ടോളമിയുടെ അൽമജെസ്റ്റും ജാബിറുബ്നു അഫ്ലഹിന്റെ പൊളിച്ചെഴുത്തും
മുസ്‍ലിം സ്പെയിനിലെ ഗോളശാസ്ത്രത്തിന്റെ പിതാവും പ്രമുഖ ഗണിതശാസ്ത്രജ്ഞനുമായിരുന്നു അബൂ മുഹമ്മദ് ജാബിറുബ്നു അഫലഹ്(1100CE-1150CE). ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്പെയ്നിലെ ഇശ്ബീലിലായിരുന്നു ജനനം. പിതാവിൽ നിന്ന് ലഭിച്ച ബാലപാഠങ്ങൾ അദ്ദേഹത്തെ ശാസ്ത്രമേഖലയിലേക്ക് തിരിയാൻ പ്രേരിതനാക്കി. ഗോളശാസ്ത്രമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ ജാബിർ ഇതര ശാഖകളിൽ നിന്ന് ഉൾവലിഞ്ഞ് ശേഷിച്ച കാലം ഗോളശാസ്ത്രത്തിൽ തന്നെ ചരിത്രം തീർക്കുകയായിരുന്നു. മധ്യകാലയൂറോപ്യർക്കും സമകാലികരായ ഗോളശാസ്ത്രജ്ഞർക്കും വെളിച്ചം വീശിയ ഇദ്ദേഹം ലാറ്റിൻ പദമായ ജെബർ എന്ന നാമത്തിലാണ് പാശ്ചാത്യ നാടുകളിൽ അറിയപ്പെടുന്നത്.
പ്രശസ്ത യൂറോപ്യൻ ശാസ്ത്രജ്ഞനായിരുന്ന ടോളമി തന്റെ വിഖ്യാത ഗ്രന്ഥമായ അൽമജെസ്റ്റിൽ പരാമർശിച്ച പല ശാസ്ത്ര നിരീക്ഷണങ്ങളെയും വിമർശനാത്മകമായി വിരചിച്ച ഇസ്‍ലാഹുൽ മജെസ്റ്റ് (correction of almagest) എന്ന ഗ്രന്ഥത്തിലൂടെയാണ് ആദ്യമായി ജാബിർ ലോകശ്രദ്ധ നേടുന്നത്. അടുത്ത കാലം വരെ ഗോളശാസ്ത്രത്തിൽ മൂലഗ്രന്ഥമായി പരിഗണിക്കപ്പെട്ടിരുന്ന അൽ-മജെസറ്റിൽ ടോളമി മുന്നോട്ടുവെച്ച ശാസ്ത്രീയ വാദങ്ങളെ നിരാകരിക്കുക വഴി ജാബിർ ശാസ്ത്രലോകത്ത് തന്റേതായ മുദ്ര പതിപ്പിക്കുകയായിരുന്നു. പിന്നീട് 1534 ൽ ഇസ്‍ലാഹുൽ മജെസ്റ്റിന് ലാറ്റിൻ ഭാഷ്യം നൽകി ജെർമനിയിലെ ന്യൂറംബർഗിലെ പീറ്റേർസ് അപ്പിയാനോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുധൻ, ശുക്രൻ എന്നീ രണ്ട് ഗ്രഹങ്ങൾ സൂര്യന്റെയും ചന്ദ്രന്റെയും ഇടയിലാണ് സ്ഥിതിചെയ്യുന്നത് എന്ന ടോളമിയുടെ നിഗമനത്തെയാണ് ജാബിർ തന്റെ ഗവേഷണനിരീക്ഷണത്തിന്റെ വെളിച്ചത്തിൽ ശാസ്ത്രീയമായി തിരുത്തി അവ സൂര്യന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞുവെക്കുന്നത്. മൻസൂർ എന്ന നാമത്തിൽ പ്രശസ്തനായ ഖലീഫ അബൂ യൂസുഫ് യഅ്ഖൂബ് സ്പെയ്നിലെ ഇശ്ബീലിയയിലെ പളളിയുടെ മുകളിൽ നിർമ്മിച്ച 96 മീറ്റര്‍ ഉയരമുളള മിനാരത്തിലിരുന്ന് ജാബിർ നടത്തിയ ഗവേഷണ നിരീക്ഷണ ഫലങ്ങളാണ്, ഇസ്‍ലാഹുൽ മജെസറ്റ് എന്ന ഗ്രന്ഥമായി 1240ൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഭൂമധ്യരേഖയും ദീർഘവൃത്താകൃതിയും പ്രപഞ്ച കോർഡിനേറ്റുകളും ഗോള ദൂരനിർണ്ണയനത്തിനായി ജാബിർ കണ്ടെത്തിയ ടോർക്യുറ്റും (torquetum) അദ്ദേഹത്തിന് ശാസ്ത്രലോകത്ത് പ്രമുഖതയുടെ ചാർത്ത് നൽകി. ഗോളശാസ്ത്രജ്ഞൻ എന്നതിലുപരി അദ്ദേഹം പ്രമുഖ ഗണിതശാസ്ത്രജ്ഞൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്രത്തിലുള്ള ഗ്രന്ഥം പന്ത്രണ്ടാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷ്യം നൽകി ജെറാർട് ഓഫ് ക്രെമോന പ്രസിദ്ധീകരിച്ചിട്ടുണ്ട്. റൈറ്റ് സ്പിരിക്കൽ ത്രികോണങ്ങളിൽ അദ്ദേഹം മുന്നോട്ടുവെച്ച വീക്ഷണങ്ങൾ ഇന്നും ശ്രേദ്ധയമാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ ഫോർമുല നിരന്തരമായി ഗോളശാസ്ത്രകണക്കുകളിലും നാവിഗേഷൻ മേഖലയിലും ഇന്നും അവലംബമായി വർത്തിക്കുന്നുണ്ട്.
പ്രശസ്ത യൂറോപ്പ്യൻ ഓറിയന്റലിസ്റ്റുകളായ ജോർജ് സാർട്ടൻ, ഡേവിഡ് യൂജിൻ സ്മിത്ത് എന്നിവരെ പോലുള്ളവർ ജാബിറിന്റെ ഗണിതശാസ്ത്രത്തിലുള്ള നിസ്തുലമായ സംഭാവനകൾ മാനിച്ച് അദ്ദേഹത്തെ ഗണിതശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി ഗണിക്കുന്നു. 16-ാം നൂറ്റാണ്ടിലെ പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ജിറോളോമോ കാർഡൊണോ പറയുന്നത് റെഖിയോമോണ്ടനുസിന്റെ സ്പിരിക്കൽ ത്രികോണ വീക്ഷണങ്ങൾ ജാബിറിന്റെ ഗവേഷണ പഠനത്തിന്റെ പകർപ്പാണ് എന്നാണ്. ഇങ്ങനെ ശാസ്ത്രലോകത്ത് സമാനതകളില്ലാത്ത യുഗപ്രഭാവനായിരുന്നു ചരിത്രത്താളുകളിൽ മാത്രം ഒതുങ്ങിയ ജെബർ എന്ന ജാബിർ ബിൻ അഫ്‍ലഹ്.
Leave A Comment