പുതുവര്‍ഷം തരുന്ന ചിന്തകള്‍

ജീവിതത്തിന്റെ ഏടില്‍ നിന്നും ഒരിലകൂടി പൊഴിഞ്ഞു. ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളില്‍ നിന്ന് ഒരു വര്‍ഷം കൂടി വിടപറയുന്നു. വളരെ വ്യക്തമായി പറഞ്ഞാല്‍, മരണത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുന്നു. സ്വയം വിചാരണ ചെയ്യേണ്ട സന്ദര്‍ഭമാണിത്. ആ നേരത്താണ് ഭൗതികതയുടെ പച്ചപ്പില്‍ കണ്ണു മഞ്ഞളിച്ച ചിലര്‍ പുതുവത്സരം ആഘോഷങ്ങളുടെ പറുദീസയാക്കി തീര്‍ക്കുന്നത്. ആഘോഷങ്ങളുടെ ആഹ്ലാദത്തിമിര്‍പ്പില്‍ അഴിഞ്ഞാടുന്ന ആധുനിക യുവത നല്‍കുന്ന സൂചനകള്‍ അശുഭകരമാണ്.

കേവലം എഴുപതോ എമ്പതോ വര്‍ഷം മാത്രം ജീവിക്കേുന്ന നാം നമ്മുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം വിടപറയുമ്പോള്‍ സന്തോഷിക്കുകയാണോ ചെയ്യേണ്ടത്.

സമയത്തി വളരെയധികം പ്രാധാന്യമുണ്ട് ഇസ്‌ലാമില്‍. നബി(സ്വ) പറയുന്നു: 'അധിക ജനങ്ങളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളാണ് സമയവും ആരോഗ്യവും'. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് അനുഗ്രഹങ്ങളെയും മുതലെടുക്കണം. അതിലേക്കാണ് ഈ പ്രവാചക വചനം വിരല്‍ചൂണ്ടുന്നത്. മറ്റു പ്രവാചകന്മാരുടെ സമുദായങ്ങളെ അപേക്ഷിച്ച് നമ്മുടെ ആയുസ്സ് തുലോം തുച്ഛമാണ്. ആയിരവും തൊള്ളായിരവും വര്‍ഷം വരെ ജീവിച്ച് അവരുടെ ആയുസ്സ് നമ്മുടെ ആയുസുമായി തുലനം ചെയ്യുമ്പോള്‍ തുച്ഛമെന്നാല്ലാതെ മറ്റ് എന്ത് പറയും?

 ഒരിക്കല്‍ മൂസാ നബിയുടെ അനുയായികള്‍ വന്ന് മൂസാ നബിയോട് ഇങ്ങനെ പറഞ്ഞു: മൂസാനബിയെ ഞങ്ങളുടെ മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടു പോവുന്നു. ഇതുകേട്ട് മൂസാനബി പുഞ്ചിരിച്ചു. അപ്പോള്‍ അനുയായികള്‍ തിരിച്ചു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് ചിരിക്കുന്നത്? മൂസാ നബി പറഞ്ഞു: മുഹമ്മദ് നബിയുടെ സമുധായത്തിന്റെ പ്രായം അറുപതിനും എഴുപതിനും ഇടയിലാണ്. നിങ്ങളുടെ മക്കള്‍ നാനൂറാം വയസ്സിലും അഞ്ഞൂറാം വയസ്സിലും മരണപ്പെടു മ്പോള്‍ നിങ്ങള്‍ പരാതി ബോധിപ്പിക്കാന്‍ വന്നത് കണ്ടുകൊണ്ടാണ് ഞാന്‍ ചിരിച്ചത്. അപ്പോള്‍ അനുയായികള്‍ മൂസാ നബിയുടെ തിരിച്ചു ചോദിച്ചു: നബിയേ, അവര്‍ താമസിക്കാന്‍ വേണ്ടി വീടുകള്‍ പണിയുമോ? ഇതുകേട്ട് മൂസാ നബി പറഞ്ഞു വീടുണ്ടാക്കുമോയെന്നോ?  അവര്‍ വലിയ കൊട്ടാരങ്ങള്‍ പണിതുണ്ടാക്കും. ഇതുകേട്ട് അനുയായികള്‍ ചിരിച്ചു പോയത്ര!

     നബിതങ്ങളുടെ സമുധായത്തിന്റെ ആയുസ്സിന്റെചുരുക്കമാണ് ഈ ചരിത്രം ബോധ്യപ്പെടുത്തുന്നത്.

നമ്മുടെ മുന്‍ഗാമികളുടെ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ അവര്‍ സമയത്തിന് നല്‍കിയ പ്രായോഗികതയും പ്രാധാന്യവും നമുക്ക് ബോധ്യപ്പെടും. ഭക്ഷണം കഴിക്കുന്ന സമയം ഏറ്റവും പ്രയാസകരമായ സമയമായി നമ്മുടെ മുന്‍ഗാമികള്‍ കണ്ടിരുന്നു. കാരണം ഭക്ഷണം കഴിക്കാനിരുന്നാല്‍ അത്രയും സമയം വെറുതെ നഷ്ടപ്പെടുകയാണല്ലോ എന്ന ചിന്തയായിരുന്നു അവരില്‍ നിറഞ്ഞുനിന്നിരുന്നത് .
ഒരു അറബി കവിതയുടെ സാരാംശം ഇങ്ങനെ വായിക്കാം:
'സമയമാണഖില
 സൂക്ഷിപ്പുവസ്തുക്കളിലും ശ്രേഷ്ടം
 നിന്‍ മേലിലെളുപ്പം നഷ്ടമാകുന്നതും സമയം തന്നെ.'

     കേവലം നാല്‍പ്പത്തിയഞ്ചും അമ്പത്തിനാലും വയസ് വരെ മാത്രം ജീവിച്ച നമ്മുടെ പൂര്‍വ്വീകര്‍ ജീവിതത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത വരായിരുന്നു. നമ്മുടെ മുന്‍ഗാമികള്‍ ജീവിതം മുഴുവനും ഗ്രന്ഥരചനക്കും ഗ്രന്ഥപാരായണത്തിനും നീക്കിവെച്ചവരായിരുന്നു.അവരുടെ ജീവിതം എത്ര ഉല്‍കൃഷ്ടം!

നമ്മുടെ മുന്‍ഗാമികള്‍ ചെയ്തുകൂട്ടിയ നന്മകള്‍ നമുക്കൊരു പാഠമാണ്. യന്ത്രങ്ങളും സാങ്കേതികവിദ്യകളും കണ്ടെത്താത്ത അക്കാലത്ത് അഥവാ ഇന്നിന്റെനൂറിലൊരംശം സൗകര്യം പോലുമില്ലാത്ത അക്കാലത്ത് അവര്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങള്‍ അല്പംപോലും നമുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് ഖേദകരം തന്നെ. സമയത്തെ സല്‍കര്‍മ്മങ്ങളില്‍ ചെലവഴിച്ചവരാണ് ബുദ്ധിമാന്മാര്‍. ആയുസ്സ് ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ദ്രുതഗതിയില്‍ അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും. അതിനെ പിടിച്ചു കെട്ടാന്‍ നമുക്കാവില്ല .പക്ഷേ, നമുക്കതിനെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്താനാകും.

  ഉമര്‍ ബ്‌നു അബ്ദുല്‍അസീസ് (റ) പറയുന്നു :രാത്രിയും പകലും നിന്നില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഈരണ്ട് സമയത്തും നീ നന്നായി പ്രവര്‍ത്തിക്കുക. 

     ജീവിതത്തിനു മൂല്യമുണ്ട്. ആ മൂല്യം ഒളിച്ചിരിക്കുന്നത് സമയങ്ങളിലാണ്. ക്ലോക്കിലെ സെക്കന്‍ഡ് സൂചിയുടെ ഓരോ കറക്കവും നമ്മുടെ ആയുസ്സിന്റെ മരണങ്ങളാണ്. പെന്‍ഡുലം ക്ലോക്കിലെ ഓരോ ശബ്ദവും നമ്മുടെ മരണമണിയാണ് മുഴക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സമയമാണ് നമ്മുടെ ജീവിതം. നമ്മുടെ ജീവിതം നമ്മുടെ സമയങ്ങളും.

 അതിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ ഖേദമായിരിക്കും പരിണിതഫലം. മരണമുഖത്തു മാലാഖയോട്  ഒരു സെക്കന്‍ഡ് എങ്കിലും നീട്ടിത്തരാന്‍ മനുഷ്യന്‍കെഞ്ചുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ടല്ലോ.   

   നബിതങ്ങള്‍ പറയുന്നു: എന്റെ സമുദായത്തിന്റെ ആയുസ്സ് അറുപതിനും എഴുപതിനും ഇടയില്‍ ആണ് .ഈ ഹദീസനുസരിച്ച് നോക്കുമ്പോള്‍ ഇബാദത്തിനായി സൃഷ്ടിക്കപ്പെട്ട നാം ആയുസ്സ് അതിനായി ചെലവഴിക്കുന്നില്ലെന്ന് കൃത്യമായി ബോധ്യപ്പെടും. 

    ഉദാഹരണമായി ,ഒരാള്‍ അറുപത് വയസുവരെ ജീവിച്ചു എന്നു വിചാരിക്കുക .അതില്‍ പകുതി ഭാഗവും അഥവാ മുപ്പത് വര്‍ഷവും രാത്രിയായിത്തീരും. അഥവാ ഉറങ്ങി കഴിയും. ശേഷിക്കുന്ന മുപ്പത് വര്‍ഷത്തിന്റെപകുതി (15 വര്‍ഷം) യുവത്വത്തിന്റെ പ്രസരിപ്പില്‍ അശ്രദ്ധമായി തീര്‍ന്നുപോകും. ശേഷിക്കുന്നത് 15 വര്‍ഷം മാത്രം .ഭാര്യയും സന്താനങ്ങളും അവരെ തീറ്റിപ്പോറ്റാനുംആഗ്രഹ സഫലീകരണങ്ങള്‍ക്കുമായി ആ പതിനഞ്ച് വര്‍ഷങ്ങളുംതീര്‍ന്നു പോകും.

ശേഷിക്കുന്ന അഞ്ചുവര്‍ഷം രോഗത്തിന്റെപിടിയില്‍ അമരാന്‍ ആയിരിക്കും വിധി.

പിന്നെ എവിടെ ഇബാദത്ത് എടുക്കാന്‍ സമയം? മനുഷ്യജീവിതത്തിന്റെ ആദ്യന്തലക്ഷ്യമായ ഇബാദത്തിനു പോലും നമുക്ക് സമയമില്ല. അതിനാല്‍ തന്നെ സമയങ്ങളെ ശരിയാവണ്ണം ഉപയോഗപ്പെടുത്തിയേ തീരൂ.

 വെറും നാല്‍പത്തിയഞ്ച് വര്‍ഷം കൊണ്ട് നൂറു കണക്കിന്  ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചവരാണ് ഇമാം നവവി(റ).

 കേവലം അമ്പത്തിനാല് വര്‍ഷങ്ങള്‍കൊണ്ട് വിജ്ഞാന വിഹായസ്സ് കീഴടക്കി ഒരു  മദ്ഹബിന്റെ തന്നെ ഇമാമായി ജീവിച്ചവരാണ് ഇമാം ശാഫിഈ (റ). നാല്പതു വയസ്സും അതിനപ്പുറവും ജീവിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു?

 നമ്മുടെ ജീവിതംകൊണ്ട് മറ്റൊരാള്‍ക്ക് എന്തെങ്കിലും ഉപകാരങ്ങള്‍ ലഭിച്ചുവോ? മനസ്സില്‍ എപ്പോഴും ഉണ്ടാകേണ്ട ചോദ്യ ചിഹ്നങ്ങളാണിത്. ആമിര്‍ബിന്‍ ഖൈസിനോട് ഒരാള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ആധുനിക തലമുറയെ ആശ്ചര്യഭരിതരാക്കും. അദ്ദേഹം പറഞ്ഞു: സൂര്യനെ പിടിച്ചു കെട്ടുകയാണെങ്കില്‍ നമുക്ക് സംസാരിക്കാം. സമയത്തിന് ഇത്രയും പ്രാധാന്യംനമ്മുടെ മുന്‍ഗാമികള്‍ നല്‍കിയിരുന്നു.

അതു കൊണ്ട് തന്നെ പുതുവര്‍ഷം കടന്നുവരുമ്പോള്‍ ആഘോഷിക്കുകയല്ല നാം ചെയ്യേണ്ടത്.മറിച്ച് തന്റെ ജീവിതവൃക്ഷത്തില്‍ നിന്ന് ഒരില കൂടി കഴിഞ്ഞു പോയല്ലോ എന്ന യുക്തിസഹജമായ ചിന്തയാണ് മനസ്സില്‍ കടന്ന് വരേണ്ടത്. പുതുവര്‍ഷത്തെ നാം ഒരു ന്യൂ ഇയര്‍ ആയി കാണണം. സാധാരണ എല്ലാവരും കാണുന്നതുപോലെയുള്ള കാഴ്ചയല്ല  ഈ പറഞ്ഞ കാഴ്ച്ച.

മറിച്ച്, ഗതകാല ജീവിതത്തിലെ തെറ്റുകളും അപരാധങ്ങളും തിരുത്തി പുതിയൊരു കുറ്റവിമുക്തമായ ന്യൂ ഇയര്‍ നമുക്കുണ്ടാക്കിയെടുക്കണം.കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത് കൂട്ടിയ തെറ്റുകള്‍ ഈ വര്‍ഷം ചെയ്യില്ലെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു ന്യൂ ഇയറാണ് വിശ്വാസികള്‍ സ്വപ്നം കാണേണ്ടത്.   അപ്പോഴേ ഭൗതിക ലോകത്തും പരലോകത്തും വിജയത്തിന്റെ വെള്ളിരേഖകള്‍ വരക്കാന്‍ കഴിയൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter