അലി മിയാന്‍: ചിന്തകള്‍ പൂത്ത അക്ഷരച്ചില്ലകള്‍

മുസ്‍ലിംകള്‍ ഇസ്‍ലാമില്‍ നിന്നകലുന്നത് അത്യന്തം അപകടം ചെയ്യും. അത് കാരണം സമൂഹത്തില്‍ അരക്ഷിതാവസ്ഥയും രാഷ്ട്രത്തില്‍ അശാന്തിയും ഉടലെടുക്കും. ഇസ്‍ലാമിനും മുസ്‍ലിമിനുമിടയില്‍ അകല്‍ച്ച ഉണ്ടാവരുത്. മുസ്‍ലിമിന്റെ ജീവിതത്തില്‍ ഇസ്‍ലാം പ്രതിബിംബിച്ചു കാണണം. മുസ്‍ലിമിന്റെ ജീവിത നൗകയുടെ കടിഞ്ഞാണ്‍ ഇസ്‍ലാമിനായിരിക്കണം. ഇസ്‍ലാം എന്താണ് എന്ന ചോദ്യത്തിന് അതാണ് ഇസ്‍ലാമെന്ന് മുസ്‍ലിമിന്റെ ജീവിതത്തെ ചൂണ്ടിക്കാണിക്കാന്‍ കഴിയണം (അബൂ ഹസന്‍ അലി നദ്‍വി) ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‍ലാമിക ദര്‍ശനങ്ങളെ ആഴത്തില്‍ വിശദീകരിക്കുകയും അവയെ നിരന്തരം ലോക സമക്ഷം അടയാളപ്പെടുത്തുകയും ചെയ്ത മഹാ പണ്ഡിതനായിരുന്നു സയ്യിദ് അബുല്‍ഹസന്‍ അലി നദ്‍വി. നദ്‍വി സാഹിബ് തന്നെ രേഖപ്പെടുത്തിയപോലെ മുസ്‍ലിം ലോകം ഒരു ജീനിയസ്സിനെ സൃഷ്ടിക്കാന്‍ പരാജയപ്പെട്ട കാലമായിരുന്നു ഇത്. ധൈഷണികമായും സര്‍ഗാത്മകമായും മുസ്‍ലിം ലോകം ഏറെ നിഷ്ക്രിയമാവുകയും പടിഞ്ഞാറന്‍ സ്വാധീനം അതി ഭീകരമായ രീതിയില്‍ മുസ്‍ലിം ലോകത്തെ ഗ്രസിക്കുകയും ചെയ്തിരുന്നു. ഇക്കാലത്ത് ഈയൊരു ജഢാവസ്ഥയെ തൂലിക കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും സജീവമാക്കാനായി എന്നതാണ് നദ്‍വി സ്വാഹിബ് നിര്‍വ്വഹിച്ച സുപ്രധാന ധര്‍മ്മം.

1914 റായ് ബറേലിയയിലാണ് ജനനം. പ്രവാചക പൗത്രനായ ഹസന്‍ (റ)ന്റെ പരമ്പരയിലാണ് അവര്‍ ജനിച്ചത്. ഒമ്പതാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. വിശ്രുതരായ അയ്യായിരം മുസ്‍ലിം പണ്ഡിതരെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഖവാത്വിര്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഹക്കീം സയ്യിദ് അബ്ദുല്‍ ഹയ്യ് ആണ് പിതാവ്. ലക്‌നോവിലെ നദ്‍വത്തുല്‍ ഉലമായില്‍ നിന്ന് അറബി സാഹിത്യത്തിലും ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ശൈഖ് ഹുസൈന്‍ അഹ്‍മദ് മദനിക്ക് കീഴില്‍ ഹദീസിലും ലാഹോറിലെ മൗലാനാ അഹ്മദ് അലിയുടെ ശിഷ്യനായി തഫ്‌സീറിലും ഉന്നത പഠനം കരസ്ഥമാക്കി. ലാഹോറില്‍ വെച്ചാണ് അല്ലാമാ ഇഖ്ബാലിന്റെ കൃതികള്‍ പരിചയപ്പെടുന്നതും ഇഖ്ബാലിയന്‍ ചിന്തകളില്‍ ആകൃഷ്ടനാവുന്നതും. 10 വര്‍ഷത്തോളം നദ്‍വതുല്‍ ഉലമായില്‍ അറബി സാഹിത്യത്തിലും ഖുര്‍ആന്‍ വ്യാഖ്യാനത്തിലും അധ്യാപനം നടത്തി. പടിഞ്ഞാറന്‍ നാഗരികതയെ സര്‍വ്വ മേഖലയിലും പുറകോട്ടു തള്ളുന്ന നാഗരിക ശക്തി എന്ന പരിപ്രേക്ഷ്യത്തിലാണ് നദ്‍വി സാഹിബ് ഇസ്‍ലാമിനെ സമീപിച്ചത്. ഇസ്‍ലാമിക ചരിത്രത്തിലുള്ള അഗാധമായ അവബോധം മുസ്‍ലിം സമുദായം കാലികമായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറെ വിശാലവും സുചിന്തിതവുമായ നിലപാടെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.

അത് കൊണ്ട് തന്നെ ജനാധിപത്യത്തെയും ദേശീയതാവാദത്തെയും അതിന്റെ അര്‍ഥത്തില്‍ ഉള്‍കൊള്ളാനും ബഹുമത രാജ്യ സങ്കല്‍പ്പത്തെ ആഗോള തലത്തില്‍ വിഭാവനം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. അബുല്‍ അഅ്‍ലാ മൗദൂദി ജമാഅത്തെ ഇസ്‍ലാമി രൂപീകരിച്ചപ്പോള്‍ ചുരുങ്ങിയ കാലം അതില്‍ പ്രവര്‍ത്തിച്ചെങ്കിലും ശേഷം അതുമായി വേര്‍പിരിയുകയായിരുന്നു. ജ്ഞാന പ്രസരണത്തിന് വിശാല ചക്രവാളങ്ങള്‍ തേടിയ നദ്‍വി സാഹിബിന് അതും അപര്യാപ്തമായിരുന്നു. അധ്യാത്മിക തലത്തില്‍ സില്‍സില ഖാദിരിയ്യ നഖ്ശബന്ദിയ്യയില്‍ അംഗമായിരുന്നു. നദ്‍വി സാഹിബിന്റെ നിതാന്ത ജാഗ്രതയുടെ അടയാളപ്പെടുത്തലുകളാണ് ഹ്യൂമാനിറ്റ് മൂവ്‌മെന്റും ലീഗ് ഓഫ് ഇസ്‍ലാമിക് ലിറ്ററേച്ചറും. ജാതി മത-ഭാഷ ഭേദമില്ലാതെ മുഴുവന്‍ മനുഷ്യരിലും മാനവിക ചിന്ത വളര്‍ത്തുകയും മാനുഷിക മൂല്യങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പ് ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നദ്‍വി സാഹിബ് രൂപീകരിച്ച മാനവ വേദിയാണ് all india message of humanity movement അഥവാ പൈഗാമെ ഇന്‍സാനിയത്ത്. സങ്കുചിത ദേശീയതയും വംശീയതയും തൊട്ടു തീണ്ടാത്ത മാനവ ദര്‍ശനത്തിന്റെ പ്രചാകരാവേണ്ടത് മുസ്‍ലിമിന്റെ മതപരമായ ബാധ്യതയായി അദ്ദേഹം കാണുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിലേക്ക് പൈഗാമിന്റെ സന്ദേശങ്ങളുമായി അദ്ദേഹം തന്നെ പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതൊരു ന്യൂനപക്ഷ വിഭാഗത്തിനും അവരുടെ കര്‍മ്മ ഫലങ്ങള്‍ രാജ്യത്തിന് വേണ്ടി അര്‍പ്പിക്കാതെ മാന്യതയും പ്രതാപവുമുള്ള ജീവിതം നയിക്കാന്‍ സാധ്യമല്ല എന്നായിരുന്നു മൗലാനയുടെ കാഴ്ചപ്പാട്. (ഫീ മസീറത്തീ ഹയാത്ത്). മൃതാവസ്ഥയിലായിരുന്ന അറബി സാഹിത്യത്തിന് നവോന്മേഷം പകര്‍ന്ന് സചേതനമാക്കിയത് ശൈഖ് നദ്‍വിയുടെ ഉജ്ജ്വലഭാഷണങ്ങളും ശക്തമായ രചനകളുമായിരുന്നു.

1891 ല്‍ ലക്‌നൗ ദാറുല്‍ ഉലൂമില്‍ ശൈഖ് നദ്‍വി വിളിച്ചു ചേര്‍ത്ത സാഹിത്യകാരന്മാരുടെ വേള്‍ഡ് കോണ്‍ഫറന്‍സിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ഈ ആശയം സാക്ഷാത്കൃതമായത് 1984 നവംബര്‍ 24 ന് റിയാദില്‍ ചേര്‍ന്ന മുസ്‍ലിം സാഹിത്യകാരന്മാരുടെ അന്താരാഷ്ട്രാ സമ്മേളനത്തോടെയാണ്. അവിടെ വെച്ച് റാബിത്വത്തുല്‍ ആലമില്‍ ഇസ്‍ലാമി രൂപീകരിക്കപ്പെട്ടു. സമകാലിക അറബ് ഇസ്‍ലാമിക പണ്ഡിതരും സാഹിത്യപടുക്കളുമായിരുന്ന നജീബ് കീലാനി, സയ്യിദ് ഖുത്വുബ്, അലി ത്വന്‍ത്വാവി, മുഹമ്മദുല്‍ ഗസ്സാലി, ഖറദാവി തുടങ്ങിയ പ്രമുഖര്‍ ഇതില്‍ അംഗങ്ങളായിരുന്നു. രചനാ ലോകത്ത് ശൈഖ് നദ്‍വി കൈവരിച്ച നേട്ടങ്ങള്‍ വിസ്മയാവഹമാണ്. മുസ്‍ലിം സമൂഹത്തിന്റെ പതന കാരണങ്ങളെ വളരെ ഗംഭീരമായി പരാവര്‍ത്തനം ചെയ്യുകയും മോക്ഷത്തിന്റെ പ്രയാണ പാതകള്‍ വിപുലമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട് ശൈഖ് നദ്‍വി തന്റെ കൃതികളിലൂടെ. നദ്‍വി സാഹിബിന്റെ മാസ്റ്റര്‍ പീസാണ് മാദാ ഖസിറല്‍ ആലം ബിന്‍ഹിത്വാത്തില്‍ മുസ്‍ലി മീന്‍ (മുസ്‍ലിംകളുടെ പതനം കൊണ്ട് ലോകത്തിന് വിനഷ്ടമായതെന്ത്?) ഇസ്‍ലാമിക നവജാഗരണ ചിന്തക്ക് ലഭിച്ച ശക്തമായ പ്രോത്സാഹനമായിരുന്നു ഈ ഗ്രന്ഥം. ഈ ഗ്രന്ഥം ചരിത്ര പരമായൊരു ദൗത്യനിര്‍വ്വഹണമായിരുന്നു വെന്നാണ് സയ്യിദ് ഖുത്വുബ് രേഖപ്പെടുത്തിയത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഓറിയന്റലിസ്റ്റ് നിരൂപകനായ സര്‍ജന്റ് പാശ്ചാത്യരുടെ ഉറക്കം കെടുത്തുന്ന കൃതിയായി ഇതിനെ വിശേഷിപ്പിക്കുന്നു, അദ്ധേഹം പറയുന്നു, ഏതെങ്കിലും ഒരു പുസ്തകത്തിന് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയുമായിരുന്നെങ്കില്‍ മാദാ ഖസിറ എന്ന നദ്‍വിയുടെ പുസ്തകം നിരോധിക്കാന്‍ ഞാന്‍ ശിപാര്‍ശ ചെയ്യുമായിരുന്നു. കാരണം പാശ്ചാത്യന്‍ സംസ്‌കാരത്തിന് മേല്‍ വീണ ഇടിമുഴക്കമാണത്. മറ്റൊരു ഗ്രന്ഥമായ രിജാലുല്‍ ഫിക്‍രി വദ്ദഅ്‌വ (ചിന്തയുടെയും പ്രബോധനത്തിന്റെയും വക്താക്കള്‍) ഹിജ്‌റ ഒന്നാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെയുള്ള പ്രമുഖ ഇസ്‍ലാമിക ദാര്‍ശനികരെ കോര്‍ത്തിണക്കുന്ന ഗ്രന്ഥമാണ്.

ഇസ്‍ലാമിന്റെ അനശ്വരതയും സ്ഥലകാല ഭേദമന്യേയുള്ള പ്രസക്തിയും ഇതില്‍ വരച്ചു കാണിക്കുന്നുണ്ട്. പാശ്ചാത്യന്‍ സംസ്‌കാരത്തെയും ഇസ്‍ലാമിനെതിരെയുള്ള അതിന്റെ അക്രമണങ്ങളെയും ഇസ്‍ലാമിന്റെ ഭാഗത്തു നിന്നുണ്ടായ വ്യത്യസ്ത പരിഷ്‌കര്‍ത്താക്കളുടെ പ്രതിരോധങ്ങളെയും സംബന്ധിച്ച ആധികാരിക പഠനമാണ് അസ്സിറാഉബൈന ഫിക്‌‍രില്‍ ഇസ്‍ലാമി വല്‍ഫികരി‍ല്‍ ഗര്‍ബി (ഇസ്‍ലാമിക-പാശ്ചാത്യ-ചിന്താ സംഘട്ടനങ്ങള്‍). തന്റെ ജീവിത കാലത്തെയും ജീവിത പരിസരങ്ങളെയും കൃത്യമായി വരച്ചിടുന്ന ആത്മ കഥനമാണ് ഫീ മസീറതില്‍ ഹയാത്ത് (ജീവിത പാതയില്‍) അറബിയിലും ഉറുദുവിലുമായി ഇരുനൂറിനടുത്ത് ഗ്രന്ഥങ്ങള്‍ ശൈഖ് നദ്‍വി രചിച്ചിട്ടുണ്ട്. 1999 ഡിസംബര്‍ 31 (1420 റമദാന്‍ 22) വെള്ളിയാഴ്ച പുതിയ നൂറ്റാണ്ടിന്റെ പിറവിക്ക് കാത്തു നില്‍ക്കാതെ ശൈഖ് നദ്‍വി ഈ ലോകത്തോട് വിടവാങ്ങി. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമുക്ക് നെഞ്ചേറ്റാം, “ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇസ്‍ലാം ക്ഷയിക്കുകയോ? എന്ന ചോദ്യം ഓരോ ഹൃദയത്തിലും കൊത്തിവെക്കാന്‍ എനിക്ക് സാധ്യമായാല്‍ ഞാനത് ചെയ്യുമായിരുന്നു. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇസ്‍ലാം ക്ഷയിക്കുകയോ? എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ കലണ്ടര്‍ ഓരോ ചുമരിലും തൂങ്ങിക്കിടക്കുന്ന സുപ്രഭാതം എത്ര മനോഹരം”

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter