സാലിം മൗല അബൂ ഹുദൈഫ(റ): ഖുർആനിലെ ജനങ്ങളുടെ ഇമാം

അബൂ ഹുദൈഫ(റ)വിന്റെ പേർഷ്യൻ അടിമയായിരുന്നു സാലിം. തന്റെ കുടുംബം ഏതെന്നോ അവര്‍ എവിടെയെന്നോ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ, ഏറെ താലോലിച്ചു വളർത്തിയ യജമാന്റെ കൂടെയാണ്‌ എന്നും അവർ അറിയപ്പെട്ടതും അറിയപ്പെടാന്‍ ആഗ്രഹിച്ചതും. അങ്ങനെയാണ് സാലിം മൗലാ അബൂ ഹുദൈഫ(റ) എന്ന വിശിഷ്ട വ്യക്തിത്വം ജനിക്കുന്നത്. 

ഗോത്രമേതന്നറിയാത്ത അടിമയായ സാലിമിനെ ഇസ്‍ലാമിന്റെ മുൻനിരയിലേക്കെത്തിച്ചത്, ഖുർആനുമായുള്ള അദ്ദേഹത്തിന്റെ അഭേദ്യമായ ബന്ധമായിരുന്നു. മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌തമായി ദൈവവചനങ്ങൾ പഠിച്ചെടുക്കാനും ജീവിതത്തിൽ പകർത്താനും സാലിം ശ്രദ്ധിച്ചിരുന്നു. ഏറ്റവും മനോഹരമായി ഖുർആൻ പാരായണം ചെയ്‌തവരിൽ ഒരാളായിരുന്നു അദ്ദേഹം. ആ ശബ്ദത്തിന്റെ മാധുര്യം കാരണം പ്രവാചകര്‍ പോലും അത് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ സ്വഹാബത്തും അതിൽ ലയിച്ചിരിക്കുമായിരുന്നു.

മദീനയിൽ സദസ്സുകൾ സംഘടിപ്പിക്കപ്പെടുമ്പോൾ ഖുർആൻ പാരായണം ചെയ്യാൻ സാലിമിനെ നോക്കി എല്ലാവരും പഠിക്കട്ടെയെന്ന്‌ അഭ്യർത്ഥിക്കുമായിരുന്നുവെന്ന്‌ ചരിത്രം. ഒരിക്കൽ നബി(സ) പറയുകയുണ്ടായി: 'നാലുപേരിൽ നിന്ന്‌ നിങ്ങൾ ഖുർആൻ പഠിക്കുക. അബ്ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ), ഉബയ്യ്‌ ബ്‌നു കഅ്‌ബ്‌(റ), മുആദുബ്നു ജബല്‍ (റ), സാലിം മൗലാ അബൂ ഹുദൈഫ(റ) എന്നിവരാണ്‌ അവർ. പ്രവാചകര്‍ നല്കിയ ഈ അംഗീകാരം സ്വഹാബികള്‍ക്കിടയിലും അദ്ദേഹത്തെ വ്യത്യസ്തനാക്കി. മക്കയിൽ, ദാറുൽ അർഖമിൽ സ്വഹാബാക്കൾ ഒരുമിച്ച്‌ പ്രാർത്ഥിക്കുമ്പോൾ നബി തങ്ങളായിരുന്നു നേതൃത്വം നൽകിയിരുന്നത്‌. എന്നാൽ നബിയില്ലെങ്കിൽ സാലിമായിരുന്നു അതിന്‌ മുൻ കൈ എടുത്തിരുന്നത്‌. 

ജാഹിലിയ്യാ കാലത്ത് തന്നെ, ആളുകളുടെ മുന്നിൽ യാതൊരു അവഗഗണനയുമില്ലാതെ ഒരു സ്വതന്ത്ര അടിമയായി ജീവിക്കാനായത് സാലിം(റ)ന് മാത്രമായിരുന്നു. അതിന്‌ കാരണം യജമാനനായ അബൂ ഹുദൈഫ(റ)വിന്റെ സംരക്ഷണവും സ്‌നേഹവുമായിരുന്നു. കുടുംബമാഹാത്മ്യമോ കുലീനതയോ ഇല്ലെങ്കിലും മക്കയിലെ വൃത്തങ്ങളിൽ അദ്ദേഹം അഭിമാനത്തോടെയാണ് ജീവിച്ചത്. മൗലാ അബീഹുദൈഫ (അബൂഹുദൈഫയുടെ അടിമ) എന്ന അലങ്കാരമായിരുന്നു അതിന് കാരണം. 

യജമാനനായ അബൂ ഹുദൈഫ(റ)ഇസ്‍ലാം സ്വീകരിച്ചപ്പോള്‍ സാലിമും മറുത്തൊന്ന് ആലോചിക്കുക പോലും ചെയ്തില്ല. ശേഷം, യജമാനന്റെ  കൂടെ അബ്സീനിയയിലേക്ക്‌ ഹിജ്‌റ പോവുകയും ചെയ്തു. മദീനയിലേക്ക്‌ ഹിജ്‌റ പോയപ്പോൾ അവിടെയും ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നത്‌ സാലിം മൗല അബൂ ഹുദൈഫയായിരുന്നു. പ്രവാചകര്‍ (സ്വ) മദീനയിലെത്തുന്നതിന് മുമ്പ് തന്നെ, മക്കയിൽ നിന്ന്‌ കുടിയേറിയവർക്കും മദീനയിൽ പുതുതായി ഇസ്‍ലാമിലേക്ക്‌ കടന്നു വന്നവർക്കും ഇമാമായി വർത്തിച്ചതു പ്രകാരം ഇമാമുൽ മുഹാജിറീന വൽ അൻസ്വാർ എന്ന അപരനാമത്തിലും സാലിം അറിയപ്പെട്ടു.

അബൂ ഹുദൈഫ(റ) വിനോടൊപ്പം എല്ലാ യുദ്ധങ്ങളിലും സാലിം(റ)വും പങ്കെടുത്തു. പോരാട്ടങ്ങൾക്കിടയിൽ ഖുർആൻ പാരായണം ചെയ്‌തായിരുന്നു ഓരോ അടിയും അദ്ദേഹം മുന്നോട്ടു വച്ചിരുന്നത്‌. അത്‌ യമാമ യുദ്ധത്തിൽ ഏറെ പ്രകടവുമായിരുന്നു. മുസ്‍ലിം നിരയിൽ നിന്ന്‌ മരിച്ചു വീഴുന്നവരെ കണ്ട്‌ മനോഹരമായി ഖുർആൻ പാരായണം ചെയ്‌ത്‌, സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്ത നല്കി, മറ്റുള്ളവർക്കും ആവേശം പകരാൻ മഹാനവര്‍കൾ പ്രത്യേകം ശ്രദ്ധിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
പതാകയുമായി മുന്നേറുകയായിരുന്ന അദ്ദേഹത്തിന്റെ വലതു കൈ അറ്റുപോയതും ഇടതു കൈ കൊണ്ട്‌ പതാക ഉയർത്തിപ്പിടിച്ചു ഓരോ ശത്രുവിനെയും തുരത്തി, ഖർആനിക വചനങ്ങൾ ഉച്ചത്തില്‍ പാരായണം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ നീക്കം. 'എത്രയെത്ര നബിമാർ കഴി‍ഞ്ഞുപോയി. അവരൊന്നിച്ചു ധാരാളം ദൈവദാസന്മാർ പടപൊരുതി! എന്നിട്ട് ദൈവമാർഗത്തിൽ തങ്ങൾക്കു നേരിട്ട കഷ്ടപാടുകളൊന്നു കൊണ്ടും അവർ ഭീരുക്കളായില്ല; ദുർബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.' എന്ന് അര്‍ത്ഥം വരുന്ന സൂക്തങ്ങള്‍ ഓതിക്കൊണ്ടിരിക്കെ സാലിം(റ)വും രക്തസാക്ഷിയായി വീണു.

മണ്ണിൽ കിടന്നു പിടയുന്ന തന്റെ അടുക്കലുള്ള സ്വഹാബത്തിനോട്‌ 'അബൂ ഹുദൈഫക്ക്‌ എന്തെങ്കിലും സംഭവിച്ചോ? എന്നായിരുന്നു സാലിം അന്വേഷിച്ചത്‌. അവരും രക്തസാക്ഷിയായിരിക്കുന്നു എന്ന മറുപടി കേട്ടതും എങ്കിൽ അവരുടെ അടുക്കലെന്നെ എത്തിക്കുമോ എന്ന് സാലിം(റ) അഭ്യർത്ഥിച്ചു. ജീവിതകാലം ഭൂരിഭാഗവും ഒരുമിച്ച് കഴിച്ച ആ അടിമയും യജമാനനും അവസാനയാത്രയിലും ഒന്നാവാന്‍ കൊതിക്കുകയായിരുന്നു. ഒരേ സ്ഥലത്തു വച്ചു കൊണ്ട്‌ അവർ രക്തസാക്ഷികളായതും അത് കൊണ്ട് തന്നെയാവാം. ഒരിക്കൽ ഉമർ(റ) പറയുകയുണ്ടായി: ചിലരുണ്ട്‌. അവർ ജീവിച്ചിരുന്നെങ്കിൽ ഞാൻ അവരെ നിങ്ങളുടെ അമീറായി നിയമിക്കുമായിരുന്നു. അബൂ ഉബൈദ അൽ ജറാഹ്‌(റ), സാലിം മൗല അബൂ ഹുദൈഫ(റ) എന്നിവരാണ്‌ അവർ. ഖുർആനിലായി ജീവിതം കഴിച്ച, ഖുർആൻ വഹിച്ചിരുന്ന, ഖുർആനുമായി യുദ്ധം ചെയ്‌ത ആ മനുഷ്യനാണ് നിങ്ങളുടെ അമീറാകാൻ യോഗ്യനെന്ന്‌ ഉമർ(റ) മറ്റൊരു വേളയിലും പറഞ്ഞിട്ടുണ്ട്.

ആ യഥാര്‍ത്ഥ മനുഷ്യരോടൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter