ആള്‍ദൈവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
വിവാദ ആള്‍ദൈവം ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ മാനഭംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ തലപൊക്കിയ കലാപങ്ങളെതുടര്‍ന്ന് രാജ്യത്തെ ആള്‍ദൈവങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഭരണകൂട സംവിധാനങ്ങളെപ്പോലും വെല്ലുംവിധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആള്‍ദൈവങ്ങള്‍ വാഴുന്നത്. നിലവിലെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷംതന്നെയാണ് അവര്‍ക്ക് വളര്‍ന്നു പന്തലിക്കാനുള്ള വളവും വെള്ളവും നല്‍കുന്നത് എന്നതാണ് ഏറെ ഖേദകരം.
തന്റെ ആശ്രമത്തില്‍വെച്ച് അനവധി സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് റാം റഹീമിനെ ജയിലിലടച്ചിരിക്കുന്നത്. ഒരാളുടെ കൊലപാതകവുമായും അയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളായിരുന്നിട്ടും ജനങ്ങള്‍ അയാള്‍ക്കുവേണ്ടി കൊലവിളിയുമായി തെരുവിലിറങ്ങുന്നത് നിയമസംവിധാനങ്ങള്‍ക്കു പുറത്ത് അയാള്‍ ഉണ്ടാക്കിവെച്ച സ്വാധീനമാണ് വ്യക്തമാക്കുന്നത്.
രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെപ്പോലും കവച്ചുവെക്കുംവിധം ഇത് പലയിടങ്ങളിലും വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് വോട്ടു ബാങ്കായതിനാല്‍ പലപ്പോഴും ഇവരുടെ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരും രംഗത്തിറങ്ങാറില്ല. ഈ മനൗനത്തിന്റെ ചുളിവിലാണ് ആള്‍ദൈവങ്ങള്‍ നിയമത്തിന്റെ പരിധികള്‍പോലും ഉല്ലംഘിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇത്തരം ആള്‍ദൈവങ്ങള്‍ വാഴുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അതില്‍ പലരും. ശ്രീലങ്കയില്‍നിന്നെത്തി തമിഴ്‌നാട്ടില്‍ ആശ്രമം പണിത ബലാല്‍സംഗത്തില്‍ പ്രതിയായ സ്വാമി പ്രേമാനന്ദ, 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അദ്വൈത വേദാന്തി ആസാറാം ബാപ്പു, ആഭിചാര പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട സ്വാമി സദാചാരി, 2014 ഹരിയാനയില്‍ പിടിയിലായ കൊലപാതകി സന്ത് രാംപാല്‍ തുടങ്ങിയവര്‍ അതില്‍ ചിലരാണ്. നിത്യാനന്ദ പരമഹംസ, ഇഛാധാരി ഭീമാനന്ദ്, സന്തോഷ് മാധവന്‍ തുടങ്ങി ഈ നിര നീണ്ടു പോകുന്നു.
ജനങ്ങളുടെ ആത്മീയ ദാഹത്തെ ചൂഷണം ചെയ്താണ് ഇത്തരം ആള്‍ദൈവള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നത്. തങ്ങള്‍ കെണിയില്‍ വീണുപോയ വിവരം പോലും ഭക്തരായ ജനങ്ങള്‍ അറിയുന്നില്ല. ഈ നിഴലില്‍ 'ഉന്നത'ങ്ങളിലേക്ക് കയറിപ്പോവുകയാണ് ആള്‍ദൈവങ്ങള്‍ ചെയ്യുന്നു.
ചൂഷണകേന്ദ്രങ്ങളായ ഇത്തരം ആള്‍ദൈവാശ്രമങ്ങളെ തിരിച്ചറിയുകയും ജനങ്ങളെ അതില്‍നിന്നും പിന്തിരിപ്പിക്കുകയും ചെയ്യാന്‍ പലപ്പോഴും ഭരണകൂടങ്ങള്‍ പരാചയപ്പെടുന്നുവെന്നതാണ് സത്യം. രാം റഹീമിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. 36 പേരുടെ മരണത്തില്‍ കലാശിച്ച ഈ സംഭവം രാജ്യത്തിന് വലിയൊരു പാഠംതന്നെ നല്‍കുന്നുണ്ട്.
Leave A Comment