ബിന്‍ത് ശാത്വിഅ്, സ്ത്രീ പക്ഷ ഇസ്‍ലാം വായനയുടെ ഈജിപഷ്യൻ മുഖം

പണ്ഡിതയും എഴുത്തുകാരിയും ഗവേഷകയും ഇസ്‍ലാമിക ചരിത്രത്തെയും ഖുർആനിനെയും സ്ത്രീപക്ഷപരമായും വിമർശനാത്മകമായും സമീപിക്കുകയും ചെയ്ത ഈജിപ്ഷ്യൻ വനിതയാണ്, ബിന്‍ത് ശാത്വിഅ് (നൈലിന്റെ പുത്രി) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആയിഷ മുഹമ്മദ് അലി അബ്ദുറഹ്മാൻ. പ്രമുഖ ആഗോള ഇസ്‍ലാമിക് സർവകലാശാലയായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ആദ്യ വനിത അധ്യാപികയും കിംഗ് ഫൈസൽ അവാർഡ് നേടുന്ന ആദ്യ അറബ് വനിതയുമാണ് ഇവർ.

പഠനം

മിസ്റിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ദിംയാത്വിൽ 1913 നവംബറിലാണ് ഇവരുടെ ജനനം. പണ്ഡിതനായിരുന്ന പിതാവിന്റെ താൽപര്യത്തിലും പിന്തുണയിലും ഏഴാം വയസ്സിൽ തന്നെ മിടുക്കിയായ ഇവർ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. അതീവ ബുദ്ധി ശക്തിക്കുടമയായിരുന്നിട്ടും, മുതിർന്നതോടെ കുടുംബ കീഴ്‌വഴക്കം തുടർ വിദ്യാഭ്യാസത്തിനായി പുറത്തു പോകുന്നതിന് ആയിഷക്ക് തടസ്സം സൃഷ്ടിച്ചു. പക്ഷേ, മാതാവിന്റെ പിന്തുണയോടെ വീട്ടിൽ പഠനം തുടർന്ന ഇവർ ലഭിക്കുന്ന ഒരോ അവസരങ്ങളിലും തന്റെ ഉള്ളിലെ പ്രതിഭയെ പുറത്തെടുത്തു. ഗൃഹപാഠമായിരുന്നെങ്കിലും തൻറെ സഹപാഠികളെ പഠനത്തിൽ അതിവേഗം കവച്ചുവെക്കാൻ അവർക്ക് സാധിച്ചു. ഒടുവിൽ 1941ൽ കൈറോ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും 1950 ൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. തുടർന്ന് അയ്ൻ ഷംസ് യൂണിവേഴ്സിറ്റിയിൽ അറബിക് സാഹിത്യത്തിൽ അധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

രചനകളും നിലപാടുകളും

തീർത്തും വ്യത്യസ്ത വീക്ഷണകോണിൽ നിന്ന് ഇസ്‍ലാമിനെയും ചരിത്രത്തെയും വായിക്കുന്ന ഇവർ ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പ്രവാചക കുടുംബത്തിലെ  സ്വഹാബി വനിതകളുടെ ജീവചരിത്രം ഇതിലെ ശ്രദ്ധേയ രചനയാണ്. സ്വയം ഒരു ഫെമിനിസ്റ്റായി അവതരിപ്പിച്ചിട്ടില്ലെങ്കിൽ കൂടി അവരുടെ എഴുത്തിന്റെ സഹസഞ്ചാരം ഈ ധാരയിലെ ആശയങ്ങളോടും വീക്ഷണങ്ങളോടുമായിരുന്നു. പുരുഷ എഴുത്തുകാരെക്കാൾ പെൺ ജീവിതകഥകൾ അപഗ്രഥനം നടത്തുന്നതിനും പഠനം നടത്തുന്നതിനും സ്ത്രീ രചയിതാക്കളാണ് നല്ലത് എന്ന് അവർ  വിശ്വസിച്ചു. 'ബനാത്തു നബിയ്യ്' എന്ന പേരിൽ പ്രവാചക പുത്രിമാരെ കുറിച്ച് അവർ രചിച്ച പുസ്തകം അറബ് ലോകത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ, ഹുസൈൻ (റ) വിനോടൊപ്പം കർബലയിൽ പങ്കെടുത്ത സൈനബ്(റ) എന്നവരുടെ ജീവിതം ആസ്പദമാക്കി മറ്റൊരു കൃതിയും അവരുടേതായുണ്ട്.

Read More: കര്‍ബല, ഇസ്‍ലാമിക ചരിത്രത്തിലെ കറുത്ത അധ്യായം

തന്റെ പതിനെട്ടാം വയസ്സിൽ എഴുത്ത് ജീവിതം ആരംഭിച്ച ആയിഷ, 'ജരീദത്തുൽ  അഹ്റാമി'ലെ സ്ഥിരം ലേഖികയായിരുന്നു. ഖുർആൻ വ്യാഖ്യാനം, ഇസ്‍ലാമിക ചരിത്രം, കർമ്മശാസ്ത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി നാല്പതിലധികം കൃതികൾ ഇവർ രചിച്ചിട്ടുണ്ട്. ഇതിൽ ഖുർആൻ വ്യാഖ്യാനമായി തയ്യാറാക്കിയ 'തഫ്സീറുൽ ബയാനി ലിൽ  ഖുർആനിൽ കരീം' എന്ന ഗ്രന്ഥം ഏറെ പ്രശസ്തമാണ്. ഖുർആനിലെ അവസാന ജുസ്അ് മാത്രം ഉൾക്കൊള്ളുന്നതാണ് ഈ രചന. അവതരണ ക്രമത്തിലാണ് ഇതിൽ സൂറത്തുകളെ ക്രമീകരിച്ചിരിക്കുന്നത്. മുൻകാല പണ്ഡിതരുടെ വാക്കുകൾ എടുത്തുദ്ധരിച്ച് അവയെ വിമർശനാത്മകമായി സമീപിക്കുന്ന രീതിയാണ് ഗ്രന്ഥകാരി സ്വീകരിച്ചിരിക്കുന്നത്.

നേട്ടങ്ങളും പുരസ്കാരങ്ങളും

വ്യത്യസ്ത യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ്‌ ലക്ച്ചറർ ആയി സേവനം ചെയ്ത ഇവർ ഈജിപ്ത് സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾക്ക് പല തവണ അർഹയായിട്ടുണ്ട്. 1994ൽ ശ്രദ്ധേയ അന്താരാഷ്ട്ര പുരസ്കാരമായ കിങ് ഫൈസൽ അവാർഡ് നേടിയതിലൂടെ ഇവർ കൂടുതൽ വിശ്രുതയായി. വ്യത്യസ്ത ഇസ്‍ലാമിക സംഘടനകളിലും അന്തർ ദേശീയ വനിതാ കൂട്ടായ്മകളിലും അംഗത്വം നേടിയ ഇവർ ഈ വേദികളിലൊക്കെ, പുരോഗമനപരവും സ്ത്രീപക്ഷപരവുമായ തന്റെ  നിലപാട് ഉയർത്തിക്കാണിച്ച് ശ്രദ്ധ നേടിയിരുന്നു.

മരണം 

തത്വത്തിൽ ഒരു ഫെമിനിസ്റ്റ് ആശയക്കാരി എന്ന് പറയാവുന്ന നിലയിൽ നിലപാടുകൾ സ്വീകരിച്ച അറബ് ലോകത്തെ വ്യതിരിക്ത  പണ്ഡിതവനിതയായ ആയിഷ ബിന്‍ത് അബദുറഹ്മാൻ, 1998ൽ ഹൃദയാഘാതം മൂലം കൈറോയിൽ വച്ചാണ് മരണപ്പെടുന്നത്. അവരുടെ വസ്വിയത് പ്രകാരം തന്റെ ഗ്രന്ഥശേഖരം മുഴുവനായും ഗവേഷണ ആവശ്യങ്ങൾക്കായി  വിട്ടുകൊടുത്തിരുന്നു. നൈലിന്റെ പണ്ഡിത പുത്രിയോടുള്ള ബഹുമാന സൂചകമായി ഈജിപ്ത് സർക്കാർ കൈറോ നഗരത്തിൽ ഇവരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
\

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter