നവമുന്നേറ്റത്തിന്റെ വാതായനങ്ങള്‍ തേടി ദാറുല്‍ ഹുദാ
കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ പരിസരത്ത്‌ പുതിയ പരീക്ഷണമായി പിറവിയെടുത്ത ദാറുല്‍ഹുദ, അതിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ മഹല്ല് സംവിധാനം അവിടങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദാറുല്‍ ഹുദയുടെ പന്ത്രണ്ടാം ബിരുദദാന സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ദാറുല്‍ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ് വി കൂരിയാട്‌ എഴുതിയ ലേഖനം.  Dhiu_logoകേരളീയ മുസ്‌ലിംകളുടെ വൈജ്ഞാനിക നവോത്ഥാനത്തിന്റെ പ്രയാണ വീഥിയില്‍ ഓത്തു പള്ളികളും പള്ളി ദര്‍സുകളും പ്രായോഗികതക്കു മുന്നില്‍ കാലിടറിയപ്പോഴായിരുന്നു അറിവിന്റെ മനുഷ്യ നിര്‍മ്മിത അതിര്‍വരമ്പുകളെ മായ്ച്ചു കളഞ്ഞ് സമന്വയ വിദ്യാഭ്യാസത്തിന്റെ വൈജ്ഞാനിക വസന്തവുമായി 1986 ല്‍ ദാറുല്‍ ഹുദാ സ്ഥാപിതമാവുന്നത്. ദീനീ രംഗത്ത് നിശ്ചലമാവുകയും ദഅ്‌വീ രംഗം ഒരു നിശ്ചലാവസ്ഥയോളമെത്തുകയും ജീര്‍ണ്ണത ബാധിക്കുകയും ചെയ്ത ഘട്ടത്തില്‍ പ്രബോധന നവ ജാഗരണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സി.എച്ച് ഐദ്രൂസ് മുസ്‌ലിയാരുടെയും എം.എം ബശീര്‍ മുസ്‌ലിയാരുടെയും ഡോ. യു. ബാപ്പുട്ടി ഹാജിയുടെയും വിശ്വാസ ഭദ്രതയും നിശ്ചയ ദാര്‍ഢ്യവും സമം ചേര്‍ന്ന കര്‍മ്മ നൈരന്തര്യത്തിന്റെ ഉത്പന്നമായി ദാറുല്‍ ഹുദാ പിറവിയെടുത്തു.കര്‍മ രംഗത്ത് സുമാര്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നേതൃപരമായ സാരഥ്യം നല്‍കാന്‍ പോന്ന ശ്രദ്ധേയമായ ഇസ്‌ലാമിക സര്‍വകലാശാലയായി ദാറുല്‍ ഹുദാ വികാസം പ്രാപിച്ചുവെന്നതിന് കാലം സാക്ഷി പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 16 അംഗീകൃത സ്ഥാപനങ്ങള്‍ ദാറുല്‍ ഹുദായുടെ കീഴില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2009 ല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം ഇപ്പോള്‍ കെയ്‌റോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് ദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസിലും മൊറോക്കോയുടെ തലസ്ഥാനമായ റബാഥ് ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡിലും അംഗമാണ്.