ബാഗ്ദാദ്: ഓര്‍മയിലെ പ്രതാപകാലം

മുസ്‌ലിം സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഇറാഖിലെ പ്രസിദ്ധമായ പട്ടണമാണ് ബഗ്ദാദ്. ഇസ്‌ലാമിക ലോകത്തിന്റെ തലസ്ഥാനമായും നിരവധി വിജ്ഞാനശാഖകള്‍ക്ക് ഊര്‍ജം നല്‍കിയും ബഗ്ദാദ് മുസ്‌ലിം സംസ്‌കാരത്തിന്റെ ഭാഗമാകുന്നത് പെട്ടെന്നായിരുന്നു. ബഗ്ദാദിനു മുമ്പ് രൂപംപ്രാപിച്ച ദമസ്‌കസും ഖുറാസാനും മറ്റു പട്ടണങ്ങളും രേഖപ്പെടുത്തപ്പെട്ടതിനെക്കാള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ  ഏടുകളില്‍ ബഗ്ദാദ് അനിഷേധ്യമായ സ്ഥാനം അലങ്കരിക്കുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിലും വാസ്തുശില്‍പത്തിലും കൃഷിയിലും മറ്റു അനവധി കാര്യങ്ങളില്‍ ഇതര നഗരങ്ങളെക്കാള്‍ ബഗ്ദാദ് ഒരുപടി മുന്നിലാണ്. വ്യവസായത്തിലും പ്രകൃതിമനോഹാരിതയിലും ഭൂമിസമ്പുഷ്ടതയിലും ബഗ്ദാദ് ഇറാഖിലെ മറ്റു പട്ടണങ്ങളായ ബസ്വറയെക്കാളും കൂഫയെക്കാളും മുന്‍പന്തിയിലായിരുന്നു. നിരവധി ചരിത്രസംഭവങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും വേദിയായ ബഗ്ദാദിന്റെ തെരുവോരങ്ങളില്‍നിന്ന് ഈയടുത്ത കാലത്തൊന്നും ശുഭവാര്‍ത്തകള്‍ ഉടലെടുത്തിട്ടില്ല. ഗോത്ര കുറുമ്പും അധിനിവേഷവും ആഭ്യന്തര സംഘട്ടനങ്ങളും ഇന്ന് ഈ നാടിന്റെ പ്രൗഢിക്കും തനിമയ്ക്കും സാംസ്‌കാരത്തിനും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.  

പ്രവാചകന്‍(സ്വ) തങ്ങളും അവിടുത്തെ ഖുലഫാഉ റാശിദും ഭരണം നിയന്ത്രിച്ചിരുന്നത് മദീനയില്‍നിന്നു തന്നെയായിരുന്നു. ഇസ്‌ലാമിക സാമ്രാജ്യം നിരവധി പ്രദേശങ്ങളില്‍ വ്യാപിച്ചതോടെ ഉമവീ ഭരണാധികാരികള്‍ ദമസ്‌കസ് കേന്ദ്രമായി ഭരണം നിര്‍വഹിച്ചു. ഹിജ്‌റ വര്‍ഷം 132ല്‍ അബ്ബാസി ഭരണകൂടം ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ ഭരണച്ചെങ്കോല്‍ ഏറ്റെടുത്തതോടെ ഇസ്‌ലാമിക വാസ്തുശില്‍പവും നിരവധി പട്ടണങ്ങളും അത്യുന്നതി പ്രാപിക്കാന്‍ തുടങ്ങി. ഇസ്‌ലാമിക ലോകത്തിന്റെ മകുടമെന്നു വിശേഷിപ്പിക്കാവുന്ന ബഗ്ദാദ് പട്ടണം രൂപംപ്രാപിക്കുന്നത് അങ്ങനെയാണ്. 

അബ്ബാസി ഭരണാധികാരി അബൂ ജഅ്ഫറുല്‍ മന്‍സൂറാണ് ബഗ്ദാദിന് അടിത്തറപാകിയത്. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറേ കരയില്‍ വൃത്താകൃതിയിലാണ് ഖലീഫാ മന്‍സൂര്‍ ഇതിന്റെ പണികഴിപ്പിച്ചത്. നാലു ഭാഗത്ത് ഭിത്തികളാല്‍ ചുറ്റപ്പെട്ട ഈ പട്ടണത്തിന് പ്രധാനമായും നാലു കവാടങ്ങളാണുള്ളത്. കൂഫയിലേക്കും ബസ്വറയിലേക്കും ശാമിലേക്കും ഖുറാസാനിലേക്കും തിരിഞ്ഞു നില്‍ക്കുന്ന നാലു വാതിലുകള്‍. ആസൂത്രിതമായ എഞ്ചിനീയറിങ് നൈപുണ്യത്തോടു കൂടെയാണ് പട്ടണത്തിന്റെ നിര്‍മിതി ഖലീഫ നിര്‍വഹിച്ചത്. കൊട്ടാരത്തിന്റെ മധ്യത്തില്‍ രാജകൊട്ടാരവും റോയല്‍ മസ്ജിദും. നഗരത്തിന്റെ എല്ലാ പ്രാന്തപ്രദേശങ്ങളിലേക്കും റോഡുകള്‍, പ്രജാ ക്ഷേമത്തിനു വേണ്ടി നിരവധി ഓഫീസുകള്‍, വശ്യ സുന്ദരമായ പൂന്തോട്ടങ്ങള്‍, കനാലുകള്‍ എന്നിങ്ങനെ ഒരു ക്യാപിറ്റല്‍ സിറ്റിക്കു വേണ്ട സര്‍വ വിധ സൗകര്യങ്ങളും ബഗ്ദാദ് പട്ടണത്തിന്റെ മാറ്റ് കൂട്ടി.

ഇരുപത് ലക്ഷത്തില്‍ പരം ജനങ്ങള്‍ അന്ന് ബഗ്ദാദില്‍ ജീവിച്ചിരുന്നു. അതില്‍ സൈനികരും  ഉദ്യോഗസ്ഥരും  പൊതുജനങ്ങളും എല്ലാവരുമുണ്ടായിരുന്നു. അവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക കേന്ദ്രങ്ങളും ഒരുക്കിക്കൊടുക്കാന്‍ ബഗ്ദാദിന്റെ ഭരണാധികാരികള്‍ക്ക് സാധിച്ചിരുന്നു. പൊതുമരാമത്ത് പണികള്‍ ഭംഗിയായി അവര്‍ നിര്‍വഹിച്ചു. ടൈഗ്രീസിന്റെ ഇരു കരകളെയും ബന്ധിപ്പിച്ച് നദിക്കു മുകളില്‍ പാലവും സവാരിക്കായി വഞ്ചികളും ബോട്ടുകളും ജലസേചനത്തിനായി കനാലുകളും കിണറുകളും മറ്റും അവര്‍ അവിടെ ആവിഷ്‌കരിച്ചു. 

അബ്ബാസികളുടെ ബഗ്ദാദിനു നിരവധി സവിശേഷതകളുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായും വ്യവസായ ശാലയായും ബഗ്ദാദ് കീര്‍ത്തി നേടി. കടലാസുകള്‍ക്കും പുസ്തകങ്ങള്‍ക്കും എന്നിങ്ങനെ എല്ലാ വസ്തുക്കള്‍ക്കും വൈവിധ്യമായ ചന്തമാണുണ്ടായിരുന്നതെത്ര. വിവിധ വര്‍ണങ്ങളിലുള്ള പട്ടുവസ്ത്രവും നേര്‍ത്ത മസ്‌ലിനുകളും ചാദുറും അവിടെ അഭിവൃദ്ധി പ്രാപിച്ചു. ഗുണമേന്മയുള്ള പട്ട് അന്ന് ബഗ്ദാദില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ആഭരണങ്ങള്‍, തുകല്‍, ശാമ്പൂ, സുഗദ്ധദ്രവ്യങ്ങള്‍, സോപ്പ് എന്നിവ അവിടെ പുരോഗതി പ്രാപിച്ചിരുന്നു.  ബസ്വറയേക്കാളും കൂഫയെയക്കാളും നിരവധി പുരോഗതി പ്രാപിച്ച ഈ നഗരം കൂടുതല്‍ ജോലി അവസരങ്ങള്‍ ബഗ്ദാദ് നിവാസികള്‍ക്ക് ഒരുക്കികൊടുത്തു. കാര്‍പ്പെറ്റും ഗ്ലാസും ഈ നഗരത്തിന്റെ വിശിഷ്ട ഉല്‍പന്നങ്ങളില്‍ ഏറ്റവും വൈവിധ്യമേറിയതും ഭംഗിയുള്ളതുമായിരുന്നു. 

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാവുന്ന ഒരു വലിയ പൂന്തോട്ടമായിരുന്നു യഥാര്‍ഥത്തില്‍ ബഗ്ദാദ്. സമൃദ്ധമായ ഫല വൃക്ഷത്തോട്ടങ്ങളും മണിമന്ദിരങ്ങളും കളിസ്ഥലങ്ങളും എന്നിങ്ങനെ എല്ലാം ഉള്‍ക്കൊണ്ട ഒരു പിക്‌നിക് സ്‌പോട്ട്. പില്‍ ക്കാലത്ത് ഒരു പക്ഷിസങ്കേതവും വന്നതോടെ നഗരത്തിന്റെ ടൂറിസത്തിനുസാധ്യതകള്‍ വര്‍ധിച്ചു. തണുപ്പുള്ള നദിയിലൂടെ സവാരി ചെയ്യുന്നതും ടൈഗ്രീസ് നദിയുടെ തീരത്ത് താമസിക്കുന്നതും സംസാരിച്ചിരിക്കുന്നതും അവര്‍ക്കു വലിയ വിനോദമായിരുന്നു. 

നിരവധി സംസ്‌കാരങ്ങള്‍ക്കും വൈജ്ഞാനിക ശാഖകള്‍ക്കും നവോന്മേഷവും പുത്തനുണര്‍വും നല്‍കിയത് ബഗ്ദാദിന്റെ സംഭാവനകളില്‍ വിലമതിക്കാത്തതാണ്. ബി.സി 1800കളിലെ ബാബിലോണിയന്‍ സംസ്‌കാരത്തിന്റെ മറ്റൊരു പതിപ്പെന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ബാബിലോണിയ ഒരു കാലത്തെ സാംസ്‌കാരിക നഗരവും അന്നത്തെ പ്രമുഖ വ്യവസായ  കേന്ദ്രമായിരുന്നുവത്രെ.
ബഗ്ദാദ് ഒരു ഭരണകേന്ദ്രം എന്ന പേരിലല്ല, ചരിത്രം രേഖപ്പെടുത്തിയത്. ഒരു കാലഘട്ടത്തിലെ നാഗരിക ശാസ്ത്രസാഹിത്യ വിഷയങ്ങളിലെ അതിനിപുണന്മാരെ വാര്‍ത്തെടുത്തു എന്നതാണ് ഈ നഗരത്തിന്റെ മഹത്വം. പ്രഗത്ഭരായ ഖലീഫമാരും ഭരണാധികാരികളും വൈജ്ഞാനിക വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളാണ് ഈ മഹത്വം ആര്‍ജിച്ചെടുക്കാന്‍ നിദാനമായത് എന്നു മാത്രം. ബഗ്ദാദില്‍ പോയി വിദ്യ നുകരുന്നത് വരെ തന്റെ വിജ്ഞാനം അപൂര്‍ണമെന്നായിരുന്നു ആ കാലത്തെ പണ്ഡിതന്മാര്‍ മനസ്സിലാക്കിയിരുന്നത്. ഇസ്‌ലാമിക ലോകത്തിന്റെ വിദൂര ദിക്കുകളില്‍നിന്ന് വരെ പണ്ഡിതന്മാരും സാഹിത്യകാരന്മാരും അറിവു തേടി ബഗ്ദാദിലെത്തിയിരുന്നു. അവിടെനിന്നു വിദ്യയഭ്യസിച്ചവര്‍ക്ക് സമൂഹത്തില്‍ ഒരു വലിയ സ്ഥാനവും കല്‍പിക്കപ്പെട്ടിരുന്നു. ഇറാഖിന്റെ വ്യത്യസ്ത നഗരങ്ങളായ കൂഫയിലേക്കും ബസ്വറയിലേക്കും  ഖൈറുവാനിലേക്കും വിജ്ഞാനത്തിന്റെ പ്രസരണം നടന്നത്  ബഗ്ദാദില്‍നിന്നായിരുന്നു. 

പരിശുദ്ധ ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, വിവിധ ശാസ്ത്രശാഖകള്‍, സംഗീതം, ഇസ്‌ലാമിക കര്‍മശാസ്ത്രം, വിശ്വാസ സരണികള്‍ തുടങ്ങിയ വിജ്ഞാന വഴികള്‍ വിപുലമായ രീതിയില്‍ ഉള്‍കൊള്ളുകയായിരുന്നു ആ നഗരം. ഈജിപ്തിലെ ഫുസ്ത്വാതിലേക്കും സ്‌പെയിനിലെ വിവിധ നഗരങ്ങളിലേക്കും ഉസ്താദുമാരെയും ഗ്രന്ഥങ്ങളും കൊണ്ടുപോയിരുന്നത് ബഗ്ദാദില്‍നിന്നായിരുന്നു. ഗ്രീക്ക് റോമന്‍ ഭാഷകളില്‍നിന്ന് നിരവധി അമൂല്യ ഗ്രന്ഥങ്ങളുടെ തര്‍ജമ നിര്‍വഹണത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതും ബഗ്ദാദായിരുന്നു. ചുരുക്കത്തില്‍, സമസ്ത വിജ്ഞാനങ്ങളുടെയും ഭരണത്തിന്റെയും തലസ്ഥാന നഗരിയായിരുന്നു ബഗ്ദാദ്. അതു കൊണ്ടാണ് മദീനത്തുസ്സലാമെന്ന മന്‍സൂറിന്റെ പട്ടണത്തിന് ദൈവത്തിന്റെ പൂന്തോട്ടമെന്ന പേര് വന്നത്. 

ഹിജ്‌റ 459ല്‍ പണികഴിപ്പിച്ച മദ്‌റസത്തുല്‍ നിസാമിയ്യ, ഹിജ്‌റ 632 ലെ മദ്‌റസ മുന്‍തസിരിയ്യ, മുപ്പതോളം ദാറുല്‍ ഉലൂമുകളും ഇരുപതോളം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ബഗ്ദാദിന്റെ സവിശേഷതയായിരുന്നു. ഇതിലെ അധ്യാപകരും വിദ്യാര്‍ഥികളും ചരിത്രം രേഖപ്പെടുത്തിയ പണ്ഡിതന്മാരും മഹാന്‍മാരുമായിരുന്നു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ബനൂ മൂസ, ഇമാം അഹ്മദു ബ്‌നു ഹമ്പല്‍(164-241), ചരിത്ര രചയിതാവ് ഇമാം ത്വബരി(224-310), മസ്ഊദി(മരണം ഹിജ്‌റ 345), ഇബ്‌നു നദീം(ഹിജ്‌റ നാലാം നൂറ്റാണ്ട്), ഇബ്‌നു ഹൗഖല്‍ (മരണം ഹിജ്‌റ 367), ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി(470-561), ഇബ്‌നുല്‍ ജൗസി(508-597) എന്നിവര്‍ ബഗ്ദാദിന്റെ വിലപിടിപ്പുള്ള ഉല്‍പന്നങ്ങളാണ്. ഇവരിലൂടെയാണ് ബഗ്ദാദ് അതിന്റെ പ്രൗഢി കരഗതമാക്കിയത്. പല ഖലീഫമാരും മുഅ്തസിലീ ആശയത്തോട് കൂറ് പുലര്‍ത്തിയിരുന്നെങ്കിലും ഇമാം ഹമ്പലിനെ പോലെയുള്ള സമര്‍ഥരായ പണ്ഡിതര്‍ അവര്‍ക്കെതിരേ തുറന്നടിക്കുകയും ചെയ്തിരുന്നു. ഇത് കാരണം ഹമ്പലി ഇമാം കൂടുതല്‍ പീഡനങ്ങള്‍ക്ക് വിധേയമാകേണ്ടിവന്നിട്ടുണ്ട്. ചില പണ്ഡിതന്മാരും  അതു വഴി രാജസദസ്സുകളില്‍ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിരുന്നു എന്ന് വിസ്മരിച്ചുകൂടാ.

ഗ്രീക്കില്‍നിന്നും ഇതര ഭാഷകളില്‍നിന്നും വിവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഹിജ്‌റ 136 മുതല്‍ 300 വരെ നീണ്ടുനിന്ന പ്രശസ്തമായ ഗ്രന്ഥാലയം, ഹിജ്‌റ 178ല്‍ സ്ഥാപിതമായ കടലാസ് നിര്‍മാണ ശാല 10000 ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന ബൈത്തുല്‍ ഹിക്മ എന്നിവയായിരുന്നു അവിടുത്തെ പ്രശസ്തമായ ഗ്രന്ഥാലയങ്ങള്‍. ബൈത്തുല്‍ ഹിക്മയിലായിരുന്നു ഗൗരവമേറിയ ചര്‍ച്ചകളും ആരോഗ്യകരമായ സംവാദങ്ങളും അരങ്ങേറിയിരുന്നത്. ഇസ്‌ലാമിക ലോകത്തെ ആദ്യത്തെ മൂന്ന് നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിതമാകുന്നത് ബഗ്ദാദില്‍തന്നെയാണ്. പിന്നീടാണ് സ്‌പെയിനിലേക്കും മറ്റുമായി ശാസ്ത്രശാഖകള്‍ വികസിക്കുന്നത്. യൂറോപ്പിന്റെ സാംസ്‌കാരിക ഗുരുവര്യനായ സ്‌പെയിന്‍ വിദ്യ നുകര്‍ന്നത് ബഗ്ദാദില്‍നിന്നാണെന്നര്‍ത്ഥം.

സാംസ്‌കാരികത്തനിമയില്‍ ഒന്നാമത് നില്‍ക്കുന്ന ബഗ്ദാദ് നിരവധി ചരിത്രഘട്ടങ്ങള്‍ തരണംചെയ്തിട്ടുണ്ട്. അബ്ബാസിയ്യ ഭരണ കൂടത്തിന്റെ ദാരുണമായ പരാജയത്തിനു ശേഷം ദയാലിമക്കാര്‍ എന്നറിയപ്പെടുന്ന ബനൂ ബുവൈഹുകാരും അതിനു ശേഷം ഗസ്‌നി സല്‍ത്ത്വനത്തും സല്‍ജൂഖികളും ബഗ്ദാദ് ഭരിച്ചു. ബുവൈഹികളുടെ കാലത്ത് യൂഫ്രട്ടീസിനു മുകളില്‍ പാലം നിര്‍മിക്കുകയും ധാരാളം നദികള്‍ നിര്‍മിക്കുകയും ചെയ്തു. ടൈഗ്രീസിന്റെ തീരത്ത് പ്രൗഢഗംഭീരമായ ഒരു ആശുപത്രി നിര്‍മിക്കുകയും ആതുര സേവനത്തിന് അവസരമൊരുക്കുകയും ചെയ്തു. എന്നാലും, ബഗ്ദാദിന്റെ പഴയകാല പ്രൗഢി നഷ്ടപ്പെട്ടിരുന്നുവെന്നാണ് ചരിത്രകാരന്‍ മുഖദ്ദിസി രേഖപ്പെടുത്തുന്നത്. ബഗ്ദാദിന്റെ പതനം തുടങ്ങുന്നത് അവസാനത്തെ അബ്ബാസി ഖലീഫയായിരുന്ന മുസ്തഅ്‌സിം ബില്ലാഹിയുടെ കാലത്താണ്. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രി അദ്ദേഹത്തെ ചതിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. 

ഇബ്‌നു അല്‍ഖമിയെന്ന തന്റെ മന്ത്രി അപകടകാരിയായ മംഗോളിയക്കാരെ ബഗ്ദാദ് ആക്രമിക്കാന്‍ വിളിച്ചുവരുത്തുകയും അവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. ഹൂലാഗൂ ഖാന്റെ നേതൃത്വത്തില്‍ വന്ന മംഗോളിയന്‍ സൈന്യം 40 ദിവസത്തെ ഉപരോധത്തിനു ശേഷം ഹിജ്‌റ 656, 1285 സഫറില്‍ ബഗ്ദാദ് പട്ടണത്തില്‍ പ്രവേശിച്ചു. അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണ കാലത്തുണ്ടായിരുന്ന പട്ടണത്തെക്കാള്‍ വളരെ ചെറുതായിരുന്നു അതെങ്കിലും ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു അത്. പകിട്ടാര്‍ന്ന കുളിപ്പുരകളും പാരമ്പര്യ പ്രൗഢിയുള്ള ആശുപത്രികളും മനോഹരമായ തോട്ടങ്ങളും വമ്പിച്ച വിപണനകേന്ദ്രങ്ങളും അലങ്കരിച്ച ബഗ്ദാദിന്റെ ശീതളഛായയില്‍ മംഗോളിയക്കാര്‍ നാശം വിതച്ചു. ബംഗ്ലാവുകളെ പോലോത്ത മദ്‌റസകളും പാഠ ശാലകളും നിലം പൊത്തി; പള്ളികള്‍ നശിപ്പിക്കപ്പെട്ടു. 40 ദിവസം അവരവിടെ സംഹാര താണ്ഡവമാടി. ജനങ്ങളെ നരമേധം നടത്തിയും നഗരം കൊള്ളയടിച്ചും കെട്ടിടങ്ങള്‍ തകര്‍ത്തും വീടുകള്‍ കരിച്ചും അവര്‍ അവിടെ തിമര്‍ത്താടി. ലോകത്തെ പ്രൗഢമായ ആ നഗരം ദിവസങ്ങളെ കൊണ്ട് ചാരക്കൂനയായി മാറി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷക്കണക്കിനാളുകള്‍ അവരുടെ പീഡനത്തിനിരയായത്രെ. ഖലീഫയെ ചമ്മട്ടി കൊണ്ട് അടിച്ചു കൊന്ന ശേഷം കാലു കൊണ്ട് തട്ടി കളിച്ച ഹുലാഗു മനുഷ്യത്വത്തിന്റെ വിപാടകനായി മാറുകയായിരുന്നു. 

ബുഖാറയിലും സമര്‍ഖന്ദിലും തന്റെ പിതാവ് ചെങ്കിസ്ഖാന്‍ തുടങ്ങിവച്ച അക്രമങ്ങളുടെ തുടര്‍ച്ചയാണ് മകന്‍ ഏറ്റെടുത്ത് ബഗ്ദാദില്‍ നടപ്പാക്കിയതെന്നു വ്യക്തം.

മംഗോളുകാരുടെ അക്രമത്തിനു ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ധാരാളം ഭരണകൂടങ്ങള്‍ ക്ഷേമൈശ്വര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും ബഗ്ദാദിന് അതിന്റെ പഴയ കാലത്തേക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. വൈജ്ഞാനിക-കലാ പുരോഗതിയിലും വാസ്തു ശില്പങ്ങളിലും ചാണക്യരായിരുന്ന ബഗ്ദാദ് പഴയ കാലങ്ങളെ ഓര്‍ക്കാന്‍ പോലും വെറുക്കുന്നു. മുസ്‌ലിങ്ങളുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത് മംഗോളിയക്കാരുടെ അക്രമത്തോടെയാണ്. ഇസ്‌ലാമിന്റെ മുഖത്തിനു മങ്ങലേറ്റ ഈ അധിനിവേശം ഇസ്‌ലാമിന്റൈ അടയാളങ്ങളെ തകര്‍ത്തു. 

പ്രൗഢിയുടെ ഉത്തുംഗതയില്‍ വിരാജിച്ചിരുന്ന ബഗ്ദാദ് പഴയ കാല തനിമ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നെങ്കിലും ഇസ്‌ലാമിക ലോകത്ത് ബഗ്ദാദ് മറ്റു നഗരങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ്. ഇസ്‌ലാമിക വളര്‍ച്ചയ്ക്ക് നിദാനമായ പല പണ്ഡിതന്മാരെയും ലോകത്തിനു സംഭാവന ചെയ്തത് ബഗ്ദാദും അതിലെ സൗകര്യങ്ങളുമായതു കൊണ്ടാണത്.

മംഗോളിയക്കാരുടെ ബഗ്ദാദ് ആക്രമണം ഒരു അധിനിവേഷമായിരുന്നെങ്കില്‍ ഇന്നത്തെ ഇറാഖിലെ സംഭവ വികാസങ്ങള്‍ ഒരു ആഭ്യന്തര പ്രശ്‌നമാണ്. പക്ഷേ, അന്നും ഇന്നും സംഭവിക്കുന്നത് ഒന്നു തന്നെയാണ് എന്നതാണ് ഈ വിഷയത്തിലെ സാമ്യത. ഇറാഖിന്റെ തെരുവോരങ്ങളില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍ അവിടെ തകര്‍ക്കപ്പെടുന്നത് ഇറാഖിലെ പട്ടണങ്ങളുടെ അവശേഷിക്കുന്ന പ്രൗഢിയാണ്. പരസ്പരം ആരാധനാലയങ്ങള്‍ തകര്‍ത്തും വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നശിപ്പിച്ചും ഇറാഖിലെ സൈ്വര്യ ജീവിതത്തിനു തടയിടുമ്പോള്‍ നല്ലവരായ അബ്ബാസികള്‍ ചെയ്തു കൊടുത്ത രാജകീയമായ സുഖത്തെയാണ് അവര്‍ ഹനിക്കുന്നത് 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter