ജഹനാരാ ബീഗത്തിന്റെ തെരുവിന് കഥകള്‍ ഏറെ പറയാനുണ്ട്
ശാജഹാന്‍ ചക്രവര്‍ത്തിയുടെ മകളായ ജഹാനാരാ ബീഗം ജനിക്കുന്നത് ഹിജ്‌റ വർഷം 1023 സഫർ 23 നാണ്. മതവിജ്ഞാനങ്ങളിലും സാഹിത്യത്തിലുമെല്ലാം ഏറെ തല്‍പരയായിരുന്ന അവര്‍ നല്ലൊരു പണ്ഡിത കൂടി ആയാണ് വളര്‍ന്നത്. പേർഷ്യൻ, അറബി ഭാഷകളിലുള്ള പരിജ്ഞാനവും അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തി. മാതാവ് മുംതാസ് മരണപ്പെട്ട സമയത്ത് തന്റെ സ്വത്തിന്റെ പാതി ഏറ്റവും പ്രിയപ്പെട്ട മകളായ ജഹനാരക്കും പാതി മറ്റുള്ളവർക്കുമായാണ് വീതം വെച്ചത്.17ആം വയസ്സിൽ തന്നെ സർവ്വവിധ രാജകീയ പ്രൗഡികളും അലങ്കരിച്ച ബീഗം രാജ്യത്തിന്റെ ബാദ്ഷാഹെ ബീഗം ആയി തിരഞ്ഞെടുക്കപ്പെട്ടു.
1631 ൽ മുംതാസ് മഹൽ മരണപ്പെട്ടപ്പോൾ സാഹിബത്തുൽ സമാൻ എന്ന പദവി ജഹനാരയെ തേടിയെത്തി. സൂറത്ത് തുറമുഖത്തിന്റെ ഉടമസ്ഥ കൂടിയായിരുന്ന രാജകുമാരി, സാഹിബി എന്ന തന്റെ കപ്പൽ സൂറത്തിനും മക്കക്കുമിടയിൽ ചരക്കുകളും വിശ്വാസികളെയും എത്തിക്കാൻ വിട്ടുകൊടുത്തു. തുറമുഖത്തിൽ നിന്നുള്ള സമ്പാദ്യം ജഹനാരയെ സമ്പന്നയാക്കി. 1648 ൽ പൂർത്തിയാക്കിയ ഇന്ത്യയിലെ വലിയ മസ്ജിദുകളിലൊന്നായ ആഗ്രയിലെ പ്രശസ്തമായ ജാമി മസ്ജിദിന്റെ നിർമ്മാണത്തിന്റെ മുഴുവന്‍ ചെലവുകളും വഹിച്ചത് ജഹനാര ബീഗമായിരുന്നു. തന്റെ ആത്മീയഗുരു മുല്ലാ ശാഹിനോടുള്ള ആദരസൂചകമായി 1650 ൽ ശ്രീനഗറിൽ ഒരു മസ്ജിദും ബീഗം നിർമ്മിച്ചിട്ടുണ്ട്.
മുംതാസിന്റെ മരണശേഷം ശാജഹാന്റെ രാഷ്ട്രീയ നയതന്ത്രജ്ഞ ആയി ജഹനാര മാറി. 17-ആം വയസ്സിൽ രാജമുദ്രയേന്തി മലികെ ഹിന്ദുസ്ഥാൻ ബാദ്ഷാഹെ ബീഗം എന്ന പദവിയിലേക്കെത്തിയ ജഹാനാരയുടെ തീരുമാനങ്ങളായിരുന്നു ഭരണകാര്യങ്ങളിൽ ശാഹ്ജഹാൻ മുഖവിലക്കെടുത്തിരുന്നത്. എന്നിരുന്നാലും ഹിന്ദുസ്ഥാന്റെ രാജകുമാരിക്ക് തന്റെ സഹോദരങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ ഒരു തീർപ്പ് കൽപ്പിക്കാൻ സാധിച്ചില്ല. ഔറംഗസീബിനും ദാര ഷിക്കോവിനുമിടയിൽ അനുരഞ്ജനത്തിന് ബീഗം ശ്രമിച്ചിരുന്നെങ്കിലും ഒടുക്കം ഔറംഗസീബ് തന്റെ സഹോദരനെ വധിച്ച് അധികാരം കയ്യേറിയതിന് അവരും സാക്ഷിയായി. ആഗ്ര കോട്ടയിൽ തടവിലാക്കപ്പെട്ട ശാജഹാനോടൊപ്പം രാജകൊട്ടാരത്തിന്റെ സർവ്വസൗകര്യങ്ങളും വിട്ടെറിഞ്ഞ് ജഹനാരാ ബീഗവും പിതാവിന് കൂട്ടായി കോട്ടയിൽ താമസിച്ചു. ശാജഹാന്റെ മരണശേഷം ബീഗത്തെ സര്‍വ്വ ബഹുമതികളോടെയും ഔറംഗസീബ് ഡൽഹിയിലേക്ക് കൊണ്ടുവരികയും ബാദ്ശാഹെ ബീഗം എന്ന പദവി തിരിച്ച് നൽകി ആദരിക്കുകയും ചെയ്തു.
ഹിജ്റ വർഷം 1092 റമളാൻ 3 ന് വിടവാങ്ങിയ ബീഗത്തിന്റെ ഖബർ ഹസ്രത് നിസാമുദ്ദീൻ ഔലിയയുടെ ചാരത്ത്, വിശ്വാസികൾ വിതറുന്ന പനിനീർ വർഷങ്ങളാസ്വദിച്ച് ഇന്നും സ്ഥിതി ചെയ്യുന്നു.
ഫത്തേഹ്പുരി മസ്ജിദ്
ചക്രവർത്തി ശാജഹാൻ 1650 ൽ തന്റെ നഗരം കെട്ടിപ്പടുക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാളാണ് ചാന്ദ്നി ചൗക്കിന്റെ ഒരറ്റത്തായി ഈ മസ്ജിദ് പണിതത്. മസ്ജിദിന്റെ പ്രവേശനകവാടം അത്രയും തിരക്കേറിയ ഖാരി ബഓലി ബസാറിനോട് ചേർന്നാണ് നിലകൊള്ളുന്നതെങ്കിലും വാതിൽ കടന്ന് അകത്തെത്തുന്നതോടെ അത്രമേൽ സമാധാനപരമായ ഇടത്തിലേക്കാണ് നമ്മൾ കയറിച്ചെല്ലുക.
മസ്ജിദങ്കണത്തിലേക്ക് കയറുമ്പോൾ ആദ്യം കണ്ണിൽ പെടുന്നത് നീണ്ട പച്ച വരകളുള്ള, മനോഹരമായ വെളുത്ത ഖുബ്ബയായിരിക്കും. ചെങ്കല്ല് കൊണ്ട് പണിത ശേഷം മിനുക്ക്പണികൾ നടത്തിയാണ് ഈ ഖുബ്ബ നിർമ്മിച്ചത്. ഇത് ദൂരെ നിന്നുള്ള കാഴ്ചയിൽ തിളങ്ങുന്ന വെളുത്ത മാർബിൾ മിനാരം പോലെയുള്ള കാഴ്ച സമ്മാനിക്കുന്നു. മധ്യകാല ഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒറ്റ ഖുബ്ബ മാത്രമുള്ള ഏക മസ്ജിദാണിത്. ഖുബ്ബയ്ക്ക് ഇരുവശത്തും 80 അടി ഉയരമുള്ള രണ്ട് മിനാരങ്ങളും നിലകൊള്ളുന്നു.
1857 ലെ സ്വാതന്ത്ര്യസമര സമയത്ത് ഫത്തേഹ്പുരി മസ്ജിദ് വിപ്ലവകാരികൾ താമസത്തിനും ചികിത്സക്കും വേണ്ടി ഉപയോഗിച്ചിരുന്നു. ഡൽഹിയുടെ രാഷ്ട്രീയ വീഴ്ച്ചക്ക് ശേഷം ബ്രിട്ടീഷ് പട്ടാളം മസ്ജിദിൽ തമ്പടിച്ചു. 1857 ന് ശേഷം ബ്രിട്ടീഷ് ഗവണ്മെന്റ് ഫത്തേഹ്പുരി മസ്ജിദ് കീഴടക്കുകയും 29,000 രൂപക്ക് ലാല ചുന്നർമൽ എന്ന വ്യാപാരിക്ക് ലേലത്തിൽ വിൽക്കുകയും ചെയ്തു. കലാപാനന്തരം ഡൽഹിയിൽ നിന്ന് ചിതറിപ്പോയ മുസ്‍ലിംകൾ മസ്ജിദ് വാങ്ങാനുള്ള സാമ്പത്തികശേഷിയിലായിരുന്നില്ല. കാലങ്ങൾക്ക് ശേഷം കലാപത്തിലെ പങ്കാളിത്തത്തിൽ മുസ്‍ലിംകൾ മാപ്പ് പറഞ്ഞ ശേഷം അവരെ ശാജഹാനാബാദിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചുന്നാമലിന് നാല് ഗ്രാമങ്ങൾ പകരമായി നൽകി ബ്രിട്ടീഷ് ഗവണ്മെന്റ് ഫത്തേഹ്പുരി മസ്ജിദ് മുസ്‍ലിംകൾക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
ജഹനാരാ ബീഗം കി സറായി
പ്രസ്തുത കാലത്തെ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സത്രമായിരുന്നു 1650 ൽ ചാന്ദ്നി ചൗക്കിൽ നിർമ്മിക്കപ്പെട്ട ബീഗം കി സറായി. ചക്രവർത്തിയുടെ പ്രിയപ്പെട്ട പുത്രി തന്റെ ഓർമ്മകളെ ഈ സത്രത്തിലൂടെ നിലനിർത്താൻ ശ്രമിച്ചുവെന്ന് പറയാം. ചാന്ദ്നി ചൗകിലേക്ക് തുറക്കുന്ന തെക്ക് ഭാഗത്ത് ഒരു വാതിലും ബീഗം കാ ബാഗിലേക്ക് (രാജകുമാരിയുടെ പൂന്തോട്ടം) തുറക്കുന്ന വടക്ക് ഭാഗത്ത് മറ്റൊന്നുമായി, രണ്ട് ഭീമൻ വാതിലുകളോട് കൂടെ 186 അടി ഭൂമിയിലാണ് സത്രം നിലകൊള്ളുന്നത്. ഇരുനിലയുള്ള സത്രത്തിൽ മൊത്തം 90 മുറികളാണുണ്ടായിരുന്നത്. 1857 ന് ശേഷം ഈ സത്രം ബ്രിട്ടീഷ് പട്ടാളം പൊളിച്ചു മാറ്റി.
ചാന്ദ്നി ചൗക്ക്: ജഹനാരാ ബീഗത്തിന്റെ തെരുവ്
ലോകത്തിലെത്തന്നെ മനോഹരമായ ഈ ബസാർ AD 1650 ലാണ് ജഹനാരാ ബീഗം രൂപകൽപ്പന ചെയ്യുന്നത്. ഈ ബസാറിന്റെ സൗന്ദര്യത്തെ വർണ്ണിക്കുന്നത് എന്റെ കഴിവിനപ്പുറമാണെന്ന് സർ സയ്യിദ് അഹ്മദ് ഖാൻ പറഞ്ഞ പോലെ, അത്രയും മനോഹരമായാണ് ചാന്ദ്നിചൗക്കിന്റെ ഓരോ ഭാഗവും രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. ഈ തെരുവിൽ വിൽക്കാത്തതായി ലോകത്തിലെ ഒരു വസ്തുവും തന്നെയില്ല എന്ന് പറയാം. ശാഹ് ജഹാനാബാദ്: മുഗൾ ഇന്ത്യയുടെ പരമോന്നത നഗരം എന്ന പുസ്തകത്തിൽ സ്റ്റീഫൻ ബ്ലേക് ഇപ്രകാരം എഴുതുന്നു, 100 വാര നീളവും നടുവിൽ ഒരു കുളവുമുള്ള ബസാർ അഷ്ടഭുജാകൃതിയിലാണ്. വടക്ക് ഭാഗത്ത് ഒരു സത്രവും പൂന്തോട്ടവും തെക്ക് ഭാഗത്ത് ഒരു കുളിപ്പുരയും ജഹനാരാ പണിതു. പൗർണ്ണമി രാവുകളിൽ ചന്ദ്രൻ നടുവിലെ കുളത്തിൽ പ്രതിഫലിച്ച് ആ നിലാവ് തെരുവിലൊന്നാകെ പരക്കും. അക്കാരണത്താലാണ് കുളത്തിന് ചാന്ദ്നി ചൗക് എന്ന പേര് വെച്ചത്. പതിയെ ബസാറും ലാഹോരി ഗേറ്റ് മുതൽ ഫത്തേഹ് പുരി മസ്ജിദ് വരെയും ഈ പേരിൽ തന്നെ അറിയപ്പെട്ടു.
മുസ്‍ലിംഭരണകാലത്തിന്റെ പ്രതാപപ്രതീകങ്ങളാണ് ഇന്നും ഇന്ത്യയെ നയിക്കുന്നതെന്ന് പറയാം. ബ്രിട്ടീഷ് ഭരണകാലത്ത് പലതും തകര്‍ക്കപ്പെട്ടെങ്കിലും ചിലതെല്ലാം ഇന്നും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ബാക്കിനില്ക്കുന്നു. അവക്കോരോന്നിനും പറയാനുള്ളത് ഒരായിരം കഥകളാണ്. ആ കഥകള്‍ക്ക് കാതോര്‍ത്താല്‍ തന്നെ, സമകാലിക ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും, തീര്‍ച്ച.
Leave A Comment