മത-ഭൗതിക സമന്വിത വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ്ണമായ പ്രയോഗവത്കരണത്തിലൂടെ കേരളീയ മുസ്‌ലിംകളെ സവിശേഷമായ ഒരു സാമൂഹികാന്തരീക്ഷത്തിലേക്ക് ആനയിച്ച ദാറുല്‍ ഹുദാ നൂറ്റാണ്ടുകളായി ചൂഷണ- പീഡന- പാര്‍ശ്വവത്കരണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന കേരളേതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വസിക്കുന്ന ഹതഭാഗ്യരായ മുസ്‌ലിംകളുടെ സര്‍വ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ച് വിജ്ഞാനത്തിന്റെ നിറദീപവുമായി പ്രയാണം തുടരുകയാണ്. മാനവിക സംസ്‌കൃതികളുടെ പുരാതന പൈതൃകം പേറുന്ന ഭാരതത്തിന്റെ ഗ്രാമ- നഗര ഹൃദയങ്ങളിലെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ തേടിയുള്ള സഞ്ചാര പഥങ്ങളില്‍ കരളില്‍ തറച്ച കാഴ്ചാനുഭവങ്ങളാണ് ചടുലമായ പുത്തന്‍ ചുവടു വെയ്പുകള്‍ക്ക് ദാറുല്‍ ഹുദായെ പ്രേരിപ്പിച്ചത്. പേരില്‍ മാത്രം ഐഡന്റിറ്റി സൂക്ഷിക്കുന്ന മുസ്‌ലിം ബാല്യ-യൗവന-വയോജനങ്ങള്‍ ആചാരാനുഷ്ഠാനങ്ങളില്‍ വിവേചനങ്ങളില്ലാതെ ക്ഷേത്രങ്ങളില്‍ ചെന്ന് ഭഗവാനെ വണങ്ങുന്നവര്‍, പൊട്ടു തൊടുന്ന മുസ്‌ലിം മങ്കമാര്‍, വിശ്വാസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ തെല്ലുമറിയാത്തവര്‍.... സ്വപ്നങ്ങളില്ലാത്ത ജീവിത തീക്ഷ്ണതക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന മുസ്ലിംകള്‍... വിശ്വാസിയുടെ ഉള്ളം പിളര്‍ത്തുന്ന ഇത്തരം തപ്ത ദൃശ്യങ്ങളെ ഉടച്ചുവാര്‍ത്ത് സുശക്തമായ ജീവിത- മത പരിസങ്ങളിലേക്ക് ഇന്ത്യന്‍ മുസ്‌ലിംകളെ ശാക്തീകരിക്കാനുള്ള ആസൂത്രിത പദ്ധതികളുമായാണ് ദാറുല്‍ ഹുദാ മുന്നോട്ട് ചലിച്ച് കൊണ്ടിരിക്കുന്നത്.പ്രാഥമിക പടിയെന്നോണം 1994 ല്‍ കേരളത്തിനു പുറത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിലേക്ക് ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ ഉര്‍ദു പ്രഭാഷണങ്ങള്‍ക്കയച്ചു. മസ്ജിദുകളിലും മറ്റും ലഭിക്കുന്ന അവസരങ്ങളുപയോഗപ്പെടുത്തി വളര്‍ന്നുവരുന്ന തലമുറക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും തത്തുല്യമായ അടിസ്ഥാന പാഠങ്ങളും അവരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ വിദ്യാര്‍ത്ഥി സംഘങ്ങളുടെ ദൗത്യം. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും മുന്‍ കൂട്ടിയുള്ള ആസൂത്രണങ്ങളോടെ റമളാന്‍ വേളകളില്‍ ദാറുല്‍ ഹുദാ ഈ മഹനീയ ദൗത്യം നിര്‍വ്വഹിച്ച് വരുന്നു. 60 മുതല്‍ 80 വരെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഇതിനായി ദക്ഷിണ- ഉത്തര -പശ്ചിമ- പൂര്‍വ്വേന്ത്യയിലേക്ക് യാത്ര തിരിക്കുന്നു. രണ്ടാം ഘട്ടമെന്നോണം തമിഴ്‌നാട്ടിലെ കൃഷ്ണഗിരി കര്‍ണാടകയിലെ ചക് മക്കി, ആന്ധ്രയിലെ നന്ത്യാല്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ നടന്നു വരുന്ന ചില സ്ഥാപനങ്ങള്‍ കണ്ടെത്തി വിപുലീകരണങ്ങളും പരിഷ്‌കരണങ്ങളും നടത്തി ദാറുല്‍ ഹുദ സിലബസ് നടപ്പിലാക്കിയെങ്കിലും വ്യത്യസ്തമായ കാരണങ്ങള്‍ മൂലം ഇവക്കൊന്നും അധിക കാലം പിടിച്ചു നില്‍ക്കാനായില്ല.പരിപൂര്‍ണ്ണമായി സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടെങ്കിലേ വിദ്യാഭ്യാസ പരിഷ്‌കരണം നടപ്പിലാക്കാനും ഉദ്ദിഷ്ട ലക്ഷ്യം സാക്ഷാല്‍കരിക്കാനും സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പൂങ്കനൂരില്‍ ദാറുല്‍ ഹുദായുടെ കേരളത്തിന് പുറത്തെ ആദ്യ ഓഫ് ക്യാമ്പസായ മന്‍ഹജുല്‍ ഹുദാ ഇസ്‌ലാമിക് കോളേജ് പിറവിയെടുക്കുന്നത്. 2007 ആഗസ്റ്റ് 20 സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച സമുച്ചയം മസ്ജിദ്, അറബിക്ക് കോളേജ്, അനുബന്ധ കെട്ടിടങ്ങളോടുകൂടി സന്തോഷദായകമായി തലയുയര്‍ത്തി നില്‍ക്കുന്നു. ആന്ധ്രയിലെ മഹല്ല് രംഗത്തെ ശാക്തീകരണ പദ്ധതികള്‍ക്കും സ്ഥാപനം നേതൃത്വം നല്‍കി വരുന്നു. 1999 ല്‍ സംസ്ഥാനത്തിനു പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ത്തു കൊണ്ട് ഉര്‍ദു മാധ്യമമാക്കി ഒരു പ്രത്യേക സെക്ഷന്‍ ദാറുല്‍ ഹുദായില്‍ ആരംഭിച്ചു. ഇന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസ് എന്ന പേരിലാണ് സെക്ഷന്‍ അറിയപ്പെടുന്നത്. ഉര്‍ദു ഭാഷ അന്യം നിന്നിരുന്ന കേരള മണ്ണില്‍ ഈ പരീക്ഷണം വേരോടില്ലെന്ന് നിരീക്ഷിച്ചവരെ പോലും സ്തബ്ധരാക്കും വിധം പത്തും പന്ത്രണ്ടും പതിനാലും സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠന സപര്യയിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്നു.ഈദൃശമായ അനുഭവ പരിജ്ഞാനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം സാംസ്‌കാരിക ധന്യതയുടെ പൗരാണിക പാഠങ്ങള്‍ അയവിറക്കുന്ന ബംഗാളിലേക്കും ആസാമിലേക്കും ദാറുല്‍ഹുദാ കടന്നു ചെന്നു. 1947 ലെ വിഭജനാനന്തരം നിരവധി പേര്‍ പാക്കിസ്ഥാനിന്റെ ഭാഗമായി മാറിയ കിഴക്കന്‍ ബംഗാളിലേക്ക് കുടിയേറിയതോടെ വിദ്യഭ്യാസ-സാംസ്‌കാരിക-സാമ്പത്തിക രംഗത്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത നിലാരംബരായി ബംഗാള്‍ മുസ്‌ലിംകള്‍ അവശേഷിച്ചു. ബ്രിട്ടീഷുകാരുടെ ദയാ രഹിതമായ മര്‍ദ്ധനഭരണത്തില്‍ വീര്‍പ്പുമുട്ടിയ ബംഗാള്‍ മുസ്‌ലിംകള്‍ക്കു നേരെ പില്‍ക്കാല ഗവണ്‍മെന്റുകള്‍ കൂടി യാഥാര്‍ത്ഥ്യത്തിന്റെ കണ്ണുകളടച്ചപ്പോള്‍ അവരുടെ പുരോഗതി അസാധ്യമായി അവശേഷിച്ചു.ദാറുല്‍ ഹുദായില്‍ ഉര്‍ദു വിഭാഗത്തിന്റെ തുടക്കം മുതലേ പശ്ചിമ ബംഗാളിന്റെ മികച്ച പ്രാതിനിധ്യമുണ്ടായിരുന്നു. അവിടെ നിന്ന് വരുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ദുര്യോഗത്തിന്റെ ദൈന്യ ചിത്രങ്ങള്‍ നിരത്തി കേഴുക പതിവായി. തങ്ങളുടെ സംസ്‌കരണവും ജാഗരണവും സ്‌ക്ഷാത്കൃതമാവാന്‍ ദാറുല്‍ ഹുദാ ഒരു സംരംക്ഷകന്റെയും വഴിനടത്തുന്നവന്റെയും ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബീര്‍ഭൂം ജില്ലയിലെഭീംപൂര്‍ പ്രദേശത്ത് 12 ഏക്കറില്‍ ദാറുല്‍ ഹുദ പുതിയൊരു വൈജ്ഞാനിക മണ്ഡലത്തിന് തിരികൊളുത്തി. വ്യവസ്ഥാപിത പാഠ്യപദ്ധതിയോടെയുള്ള പ്രാഥമിക മദ്‌റസ, ആരാധനക്കും ഉദ്‌ബോധനങ്ങള്‍ക്കുമുതകുന്ന മസ്ജിദ്, മത-ഭൗതിക സമന്വയ പഠനത്തോടെയുള്‌ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധയിനം കോഴ്‌സുകള്‍ നല്‍കുന്നതിനുമായി ഗൈഡന്‍സ് സെന്ററുകള്‍, വനിതകള്‍ക്കായി ഇസ്‌ലാമിക കോളേജ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ എന്നിവയടങ്ങുന്നതാണ് ഈ സെന്ററിന് കീഴില്‍ നടത്താനുദ്ദേശിക്കുന്ന പ്രാഥമിക ഘട്ട പദ്ധതികള്‍. മതപരവും സാംസ്‌കാരികവുമായ പാരമ്പര്യവും പ്രൗഢമായ പൈതൃകവും കാലത്തിന്റെ ഒഴുക്കില്‍ ചീട്ടു കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ പശ്ചിമ ബംഗാളിലെ മുസ്‌ലിം സമുദായത്തിന് വര്‍ണ്ണാഭമായ ഭൂത കാലത്തിലേക്കുള്ള തിരിച്ചു പോക്കിന് ഈ സംരംഭങ്ങള്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.മുപ്പത് ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന അസം തലസ്ഥാന നഗരിയായ ഗുവാഹട്ടിയില്‍ നിന്നു 65 കി.മി അകലെ ബാര്‍പ്പേട്ട ജില്ലയിലെ ബൈശ വില്ലേജിലും ദാറുല്‍ ഹുദാ ഓഫ് കാമ്പസ് അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്നു. കേരളേതര മുസ്‌ലിംകളുടെ എല്ലാ ദൗര്‍ബല്യങ്ങള്‍ക്കുമൊപ്പം വര്‍ഗീയതയുടെ കനലെരിയുന്ന ജീവിത പരിസരങ്ങളില്‍ നീറിക്കൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായത്തിന് പുതിയൊരു പ്രഭാതം പുലരുന്നതിനാണ് ആസാമില്‍ ദാറുല്‍ ഹുദ ഇതിലൂടെ ആഗ്രഹിക്കുന്നത്. നൂറ് ശതമാനം മുസ്‌ലിംകള്‍ ജീവിക്കുന്ന ബൈശയിലും ബര്‍മറയിലും ബോഗഭിയയിലും മദ്‌റസകള്‍ കര്‍മ്മസജ്ജമായിക്കഴിഞ്ഞു. സിക്കിം, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്റ്, ബീഹാര്‍, മണിപ്പൂര്‍,ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്കു കൂടി ഉപയോഗ യോഗ്യമാക്കാവുന്ന തരത്തില്‍ എട്ട് ഏക്കര്‍ വിശാലമായി കാമ്പസില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വറ്റാത്ത നീരുറവക്ക് മുമ്പില്‍ ദാഹജലത്തിന് വേണ്ടി കാത്തിരിക്കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ അടിസ്ഥാനപരമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനും മത-സാമൂഹിക ശാക്തീകരണത്തിനുമുള്ള കൃത്യമായ അജണ്ടയുമായി ദാറുല്‍ ഹുദാ അനുസ്യൂതം മുന്നേറിക്കൊണ്ടിരിക്കുകയാണ്. വണ്ടര്‍ ഔഫ് മാപ്പിള മുസ്‌ലിംസ് എന്ന് റോളണ്ട് മില്ലര്‍ വിശേഷിപ്പിച്ച മദ്‌റസാ പ്രസ്ഥാനവും മഹത്തായ മഹല്ല് സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ കേരളേതര സംസ്ഥാനങ്ങളില്‍ ആവിഷ്‌കരിക്കുന്ന പാതയിലാണ് ഇപ്പോള്‍ ദാറുല്‍ഹുദാ. 12 വര്‍ഷത്തെ സുദീര്‍ഘമായ പഠന- മനന പരിശീലനത്തിനൊടുവില്‍ ബിരുദധാരികളായി പുറത്തിറങ്ങുന്ന ഹുദവികള്‍ വര്‍ധിത വീര്യത്തോടെ അവിടങ്ങളില്‍ സക്രിയമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. അത്യുഷ്ണത്തിലും അതി ശൈത്യത്തിലും പതറാത്ത വിശ്വാസാദാര്‍ഡ്യവുമായി വിശുദ്ധ ഇസ്ലാമിന്റെ പ്രചാരവാഹകരായി കാതങ്ങള്‍ താണ്ടുന്ന ഹുദഹികളെ വിസ്മരിക്കാനാവില്ല. സര്‍വ ശക്തന്‍ അവരുടെയും മറ്റു പ്രവര്‍ത്തകരുടെയും മുഴുവന്‍ സദുദ്യമങ്ങളും സ്വീകരിക്കുമാറാകട്ടെ.ആലസ്യത്തിന്റെ ഗാഢനിദ്രയില്‍ നിന്നുണര്‍ന്ന്, അടങ്ങാത്ത നിശ്ചയ ദാര്‍ഢ്യത്തോടെ ഏകീകരണത്തിന്റെ പാതയിലുറച്ച് നിന്ന്, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനായി ഇനിയും നമുക്ക് പ്രയത്‌നിക്കേണ്ടതുണ്ട്. കേരളീയ മുസ്‌ലിംകള്‍ നേടിയെടുത്ത മത-സാമുദായിക- വൈഡജ്ഞാനിക ശാക്തീകരണ മുന്നേറ്റങ്ങള്‍ ഇതര സംസ്ഥാനങ്ങളിലും പിറവിയെടുക്കേണ്ടതുണ്ട്. അതിന് അവിടങ്ങളിലെ മത-രാഷ്ട്രീയ രംഗത്തെ മുസ്‌ലിം നേതാക്കളെ കൂടി ഉള്‍പ്പെടുത്തി പുതിയൊരു സാമൂഹിക നിര്‍മ്മിതിക്കായി നാം കൈക്കോര്‍ക്കണം. കേരളത്തില്‍ സാധിച്ചെടുത്ത മഹല്ല് സംവിധാനങ്ങള്‍ അവിടങ്ങളിലും പിറവിയെടുക്കണം. അതുവഴി ഹതഭാഗ്യരായി കഴിയേണ്ടി വന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കു മുന്നില്‍ പുതിയൊരു വിമോചന വാതായനം തുറക്കപ്പെടണം. ഇന്നു മുതല്‍ (ഫെബ്രു 21) മൂന്ന്് ദിവസങ്ങളിലായി നടക്കുന്ന ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതും ഇത്തരം ഗൗരവമേറിയ വിഷയങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter