മോഹന്‍ ഭഗവത്തിന് ദേശീയ ഗാനത്തിനും മീതെയാണോ വന്ദേമാതരം?!

ഓഗസ്റ്റ് പതിനഞ്ചിന് ആരെങ്കിലും പതാക തല തിരിച്ചുകെട്ടുന്നുണ്ടോ എന്നറിയാന്‍ ആയിരം കാക്കക്കണ്ണുകളുമായി ചില 'രാജ്യസ്‌നേഹികള്‍' ഇരകളെ പിടിക്കാന്‍ പതിയിരിക്കുന്നതിനിടയിലാണ് രാജ്യത്തിന്റെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അവഹേളിക്കുംവിധം തങ്ങളുടെ അരമനകളില്‍നിന്നുതന്നെ 'ധാര്‍ഷ്ട്യത്തി'ന്റെ ചില വാര്‍ത്തകള്‍ പുറത്തുവന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമുമ്പില്‍ ദേശീയ ഗാനത്തിനു പകരം ആര്‍.എസ്.എസ്സിന്റെ ഗാനമാലപിച്ചും ഉത്തരവാദപ്പെട്ടവര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനു പകരം ആര്‍.എസ്.എസ് നേതാവ് പതാക ഉയര്‍ത്തിയും ധിക്കാര സ്വഭാവമുള്ള പ്രകടനങ്ങള്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഇവിടെ അരങ്ങേറിയിരിക്കുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ദുസ്സന്ദേശങ്ങള്‍ നല്‍കുന്ന ഇത്തരം നടപടികള്‍ രാജ്യദ്രോഹപരവും നിയമങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഒരു സ്വാതന്ത്ര്യദിനത്തില്‍തന്നെ ഇതുണ്ടായത് ഏറെ അപലപനീയവുമാണ്. 

പാലക്കാട് ജില്ലയിലെ മൂത്തന്തറ കര്‍ണകിയമ്മന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. ഓഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്താണ് നിയമവിരുദ്ധമായി പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികളോ ജനപ്രതിനിധികളോ ആയിരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് ഇങ്ങനെയൊരു ലംഘനം. 

പതാക ഉയര്‍ത്തിയതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്നതാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വീകരിച്ചുവരുന്ന മറ്റൊരു നിബന്ധന. മോഹന്‍ ഭഗത്ത് മുഖ്യതിഥിയായി പങ്കെടുത്ത പരിപാടിയില്‍ അതും നടന്നില്ല. എന്നുമാത്രമല്ല, പകരം ആലപിച്ചതോ ആര്‍.എസ്.എസ്സിന്റെ പരിശുദ്ധ ഗാനമായ വന്ദേമാതരവും!

ഒരു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ അരങ്ങേറിയത് തീര്‍ത്തും ധിക്കാരവും രാജ്യത്തെ വ്യവസ്ഥകളോടുള്ള വെല്ലുവിളിയുമാണെന്നതില്‍ സംശയമില്ല. അധികാരത്തിന്റെ ഹുങ്കില്‍ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ് പ്രകടമാക്കുകയായിരുന്നു മോഹന്‍ ഭഗവത്ത് ഈയൊരു പരിപാടിയിലൂടെ. അധികാരം തങ്ങളുടെ കരങ്ങളിലായതിനാല്‍ എന്തും പറ്റുമെന്ന ഒരു മനോഭാവം കൂടി പ്രകടമാക്കപ്പെട്ടിരിക്കുന്നു ഇതിലൂടെ. യാദൃച്ഛികമോ അറിയാതെയോ ആയിരുന്നില്ല ഇത് സംഭവിച്ചതെന്നതാണ് പുറത്തുവരുന്ന മറ്റൊരു വസ്തുത. നേരത്തെത്തന്നെ തീരുമാനിച്ചുറച്ചിതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വരുന്നതും അതിനനുസരിച്ച് പരിപാടിയിലെ ഓരോ ചടങ്ങുകളും സംവിധാനിക്കപ്പെടുന്നതും. 

മോഹന്‍ ഭഗവത്ത് പതാക ഉയര്‍ത്തേണ്ടിയിരുന്നത് ആര്‍.എസ്.എസ് കേന്ദ്ര ഓഫീസിനു മുമ്പിലാണെന്ന യച്ചൂരിയുടെ പ്രസ്താവമാണ് ഇവിടെ പ്രസക്തം. ദേശത്തോട് കൂറും പ്രതിപത്തിയുമുണ്ടെങ്കില്‍ അതിന്റെ നിയമങ്ങളെ മാനിക്കുന്നതിലൂടെയാണ് അത് പ്രകടമാക്കേണ്ടത്. നിയമങ്ങളോടുള്ള അവഗണന രാജ്യത്തോടുള്ള വെല്ലുവിളിയാണ്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കേവലം വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തനങ്ങളില്‍ക്കൂടി അത് പുറത്ത് വരുമ്പോഴാണ് ജനങ്ങള്‍ക്ക് അതില്‍ വിശ്വാസ്യത വരുന്നത്.

ദേശീയ ഗാനത്തിന്റെ സ്ഥാനത്ത് വന്ദേമാതരം ആലപിച്ചുവെന്നത് ഒരു രാജ്യവ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം പൊറുക്കാനാവാത്ത തെറ്റ് തന്നെയാണ്. അത് മനപ്പൂര്‍വ്വമാകുമ്പോള്‍ ദേശീയ ഗാനത്തോടുള്ള ധിക്കാരവുമാണ്. ആര്‍.എസ്.എസ് നേതാവ് അതാണ് ഇവിടെ പ്രകടിപ്പിച്ചതും. വന്ദേമാതരം ആലപിച്ചുവെന്നു മാത്രമല്ല, ഭരണഘടന അംഗീകരിച്ച രാജ്യത്തിന്റെ ഔദ്യോഗിക ദേശീയ ഗാനം ആലപിക്കപ്പെട്ടില്ല എന്നുകൂടി കേള്‍ക്കുമ്പോള്‍ അതിന്റെ ഗൗരവം ശക്തമാകുന്നു.  

ദേശസ്‌നേഹത്തിന്റെ പേരില്‍ രാജ്യദ്രോഹവും വര്‍ഗവിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.സ്സിന്റെ അടിസ്ഥാന സ്വഭാവം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഹെഡ്ഗ്വാറിന്റെയും മൂഞ്ചെയുടെയും സവര്‍ക്കറിന്റെയും രചനകളിലും അഭിപ്രായങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഹിന്ദുത്വ വിധേയത്വത്തിന്റെയും മതേതര-ബഹുസ്വര ഇന്ത്യാവിരുദ്ധതയുടെയും ഭാഗമായിട്ടുതന്നെ വേണം ഇതിനെ മനസ്സിലാക്കാന്‍. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയും ദേശീയതയുമാണ് ഇവരുടെ മനസ്സിലെ സങ്കല്‍പം. അംബേദ്കര്‍ രൂപകല്‍പന ചെയ്ത ഭരണഘടന പ്രതിനിധാനം ചെയ്യുന്ന ഇന്ത്യ ഇതില്‍നിന്നും തുലോം ഭിന്നമാണ്. അത് ജാതി-മത ഭേദമന്യേ എല്ലാവരെയും അംഗീകരിക്കുന്നതും മാനിക്കുന്നതുമാണ്. അതിന് ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയ ഗാനവും ദേശീയ പതാകയും ഭരണരീതിയും ചട്ടങ്ങളുമുണ്ട്. 

എന്നാല്‍, ആര്‍.എസ്.എസ് അതിന്റെ ജനനം മുതല്‍ വാദിച്ചുകൊണ്ടിരിക്കുന്നത് ഇതിനു വിരുദ്ധമാണ്. എം.എസ് ഗോള്‍വാള്‍ക്കറിന്റെ പുസ്തകങ്ങള്‍ ഇതിനു സാക്ഷി പറയുന്നു. ഭരണഘടനക്കു പകരം സ്വന്തം ഭരണഘടനയും പതാകക്കു പകരം സ്വന്തം പതാകയും ദേശീയ ഗാനത്തിനു പകരം സ്വന്തം ഗാനവും അവര്‍ പരിഗണിച്ചുവരുന്നു. വന്ദേമാതരം ദേശീയ ഗാനമാവണമെന്നും മൂന്ന് വര്‍ണങ്ങള്‍ക്കു പകരം ദേശീയ പതാക കാവിയാവണമെന്നും അവര്‍ വാദിക്കുന്നു. മനുസ്മൃതിയനുസരിച്ച് ഭരണഘടന സംവിധാനിക്കണമെന്നതാണ് ആര്‍.എസ്.എസ് വാദം. മുസ്‌ലിംകളും ദലിതുകളും അവരുടെ ഡിക്ഷ്‌നറിയില്‍ വരുന്നേയില്ല. സ്ത്രീകളും താഴ്ന്ന ജാതിക്കാരും നികൃഷ്ടരാണ്. 

ഇത്തരം കാഴ്ചപ്പാടുകളാണ് ആര്‍.എസ്.എസ് നേതാക്കള്‍ തങ്ങളുടെ സാഹിത്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും അണികള്‍ ഇന്ന് വിശ്വസിക്കുന്നതും. പാലക്കാട്ടു നടന്ന മോഹന്‍ ഭഗവത്തിന്റെ സംഭവവും ഈ പരിസരത്തില്‍ വായിക്കാവുന്നതാണ്. ഓഗസ്റ്റ് പതിനഞ്ചിന് ദേശീയ ഗാനമല്ല, എല്ലാവരും വന്ദേമാതരമാണ് ആലപിക്കേണ്ടത് എന്ന ദുസ്സന്ദേശമാണ് ഈ സംഭവത്തിലൂടെ അദ്ദേഹം കേരളീയര്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നത്. രാജ്യ ദ്രോഹത്തിന് കേസെടുക്കാന്‍ മാത്രം ഭീകരമാണ് ഇതിനു പിന്നിലെ മനസ്ഥിതി എന്നത് തിരിച്ചറിയേണ്ടതുണ്ട്. 

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിക്കാവുന്നതേയൂള്ളൂ. ചാനലായ ചാനലുകളും മൂക്കില്ലാത്ത 'രാജ്യസ്‌നേഹികളും' തല കുടഞ്ഞ് എഴുന്നേറ്റ് വരുമപ്പോള്‍. യോഗി യു.പിയില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതും മറ്റൊന്നായിരുന്നില്ലല്ലോ.  രാജ്യത്തെ എല്ലാ മതസ്ഥാപനങ്ങളിലും ദേശീയ ഗാനം ആലപിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മതം സ്ഥാപനം പോയിട്ട് സര്‍ക്കാര്‍ സ്ഥാപനത്തില്‍ പോലും ദേശീയ ഗാനം ആലപിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരാത്ത ഒരു സാഹചര്യത്തില്‍ ഇവരുടെ കപട ദേശീയ വാദം മറ നീക്കി പുറത്തുവന്നിരിക്കയാണ്. ഒരു നാട്ടില്‍ എല്ലാവരും ദേശീയ ഗാനം ആലപിക്കണമെന്നു പറയുകയും അവര്‍ തന്നെ മറ്റൊരു നാട്ടിലെത്തുമ്പോള്‍ പൊതുപരിപാടിയില്‍നിന്നുപോലും ദേശീയ ഗാനം മറച്ചുപിടിക്കുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ ഇരട്ടമുഖം വ്യക്തമാക്കുന്നുണ്ട്. 

ന്യൂനപക്ഷങ്ങളെ ഇരകളായ് പിടിക്കാന്‍ വല വിരിക്കുകയാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ എല്ലാ ഭാഗത്തും. അതിനുവേണ്ടി അവര്‍ ദേശസ്‌നേഹത്തിന്റെ ഏതു മുടിനാരിഴയും ചീന്തിമുറിക്കും. എന്നാല്‍ സ്വന്തം തട്ടകത്തിലെത്തുമ്പോള്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ട മാത്രമായിരിക്കും അവര്‍ക്കുമുമ്പിലെ രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ തന്തു. മോഹന്‍ ഭഗവത്തിന്റെ പാലക്കാടന്‍ പുരാണം ഇതുതന്നെയാണ് വിളിച്ചുപറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter