തുഫൈലു ബ്നു ആമിര്‍ അദ്ദൌസീ (റ)
ദൗസ് ഗോത്ര തലവനായ തുഫൈലുബ്നു ആമിര്‍ മക്കയിലേക് പുറപ്പെട്ടു.. പുതിയ പ്രവാചകന്റെ ആഗമനത്തോടെ മക്ക നഗരം പ്രക്ഷുബ്ധമാണെന്ന് അദ്ദേഹം നേരത്തെ കേട്ടിരുന്നു, ഒരു ഭാഗത്ത് മുഹമ്മദും അനുയായികളും പുതിയ മതത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നുണ്ടത്രെ… മറുഭാഗത്ത് അവര്‍ക്കെതിരെ ഖുറൈശികളുടെ കൂട്ടായ്മ…
പക്ഷേ, അതൊന്നും തുഫൈല്‍ ഗൌനിച്ചതേയില്ല.. അദ്ദേഹം യാത്ര തുടര്‍ന്നു. പുതിയ പ്രവാചകനെ കാണാനോ പ്രസ്തുത വിഷയം ഖുറൈശികളുമായി സംവദിക്കാനോ അദ്ദേഹം ഉദ്ദേശ്യമേ ഇല്ലായിരുന്നു.. കഅ്ബയിലെത്തി ത്വവാഫ് ചെയ്യുക, ബിംബങ്ങളെയെല്ലാം നമിച്ചു പുണ്യം നേടി തിരിച്ചുപോരുക, അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം..
തുഫൈല്‍ മക്കയിലെത്തി.. ഗോത്രത്തലവനായ തുഫൈലിനെ കണ്ടപാടേ ഖുറൈശി പ്രമുഖരും നേതാക്കളും അദ്ദേഹത്തിന് ചുറ്റും കൂടി, കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷം അവര്‍ പറഞ്ഞു, മക്കയിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ താങ്കള്‍ക്കറിയാമല്ലോ. പ്രവാചകത്വം വാദിക്കുന്ന മുഹമ്മദിനെ കണ്ടുമുട്ടുകയോ അവനോട് സംസാരിക്കുകയോ ചെയ്യരുത്, അവന്റെ വാക്കുകള്‍ക്ക് മാരണശക്തിയുണ്ട്. അത് കേട്ടാല്‍ താങ്കള്‍ പോലും അതില്‍ പെട്ട് പോവും.
എല്ലാം കേട്ട് അദ്ദേഹം ആതമഗതം ചെയ്തു, ഖുറൈശികള്‍ പറയുന്നത് തന്നെയായിരിക്കും ശരി. ഇല്ല, ഞാന്‍ മുഹമ്മദിനെ കാണാനേ നില്‍ക്കുന്നില്ല. അവന്റെ സംസാരവും കേള്‍ക്കാന്‍ ഇടവരരുത്.
തന്റെ ഇരുകര്‍ണപുടങ്ങളിലും പഞ്ഞി തിരുകി വെച്ചാണ് തുഫൈല്‍ കഅ്ബ പ്രദക്ഷിണം ചെയ്യാന്‍ പോയത്. ശേഷമുള്ള കഥ അദ്ദേഹം തന്നെ പറയട്ടെ..
ഞാന്‍ ത്വവാഫ് ചെയ്യുകയായിരുന്നു. അപ്പോഴതാ കഅ്ബക്ക് സമീപമായി ഒരാള്‍ നിസ്കരിക്കുന്നു. ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത പ്രത്യേക രൂപത്തിലാണ് ആ നിസ്കാരം, അതെന്നെ വല്ലാതെ ആകര്ഷിച്ചു. അന്വേഷിച്ചപ്പോള്‍ അത് മുഹമ്മദാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ മനസ്സാക്ഷി സ്വയം കുറ്റപ്പെടുത്തി, നന്മ തിന്മകള്‍ വേര്തിരിച്ചറിയാന്‍ കഴിവുള്ളവനാണ് ഞാന്‍, അതിലുപരി അറബിസാഹിത്യത്തിന്റെ വിവിധ വശങ്ങളറിയുന്ന ഒരു കവിയും. പിന്നെന്തിന് ഞാന്‍ മുഹമ്മദിനെ ഭയപ്പെടണം, അയാള്‍ പറയുന്നത് നന്മയാണെങ്കില്‍ സ്വീകരിക്കാം, മറിച്ചാണെങ്കില്‍ തള്ളിക്കളയാം, അത്ര തന്നെ….
അപ്പോഴേക്കും മുഹമ്മദ് നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു, ചെവിയിലെ പഞ്ഞി വലിച്ചെറിഞ്ഞ് ഞാനും പിന്നാലെ ചെന്നു. അടുത്തെത്തിയപ്പോള്‍ ഇങ്ങനെ ചോദിച്ചു, മുഹമ്മദ്, താങ്കളെ കുറിച്ച് വളരെ മോശമയതാണല്ലോ ഇവര്‍ പറയുന്നത്, താങ്കള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും നമ്മുടെ ദൈവങ്ങള്‍ക്കെതിരെയാണെന്ന് ഞാന്‍ അറിഞ്ഞു.. താങ്കളില്‍നിന്നും അകലം പാലിക്കാനാണ് ഇവിടത്തുകാര്‍ എന്നോട് ഉപദേശിച്ചിരിക്കുന്നത്. പക്ഷെ, സാഹിത്യതല്‍പരനായ എനിക്ക് നിങ്ങളുടെ സംസാരമൊന്ന് കേള്‍ക്കണമെന്നുണ്ട്. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് ഞാനൊന്ന് കേള്ക്കട്ടെ…
പ്രവാചകര്‍ (സ)യുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവിടുന്ന് തുഫൈലിന് സൂറത്തുല്‍ ഇഖലാസും സൂറത്തുല്‍ ഫലഖും ഓതിക്കേള്‍പ്പിച്ചു.
സര്‍വ്വശക്തനായ അല്ലാഹുവിന്റെ ഏകത്വത്തെ സമര്‍ത്ഥിക്കുന്ന ആ സൂക്തങ്ങള്‍ തുഫൈലിന്റെ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു. ഓരോ സൂക്തവും കേള്‍ക്കുന്തോറും ഇത് മനുഷ്യനിര്‍മ്മിതമല്ലല്ലോ എന്ന് അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. പ്രവാചകര്‍ നിര്‍ത്തേണ്ട താമസം, അദ്ദേഹം ഇരു കൈകളും നീട്ടി പ്രവാചകരെ ആലിംഗനം ചെയ്തു, അല്ലാഹുവല്ലാതെ ആരാധ്യനല്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിച്ച് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു.
വര്ഷങ്ങളോളം തുഫൈല്‍ മക്കയില്‍ തന്നെ താമസം തുടര്‍ന്നു. പ്രവാചകരില്‍നിന്ന് നേരിട്ട് തന്നെ ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്‌ലാമിക അധ്യാപനങ്ങളും ആകുവോളം പഠിച്ചു. ഒരു ദിവസം അദ്ദേഹം പ്രവാചകരോട് പറഞ്ഞു, ഞാന്‍ എന്റെ ഗോത്രക്കാരെ മുഴുവനും ഇസ്‌ലാമിലേക്ക് ക്ഷണിക്കാനാഗ്രഹിക്കുന്നു, പറ്റുമെങ്കില്‍ പ്രവാചകര്‍ എനിക്കൊരു ദൃഷ്ടാന്തം നല്കണം, എന്റെ ആളുകള്‍ അത് കണ്ട് ഇസ്‌ലാമിലേക് കടന്നുവരണം. ഉടന്‍ തന്നെ റസൂല്‍ (സ)കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു, അല്ലാഹുവേ, തുഫൈലിനു നീയൊരു ദൃഷ്ടാന്തം നല്കണേ. അത്ഭുതമെന്നു പറയട്ടെ തുഫൈല്‍ തന്റെ വാഹനത്തെ തെളിക്കുന്ന ചാട്ടയുടെ അഗ്രഭാഗത്ത് മിന്നി തിളങ്ങുന്ന ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു.
സന്തോഷത്തോടെ അദ്ദേഹം അതുമായി തന്റെ ഗോത്രക്കാരിലേക്ക് യാത്ര തിരിച്ചു. തുഫൈല്‍ നാട്ടിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു. വളരെ ദൂരെനിന്ന് ഒരു പ്രകാശം നടന്നുവരുന്നത് കൂരിരുട്ടിലും അവരുടെ ശ്രദ്ധയില്‍പെട്ടു. മണല്‍ കുന്നുകളിറങ്ങി വരുന്നത് തുഫൈല്‍ ആണെന്ന് മനസ്സിലായപ്പോള്‍ അവരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ വൃദ്ധനായ പിതാവും ഓടിവന്നു. പിതാവടക്കം ചുറ്റും കൂടിയവരെ നോക്കി അദ്ദേഹം പറഞ്ഞു, നിങ്ങള്‍ മാറി നില്ക്കണം, ഞാനും നിങ്ങളും ഇനി മുതല്‍ യാതൊരു ബന്ധവുമില്ല.
പിതാവ് വളരെ വിഷമത്തോടെ ചോദിച്ചു, തുഫൈലേ, എന്ത് പറ്റി നിനക്ക്. അദ്ദേഹം പറഞ്ഞു, ഞാന്‍ മക്കയിലെ മുഹമ്മദിന്റെ മതത്തില്‍ വിശ്വസിച്ചിരിക്കുന്നു. തന്റെ മകന്റെ ബുദ്ധിശക്തിയും വിവേചനപാടവവും ന്നന്നായറിയുന്ന പിതാവിന് പിന്നെ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, അദ്ദേഹം പറഞ്ഞു, നീ ഏതു മതത്തിലാണോ നിലകൊള്ളുന്നത് അത് തന്നെയാണ് എന്റെയും മതം. തുഫൈല്‍ പറഞ്ഞു, എങ്കില്‍ നിങ്ങള്‍ കുളിച്ചു വൃത്തിയായി വരിക.
കുളിച്ചു വന്ന പിതാവിന് അദ്ദേഹം ശഹാദത് കലിമ ചൊല്ലിക്കൊടുത്തു. അതേറ്റു പറഞ്ഞുകൊണ്ട് അദ്ദേഹവും മുസ്‌ലിമായി.
ശേഷം തുഫൈല്‍ തന്റെ സഹധര്‍മ്മിണിയോടും അതു തന്നെ ആവര്‍ത്തിച്ചു. തന്റെ ഭര്‍ത്താവിനെ നന്നായറിയാമായിരുന്ന അവള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. ശഹാദത് കലിമ ചൊല്ലി അവരും മുസ്‌ലിമായി. ശേഷം ദൌസ് ഗോത്രത്തിലെ മുഴുവനാളുകള്‍ക്കും അദ്ദേഹം ഇസ്‌ലാമിന്റെ സുന്ദരമായ ആശയം പരിചയപ്പെടുത്തികൊടുത്തു. പക്ഷേ, തുഫൈല്‍ പ്രതീക്ഷിച്ചത് പോലെ അവര്‍ പെട്ടെന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നില്ല. അബൂഹുറൈറ (റ) മാത്രമാണ് അതിവേഗം തന്റെ വിശ്വാസം പ്രഖ്യാപിച്ചത്.
ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തുഫൈല്‍ (റ)മക്കയിലേക്ക് തിരിച്ചു. ഇത്തവണ അദ്ദേഹത്തോടൊപ്പം അബൂഹുറൈറ (റ)വുമുണ്ടായിരുന്നു. പ്രവാചകരും അനുയായികളും വളരെ ആവേശത്തോടെയാണ് അവരെ സ്വീകരിച്ചത്. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം, ദൌസ് ഗോത്രക്കാരുടെ പ്രതികരണം എങ്ങനെയുണ്ടെന്ന് പ്രവാചകര്‍ (സ) ചോദിച്ചു. തുഫൈല്‍ (റ) സങ്കടത്തോടെ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരേ, സത്യനിഷേധവും കാപട്യവും അവരെ കീഴടക്കിയിരിക്കുന്നു. അത് കൊണ്ട് തന്നെ, സത്യത്തിന്റെ സുന്ദരമായ ആശയം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
ഇത് കേട്ടയുടനെ പ്രവാചകര്‍ (സ) എണീറ്റ് വുളൂ ചെയ്ത് ഇരുകൈകളും മേല്‍പോട്ടുയര്‍ത്തി. പ്രവാചകര്‍ (സ) തന്റെ ജനതക്കെതിരെ ദുആ ചെയ്യുകയാണോ എന്ന് തുഫൈല്‍ (റ) ഭയപ്പെട്ടുപോയി. പ്രവാചകര്‍ ഉറക്കെ മൂന്ന് പ്രാവശ്യം ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “അല്ലാഹുവേ, ദൌസ് ഗോത്രത്തിന് നീ സന്മാര്‍ഗ്ഗം കാണിച്ചു കൊടുക്കേണമേ. ശേഷം തുഫൈലിനോട് പറഞ്ഞു, നിങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോകുക, അവര്‍ക്ക് വീണ്ടും ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കുക.
പ്രവാചകരുടെ നിര്‍ദ്ദേശം മാനിച്ച് തുഫൈല്‍ (റ) വീണ്ടും തന്റെ ജന്മനാട്ടിലേക്ക് യാത്രയായി. തിരിച്ചെത്തിയ അദ്ദേഹം തന്റെ ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് തുടര്‍ന്നു. ഇതിനിടയില്‍ മക്കയിലെ സത്യനിഷേധികളുടെ അക്രമം സഹിക്കവെയ്യാതെ പ്രവാചകരും അനുയായികളും മദീനയിലേക് പലായനം ചെയ്തു. ബദ്റ്, ഉഹ്ദ്, ഖന്തഖ് എന്നീ യുദ്ധങ്ങളെല്ലാം അരങ്ങേറി. ഓരോന്ന് കഴിയുമ്പോഴും തുഫൈല്‍ (റ) വിവരങ്ങളറിയുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ പ്രബോധനപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം തുഫൈല്‍ (റ)വും എണ്‍പതോളം വരുന്ന അനുയായികളും പ്രവാചകരെ കാണാന്‍ മദീനയിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍, ഖൈബര്‍ യുദ്ധം കഴിഞ്ഞ് യുദ്ധസ്വത്ത് ഓഹാരിവെക്കുകയായിരുന്നു പ്രാവചകര്‍ (സ). തുഫൈലിനെയും അനുയായികളെയും കണ്ട പ്രവാചകര്‍ (സ) വളരെയേറെ സന്തോഷിച്ചു. ഗനീമത്തിന്റെ ഒരു വിഹിതം അവര്‍ക്കും നല്കി പ്രവാചകര്‍ അവരെ ആദരിച്ചു.
പിന്നീട് അവര്‍ മദീനയില്‍ തന്നെ കഴിച്ചുകൂട്ടി. ഒരു ദിവസം തുഫൈല്‍ (റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതരേ, അങ്ങയോട് എനിക്കൊരു അപേക്ഷയുണ്ട്. ഇനിമുതല്‍ അങ്ങ് നടത്തുന്ന യുദ്ധങ്ങളില്‍ സൈന്യത്തിന്റെ വലതു വശത്തുള്ള സ്ഥാനം ഞങ്ങള്‍ ദൌസ് ഗോത്രത്തിന് നല്കണം. പ്രവാചകര്‍ അത് സമ്മതിച്ചു. അങ്ങനെ മക്കാ വിജയം വരെ അദ്ദേഹവും അനുയായികളും എല്ലാ യുദ്ധങ്ങളിലും പ്രവച്ചകര്‍ക്കൊപ്പം നിലകൊണ്ടു.
അങ്ങനെയിരിക്കെ ഒരു ദിവസം പ്രവാചകരോട് തുഫൈല്‍ (റ) ചോദിച്ചു, പ്രവാചകരേ, എന്റെ ഗോത്രത്തിലെ അംറുബ്നുസ്വമ്മയുടെ ദുല്‍കിഫൈല്‍ എന്ന പ്രതിമ ഞാന്‍ കത്തിച്ചു കളയട്ടെയോ? പ്രവാചകര്‍ സമ്മതം നല്കി. തുഫൈല്‍ (റ) അത് കത്തിക്കാനായി പുറപ്പെട്ടു. വിവരമറിഞ്ഞ് ദൌസ് ഗോത്രത്തിലെ സ്ത്രീകളും കുട്ടികളുമെല്ലാം, തുഫൈലിന് സംഭവിക്കുന്ന വിപത്ത് കാണാന്‍ ഒരുമിച്ചു കൂടി. തുഫൈല്‍ പ്രതിമക്ക് തീ കൊളുത്തി. പ്രതിമ കത്തിച്ചാമ്പലായതല്ലാതെ തുഫൈലിനു യാതൊരു പോറലും ഏറ്റില്ലെന്ന് കണ്ടതോടെ, ദൌസ് ഗോത്രം ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചു.
ശേഷം പ്രവാചക സന്നിധിയിലെത്തിയ തുഫൈല്‍, പ്രവാചകരുടെ വഫാത് വരെ പിന്നീട് അവിടം വിട്ടുപോയില്ല.
ശേഷം അബൂബകര്‍ (റ) ഭരണകാലത്തും തന്റെ ശരീരവും സ്വന്തം മകനെ പോലും അദ്ദേഹം ഇസ്‌ലാമിന് വേണ്ടി സമര്പ്പിച്ചു. പ്രവാചകത്വം വാദിച്ച മുസൈലിമയോട് യുദ്ധം ചെയ്യാന്‍ യമാമയിലേക്ക് പുറപ്പട്ട സൈന്യത്തിന്റെ മുന്‍പന്തിയില്‍ തുഫൈലും മകന്‍ അംറും ഉണ്ടായിരുന്നു. വഴി മദ്ധ്യേ തുഫൈല്‍ (റ) ഒരു സ്വപ്നം കണ്ടു. തന്റെ തല മുണ്ഡനം ചെയ്യപ്പെടുകയും വായയില്‍ കൂടി ഒരു പക്ഷി പുറത്തേക് പറന്നുപോവുകയും ചെയ്യുന്നു, ശേഷം ഒരു സ്ത്രീയുടെ വയറ്റിലേക്ക് താന് പ്രവേശിപ്പിക്കപ്പെടുന്നു. മകന്‍ അംറും തന്നോട് കൂടെ പ്രവേശിക്കാന്‍ ശ്രമിച്ചു, പക്ഷെ അദ്ദേഹത്തിന് സാധിച്ചില്ല, ഇതായിരുന്നു സ്വപനം.
വിചിത്രമായ സ്വപ്നം അദ്ദേഹം തന്നെ വ്യാഖ്യാനിച്ചു. തല മുണ്ഡനം ചെയ്യുക എന്നത് യുദ്ദത്തിലേല്‍ക്കുന്ന വെട്ടിനെയും വായയിലൂടെ പുറത്തേക് പറന്നു പോയ പക്ഷി തന്റെ ആത്മാവ് പുറപ്പെടുന്നതിനെയും സൂചിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയെ ഭൂമിയായിട്ടാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. യുദ്ധത്തില്‍ താന്‍ രക്തസക്ഷിയാകുമെന്നും മകന്‍ അംറിന് ഇപ്രാവശ്യം രക്ഷസാക്ഷിത്വം വിധിച്ചിട്ടില്ലെന്നും അദ്ധേഹം വിശദീകരിച്ചു. പറഞ്ഞതുപോലെ തന്നെ, യമാമ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച് തുഫൈലുബ്നുആമിറുദ്ദൌസീ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു.
അതേസമയം മകന്‍ അംറിന്റെ വലത് കൈ നഷ്ടപ്പെടുകയും മദീനയിലേക്ക് തിരിച്ചു വരികയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഉമര്‍ (റ) ഖലീഫയായിരിക്കെ അനുയായികള്‍ക്കൊപ്പം ഒരു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കാനിരുന്നു. കൂടെ അംറുമുണ്ടായിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. പക്ഷേ അംറ് (റ) മാത്രം കഴിക്കാതെ വിട്ടുനിന്നു. ഇത് കണ്ട ഉമര്‍ (റ)വിന് കാര്യം പിടികിട്ടി, അദ്ദേഹം ചോദിച്ചു, അംറ്, മുറിഞ്ഞുപോയ കൈ കാരണമാണോ നിങ്ങള്‍ മാറി നില്കുന്നത്? അദ്ദേഹം പറഞ്ഞു, അതേ അമീറുല്‍മുഅ്മിനീന്‍, ഈ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു. ഉടനെ ഉമര്‍ (റ) പറഞ്ഞു, അല്ലാഹുവാണ് സത്യം, ആ മുറിക്കപ്പെട്ട കൈയ്യുമായി നിങ്ങള്‍ ഈ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ എനിക്കും ഇത് വേണ്ട. അല്ലാഹുവാണ് സത്യം, ശരീരത്തിന്റെ അല്പഭാഗം സ്വര്‍ഗത്തിലുള്ള ഒരു വ്യക്തി നിങ്ങളല്ലാതെ മറ്റൊരാളും ഇന്ന് നമ്മുടെ ഇടയിലില്ല. അംറ് (റ)വിന്റെ മുറിഞ്ഞുപോയ കൈ ആണ് ഉമര് (റ) ഉദ്ദേശിച്ചത്. അവസാനം യര്‍മൂക് യുദ്ധത്തില്‍ അംറ് (റ)വും രക്തസാക്ഷിത്വം വഹിച്ച് തന്റെ പിതാവിന്റെ വഴിയേ യാത്രയായി.
Leave A Comment