വഹ്ബ സുഹൈലി: പ്രതിധ്വനികളൊടുങ്ങാത്ത പണ്ഡിത സ്വരം

ആദര്‍ശവും വിജ്ഞാനവും ഗ്രന്ഥരചനയും ഒരുമിക്കു മുസ്‌ലിം ലോകം കണ്ട ചുരുക്കം ചില കര്‍മശാസ്ത്ര സമകാലിക പണ്ഡിതരിലൊരാളാണ് വഹ്ബ സുഹൈലി. പ്രത്യുല്‍പന്നമതികളായ മുന്‍കാല പണ്ഡിതരെപ്പോലെ ഒന്നിലധികം വിജ്ഞാന മേഖലകളില്‍ തന്റെ പ്രതിഭാവിലാസം തെളിയിച്ച് 2015 ഓഗസ്റ്റ് 8 നു വഫാത്തായ വഹ്ബയോളം പ്രശസ്തരായ സമകാലിക പണ്ഡിതര്‍ കുറവാണ്. തഫ്‌സീറില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നുവെങ്കിലും സുഹൈലിയുടെ രചനകള്‍ പ്രശസ്തിയാര്‍ജിച്ചത് കര്‍മശാസ്ത്ര മേഖലയിലാണ്.
ആധുനിക ഫിഖ്ഹീ പണ്ഡിതന്മാരായ സഈദ് റമദാന്‍ അല്‍ബൂത്വി, അലി ജുമുഅ എിവരെപ്പോലെ പ്രധാനിയാണ് സുഹൈലിയും. ആധുനിക പണ്ഡിതന്മാര്‍ കൂടുതല്‍ ചര്‍ച്ചചെയ്യാറുള്ള സാമ്പത്തിക വിഷയങ്ങളില്‍ വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, സകാത്ത്, പലിശ, സാമ്പത്തിക ഇടപാടുകള്‍, തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന് ആഴത്തിലുള്ള ഗ്രന്ഥങ്ങളുണ്ട്.
സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങി യൂറോപ്പിനെയും പാശ്ചാത്യ ശക്തികളെയും ഉത്തരം മുട്ടിക്കുന്ന അനേകം വിഷയങ്ങളുടെ ഉള്‍സാരം ഗ്രഹിച്ച് ഇസ്‌ലാമിക ചേരിയില്‍ നിന്ന് പ്രതിരോധിക്കുന്ന ഒരു മഹനീയ ശൈലിയുടെ ഉടമയാണ് സുഹൈലി. ഇസ്‌ലാമിലെ നാലു മദ്ഹബുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടും ചിലതില്‍ ശാഫിഈ മദ്ഹബിന് ഊന്നല്‍ നല്‍കിയുമാണ് ഈ മഹാജ്ഞാനി മുസ്‌ലിം ലോകത്തിന് ഒരുപാട് കൃതികളും ആശയങ്ങളും സമര്‍പ്പിച്ചത്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് കര്‍മശാസ്ത്ര വിഷയങ്ങളെ സമീപിക്കലും അതിനനുസരിച്ച് ഗ്രന്ഥങ്ങളും പഠനങ്ങളും തയ്യാറാക്കലുമാണ് പൊതുവേ സമകാലികരായ പണ്ഡിതന്മാരുടെ ശൈലി. ഇതില്‍ ഏറെ വിജയിച്ചവരിലൊരാളാണ് വഹ്ബ സുഹൈലി. കര്‍മശാസ്ത്രത്തിലുള്ള മികവ് കാരണം അദ്ദേഹം പ്രശംസാപാത്രമായിട്ടുണ്ട്.

ജനനം
ഡമസ്‌കസിലെ (സിറിയ) ദൈര്‍ അതിയ്യയില്‍ 1932 മാര്‍ച്ച് 6 ഹിജ്‌റവര്‍ഷം 1351 ശവ്വാല്‍ 28 നാണ് വഹ്ബ സുഹൈലിയുടെ ജനനം. വിജ്ഞാന കേന്ദ്രങ്ങള്‍കൊണ്ട് പ്രശസ്തിയാര്‍ജിച്ച, അനേക പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ ആ സിറിയന്‍ ഭൂമികയില്‍ ഒരു പ്രതിഭാശാലിയായ പണ്ഡിതനായി വളരാനുള്ള എല്ലാ സാഹചര്യങ്ങളും അവസരങ്ങളും അദ്ദേഹം മുതലെടുത്തു.
വ്യാപാരം ജീവിതോപാധിയാക്കിയ അല്‍ ഹാജ് മുസ്ഥഫയാണ് പിതാവ്. അദ്ദേഹത്തിന് ഖുര്‍ആന്‍ ഹൃദ്യസ്ഥമായിരുന്നു. സൂഫിവര്യ സയ്യിദ ഫാത്തിമയാണ് മാതാവ്. മാതാവില്‍ നിന്ന് തന്നെയാണ് വഹ്ബ ഖുര്‍ആന്‍ പഠിക്കുന്നത്. ദൈര്‍ അതിയ്യ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യഭ്യാസം നേടിയ അദ്ദേഹം 1952 ല്‍ ഡമസ്‌കസിലെ ശരീഅ കോളേജില്‍ പഠിക്കുകയും അവിടെ മികച്ച റാങ്കോടുകൂടെ പാസ്സാവുകയും ചെയ്തു. ഉസ്താദ് ശൈഖ് അബ്ദുല്‍ റസാഖ് അല്‍ ഹിംസിയില്‍ നിന്നാണ് കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടിയത്. ഹദീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നത് ഉസ്താദ് മഹ്മൂദ് യാസീനില്‍ നിന്നാണ്. ഹനഫി നിയമസരണി ഹൃദ്യസ്ഥമാക്കിയത് ശൈഖ് ഹസന്‍ ശത്വിയ്യില്‍ നിന്നാണ്. ഇതിനു പുറമെ പലപല വിഷയങ്ങളിലായി ശൈഖ് മുഹമ്മദ് ബ, ശൈഖ് മുഹമ്മദലി അഫീഫ് തുടങ്ങിയവര്‍ സുഹൈലിയുടെ അധ്യാപകരാണ്. ശേഷം അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1956-ല്‍ ഒന്നാം റാങ്കോടെ വിജയിക്കുകയും തുടര്‍ന്ന് അല്‍ അസ്ഹറിലെ തന്നെ അറബിക് ഫാക്വല്‍റ്റിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു.
1959-ല്‍ ഖൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം എം. എ പാസ്സാവുത്. 1963 ല്‍ ”ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ യുദ്ധം ചെലുത്തിയ സ്വാധീനം” എന്ന വിഷയത്തില്‍ ഇസ്‌ലാമിക ശരീഅയില്‍ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. 8 കര്‍മ്മശാസ്ത്ര സരണികളുടെ തെളിവുകള്‍ വിശദീകരിക്കുന്ന ഒരു അപൂര്‍വ്വ കൃതിയാണിത്. അയ്‌നുശ്ശംസ് സര്‍വ്വകലാശാലയില്‍ നിന്നും അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ന്ന് 1963 ല്‍ ഡമസ്‌കസ് സര്‍വ്വകലാശാലയില്‍ സേവനമാരംഭിച്ച അദ്ദേഹം 1969 അസിസ്റ്റന്‍ഡ് പ്രൊഫസറും 1975 ല്‍ പ്രൊഫസറുമായിത്തീര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗ്രന്ഥ രചനയിലും, അധ്യാപനത്തിലും വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ പഠന പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിലുമായി സുഹൈലി തന്റെ മുഴുവന്‍ സമയവും നീക്കിവെച്ചു.
1984-1989 കാലയളവില്‍ ‘ഇമാറത്ത്’ സര്‍വ്വകലാശാലയില്‍ ഇസ്‌ലാമിക ശരീഅത്ത് ഫാക്വല്‍റ്റിയില്‍ ജോലിചെയ്യവെയാണ് ഡോക്ടര്‍ വഹബ സുഹൈലി എന്ന പേരില്‍ ലോകശ്രദ്ധ നേടുന്നത്. പിന്നീട് ഖുര്‍ത്വൂം സര്‍വ്വകലാശാലയിലും ലിബിയയിലെ അലിയ്യിബ്‌നു മുഹമ്മദ് സര്‍വ്വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്യുകയും 1989-1990 നിടയില്‍ കുവൈത്ത് ഖത്തര്‍ പോലുള്ള രാഷ്ട്രങ്ങളില്‍ റമദാനുകളില്‍ ഇസ്‌ലാമിക് ശരീഅയെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തിട്ടുണ്ട്. ശേഷം 1993 ല്‍ പല അറബിക് കേന്ദ്രങ്ങളിലും വിസിറ്റിംഗ് പ്രൊഫസറായും, പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
സിറിയ ഇന്ത്യ ജിദ്ദ കുവൈത്ത് തുടങ്ങി ദേശീയവും അന്താരാഷ്ട്രീയവുമായ ഒട്ടനവധി ഇസ്‌ലാമാക് വേദികളില്‍ നൂറിലധികം പ്രബന്ധങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ലിബിയ, പാകിസ്ഥാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ എിങ്ങനെയുള്ള രാഷ്ട്രങ്ങളിലെല്ലാം കര്‍മശാസ്ത്ര വിഷയങ്ങളില്‍ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 1988-ല്‍ സ്വന്തം കാര്‍മികത്വത്തില്‍ മജല്ലത്തു ശ്ശരീഅഃ വല്‍ ഖാനൂന്‍ എന്ന മാസിക പുറത്തിറക്കി.

രചനകള്‍
ചെറുതും വലുതുമായി ഒരു മനുഷ്യന്റെ ആയുശ്കാലമത്രയും വായിക്കാനും പഠിക്കാനും മനസ്സിലാക്കാനും ഉതകുന്ന എണ്‍പതിലധികം കൃതികള്‍ തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ മേഖലകളിലായി വഹ്ബ സുഹൈലി ഇസ്‌ലാമിക് സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്നു വാള്യങ്ങളിലായി തഫ്‌സീറുല്‍ വസീത്ത്, 17 വാള്യങ്ങളിലായി തഫ്‌സീറുല്‍ മുനീര്‍, തഫ്‌സീറുല്‍ വജീസ് തുടങ്ങിയ ഖുര്‍ആനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കൃതികളില്‍ തഫ്‌സീറുല്‍ വസീത്ത് അക്കാദമിക് തലത്തില്‍ ശ്രദ്ധനേടി. ഘടനാ ഭംഗിയും ആശയ ചാതുര്യവും നിറപ്പകിട്ടേകുന്ന ഈ തഫ്‌സീര്‍ പണ്ഡിതലോകത്ത് വ്യാപക ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ കൃതി മൂന്ന് വാള്യങ്ങളിലായിട്ടാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഹി.1401ല്‍ ഡമസ്‌കസിലെ ദാറുല്‍ ഫിക്‌റ് പ്രസാധകര്‍ അവിചാരിതമായിട്ടാണ് ഈ അവസരം അദ്ദേഹത്തെ ഏല്‍പ്പിക്കുത്. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ മനസ്സ് പൊരുത്തപ്പെടുില്ലെന്ന് അദ്ദഹം ഈ കൃതിയുടെ ആദ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു കല്‍പിച്ച ഓരോ കാര്യവും പുറം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും അവര്‍ക്കിടയിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്തുകയും ചെയ്യുകയെന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് സുഹൈലി ഇതിന് മുന്നിട്ടിറങ്ങുന്നത്.
സുഹൈലിയുടെ തഫ്‌സീറുല്‍ മുനീറിനേക്കാള്‍ വിശദീകരണം വസ്വീത്തില്‍ കാണാം. അപരിചിതമായ പദങ്ങളുടെ ആശയ വിശദീകരണങ്ങള്‍, ആയത്തുകളുടെ അവതരണ കാരണം, വ്യാകരണപ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ന്യായം, ആയത്തുകളുടെ കൂട്ടങ്ങള്‍ക്ക് അര്‍ത്ഥങ്ങളില്‍ പ്രകടമാവുന്ന ആശയഗാംഭീര്യം, അവകളുടെ പൊതു സ്വഭാവം എന്നിവ വ്യക്തമാക്കുതും അദ്ദേഹത്തിന്റെ ശൈലിയാണ്. പുതിയ ആശയങ്ങള്‍ നിര്‍മിക്കുതിനേക്കാള്‍ സുഹൈലി ശ്രമിച്ചത് പഴയതിനെ പരിഷ്‌കരിക്കാനും പുതുജീവന്‍ നല്‍കാനുമാണെതാണ് പാരമ്പര്യ രചനകളില്‍ നിന്നും സുഹൈലിയുടെ രചനയെ വ്യതിരിക്തമാക്കുത്.

കര്‍മശാസ്ത്രം
പതിനൊന്ന് വാള്യങ്ങളിലായി അല്‍ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു (ഇസ്‌ലാമിക് കര്‍മ്മ ശാസ്ത്രവും തെളിവുകളും) എട്ടു വാള്യങ്ങളിലായി മൗസൂഅതുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി അല്‍ മുആസിറ (സമകാലിക ഇസ്‌ലാമിക കര്‍മശാസ്ത്ര വിജ്ഞാനകോശം) പതിനാല് വാള്യങ്ങളിലായി അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വല്‍ ഖളായ അല്‍ മുആസിറ (ഇസ്‌ലാമിക കര്‍മശാസ്ത്രവും സമകാലിക പ്രശ്‌നങ്ങളും) അല്‍ മുആമലാത്തുല്‍ മാലിയ്യ (സാമ്പത്തിക ഇടപാടുകള്‍) രണ്ടു വാള്യങ്ങളിലായി ഉസൂലുല്‍ ഫിഖ്ഹ്, അല്‍ ഫിഖ്ഹുല്‍ ഹന്‍ബലി അല്‍ മുയസ്സര്‍, അല്‍ ഫിഖ്ഹുല്‍ മാലികി അല്‍ മുയസ്സര്‍, അല്‍ ഫിഖ്ഹു ശ്ശാഫി അല്‍ മുയസ്സര്‍ എിങ്ങനെ നീളുന്നു വഹ്ബയുടെ ഫിഖ്ഹി ഗ്രന്ഥങ്ങളുടെ പട്ടിക.
സുഹൈലിയുടെ ഫിഖ്ഹി കൃതികളില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചത് ‘അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു’ എന്ന ഗ്രന്ഥമാണ്. ഇതിന്റെ പ്രസാധകര്‍ ഡമസ്‌കസിലെ ദാറുല്‍ ഫിക്‌റ് കേന്ദ്രമാണ്. ഇതിന്റെ ആദ്യ പതിപ്പ് എട്ടു വാള്യങ്ങളിലായി 1984 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 2002-ല്‍ സമകാലിക പ്രശ്‌നങ്ങളും പരിഹാരങ്ങളും ഉള്‍കൊള്ളിച്ച് 11 വാള്യങ്ങളിലേക്കായി ഈ ഗ്രന്ഥം അദ്ദേഹം വികസിപ്പിച്ചു. കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നതാണ് ഈ കൃതിയുടെ സവിശേഷത. നാല് മദ്ഹബുകളെയും അവയുടെ തെളിവുകളെയും ഈ ഗ്രന്ഥത്തില്‍ വ്യക്തമായി ചര്‍ച്ച ചെയ്യുന്നുണ്ട്. കാലിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും അവകളിലുള്ള സമകാലിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ഇതില്‍ കാണാന്‍ സാധിക്കും. നാല് മദ്ഹബുകള്‍ക്കിടയിലെ ഒരു താരതമ്യ പഠനം കൂടിയാണ് ഈ ഗ്രന്ഥം. വളരെ പെട്ടെന്ന് മനസ്സിലാക്കാനുതകുന്ന സരള ഭാഷയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഓരോ മസ്അലകളുടെയും അവസാനത്തില്‍ തന്റെ അഭിപ്രായവും അദ്ദേഹം വ്യക്തമാക്കുന്നു. സ്വന്തം അഭിപ്രായം വ്യക്തമാക്കാത്തിടത്ത് ബഹുഭൂരിപക്ഷത്തിന്റെ പക്ഷത്താണ് താന്‍ നിലകൊള്ളുന്നതെന്നും മുഖവുരയില്‍ വഹ്ബ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഫിഖ്ഹിന്റെ അധിക ഭാഗങ്ങളിലും ശാഫിഈ മദ്ഹബിന് ഊന്നല്‍ നല്‍കുന്ന അദ്ദേഹം അതിന് ചില സാങ്കേതിക വാക്കുകളും പ്രയോഗങ്ങളുമാണ് ഉപയോഗിച്ചിട്ടുള്ളത്. അനന്തരവകാശവുമായി ബന്ധപ്പെട്ട ഒരു മസ്അലയില്‍ സുഹൈലി തന്റെ അഭിപ്രായം വ്യക്തമാക്കുന്നത് (അല്‍ റാജിഹു ഇന്ദീ) ‘എന്റെ അടുത്ത് പ്രബലം’ ഇതാണെന്നും തോല്‍ ശുദ്ധീകരിക്കുന്ന സ്ഥലത്ത് (അല്‍ അര്‍ജഹു ഇന്ദീ) ‘എന്റെ അടുത്ത് ഏറ്റവും പ്രബലം’ ഈ അഭിപ്രായമാണെന്നുമുള്ള പ്രയോഗങ്ങളിലൂടെയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ മികച്ച പല സര്‍വ്വകലാ ശാലകളിലും വഹ്ബയുടെ കൃതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തെക്കുറിച്ചും കൃതികളെ കുറിച്ചും ഇന്ന് ഗവേഷണ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ടെന്നതും ഏറെ പ്രസ്താവ്യമാണ്.
ഡോ. വഹ്ബ സുഹൈലിയുടെ കര്‍മശാസ്ത്ര രചനകള്‍ പരിശോധിക്കുമ്പോള്‍ ശാഫി ഹനഫീ ഹമ്പലീ മാലികീ തുടങ്ങിയ മദ്ഹബുകളെ അംഗീകരിച്ച് വിധികള്‍ കണ്ടെത്തുന്ന രീതിയും ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നത് സുതരാം വ്യക്തമാണ്. തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നിടത്ത് അദ്ദേഹത്തിന്റെ തഫ്‌സീര്‍ കൃതികളായ തഫ്‌സീര്‍ മുനീര്‍, വസ്വീത്ത്, എിവകളില്‍ അഹ്ലുസ്സുത്തി വല്‍ ജമാഅയുടെ ആദര്‍ശങ്ങളെയും ആശയങ്ങളെയും അനുകൂലിക്കുതായും കാണാം. ഹിവാറുന്‍ ഹൗല തജ്ദീദില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി (ഇസ്‌ലാമിക് നിയമത്തിന്റെ നവീകരണത്തെ കുറിച്ചൊരു സംവാദം), ശമാഇലു മുസ്ഥഫാ(സ), അല്‍ ഇമാം അശ്ശാഫിഈ(റ), ഉസാമത്തുബ്‌നു സൈദ്(റ), തുടങ്ങിയവ വഹ്ബയുടെ മറ്റുകൃതികളാണ്.
1970-ല്‍ കോഴിക്കോട് വെച്ച് നട സമസ്ത സമ്മേളനത്തിന് യു എ ഇ ഗവമെന്റ് പ്രതിനിധിയായി വഹ്ബ സുഹൈലി കേരളം സന്ദര്‍ശിക്കുകയും മലയാളികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ ആഴത്തില്‍ അറിവുള്ള, മുസ്‌ലിം ലോകത്ത് ശക്തമായ സ്വാധീനം ചെലുത്തിയ ഒരു മഹാ പണ്ഡിതനാണ് നമ്മോട് വിടപറഞ്ഞത്. അദ്ദേഹത്തെപ്പോലുള്ള മഹാരഥന്മാര്‍ക്ക് ജന്മമേകിയ സിറിയ ഇനിയൊരു പണ്ഡിതനും വളരാനുള്ള സാഹചര്യം ഇല്ലാത്ത വിധം ശിഥിലമായിത്തീര്‍െന്നന്നത് ഈ വേര്‍പാട് കൂടുതല്‍ വേദനാജനകമാക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter