മജ്സഅതുബ്നു സൗർ അസ്സദൂസി (റ): ധീര ദൗത്യങ്ങളുടെ പ്രവാചക അനുയായി

ഖാദിസിയ്യാ യുദ്ധം ഇപ്പോഴങ്ങ് കഴിഞ്ഞിട്ടേയുള്ളൂ. അതിന്റെ ചൂടും വിയർപ്പും വറ്റിയിട്ടfല്ല. തങ്ങളുടെ കവിളുകളില്‍ പറ്റിപ്പിടിച്ച പൊടി പടലങ്ങൾ  തുടയ്ക്കുന്നതേയുള്ളൂ മുസ്‌ലിം സൈന്യത്തിലെ ധീര യോദ്ധാക്കൾ. തങ്ങളുടെ കൂട്ടുകാർക്ക് അനുഗ്രഹമായി ലഭിച്ച പുണ്യ രക്ഷസാക്ഷിത്വത്തിനായി ശേഷിക്കുന്നവരും അവസരം കാത്തിരിക്കുകയാണ്. ജിഹാദിന്റെ ജൈത്രയാത്ര വീണ്ടും മുന്നോട്ട് പോകാൻ വേണ്ടി ഖലീഫ ഉമര്‍(റ)വിന്റെ കൽപ്പനക്കായി അവർ അക്ഷമരായി കാത്തിരിക്കുകയാണ്. ഉടനെയതാ അവരുടെ പ്രതീക്ഷകൾ മിഴി തുറക്കുന്നു. അഭിലാഷങ്ങൾ പൂവണിയിച്ച് കൊണ്ട് ഖലീഫയുടെ കത്ത് അവരെ തേടിയെത്തുകയാണ്.

ഖലീഫയുടെ സന്ദേശ വാഹകൻ കൂഫയിലെത്തി. കത്ത്  കൂഫയുടെ ഗവർണറായ അബൂ മൂസൽ അശ്അരിക്കുള്ളതാണ്. അദ്ദേഹം കത്ത് വായിച്ചു. മുസ്‌ലിം സൈന്യവുമായി പ്രയാണം തുടരാനാണ് കൽപന. ബസ്വറയിൽ നിന്ന് വരുന്ന മുസ്‍ലിം സൈന്യവുമായി സംഗമിച്ച് അഹ്‌വാസിലേക്ക് നീങ്ങാനാണ് നിർദ്ദേശം. പേർഷ്യക്കാരനായ ഹുർമുസാനെ വധിച്ച് കിസ്റയുടെ മകുടത്തിലെ മുത്തെന്ന സവിശേഷതയുള്ള തുസ്തർ പട്ടണം വിമോചിപ്പിക്കാനാണ് ഖലീഫ ഈ സന്ദേശത്തിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഹ്‌വാസിന്റെ അധിപനായ ഹുർമുസാൻ ഒരു പേർഷ്യൻ വിമതനായിരുന്നു. ഖാദിസിയ്യയിൽ നിന്നും പേർഷ്യക്കാർക്കേറ്റ പ്രഹരം അയാൾക്ക് സഹിക്കാനായില്ല. മുസ്‍ലിംകളോട് യുദ്ധം ചെയ്ത് തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പേർഷ്യക്കാരെ അയാൾ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. നിജസ്ഥിതിയറിഞ്ഞ മുസ്‍ലിംകൾ ഖലീഫ ഉമറിനെ കാര്യം ബോധ്യപ്പെടുത്തി. അങ്ങനെയാണ്  ഖലീഫ അങ്ങോട്ടൊരു കത്തെഴുതുന്നത്. അബൂ മൂസൽ അശ്അരിയോട് ഈ ദൗത്യത്തിനായി ഒരു ധീരസൈനികനെ കൂടെ ചേർക്കാൻ ഖലീഫ ഉമർ കൽപിച്ചിരുന്നു. ആ ധീര യോദ്ധാവായിരുന്നു ബനൂ ബകറിന്റെ അജയ്യനായ നേതാവായിരുന്ന മജ്സഅത്ത് ഇബ്നു സൗർ അസ്സദൂസി. നബി തങ്ങളുടെ സഹവാസം കൊണ്ടനുഗ്രഹീതനായ അദ്ദേഹം ഏറെ ധീരനും യുദ്ധ നിപുണനുമായിരുന്നു.

ഖലീഫയുടെ കൽപന പ്രകാരം അബൂമൂസൽ അശ്അരി (റ) കാര്യങ്ങൾ നിർവ്വഹിക്കാൻ തുടങ്ങി. അദ്ദേഹം തന്റെ സൈന്യത്തെ സജ്ജമാക്കി.  ശേഷം മജ്സഅത്തിനെ തന്റെ ഇടതു പക്ഷത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തി. അങ്ങനെ ബസ്വറയിലെ സൈന്യവുമായി സംഗമിച്ച് ജിഹാദിന്റെ പ്രയാണം തുടർന്നു. ഒരോ ദേശങ്ങളും വിമോചിപ്പിച്ചു. എല്ലായിടത്തും പരാജയം നേരിട്ട ഹുർമുസാൻ പട്ടണങ്ങളിൽ നിന്നും പട്ടണങ്ങളിലേക്ക് ഒളിച്ചോട്ടം തുടര്‍ന്നു. അവസാനം തന്റെ തട്ടകമായ തുസ്തർ പട്ടണത്തിൽ അയാൾ അഭയം തേടി.

ഏകദേശം ഇന്ന് ഇറാഖിനോടോരം പറ്റി നിൽക്കുന്ന ഇറാനിന്റെ പടിഞ്ഞാറ് ഭാഗത്താണ് തുസ്തർ പട്ടണം സ്ഥിതി ചെയ്യുന്നത്. തുസ്തർ പട്ടണം വശ്യ ചാരുതയിൽ ഒന്നാമതും അതിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ ഏരെ മികച്ചതുമായിരുന്നു. അശ്വരൂപത്തിൽ തലയുയർത്തി നിൽക്കുന്ന തുസ്തർ പട്ടണം ചരിത്രവും നാഗരികതയും സമ്മേളിക്കുന്ന ഒരു മഹാ വിശാല നഗരമായിരുന്നു. ദുജൈൽ നദിയായിരുന്നു പട്ടണത്തിന്റെ ഏകജല സ്രോതസ്സ്. ഉയർന്ന് നിൽക്കുന്ന ഷാദർവാൻ ജലസംഭരണി പട്ടണത്തിന്റെ മാറ്റുകൂട്ടുന്നു. നദിയിൽ നിന്നും തുരങ്കങ്ങളിലൂടെ ഈ ജലസംഭരണിയിലേക്ക് വെള്ളമൊഴുകുന്നു. ഷാദർവാൻ ഒരു പേർഷ്യൻ രാജാവിന്റെ നിർമ്മിതിയാണ്. ഷാദർവാൻ ജലസംഭരണിയും തുരങ്കങ്ങളും പട്ടണത്തിന്റെ വാസ്തു വിസ്മയങ്ങളാണ്. അവ ഏറെ കെട്ടുറപ്പുള്ളവയും ഭദ്രവുമാണ്. പട്ടണത്തിന്റെ സുരക്ഷാ മതിലുകൾ ഏറെ നീളമുള്ളതും ഉയർന്നതുമാണ്. അതിലുപരി ഹുർമുസാൻ കുഴിച്ച് വെച്ച കിടങ്ങുകളും മുസ്‍ലിംകൾക്കു മുമ്പിൽ വലിയ തടസ്സമായി മാറി.

പട്ടണത്തെ വലയം ചെയ്ത ആഴമുള്ള കിടങ്ങുകൾക്കിപ്പുറമായി മുസ്‍ലിം സൈന്യം തമ്പടിച്ചു. പതിനെട്ട് മാസത്തോളം അവർക്ക് കിടങ്ങ് ഭേദിക്കാനായില്ല. എന്നാലും അവർ ഇച്ഛാശക്തിയോടെ ചെറുത്തു നിന്നു. അതിനിടെ പേർഷ്യൻ സൈന്യവുമായി മുസ്‍ലിം സൈന്യം എൺപതോളം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നു. അതിലെല്ലാം ധീരമായ ദ്വന്ദ യുദ്ധങ്ങളുമുണ്ടായിരുന്നു. അവയിലെല്ലാം മജ്സഅ ശത്രുക്കളെയും കൂട്ടുകാരെയും ഒരുപോലെ വിസ്മയിപ്പിച്ചു.

നൂറോളം ദ്വന്ദയുദ്ധങ്ങളിൽ വിജയശ്രീലാളിതനായ മജ്സഅ മുസ്‍ലിം സൈന്യത്തിന്റെ ഇടിമുഴക്കവും പേർഷ്യൻ സൈന്യത്തിന്റെ പേടിസ്വപ്നവുമായി മാറി. അപ്പോഴായിരുന്നു ഖലീഫ ഈ ധീര പോരാളിയെ സൈന്യത്തിൽ ഉൾപ്പെടുത്തണമെന്ന് തന്റെ കത്തിൽ എഴുതിയതിന്റെ കാരണം പലർക്കും ബോധ്യപ്പെട്ടത്. എൺപതാമത്തെ സംഘട്ടനത്തിൽ പേർഷ്യൻ സൈന്യം കിടങ്ങിൽ നിന്നും രക്ഷയും കൊണ്ടോടി വാതില്‍ അടച്ച് കോട്ടയിൽ കഴിഞ്ഞുകൂടാൻ തുടങ്ങി. അത്രയ്ക്കും ശക്തമായിരുന്നു അവസാനത്തെ സംഘട്ടനം.

ഇങ്ങനെയിരിക്കെയാണ് മുസ്‍ലിം സൈന്യം മറ്റൊരു പരീക്ഷണത്തിന് വിധേയരായത്. ശത്രുക്കൾ താഴെയുള്ള മുസ്‍ലിംകൾക്ക് നേരെ അസ്ത്രവർഷം നടത്താൻ തുടങ്ങി. മാത്രമല്ല കോട്ടമതിലുകളുടെ പുറത്തേക്ക് കൂർത്ത അഗ്രങ്ങളുള്ള ചങ്ങലക്കെട്ടുകൾ അവർ നീട്ടിയെറിഞ്ഞു. അവയുടെ അഗ്രങ്ങൾ മൂർച്ചയേറിയതും ചുട്ടുപഴുത്തതുമായിരുന്നു. വല്ല മുസ്‍ലിം സൈനികനും അവയിൽ പിടിച്ചു തൂങ്ങിയാൽ അവരവനെ കുത്തി മുറിവേൽപ്പിച്ച് മേലോട്ട് വലിച്ചെടുക്കും. അതിൻറെ ചൂട് കാരണം അവൻറെ മാംസഭാഗങ്ങള്‍ കഷ്ണം കഷ്ണമായി താഴോട്ട് വീഴാൻ തുടങ്ങും. അതോടെ അവന്റെ അന്ത്യം ഉറപ്പായിരുന്നു. അത്യന്തം ദുസ്സഹമായ ഈ സാഹചര്യത്തിൽ മുസ്‍ലിംകൾ നാഥനോട് പ്രാർത്ഥിക്കാൻ തുടങ്ങി. അവർ അവന്റെ മുന്നിൽ താഴ്ന്നു കേണു. ശത്രു സൈന്യത്തെ പരാജയപ്പെടുത്താൻ അവർ കാരുണ്യ നാഥന്റെ മുമ്പിൽ കൈമലർത്തി.

മഹാനായ അബൂ മൂസൽ അശ്അരി തുസ്തർ കോട്ട മതിലുകൾക്കു മുമ്പിൽ നിരാശയോടെ നിൽക്കെയാണ് അദ്ദേഹത്തിന്റെ മുമ്പിലേക്ക് ഒരസ്ത്രം പറന്നെത്തിയത്. കോട്ടയ്ക്കകത്ത് നിന്നും ആരോ ലക്ഷ്യപൂർവ്വം എയ്തു വിട്ടതാണ്. അതിന്റെ അറ്റത്ത് ഒരു സന്ദേശവും കെട്ടിവെച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: മുസ്‍ലിംകളേ, എനിക്ക് നിങ്ങളിൽ പൂർണ്ണ വിശ്വാസമാണ്. എനിക്കും എന്റെ കുടുംബത്തിനും എന്റെ സഹജീവികൾക്കും എന്റെ സമ്പത്തിനും നിങ്ങൾ അഭയം നൽകുമെന്ന് ഉറപ്പ് നൽകിയാൽ ഞാൻ നിങ്ങൾക്കുള്ള വഴികാട്ടിയാവാം. പട്ടണത്തിലേക്ക് പ്രവേശിക്കാനുള്ള രഹസ്യ പാത ഞാൻ നിങ്ങൾക്കു കാണിച്ചു തരാം.

ഉടനെ അബൂ മൂസൽ അശ്അരി മുറുപടി നൽകി: നിങ്ങൾക്ക് ഞങ്ങൾ സുരക്ഷ ഉറപ്പ് നൽകാം. സന്ദേശവുമായി മഹാൻ അസ്ത്രമെയ്തു. ഉടനെ കോട്ടയിലുള്ള പേർഷ്യക്കാരൻ സന്ദേശം സ്വീകരിച്ചു. തന്റെ സുരക്ഷയുറപ്പാണെന്ന് അയാൾ മനസ്സിലാക്കി. അങ്ങനെ രാത്രിയായപ്പോൾ അയാൾ മുസ്‌ലിം സൈന്യത്തിന്റെ പാളയത്തിലേക്ക് പമ്മിയെത്തി. അദ്ദേഹം തന്റെ പ്രവൃത്തിയുടെ നിജസ്ഥിതി വിവരിക്കാൻ തുടങ്ങി: ഞങ്ങൾ നാട്ടിലെ പൗര പ്രമുഖരാണ്. ഹുർമുസാൻ എന്റെ സഹോദരനെ വധിച്ചു കളഞ്ഞു. അവന്റെ സ്വത്തിലും കുടുംബത്തിലും അയാൾ കൈ കടത്തി. അയാളുടെ അടുത്ത ലക്ഷ്യം ഞാനാണ്. അതിനാൽ തന്നെ എനിക്കവിടെ നിർഭയത്വമില്ല. അയാളുടെ അക്രമത്തേക്കാൾ ഞാൻ നിങ്ങളുടെ നീതിയാഗ്രഹിക്കുന്നു. അയാളുടെ കളവിനേക്കാൾ നിങ്ങളുടെ സത്യസന്ധതയിഷ്ടപ്പെടുന്നു. അതിനാലാണ് ഞാൻ നിങ്ങളെ സഹായിക്കാൻ തയ്യാറായത്. ഈ അക്രമം ഒന്നവസാനിക്കട്ടെ. നീന്തലറിയുന്ന കൗശലക്കാരനും ധീരനുമായ ഒരാളെ എന്റെ കൂടെ അയക്കൂ. അയാൾക്ക് ഞാൻ രഹസ്യ പാത കാണിച്ചു കൊടുക്കാം.

ഇത് കേട്ടയുടനെ അബൂ മൂസൽ അശ്അരി (റ) മജസ്അത്തിനെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തി. ഉടനെ മജ്സഅത്ത് പറഞ്ഞു: പ്രിയപ്പെട്ട ഗവർണ്ണർ, ആ ധീര ഉദ്യമത്തിന് ഞാൻ തയ്യാറാണ്. എന്നെയങ്ങ് തെരഞ്ഞെടുക്കൂ. ഉടനെ അബൂ മൂസൽ അശ്അരി പറഞ്ഞു: നിങ്ങളതിന് ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ. തുടർന്ന് അബൂ മൂസൽ അശ്അരി മജ്സഅത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി: രഹസ്യ പാത ഹൃദ്യസ്ഥമാക്കുക, കവാടത്തിന്റെ സ്ഥാനം മനസ്സിലാക്കുക, ഹുർമുസാനെ സ്പോട്ട് ചെയ്യുക, അവനാണെന്ന് ഉറപ്പ് വരുത്തുക, മറ്റു കോലാഹലങ്ങൾ ഉണ്ടാക്കാതിരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍.

രാത്രി ഇരുൾ മുറ്റിയപ്പോൾ മജ്സഅത്ത്(റ) തന്റെ പേർഷ്യൻ വഴികാട്ടിയുമായി ദൗത്യത്തിനായി പുറപ്പെട്ടു. പേർഷ്യക്കാരൻ രഹസ്യ പാത കാണിച്ചു കൊടുത്തു. അതൊരു തുരങ്കമായിരുന്നു. പട്ടണത്തേയും നദിയേയും ബന്ധിപ്പിക്കുന്ന ഭൂഗർഭ പാത. ചില ഭാഗങ്ങള്‍ വിശാലമാണെങ്കില്‍ മറ്റു ചില ഭാഗങ്ങള്‍ ഏറെ ഇടുങ്ങിയതായിരുന്നു. വിശാലമായേടത്ത് നടക്കുകയും വീതി കുറയുമ്പോള്‍ നീന്തിയും വേണം അത് കടക്കാന്‍. അങ്ങനെ നീന്തിയും നടന്നും അതീവ ധൈര്യശാലിയായ മജ്സഅത്ത് (റ) പട്ടണത്തിലേക്കുള്ള തുരങ്ക വാതിലിലൂടെ അപ്പുറം കടന്നു. അവിടെയെത്തിയ ഉടനെ വഴി കാട്ടിയായ പേർഷ്യക്കാരൻ മജ്‌സഅത്തിന് ഹുർമുസാനെ കാണിച്ചു കൊടുത്തു. അയാളെയും താമസിക്കുന്ന സ്ഥലവും കൃത്യമായി മനസ്സിലാക്കി എന്നല്ലാതെ, മജ് സഅത് മറ്റൊന്നും ചെയ്തില്ല. അദ്ദേഹത്തിന് തന്റെ നേതാവായ അബൂ മൂസൽ അശ്അരിയുടെ നിർദ്ദേശം ഓർമ്മയിലുണ്ടായിരുന്നു. അതിനാൽ തന്നെ എല്ലാം പഠിച്ച് നീരീക്ഷിച്ച് പ്രഭാപുലരിക്കു മുമ്പേ അദ്ദേഹം മുസ്‍ലിം സൈനിക പാളയത്തിൽ തിരികെയെത്തി.

പിറ്റേന്ന് അബൂ മൂസൽ അശ്അരി ഏറെ മനോബലമുള്ളവരും ഏത് പ്രതിസന്ധികളെയും സഹിക്കാനും അതിജീവിക്കാനും സ്ഥൈര്യമുള്ളവരുമായ മുന്നൂറംഗ സൈന്യത്തെ സജ്ജമാക്കി. അവരുടെ നേതാവായി മജ്സഅത്തിനെ അവരോധിച്ച ശേഷം അവരെ യാത്രയാക്കി. പട്ടണം തങ്ങളുടെ വരുതിയിലായാല്‍ വിവരമറിയിക്കാനായി അകത്ത് നിന്നും തക്ബീർ മുഴക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.

നീന്തൽ എളുപ്പമാവാൻ ഭാരമുള്ള വസ്ത്രമൊഴിവാക്കാൻ മജ്സഅത്ത് തന്റെ സൈനികരോട് പറഞ്ഞു. ആയുധമായി വാള്‍ മാത്രമെടുക്കാനും അത് വസ്ത്രത്തിന് താഴെ കെട്ടിവെക്കാനും അദ്ദേഹം കൽപിച്ചു. അങ്ങനെ രാത്രിക്കു മധ്യേ മജ്സഅത്തും സംഘവും പുറപ്പെട്ടു. മജ്സഅത്തും സംഘവും തുരങ്ക പാതയുമായി മല്ലിട്ടു. ഏറെ അപകടം നിറഞ്ഞ തുരങ്ക പാത ഭേദിച്ചു കടക്കൽ ഏറെ ദുസ്സഹമായിരുന്നു. നീണ്ട ത്യാഗപര്‍വ്വങ്ങൾക്ക് ശേഷം തുരങ്ക കവാടത്തിലെത്തിയപ്പോഴാണ് മജ്സഅത്ത്(റ) ഒരു വസ്തുതയറിഞ്ഞത്. തന്റെ സംഘത്തിലെ 120 പേരും മുങ്ങി മരിച്ചിരിക്കുന്നു. ഇനി കൂടെയുള്ളത് വെറും 180 പേർ മാത്രം. പക്ഷേ, അതൊന്നും ആ ധീരയോദ്ധാവിനെ തളര്‍ത്തിയതേയില്ല. അവര്‍ സധൈര്യം മുന്നോട്ട് നീങ്ങി. 

പട്ടണത്തിലെത്തിയ മജ്സഅത്തും സംഘവും ഉടനെ കോട്ടമതിൽ കാവൽക്കാരെ നിഷ്പ്രയാസം വകവരുത്തി. ശേഷം കോട്ടവാതിലിലേക്ക് കുതിച്ചു. തക്ബീർ ധ്വനികളുമായി അവർ ആ വലിയ കവാടം തുറന്നു കൊടുത്തു. കോട്ടയിലുള്ള ഹുർമുസാനും കൂട്ടരും ഉറക്കമുണരുന്നത് ഓളം വെട്ടുന്ന തക്ബീർ ധ്വനികൾ കേട്ട് കൊണ്ടായിരുന്നു. കവാടം തുറക്കപ്പെട്ടതോടെ മുസ്‌ലിം സൈന്യം അനായാസം അകത്തേക്ക് ഇരച്ചുകയറി. ശേഷം ഒരു ഘോരമായ യുദ്ധത്തിന് തുസ്തർ പട്ടണം സാക്ഷിയായി.

അതിനിടയിലാണ് മജ്‌സഅത്ത് ഹുർമുസാനെ യുദ്ധ മൈതാനിയിൽ വെച്ച് കാണുന്നത്. അദ്ദേഹം അയാൾക്ക് മീതെ വാളെടുത്തു ചാടി. പക്ഷെ ആ ശ്രമം വിഫലമായി. ശത്രുക്കൾ അദ്ദേഹത്തെ തേനീച്ചകളെ പോലെ വളഞ്ഞു. ഉടനെ ഹുർമുസാൻ ദൃഷ്ടിയിൽ നിന്നും നഷ്ടപ്പെട്ടു. അങ്ങനെ ശത്രു നിരയെ അരിഞ്ഞു വീഴ്ത്തി മുന്നേറുമ്പോഴാണ് മജ്സഅത്ത്(റ) വീണ്ടും ഹുർമുസാനുമായി കണ്ണുടക്കിയത്. ഉടനെ ഇരുവരുടേയും വാളുകൾ പരസ്പരം സംസാരിക്കാൻ തുടങ്ങി. യാദ്യച്ഛികമായി മജ്സഅത്തിന്റെ ലക്ഷ്യം പിഴച്ചു. എന്നാൽ ഹുർമുസാന്റെ വാൾ വീശൽ ലക്ഷ്യത്തിൽ തന്നെയെത്തി. ആ ധീര കേസരി രക്തസാക്ഷ്യം വഹിച്ച് അവിടെനിലം പതിച്ചു. അദ്ദേഹം സുസ്മേര വദനനും തന്റ ദൗത്യത്തിന്റെ വിജയത്തിൽ ഏറെ സംതൃപ്തനുമായിരുന്നു. മുസ്‍ലിം സൈന്യത്തിന്റെ വിജയഗാഥ കൺക്കുളിർക്കെ കണ്ട് അദ്ദേഹം കണ്ണുകളടച്ചു. പുതിയ ഇസ്‍ലാമിക ഭൂമികയായ തുസ്തറിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

ദിവസങ്ങൾക്ക് ശേഷം മുസ്‍ലിം സൈന്യം മദീനയിലെത്തിയപ്പോൾ അവർ ഖലീഫ ഉമറിനെ സമീപിച്ചത് ചങ്ങലയിൽ ബന്ധിച്ച ഹുർമുസാനെയും കൊണ്ടായിരുന്നു. പക്ഷെ ഉമർ(റ) ന്റെ ധീര പടയാളിയായ മജ്സഅത്ത് അവർക്കിടയിലുണ്ടായിരുന്നില്ല. ബന്ധിയായ ഹുര്‍മുസാനെ കണ്ട ഖലീഫക്കും മുസ്‍ലിംകള്‍ക്കും ഏറെ സന്തോഷം തോന്നിയെങ്കിലും മജ്സഅയുടെ വിയോഗമോര്‍ത്ത് അവരെല്ലാം സങ്കടത്തിലാവുകയും ചെയ്തു. ആ ദിവസം അവര്‍കഴിച്ച് കൂട്ടിയത് മജ്സഅയുടെ ധീരതയും സ്ഥൈര്യവും യുദ്ധമുഖത്തെ സംഭാനകളും ഓര്‍ത്തുകൊണ്ടായിരുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് അത് തന്നെയായിരുന്നു.  അത് കേട്ട്, സ്വര്‍ഗ്ഗലോകത്ത് ആ ആത്മാവ് സന്തോഷത്തോടെ ചിറകടിച്ച് പറന്നിട്ടുണ്ടാവും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter