ഖുതുബുദ്ദീനുത്തഹ്ത്താനി: വിസ്മയം തീർത്ത വ്യക്തിത്വം
ഓരോ കാലഘട്ടത്തിലും അനേകം പണ്ഡിതർ പിറവിയെടുത്തിട്ടുണ്ട്. ഖുർആൻ വ്യാഖ്യാനം, ഹദീസ്, കർമശാസ്ത്രം, തത്ത്വചിന്ത, തസ്വവ്വുഫ് എന്നിങ്ങനെയുള്ള മേഖല അടിസ്ഥാനമാക്കി അവർ ഇസ്‍ലാമിക സമൂഹത്തിന് ധാരാളം സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഹിജ്റ 694ൽ (ക്രിസ്ത്വാബ്ധം 1295) ജനിച്ച പണ്ഡിതനാണ്, മൻത്വിഖ്വിന്‍റെയും തത്ത്വജ്ഞാനത്തിന്‍റെയും പണ്ഡിതനായിരുന്ന ഖുത്ബുദ്ദീൻ റാസി(റ).
മുഹമ്മദ് (ഒരഭിപ്രായത്തിൽ മഹ്മൂദ് എന്നുമുണ്ട്) ബിൻ മുഹമ്മദുറാസി അബൂഅബ്ദില്ലാഹ് ഖുത്തുബുദ്ദീൻ എന്നാണ് അദ്ദേഹത്തിന്‍റെ പൂർണനാമം. അൽഖുതുബുതഹ്താനി എന്ന നാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഖുത്തുബുദ്ദീൻ എന്ന് നാമകരണം ചെയ്യപ്പെട്ടവരിൽനിന്നും ഇദ്ദേഹത്തെ വ്യതിരിക്തമാക്കുന്നതാണ് തഹ്ത്താനിയ്യ് എന്ന വിശേഷണം. ഇറാനിലെ റിയ്യയിലെ വറാമിൻ ദേശക്കാരനാണ് ഖുത്തുബുതഹ്ത്താനിയ്യ്. അദ്ദേഹം ഹനഫിയ്യാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ടങ്കിലും ശാഫിഈ മദ്ഹബുകാരനാണെന്നാണ് പ്രബല പക്ഷം. ധാരാളം പ്രസിദ്ധ രചനകൾ സമൂഹത്തിന് സംഭാവന നൽകിയ വ്യക്തിയാണ് ഖുത്തുബുതഹ്ത്താനിയ്യ് എന്നവർ. പതിനഞ്ചോളം കൃതികളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അതിൽ അധികവും മൻത്വിഖ് മേഖലയെ അടിസ്ഥാനമാക്കിയാണ്.
രചനകൾ
അൽ മഹക്കമാത്ത്, തഹ്രീറു ഖവാഇദുൽ മൻത്വിഖിയ്യ ഫീ ശർഹി ശംസിയ്യ (ഖുത്തുബിയ്യ), ലവാമിഉൽ അസ്റാർ ശറഹുമത്വാലിഇൽഅൻവാർ, അൽകുല്ലിയാത്തു വ തഹ്ഖീഖുഹാ, തഹ്ഖീഖു തസ്വവ്വുരി വത്തസ്ദീഖ്, അൽഹാവിസഗീർ (4 വാള്യങ്ങൾ ), ഹവാഷി കശാഫ് (ത്വാഹ സൂറത്ത് വരെ),
ഇങ്ങനെ ധാരാളം ഗ്രന്ഥങ്ങളും ശറഹുകളും തന്‍റെ 72 വർഷത്തെ ജീവിതകാലത്ത് അദ്ദേഹം രചിച്ചുതീർത്തു. എക്കാലത്തും അറിയപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളായ സഅ്ദുദ്ദീൻ തഫ്താസാനി, സയ്യിദ് ശരീഫ് ജുർജാനി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യരാണ്. ഇത് കൂടാതെ ധാരാളം പണ്ഡിതരെ അദ്ദേഹം വാര്‍ത്തെടുക്കുകയും ചെയ്തിട്ടുണ്ട്. വിശ്വ പണ്ഡിതനായ സ്വാഹിബുൽ മവാഖിഫ് ശൈഖ് അളുദുദ്ദീന്‍ അല്‍ഈജിയും ഖുത്തുബുശ്ശീറാസിയും ആണ് അദ്ദേഹത്തിന്റെ അധ്യാപകർ.
അദ്ദേഹത്തെ കുറിച്ച് ധാരാളം പണ്ഡിതർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് കാണാം. ഇബ്നു ഷഹബ(റ) പറയുന്നു, ഖുത്തുബുദ്ദീൻ തഹ്ത്താനി തന്‍റെ നാട്ടിൽ യുക്തിസഹമായ അറിവുകളിൽ വ്യാപൃതനായ മഹാനാണ്. കൂടാതെ കർമശാസ്ത്രത്തിലും അദ്ദേഹം പണ്ഡിതനായിരുന്നു. അസ്നവി ഇമാം പറയുന്നത് ഇങ്ങനെയാണ്, അദ്ദേഹം വ്യത്യസ്ത മേഖലയിലെ ഇൽമുകൾ കരസ്ഥമാക്കിയ വ്യക്തിയാണ്. കൂടാതെ ധാരാളം രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്.
ഹിജ്റ 776 ൽ ദുൽഖഅ്ദ് മാസത്തിൽ ഡമസ്കസിൽ വെച്ച് മഹാനവർകൾ ഈ ലോകത്തോട് വിടവാങ്ങി.
Leave A Comment