ഡോ.തൈക്ക ശുഐബ് ആലിം: അറബി-തമിഴ് സാഹിത്യ ചരിത്രം രൂപപ്പെടുത്തിയ സൂഫിവര്യന്‍

സൂഫിവര്യനും അറബിതമിഴ് സാഹിത്യകാരനും വിജ്ഞാനകുലപതിയുമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ 14 ന് വിടപറഞ്ഞ ഡോ.തൈക്ക ശുഐബ് ആലിം സാഹിബ്. മഹാനായ സ്വദഖത്തുള്ളാഹില്‍ ഖാഹിരിയുടെ കുടുംബ പാരമ്പര്യം, അബൂബക്കര്‍ സിദ്ധീഖ് (റ) ലേക്ക് എത്തുന്ന പരമ്പര തുടങ്ങിയ സവിശേഷതകളും അദ്ദേഹത്തിലുണ്ടായിരുന്നു. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള കീളക്കരയില്‍ 1930 ലാണ്  ജനനം.  പ്രമുഖ പണ്ഡിതന്‍ ശൈഖ് അഹ്മദ് അബ്ദുല്‍ ഖാദിറിന്റെ മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു ശുഐബ് ആലിം. അര്‍വി പ്രദേശത്ത് നൂറ്റാണ്ടുകളോളം മതം പഠിപ്പിച്ച പാരമ്പര്യമുള്ള ഇസ്‌ലാമിക പണ്ഡിതരുടെ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.  ശൈഖ് സൈനൂദ്ദീന്‍ മഖ്ദൂമിലൂടെ കേരളം ഏറെ കടപ്പെട്ടിരിക്കുന്ന മഅ്ബറുമായും ഇദ്ദേഹത്തിന് ബന്ധമുണ്ട്.

ഒരേ സമയം സാഹിത്യവും ആത്മീയജ്ഞാനവും അക്കാദമിക വ്യവഹാരങ്ങളെയും കൈകാര്യം ചെയ്തിരുന്നുവെന്നതാണ് ഡോ.തൈക്ക ശുഐബ് ആലിം സാഹിബിനെ വേറിട്ട് നിറുത്തുന്നത്, മാത്രമല്ല ഒട്ടനവധി രാജ്യങ്ങളിലായി വിവിധ വേദികളില്‍ നിരവധി അക്കാദമിക പ്രബന്ധങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്, തായ്‌വാന്‍, ചൈന, ജപ്പാന്‍, യുകെ, യു.എസ്.എ, ബൈല്‍ജിയം, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, യു.എ.ഇ തുടങ്ങിയ നാടുകളിലെല്ലാം അന്താരാഷ്ട്ര സെമിനാറുകളിലൂം സമ്മേളനങ്ങളിലും പങ്കെടുക്കുകയും പ്രബന്ധമവതരിപ്പിക്കുയും ചെയ്തു. 
ലോകത്തെ  ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 500 മുസ്‌ലിംകളുടെ പട്ടികയില്‍ 2013 മുതല്‍ ഇടംപിടിച്ചിരുന്നു.  1993 ല്‍ പുറത്തിറങ്ങിയ 850ലധികം പേജുകളുള്ള ഗവേഷണ പ്രബന്ധം ജ്ഞാനകുതുകികളെ ഏറെ ആകര്‍ഷിക്കുകയും ഏവരെയും  അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബ പാരമ്പര്യത്തിനൊത്ത് വളരുകയും മഅ്ബര്‍ പോലോത്ത ജ്ഞാന സ്രോതസ്സിനെ ധന്യമാക്കുകയും അതിലുപരി ആത്മീയമായ വഴിയില്‍ തന്റെ സഞ്ചാരം തുടരുകയും ചെയ്ത മഹാനായിരുന്നു ഡോ. തൈക്ക ശുഐബ് ആലിം സാഹിബ്. 

ജ്ഞാന സഞ്ചാര വഴികള്‍
കീളക്കരയിലെ വളരെ പഴക്കമുള്ള ജ്ഞാനകേന്ദ്രമായ മദ്‌റസത്തുല്‍ അറൂസില്‍ നിന്നാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യഭ്യാസം നുകര്‍ന്നത്. ശൈഖ് സ്വദഖത്തുള്ളാഹില്‍ ഖാഹിരി  സ്ഥാപിച്ച വിജ്ഞാന സൗധമായിരുന്നു ഇത്. തന്റെ ആത്മീയ ഗുരുകൂടിയായിരുന്ന പിതാവ് തന്നെയായിരുന്നു അറൂസിയ്യയിലെ അധ്യാപകന്‍. ശേഷം ഉമ്മുല്‍ മദാരിസെന്ന് അറിയപ്പെടുന്ന വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ഉപരിപഠനം. ശേഷം ജമാലിയ്യ അറബിക് കോളേജില്‍ നിന്നും തുടര്‍പഠനം. വിജ്ഞാനം കരസ്ഥമാക്കാനും അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലാനും ഇഷ്ടപ്പെട്ടിരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ശേഷം ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ചെന്ന് വിജ്ഞാനം കരസ്ഥമാക്കുന്നതില്‍ പങ്കാളിയായി, ഇന്ത്യയിലെ തന്നെ വിവിധ ഉന്നത കലാലയങ്ങളില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നു കൊണ്ട് തന്റെ ജ്ഞാനസഞ്ചാരം അദ്ദേഹം തുടര്‍ന്നു പോന്നു. പിന്നീട് ഡല്‍ഹി ജാമിഅ മില്ലിയ്യയിലേക്കും അദ്ദേഹം പോയി. 

Also Read:എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍: അരനൂറ്റാണ്ട് കാലം ദര്‍സ് നടത്തിയ പണ്ഡിത പ്രതിഭ

ശേഷം ആ യാത്ര ചെന്നെത്തിയത് മദീന യൂണിവേഴ്‌സിറ്റിയിലായിരുന്നു. തീര്‍ത്തും അത്ഭുതപ്പെടുത്തുന്ന അറിവിന്റെ ആഴങ്ങളന്വേഷിച്ചുള്ള വഴികളിലൂടെ നടന്നു നീങ്ങിയ അദ്ദേഹം, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും എത്തി. മതപഠനത്തോടപ്പം ഭൗതികപഠനത്തെയും അദ്ദേഹം മുന്നോട്ട് കൊണ്ട്‌പോയിരുന്നു. കീളക്കരയിലെ ഹമീദിയ  ഹൈസ്‌കൂളില്‍ തുടങ്ങിയ ഭൗതിക പഠനം തുടര്‍ന്ന്, സിലോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കുകയും അമേരിക്കയിലെ കൊളംബിയ പസഫിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.ജിയും പി.എച്ച്.ഡിയും പൂര്‍ത്തീകരിക്കുകയും ചെയ്തു. അര്‍വി ഭാഷ അഥവാ അറബി-തമിഴ്  ഭാഷ, സാഹിത്യം, ജീവിതം എന്നീ വിഷയത്തെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അറബി തമിഴ്, ഉറുദു പേര്‍ഷ്യന്‍ ഭാഷകളെല്ലാം അദ്ദേഹത്തിന് നല്ല വശമായിരുന്നു. 

ഗവേഷണകൃതിയുടെ പ്രകാശനം
1993ലാണ് അദ്ദേഹത്തിന്റെ ഗവേഷണ പഠനം പ്രസിദ്ധീകരിക്കുന്നത്. 850ലധികം പേജുവരുന്ന പഠനം അക്കാദിമ ലോകത്തിന് വലിയൊരു സംഭവാനയാണ്. അര്‍വി ആന്റ് പേര്‍ഷ്യന്‍ ഇന്‍ സറന്ദീപ് ആന്റ് തമിള്‍നാടു എന്നതായിരുന്നു ആ പ്രബന്ധത്തിന്റെ വിഷയം. 30 വര്‍ഷത്തെ അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഫലങ്ങളായിരുന്നു  ആ പേജുകളില്‍ നിറഞ്ഞുനിന്നത്. 
അറബി, അര്‍വി, പേര്‍ഷ്യന്‍ ഭാഷകളിലൂടെ ഇസ്‌ലാമിക സാഹിത്യത്തിനും വിദ്യഭ്യാസത്തിനും ആത്മീയതക്കും  കൂടി വേരോട്ടം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. അര്‍വി ജനതയുടെ സംസ്‌കാരത്തെ ആഴത്തില്‍ പഠനവിധേയമാക്കി. തമിഴ് ശ്രീലങ്കന്‍ മുസ്‌ലിംകളുടെ ജീവിതചുറ്റുപാടുകളെ കൂടി സ്പര്‍ശിക്കുന്ന പഠനം കൂടിയാണിത്. 1993ല്‍ ഇമാമുല്‍ അറൂസ് ട്രസ്റ്റായിരുന്നു പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുത്തത്. കൊളംബോയിലെ മുസ്‌ലിം കള്‍ച്ചറല്‍ ഫോറമാണ് പ്രസാധകര്‍.
എട്ടോളം കൃതികള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17-ാം വയസ്സില്‍ പ്രസിദ്ധീകരിച്ച നിത്തിയ കദന്‍ ആണ് ആദ്യകൃതി. തന്റെ പഠനഗവേഷണത്തില്‍ 250 ഓളം കയ്യെഴുത്ത് പ്രതികള്‍ (ഇതുവരെ അച്ചടിക്കപ്പെടാത്തതോ കോപ്പികള്‍ ലഭ്യമല്ലാത്തതോ ആയ) ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് കൂടി വായിക്കുമ്പോഴാണ്, ഗവേഷണ രംഗത്ത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മനസ്സിലാകുക. 

ആത്മീയവഴികള്‍
അക്കാദമികരംഗത്തുലുപരിയായി സൂഫി രംഗത്തും ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു ഡോ.തൈക്ക. പലപ്രമുഖ ശൈഖുമാരില്‍ നിന്ന് ത്വരീഖത്ത് വാങ്ങുകയും ആത്മീയവഴിയിലായി സഞ്ചരിക്കുകയും ചെയ്തു. സൂഫിവര്യനും ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രചാരകരനുമായിരുന്ന പിതാവ് മാപ്പിള ലബ്ബാ സാഹിബിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന കണ്ണിയായി വര്‍ത്തിച്ചു. മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന് മുഖ്യാഥിതിയായി ഇദ്ദേഹത്തെ കൊണ്ടുവന്നിട്ടുണ്ട്. 

വിയോഗം
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഭാഗത്തായിരുന്നു അവസാനനാളുകളില്‍ കഴിഞ്ഞിരുന്നത്. 2021 ജൂണ്‍ 14 ന് അവിടെ വെച്ച് തന്നെ മരണമടയുകയും ശേഷം കീളക്കരയില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. അറബിത്തമിഴ് സാഹിത്യചരിത്രം രൂപപ്പെടുത്തിയ സൂഫിവര്യനായ ഒരുപാരമ്പര്യത്തിന്റെ കണ്ണിയാണ് ഇതോടെ വിടവാങ്ങിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter