ഇമാം ഹാരിസ് അൽമുഹാസിബിയുടെ വിജ്ഞാനലോകം

സൂഫീ ചിന്തയുടെ വിവിധങ്ങളായ തലങ്ങളെ സ്പർശിച്ച, ഇസ്‍ലാമിക ചരിത്രത്തിൽ തസ്വവ്വുഫിന്റെ സമഗ്രതയെ ലളിതമായി അവതരിപ്പിച്ച സാത്വികനായ, ത്യാഗിയായ ഒരു സൂഫി വര്യൻ, ഹാരിസ് അൽമുഹാസിബിയെ ലളിതമായി ഇങ്ങനെ പരിചയപ്പെടുത്താം. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ബഗ്ദാദുകാരുടെ പ്രിയപ്പെട്ട സൂഫി ഗുരുവായിരുന്നു മഹാനവർകൾ. സൂഫിസത്തോടൊപ്പം ഇൽമുൽ കലാമും ഫിഖ്ഹും ഹദീസുമെല്ലാം ചേർന്ന ഒരു മഹത്തായ അധ്യായമാണ് ആ ജീവിതം. ബസ്വറയിൽ ജനിച്ച് തന്റെ ആദ്യ കാലങ്ങളിൽ തന്നെ അറിവു തേടി യാത്ര തുടങ്ങിയ അദ്ധേഹം ആ യാത്ര അവസാനിപ്പിച്ചത് ബഗ്ദാദിലായിരുന്നു.

സൂഫിസത്തിന്റെ ആത്മാവ് സുഹ്ദിലാണെന്ന പാഠങ്ങളാണ് ആ ജീവിതം നമുക്ക് നൽകുന്നത്. അതിതീവ്രമായ ത്യാഗപാഠങ്ങൾ അങ്ങിങ്ങായി ആ ജീവിതത്തിൽ ജ്വലിച്ചു നിൽക്കുന്നത് കാണാം. ധനികനായിരുന്ന പിതാവ് മരണമടഞ്ഞപ്പോൾ തന്റെ ആവശ്യങ്ങൾ എല്ലാം മാറ്റി വെച്ച് അനന്തരസ്വത്തിൽനിന്ന് ഒന്നും തന്നെ സ്വീകരിക്കാതിരിക്കാൻ അദ്ധേഹത്തെ പ്രേരിപ്പിച്ചതും താൻ കൊണ്ടു നടന്ന സുഹ്ദിന്റെ അചഞ്ചലതയായിരുന്നു. പുത്തൻ വാദികളായിരുന്ന ഖദ്‍രിയത്തിന്റെ വിശ്വാസങ്ങളുണ്ടായിരുന്ന തന്റെ പിതാവിന്റെ സമ്പത്ത് എനിക്ക് സ്വീകാര്യമല്ലെന്ന ഉറച്ച തീരുമാനം ഹദീസിന്റെ കൂടി പിൻബലത്തിലായിരുന്നു.
 
ചരിത്ര പ്രസിദ്ധമായ പല യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും അധ്യായങ്ങൾ കൂടിയുണ്ട് ആ മഹത്തായ ജീവിതത്തിൽ. തന്റെ സമകാലികനും മദ്ഹബിന്റെ ഇമാമുമായിരുന്ന ഇമാം അഹ്മദ് ബ്നു ഹൻബൽ(റ) അൽമുഹാസിബിയുമായി ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയതായി കാണാം. തന്റെ ശിഷ്യരുടെ നിർബന്ധത്തിന് വഴങ്ങി മുഹാസിബിയുടെ സദസ്സിലെത്തിയ ഇമാമില്‍ ഏറെ സ്വാധീനം ചെലുത്തുന്നതായിരുന്നു മുഹാസിബിയുടെ വാക്കുകൾ. എങ്കിലും അൽമുഹാസിബിയെ പ്രശംസിക്കുന്നതോടൊപ്പം തന്റെ ശിഷ്യരെ ആ സദസ്സിൽ നിന്ന് വിലക്കുന്നതും കാണാം. ഇൽമുൽകലാമായും തസവ്വുഫായും പലരും ഈ വിയോജിപ്പുകളെ അവതരിപ്പിക്കുന്നുണ്ട്. ഇമാം ഗസ്സാലി ഈ വിയോജിപ്പിന്റെ കാരണങ്ങളെ മനോഹരമായി തന്റെ ഇഹ്‌യയിൽ വിവരിക്കുന്നത് കാണാം. മുഅ്തസിലി വാദങ്ങളെ ശക്തമായി എതിർത്ത മുഹാസിബി അതൊരു നിർബന്ധ കർമ്മമായും എണ്ണിയിരുന്നു. ഭാഗികമായി ഈ കാഴ്ചപ്പാടുകൾ ഇമാം അഹ്മദ് ബിൻ ഹൻബലിന്ന് സ്വീകാര്യമായിരുന്നില്ല. ബിദ്അത്തുകാരുടെ വാദം പറഞ്ഞ ശേഷം അതിന് മറുപടി നൽകുന്ന ശൈലിയെയായിരുന്നു യത്ഥാർതത്തിൽ ഇമാം വിമർശിച്ചിരുന്നത്. ഈ ശൈലി ആശയക്കുഴപ്പങ്ങൾ വരുത്തി വെക്കുന്നതാണെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. പുത്തൻ വാദങ്ങൾ വായിച്ച ശേഷം അതിൽ ആകൃഷ്ടനാവുന്ന അല്ലെങ്കിൽ വാദം മാത്രം മനസ്സിലാക്കി ഉത്തരം മനസ്സിലാക്കാത്ത വിപത്തിനെയാണ് അദ്ദേഹം എതിർത്തത്. ഈ വിഷയത്തിൽ ഇമാം ഗസ്സാലിയെത്തിച്ചേരുന്ന ഉപസംഹാരത്തെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം, സമൂഹത്തിൽ പരന്നു പിടിച്ച വിഘടന വാദങ്ങൾക്ക് മുഹാസിബിയുടെ ശൈലി ഉപയോഗിക്കുകയല്ലാതെ തരമില്ല. അല്ലാത്തപക്ഷം വിമർശനങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും.

ഇൽമുൽ കലാമിൽ അതിപ്രധാനമായ അടയാളപ്പെടുത്തലുകൾ മുഹാസിബിയുടേതായി കാണാം. അഹ്‌ലുസുന്നത്തിന് നാന്ദി കുറിച്ച അബ്ദുല്ലാഹിബ്നു സഈദിബ്നി കുല്ലാബിന്റെ, അൽ-കുല്ലാബിയ എന്നറിയപ്പെട്ടിരുന്ന സംഘത്തിൽ പ്രധാനിയായിരുന്നു അദ്ധേഹം. ഇമാം ശാഫി ഈജിപ്തിലേക്ക് മാറുന്നതിന്ന് മുന്നേ അവിടുത്തെ ശിഷ്യത്വവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. മുഅ്തസിലികളുടെ ഖുർആൻ സൃഷ്ടിവാദവും മറ്റും ഖലീഫയുടെ സദസ്സിൽ വാദിച്ച് പരാജയപ്പെടുത്തിയ ചരിത്രങ്ങൾ ഒരുപാട് കാണാവുന്നതാണ്. അക്കാരണത്താൽ തന്നെ ഒരു പാട് വിമർശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വിഫാത്തിനെ സ്ഥിരപ്പെടുത്തുന്നവരെ നസാറാക്കാളാക്കിയിരുന്ന മുഅ്തസിലികളുടെയും ജഹ്‍മിയ്യാക്കളുടെയും വിമർശനങ്ങളായിരുന്നു അവ. 

തസ്വവ്വുഫിന്റെ പൊതു ധാരണകൾക്കുമപ്പുറത്ത് ആഴമേറിയ കാഴ്ച്ചപ്പാടുകളാണ് മുഹാസിബിയെ വ്യത്യസ്തനാക്കുന്നത്. ആ കാഴ്ച്ചപ്പാടുകൾ തന്നെയാണ് സൂഫിമനശ്ശാസ്ത്രത്തിന്റെ പിതാവായി അദ്ധേഹത്തെ പരിഗണിക്കാൻ ഇസ്‍ലാമിക ചരിത്രകാരൻമാരെ പ്രേരിപ്പിക്കുന്നതും. മനുഷ്യ ശരീരത്തിന്റെ സ്വഭാവങ്ങളെക്കുറിച്ച് ഇത്രമേൽ മനോഹരമായി അവതരിപ്പിച്ച മറ്റാരുമുണ്ടാവില്ല. തന്റെ, അൽരിആയ ബിഹുഖൂഖില്ലാഹ് എന്ന ഗ്രന്ഥത്തിലാണ് നഫ്സിനെക്കുറിച്ചുള്ള തന്റെ സുപ്രസിദ്ധ സിദ്ധാന്തം അദ്ധേഹം അവതരിപ്പിക്കുന്നത്. ദി സയൻസ് ഒഫ് ഹാർട്ട് (ഇൽമുൽ ഖുലൂബ്) എന്നാണ് ഇതിന് അദ്ദേഹം പേരിട്ടിരിക്കുന്നത്. മനശ്ശാസ്ത്രത്തിലെ സൈക്കി, സെൽഫ് എന്നീ ഉപയോഗങ്ങളെ ഇവിടെ നഫ്സ് എന്ന് വായിക്കാം. ഖുർആനിക സൂക്തങ്ങളുടെ പിൻബലത്തോടെ മൂന്നുതരം നഫ്സുകളെ അദ്ധേഹം പരിചയപ്പെടുത്തുന്നുണ്ട്. 

ഇഛകളുടെ പുറകേ പോവുന്ന നഫ്സിനെ അന്നഫ്സുൽ അമ്മാറ എന്നാണ് വിളിക്കുന്നത്. ഇതിനെ വരുതിയിലാക്കാൻ ആത്മവിചിന്തനമാണ് (അൽമുഹാസബ) പരിഹാരമായി അദ്ധേഹം മുന്നോട്ട് വെക്കുന്നത്. തന്റെ അൽമുഹാസിബിയെന്ന പേരുപോലും ഇതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതായിക്കാണാം. ആത്മ വിമർശനം നടത്തുന്ന ഒന്നായി ഇതിലൂടെ നഫ്സ് പരിവർത്തനപ്പെട്ടുവരുന്നു. ഇതിനെ രണ്ടാം ഘട്ടമായി കാണാം (അന്നഫ്സുല്ലവ്വാമ). സ്വയമേ വരുത്തി വെച്ച കേടുപാടുകളെ അത് വിമർശന വിധേയമാക്കുന്നു. എങ്കിലും അഹംഭാവത്തിന്റെ അംശങ്ങൾ അതിൽ ബാക്കിയാവുന്നു. അതിനെയും തരണം ചെയ്യാനായി അദ്ധേഹം മുന്നാം ഘട്ടം അവതരിപ്പിക്കുന്നു. അതാണ് സ്വയം ശാന്തി കൈവരിച്ച നഫ്സ് (അന്നഫ്സുൽ മുത്മഇന്ന). ഈ ഘട്ടത്തിലാണ് നാം പൂർണ്ണത കൈവരിച്ച് നാഥനിലേക്ക് അടുത്ത് ചേരുന്നത്. മഅ്‍രിഫ, മുറാഖബ, മുജാഹദ, മുഹാസബ എന്നിങ്ങനെ നാല് മാർഗങ്ങളാണ് ആത്മ സംസ്കരണത്തിലേക്കായി അദേഹം പറഞ്ഞു വെക്കുന്നത്.

അബ്ബാസി ഭരണാധികാരി മഹ്ദിയുടെ കാലഘട്ടത്തിലായിരുന്നു മുഹാസിബിയുടെ ജനനം. മുതവക്കിലിന്റെയും ഹാറൂൻ റശീദിന്റെയും കാലത്തായിരുന്നു ജീവിതം. വിജ്ഞാന ശാഖകളും പലതരം വാദങ്ങളും വിഭാഗങ്ങളും ഉടലെടുത്ത തന്റെ ജീവിത സാഹചര്യങ്ങൾ തന്നെയായിരുന്നു അദ്ധേഹത്തെ ത്യാഗത്തിന്റെയും സൂക്ഷ്മതയുടെയും പാതയിലെത്തിച്ചത്. നബി വചനങ്ങളിലെ എഴുപതിലേറെയുള്ള വിഭാഗങ്ങളെ സംബന്ധിച്ച പരാമർശവും അതിൽ ഒന്ന് മാത്രമാണ് വിജയിക്കുന്നവരെന്ന ബോധവുമാണ് തന്നെ സുഹ്ദിന്റെ വഴിയിൽ പ്രവേശിപ്പിച്ചതെന്ന്, അന്നസ്വാഇഹ് എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ അദ്ധേഹം കുറിച്ചിടുന്നുണ്ട്.

തന്റെ സൂക്ഷ്മതയാർന്ന ജീവിതത്തിനിടയിലും അനവധി രചനകളും നിർവഹിച്ചിട്ടുണ്ട് മഹാനവർകൾ. ഇരുനൂറിലധികം വരുന്ന രചനകൾ അദ്ധേഹത്തിന്റേതായി കാണാമെന്ന് ഇമാം സുബ്കി രേഖപ്പെടുത്തുന്നുണ്ട്. സൂക്ഷ്മതയും ആത്മസംസ്കരണവുമാണ് അവയിലേറെയും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ. കിതാബുൽരിആയ ആണ് ഏറെ പ്രസിദ്ധമായ രചന. ഇമാം ജുനൈദുൽ ബഗ്ദാദി അദ്ധേഹത്തിന്റെ പ്രമുഖ ശിഷ്യനാണ്.

തസ്വവ്വുഫിന്റെ അന്തസത്തയെ വേണ്ടുവോളം അറിഞ്ഞവരും അനുഭവിച്ചവരുമായിരുന്നു അൽമുഹാസിബി. വിശ്വാസ സംരക്ഷണത്തിനായി ജീവിച്ച മഹാൻ, സുഹ്ദിന്റെ ആഴങ്ങൾ കണ്ട, സൂഫി മനശാസ്ത്രത്തിന് വിത്തു പാകിയ മഹാനായിരുന്നു. അതെല്ലാം കൊണ്ട് തന്നെ തസവ്വുഫിന്റെ ചരിത്രം ആ നാമമില്ലാതെ അപൂർണമാണെന്ന് തന്നെ പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter