ഖാസി അസീസുല്‍ ഹഖ്: ഫിംഗര്‍പ്രിന്റിന്റെ ഉപജ്ഞാതാവ്

നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും ഇന്ന് ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഇടപെടലുണ്ട്. ഇരിക്കാനും നില്‍ക്കാനും കിടക്കാനും ഉറങ്ങാനും വരെ നമുക്ക് മെഷീനുകളും ടെക്‌നോളജിയും ലഭ്യമാണ്. അത്തരത്തിലൊരു കണ്ടുപിടുത്തെക്കുറിച്ചാണ് ഈ കുറിപ്പ്. 

ലോകത്തെ പിടിച്ച് കുലുക്കിയ പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് പിറകിലും പ്രമുഖരായ പല മുസ്‍ലിം ഇതിഹാസങ്ങളുടെ പേരുകള്‍ കാണാം. ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, സാഹിത്യം, മെഡിസിന്‍ തുടങ്ങി മുസ്‌ലിംകള്‍ കൈവെക്കാത്ത മേഖലകള്‍ കുറവാണ്. ആധുനികമായ പല കണ്ടുപിടുത്തങ്ങളുടെയും യഥാര്‍ത്ഥ തുടക്കക്കാര്‍ അവരായിരുന്നു. ഇന്ന് മൊബൈല്‍ ലോക്ക്, ഗേറ്റ് ലോക്ക്, ഓഫീസ് പഞ്ചിംഗ് തുടങ്ങിയ മേഖലകളില്‍ നമ്മള്‍ വിരലടയാളം ഉപയോഗിക്കുന്നു. കുറ്റവാളികളെ വരെ വിരലടയാളം വെച്ച് പിടികൂടുന്നു. എന്നാല്‍ ഈ ഫിംഗര്‍പ്രിന്റ് ഡിറ്റക്ഷന്‍ സംവിധാനം ആദ്യമായി കണ്ടെത്തിയത്, ഖാസി അസിസുല്‍ ഹഖെന്ന ബംഗാളി യുവാവായിരുന്നു എന്നത് അധിക പേര്‍ക്കും അറിയണമെന്നില്ല. 

ആദ്യകാല ജീവിതം

ഖാന്‍ ബഹാദൂര്‍ ഖാസി അസീസുല്‍ ഹഖ് എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം. 1872-ല്‍ ബംഗ്ലാദേശിലെ ഖുല്‍ന ജില്ലയിലെ കസ്ബര്‍ പൈഗ്രാമിലായിരുന്നു ജനനം. ചെറുപ്പത്തിലേ ഒരു ബോട്ടപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ ജ്യേഷ്ഠന്റെ തണലിലായിരുന്നു പിന്നീടുള്ള ജീവിതം. ചെറുപ്രായത്തിലേ സംഖ്യാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അസാമാന്യമായ കഴിവുള്ള കുട്ടിയായിരുന്നു  ഹഖ്. അവന്റെ മറ്റൊരു പ്രധാന ഇഷ്ടം ഭക്ഷണമായിരുന്നു. എല്ലാ തരം ഭക്ഷണപദാര്‍ഥങ്ങളും ഹൃദ്യമായി കഴിക്കും. കുടുംബം കര്‍ക്കശക്കാരായതിനാല്‍ ഭക്ഷണശീലം കുറക്കാന്‍ ഹഖിനെ ജ്യേഷ്ഠന്‍ പലപ്പോഴും ശകാരിച്ചിരുന്നു. ഒരു ദിവസം സഹോദരന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഹഖ് തന്റെ സഹോദരന്റെ ഓഹരിയും സ്വന്തം വിഹിതവും കഴിച്ചതായി കണ്ടു. ഇതില്‍ കുപിതനായ അയാള്‍ ഹഖിനെ മര്‍ദിച്ചു. അപമാനിതനായി അന്നദ്ദേഹം ആദ്യമായി വീട് വിട്ടിറങ്ങി, കല്‍ക്കത്തയിലേക്ക് ട്രെയിന്‍ കയറി. 1884-ലായിരുന്നു ഇത്. 

ഒറ്റക്ക് കല്‍ക്കട്ട മഹാ നഗരത്തില്‍ വന്നുപെട്ട ഹഖിന് ഒരു മാന്യ വ്യക്തി അഭയം നല്‍കുകയും അവനെ സ്‌കൂളില്‍ പഠിക്കാന്‍ അയക്കുകയും ചെയ്തു. ഹഖിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു ഇത്. ഗണിതത്തിലും ശാസ്ത്രത്തിലും മികവ് തെളിയിച്ച അവന്‍ കല്‍ക്കട്ടയിലെ പ്രശസ്തവും പുരാതനവുമായ പ്രസിഡന്‍സി കോളേജില്‍ പ്രവേശനം നേടി.

കണ്ടുപിടുത്തത്തിന്റെ ചരിത്രം

പഠന ശേഷം ഹഖ് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പോലീസിലാണ് ജോലിക്ക് പ്രവേശിക്കുന്നത്. അവിടെ നിന്നാണ് വിരലടയാള വിദഗ്ദനാവാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. ഹഖിന് മുമ്പും പലരും വിരലടയാളം ഉപയോഗിച്ച് പല പരീക്ഷണങ്ങളും നടത്തിയെങ്കിലും, എന്താണ് അതിന്റെ പ്രായോഗിക ഉപയോഗം, എങ്ങനെയൊക്കെ അവ പരിശോധിക്കാം, വിരലടയാളം ഉള്ളവരെ എങ്ങനെ വേര്‍തിരിക്കാം എന്നൊക്കെ ആദ്യമായി കണ്ടെത്തിയത് ബംഗാളി പോലീസ് ഓഫിസറായിരുന്ന ഈ ഖാസി അസീസുല്‍ ഹഖാണ്. അന്നത്തെ ബംഗാള്‍ പോലീസ് ഐജിയായിരുന്ന എഡ്വേര്‍ഡ് റിച്ചാര്‍ഡ് ഹെന്റി വിരലടയാള ഗവേഷണത്തിനായി നിയമിച്ച രണ്ട് ബംഗാളി ഓഫീസര്‍മാരിലൊരാളായിരുന്നു ഗണിതശാസ്ത്രജ്ഞനായ ഖാസി അസീസുല്‍ ഹഖ്. ഹേം ചന്ദ്രബോസാണ് രണ്ടാമത്തെയാള്‍. 

ഖാസി അസീസുല്‍ ഹഖും ഹേമചന്ദ്ര ബോസും ചേര്‍ന്ന് 7000 വിരലടയാളങ്ങളുടെ ഒരു വലിയ ശേഖരം തയ്യാറാക്കി. വിരലടയാള പരിശോധനയിലൂടെ ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഗണിത സൂത്രവാക്യം ശ്രമകരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. ആധുനിക ശാസ്ത്രത്തിന്റെ എക്കാലത്തെയും മഹത്തായ കണ്ടുപിടുത്തമായിരുന്നു അത്. ഈ സംവിധാനത്തിന് 'ഹെന്‍ റി ഐഡന്റിഫിക്കേഷന്‍ സിസ്റ്റം' എന്നാണ് പേരിട്ടത്. 

ഈ ഫിംഗര്‍പ്രിന്റ് ഡിറ്റക്ഷന്‍ സംവിധാനം താന്‍ തന്നെയാണ് കണ്ടുപിടിച്ചതെന്ന് ഐജി ഓഫ് പോലീസ് മിസ്റ്റര്‍ ഹെന്റി പ്രചരിപ്പിച്ചുവെന്ന് മാത്രമല്ല, ഖാസി അസീസുല്‍  ഹഖിനും ബോസിനും യാതൊരു അംഗീകാരവും നല്‍കപ്പെടുകയുണ്ടായില്ല. പിന്നീട്, ഖാസി ഹഖ് സ്വന്തം പേരില്‍ ഇതേ കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് ബംഗ്ലാദേശിലെ ഖാസി അസീസുല്‍ ഹഖ് കണ്ടെത്തിയ ബയാസ് എന്ന സംവിധാനം ഹെന്റി ക്ലാസിഫിക്കേഷന്‍ സിസ്റ്റമായി മാറിതെങ്ങനെയെന്ന് പുറംലോകമറിയുന്നത്. 

'ഹെന്റി ക്ലാസിഫിക്കേഷന്‍ സിസ്റ്റം' ഇപ്പോള്‍ ലോകപ്രശസ്തമാണ്, മൊബൈല്‍ ടച്ച്, ഓഫീസ്, ക്രിമിനല്‍ ഐഡന്റിഫിക്കേഷന്‍ തുടങ്ങി വിരലടയാളം ഉപയോഗിക്കുന്നിടത്തെല്ലാം ഈ സംവിധാനം ഉപയോഗിക്കുന്നു. ആധാര്‍ പോലുള്ളവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക്ക് സംവിധാനത്തിന്റെയെല്ലാം തുടക്കം ഇവിടെ നിന്നാണെന്ന് ചുരുക്കം.

ഇത്തരം ഒരു ചതി നടന്നുവെന്ന് മനസിലാക്കിയ പക്ഷം ഹഖ് ഈ പ്രൊജക്ടില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ ബോസ് വീണ്ടും കൈവിരലുകളുടെ വര്‍ഗീകരണത്തെ കുറിച്ചു പഠിക്കുകയും ക്രൈം ഏജന്‍സികള്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ ഫിംഗര്‍പ്രിന്റുമായി ബന്ധിപ്പിച്ച് ഒരു ടെലഗ്രാഫിക്ക് കോഡ് രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ സമാഹരിച്ച് 'Hints on fingerprints with code on fingerprints' എന്ന പുസ്‌കം തയാറാക്കി, എന്നാല്‍ ചാള്‍സ് കോളിന്‍‌സ് എന്ന ബ്രിട്ടീഷുകാരന്‍ അതേ പേരില്‍ ഇതേ വിഷയത്തില്‍ ബോസിനെകുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതെ മറ്റൊരു പുസ്തകം പുറത്തിറക്കി അദ്ദേഹത്തെ വീണ്ടും വഞ്ചിച്ചു. 

കാലങ്ങള്‍ക്ക് ശേഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഹഖിന് നീതി ലഭിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ ഗവണ്‍മെറ്റ് അംഗീകരിക്കുകയും പ്രത്യേക ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം ബോസും ഗവണ്‍മെന്റുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അംഗകരിക്കപ്പെടുകയും ചെയ്തു. 'മറ്റാരേക്കാളും ഈ കണ്ടുപിടുത്തത്തിന്റെ പരിപൂര്‍ണതക്ക് ഹഖിന്റെ സംഭാവനകള്‍ വലുതാണെന്നും എന്നാല്‍ മിക്ക ഗേവേഷണങ്ങളെയും പോലെ ഇതും ഒരു ടീം വര്‍ക്കായിരുന്നെന്നും പിന്നീട് 1926 ല്‍ ഹെന്റി' എഴുതുകയുണ്ടായി. 

ഈയടുത്ത് ബ്രിട്ടനിലെ ദി ഫിംഗര്‍പ്രിന്റ് സൊസൈറ്റി 'ദി ഫിംഗര്‍പ്രിന്റ് സൊസൈറ്റി അസീസുല്‍ ഹഖ് & ഹേം ചന്ദ്രബോസ് പ്രൈസ്' ആരംഭിച്ചെങ്കിലും, ആ സംവിധാനം ഇന്നും 'ഹെന്റി ക്ലാസിഫിക്കേഷന്‍ സിസ്റ്റം' ആയിതന്നെ തുടരുന്നു. 

വിരലടയാളങ്ങളുടെ വര്‍ഗ്ഗീകരണ സമ്പ്രദായം വികസിപ്പിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഖാസി അസീസുല്‍ ഹഖിന്റെ പങ്ക് ഇന്ന് ഇന്ത്യക്കാരും പാശ്ചാത്യരുമടങ്ങുന്ന ചരിത്രകാരന്മാരും ഗവേഷകരും വിരലടയാള വിദഗ്ധരും ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അസാധാരണമായ സംഭാവനകള്‍ക്ക് 1913-ല്‍ ഖാന്‍ സാഹിബ് എന്ന പദവിയും 1924-ല്‍ ഖാന്‍ ബഹാദൂര്‍ പദവിയും നല്‍കി ആദരിക്കപ്പെട്ടു. എത്ര മറച്ച് പിടിച്ചാലും ഒരു നാള്‍ സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇന്നും ആ നാമം ചരിത്രത്താളുകളില്‍ ശേഷിക്കുന്നു, ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും അഭിമാനമായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter