ശൈഖ് അഹ്മദ് സര്‍ഹിന്ദി: ജീവിതം, വ്യക്തിത്വം

ഓരോ നൂറ്റാണ്ടിലും സമൂഹസമുദ്ധാരണത്തിനായി അല്ലാഹു ചില മഹാന്മാരെ നിയോഗിക്കും. അവര്‍ മുജദ്ദിദ് എന്ന പേരിലറിയപ്പെടുന്നു. ഇസ്‌ലാമിന്റെ പ്രഭക്ക് മങ്ങലേല്‍ക്കുന്ന പ്രവണതകള്‍ സമൂഹത്തില്‍ നടമാടുമ്പോഴാണ് അല്ലാഹു ഇത്തരം മഹാന്മാരെ നിയോഗിക്കുന്നത്. അത്തരം മഹാന്മാരില്‍ പ്രധാനിയായിരുന്നു ഇന്ത്യയിലെ പഞ്ചാബില്‍ ഹിജ്‌റ പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ജീവിച്ച ശൈഖ് അഹ്മദ് സര്‍ഹിന്ദി ഫാറൂഖി (റ). മുജദ്ദിദെ അല്‍ഫെ സാനി (രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്‌കര്‍ത്താവ്) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മഹാനവര്‍കളുടെ സംഭവ ബഹുലമായ ജീവിതത്തിലേക്കും വ്യക്തിത്വത്തിലേക്കും ഒരെത്തിനോട്ടം നടത്തുകയാണ് ഇവിടെ.

ജനനം, വളര്‍ച്ച
ഹിജ്‌റ വര്‍ഷം 971 (ക്രിസ്താബ്ദം 1563) ശവ്വാല്‍ പതിനാലിന് പഞ്ചാബിലെ സര്‍ഹിന്ദ് എന്ന പ്രദേശത്താണ്  കഥാപുരുഷന്റെ ജനനം. പിതാവ് ശൈഖ് അബ്ദുല്‍ അഹദ് അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബ പരമ്പര ചെന്നു മുട്ടുന്നത് ഹസ്രത്ത് ഉമറുല്‍ ഫാറൂഖ് (റ) വിലേക്കാണ്. ഇതാണ് ശൈഖ് അല്‍ ഫാറൂഖി എന്നറിയപ്പെടാന്‍ കാരണം. തന്റെ പില്‍ക്കാല പ്രവര്‍ത്തനങ്ങളില്‍ ഫാറൂഖ് (റ) വിന്റെ ധീരത കൂടുതല്‍ പ്രകടമായിട്ടുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍ക്കെതിരായ അഭിപ്രായം കേള്‍ക്കാനിടയായ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം തന്റെ കത്തുകളുടെ സമാഹാരമായ മക്തൂബാത്തില്‍ ഇപ്രകാരം എഴുതുന്നു:
”സുഹൃത്തെ, ഇപ്രകാരമുള്ള വാക്കുകള്‍ കേള്‍ക്കാനുള്ള ശക്തി എനിക്കില്ല. ഞാനറിയാതെ ഫാറൂഖി നിണം എന്റെ ശരീരത്തില്‍ തിളച്ചുപൊങ്ങുകയാണ്” (മക്തൂബാത്ത് വോള്യം: 1, മക്തൂബ്: 100).
കുട്ടിക്കാലത്തുതന്നെ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി. പിന്നീട് പിതാവിന്റെ ശിക്ഷണത്തില്‍ പഠനമാരംഭിച്ചു. വലിയ ബുദ്ധിമുട്ടുപിടിച്ച വിഷയങ്ങള്‍ പോലും മനസ്സിലാക്കുവാനും വിശകലനം ചെയ്യുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. പിതാവില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ ശേഷം സിയാല്‍കോട്ടില്‍ പോവുകയും സുപ്രസിദ്ധ പണ്ഡിതന്‍ അബ്ദുല്‍ ഹകീം സിയാല്‍കോട്ടിയുടെ ഗുരുവര്യരായ മൗലാനാ കശ്മീരിയുടെ ശിഷ്യത്വം സ്വീകരിക്കുകുയം ചെയ്തു. ശേഷം, അല്ലാമാ ഇബ്‌നു ഹജറില്‍ ഹൈത്തമിയുടെ ശിഷ്യന്‍ ശൈഖ് യഅ്ഖൂബ് കശ്മീരിയില്‍നിന്നു ഹദീസില്‍ അവഗാഹം നേടി.
വിദ്യാര്‍ത്ഥി ജീവിതത്തിനു ശേഷം ആഗ്രയിലേക്കു യാത്രയായി. അവിടെ പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ച് സവാഥിഉല്‍ ഇല്‍ഹാം എന്ന പേരില്‍ തഫ്‌സീര്‍ ഗ്രന്ഥമെഴുതിയ ഫൈദിയുമായി കണ്ടുമുട്ടി. ഒരു സ്ഥലത്ത് അനുയോജ്യമായ പുള്ളിയില്ലാത്ത അക്ഷരം കിട്ടാതെ വന്നപ്പോള്‍ ശൈഖവര്‍കളാണ് അദ്ദേഹത്തെ സഹായിച്ചത്. അല്‍പകാല ശേഷം ആഗ്രയില്‍നിന്നു സര്‍ഹിന്ദിലേക്കു തന്നെ തിരിച്ചുവന്നു. ഈ തിരിച്ചുവരവിനിടയിലാണ് തന്റെ വിവാഹം നടക്കുന്നത്.

ആത്മീയതയിലേക്ക്
ശൈഖവര്‍കള്‍ ജീവിച്ച കാലഘട്ടം ഥരീഖത്തുകള്‍ക്ക് നല്ല വേരോട്ടമുള്ള കാലഘട്ടമായിരുന്നു. വൈജ്ഞാനികമായി എത്ര ഉയര്‍ന്നാലും ഏതെങ്കിലുമൊരു ആത്മീയ ഗുരുവിന്റെ നേതൃത്വമില്ലാതെ ജീവിക്കുകയെന്നത് വളരെ മോശമായി കാണപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ കാലത്തെ സമുദ്ധരിക്കാന്‍ വരുന്നത് ഥരീഖത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുചെന്ന ഒരാളായിരിക്കണം. അല്ലാഹു ശൈഖവര്‍കള്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുത്തു എന്നു മാത്രമല്ല, നഖ്ശബന്തിയ്യാ ഥരീഖത്തില്‍ മുജദ്ദിദിയ്യാ എന്ന ഒരു പ്രത്യേക സില്‍സില തന്നെ പില്‍ക്കാലത്ത് ഉദയം ചെയ്തു.പിതാവ് മരണമടയുന്നതുവരെ അദ്ദേഹത്തിന്റെ ആത്മീയ ശിക്ഷണത്തിലാണ് ശൈഖവര്‍കള്‍ വളര്‍ന്നത്. ഹി. 1007 ല്‍ പിതാവിന്റെ വിയോഗത്തെതുടര്‍ന്ന് മറ്റൊരു ശൈഖിനെ അന്വേഷിച്ചു യാത്ര തുടങ്ങി. അവസാനം ഖാജാ ബാഖി ബില്ലാഹ് ദഹ്‌ലവിയുടെ സന്നിധിയിലാണ് ചെന്നെത്തിയത്.

ബാഖി ബില്ലായുടെ കൂടെ
ഖാജാ ബാഖീബില്ലാഹ് (റ) കാബൂളിലാണ് ജനിച്ചത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ മുറിച്ചുകടന്നതിനു ശേഷം അദ്ദേഹം ഇന്ത്യയിലെത്തി. ഇന്ത്യയില്‍ വരുന്നതിനു മുമ്പുതന്നെ സ്വരരാഗസുധയുള്ള ഒരു തത്ത തന്റെ കൈയില്‍ വന്നിരിക്കുന്നതായും തന്റെ വായിലേക്കു പഞ്ചസാര കൊത്തിയിടുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. പില്‍ക്കാലത്ത് തന്നെ സമീപിക്കുന്ന ശൈഖ് അഹ്മദ് സര്‍ഹിന്ദി എന്ന മഹാ സൂഫി വര്യനിലേക്കുള്ള സൂചനയായിരുന്നു അത് എന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞു.
ഹി. 1008 ലാണ് മഹാനവര്‍കള്‍ ബാഖീബില്ലായെ സമീപിക്കുന്നത്. പതിവിന് വിപരീതമായി ബാഖീ ബില്ലാഹ് ശൈഖവര്‍കളോട് പറഞ്ഞു: നിങ്ങള്‍ ഒരു മാസമോ അതല്ലെങ്കില്‍ ഒരു ആഴ്ചയെങ്കിലും എന്റെ അതിഥിയായി ഇവിടെ നില്‍ക്കണം. ഈ കാലത്തുതന്നെ ശൈഖവര്‍കള്‍ മഹാനരില്‍നിന്ന് ബൈഅത്ത് സ്വീകരിച്ചു. രണ്ടര മാസത്തോളം അവിടെ തങ്ങി. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തനിക്കു ലഭിച്ച ആത്മീയ വിജ്ഞാനം പറഞ്ഞറിയിക്കാവുന്നതിലപ്പുറമാണ്. സ്ഫടിക സമാനമായ ഹൃദയങ്ങളിലേക്ക് അല്ലാഹു ഇട്ടുകൊടുക്കുന്ന ഇത്തരം ജ്ഞാനങ്ങള്‍ കശ്ഫ് എന്ന പേരില്‍ അറിയപ്പെടുന്നു. വിവര്‍ണനാതീതമായ ഇത്തരം  ധാരാളം വിജ്ഞാനങ്ങള്‍ തനിക്കു ലഭിച്ചുവെന്ന് ശൈഖവര്‍കള്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാഖീ ബില്ലാഹിന്റെ പുത്രന്മാര്‍ക്ക് എഴുതിയ കത്തില്‍ ശൈഖവര്‍കള്‍ ഇപ്രകാരം പറയുന്നു: ഈ സാധുവായ മനുഷ്യന്‍  ആപാദ ചൂഢം നിങ്ങളുടെ പിതാവിന്റെ അനുഗ്രഹാശിസ്സുകളില്‍ മുങ്ങിയിരിക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിങ്ങളുടെ പിതാവ് മുഖേന എനിക്കു ലഭിച്ച വര്‍ണങ്ങള്‍ക്കും വര്‍ണനകള്‍ക്കും അതീതമായ ദിവ്യജ്യേതിസുകളെക്കുറിച്ചും ആത്മീയ ജ്ഞാനങ്ങളെക്കുറിച്ചും ഞാന്‍ എങ്ങനെ വിവരിക്കാന്‍! നിങ്ങളുടെ പിതാവ് കാരണമായി ഈ സാധുവിന് തുറക്കപ്പെടാത്ത ആത്മീയ ജ്ഞാനങ്ങള്‍ വളരെ വിരളമാണ് (മക്തൂബാത് വോള്യം: 1, മക്തൂബ്: 266). ബാഖീ ബില്ലാ ശൈഖവര്‍കളെക്കുറിച്ച് ഒരു സ്ഥലത്ത് ഇപ്രകാരം പറയുന്നുണ്ട്: ജ്ഞാനിയും സല്‍കര്‍മിയുമായ സര്‍ഹിന്ദുകാരന്‍ ശൈഖ് അഹ്മദ് അല്‍പകാലം എന്റെ കൂടെ ജീവിച്ചിട്ടുണ്ട്. ലോകത്തെ പ്രഭാപൂരിതമാക്കുന്ന ദീപസ്തംഭമായി അദ്ദേഹം മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മടക്കയാത്ര
ബാഖീബില്ലായുടെ അടുക്കല്‍ നിന്ന് ആത്മീയലോകത്തേക്കുയര്‍ന്നതിനു ശേഷം ശൈഖവര്‍കള്‍ സ്വന്തം നാടായ സര്‍ഹിന്ദിലേക്കു മടങ്ങി. അല്‍പകാലം ഏകാന്തവാസം അനുഷ്ഠിക്കുകയും സ്വന്തത്തെ സംസ്‌കരിക്കുകയും ചെയ്തു. പിന്നീട് സ്വപ്നങ്ങളിലൂടെയും ശുഭവര്‍ത്തകളിലൂടെയും അദ്ദേഹത്തിന് തന്റെ സ്ഥാനം മനസ്സിലായി. താന്‍ മുഖേന പരിശുദ്ധ ദീനിനെ ശക്തിപ്പെടുത്താന്‍ അല്ലാഹു തീരുമാനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ലാഹോറിലേക്ക്
തന്റെ ആത്മീയ ഗുരുവിന്റെ കല്‍പന പ്രകാരം ശൈഖവര്‍കള്‍ ലാഹോറിലേക്കു പോയി. ലാഹോര്‍ നിവാസികള്‍ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. പക്ഷെ, ലാഹോര്‍ വാസത്തിനിടെ തന്റെ ആത്മീയ ഗുരുവിന്റെ വിയോഗമുണ്ടായി. തന്മൂലം ഡല്‍ഹിലേക്കു പോവുകയും ഗുരുവിന്റെ ഖബര്‍ സിയാറത്തിനു ശേഷം  നാട്ടിലേക്കു തിരിക്കുകയും ചെയ്തു. ഹി. 1026 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പ്രതിനിധി സംഘങ്ങളെ അയക്കുകയും പ്രബോധന മേഖല ശക്തിപ്പെടുത്തുകയും ചെയ്തു.

ജനങ്ങളിലേക്ക്
ഇന്ത്യയിലാണ് ശൈഖവര്‍കള്‍ ജനിച്ചതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. എഴുപതോളം ശിഷ്യന്മാരെ അദ്ദേഹം തുര്‍ക്കിസ്ഥാനിലെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. അറേബ്യ, യമന്‍, സിറിയ, റോം തുടങ്ങിയ ഭാഗങ്ങളിലേക്കു  നാല്‍പതാളെയും ചൈനയിലെ കാശ്ഗറിലേക്കു പത്താളെയും ഖുറാസാനിലേക്കു മുപ്പതുപേരെയും പറഞ്ഞയച്ചു.
ഇതിനു പുറമെ ലോകത്തിന്റെ മുക്കുമൂലകളില്‍നിന്നും ആളുകള്‍ ഡല്‍ഹിയിലേക്കൊഴുകാന്‍ തുടങ്ങി. അവരെ മുഴുവന്‍ ശൈഖവര്‍കള്‍ ആവേശത്തോടെ സ്വീകരിക്കുകയും തങ്ങളുടെ നാടുകളില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവാദപ്പെടുത്തുകയും ചെയ്തു. ഇന്ത്യ.യിലെ വിവിധ നാടുകള്‍ കേന്ദ്രീകരിച്ച് അദ്ദേഹം ആത്മീയ ശിക്ഷണം നടത്തി. അങ്ങനെ അറേബ്യയും അനറബി നാടുകളും അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുകയും അദ്ദേഹത്തിന്റെ വിജ്ഞാനീയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു.

ജഹാംഗീറിന്റെ തടവറയില്‍
വിലപ്പെട്ട ജീവിതത്തിനിടയില്‍ ശൈഖവര്‍കള്‍ക്ക് ഒരു വര്‍ഷത്തിലേറെ ആഗ്രയിലെ ഗ്വോളിയോര്‍ തടവറയില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. തന്റെ വിഖ്യാത ഗ്രന്ഥമായ മക്തൂബാത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു അതിനു കാരണമെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നത് ഇങ്ങനെയാണ്:
‘ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍മാരോട് ശൈഖവര്‍കള്‍ക്കു നല്ല ബന്ധമുണ്ടായിരുന്നു. ജഹാംഗീറിന്റെ പിതാവായ അക്ബര്‍ ചക്രവര്‍ത്തി പരിശുദ്ധ ഇസ്‌ലാമിനെ വളച്ചൊടിച്ചതും പുതിയ മതത്തിനു രൂപം നല്‍കിയതും വ്രണിത ഹൃദയത്തോടെയാണ് ശൈഖവര്‍കള്‍ നോക്കിക്കണ്ടത്. അക്ബര്‍ വരുത്തിവെച്ച വിനകള്‍ മാറ്റിമറിക്കാനും ഇസ്‌ലാമിന്റെ തനതായ ആശയങ്ങള്‍ നിലനിര്‍ത്താനും ജഹാംഗീറിന്റെ ഗവര്‍ണര്‍മാര്‍ക്ക് വികാരനിര്‍ഭരമായ ഒട്ടേറെ കത്തുകള്‍ ശൈഖവര്‍കള്‍ അയച്ചിട്ടുണ്ട്. ഈ വിവരം ജഹാംഗീറിനു നല്ലപോലെ അറിയാമായിരുന്നു. ശീഇസത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച ശൈഖവര്‍കളൈ തടവറയിലാക്കുന്നതില്‍ ചില ശീഇകളുടെ പങ്കും നിഷേധിക്കാവതല്ല.’
അവസാനം ജഹാംഗീര്‍ മഹാനവര്‍കളെ കൊട്ടാരത്തിലേക്കു വിളിച്ചുവരുത്തി. ചക്രവര്‍ത്തിയെ വന്ദിച്ചു സാഷ്ടാംഗം ചെയ്യുന്ന പതിവ് അന്നു നിലവിലുണ്ടായിരുന്നു. പക്ഷെ, ശൈഖവര്‍കള്‍ സാഷ്ടാംഗം ചെയ്തില്ല. ചക്രവര്‍ത്തി കാരണമന്വേഷിച്ചപ്പോള്‍ ശേഖവര്‍കള്‍ തുറന്നടിച്ചു:
‘അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഞാന്‍ സുജൂദ് ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല.’ ഇതുകേട്ട രാജാവ് ശൈഖവര്‍കളെ തടവറയിലേക്കയച്ചു. ഹി. 1028 റബീഉല്‍ അവ്വലിലായിരുന്നു ഈ സംഭവം.

തടവറയിലും കര്‍മനൈരന്തര്യം
തടവറയില്‍ ശൈഖവര്‍കള്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പ്രസിദ്ധ ചരിത്രകാരനായ ഡോ. തോമസ് ആര്‍നോള്‍ഡ് തന്റെ പ്രീച്ചിംഗ് ഓഫ് ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:
‘ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് അഹ്മദ് മുജദ്ദിദ് എന്നു പേരായ ഒരു സുന്നി പണ്ഡിതനുണ്ടായിരുന്നു. ശീഇസത്തെ എതിര്‍ക്കുന്നതില്‍ അദ്ദേഹം പ്രസിദ്ധനാണ്. ശീഇകള്‍ക്കു അക്കാലത്ത് കൊട്ടാരത്തില്‍  വലിയ സ്വാധീനമുണ്ടായിരുന്നു. അവര്‍ കുതന്ത്രത്തിലൂടെ അദ്ദേഹത്തെ തടവറയിലാക്കി. ഇക്കാലത്ത് ജയിലില്‍ അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നവരില്‍ നൂറുക്കണക്കിനു ബിംബാരാധകര്‍ അദ്ദേഹം കാരണം ഇസ്‌ലാം മതം വിശ്വസിക്കുകയുണ്ടായി.’
ജയിലറയില്‍വെച്ചു ഒട്ടേറെ ആത്മിക ജ്ഞാനങ്ങള്‍ കശ്ഫ് മുഖേന അല്ലാഹു അദ്ദേഹത്തിനു നല്‍കി.  അദ്ദേഹം എഴുതുന്നു:
‘ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഈ സ്ഥലത്തുവെച്ച് ധാരാളം അനുഗ്രഹങ്ങളും അസംഖ്യം ദൈവിക ജ്ഞാനങ്ങളും എന്നെപ്പോലെയുള്ള വ്രണിത ഹൃദയര്‍ക്കു ലഭിച്ചില്ലായിരുന്നുവെങ്കില്‍ നിരാശ എന്നെ പിടികൂടുമായിരുന്നു. ഈ വിഷമ ഘട്ടത്തില്‍ സൗഖ്യം പ്രധാനം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.’

അവസാനം ഹി. 1029 ജുമാദുല്‍ ഉഖ്‌റ മാസത്തില്‍ ശൈഖവര്‍കള്‍ ജയില്‍ മോചിതനായി. ശേഷം ജഹാംഗീര്‍ ചക്രവര്‍ത്തി മഹാനവര്‍കളെ തന്റെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. ശൈഖവര്‍കള്‍ ഈ അവസരം മുതലെടുക്കുകയും കൊട്ടാര നിവാസികളുടെ ഹൃദയത്തില്‍ ഇസ്‌ലാമിനോടുള്ള സ്‌നേഹം വളര്‍ത്താന്‍ കിണഞ്ഞുശ്രമിക്കുകയും ചെയ്തു.

വഫാത്ത്
അര്‍ത്ഥ ഗര്‍ഭവും അനുഗ്രഹപൂര്‍ണവുമായ ജീവിതത്തിനു ശേഷം ശൈഖവര്‍കള്‍ ഈ ഭൗതികമായ ചട്ടക്കുടില്‍നിന്നു അന്ത്യയാത്രക്കൊരുങ്ങുന്നു. 1034 സ്വഫര്‍ 27 നിര്യാണത്തിനു ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ തനിക്കു സേവനം ചെയ്തിരുന്ന സേവകനോട് ശൈഖവര്‍കള്‍ പറഞ്ഞു: ‘ഇന്നൊരു രാത്രികൂടി നീ സേവനം ചെയ്താല്‍ മതി. പിന്നീട് തനിക്കു പോകാം.’ മരിക്കുന്നതിന്റെ തലേ രാത്രി ശൈഖവര്‍കള്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു: ‘രാത്രീ, നീയൊന്ന് പ്രഭാതമാവുക.’ അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ക്ക് മരണം ഇഷ്ട ഭാജനത്തിലേക്കുള്ള യാത്രയാണ്. ശേഷം, അദ്ദേഹം ഖിബ്‌ലക്കു നേരെ തിരിഞ്ഞുകിടന്നു. ശിഷ്യഗണങ്ങള്‍ ചോദിച്ചു: എങ്ങനെയുണ്ട്? അദ്ദേഹം പറഞ്ഞു: എനിക്കു സുഖമാണ്. ഹി. 1034 സ്വഫര്‍ 28 ന്  ആ പുണ്യാത്മാവ് അനന്തതയിലേക്കു പറന്നുയര്‍ന്നു.

പിന്‍ഗാമികള്‍
ശൈഖവര്‍കള്‍ക്കു ഏഴു പുത്രന്മാരുണ്ടായിരുന്നു. അവരില്‍മൂന്നുപേര്‍ ചെറുപ്പത്തിലേ നിര്യാതരായി. മൂത്ത പുത്രന്‍ ശൈഖ് സ്വാദിഖ് തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. മഹാനവര്‍കളുടെ മൂന്നാമത്തെ പുത്രനായ ഖാജാ മുഹമ്മദ് മഅ്‌സൂം ആണ് താന്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പിതാവിനെപോലെ ആത്മീയ വിജ്ഞാനത്തിന്റെ വിവിധ സീമകള്‍ അദ്ദേഹം മുറിച്ചുകടക്കുകയും ആത്മീയ ശിക്ഷണം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു. മക്തൂബാതെ മഅ്‌സൂമിയ്യ എന്ന പേരില്‍ പ്രസിദ്ധമായ ഗ്രന്ഥം അദ്ദേഹത്തിന്റെ സംഭാവനയാണ്. വിജ്ഞാനത്തിന്റെ മഹാശേഖരമായ ആ ഗ്രന്ഥം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് തെളിവാണ്. ഹി. 1079 ലാണ് ഖാജാ മുഹമ്മദ് മഅ്‌സൂം വഫാത്താകുന്നത്. തന്നെ പിന്തുടര്‍ന്നുകൊണ്ടു ഒട്ടേറെ ഔലിയാക്കള്‍ ഇന്ത്യാരാജ്യത്ത് കടന്നുപോയിട്ടുണ്ട്. നഖ്ശബന്തിയ്യാ ഥരീഖത്തിലെ മുജദ്ദിദിയ്യാ സില്‍സിലയില്‍ മുജദ്ദിദിയ്യാ മഅ്‌സൂമിയ്യ എന്ന പേരില്‍ ഒരു പ്രത്യേക സില്‍സില തന്നെ നിലവിലുണ്ട്. മീര്‍സാ മസ്ഹര്‍ ജാനെ ജാനാന്‍ , ശാഹ് ഗുലാം അലി തുടങ്ങിയ പ്രസിദ്ധരും പ്രഗല്‍ഭരുമായ ഔലിയാക്കള്‍ ഈ വഴിയില്‍ പെട്ടവരാണ്. ശാഹ് ഗുലാം അലിയുടെ അടുത്തേക്ക് ഇറ്റലി, സിറിയ, ബാഗ്ദാദ്, ഈജിപ്ത്, ചൈന, എത്യോപ്യ തുടങ്ങി വിവിധ ദേശങ്ങളിലുള്ള ആളുകള്‍ ബൈഅത്തിനു വേണ്ടി വരാറുണ്ടായിരുന്നു.

ഗ്രന്ഥങ്ങള്‍
അറബിയിലും ഫാരിസിയിലുമായി ഏതാനും ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. ഇസ്ബാതുന്നുബുവ്വ, റദ്ദേ റവാഫിള്, രിസാലത്തുന്‍ തഹ്‌ലീലിയ്യ, മആരിഫെ ലദുന്നിയ്യ, മബ്ദ ഓ മആദ്, മുകാശഫതെ ഐനിയ്യ, മക്തൂബാതെ ഇമാമെ റബ്ബാനി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍. ഇവയില്‍ മൂന്നു വോള്യങ്ങളിലായി ഫാരിസി ഭാഷയില്‍ വിരചിതമായ മക്തൂബാത്താണ് ഏറ്റം പ്രധാനം. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ഉത്തമമായ കൃതി എന്നു ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
മക്തൂബാത്ത് വാസ്തവത്തില്‍ ഒരു സ്വതന്ത്ര കൃതിയല്ല. മറിച്ച് പ്രബോധന സമയത്ത് വിവിധ രാജാക്കന്മാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും അനുയായികള്‍ക്കും എഴുതിയ കത്തുകളുടെ സമാഹാരമാണ്. മക്തൂബാത്തിനെ വിശേഷിപ്പിക്കാന്‍ ചുരുങ്ങിയ വരികള്‍ അപര്യാപ്തമാണ്. നമ്മുടെ കുരുന്നു മനസ്സുകള്‍ക്ക് ഊഹിക്കാന്‍പോലും പറ്റാത്ത മഹാവിജ്ഞാനീയങ്ങളാണ് മക്തൂബാത്തില്‍ പരാമൃഷ്ടമായിട്ടുള്ളത്. സ്വന്തം അനുയായികളോട് മഹാനവര്‍കള്‍ക്കുണ്ടായിരുന്ന സ്‌നേഹവും ഇസ്‌ലാമിക പ്രബോധന മേഖലയില്‍ മഹാനവര്‍കള്‍ക്കുണ്ടായിരുന്ന താല്‍പര്യവും മക്തൂബാത്തിന്റെ വരികള്‍ നമുക്ക് പറഞ്ഞുതരുന്നു. ഫാരിസിയില്‍ വരചിതമായ ഈ ഗ്രന്ഥം മൂന്നു വോള്യങ്ങളാണ്. ഓരോ വോള്യവും ദഫ്തര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദഫ്തറെ അവ്വല്‍, ദഫ്തറെ സാനി, ദഫ്തറെ സാലിസ് എന്നിങ്ങനെ. ആദ്യ വോള്യത്തില്‍ 313 കത്തുകളും രണ്ടാം ദഫ്തറില്‍ 99 കത്തുകളും മൂന്നാം ദഫ്തറില്‍ 114 കത്തുകളുമാണ് അടങ്ങിയിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയം മുറുകെ പിടിക്കണമെന്നും ബിദ്അത്തുകാരെ പറ്റെ വര്‍ജ്ജിക്കണമെന്നും മക്തൂബാത്ത് അടിക്കടി ഉണര്‍ത്തുന്നു. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ശീഈ വിശ്വാസങ്ങള്‍ക്കെതിരെയും മക്തൂബാത്ത് ഗര്‍ജിക്കുന്നുണ്ട്.

സേവനങ്ങള്‍
പത്താം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരുന്നു ശൈഖവര്‍കളുടെ ജനനം എന്നു സൂചിപ്പിച്ചുവല്ലോ. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം ആയിരം വര്‍ഷം തികയാന്‍ കേവലം ഇരുപതു വര്‍ഷമേ അദ്ദേഹത്തിന്റെ ജനന ശേഷം ഉണ്ടായിരുന്നുള്ളൂ. പലരും കള്ള പ്രവാചകരായി രംഗപ്രവേശം നടത്തിത്തുടങ്ങിയ കാലമായിരുന്നു അത്. പ്രവാചകന്‍ ആദ്യത്തെ ആയിരം വര്‍ഷങ്ങളിലേക്കു മാത്രം നിയോഗിക്കപ്പെട്ടവരാണെന്നും അടുത്ത ആയിരം വര്‍ഷത്തേക്കു മറ്റൊരു പ്രവാചകന്‍ വരുമെന്നുമായിരുന്നു അവരുടെ വാദം. ശൈഖവര്‍കള്‍ ഈ വാദത്തിന്റെ മുനയൊടിക്കുകയും നുബുവ്വത്ത് എന്താണെന്ന് ജനങ്ങള്‍ക്കു വരച്ചുകാട്ടിക്കൊടുക്കുകയും ചെയ്തു. ഇതുമൂലം രണ്ടാം സഹസ്രാബ്ദത്തെ മൊത്തം ഒരു മഹാവിപത്തില്‍നിന്നും സംരക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതുകൊണ്ടാണ് രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്‌കര്‍ത്താവ് എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായത്.
അക്ബര്‍ ചക്രവര്‍ത്തി കൊണ്ടുവന്ന തെറ്റായ ആശയങ്ങളെ പിഴുതെറിയുകയും മുഗള്‍ചക്രവര്‍ത്തിമാരിലേക്കിറങ്ങിച്ചെന്ന് അവരുടെ ഗവര്‍ണര്‍മാരുമായി ബന്ധം സ്ഥാപിക്കുകയും നിരന്തരം കത്തെഴുത്തുകളിലൂടെ രാജാക്കന്മാരുടെ മനസ്സ് മാറ്റിയെടുക്കുകയും ചെയ്തതില്‍ ശൈഖവര്‍കളുടെ പങ്ക് അനിഷേധ്യമാണ്. അക്ബര്‍ ഇരുന്ന കസേരയില്‍ സൂഫിവര്യനായ ഔറംഗസീബിനെ ഇരുത്താന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലമാണ്. ആദ്ധ്യാത്മിക മേഖലയില്‍ അറിയപ്പെട്ട വഹ്ദത്തുല്‍ വുജൂദിനു പകരമായി വഹ്ദത്തുല്‍ ശ്ശുഹൂദ് കൊണ്ടുവന്നതും അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ബിദുഅത്തുകാര്‍ക്കെതിരെ അദ്ദേഹം സധീരം ഗര്‍ജ്ജിച്ചു. ബിദ്അത്തുകാര്‍ നരകത്തിലെ പട്ടികളാണെന്ന് അദ്ദേഹം സമൂഹത്തെ ഓര്‍മിപ്പിച്ചു. അബൂ ബക്ര്‍ (റ) ആണ് അലി (റ) വിനെക്കാള്‍ ഉത്തമന്‍ എന്നദ്ദേഹം സ്ഥാപിച്ചു. നുബുവ്വത്തും വിലായത്തും എന്താണെന്നു വിശദീകരിച്ചു. അല്‍ഭുതപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഒരു മനുഷ്യനെ അളക്കാനുള്ള മാനദണ്ഡമല്ലെന്നു ഓര്‍മപ്പെടുത്തി. നഖ്ശബന്ദിയ്യാ ഥരീഖത്തിന്റെ പ്രചാരണത്തിനുവേണ്ടി കിണഞ്ഞു ശ്രമിച്ചു.
 

എ.പി. മുസ്ഥഫാ ഹുദവി അരൂര്/ തെളിച്ചം മാസിക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter