ഉമ്മുദ്ദർദാഅ് ലോകം കണ്ട ഉജ്ജ്വല പണ്ഡിത പ്രതിഭ

പ്രമുഖ പണ്ഡിതന്മാരിൽ ലിംഗ വ്യത്യാസമില്ലാതെ പ്രശസ്തയാവുകയും വൈജ്ഞാനിക പ്രസരണത്തിൽ നിറസാന്നിധ്യമായി മാറുകയും ചെയ്ത പണ്ഡിതകളിൽ പ്രഗൽഭയാണ് ഉമ്മുദ്ദർദാഅ്(റ). 
യതീമായിരുന്നതിനാൽ അബുദ്ദർദാഇന്റെ തണലിലായിരുന്നു അവര്‍ വളർന്നു വലുതായത്. ചെറുപ്പത്തില്‍ അബുദ്ദര്‍ദാഇനോടൊപ്പം പുരുഷന്മാരുടെ ഇടയിൽ നിന്ന് നിസ്കരിക്കുകയും ഖുർആൻ പഠിതാക്കളുടെ കൂടെ ഇരിക്കുകയും ചെയ്തിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. വല്ലതും ചോദിച്ചു വാങ്ങുന്നതിനെ അബുദ്ദർദാഅ് കർശനമായി തടഞ്ഞിരുന്നു. അത്യാവശ്യമായി വരികയാണെങ്കിൽ വിളവെടുപ്പ് നടത്തുന്നവരിൽ നിന്ന് നിലത്തു വീഴുന്നത് ഭക്ഷിക്കാനായിരുന്നു മഹോന്നതരുടെ കൽപ്പന. റബ്ബിന്റെ കരങ്ങളിൽ മാത്രം പ്രതീക്ഷ വെക്കണമെന്നും നിരാലംബർ ആവരുതെന്നും അദ്ദേഹം ശാഠ്യം പിടിച്ചു.
വളരെ സന്തോഷത്തിലും ഇണക്കത്തിലും ജീവിച്ച് അബുദ്ദർദാഅ് മരണശയ്യയിൽ കിടക്കുമ്പോൾ ഉമ്മുദ്ദർദാഅ് പറഞ്ഞു: 'എന്റെ വീട്ടുകാർ ദുൻയാവിൽ വെച്ച് എന്നെ നിങ്ങൾക്ക് ഇണയാക്കി തന്നു, നാളെ ആഖിറതിൽ എന്നെ ഇണയാക്കാൻ ഞാൻ തന്നെ നിങ്ങളോട് ആവശ്യപ്പെടുന്നു.' 
എങ്കില്‍ നീ എന്റെ ശേഷം മറ്റൊരു കല്യാണം കഴിക്കരുതെന്നായിരുന്നു അബുദ്ദര്‍ദാഇന്റെ മറുപടി. പിന്നീട് ഖലീഫ അബ്ദുല്‍ മലികുബ്നു മർവാന്റെ വിവാഹാഭ്യർത്ഥന പോലും ഉമ്മുദ്ദർദാഅ് നിരസിച്ചതും അത് കൊണ്ട് തന്നെയായിരുന്നു. അത്രയ്ക്കും ഊഷ്മളമായിരുന്നു ഇരുവരുടെയും ബന്ധം. അവരുടെ വൈവാഹിക ജീവിതത്തെ ഉജ്ജ്വലമാക്കിയിരുന്നത് അർത്ഥവത്തായ വൈജ്ഞാനിക മികവായിരുന്നു എന്നു പറയാം.

അബുദ്ദർദാഇന് ഉമ്മുദ്ദർദാഅ് എന്ന പേരില്‍ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നുവെന്നും ഒരാൾ ഉമ്മുദ്ദർദാഅ് അൽ കുബ്റയും മറ്റേയാൾ ഉമ്മുദ്ദർദാഅ് അസ്സുഗ്റയും ആയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കുബ്റയുടെ യഥാർത്ഥ നാമം ഖീറയാണെന്നും സുഗ്റയുടെ പേര് ഹുജൈമ എന്നാണെന്നും ഇവർ സ്വഹാബിയത് അല്ലെന്നതുമാണ് ഇബ്നു ഹജറുൽ അസ്ഖലാനി അൽ ഇസ്വാബ ഫീ തംയീസിസ്സ്വഹാബയിൽ കുറിക്കുന്നത്.

പ്രധാന പണ്ഡിതയും കർമ്മ ശാസ്ത്ര അഗ്രഗണ്യയുമായിരുന്നു ഡമസ്കസുകാരിയായ ഉമ്മുദ്ദർദാഅ്(റ). ബനൂ ഉമയ്യതിന്റെ കൂടെ ജീവിച്ചിരുന്ന ഇവര്‍ ആറുമാസം ബൈതുൽ മുഖദ്ദസിലും ആറുമാസം ഡമസ്കസിലുമായായിരുന്നു ചെലവഴിച്ചിരുന്നത്.
അബുദ്ദർദാഅ് (റ), ആഇശ(റ), അബൂഹുറൈറ(റ) തുടങ്ങിയ പ്രമുഖ സ്വഹബാക്കളിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹതിയുടെ ഹദീസുകൾ സുനനു മുസ്ലിം, അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജ എന്നീ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളമായി കാണാം. അനേകം മസ്അലകളും ഫത്‌വകളും കൈകാര്യം ചെയ്തിരുന്ന മഹതി ബൈതുൽ മുഖദ്ദസിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പണ്ഡിതർക്ക് ക്ലാസ് എടുക്കാറുണ്ടായിരുന്നു. ഒട്ടനവധി ഗ്രന്ഥങ്ങളിൽ മഹതിയെ പരിചയപ്പെടുത്തുമ്പോൾ കർമ്മശാസ്ത്ര പണ്ഡിത എന്ന് ഊന്നി പറയുന്നത് ഏറെ ശ്രദ്ധേയമാണ്.

ഖലീഫ അബ്ദുല്‍മലികു ബ്നു മർവാനെ ഏറെ സ്വാധീനിച്ച പണ്ഡിത വ്യക്തിത്വമായിരുന്നു ഉമ്മുദ്ദർദാഇന്റെത്. അദ്ദേഹം വിജ്ഞാനദാഹിയായി കൊണ്ട് ഇവരുടെ അടുത്ത് ധാരാളം സമയം ചെലവഴിച്ചതായി കാണാം. ഖലീഫയിൽ നിന്ന് ഭവിക്കുന്ന തെറ്റുകളെ തിരുത്താനും ശാസിക്കാനും മഹതി തീരെ തന്നെ മടി കാണിച്ചിരുന്നുമില്ല.

ഒരിക്കൽ ഉമ്മുദ്ദർദാഅ്(റ) ഖലീഫയുടെ കൊട്ടാരത്തിൽ അതിഥിയായി താമസിക്കുകയായിരുന്നു. അന്ന് രാത്രി ഖലീഫ ഭൃത്യനെ വിളിക്കുകയും ഭൃത്യൻ മറുപടി നൽകാൻ അല്പം വൈകുകയും ചെയ്തു. ഇക്കാരണത്താൽ ഖലീഫ അവനെ ശപിക്കുകയുണ്ടായി. ഇതുകേട്ട ഉമ്മുദ്ദർദാഅ് അദ്ദേഹത്തെ ശാസിക്കുകയും, ശപിക്കുന്നവൻ അന്ത്യനാളിൽ സാക്ഷിയോ ശുപാർശകനോ ആവുകയില്ലെന്ന ഹദീസ് ഉദ്ധരിക്കുകയും ചെയ്തു. ഭരണാധികാരികളുടെ അടുത്ത് അവര്‍ക്കുണ്ടായിരുന്ന സ്വാധീനവും സാമീപ്യവുമാണ് ഇത് വ്യക്തമാക്കുന്നത്.

വിജ്ഞാനം നുകരാനും ആത്മീയത കൈവരിക്കാനുമായി, ആളുകൾ കൂട്ടമായി മഹതിയുടെ അടുത്ത് വന്നിരിക്കല്‍ പതിവായിരുന്നു. ഉമ്മുദ്ദർദാഇന്റെ അടുക്കൽ വന്നാൽ ഞങ്ങൾക്ക് അല്ലാഹുവിനെ ഓർമ്മ വരും എന്ന് ഔനുബ്നു അബ്ദില്ല പറഞ്ഞതായി ദഹബിയുടെ ഗ്രന്ഥത്തിൽ വായിക്കാം. വലുതായാൽ പ്രവർത്തിക്കാമെന്ന പ്രത്യാശയിൽ ചെറുതിലേ അറിവുകൾ നുകരാൻ അവര്‍ ശിഷ്യരോട് പങ്ക് വെക്കാറുണ്ടായിരുന്നു. സമ്പത്തിനോടോ ആഡംബരത്തിനോടോ തീരെ ആഗ്രഹം വെച്ചുപുലർത്തിയിരുന്നില്ല ഉമ്മുദ്ദർദാഅ്. മാത്രമല്ല കിട്ടുന്നതെല്ലാം ദാനം ചെയ്യുന്നതും അവിടത്തെ പതിവായിരുന്നു.

ഒരിക്കൽ ഉമ്മുദ്ദർദാഅ് പാവങ്ങളായ സ്ത്രീകളുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്ന് അവിടെ ഇരിക്കുന്ന ഓരോരുത്തർക്കായി ഓരോ നാണയം വീതം കൊടുത്തു. അതിലൊന്ന് മഹതിക്കും നൽകി. ഉടൻ തന്നെ അത് തൻറെ അടിമസ്ത്രീക്ക് നൽകുകയും ഇറച്ചി വാങ്ങി കഴിക്കാൻ കല്പിക്കുകയും ചെയ്തതായി ചരിത്രത്തില്‍ കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter