താദിൽ ചെറുപ്പത്തിലെ പ്രത്യക്ഷമായിരുന്നു.
 
വിദ്യാഭ്യാസം

അനിതര സാധാരണയായ ഗ്രാഹ്യശക്തി, ബുദ്ധികൂർമത എന്നിവ ബാല്യം മുതലേ പ്രകടിപ്പിച്ച ഉസ്താദ് പക്ഷേ ഔദ്യോഗിക ഭൗതിക വിദ്യാഭ്യാസം നേടിയിട്ടില്ലായിരുന്നു. എങ്കിലും മലയാളം, ഉറുദു, അറബി ഭാഷയിൽ അതീവ നൈപുണ്യം ഉണ്ടായിരുന്നു. പ്രാരംഭ പഠനം മൂസക്കുട്ടി മുസ്‍ലിയാരുടെ ഓത്തുപള്ളിയിൽ നിന്നായിരുന്നു. കോയ ഉസ്താദിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഉസ്താദിന്റെ പ്രാഗല്‍ഭ്യത്തെ വിളിച്ചോതുന്നതാണ്. കോയ മുസ്‍ലിയാർ വല്ലാത്ത അത്ഭുതമായിരുന്നു. തന്റെ ഓത്തു പള്ളിയിൽ വെച്ച് ആദ്യാക്ഷരം പഠിക്കുന്ന കോയ ഉസ്താദിനോടും മറ്റു കുട്ടികളോടുമായി മൂസക്കുട്ടി മുസ്‌ലിയാർ ചോദിച്ചു: "ആരാണെനിക്ക് ഒരു സൂറത്ത് ഓതി തരിക". ഉടനടി വെറും അക്ഷരങ്ങൾ മാത്രം പഠിച്ച ആ ബാലൻ കൈ പൊക്കി. ചിരി വന്നെങ്കിലും പരീക്ഷണാർത്ഥം മുസ്‍ലിയാർ ഓതിപ്പിച്ചു. സ്ഫുടമായ ഭാഷയിൽ സൂറത്ത് മുഴുവൻ ഓതിയത് കേട്ട് അദ്ദേഹവും സഹപാഠികളും തരിച്ചു നിന്നുപോയി. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ദർസീ പഠനത്തോടായിരുന്നു താല്പര്യം. വൈതരണികൾ പലതുണ്ടായെങ്കിലും അവയെ മറികടക്കാൻ പോന്ന മനോബലത്തിനുടമയായിരുന്നു അദ്ദേഹം. കിനാലൂർ പഴയത്ത് പള്ളിയിൽ ഹുസൈൻ മുസ്‍ലിയാരായിരുന്നു ആദ്യ ഗുരു. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കിതാബുകളിൽ അവഗാഹം നേടി. പത്ത് കിതാബ് പോലോത്ത അടിസ്ഥാന ഗ്രന്ഥങ്ങൾ പഠിച്ചത് ഇവിടെ നിന്നാണ്. പിന്നീട് പൂനൂരിൽ മാടത്തുവയിൽ അബ്ദുറഹ്മാൻ മുസ്‍ലിയാരുടെ ദർസിൽ ചേർന്നു. മിശ്കാത്ത് പോലോത്ത ഉയർന്ന കിതാബുകൾ ഹൃദ്യസ്ഥമാക്കി. ഇതിനിടെ അറബിക് മുൻഷി പരീക്ഷയെഴുതി സഹപാഠികൾ ദർസ് ജീവിതം അവസാനിപ്പിച്ചെങ്കിലും അറിവിനോടുള്ള അടങ്ങാത്ത ആർത്തി ഉസ്താദിനെ മുന്നോട്ടു തന്നെ നയിച്ചു. പ്രസിദ്ധ പണ്ഡിതനായിരുന്ന കുഞ്ഞിക്കോയ മുസ്‌ലിയാരുടെ ഐക്കരപ്പടി ദർസ് ആയിരുന്നു ഉസ്താദ് തെരഞ്ഞെടുത്തത്. ജംഉൽ ജവാമിഅ് പോലോത്ത ഗ്രന്ഥങ്ങൾ ഓതുന്നത് ഇവിടെ നിന്നാണ്. ശേഷക്കാല ഗുരു ഏലത്തൂർ അബ്ദുൽ ഖാദർ മുസ്‍ലിയാർ ആയിരുന്നു. ഈ നീണ്ട കാലത്തെ ദർസ് ജീവിതത്തിൽ ഉസ്താദിന്റെ വിശേഷണങ്ങൾ എടുത്തു കാണിക്കുന്ന സംഭവങ്ങൾ അനവധിയാണ്.

ദയൂബന്ദിലേക്ക്: 

വർഷങ്ങൾക്കു മുമ്പ് ഉപരിപഠനത്തിന് കേരളത്തിലെ വിദ്യാർത്ഥികള്‍ക്ക് മുന്നിലുണ്ടായിരുന്ന വഴി വെല്ലൂര്‍ ബാഖിയാത് ആയിരുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യതിരക്തനായി ദയൂബന്ദിലെ ദാറുൽ ഉലമാണ് കോയ ഉസ്താദ് ഉപരിപഠനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇതിൻറെ പിന്നിലെ ചോദന എന്തായിരുന്നാലും ഭാഷാപ്രാവീണ്യം നേടാൻ ഇവിടുത്തെ വാസം ഉപകരിച്ചിട്ടുണ്ട്. 1972 ദയൂബന്ദിലേക്ക് പോകുന്നതിനു മുമ്പ് സി എം വലിയുല്ലാഹിയുടെ അനുമതി തേടി കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. നീണ്ട നേരത്തെ കാത്തിരിപ്പിന് ഒടുവില്‍ മഹാന്റെ മുന്നിലെത്തി കാര്യം അവതരിപ്പിച്ചു. അനുഗ്രഹാശിസ്സുമായി യാത്ര തിരിക്കാനുള്ള സമ്മതം ലഭിച്ചു. തിരിച്ചു വരുമ്പോൾ വീടിനു മുന്നിൽ മുഹിയുദ്ധീൻ ഷാ എന്ന വലിയ്യും ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം ഭക്ഷിച്ചതിന്റെ ബാക്കി കോയ ഉസ്താദിന് കൊടുത്തു. താല്പര്യത്തോടെയത് ഭക്ഷിച്ച അദ്ദേഹത്തെ മഹാൻ സന്തോഷത്തോടെ യാത്രയാക്കി. ദയൂബന്ദിലെ ഉസ്താദുമാർക്ക് അദ്ദേഹം കണ്ണിലുണ്ണിയായി. അധ്യാപകരോടുള്ള ബന്ധം അതി തീവ്രമായിരുന്നു. ഉറുദു ഭാഷയിൽ പരിജ്ഞാനം നേടാൻ ഉത്തരേന്ത്യയിലെ ഈ താമസം സഹായിച്ചു. രണ്ടുവർഷത്തെ സംഭവബഹുലമായ ജീവിത ശേഷം ദാറുൽ ഉലൂമിൽ നിന്ന് നാട്ടിലേക്ക് മടങ്ങി.
 
അധ്യാപനം
1974 ൽ തന്നെ അദ്ദേഹം അധ്യാപന ജീവിതത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഹുസൈൻ മുസ്‍ലിയാരുടെ നിർദ്ദേശാനുസരണം സ്വദേശമായ കൊളത്തൂരിൽ ആയിരുന്നു ആദ്യ ദർസ്. ഉസ്താദിനെ കുറിച്ച് കേട്ടറിഞ്ഞ പരദേശികളായ വിദ്യാർഥികൾ അവിടെ എത്തിച്ചേർന്നു. ആദ്യകാലത്ത് അമ്പതോളം ശിഷ്യരുണ്ടായിരുന്നു. എന്തോ ചില കാരണങ്ങളാൽ ഹുസൈൻ മുസ്‌ലിയാരുടെ ദർസ് നിലച്ചപ്പോൾ തന്റെ 25 ഓളം ശിഷ്യരെ ഏൽപ്പിച്ചത് കോയ ഉസ്താദിനെയായിരുന്നു. ഒരു ഗുരു തന്റെ ശിഷ്യന് നൽകുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. പിന്നീട് പാവങ്ങാടും കണ്ണൂരിലെ രാമന്തളി, ചപ്പാരപ്പടവ് എന്നിവിടങ്ങളിലും ഉസ്താദ് ദർസ് നടത്തി. ഈ കാലയളവിൽ നാട്ടുകാരായ യുവാക്കളെയും മറ്റു സമുദായങ്ങളെയും സമുദ്ധരിക്കാൻ തന്നാലാവും വിധമുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഉസ്താദ് ശ്രമിച്ചിരുന്നു. തദ്ഫലമായി നാട്ടിലെങ്ങും ദീനീ ചൈതന്യം കളിയാടിയിരുന്നു.

പൊടിപാറും പ്രഭാഷണങ്ങൾ:

ഒരുകാലത്ത് പ്രഭാഷണ മേഖലയിലെ പേരുകേട്ട വാഗ്മിയായിരുന്നു കെ കെ എം കോയ മുസ്‍ലിയാർ. ഇന്നും പലരുടെയും ഓർമ്മകളിൽ ആ പ്രഭാഷണങ്ങൾ കത്തിജ്വലിക്കുന്നു. പ്രസംഗത്തിന്റെ പ്രാരംഭത്തിൽ ഹംസ(റ)ന്റെ പേരിൽ ഫാതിഹ ഓതി കൻജുൽഅർഷ്, നൂറുൽഈമാൻ, നാരിയത്ത് സ്വലാത്ത് എന്നിവ പാരായണം ചെയ്തേ പ്രസംഗം തുടങ്ങാറുണ്ടായിരുന്നുള്ളൂ. അവസാനം ഒരു മണിക്കൂറോളം ദുആയും ഉണ്ടാകും. ഇപ്രകാരം, ഇടക്ക് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ തന്നെ ഉസ്താദ് നീണ്ട പ്രഭാഷണങ്ങൾ നിർവഹിച്ചിരുന്നു. 

ദർസ് പഠനകാലത്താണ് പ്രഭാഷണ മേഖലയിലേക്ക് പിച്ചവെച്ച് തുടങ്ങുന്നത്. ഏത് മുതഅല്ലിമിനെയും പോലെ ജുമുഅക്ക് ശേഷമുള്ള ഉറുദി വഴിത്തിരിവായി. നീട്ടിയും കുറുക്കിയുമുള്ള ആ വഅ്ള് പിന്നീട് ജന ലക്ഷങ്ങൾ നെഞ്ചിലേറ്റി. അബൂശാക്കിറ എന്ന നാമം ഇന്നും കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങൾ ഓർക്കുന്നത് ആ വാഗ്ധോരണിയുടെ വശ്യത ഒന്നുകൊണ്ടു മാത്രമാണ്. പരിശുദ്ധ മക്കയിലേക്ക് തീർത്ഥാടനം നിർവഹിക്കാൻ 20ലേറെ തവണ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രഭാഷണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട പരിചയങ്ങൾ മുഖേന ഹജ്ജിനെത്തിയ ഉസ്താദിന് പുണ്യഭൂമിയിൽ വെച്ചും പ്രഭാഷണം നടത്താൻ സാധിച്ചു. ഹറമിൽ മലബാറിലെ മാപ്പിളമാർ ഒത്തൊരുമിക്കുന്ന ഭാഗമായിരുന്നു മലബാർഗല്ലി. മലയാളി തീർത്ഥാടകരുടെ ആവശ്യം അനുസരിച്ച് ഡ്രമ്മിന്റെ മുകളിൽ കയറിക്കൊണ്ടായിരുന്നുവത്രെ ഒരിക്കല്‍ പ്രസംഗിച്ചത്. നജഫിൽ അറബികൾക്ക് ചിരപരിചിതനായ വ്യക്തിയായിരുന്നു ഉസ്താദ്. 
രചനകൾ 

കൈപ്പത്തിയില്ലെങ്കിലും പ്രയാസലേശമന്യേ കരങ്ങളുപയോഗിക്കാനുള്ള വഴക്കം നേടിയിരുന്നു ഉസ്താദ്. അതിവേഗം സൂചിയുപയോഗിച്ച് തുന്നിയിരുന്ന അദ്ദേഹത്തിന്ന് എഴുത്ത് പ്രയാസമായില്ല. ഇന്നും ഉസ്താദിന്റെ വീടിന്റെ മുന്നിൽ കാണപ്പെടുന്ന മനോഹരമായ കഅബയുടെ ചിത്രം, അദ്ദേഹത്തിന്റെ രചനാ വൈഭവത്തിന്റെ മകുടോദാഹരണമാണ്. നിരവധി തവണ പരിശുദ്ധ മക്കയിലേക്ക് ഹജ്ജ് കർമ്മത്തിന് യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ ഈരടികളിലായി അനുവാചക സമക്ഷം സമർപ്പിച്ച കൃതിയാണ് എന്റെ ഹജ്ജ് യാത്ര. പ്രവാചകനുചരിൽ ഉസ്താദിന് പ്രത്യേകമായി ബന്ധമുണ്ടായിരുന്ന മഹാനായിരുന്നു ഹംസത്തുൽ കർറാർ(റ). ശവ്വാൽ 15ന് വീട്ടിൽ വച്ച് അന്നപാനീയ വിതരണത്തോടെ വിപുലമായി മൗലിദാഘോഷം മഹാന്റെ പേരിൽ നടത്തിയിരുന്നു. ആ നാമമുള്ള മോതിരം കൊണ്ട് നടന്നിരുന്നതും ആത്മീയമായ ബന്ധത്തിൻറെ ആഴവും പരപ്പും വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഉസ്താദെഴുതിയ ഹംസ(റ)ന്റെ മൗലിദ്, അദ്ദേഹത്തിന്റെ രചനകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നു. മനുഷ്യന്റെ അന്ത്യാനുഷ്ഠാന കർമ്മങ്ങൾ, ഹൈളും നിഫാസും എന്നിവ മറ്റു കൃതികളാണ്. ഇത്തരത്തിൽ ലഭ്യമായ സമയത്തിനുള്ളിൽ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങൾ ഒട്ടനവധിയായിരുന്നു. 

ഇളം തെന്നലായി:

അപരർക്ക് തണലേകുന്ന വൻമരമായിരുന്നു ഉസ്താദ്. ശാന്തി തേടി വരുന്നവർക്ക് മന്ദമാരുതന്റെ സൗമ്യതയോടെ സാന്ത്വനമേകി. റമളാൻ മാസത്തിൽ മഗ്‌രിബിന് സമയമാകുമ്പോൾ വഴിയിലൂടെ പോകുന്ന ഓരോരുത്തരെയും വിളിച്ച് നോമ്പുതുറപ്പിക്കാറുള്ളത് ഇന്നും പലരും സ്മരിക്കുന്നു. സാമുദായിക സേവനത്തോടൊപ്പം കുടുംബ ജീവിതത്തെക്കുറിച്ചും ബന്ധശ്രദ്ധനായിരുന്നു ഉസ്താദ്. 29-ാം വയസ്സിൽ 1979ലാണ് നണ്ടയിലെ ഹസ്സൻ കോയയുടെ മകൾ സുബൈദ എന്നവരെ വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തിൽ മൂന്ന് മക്കൾ പിറന്നു. മകൻ അൻളർ ഷാ, പെൺമക്കൾ നാളിറ, ശാക്കിറ. കൂടുതൽ കാലം ഒപ്പമുണ്ടായിരുന്ന ശാക്കിറയുടെ പേരിലാണ് ഉസ്താദ് വിശ്രുതനായത്. 

ദീനിന്ന് വേണ്ടിയുള്ള വിശ്രമമില്ലാത്ത യാത്രകളും നിരന്തരമായ പ്രഭാഷണങ്ങളും ഉസ്താദിനെ എത്തിച്ചത് രോഗക്കിടക്കയിലായിരുന്നു. 1996 ഏപ്രിൽ ഒന്നിന് ദുൽഖഅദ് നാലിന്ന് നാഥന്റെ വിളിക്കുത്തരം നൽകി പ്രകാശം ചൊരിഞ്ഞ ആ പൊൻതാരകം കണ്ണു ചിമ്മി മറഞ്ഞു.

കൂനനഞ്ചേരി ദാറുന്നജാത് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter