യൂറോപ്പിലും ഇസ്‌ലാംതന്നെയാണ് ഇന്ന് വേഗത്തില്‍ വളരുന്ന മതം

രണ്ടാഴ്ചത്തെ യൂറോപ്പ് പര്യടനം കഴിഞ്ഞു സസുഖം തിരിച്ചെത്തി. ഒട്ടേറെ പുതിയ അനുഭവങ്ങളുമായാണ് ഈ ദൗത്യം പൂര്‍ത്തിയാക്കാനായത്. നെതര്‍ലാന്റ്സ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്റ്, സ്വീഡന്‍, എസ്റ്റോണിയ, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി.

നെതര്‍ലാന്റ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലാണ് ആദ്യം വിമാനമിറങ്ങിയത്. ഡോ. മഹ്മൂദ് ഹുദവി പനങ്ങാങ്ങര കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം ലെയ്ഡന്‍ യൂനിവേഴ്സിറ്റിയിലെത്തി. റെക്ടറുടെ പ്രത്യേക ക്ഷണിതാവായി ഓപ്പണിങ് സെറിമണിയില്‍ പങ്കെടുത്തു. അടുത്ത ദിവസം റോട്ടര്‍ഡാമിലെ ഇസ്ലാമിക് സര്‍വകലാശാല റെക്ടര്‍ ഡോ. അഹ്മദ് അകുന്‍ദുസുമായി കൂടിക്കാഴ്ചയും എം.ഒ.യു ഒപ്പുവെക്കലും. പിറ്റേന്ന് പ്രമുഖ നഗരമായ ഉത്രെക്റ്റില്‍ ചില വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി മീറ്റിംഗ്. വിവിധ മസ്ജിദുകളും ഇസ്ലാമിക് സെന്ററുകളും മുസ്ലിം പണ്ഡിത-നേതാക്കളെയും സന്ദര്‍ശിച്ചു.

ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലേക്കായിരുന്നു അടുത്ത യാത്ര. തിരുനബിയെ അധിക്ഷേപിക്കുന്ന കാര്‍്ട്ടൂണ്‍ വിവാദാനന്തരം രണ്ടുവര്‍ഷത്തിലധികമായി ഇസ്‌ലാമിനു നല്ല വളര്‍ച്ചയാണിവിടെ.

അവിടത്തെ മുസ്ലിം എയ്ഡ് സംഘടനയുടെ സാരഥി എന്റെ സ്നേഹിതനായ അബ്ദുല്‍ വാഹിദ് പെഡേഴ്സണ്‍ അണ്.  പക്ഷേ അദ്ദേഹം ഹജ്ജ് യാത്രയിലായിരുന്നു. എങ്കിലും ഡോ. എം.എച്ച് ഇല്‍യാസ് എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കാനെത്തി. ഡല്‍ഹി ജാമിഅ മില്ലിയ്യ പ്രൊഫസറായ ഡോ. ഇല്‍യാസ് ഗസ്റ്റ് പ്രൊഫസറായി സതേണ്‍ ഡെന്‍മാര്‍ക് യൂനിവേഴ്സിറ്റിയിലെത്തിയതാണ്. എസ്.ഡി.യു വിലെ വിവിധ മേധാവിമാരെയും പ്രൊഫസര്‍മാരെയും കണ്ടു; ലൈബ്രറി സന്ദര്‍ശിച്ചു. മസ്ജിദുകള്‍ കണ്ടു, ഒരിടത്ത് പ്രസംഗിക്കാനും അവസരം കിട്ടി.

ഡെന്‍മാര്‍ക്കില്‍ നിന്നു ഫിന്‍ലന്റിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണെത്തിയത്. ഐ.ടി എക്സ്പേര്‍ട്ടും ബിസിനസുകാരനുമായ ശമീര്‍ സാഹിബ് കാത്തുനിന്നിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നു ആദ്യം പോയത് സോമാലിയ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മസ്ജിദ്-മദ്രസ കേന്ദ്രത്തിലേക്കാണ്. ഓളാരി ഏരിയയിലെ സെന്ററും സന്ദര്‍ശിച്ചു. മസ്ജിദില്‍ വെച്ച് പ്രഭാഷണവും നടന്നു. മറ്റു ചില നേതാക്കളുമായി സംസാരിക്കുകയും ചര്‍ച്ചായോഗങ്ങള്‍ നടത്തുകയും ചെയ്തു.

ഫിന്‍ലന്റില്‍ നിന്നു സ്വീഡനിലേക്കാണു പോയത്. അവിടെ സുഹൃത്ത് മനാഫ് സ്വീകരിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി പ്രാതല്‍ കഴിച്ചശേഷം തലസ്ഥാന നഗരിയായ സ്റ്റോക്ക് ഹോമിന്റെ പ്രധാന ഭാഗങ്ങള്‍ ചുറ്റിക്കറങ്ങി. പാലങ്ങള്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ച തൊട്ടുരുമ്മി നില്‍ക്കുന്ന 12 ദ്വീപുകളുടെ സമുച്ചയമാണ് തലസ്ഥാന നഗരം.

സ്റ്റോക്ക്ഹോമിലെ പ്രസിദ്ധമായ മസ്ജിദ് കം ഇസ്ലാമിക് സെന്ററും വിശാലമായി സന്ദര്‍ശിച്ചു. ഇരുപത് വര്‍ഷം മുന്‍പ് വലിയൊരു ഫാക്ടറി വിലയ്ക്കുവാങ്ങി മസ്ജിദ് ആയി രൂപഭേദം വരുത്തിയ അഞ്ചുനിലകളുള്ള സൗധമാണിത്. മര്‍ഹും ശൈഖ് സായിദാണ് ധനസഹായം നല്‍കിയത്. സ്വീഡനിലെ ഇസ്ലാമിക ദഅ്വത്തും വിദ്യാഭ്യാസ-സാസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങള്‍ ഇവിടെയുണ്ട്.

ഫിന്‍ലെന്റില്‍ തിരിച്ചെത്തിയ ശേഷം  എസ്റ്റോണിയയും സന്ദര്‍ശിച്ചു. പുരാതനമായ ഒട്ടേറെ ക്രൈസ്തവ ചരിത്രശേഷിപ്പുകളാല്‍ സമ്പന്നമാണ് തലസ്ഥാന നഗരിയായ ടാലിന്‍. ഓള്‍ഡ് സിറ്റിയിലുളള ഇവയില്‍ ചിലതൊക്കെ ചുറ്റിക്കണ്ടു. പുതിയ നഗരത്തിലെ മസ്ജിദ് കം ഇസ്ലാമിക് സെന്ററിലും പോയി. നാലു നിലകളുള്ള ഇവിടെയും ഒട്ടേറെ മത-സാംസ്‌കാരിക-വിദ്യാഭ്യാസ സംരംഭങ്ങള്‍ നടക്കുന്നുണ്ട്. സെന്റര്‍ പ്രസിഡന്‍് തൈമൂര്‍, ഈജിപ്ഷ്യനായ ഇമാം സബാഹുദ്ദീന്‍ തുടങ്ങിയവരുമായി ദീര്‍ഘനേരം സംസാരിച്ചു.

അടുത്ത ലക്ഷ്യം റഷ്യയായിരുന്നു. മോസ്‌കോവില്‍ വിമാനമിറങ്ങുമ്പോള്‍ സുഹൃത്ത് തതരിസ്ഥാന്‍കാരനായ റുസ്തും പറഞ്ഞയച്ച അസ്അദ് സ്വീകരിക്കാനെത്തിയിരുന്നു. പിറ്റേന്ന് രാവിലെ റുസ്തുമുമൊന്നിച്ച് പുറപ്പെട്ട് നഗരത്തിന്റെ ചില ഭാഗങ്ങള്‍ ചുറ്റിക്കാണുകയും പ്രസിദ്ധമായ കത്തിഡ്രല്‍ മസ്ജിദില്‍ ജുമുഅ നിസ്‌കരിക്കുകയും ചെയ്തു.

മോസ്‌കോവില്‍ നിന്ന് ആയിരത്തിയഞ്ഞൂറ് കിലോമീറ്റര്‍ തെക്കുകിഴക്കുള്ള ഉഫയില്‍ അടുത്ത പ്രഭാതത്തിലാണ് വിമാനമിറങ്ങുന്നത്. അവിടത്തെ റഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി റെക്ടര്‍ പ്രൊഫ. അര്‍ത്തൂര്‍ സുലൈമാനോവ്, ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. ദമീര്‍ ഹസ്രത്ത് എന്നിവര്‍ സൂര്യോദയത്തിനു മുന്‍പ് തന്നെ സ്വീകരിക്കാനെത്തി. യൂനിവേഴ്സിറ്റിയും ചില പുരാതന മസ്ജിദുകളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിച്ചു. യൂനിവേഴ്സിറ്റിയിലെ ശരീഅ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥികളുടെ സ്വീകരണയോഗവുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് കൈയേറി പവര്‍ സ്റ്റേഷനാക്കി മാറ്റിയിരുന്ന വലിയൊരു മസ്ജിദ് തിരിച്ചുപിടിച്ച് പുതുക്കി നിര്‍മിക്കുകയാണ് റെക്ടര്‍ അര്‍ത്തൂര്‍ സുലൈമാനോവും സഹപ്രവര്‍ത്തകരും.

ഉഫയില്‍ നിന്നു വീണ്ടും മോസ്‌കോവിലെത്തി പ്രവിശാലമായ റെഡ് സ്‌ക്വയറും 'അമരനും ചിരഞ്ജീവിയു'മായിരുന്ന സഖാവ് ലെനില്‍ പടിയിറങ്ങിയ കൂറ്റന്‍ സ്റ്റേജും മറ്റും സന്ദര്‍ശിച്ച് ഷാര്‍ജ വഴി സസുഖം നാട്ടിലെത്തി.

മൊത്തത്തില്‍ യൂറോപ്പിലാകെ ഇസ് ലാം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുക തന്നെയാണ്. നമ്മുടെ നാട്ടുാകാര്‍ക്കു ഭ്രാന്ത് പിടിക്കാതിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter