നിസാമുദ്ദീന്‍ ഔലിയ: ഇന്ത്യയുടെ ആത്മീയ സൗന്ദര്യം
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ ഒരുപാട് വലിയ ജീവിതങ്ങള്‍ക്ക് ഭാരതം സാക്ഷിയായിട്ടുണ്ട്. വഴി തെറ്റിയ ജനതയെ നന്മയുടെ പക്ഷത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു അവര്‍. അതിനാല്‍ തന്നെ ഇന്ത്യയിലെ ഇസ്‌ലാമിക വളര്‍ച്ചയില്‍ ഇത്തരം ഔലിയാക്കളുടെ പങ്ക് അവിസ്മരണീയമാണ്. ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ(റ) അവരില്‍ പ്രധാനിയായിരുന്നു. മഹാനുഭാവന്റെ ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ മഹോന്നത വ്യക്തിപ്രഭാവത്തിന്റെ പ്രഭുവാണദ്ദേഹമെന്നത് സുതരാം വ്യക്തമാവും. 13ാം നൂറ്റാണ്ടില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ത്യയുടെ ആത്മീയ നവോത്ഥാനത്തിന്റെ ചെങ്കോലേന്തിയവരായിരുന്നു മഹ്ബൂബെ ഇലാഹി ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ. ആത്മീയവും ഭൗതികവുമായ സകല സദ്ഗുണങ്ങള്‍ക്കും ഉടമയായ മഹാനുഭാവന്‍ ക്രിസ്തുവര്‍ഷം 1238 ഉത്തര്‍പ്രദേശിലെ ബുദൗന്‍ ഗ്രാമത്തില്‍ ജനിച്ചു.
അഞ്ചു വയസ് പ്രായമുള്ളപ്പോള്‍ തന്നെ, പട്ടിണിയും പരിവട്ടങ്ങളുമായി പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവ് അഹ്മദ് ബിന്‍ അലി വഫാത്താവുകയുണ്ടായി. ഭക്തയായ മാതാവ് ഏറെ പാടുപെട്ടാണ് പുത്രനെ പോറ്റിവളര്‍ത്തിയതും പഠിപ്പിച്ചതും. അന്നത്തെ പ്രശസ്ത പണ്ഡിതനായിരുന്ന മൗലാനാ അലാവുദ്ദീന്‍ ഉസൂലിയുടെ പള്ളിക്കൂടത്തില്‍ പ്രാഥമിക പഠനം നിര്‍വഹിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പണ്ഡിതരുടെയും സൂഫികളുടെയും സാന്നിധ്യത്തില്‍ ബിരുദ പൂര്‍ത്തീകരണത്തിന്റെ ചിഹ്നമായ തലപ്പാവണിയിച്ചു. രാപ്പകല്‍ ഭേദമന്യേ പഠനത്തില്‍ മുഴുകിയ മഹാനുഭാവന്‍ വിജ്ഞാനത്തിന്റെ പടവുകള്‍ താണ്ടി. പക്ഷേ, പാണ്ഡിത്യത്തില്‍ പരമസമ്പന്നനാണെങ്കിലും സമ്പത്തില്‍ പരമദരിദ്രനായിരുന്നു. തന്റെ 12ാം വയസ്സില്‍ മൗലാനാ അബൂബക്ര്‍ ഖവ്വാലിന്റെ കീഴില്‍ പഠനം നടത്തിയ ശേഷം 16ാം വയസ്സിലാണ് മഹാനുഭാവന്‍ ബുദൗനില്‍നിന്ന് ഡല്‍ഹിയിലെത്തുന്നത്. ഖുതുബ്മിനാറിനു സമീപമുള്ള ഖുവ്വത്തില്‍ ഇസ്‌ലാം പള്ളിയില്‍ വച്ച് അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഇല്‍തുമിഷിന്റെ പൗത്രന്‍ നാസറുദ്ദീന്‍ മഹ്മൂദിന്റെ ഭരണത്തിലെ മതകാര്യ തലവനായ മൗലാനാ ശംസുദ്ദീന്‍ ഖവാറസ്മിയുടെ ശിശ്യത്വം സ്വീകരിച്ചു. ചെറുപ്രായത്തിലേ പഠനത്തിലും പ്രഭാഷണത്തിലും നിപുണനായിരുന്ന നിസാമുദ്ദീന്‍ ഔലിയക്ക് തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക പാടവവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 'മഹ്ഫില്‍ ശികാന്‍' (തര്‍ക്കങ്ങളെ തകര്‍ക്കുന്നവന്‍) എന്ന അപരനാമവും അദ്ദേഹത്തിനുണ്ട്. ഡല്‍ഹിയില്‍ താമസിച്ചു പഠിക്കുന്ന ഈ കാലയളവിനുള്ളിലാണ് മഹാനുഭാവന്റെ വന്ദ്യമാതാവ് മരണപ്പെട്ടത്.
പലപ്പോഴും, മാതാവിന്റെ വിയോഗത്തെ കുറിച്ചാലോചിച്ച് കണ്ണീര്‍ വാര്‍ക്കുകയും ചിലപ്പോഴൊക്കെ തേങ്ങിക്കരച്ചിലിലേക്കെത്തുകയും ചെയ്തു. സിയറുല്‍ ഔലിയയില്‍ മാതാവിന്റെ അന്ത്യനിമിഷത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരിക്കല്‍ മാസപ്പിറവി കണ്ട ശേഷം അദ്ദേഹം ഉമ്മാക്ക് അഭിവാദനമര്‍പ്പിക്കാന്‍ പോയി. ഈ സമയം ഉമ്മ മകനോട് ചോദിച്ചു: ''അടുത്ത മാസപ്പിറവി കാണുമ്പോള്‍ നീ ആര്‍ക്കാണ് അഭിവാദനങ്ങള്‍ അര്‍പ്പിക്കുക?'' ഉമ്മയുടെ അസാധാരണത്വമുള്ള ചോദ്യം കേട്ട മഹാനവര്‍കള്‍ക്ക് ഉമ്മയുടെ മരണം അടുത്തിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടു. കണ്ണുകള്‍ നിറഞ്ഞു. കരഞ്ഞുകൊണ്ട് ഉമ്മയോട് ചോദിച്ചു: ''ഉമ്മാ... എന്നെ ആരിലേല്‍പ്പിച്ചാണ് അങ്ങ് യാത്രയാവുന്നത്.'' ഉമ്മ പറഞ്ഞു: ''ഇതിനു ഞാന്‍ നാളെ മറുപടി പറയാം.'' അന്നു രാത്രി അദ്ദേഹം തന്റെ പള്ളിക്കൂടത്തില്‍ തന്നെ കഴിച്ചുകൂട്ടി. പ്രഭാതത്തിനു മുമ്പേ മാതാവിന്റെ വേലക്കാരി അദ്ദേഹത്തെ അന്വേഷിച്ചെത്തി. ഉമ്മ വിളിക്കുന്നുവെന്നറിയിച്ചു. ഉടനെ അദ്ദേഹം പുറപ്പെട്ടു. മാതാവിന്റെ അരികിലെത്തി. ഉമ്മ പറഞ്ഞു: ''ഇന്നലെ എന്നോട് ചോദിച്ചതിന്റെ ഉത്തരം ഞാന്‍ ഇപ്പോള്‍ പറഞ്ഞുതരാം, നീ ശരിക്ക് ശ്രദ്ധിക്കണം.'' ശേഷം ഉമ്മ പൊന്നോമനയുടെ വലത് കൈ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു: ''അല്ലാഹുവേ.. എന്റെ നാഥാ! ഞാന്‍ എന്റെ പുത്രനെ നിന്റെ കരങ്ങളിലേല്‍പ്പിക്കുന്നു.'' പ്രാര്‍ത്ഥിച്ചുതീരേണ്ട താമസം അവര്‍ കണ്ണുകളടച്ചു. അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. പ്രിയപ്പെട്ട ഉമ്മയുടെ മരണശേഷം തനിച്ചായ മഹാനുഭാവന്‍ അജോധനിലെ സൂഫിവര്യനും അറിവിന്റെ അലകടലുമായ ഖാജാ ഫരീദുദ്ദീന്‍ ഔലിയ(റ)യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അതിയായി ആഗ്രഹിക്കുകയും അവിടുത്തെ തിരുസന്നിധിയിലെത്തി നിറഞ്ഞ ആദരവോടെ അഭിവാദനം ചെയ്ത ശേഷം ആഗമനോദ്ദേശ്യം അറിയിക്കുകയും ഒരു പേര്‍ഷ്യന്‍ ഈരടി ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. ''അങ്ങയോടുള്ള അകല്‍ച്ച എന്റെ ഹൃദയത്തെ ജ്വലിക്കുന്ന അഗ്നിനാളമാക്കി.
അങ്ങയിലെത്താനുള്ള ആഗ്രഹത്തിന്റെ ജലപ്രളയത്തില്‍ എന്റെ ആത്മാവ് മുങ്ങിപ്പോയി.'' ഇവയെല്ലാം ആന്തരിക കണ്ണുകളോടെ വീക്ഷിച്ച ബാബാ ഫരീദ്(റ)ക്ക് ഔലിയയോട് പ്രത്യേകം അനുകമ്പ തോന്നുകയും അതിഥിമന്ദിരത്തില്‍ തന്നെ ഒരു കട്ടില്‍ നല്‍കാന്‍ സേവകനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒട്ടേറെ പണ്ഡിതരും സൂഫികളും ശൈഖിന്റെ ഖാന്‍ഖാഹില്‍ നിലത്തുകിടക്കുമ്പോള്‍ കട്ടില്‍ സ്വീകരിക്കാന്‍ മഹാനവര്‍കള്‍ വൈമനസ്യം കാണിച്ചു. ഇതറിഞ്ഞ് ശൈഖ് അദ്ദേഹത്തെ വിളിച്ചു. ശേഷം ചോദിച്ചു: ''ശൈഖിന്റെ നിര്‍ദേശം സ്വീകരിക്കാനോ അതോ സ്വന്തം തീരുമാനം നടപ്പിലാക്കാനോ നിങ്ങള്‍ ഇങ്ങോട്ട് വന്നത്? ഔലിയ പറഞ്ഞു: ''ശൈഖിന്റെ നിര്‍ദേശം സ്വീകരിക്കാന്‍.'' ''എങ്കില്‍ നിങ്ങള്‍ കട്ടിലില്‍ തന്നെ കിടക്കണം''- ശൈഖ് നിര്‍ദേശം നല്‍കി. ഔലിയാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയ ബാബ അമൂല്യമായ ഒരുപാട് ഗ്രന്ഥങ്ങള്‍ സ്വന്തമായി തന്നെ അദ്ദേഹത്തെ പഠിപ്പിച്ചു. ഒരുദിവസം ജുമുഅ നിസ്‌കാരം കഴിഞ്ഞ ശേഷം ബാബ ശിഷ്യനെ വിളിച്ചു. തന്റെ ഉമിനീര്‍ ശിഷ്യന്റെ നാവില്‍ തൊട്ടുകൊടുത്തിട്ട് പറഞ്ഞു: നിസാമുദ്ദീന്‍, നിങ്ങള്‍ ഖുര്‍ആന്‍ മനഃപാഠമാക്കുക.
അല്ലാഹു ഇരുലോകത്തും നിങ്ങള്‍ക്ക് നന്മ പ്രദാനം ചെയ്തിരിക്കുന്നു. ശേഷം ഔലിയക്ക് ഹിന്ദുസ്ഥാന്റെ അധികാരപത്രമായ 'ഖിലാഫത്ത് നാമ' നല്‍കുകയും ഡല്‍ഹിയിലേക്കു പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഔലിയയെ അനുഗ്രഹിച്ചു കൊണ്ട് ശൈഖ് ഫരീദ്(റ)പറഞ്ഞു: ''നിസാമുദ്ദീന്‍, നിങ്ങള്‍ ജനങ്ങള്‍ക്ക് വിശ്രമവും ആശ്രയവും നല്‍കുന്ന ഒരു തണല്‍ വൃക്ഷം പോലെയായിരിക്കും. നിസ്‌കാരത്തിലും വ്രതത്തിലും മുഴുകി ആത്മാവിനെ വിശുദ്ധമാക്കുക.'' തന്റെ അരുമ ശിഷ്യനെ ഗുരു പ്രത്യേക പ്രാര്‍ത്ഥന നടത്തി യാത്രയാക്കി. ഗുരുവിന്റെ അനുഗ്രഹം വാങ്ങി ഡല്‍ഹിയിലെത്തിയ മഹാനുഭാവന് സ്വന്തമായൊരു വീടോ സുസ്ഥിരവും സ്വസ്ഥവുമായ സ്ഥലമോ ഉണ്ടായിരുന്നില്ല. സമ്പന്നരുടെ ഔദാര്യം കഴിയുന്നത്ര സ്വീകരിക്കാതിരിക്കാനും ഔലിയ പ്രത്യേകം ശ്രദ്ധിച്ചു. പലയിടങ്ങളിലും വാടകയ്ക്ക് താമസിക്കേണ്ടിവന്നു. അതിനിടയില്‍ രണ്ടു വര്‍ഷക്കാലം അന്നത്തെ സുപ്രസിദ്ധ കൊട്ടാര കവിയായിരുന്ന അമീര്‍ ഖുസ്രുവിന്റെ ബന്ധുവീട്ടിലും താമസമാക്കി. അവസാനം, തന്റെ ശിഷ്യന്‍ ശംസുദ്ദീന്‍ ശരാബിന്റെ വീട്ടില്‍ വര്‍ഷങ്ങളോളം സ്വസ്ഥമായി കഴിഞ്ഞുകൂടി. വിഷപ്പിന്റെ തീക്ഷ്ണതയിലും ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടിലും തന്റെ വിശ്വാസവീര്യം കൊണ്ട് നിഷ്പ്രയാസം അവകളെ അതിജീവിക്കാന്‍ മഹാനുഭാവന് സാധിച്ചു. ഇങ്ങനെ കഴിയുന്നതിനിടക്ക് തന്റെ ഗുരുവിനെ കാണാന്‍ അതിയായി ആഗ്രഹിക്കുകയും അവിടത്തെ ഹള്‌റത്തില്‍ എത്തുകയും ചെയ്തു. സന്ദര്‍ശന ശേഷം തിരിച്ച് ഡല്‍ഹിയിലെത്തി മുന്നോ നാലോ മാസം കഴിഞ്ഞ് ക്രിസ്തുവര്‍ഷം 1265ല്‍ റമളാന്‍ മാസത്തില്‍ ശൈഖ് ഫരീദ് ഇഹലോകവാസം വെടിഞ്ഞു. ഗുരുവിന്റെ വഫാത്തിനു ശേഷം ഔലിയ അജോധനിലെത്തി. ശൈഖിന്റെ വസിയ്യത്ത് പ്രകാരം ശൈഖിന്റെ പുറംകുപ്പായവും നിസ്‌കാരപ്പടവും വടിയും ഔലിയക്ക് ലഭിക്കുകയുണ്ടായി. തിരിച്ച് ഡല്‍ഹിയിലെത്തിയ ഔലിയക്ക് അവിടുത്തെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ അല്ലാഹുവിനെ ഏകാഗ്രമായി ധ്യാനിക്കല്‍ പ്രയാസകമായി തോന്നി.
അല്ലാഹുവിനോട് ദീര്‍ഘമായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഗിയാസ്പൂരിലേക്കു താമസം മാറ്റാന്‍ വെളിപ്പാടുണ്ടായി. ഔലിയ അവിടെ എത്തിയതോടെ ഗിയാസ്പൂര്‍ ഏറെ പ്രസിദ്ധമായി. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനുമെന്ന വ്യത്യാസമില്ലാതെ അനുഗ്രഹത്തിനും ആഗ്രഹസാഫല്യത്തിനും വലിയ ജനസഞ്ജയങ്ങള്‍ തന്നെ നിത്യേന അങ്ങോട്ടൊഴുകിയെത്തുമായിരുന്നു. ആര്‍ക്കും പ്രത്യേക പരിഗണന അദ്ദേഹം നല്‍കിയിരുന്നില്ല. പ്രധാന സൂഫികള്‍ സന്നിധിയിലെത്തിയാല്‍ ഭയഭക്തിയോടെ എഴുന്നേറ്റു നിന്ന് അവരെ സ്വീകരിച്ചിരുത്തും. ഇതായിരുന്നു പതിവ്. എല്ലാവരെയും അതിരറ്റ സന്തോഷത്തോടെയും നിറഞ്ഞ മനസ്സമാധാനത്തോടെയും മാത്രമേ തിരിച്ചയച്ചിരുന്നുള്ളൂ. ഔലിയയുടെ ജനസ്വാധീനത്തെ പറ്റി അന്നത്തെ സുപ്രസിദ്ധ കൊട്ടാര കവിയും മഹാനുഭാവന്റെ ആത്മമിത്രവുമായ അമീര്‍ ഖുസ്രു ഒരിക്കല്‍ പാടി: ''അദ്ദേഹം പരിത്യാഗിയുടെ ഉള്ളറയിലെ പരമാധികാരിയാണ്. ഹൃദയസാമ്രാജ്യത്തിന്റെ ഭരണം അവിടത്തെ കല്‍പന കൊണ്ടാണ്.'' അമീര്‍ ഖുസ്രു ഇങ്ങനെപാടാനുള്ള മറ്റൊരു കാരണം, ഇങ്ങനെയൊക്കെ ജനത്തിരിക്ക് അനുഭവപ്പെട്ടാലും മഹാനുഭാവന്റെ ദിനചര്യകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചില്ല. താന്‍ പതിവാക്കിയിരുന്ന അദ്കാറുകളും ഔറാദുകളും നിര്‍വഹിക്കുന്നതോടൊപ്പം അതിലേറെ പെരുപ്പിക്കാനും മഹാനുഭാവന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. രാത്രി മുഴുക്കെ ധ്യാനത്തില്‍ കഴിച്ചുകൂട്ടിയ മഹാന്‍ നാന്നൂറോ അഞ്ഞൂറോ റക്അത്ത് ഒറ്റ രാത്രി നിസ്‌കരിക്കല്‍ പതിവായിട്ടു പോലും പ്രത്യേക ക്ഷീണം അനുഭവപ്പെടാറില്ലായിരുന്നു. 80 വയസ്സില്‍ എത്തിനില്‍ക്കുമ്പോഴും അധിക ദിനങ്ങളിലും വ്രതമെടുക്കലും മഹാനുഭാവന്റെ ഈമാനിക ശക്തിക്ക് കാരണമായി. ആഢംബരത്തെ അകറ്റി നിര്‍ത്തി ആത്മീയതയേയും ആത്മജ്ഞാനത്തെയും അലങ്കാരമായി കണ്ട മഹാന്‍ പ്രവാചകാനുരാഗികളില്‍ അനിര്‍വചനീയന്‍ കൂടിയാണ്.
ആ അനുരാഗിയെ തിരിച്ചും തിരുനബി അതിരറ്റ് സ്‌നേഹിച്ചിരുന്നു എന്നതിന് മതിയായ തെളിവാണ് മഹാനുഭാവന് 80 വയസ്സായപ്പോള്‍ ഒരിക്കല്‍ തിരുനബി(സ്വ) സ്വപ്നത്തില്‍ അവതീര്‍ണമായിട്ട് പറഞ്ഞു: ''നിസാം! ഞാന്‍ താങ്കളെ കാത്തിരിക്കുകയാണ്.'' വൈകാതെ തന്നെ ഔലിയക്ക് രോഗം ബാധിച്ചു. 40 ദിവസം മുമ്പു തന്നെ ഭക്ഷണമെല്ലാം ഉപേക്ഷിച്ചിരുന്ന ഔലിയയോട് ഭക്ഷണം കഴിക്കാതിരുന്നാലുള്ള ഭവിഷ്യത്ത് ബോധിപ്പിച്ചപ്പോഴെല്ലാം ''മുത്തുനബിയെ കാണാന്‍ വെമ്പുന്ന എനിക്കെന്തിനു ഭക്ഷണം?'' എന്നായിരുന്നു മഹാനുഭാവന്റെ പ്രതികരണം. ഇങ്ങനെ സദാ സാഷ്ടാംഗത്താലും പ്രാര്‍ത്ഥനയാലും കരഞ്ഞു കലങ്ങിയ കണ്ണുകളാലും കാണപ്പെട്ട നിസാമുദ്ദീന്‍ ഔലിയ(റ) ക്രിസ്തുവര്‍ഷം 1325 റബീഉല്‍ ആഖിര്‍ 18 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അഭൗതികതയുടെ അനശ്വര വിഹായസിലേക്ക് പറന്നകന്നു. മരണസമയത്ത് 'ഞാന്‍ മരിച്ച് അധികം കഴിയും മുമ്പേ ഖുസ്രുവും മരിക്കു'മെന്ന ഔലിയയുടെ പ്രവചനം വൈകാതെ പുലരുകയും ഔലിയയുടെ തന്നെ വസ്വിയ്യത്ത് അനുസരിച്ച് മഹാനുഭാവന്റെ ഖബറിന്നടുത്ത് തന്നെ ഖുസ്രുവിനെ ഖബറടക്കം ചെയ്യുകയും ചെയ്തു. മസ്ജിദുല്‍ ഖില്‍ജിയിലാണ് ഇരുവരുടെയും ഖബറിടം. ഈ പ്രദേശമാണിന്ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ എന്ന പേരില്‍ സുപ്രസിദ്ധമായി അറിയപ്പെടുന്നത്. ഉത്തരേന്ത്യയില്‍ അജ്മീര്‍ ദര്‍ഗ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് ഇവിടെയാണ്.
Leave A Comment