സ്വുഹൈബ് (റ)
റോമില്‍നിന്നും ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണ് സ്വുഹൈബ് (റ). സ്വുഹൈബ് ബിന്‍ സിനാന്‍ അര്‍റൂമി എന്ന് യഥാര്‍ഥ പേര്. പിതാവ് ഇറാഖിലെ ഉബുല്ല പ്രദേശത്ത് കിസ്‌റയുടെ ഗവര്‍ണറായിരുന്നു. അതുകൊണ്ടുതന്നെ, ചെറുപ്പംമുതലേ പിതാവിനോടൊപ്പം ഇറാഖില്‍ താമസിച്ചു. ആ ഐശ്വര്യവും സുഖവും ആസ്വദിച്ചു. അതിനിടെ ഒരിക്കല്‍ റോം ഉബുല്ല ആക്രമിക്കുകയും സ്വുഹൈബ് പലരോടുമൊപ്പം ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. അറബിയായിരുന്ന അദ്ദേഹം പിന്നീട് കാലങ്ങളോളം ഒരടിമയായി റോമില്‍ കഴിച്ചുകൂട്ടി. ശേഷം, അദ്ദേഹത്തിന്റെ യജമാനനന്‍ അദ്ദേഹത്തെ വില്‍ക്കുകയും മക്കക്കാരനായ അബ്ദുല്ലാഹിബ്‌നു ജദ്ആന്‍ അദ്ദേഹത്തെ വിലക്ക് വാങ്ങുകയുമുണ്ടായി. പുതിയ യജമാനനില്‍നിന്നും സ്വുഹൈബ് കച്ചവട തന്ത്രങ്ങള്‍ പഠിച്ചു. തന്റെ അടിമയിലെ ശുഷ്‌കാന്തിയും സാമര്‍ത്ഥ്യവും കണ്ട അബ്ദുല്ല ഒടുവില്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
മക്കയില്‍ ഇസ്‌ലാമിന്റെ സത്യസന്ദേശം പ്രചരിച്ചുതുടങ്ങിയ കാലം വിവരം അദ്ദേഹത്തിന്റെ ചെവിയിലുമെത്തി. ബിംബാരധനയില്‍ മനം മടുത്ത അദ്ദേഹം ദാറുല്‍ അര്‍ഖമിലേക്കു കടന്നുചെല്ലുകയും പ്രവാചകര്‍ക്കു മുമ്പില്‍ ഇസ്‌ലാം വിശ്വസിക്കുകയും ചെയ്തു. ഇത് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് സഹിച്ചില്ല. മുഹമ്മദിനെ അംഗീകരിച്ചതിനാല്‍ അവര്‍ അദ്ദേഹത്തെ ശക്തമായി മര്‍ദ്ധിക്കുകയും പലനിലക്കും പീഢിപ്പിക്കുകയും ചെയ്തു. മദീനയിലേക്ക് പലായനം ചെയ്യാന്‍ അനുമതി ലഭിച്ചപ്പോള്‍ സ്വഹാബികളോടൊപ്പം അദ്ദേഹവും സന്തോഷിച്ചു. പക്ഷെ, സുഖകരമായി മക്ക വിട്ടുപോകാന്‍ ഖുറൈശികള്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അദ്ദേഹത്തെ അവര്‍ വഴിയില്‍ തടയുകയും സമ്പാദ്യം മൊത്തം പിടിച്ചെടുക്കുകയും ചെയ്തു. ദരിദ്രനായി വന്ന സ്വുഹൈബ് സമ്പാദിച്ചതെല്ലാം മക്കയില്‍ നിന്നാണെന്നായിരുന്നു അവരുടെ ആരോപണം. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഹിജ്‌റക്കു മുമ്പില്‍ പണ പരിത്യാഗം ഒന്നുമല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം അതെല്ലാം മക്കയില്‍ ഉപേക്ഷിക്കുകയും ഹൃദയത്തില്‍ ഏകദൈവ വിശ്വാസം നിറച്ച് മദീനയിലേക്ക് കടന്നുപോവുകയുമായിരുന്നു. മദീനയില്‍ പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പ്രവാചകരുടെ കാലത്തു നടന്ന പ്രവാചകന്‍ പങ്കെടുത്തതും അല്ലാത്തതുമായ എല്ലാ യുദ്ധങ്ങളിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ധീരനും മാന്യനും ധര്‍മിഷ്ഠനുമായിരുന്നു സ്വുഹൈബ് (റ). തന്റെയടുത്തുണ്ടാകുന്ന പണം മുഴുവന്‍ അദ്ദേഹം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും അതുകൊണ്ട് അവര്‍ക്ക് ഭക്ഷണം വാങ്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു.
അബൂബക്ര്‍ സിദ്ദീഖ് (റ) വിന്റെയും ഉമര്‍ (റ) വിന്റെയും കാലങ്ങളില്‍ സജീവമായി അദ്ദേഹം എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്നു. യുദ്ധങ്ങളിലും സന്ധികളിലുമെല്ലാം പൂര്‍വ്വാവേശത്തോടെത്തന്നെ പങ്കെടുത്തു. ഉമര്‍ (റ) അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ ശരിക്കും മനസ്സിലാക്കുകയും അതിനെ മാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ശത്രുവിന്റെ കുത്തേറ്റ ശേഷം അടുത്ത ഖലീഫയെ തെരഞ്ഞെടുക്കുന്നതു വരെ സ്വുഹൈബ് (റ) വാണ് ജനങ്ങള്‍ക്ക് ഇമാമായി നിസ്‌കരിച്ചിരുന്നത്.
ജനങ്ങള്‍ക്കിടയില്‍ ഫിത്‌നയും കുഴപ്പങ്ങളും ആരംഭിച്ചതോടെ അദ്ദേഹം അവരില്‍നിന്നുമകലുകയും അല്ലാഹുവിന്റെ ആരാധനയിലായി ഏകാഗ്ര ജീവിതമാരംഭിക്കുകയും ചെയ്തു. ഹിജ്‌റ 38 ല്‍ മദീനയില്‍ വഫാത്തായി. അന്ന് 73 വയസ്സായിരുന്നു. ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി. പ്രവാചകരില്‍നിന്നും അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Leave A Comment